വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 116

നമുക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം

നമുക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം

ആ കൊച്ചു പെൺകു​ട്ടി​യും കൂട്ടു​കാ​രും എന്താണു വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്നു പറയാ​മോ? ശരിയാണ്‌, ഈ പുസ്‌ത​കം തന്നെയാണ്‌ അവരും വായി​ക്കു​ന്നത്‌—എന്റെ ബൈബിൾ കഥാപു​സ്‌ത​കം. വായി​ക്കു​ന്ന കഥയും ഇതുതന്നെ—“നമുക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയുന്ന വിധം.”

അവർ എന്തൊ​ക്കെ​യാ​ണു പഠിക്കു​ന്നത്‌? ഒന്നാമത്‌, എന്നേക്കും ജീവി​ക്ക​ണ​മെ​ങ്കിൽ നാം യഹോ​വ​യെ​യും അവന്റെ പുത്ര​നാ​യ യേശു​വി​നെ​യും കുറിച്ച്‌ അറി​യേ​ണ്ട​തുണ്ട്‌. ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഏകസത്യ​ദൈ​വ​ത്തെ​യും അവൻ അയച്ചി​രി​ക്കു​ന്ന പുത്ര​നാ​യ യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ചു പഠിക്കുക. ഇതാണു നിത്യ​ജീ​വ​നി​ലേ​ക്കു​ള്ള വഴി.’

എങ്ങനെ​യാണ്‌ യഹോ​വ​യെ​യും അവന്റെ പുത്ര​നാ​യ യേശു​വി​നെ​യും കുറിച്ച്‌ നമുക്കു പഠിക്കാൻ കഴിയു​ന്നത്‌? ഒരു മാർഗം എന്റെ ബൈബിൾ കഥാപു​സ്‌ത​കം തുടക്കം​മു​തൽ ഒടുക്കം​വ​രെ വായി​ക്കു​ക എന്നതാണ്‌. അതിൽ യഹോ​വ​യെ​യും യേശു​വി​നെ​യും കുറി​ച്ചു​ള്ള ധാരാളം കാര്യങ്ങൾ ഉണ്ട്‌, ഇല്ലേ? മാത്രമല്ല, അവർ ചെയ്‌തി​രി​ക്കു​ന്ന​തും ചെയ്യാൻ പോകു​ന്ന​തു​മാ​യ നിരവധി കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും അതിൽ പറയു​ന്നുണ്ട്‌. എന്നാൽ ഈ പുസ്‌ത​കം മാത്രം വായി​ച്ചാൽ പോരാ.

വേറൊ​രു പുസ്‌ത​കം തറയിൽ വെച്ചി​രി​ക്കു​ന്ന​തു കണ്ടോ? അതു ബൈബി​ളാണ്‌. ഈ പുസ്‌ത​ക​ത്തി​ലെ ഓരോ കഥയും ഏതു ബൈബിൾ ഭാഗത്തു​നി​ന്നാ​ണോ എടുത്തി​ട്ടു​ള്ളത്‌, ആ ഭാഗം വായി​ച്ചു​കേൾപ്പി​ക്കാൻ ആരോ​ടെ​ങ്കി​ലും പറയുക. ശരിയായ വിധത്തിൽ യഹോ​വ​യെ സേവി​ക്കാ​നും നിത്യ​ജീ​വൻ നേടാ​നും ആവശ്യ​മാ​യ എല്ലാ വിവര​ങ്ങ​ളും ബൈബിൾ നമുക്കു നൽകുന്നു. അതു​കൊണ്ട്‌ മുടങ്ങാ​തെ നമ്മൾ ബൈബിൾ പഠി​ക്കേ​ണ്ട​തുണ്ട്‌.

എന്നാൽ യഹോ​വ​യാം ദൈവ​ത്തെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ള്ള അറിവു നേടി​യാൽ മാത്രം പോരാ. നമുക്ക്‌ അവരെ​ക്കു​റിച്ച്‌ ധാരാളം അറിവ്‌ ഉണ്ടായി​രു​ന്നാ​ലും നിത്യ​ജീ​വൻ കിട്ടാതെ പോ​യേ​ക്കാം. കൂടു​ത​ലാ​യി എന്താണു വേണ്ട​തെന്ന്‌ അറിയാ​മോ?

പഠിക്കുന്ന കാര്യ​ങ്ങൾക്കൊത്ത്‌ നമ്മൾ ജീവി​ക്കു​ക​യും വേണം. ഈസ്‌ക​ര്യോ​ത്താ യൂദായെ ഓർക്കു​ന്നു​ണ്ടോ? യേശു തിര​ഞ്ഞെ​ടു​ത്ത 12 അപ്പൊ​സ്‌ത​ല​ന്മാ​രിൽ ഒരാളാ​യി​രു​ന്നു അവൻ. യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ ധാരാളം കാര്യങ്ങൾ അവന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അവന്‌ എന്താണു സംഭവി​ച്ചത്‌? കുറെ നാളുകൾ കഴിഞ്ഞ​പ്പോൾ അവൻ സ്വന്തം കാര്യം മാത്രം ചിന്തി​ക്കാൻ തുടങ്ങി. 30 വെള്ളി​ക്കാ​ശിന്‌ അവൻ യേശു​വി​നെ ശത്രു​ക്കൾക്ക്‌ ഒറ്റി​ക്കൊ​ടു​ത്തു. അതു​കൊണ്ട്‌ യൂദാ​യ്‌ക്ക്‌ നിത്യ​ജീ​വൻ കിട്ടില്ല.

69-ാമത്തെ കഥയിൽ നാം ഗേഹസി​യെ​ക്കു​റി​ച്ചു പഠിച്ചത്‌ ഓർക്കു​ന്നു​ണ്ടോ? തന്റേത​ല്ലാ​ത്ത വസ്‌ത്ര​വും പണവും അവൻ ആഗ്രഹി​ച്ചു. അവ കിട്ടു​ന്ന​തി​നു​വേ​ണ്ടി അവൻ നുണ പറഞ്ഞു. യഹോവ അവനെ ശിക്ഷിച്ചു. യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ അവൻ നമ്മെയും ശിക്ഷി​ക്കും.

എന്നാൽ യഹോ​വ​യെ എക്കാല​വും വിശ്വ​സ്‌ത​ത​യോ​ടെ സേവിച്ച ധാരാളം നല്ല ആളുക​ളും ഉണ്ട്‌. അവരെ​പ്പോ​ലെ ആകാനാണ്‌ നാമും ആഗ്രഹി​ക്കു​ന്നത്‌, അല്ലേ? നമുക്ക്‌ അനുക​രി​ക്കാൻ പറ്റിയ നല്ല ഒരു മാതൃ​ക​യാണ്‌ കൊച്ചു ശമൂ​വേ​ലി​ന്റേത്‌. 55-ാം കഥയിൽ നാം പഠിച്ചത്‌ ഓർക്കുക, സമാഗമന കൂടാ​ര​ത്തി​ങ്കൽ യഹോ​വ​യെ സേവി​ക്കാൻ തുടങ്ങു​മ്പോൾ അവനു നാലോ അഞ്ചോ വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ എത്ര ചെറിയ കുട്ടി​കൾക്കും യഹോ​വ​യെ സേവി​ക്കാൻ കഴിയു​മെന്ന്‌ അതു കാണിച്ചു തരുന്നു.

തീർച്ച​യാ​യും നാമെ​ല്ലാം അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന ആൾ യേശു​ക്രി​സ്‌തു​വാണ്‌. ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ തന്റെ സ്വർഗീയ പിതാ​വി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊണ്ട്‌ അവൻ ആലയത്തിൽ ഇരുന്ന​തി​നെ​ക്കു​റിച്ച്‌ 87-ാമത്തെ കഥയിൽ നമ്മൾ കണ്ടതാ​ണ​ല്ലോ. നമുക്കും അവനെ​പ്പോ​ലെ ആയിരി​ക്കാം. നമ്മുടെ മഹാ ദൈവ​മാ​യ യഹോ​വ​യെ​യും അവന്റെ പുത്ര​നാ​യ യേശു​വി​നെ​യും കുറിച്ച്‌ കഴിയു​ന്ന​ത്ര ആളുക​ളോ​ടു നമുക്കു പറയാം. ഈ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ ഭൂമി​യിൽ ദൈവം കൊണ്ടു​വ​രാൻ പോകുന്ന പുതിയ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ നമുക്കു കഴിയും.