വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 104

യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു

യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു

ദിവസങ്ങൾ കടന്നു​പോ​ക​വേ, യേശു പല തവണ ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു. ഒരിക്കൽ ഏകദേശം 500 ശിഷ്യ​ന്മാർ അവനെ കാണുന്നു. ആ സമയത്ത്‌ അവൻ അവരോട്‌ എന്തി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ച​തെ​ന്നോ? ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌. ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കാ​നാണ്‌ ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​തി​നു ശേഷവും അവൻ ആ വേല ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു.

ദൈവ​രാ​ജ്യം എന്താ​ണെന്ന്‌ ഓർക്കു​ന്നു​ണ്ടോ? അതേ, ദൈവം സ്വർഗ​ത്തിൽ സ്ഥാപിച്ച ശരിക്കു​മു​ള്ള ഒരു ഗവൺമെ​ന്റാണ്‌ അത്‌. അതിന്റെ രാജാ​വാ​യി​രി​ക്കാൻ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ യേശു​വി​നെ​യാണ്‌. യേശു എത്ര നല്ല രാജാ​വാ​യി​രി​ക്കും, അല്ലേ? വിശന്നി​രു​ന്ന​വർക്കു ഭക്ഷണം നൽകു​ക​യും രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ക​യും എന്തിന്‌, മരിച്ച​വ​രെ ഉയിർപ്പി​ക്കു​ക​യും പോലും ചെയ്‌തു​കൊണ്ട്‌ അവൻ അതു തെളി​യി​ച്ച​തി​നെ​ക്കു​റി​ച്ചു നമ്മൾ പഠിച്ച​ല്ലോ.

യേശു സ്വർഗ​ത്തിൽ ആയിരം വർഷം ഭരിക്കു​മ്പോൾ ഭൂമി​യു​ടെ അവസ്ഥ എന്തായി​രി​ക്കും? മുഴു​ഭൂ​മി​യും സുന്ദര​മാ​യ ഒരു പറുദീസ ആയിത്തീ​രും. യുദ്ധം, കുറ്റകൃ​ത്യം, രോഗങ്ങൾ, എന്തിന്‌ മരണം പോലും എന്നേക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും. ഇതു സത്യമാ​ണെ​ന്നു നമുക്ക​റി​യാം. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ ആളുകൾക്ക്‌ ആസ്വദി​ക്കാൻ കഴിയുന്ന ഒരു പറുദീസ ആയിരി​ക്കാ​നാണ്‌. അതു​കൊ​ണ്ടാണ്‌ തുടക്ക​ത്തിൽ അവൻ ഏദെൻ തോട്ടം ഉണ്ടാക്കി​യത്‌. ദൈവ​ത്തി​ന്റെ ആ ആഗ്രഹം സാധി​ക്കു​ന്നു എന്ന്‌ യേശു ഉറപ്പു​വ​രു​ത്തും.

ഇപ്പോൾ യേശു​വി​നു സ്വർഗ​ത്തി​ലേ​ക്കു തിരികെ പോകാ​നു​ള്ള സമയം വന്നെത്തി​യി​രി​ക്കു​ക​യാണ്‌. 40 ദിവസ​മാ​യി യേശു ഇടയ്‌ക്കി​ടെ തന്റെ ശിഷ്യ​ന്മാർക്കു തന്നെത്തന്നെ കാണിച്ചു കൊടു​ത്തു​കൊ​ണ്ടാണ്‌ ഇരുന്നി​ട്ടു​ള്ളത്‌. അതു​കൊണ്ട്‌ അവൻ ജീവി​ച്ചി​രി​ക്കു​ന്നു എന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. എന്നാൽ പോകു​ന്ന​തി​നു മുമ്പ്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: ‘പരിശു​ദ്ധാ​ത്മാ​വു ലഭിക്കു​ന്ന​തു​വ​രെ നിങ്ങൾ യെരൂ​ശ​ലേ​മിൽത്ത​ന്നെ കഴിയുക.’ കാറ്റ്‌ ഒരു ശക്തിയാ​ണെന്ന്‌ അറിയാ​മ​ല്ലോ? അതു​പോ​ലു​ള്ള ഒരു ശക്തിയാണ്‌ പരിശു​ദ്ധാ​ത്മാവ്‌, കാര്യങ്ങൾ ചെയ്യാ​നാ​യി ദൈവം ഉപയോ​ഗി​ക്കു​ന്ന അവന്റെ ശക്തി. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിന്‌ പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ സഹായി​ക്കും. ഒടുവിൽ യേശു പറയുന്നു: ‘നിങ്ങൾ ഭൂമി​യു​ടെ ഏറ്റവും ദൂരെ​യു​ള്ള സ്ഥലങ്ങൾ വരെ പോയി എന്നെക്കു​റി​ച്ചു പ്രസം​ഗി​ക്ക​ണം.’

യേശു ഇതു പറഞ്ഞു കഴിയു​മ്പോൾ അത്ഭുത​ക​ര​മാ​യ ഒരു കാര്യം സംഭവി​ക്കു​ന്നു. ഇവിടെ കാണാൻ കഴിയു​ന്ന​തു​പോ​ലെ അവൻ ആകാശ​ത്തി​ലേക്ക്‌ പൊങ്ങി​പ്പോ​കാൻ തുടങ്ങു​ന്നു. പിന്നെ, ഒരു മേഘം അവനെ കാഴ്‌ച​യിൽനി​ന്നു മറയ്‌ക്കു​ന്നു. അതുക​ഴിഞ്ഞ്‌ ശിഷ്യ​ന്മാർ അവനെ കാണു​ന്നി​ല്ല. യേശു സ്വർഗ​ത്തി​ലേ​ക്കു പോകു​ക​യും അവിടെ ആയിരു​ന്നു​കൊണ്ട്‌ ഭൂമി​യി​ലു​ള്ള തന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ ഭരണം തുടങ്ങു​ക​യും ചെയ്‌തു.