വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 99

ഒരു മാളികമുറിയിൽ

ഒരു മാളികമുറിയിൽ

രണ്ടു ദിവസം കഴിഞ്ഞു, ഇപ്പോൾ വ്യാഴാ​ഴ്‌ച രാത്രി​യാണ്‌. യേശു​വും അവന്റെ 12 അപ്പൊ​സ്‌ത​ല​ന്മാ​രും പെസഹാ​ഭ​ക്ഷ​ണം കഴിക്കാ​നാ​യി ഈ വലിയ മാളി​ക​മു​റി​യിൽ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌. അവി​ടെ​നിന്ന്‌ ഇറങ്ങി​പ്പോ​കു​ന്ന​യാൾ യൂദാ ഈസ്‌ക​ര്യോ​ത്താ ആണ്‌. യേശു​വി​നെ എങ്ങനെ പിടി​ക്കാ​മെന്ന്‌ പുരോ​ഹി​ത​ന്മാ​രോ​ടു പറയാൻ പോകു​ക​യാണ്‌ അവൻ.

തലേദി​വ​സം യൂദാ അവരുടെ അടുക്കൽ ചെന്ന്‌, ‘യേശു​വി​നെ പിടി​ക്കാൻ സഹായി​ച്ചാൽ നിങ്ങൾ എനിക്ക്‌ എന്തു തരും?’ എന്നു ചോദി​ച്ചി​രു​ന്നു. ‘മുപ്പതു വെള്ളി​നാ​ണ​യ​ങ്ങൾ’ എന്ന്‌ അവർ പറഞ്ഞു. അതു​കൊണ്ട്‌ യൂദാ ഇപ്പോൾ യേശു​വി​നെ ഈ ആളുകൾക്കു കാണി​ച്ചു​കൊ​ടു​ക്കാ​നാ​യി അവരുടെ അടു​ത്തേ​ക്കു പോകു​ക​യാണ്‌. എത്ര വലിയ ദുഷ്ടത, അല്ലേ?

പെസഹാ​ഭ​ക്ഷ​ണം കഴിഞ്ഞു. എന്നാൽ യേശു ഇപ്പോൾ തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം മറ്റൊരു പ്രത്യേക ഭക്ഷണം കഴിക്കാൻ തുടങ്ങു​ന്നു. അവൻ അവർക്ക്‌ ഒരു അപ്പം വെച്ചു​നീ​ട്ടി​ക്കൊ​ണ്ടു പറയുന്നു: ‘ഇതു ഭക്ഷിപ്പിൻ, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു നിങ്ങൾക്കു​വേ​ണ്ടി നൽക​പ്പെ​ടാ​നി​രി​ക്കു​ന്ന എന്റെ ശരീരത്തെ അർഥമാ​ക്കു​ന്നു.’ പിന്നെ അവൻ അവർക്ക്‌ ഒരു ഗ്ലാസ്‌ വീഞ്ഞ്‌ വെച്ചു​നീ​ട്ടി​ക്കൊണ്ട്‌ പറയുന്നു: ‘ഇതു കുടി​പ്പിൻ, എന്തു​കൊ​ണ്ടെ​ന്നാൽ ഇത്‌ നിങ്ങൾക്കു​വേ​ണ്ടി ചൊരി​യ​പ്പെ​ടാ​നി​രി​ക്കുന്ന എന്റെ രക്തത്തെ അർഥമാ​ക്കു​ന്നു.’ ബൈബിൾ ഇതിനെ ‘കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം’ അല്ലെങ്കിൽ ‘കർത്താ​വി​ന്റെ അത്താഴം’ എന്നു വിളി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ ദൂതൻ ഈജി​പ്‌തു​കാ​രു​ടെ വീടു​ക​ളി​ലെ ആദ്യജാ​ത​രെ​യെ​ല്ലാം കൊന്നു​ക​ള​ഞ്ഞ​പ്പോൾ തങ്ങളുടെ വീടു​ക​ളെ ‘ഒഴിഞ്ഞു​ക​ട​ന്നു പോയ​തി​ന്റെ’ ഓർമ​യ്‌ക്കാ​യി​ട്ടാണ്‌ ഇസ്രാ​യേ​ല്യർ പെസഹാ ഭക്ഷിച്ചി​രു​ന്നത്‌. എന്നാൽ ഇപ്പോൾ തന്റെ അനുഗാ​മി​കൾ തന്നെക്കു​റിച്ച്‌, താൻ അവർക്കു​വേ​ണ്ടി ജീവൻ നൽകി​യ​തി​നെ​ക്കു​റിച്ച്‌ ഓർമി​ക്ക​ണ​മെന്ന്‌ യേശു ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ‘കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം’ ഓരോ വർഷവും ആഘോ​ഷി​ക്ക​ണ​മെന്ന്‌ അവൻ അവരോ​ടു പറയു​ന്നത്‌.

ഭക്ഷണ​ശേ​ഷം യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ധൈര്യ​വും വിശ്വാ​സ​ത്തിൽ ഉറപ്പും ഉള്ളവരാ​യി​രി​ക്കാൻ പറയുന്നു. അവസാനം അവർ ദൈവ​ത്തി​നു ഗീതങ്ങൾ പാടി​യ​ശേ​ഷം പോകു​ന്നു. നേരം വളരെ വൈകി​യി​രി​ക്കു​ന്നു, സാധ്യ​ത​യ​നു​സ​രിച്ച്‌ പാതി​രാ​ത്രി കഴിഞ്ഞി​ട്ടുണ്ട്‌. അവർ എവി​ടേ​ക്കാ​ണു പോകു​ന്ന​തെ​ന്നു നമുക്കു നോക്കാം.