വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 102

യേശു ജീവിച്ചിരിക്കുന്നു

യേശു ജീവിച്ചിരിക്കുന്നു

ഇവിടെ കാണുന്ന ഈ സ്‌ത്രീ​യും രണ്ടു പുരു​ഷ​ന്മാ​രും ആരൊ​ക്കെ​യാണ്‌? സ്‌ത്രീ യേശു​വി​ന്റെ കൂട്ടു​കാ​രിൽ ഒരാളായ മഗ്‌ദ​ല​ക്കാ​ര​ത്തി മറിയ​യാണ്‌. വെള്ള വസ്‌ത്രം ധരിച്ച പുരു​ഷ​ന്മാർ ദൂതന്മാ​രും. മറിയ ഒരു ചെറിയ മുറി​യി​ലേക്ക്‌ എത്തി​നോ​ക്കു​ന്ന​തു കണ്ടോ? ആ മുറി, മരിച്ചു​ക​ഴിഞ്ഞ്‌ യേശു​വി​ന്റെ ശരീരം​വെച്ച ഇടമാണ്‌. അതിനെ കല്ലറ എന്നാണു വിളി​ക്കു​ന്നത്‌. എന്നാൽ യേശു​വി​ന്റെ ശരീരം അവി​ടെ​ങ്ങും കാണാ​നി​ല്ല! അത്‌ ആരെടു​ത്തു? നമുക്കു നോക്കാം.

യേശു മരിച്ചു കഴിഞ്ഞ്‌ പുരോ​ഹി​ത​ന്മാർ പീലാ​ത്തൊ​സി​നോട്‌ ഇങ്ങനെ പറയുന്നു: ‘യേശു ജീവ​നോ​ടി​രു​ന്ന​പ്പോൾ അവൻ മൂന്നു ദിവസം കഴിഞ്ഞ്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്നു പറഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ കല്ലറയ്‌ക്കൽ ആളുകളെ കാവൽ നിറു​ത്താൻ കൽപ്പി​ക്കു​ക. അപ്പോൾ അവന്റെ ശിഷ്യ​ന്മാർക്ക്‌ അവന്റെ ശരീരം മോഷ്ടി​ച്ചിട്ട്‌ അവൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ്റു എന്നു പറയാൻ സാധി​ക്ക​യി​ല്ല!’ കല്ലറയ്‌ക്കൽ പടയാ​ളി​ക​ളെ കാവൽ നിറു​ത്താൻ പീലാ​ത്തൊസ്‌ പുരോ​ഹി​ത​ന്മാ​രോ​ടു പറയുന്നു.

എന്നാൽ യേശു മരിച്ച​തി​ന്റെ മൂന്നാം ദിവസം അതിരാ​വി​ലെ യഹോ​വ​യു​ടെ ഒരു ദൂതൻ പെട്ടെന്നു വരുന്നു. അവൻ കല്ലറയു​ടെ വാതിൽക്കൽനി​ന്നു കല്ല്‌ ഉരുട്ടി​മാ​റ്റു​ന്നു. പടയാ​ളി​കൾ പേടിച്ചു വിറച്ചി​രി​ക്കു​ക​യാണ്‌, പേടി​കൊണ്ട്‌ അവർക്ക്‌ അനങ്ങാൻപോ​ലും കഴിയു​ന്നി​ല്ല. അവസാനം അവർ കല്ലറയി​ലേ​ക്കു നോക്കു​മ്പോൾ യേശു​വി​ന്റെ ശരീരം അവി​ടെ​യി​ല്ല! പടയാ​ളി​ക​ളിൽ ചിലർ പട്ടണത്തി​ലേ​ക്കു ചെന്ന്‌ പുരോ​ഹി​ത​ന്മാ​രെ വിവരം അറിയി​ക്കു​ന്നു. ആ ദുഷ്ടപു​രോ​ഹി​ത​ന്മാർ എന്താണു ചെയ്യു​ന്ന​തെ​ന്നോ? അവർ നുണപ​റ​യാൻ പടയാ​ളി​കൾക്കു കൈക്കൂ​ലി കൊടു​ക്കു​ന്നു. ‘രാത്രി​യിൽ ഞങ്ങൾ ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ അവന്റെ ശിഷ്യ​ന്മാർ വന്ന്‌ ശരീരം മോഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി എന്നു പറയണം’ എന്ന്‌ അവർ പടയാ​ളി​ക​ളോ​ടു പറയുന്നു.

അതിനി​ടെ യേശു​വി​നോട്‌ അടുപ്പ​മു​ണ്ടാ​യി​രു​ന്ന ചില സ്‌ത്രീ​കൾ കല്ലറയ്‌ക്കൽ വരുന്നു. അത്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്ന​തു കണ്ട്‌ അവർ അത്ഭുത​പ്പെ​ടു​ന്നു. പെട്ടെന്ന്‌ അവരുടെ മുമ്പിൽ, വെട്ടി​ത്തി​ള​ങ്ങു​ന്ന വസ്‌ത്ര​മ​ണി​ഞ്ഞ രണ്ടു ദൂതന്മാർ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ‘നിങ്ങൾ യേശു​വി​നെ ഇവിടെ നോക്കു​ന്ന​തെ​ന്തിന്‌?’ അവർ ചോദി​ക്കു​ന്നു. ‘അവൻ ഉയിർത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. പെട്ടെ​ന്നു​പോ​യി അവന്റെ ശിഷ്യ​ന്മാ​രോട്‌ ഇതു പറവിൻ.’ ആ സ്‌ത്രീ​കൾ വേഗം ഓടി​പ്പോ​കു​ന്നു. എന്നാൽ ഒരാൾ വഴിയിൽവെച്ച്‌ അവരെ നിറുത്തി അവരോ​ടു സംസാ​രി​ക്കു​ന്നു. അത്‌ ആരാ​ണെ​ന്ന​ല്ലേ? അത്‌ യേശു​വാണ്‌! ‘പോയി എന്റെ ശിഷ്യ​ന്മാ​രോട്‌ ഈ കാര്യം പറവിൻ’ എന്ന്‌ അവൻ പറയുന്നു.

സ്‌ത്രീ​കൾ ശിഷ്യ​ന്മാ​രോട്‌, യേശു ജീവ​നോ​ടി​രി​ക്കു​ന്നെ​ന്നും തങ്ങൾ അവനെ കണ്ടെന്നും പറയു​മ്പോൾ അവർക്ക്‌ അതു വിശ്വ​സി​ക്കാൻ പ്രയാസം തോന്നു​ന്നു. പത്രൊ​സും യോഹ​ന്നാ​നും കാര്യങ്ങൾ നേരിട്ടു കണ്ടു മനസ്സി​ലാ​ക്കാൻ കല്ലറയി​ങ്ക​ലേക്ക്‌ ഓടുന്നു; പക്ഷേ അവിടെ എത്തു​മ്പോൾ കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്ന​താണ്‌ അവർ കാണു​ന്നത്‌! അവർ അവി​ടെ​നി​ന്നു പോകു​മ്പോൾ മഗ്‌ദ​ല​ക്കാ​ര​ത്തി മറിയ അവി​ടെ​ത്ത​ന്നെ നിൽക്കു​ന്നു. അപ്പോ​ഴാണ്‌ അവൾ ഉള്ളി​ലേ​ക്കു നോക്കു​ക​യും രണ്ടു ദൂതന്മാ​രെ കാണു​ക​യും ചെയ്യു​ന്നത്‌.

യേശു​വി​ന്റെ ശരീര​ത്തിന്‌ എന്തു സംഭവി​ച്ചു? അത്‌ അപ്രത്യ​ക്ഷ​മാ​കാൻ ദൈവം ഇടയാക്കി. യേശു മരിച്ച​പ്പോൾ ഉണ്ടായി​രു​ന്ന ആ ജഡിക ശരീര​ത്തോ​ടെ​യല്ല ദൈവം അവനെ ഉയിർപ്പി​ച്ചത്‌. സ്വർഗ​ത്തി​ലെ ദൂതന്മാർക്ക്‌ ഉള്ളതു​പോ​ലു​ള്ള ഒരു പുതിയ ആത്മശരീ​രം ദൈവം അവനു നൽകി. എന്നാൽ യേശു​വിന്‌ താൻ ജീവ​നോ​ടി​രി​ക്കു​ന്നു എന്ന്‌ തന്റെ ശിഷ്യ​ന്മാ​രെ അറിയി​ക്കു​ന്ന​തിന്‌ മനുഷ്യർക്കു കാണാൻ കഴിയുന്ന ശരീരം എടുക്കാൻ സാധി​ക്കും; അതേക്കു​റി​ച്ചു നമുക്കു പഠിക്കാം.