വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 108

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

നിലത്തു വീണു​കി​ട​ക്കു​ന്ന ആ മനുഷ്യൻ ആരാ​ണെന്ന്‌ അറിയാ​മോ? അത്‌ ശൗൽ ആണ്‌. ശൗലിനെ ഓർക്കു​ന്നി​ല്ലേ, സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​ഞ്ഞ​വ​രു​ടെ വസ്‌ത്ര​ങ്ങൾ സൂക്ഷി​ച്ചു​കൊ​ണ്ടു നിന്ന മനുഷ്യ​നാണ്‌ അവൻ. ആ വലിയ വെളിച്ചം നോക്കൂ! എന്താണ്‌ ഇവിടെ സംഭവി​ക്കു​ന്നത്‌?

സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെ​ട്ട​ശേ​ഷം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ വേട്ടയാ​ടി ഉപദ്ര​വ​ത്തിന്‌ ഏൽപ്പി​ക്കു​ന്ന​തിൽ ശൗൽ നേതൃ​ത്വം വഹിക്കു​ന്നു. അവൻ വീടു​തോ​റും കയറി​യി​റ​ങ്ങി അവരെ വലിച്ചി​ഴച്ച്‌ തടവി​ലാ​ക്കു​ന്നു. ശിഷ്യ​ന്മാ​രിൽ പലരും മറ്റു പട്ടണങ്ങ​ളി​ലേക്ക്‌ ഓടി​പ്പോ​കു​ക​യും അവിട​ങ്ങ​ളിൽ “സുവാർത്ത” പ്രസം​ഗി​ക്കാൻ തുടങ്ങു​ക​യും ചെയ്യുന്നു. എന്നാൽ ശൗൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ തിരഞ്ഞ്‌ മറ്റു പട്ടണങ്ങ​ളി​ലും പോകു​ന്നു. ഇപ്പോൾ അവൻ ദമസ്‌കൊ​സി​ലേ​ക്കു പോകു​ക​യാണ്‌. എന്നാൽ യാത്ര​യ്‌ക്കി​ട​യിൽ അത്ഭുത​ക​ര​മാ​യ ഒരു കാര്യം സംഭവി​ക്കു​ന്നു.

പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു പ്രകാശം ശൗലിനു ചുറ്റും മിന്നുന്നു. ചിത്ര​ത്തിൽ നാം കാണു​ന്ന​തു​പോ​ലെ അവൻ നിലത്തു വീഴുന്നു. അപ്പോൾ ഇങ്ങനെ ഒരു ശബ്ദം കേൾക്കു​ന്നു: ‘ശൗലേ, ശൗലേ! നീ എന്നെ ഉപദ്ര​വി​ക്കു​ന്ന​തെന്ത്‌?’ ശൗലി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്ന​വർ പ്രകാശം കാണു​ക​യും ശബ്ദം കേൾക്കു​ക​യും ചെയ്‌തെ​ങ്കി​ലും പറഞ്ഞ​തെ​ന്തെന്ന്‌ അവർക്കു മനസ്സി​ലാ​കു​ന്നി​ല്ല.

‘നീ ആരാണു കർത്താവേ?’ ശൗൽ ചോദി​ക്കു​ന്നു.

‘നീ ഉപദ്ര​വി​ക്കു​ന്ന യേശു​വാ​ണു ഞാൻ,’ ശബ്ദം പറയുന്നു. യേശു എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌? കാരണം, ശൗൽ തന്റെ ശിഷ്യ​ന്മാ​രെ ഉപദ്ര​വി​ക്കു​മ്പോൾ തന്നെ ഉപദ്ര​വി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അവനു തോന്നു​ന്നത്‌.

‘കർത്താവേ, ഞാൻ എന്താണു ചെയ്യേ​ണ്ടത്‌?’ ശൗൽ ചോദി​ക്കു​ന്നു.

‘എഴു​ന്നേറ്റ്‌ ദമസ്‌കൊ​സി​ലേ​ക്കു പോകുക,’ യേശു പറയുന്നു. ‘നീ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അവി​ടെ​വെച്ച്‌ നിന്നോ​ടു പറയും.’ ശൗൽ എഴു​ന്നേറ്റ്‌ കണ്ണുതു​റ​ക്കു​മ്പോൾ അവന്‌ ഒന്നും കാണാൻ കഴിയു​ന്നി​ല്ല. അവന്റെ കാഴ്‌ച​ശ​ക്തി പൊയ്‌പോ​യി​രു​ന്നു! അതു​കൊണ്ട്‌ അവന്റെ കൂടെ​യു​ണ്ടാ​യി​രു​ന്ന പുരു​ഷ​ന്മാർ കൈക്കു​പി​ടിച്ച്‌ അവനെ ദമസ്‌കൊ​സി​ലേ​ക്കു നടത്തുന്നു.

ഇപ്പോൾ യേശു ദമസ്‌കൊ​സി​ലു​ള്ള തന്റെ ശിഷ്യ​ന്മാ​രിൽ ഒരാ​ളോ​ടു പറയുന്നു: ‘അനന്യാ​സേ, നീ എഴു​ന്നേറ്റ്‌ നേർവീ​ഥി എന്ന തെരു​വി​ലേ​ക്കു ചെല്ലുക. യൂദാ​യു​ടെ വീട്ടിൽച്ചെന്ന്‌ ശൗൽ എന്ന മനുഷ്യ​നെ അന്വേ​ഷി​ക്കു​ക. എന്റെ ഒരു പ്രത്യേക ദാസനാ​യി​രി​ക്കാൻ ഞാൻ അവനെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.’

അനന്യാസ്‌ അങ്ങനെ ചെയ്യുന്നു. ശൗലിനെ കണ്ടുമു​ട്ടു​മ്പോൾ അവൻ അവന്റെ​മേൽ കൈ​വെച്ച്‌ ഇങ്ങനെ പറയുന്നു: ‘നീ വീണ്ടും കാണേ​ണ്ട​തി​നും പരിശു​ദ്ധാ​ത്മാ​വി​നാൽ നിറ​യേ​ണ്ട​തി​നും കർത്താവ്‌ എന്നെ അയച്ചി​രി​ക്കു​ന്നു.’ പെട്ടെന്ന്‌ ചെതു​മ്പൽപോ​ലെ എന്തോ ഒന്ന്‌ ശൗലിന്റെ കണ്ണിൽനി​ന്നു പൊഴി​ഞ്ഞു​വീ​ഴു​ന്നു, അവനു കാഴ്‌ച​ശ​ക്തി തിരി​ച്ചു​കി​ട്ടു​ന്നു.

പല രാജ്യ​ങ്ങ​ളി​ലു​ള്ള ആളുക​ളോ​ടു പ്രസം​ഗി​ക്കാ​നാ​യി വളരെ വലിയ ഒരു വിധത്തിൽ ദൈവം ശൗലിനെ ഉപയോ​ഗി​ക്കു​ന്നു. പിന്നീട്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ എന്നു വിളി​ക്ക​പ്പെട്ട അവനെ​ക്കു​റി​ച്ചു നാം കുറെ​യ​ധി​കം പഠിക്കു​ന്ന​താ​യി​രി​ക്കും. എന്നാൽ അതിനു​മുമ്പ്‌ ദൈവം പത്രൊ​സി​നെ എന്തു ചെയ്യാൻ അയയ്‌ക്കു​ന്നു​വെന്ന്‌ നമുക്കു നോക്കാം.