കഥ 96
യേശു രോഗികളെ സുഖപ്പെടുത്തുന്നു
യേശു ദേശത്തുടനീളം സഞ്ചരിക്കുന്നതിനിടയിൽ രോഗികളെ സുഖപ്പെടുത്തുന്നു. ഈ അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പരക്കുന്നു. അതുകൊണ്ട് ജനങ്ങൾ മുടന്തരെയും കണ്ണു കാണാത്തവരെയും ചെവി കേൾക്കാത്തവരെയും മറ്റ് അനേകം രോഗികളെയും അവന്റെ അടുക്കൽ കൊണ്ടുവരുന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തുന്നു.
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്നു വർഷത്തിൽ അധികം കഴിഞ്ഞിരിക്കുന്നു. താൻ ഉടൻതന്നെ യെരൂശലേമിലേക്കു പോകുമെന്നും അവിടെവെച്ചു കൊല്ലപ്പെടുമെന്നും തുടർന്ന് മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുമെന്നും യേശു തന്റെ അപ്പൊസ്തലന്മാരോടു പറയുന്നു. അതിനിടയിൽ യേശു രോഗികളെ സുഖപ്പെടുത്തുന്നതിൽ തുടരുന്നു.
ഒരിക്കൽ യേശു ശബ്ബത്തിൽ പഠിപ്പിക്കുകയാണ്. ശബ്ബത്ത് യഹൂദന്മാർക്ക് സ്വസ്ഥതയുടെ ഒരു ദിവസമാണ്, അന്ന് അവർ ജോലിയൊന്നും ചെയ്യാൻ പാടില്ല. ഇവിടെ കാണുന്ന ഈ സ്ത്രീക്കു തീരെ സുഖമില്ലായിരുന്നു. 18 വർഷം അവൾ കൂനിക്കൂടിയാണു നടന്നിരുന്നത്. അവൾക്കു നിവർന്നുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് യേശു അവളുടെമേൽ കൈകൾ വെക്കുന്നു. അപ്പോൾ അവൾ നിവർന്നുനിൽക്കുന്നു. അതേ, അവൾ സുഖംപ്രാപിച്ചു!
ഇതു മതനേതാക്കളെ കോപിപ്പിക്കുന്നു. ‘നമുക്കു വേല ചെയ്യാൻ ആറു ദിവസമുണ്ടല്ലോ. ആ ദിവസങ്ങളിലാണു സുഖംപ്രാപിക്കാൻ വരേണ്ടത്, അല്ലാതെ ശബ്ബത്തിലല്ല!’ എന്ന് അവരിലൊരാൾ ജനക്കൂട്ടത്തോടു വിളിച്ചുപറയുന്നു.
എന്നാൽ യേശു അവരോട് ഇങ്ങനെ മറുപടി പറയുന്നു: ‘ദുഷ്ട മനുഷ്യരേ, ശബ്ബത്തു ദിവസം നിങ്ങൾ എല്ലാവരും നിങ്ങളുടെ കഴുതയെ അഴിച്ചുകൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നു. അപ്പോൾപ്പിന്നെ 18 വർഷമായി രോഗിയായിരിക്കുന്ന ഈ പാവം സ്ത്രീയെ ശബ്ബത്തിൽ സുഖപ്പെടുത്തേണ്ടതല്ലയോ?’ യേശുവിന്റെ മറുപടി കേട്ട് ഈ ദുഷ്ട മനുഷ്യർ നാണിച്ചുപോകുന്നു.
പിന്നീട് യേശുവും അവന്റെ അപ്പൊസ്തലന്മാരും യെരൂശലേമിലേക്കു പോകുന്നു. അവർ യെരീഹോ പട്ടണത്തിനു വെളിയിലേക്കു കടക്കുമ്പോൾ കണ്ണുകാണാത്ത രണ്ടു ഭിക്ഷക്കാർ യേശു അടുത്തുകൂടെ പോകുന്നുണ്ടെന്നു മനസ്സിലാക്കുന്നു. അതുകൊണ്ട് അവർ, ‘യേശുവേ, ഞങ്ങളെ സഹായിക്കേണമേ!’ എന്നു വിളിച്ചുപറയുന്നു.
യേശു ആ ഭിക്ഷക്കാരെ വിളിച്ച് അവരോട് ഇങ്ങനെ ചോദിക്കുന്നു: ‘ഞാൻ നിങ്ങൾക്ക് എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?’ അവർ ഇങ്ങനെ പറയുന്നു: ‘കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരേണമേ.’ യേശു അവരുടെ കണ്ണുകളിൽ തൊടുന്നു, ഉടൻതന്നെ അവർക്കു കാണാൻ കഴിയുന്നു! യേശു ഈ വലിയ അത്ഭുതങ്ങളെല്ലാം ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ജനങ്ങളോടുള്ള സ്നേഹവും അവർ തന്നിൽ വിശ്വസിക്കണമെന്ന ആഗ്രഹവുമാണ് അവനെ അതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് അവൻ രാജാവായി ഭരിക്കുമ്പോൾ ഭൂമിയിൽ രോഗികളായി ആരും ഉണ്ടായിരിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.