വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട്‌ നിങ്ങൾക്ക്‌ പ്രതികരിക്കാവുന്ന വിധം

സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട്‌ നിങ്ങൾക്ക്‌ പ്രതികരിക്കാവുന്ന വിധം

വിശദീ​ക​രണം: ആളുക​ളു​ടെ ജീവൽപ്ര​തീ​ക്ഷകൾ യഹോ​വ​യാം ദൈവ​ത്തോ​ടും യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള അവന്റെ രാജ്യ​ത്തോ​ടു​മു​ളള അവരുടെ മനോ​ഭാ​വത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ ദൂത്‌ പുളക​പ്ര​ദ​മാണ്‌, മനുഷ്യ​വർഗ്ഗ​ത്തിന്‌ ആശ്രയി​ക്കാ​വുന്ന ഏകപ്ര​ത്യാ​ശ​യി​ലേക്ക്‌ അത്‌ വിരൽ ചൂണ്ടുന്നു. അതു ജീവി​ത​ത്തിന്‌ മാററം വരുത്തുന്ന ഒരു ദൂതാണ്‌. എല്ലാവ​രും അതു കേൾക്ക​ണ​മെന്ന്‌ നാം ആഗ്രഹി​ക്കു​ന്നു. ഒരു ന്യൂന​പക്ഷം മാത്രമേ വിലമ​തി​പ്പോ​ടെ അതു സ്വീക​രി​ക്കു​ക​യു​ളളു എന്ന്‌ നാം തിരി​ച്ച​റി​യു​ന്നു; എന്നാൽ കാര്യ​ജ്ഞാ​ന​ത്തോ​ടെ ആളുകൾ ഒരു തെര​ഞ്ഞെ​ടുപ്പ്‌ നടത്തു​ന്ന​തിന്‌ അവർ അതു കേൾക്കു​ക​യെ​ങ്കി​ലും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ നമുക്ക്‌ അറിയാം. എന്നിരു​ന്നാ​ലും എല്ലാവർക്കും ശ്രദ്ധി​ക്കാൻ മനസ്സില്ല, അവരെ അതിന്‌ നിർബ്ബ​ന്ധി​ക്കാൻ നാം ശ്രമി​ക്കു​ന്നു​മില്ല. എന്നാൽ വിവേ​ച​ന​യു​ണ്ടെ​ങ്കിൽ സാദ്ധ്യ​ത​യു​ളള സംഭാ​ഷണം മുടക്കി​കളെ കൂടു​ത​ലായ ചർച്ചക്കു​ളള അവസര​ങ്ങ​ളാ​ക്കി മാററുക മിക്ക​പ്പോ​ഴും സാദ്ധ്യ​മാണ്‌. അർഹത​യു​ള​ള​വരെ കണ്ടെത്താ​നു​ളള ശ്രമത്തിൽ അനുഭവ സമ്പന്നരായ സാക്ഷികൾ ഉപയോ​ഗി​ച്ചി​ട്ടു​ളള മാർഗ്ഗ​ങ്ങ​ളു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌. (മത്താ. 10:11) ഈ മറുപ​ടി​ക​ളൊ​ന്നും മന:പ്പാഠമാ​ക്കാ​നല്ല മറിച്ച്‌ അവയിലെ ആശയം മനസ്സിൽ പിടി​ക്കാ​നും നിങ്ങൾ ആരോട്‌ സംസാ​രി​ക്കു​ന്നു​വോ അവരോ​ടു​ളള യഥാർത്ഥ താൽപ്പ​ര്യം പ്രകട​മാ​ക്കുന്ന ഒരു വിധത്തിൽ അവ നിങ്ങളു​ടെ സ്വന്തം വാചക​ത്തിൽ പറയാ​നു​മാണ്‌ ഞങ്ങളുടെ ശുപാർശ. നിങ്ങൾ അങ്ങനെ ചെയ്യു​മ്പോൾ ശരിയായ ഹൃദയ നിലയു​ള​ളവർ ശ്രദ്ധി​ക്കു​മെ​ന്നും ജീവനു​വേ​ണ്ടി​യു​ളള സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലി​ലേക്ക്‌ അവരെ ആകർഷി​ക്കാൻ യഹോവ ചെയ്യു​ന്ന​തി​നോട്‌ വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കു​മെ​ന്നും നമുക്ക്‌ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും.—യോഹ. 6:44; പ്രവൃ. 16:14.

‘എനിക്കു താൽപ​ര്യ​മില്ല’

● ‘ഞാൻ ഒന്നു ചോദി​ച്ചോ​ട്ടെ, നിങ്ങൾക്ക്‌ ബൈബി​ളിൽ താൽപ്പ​ര്യ​മില്ല എന്നാണോ നിങ്ങൾ അർത്ഥമാ​ക്കു​ന്നത്‌ അതോ പൊതു​വെ മതത്തി​ലാ​ണോ നിങ്ങൾക്കു താൽപ്പ​ര്യ​മി​ല്ലാ​ത്തത്‌? ഒരു കാലത്ത്‌ മതഭക്തി​യു​ണ്ടാ​യി​രു​ന്ന​വ​രും എന്നാൽ സഭകളിൽ വളരെ​യ​ധി​കം കപടഭക്തി കാണ​പ്പെ​ടു​ന്ന​തി​നാൽ മേലാൽ പളളി​യിൽ പോകാ​ത്ത​വ​രു​മായ വളരെ​യ​ധി​കം പേരെ ഞങ്ങൾ കണ്ടിട്ടു​ള​ള​തു​കൊ​ണ്ടാണ്‌ ഞാനത്‌ ചോദി​ക്കു​ന്നത്‌ (അല്ലെങ്കിൽ മതവും പണമു​ണ്ടാ​ക്കാ​നു​ളള മറെറാ​രു ബിസി​നസ്സ്‌ മാത്ര​മാ​ണെന്ന്‌ അവർക്ക്‌ തോന്നു​ന്നു; അല്ലെങ്കിൽ മതങ്ങളു​ടെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളി​ലെ ഇടപെടൽ അവർ അംഗീ​ക​രി​ക്കു​ന്നില്ല; എന്നിവ). അത്തരം നടപടി​കളെ ബൈബി​ളും അംഗീ​ക​രി​ക്കു​ന്നില്ല, മാത്ര​വു​മല്ല ആത്മ​ധൈ​ര്യ​ത്തോ​ടെ ഭാവി​യി​ലേക്ക്‌ നോക്കാ​നു​ളള ഏക അടിസ്ഥാ​ന​വും അതു നൽകുന്നു.’

● ‘നിങ്ങൾക്ക്‌ മറെറാ​രു മതത്തി​ലും താൽപ്പ​ര്യ​മില്ല എന്നാണ്‌ നിങ്ങൾ അർത്ഥമാ​ക്കു​ന്ന​തെ​ങ്കിൽ എനിക്കത്‌ മനസ്സി​ലാ​ക്കാൻ കഴിയും. എന്നാൽ സർവ്വസാ​ദ്ധ്യ​ത​യു​മ​നു​സ​രിച്ച്‌ ന്യൂക്ലി​യർ യുദ്ധഭീ​ഷ​ണി​യു​ടെ വീക്ഷണ​ത്തിൽ നമുക്ക്‌ എന്തു ഭാവി പ്രതീ​ക്ഷി​ക്കാം എന്ന കാര്യ​ത്തിൽ നിങ്ങൾ തൽപ്പര​നാണ്‌. (അല്ലെങ്കിൽ മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​നെ​തി​രെ നമ്മുടെ കുട്ടി​കളെ എങ്ങനെ സംരക്ഷി​ക്കാ​മെന്ന കാര്യ​ത്തിൽ; അല്ലെങ്കിൽ തെരു​വു​ക​ളി​ലൂ​ടെ നടക്കാൻ നാം മേലാൽ പേടി​ക്കേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​തി​രി​ക്കാൻ തക്കവണ്ണം കുററ​കൃ​ത്യം സംബന്ധിച്ച്‌ എന്തു ചെയ്യാൻ കഴിയു​മെന്ന കാര്യ​ത്തിൽ; എന്നിവ). ഒരു യഥാർത്ഥ പരിഹാ​ര​ത്തി​നു​ളള എന്തെങ്കി​ലും സാദ്ധ്യത നിങ്ങൾക്കു കാണാൻ കഴിയു​ന്നു​ണ്ടോ?’

● ‘അതു നിങ്ങൾക്ക്‌ ഇപ്പോൾ തന്നെ ഒരു മതം ഉളളതു​കൊ​ണ്ടാ​ണോ? . . . എന്നാൽ പറയൂ, എല്ലാവ​രും ഒരേ മതത്തിൽപെ​ട്ട​വ​രാ​യി​രി​ക്കുന്ന ഒരു കാലം എന്നെങ്കി​ലും ഉണ്ടാകു​മെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടോ? . . . അതിന്‌ തടസ്സമാ​യി നിൽക്കു​ന്നത്‌ എന്താണ്‌ എന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? . . . അത്‌ അർത്ഥവ​ത്താ​യി​രി​ക്കു​ന്ന​തിന്‌ ഏതു തരത്തി​ലു​ളള അടിസ്ഥാ​ന​മാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?’

● ‘എനിക്കത്‌ വിലമ​തി​ക്കാൻ കഴിയും. ഏതാനും വർഷം മുൻപ്‌ ഞാനും അങ്ങനെ​ത​ന്നെ​യാണ്‌ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ കാര്യ​ങ്ങളെ ഒരു വ്യത്യ​സ്‌ത​മായ വെളി​ച്ച​ത്തിൽ വീക്ഷി​ക്കാൻ എന്നെ സഹായിച്ച ഒരു സംഗതി ഞാൻ ബൈബി​ളിൽ നിന്ന്‌ വായിച്ചു. (അതെന്താ​യി​രു​ന്നെന്ന്‌ കാണിച്ചു കൊടു​ക്കുക.)’

● ‘മരിച്ചു​പോയ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വരെ നിങ്ങൾക്ക്‌ വീണ്ടും കാണാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ ഞാൻ ബൈബി​ളിൽ നിന്ന്‌ കാണി​ച്ചു​ത​രി​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ താൽപ്പ​ര്യ​മു​ണ്ടാ​യി​രി​ക്കു​മോ? (അല്ലെങ്കിൽ ജീവി​ത​ത്തി​ന്റെ യഥാർത്ഥ ഉദ്ദേശ്യ​മെ​ന്താ​ണെന്ന്‌; അല്ലെങ്കിൽ നമ്മുടെ കുടും​ബ​ങ്ങളെ ഐക്യ​മു​ള​ള​താ​ക്കി നിർത്താൻ അതിന്‌ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്ന്‌; എന്നിവ.)’

● ‘ഒന്നും വാങ്ങി​ക്കാൻ താൽപ്പ​ര്യ​മില്ല എന്നാണ്‌ നിങ്ങൾ അർത്ഥമാ​ക്കി​യ​തെ​ങ്കിൽ ആ കാര്യ​ത്തിൽ നിങ്ങൾ വിഷമി​ക്കേ​ണ്ട​തില്ല എന്ന്‌ ആദ്യം തന്നെ പറയട്ടെ. ഞാൻ ഒരു വ്യാപാ​ര​പ​ര​മായ വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​കയല്ല. എന്നാൽ നിങ്ങളെ യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കുന്ന അയൽക്കാ​രോ​ടൊ​പ്പം രോഗ​ത്തിൽ നിന്നും കുററ​കൃ​ത്യ​ങ്ങ​ളിൽ നിന്നും വിമു​ക്ത​മായ ഒരു പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നു​ളള അവസര​ത്തിൽ നിങ്ങൾക്ക്‌ താൽപ്പ​ര്യ​മു​ണ്ടാ​യി​രി​ക്കു​മോ?’

● ‘യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ക്കു​മ്പോൾ ഇതു തന്നെയാ​ണോ നിങ്ങളു​ടെ സാധാരണ മറുപടി? . . . ഞങ്ങൾ എന്തു​കൊ​ണ്ടാണ്‌ വീണ്ടും വീണ്ടും സന്ദർശി​ക്കു​ന്ന​തെ​ന്നോ അല്ലെങ്കിൽ ഞങ്ങൾക്ക്‌ എന്താണ്‌ പറയാ​നു​ള​ളത്‌ എന്നോ നിങ്ങൾ വാസ്‌ത​വ​ത്തിൽ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? . . . ചുരുക്കി പറഞ്ഞാൽ നിങ്ങളും കൂടെ അറിഞ്ഞി​രി​ക്കേണ്ട ഒരു കാര്യം എനിക്ക്‌ അറിയാ​വു​ന്ന​തു​കൊ​ണ്ടാണ്‌ ഞാൻ നിങ്ങളെ കാണാൻ വന്നത്‌. ഈ ഒരു തവണ​യെ​ങ്കി​ലും ഒന്നു ശ്രദ്ധി​ക്ക​രു​തോ?’

‘എനിക്ക്‌ മതത്തിൽ താൽപ​ര്യ​മില്ല’

● ‘നിങ്ങളു​ടെ വികാരം എനിക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയും. വാസ്‌തവം പറഞ്ഞാൽ സഭകൾ ഈ ലോകത്തെ ജീവി​ക്കാൻ കൂടുതൽ സുരക്ഷി​ത​മായ ഒരു സ്ഥലമാ​ക്കു​ന്നില്ല, ഉവ്വോ? . . . ഞാൻ ചോദി​ച്ചോ​ട്ടെ, നിങ്ങൾക്ക്‌ എന്നും ഇപ്പോ​ഴു​ളള ഇതേ വിചാരം തന്നെയാ​ണോ ഉണ്ടായി​രു​ന്നത്‌? . . . എന്നാൽ നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

● ‘നിങ്ങളു​ടെ വീക്ഷണം തന്നെയു​ളള ധാരാളം ആളുക​ളുണ്ട്‌. മതം വാസ്‌ത​വ​ത്തിൽ അവരെ സഹായി​ച്ചി​ട്ടില്ല. ഞങ്ങൾ ഈ സന്ദർശനം നടത്തു​ന്ന​തി​ന്റെ ഒരു കാരണം അതാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവത്തെ സംബന്ധി​ച്ചും മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ളള സത്യം മതങ്ങൾ ആളുക​ളോട്‌ പറഞ്ഞി​ട്ടില്ല.’

● ‘എന്നാൽ നിങ്ങളു​ടെ സ്വന്തം ഭാവി​യിൽ നിങ്ങൾക്ക്‌ താൽപ്പ​ര്യ​മുണ്ട്‌ എന്ന്‌ എനിക്കു​റ​പ്പുണ്ട്‌. ലോക​ത്തിൽ ഇന്ന്‌ നിലവി​ലു​ളള അവസ്ഥകൾ തന്നെ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു​വെന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? . . . അനന്തര​ഫലം എന്തായി​രി​ക്കു​മെ​ന്നും അതു കാണിച്ചു തരുന്നു.’

● ‘നിങ്ങൾക്ക്‌ എന്നും ഇതേ വിചാരം തന്നെയാ​ണോ ഉണ്ടായി​രു​ന്നത്‌? . . . ഭാവിയെ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?’

‘യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എനിക്ക്‌ താൽപ​ര്യ​മില്ല’

● ‘അനേക​മാ​ളു​കൾ ഞങ്ങളോട്‌ അങ്ങനെ പറയാ​റുണ്ട്‌. ഭൂരി​പക്ഷം വീട്ടു​കാ​രും ഞങ്ങളെ സ്വാഗതം ചെയ്യു​ക​യില്ല എന്ന്‌ ഞങ്ങൾക്ക​റി​യാ​മെ​ങ്കി​ലും എന്നെ​പ്പോ​ലെ​യു​ള​ള​യാ​ളു​കൾ ഈ സന്ദർശ​നങ്ങൾ നടത്താൻ തയ്യാറാ​കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? (രാജ്യ​ദൂ​തി​നോ​ടു​ളള പ്രതി​ക​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഒന്നുകിൽ മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ​യു​ളള അതിജീ​വ​ന​ത്തിന്‌ അല്ലെങ്കിൽ ദൈവ​ത്താ​ലു​ളള നാശത്തിന്‌ എല്ലാവ​രും “അടയാ​ള​മി​ട​പ്പെട്ടു”കൊണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ വിശദീ​ക​രി​ച്ചു​കൊണ്ട്‌ യെഹെ​സ്‌ക്കേൽ 9:1-11 വരെയു​ളള വാക്യ​ങ്ങ​ളു​ടെ സാരാം​ശം പറയുക.)’

● ‘എനിക്കത്‌ വിലമ​തി​ക്കാൻ കഴിയും, കാരണം ഒരു കാലത്ത്‌ എനിക്കും അതേ വികാ​ര​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. എന്നാൽ വെറും മാന്യ​ത​യു​ടെ പേരിൽ അവരിൽ ഒരാളെ ശ്രദ്ധി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അപ്പോൾ അവരെ​പ്പ​ററി ഞാൻ കേട്ടി​രു​ന്നത്‌ സത്യമല്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി. (സാധാരണ പറയ​പ്പെ​ടുന്ന ഒരു വ്യാജാ​രോ​പണം പരാമർശി​ച്ചിട്ട്‌ നാം വിശ്വ​സി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ വിശദീ​ക​രി​ക്കുക.)’

● ‘ഏറെക്കാ​ലം മുമ്പാ​യി​രു​ന്നില്ല എന്റെ വീട്ടു​വാ​തിൽക്കൽ വന്ന ഒരു സാക്ഷി​യോട്‌ ഞാൻ ഇതുതന്നെ പറഞ്ഞത്‌. എന്നാൽ അയാൾ പോകു​ന്ന​തി​നു മുൻപ്‌ അയാൾക്ക്‌ ഉത്തരം പറയാൻ കഴിയില്ല എന്ന്‌ ഞാൻ വിശ്വ​സിച്ച ഒരു ചോദ്യം ഞാൻ അയാ​ളോട്‌ ചോദി​ച്ചു. അതെന്താ​ണെ​ന്ന​റി​യാൻ താങ്കൾക്ക്‌ താൽപ്പ​ര്യ​മു​ണ്ടോ? . . . (ഉദാഹ​ര​ണ​മാ​യി: കയീന്‌ അയാളു​ടെ ഭാര്യയെ എവിടെ നിന്ന്‌ കിട്ടി?)’ (യഥാർത്ഥ​ത്തിൽ അത്തര​മൊ​ര​നു​ഭ​വ​മു​ണ്ടാ​യി​രു​ന്നവ​രു​ടെ ഉപയോ​ഗ​ത്തിന്‌.)

● ‘നിങ്ങൾ ഉറച്ച മതവി​ശ്വാ​സ​മു​ളള ഒരാളാ​ണെ​ങ്കിൽ എനിക്ക്‌ അത്‌ വിലമ​തി​ക്കാൻ കഴിയും. നിങ്ങളു​ടെ സ്വന്തം മതം തീർച്ച​യാ​യും നിങ്ങൾക്ക്‌ വളരെ പ്രധാ​ന​മാണ്‌. എന്നാൽ നമുക്ക്‌ രണ്ടു​പേർക്കും (ഉചിത​മായ ഒരു വിഷയം പറയുക). . . ൽ താൽപ്പ​ര്യ​മു​ണ്ടെ​ന്നു​ള​ള​തി​നോട്‌ നിങ്ങൾ യോജി​ക്കു​മെന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു.’

● ‘എങ്കിൽ തീർച്ച​യാ​യും നിങ്ങൾക്ക്‌ നിങ്ങളു​ടെ സ്വന്തം മതമുണ്ട്‌. അതെന്താണ്‌ എന്ന്‌ ഞാൻ ചോദി​ക്കു​ന്ന​തിൽ വിരോ​ധ​മി​ല്ല​ല്ലോ? . . . നിങ്ങളു​ടെ വിശ്വാ​സ​ത്തിൽപെ​ട്ട​വ​രു​മാ​യി സംസാ​രി​ക്കു​ന്നത്‌ ഞങ്ങൾ ആസ്വദി​ക്കു​ന്നു. (സംഭാ​ഷ​ണ​വി​ഷയം പരാമർശി​ച്ചിട്ട്‌) നിങ്ങൾ അതു സംബന്ധിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു?’

● ‘അതെ, എനിക്കത്‌ മനസ്സി​ലാ​കു​ന്നു. എന്നാൽ ആളുകൾ സമാധാ​ന​മാ​യി ഒന്നിച്ച്‌ ജീവി​ക്കു​ന്നത്‌ കാണാൻ ആഗ്രഹി​ക്കുന്ന ഒരു കുടും​ബ​മാണ്‌ ഞങ്ങൾ എന്നുള​ള​തു​കൊ​ണ്ടാണ്‌ ഞങ്ങൾ നിങ്ങളെ സന്ദർശി​ക്കു​ന്നത്‌. എന്നും വൈകിട്ട്‌ വാർത്ത​യിൽ ഏററു​മു​ട്ട​ലു​ക​ളെ​യും കഷ്ടപ്പാ​ടു​ക​ളെ​യും സംബന്ധിച്ച റിപ്പോർട്ടു​കൾ കേൾക്കു​ന്ന​തിൽ ഞങ്ങൾക്ക്‌ മനംപി​ര​ട്ട​ലും മടുപ്പും തോന്നു​ന്നു. നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​ണെന്ന്‌ ഞാൻ കരുതു​ന്നു. . . . എന്നാൽ ആവശ്യ​മായ മാററം വരുത്താൻ എന്തിനാണ്‌ കഴിയുക? . . . ബൈബി​ളി​ലെ വാഗ്‌ദാ​ന​ങ്ങ​ളിൽ ഞങ്ങൾ പ്രോൽസാ​ഹനം കണ്ടെത്തി​യി​രി​ക്കു​ന്നു.’

● ‘നിങ്ങളു​ടെ വികാരം തുറന്ന്‌ പറഞ്ഞത്‌ ഞാൻ വിലമ​തി​ക്കു​ന്നു. ഞങ്ങളെ സംബന്ധി​ച്ചു​ളള എന്താണ്‌ നിങ്ങൾ ഇഷ്ടപ്പെ​ടാ​ത്തത്‌ എന്ന്‌ എന്നോട്‌ പറയു​ന്ന​തിന്‌ വിരോ​ധ​മു​ണ്ടോ? അത്‌ ഞങ്ങൾ ബൈബി​ളിൽ നിന്ന്‌ നിങ്ങളെ കാണി​ക്കുന്ന കാര്യ​ങ്ങ​ളോ അതോ ഞങ്ങൾ നിങ്ങളെ സന്ദർശി​ക്കാൻ വരുന്ന​തോ?’

‘എനിക്ക്‌ എന്റെ സ്വന്തം മതമുണ്ട്‌’

● ‘ശരിയാ​യ​തി​നെ സ്‌നേ​ഹി​ക്കു​ന്ന​യാ​ളു​കൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കുന്ന ഒരു കാലം വരും എന്ന്‌ നിങ്ങളു​ടെ മതം പഠിപ്പി​ക്കു​ന്നു​ണ്ടോ എന്ന്‌ എന്നോട്‌ പറയു​ന്ന​തിൽ വിരോ​ധ​മി​ല്ല​ല്ലോ? . . . അത്‌ വളരെ ആകർഷ​ക​മായ ഒരു ആശയമാണ്‌, അല്ലേ? . . . അത്‌ ഇതാ ഇവിടെ ബൈബി​ളി​ലുണ്ട്‌. (സങ്കീ. 37:29; മത്താ. 5:5; വെളി. 21:4)’

● ‘ഈ സംഗതി​യിൽ ഓരോ വ്യക്തി​യും സ്വന്തമായ തീരു​മാ​നം എടു​ക്കേ​ണ്ട​തുണ്ട്‌ എന്നതി​നോട്‌ ഞാൻ യോജി​ക്കു​ന്നു. എന്നാൽ തന്റെ സത്യാ​രാ​ധ​ക​രാ​യി​രി​ക്കാൻ ദൈവം തന്നെ ഒരു പ്രത്യേ​ക​തരം ആളുകളെ അന്വേ​ഷി​ക്കു​ന്നുണ്ട്‌ എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? ഇതാ ഇവിടെ യോഹ​ന്നാൻ 4:23, 24 നോക്കുക. ദൈവത്തെ “സത്യത്തിൽ” ആരാധി​ക്കുക എന്നതിന്റെ അർത്ഥം എന്തായി​രി​ക്കും? . . . സത്യമാ​യി​രി​ക്കു​ന്ന​തും അല്ലാത്ത​തും തിരി​ച്ച​റി​യാൻ എന്തു സഹായ​മാണ്‌ ദൈവം നമുക്ക്‌ നൽകി​യി​രി​ക്കു​ന്നത്‌? . . . (യോഹ. 17:17) അതു നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം വ്യക്തി​പ​ര​മാ​യി എത്ര പ്രധാ​ന​മാണ്‌ എന്നും കൂടെ കാണുക. (യോഹ. 17:3)’

● ‘നിങ്ങൾ എന്നും ഉറച്ച മതവി​ശ്വാ​സ​മു​ളള ഒരു വ്യക്തി​യാ​യി​രു​ന്നി​ട്ടു​ണ്ടോ? . . . മനുഷ്യ​വർഗ്ഗം എന്നെങ്കി​ലും ഒരേ മതത്തിൻ കീഴിൽ ഏകീകൃ​ത​രാ​യി​ത്തീ​രു​മെന്ന്‌ നിങ്ങൾ കരുതു​ന്നു​ണ്ടോ? ഇവിടെ വെളി​പ്പാട്‌ 5:13ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു നിമിത്തം ഞാൻ അതേപ്പ​ററി വളരെ​യ​ധി​കം ചിന്തി​ച്ചി​ട്ടുണ്ട്‌. . . . നാം ഈ ചിത്രീ​ക​ര​ണ​ത്തോട്‌ പൊരു​ത്ത​ത്തിൽ വരാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?’

● ‘നിങ്ങ​ളെ​പ്പോ​ലെ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ താൽപ്പ​ര്യ​മു​ളള ആരെ​യെ​ങ്കി​ലും കണ്ടെത്താ​മെന്നു തന്നെയാണ്‌ ഞാൻ പ്രതീ​ക്ഷി​ച്ചത്‌. ഇന്ന്‌ അനേകർക്കും ആ താൽപ്പ​ര്യ​മില്ല. ദൈവം എല്ലാ ദുഷ്ടത​യും തുടച്ചു നീക്കു​ക​യും ഈ ഭൂമി നീതിയെ സ്‌നേ​ഹി​ക്കുന്ന ആളുകൾ മാത്രം ജീവി​ക്കുന്ന ഒരു സ്ഥലമാക്കി മാററു​ക​യും ചെയ്യു​മെ​ന്നു​ളള ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​പ്പ​ററി നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ ഞാൻ ഒന്നു ചോദി​ച്ചോ​ട്ടെ? അത്‌ നിങ്ങൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നു​ണ്ടോ?’

● ‘സഭാകാ​ര്യ​ങ്ങ​ളിൽ തിര​ക്കോ​ടെ ഏർപ്പെ​ടുന്ന ഒരാളാ​ണോ നിങ്ങൾ? . . . പളളി​യിൽ ഈയി​ടെ​യാ​യി മതചട​ങ്ങു​കൾക്ക്‌ പളളി നിറയെ ആളുകൾ വന്നുകൂ​ടാ​റു​ണ്ടോ? . . . സഭാം​ഗ​ങ്ങ​ളിൽ മിക്കവ​രും ദൈവ​ത്തി​ന്റെ വചനം അനുദിന ജീവി​ത​ത്തിൽ ബാധക​മാ​ക്കാൻ വാസ്‌ത​വ​ത്തിൽ ആത്മാർത്ഥ​മായ ആഗ്രഹം പ്രകട​മാ​ക്കു​ന്നുണ്ട്‌ എന്ന്‌ നിങ്ങൾ കണ്ടെത്തു​ന്നു​വോ? (അല്ലെങ്കിൽ ലോകത്തെ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ പരിഹാ​രം സംബന്ധിച്ച്‌ അംഗങ്ങൾക്കി​ട​യിൽ അഭി​പ്രായ ഐക്യം ഉണ്ടെന്ന്‌ നിങ്ങൾ കണ്ടെത്തു​ന്നു​വോ?) വ്യക്തി​പ​ര​മായ ഭവന ബൈബിൾ അദ്ധ്യയനം സഹായ​ക​ര​മാ​ണെന്ന്‌ ഞങ്ങൾ കണ്ടിരി​ക്കു​ന്നു.’

●‘പ്രത്യ​ക്ഷ​ത്തിൽ നിങ്ങളു​ടെ മതം സംബന്ധിച്ച്‌ നിങ്ങൾ സംതൃ​പ്‌ത​നാണ്‌. എന്നാൽ മിക്കയാ​ളു​ക​ളും ലോകാ​വ​സ്ഥകൾ സംബന്ധിച്ച്‌ സംതൃ​പ്‌തരല്ല. ഒരുപക്ഷേ അതു നിങ്ങളെ സംബന്ധി​ച്ചും സത്യമാ​യി​രി​ക്കാം; അങ്ങനെ​യാ​ണോ? . . . അതെല്ലാം എന്തി​ലേ​ക്കാണ്‌ നയിക്കു​ന്നത്‌?’

● ‘നിങ്ങൾ ബൈബിൾ വായന ആസ്വദി​ക്കുന്ന ഒരാളാ​ണോ? . . . അതു ഒരു ക്രമമായ അടിസ്ഥാ​ന​ത്തിൽ വായി​ക്കാൻ നിങ്ങൾ സമയം കണ്ടെത്താ​റു​ണ്ടോ?’

● ‘നിങ്ങൾ അത്‌ എന്നോടു പറഞ്ഞത്‌ ഞാൻ വിലമ​തി​ക്കു​ന്നു. നമ്മുടെ മതപര​മായ പശ്ചാത്തലം എന്തു തന്നെയാ​യി​രു​ന്നാ​ലും ലോക സമാധാ​ന​ത്തിൽ നാമെ​ല്ലാ​വ​രും വളരെ തൽപ്പര​രാണ്‌ എന്നതി​നോട്‌ നിങ്ങൾ യോജി​ക്കും എന്ന്‌ എനിക്കു​റ​പ്പുണ്ട്‌. (അല്ലെങ്കിൽ ചീത്ത സ്വാധീ​ന​ങ്ങൾക്കെ​തി​രെ നമ്മുടെ കുട്ടി​കളെ സംരക്ഷി​ക്കാ​നു​ളള മാർഗ്ഗ​ങ്ങ​ളിൽ; അല്ലെങ്കിൽ യഥാർത്ഥ​ത്തിൽ അന്യോ​ന്യം സ്‌നേ​ഹി​ക്കുന്ന അയൽക്കാ​രു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ, അല്ലെങ്കിൽ മററാ​ളു​ക​ളു​മാ​യി നല്ല ബന്ധങ്ങൾ ആസ്വദി​ക്കു​ന്ന​തിൽ, എല്ലാവ​രും സമ്മർദ്ദ​ത്തിൻകീ​ഴി​ലാ​യി​രി​ക്കു​മ്പോൾ അത്‌ ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കാൻ കഴിയും.)’

● ‘നിങ്ങൾക്ക്‌ മതപര​മായ കാര്യ​ങ്ങ​ളിൽ താൽപ്പ​ര്യ​മുണ്ട്‌ എന്നറി​യു​ന്ന​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. ഇന്ന്‌ അനേക​മാ​ളു​ക​ളും മതത്തെ ഗൗരവ​മാ​യി എടുക്കാ​റില്ല. ദൈവം ഇല്ല എന്നു​പോ​ലും ചിലർ ചിന്തി​ക്കു​ന്നു. എന്നാൽ നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ള​ള​ത​നു​സ​രിച്ച്‌ ദൈവം ഏതുത​ര​ത്തി​ലു​ളള ഒരു വ്യക്തി​യാ​ണെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? . . . ബൈബിൾ അവന്റെ വ്യക്തി​പ​ര​മായ നാമം നമ്മോട്‌ പറയുന്നു എന്ന്‌ കുറി​ക്കൊ​ള​ളുക. (പുറ. 6:3; സങ്കീ. 83:18)’

● ‘പ്രസം​ഗ​വേ​ലക്ക്‌ യേശു തന്റെ ശിഷ്യൻമാ​രെ അയച്ച​പ്പോൾ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലേ​ക്കും പോകാൻ അവൻ അവരോട്‌ പറഞ്ഞു, അതു​കൊണ്ട്‌ തങ്ങളു​ടേ​തിൽ നിന്ന്‌ വ്യത്യ​സ്‌ത​മായ മതങ്ങളു​ളള ആളുകളെ അവർ കണ്ടുമു​ട്ടു​മാ​യി​രു​ന്നു. (പ്രവൃ. 1:8) എന്നാൽ നീതി​ക്കു​വേണ്ടി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്നവർ ശ്രദ്ധി​ക്കു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. നമ്മുടെ നാളിൽ പ്രസം​ഗി​ക്ക​പ്പെ​ടുന്ന പ്രത്യേ​ക​ദൂത്‌ എന്തായി​രി​ക്കു​മെ​ന്നാണ്‌ അവൻ പറഞ്ഞത്‌? (മത്താ. 24:14) ആ രാജ്യം നമുക്ക്‌ എന്തു അർത്ഥമാ​ക്കു​ന്നു?’

‘ഞങ്ങൾ ഇപ്പോൾ തന്നെ ക്രിസ്‌ത്യാ​നി​ക​ളാണ്‌’

● ‘അത്‌ അറിയു​ന്ന​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. അങ്ങനെ​യെ​ങ്കിൽ യേശു​തന്നെ ആളുകളെ അവരുടെ വീടു​ക​ളിൽ സന്ദർശി​ച്ചു​കൊണ്ട്‌ ഇതു​പോ​ലൊ​രു വേല ചെയ്‌തു​വെ​ന്നും അവന്റെ ശിഷ്യൻമാ​രും അങ്ങനെ ചെയ്യാൻ അവൻ അവരെ അധികാ​ര​പ്പെ​ടു​ത്തി​യെ​ന്നും തീർച്ച​യാ​യും നിങ്ങൾക്ക​റി​യാം. അവർ നടത്തിയ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വിഷയം നിങ്ങൾക്ക്‌ പരിചി​ത​മാ​ണോ? . . . അതി​നെ​പ്പ​ററി സംസാ​രി​ക്കാ​നാണ്‌ ഞങ്ങൾ ഇന്ന്‌ ഇവിടെ വന്നത്‌. (ലൂക്കോ. 8:1; ദാനി. 2:44)’

● ‘അപ്പോൾ യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ പറഞ്ഞതി​ന്റെ ഗൗരവം നിങ്ങൾ വിലമ​തി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌. മത്തായി 7:21-23-ലെ വാക്കുകൾ പറഞ്ഞ​പ്പോൾ യേശു തീർത്തും വളച്ചു​കെ​ട്ടി​ല്ലാ​തെ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു, അതേ സമയം സ്‌നേഹം പ്രകട​മാ​ക്കു​ക​യും. അപ്പോൾ നാം നമ്മോ​ടു​തന്നെ ചോദി​ക്കേണ്ട ചോദ്യം ഇതാണ്‌; സ്വർഗ്ഗ​സ്ഥ​നായ പിതാ​വി​ന്റെ ഇഷ്ടം എനിക്ക്‌ എത്ര നന്നായി അറിയാം? (യോഹ. 17:3)’

‘ഞാൻ തിരക്കി​ലാണ്‌’

● ‘എങ്കിൽ ഞാൻ വളരെ ചുരു​ക്ക​മാ​യി പറയാം. സുപ്ര​ധാ​ന​മായ ഒരു ആശയം മാത്രം നിങ്ങളു​മാ​യി പങ്കുവ​യ്‌ക്കു​ന്ന​തി​നാണ്‌ ഞാൻ വന്നത്‌. (നിങ്ങളു​ടെ സംഭാ​ഷ​ണ​വി​ഷ​യ​ത്തി​ന്റെ ചുരുക്കം ഏതാണ്ട്‌ രണ്ടു വാചക​ങ്ങ​ളിൽ പറയുക.)’

● ‘കൊള​ളാം. നിങ്ങൾക്ക്‌ കൂടുതൽ സൗകര്യ​പ്ര​ദ​മായ മറെറാ​രു സമയത്ത്‌ വരാൻ എനിക്ക്‌ സന്തോ​ഷ​മേ​യു​ളളു. എന്നാൽ പോകു​ന്ന​തി​നു​മുമ്പ്‌ നമുക്ക്‌ ചിന്തി​ക്കാൻ പ്രധാ​ന​പ്പെട്ട ഒരാശയം നൽകുന്ന ഒരു തിരു​വെ​ഴു​ത്തു വായിച്ചു കേൾപ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.’

● ‘എനിക്ക്‌ അതു മനസ്സി​ലാ​കു​ന്നു. ഒരു മാതാവ്‌ (അല്ലെങ്കിൽ തൊഴി​ലാ​ളി; അല്ലെങ്കിൽ വിദ്യാർത്ഥി) എന്ന നിലയിൽ എനിക്കും നല്ല തിരക്കാണ്‌. അതു​കൊണ്ട്‌ ഞാൻ ചുരു​ക്ക​മാ​യി പറയാം. നാമെ​ല്ലാ​വ​രും ഗൗരവ​ത​ര​മായ ഒരു സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌. ഇന്നത്തെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ ദൈവം നശിപ്പി​ക്കുന്ന സമയ​ത്തോട്‌ നാം വളരെ അടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. എന്നാൽ അതിജീ​വ​ക​രു​ണ്ടാ​യി​രി​ക്കും. അവരിൽ ഒരാളാ​യി​രി​ക്കാൻ നിങ്ങളും ഞാനും എന്തു ചെയ്യണം എന്നതാണ്‌ ചോദ്യം. ബൈബിൾ ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു. (സെഫ. 2:2, 3)’

● ‘അതു​കൊണ്ട്‌ തന്നെയാണ്‌ ഞാൻ നിങ്ങളെ സന്ദർശി​ക്കു​ന്നത്‌. നാമെ​ല്ലാം തിരക്കി​ലാണ്‌—ചില​പ്പോൾ ജീവി​ത​ത്തി​ലെ സുപ്ര​ധാ​ന​മായ കാര്യങ്ങൾ അവഗണി​ച്ചു​ക​ള​യാൻ തക്കവണ്ണം തിരക്കിൽ, അങ്ങനെ​യല്ലേ? . . . ഞാൻ വളരെ ചുരുക്കി പറയാം, എന്നാൽ ഈ ഒരു ബൈബിൾ വാക്യ​ത്തിൽ നിങ്ങൾക്ക്‌ താൽപ്പ​ര്യ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌. (ലൂക്കോ. 17:26, 27) അത്തര​മൊ​രു സാഹച​ര്യ​ത്തിൽ കണ്ടെത്ത​പ്പെ​ടാൻ നാമാ​രും ആഗ്രഹി​ക്കു​ന്നില്ല, അതു​കൊണ്ട്‌ നമ്മുടെ തിര​ക്കേ​റിയ ജീവി​ത​ത്തി​ലും ബൈബിൾ എന്തു പറയുന്നു എന്ന്‌ പരിഗ​ണി​ക്കാൻ നാം സമയം കണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. (സാഹി​ത്യം സമർപ്പി​ക്കുക.)’

● ‘ഞങ്ങൾ നിങ്ങളു​ടെ അയൽക്കാ​രിൽ ചിലരെ സന്ദർശി​ച്ച​ശേഷം ഏതാണ്ട്‌ അരമണി​ക്കൂർ കഴിഞ്ഞ്‌ മടങ്ങി​വ​ന്നാൽ അതു കൂടുതൽ സൗകര്യ​പ്ര​ദ​മാ​യി​രി​ക്കു​മോ?’

● ‘അങ്ങനെ​യെ​ങ്കിൽ ഇപ്പോൾ വേണ്ട. ഒരുപക്ഷേ എനിക്ക്‌ മറെറാ​രു ദിവസം വരാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ പോകു​ന്ന​തി​നു മുൻപ്‌ ഈ പ്രത്യേക സമർപ്പണം സ്വീക​രി​ക്കു​ന്ന​തി​നു​ളള അവസരം നിങ്ങൾക്ക്‌ തരാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. (ആ മാസത്തെ സമർപ്പണം കാണി​ക്കുക.) (ഒന്നു രണ്ടു ചോദ്യ​ങ്ങൾ ചോദി​ച്ചിട്ട്‌) ഇത്തരം ചോദ്യ​ങ്ങൾക്കു​ളള ബൈബി​ളി​ന്റെ ഉത്തരങ്ങൾ നിങ്ങളെ പരിച​യ​പ്പെ​ടു​ത്തുന്ന ഒരു പഠനപ​രി​പാ​ടി ഈ പുസ്‌ത​ക​ത്തിൽ ഉണ്ട്‌.’

● ‘ഒട്ടും തന്നെ സൗകര്യ​പ്ര​ദ​മ​ല്ലാത്ത ഒരു സമയത്ത്‌ നിങ്ങളെ കണ്ടുമു​ട്ടി​യ​തിൽ എനിക്ക്‌ ഖേദമുണ്ട്‌. ഒരുപക്ഷേ നിങ്ങൾക്ക​റി​യാ​വു​ന്ന​തു​പോ​ലെ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌. ബൈബി​ളിൽ നിന്നുളള സുപ്ര​ധാ​ന​മായ ഒരാശയം നിങ്ങളു​മാ​യി പങ്കുവ​യ്‌ക്കാൻ ഞാൻ ആഗ്രഹി​ച്ചു. എന്നാൽ ഇപ്പോൾ കേൾക്കാൻ നിങ്ങൾക്ക്‌ സമയമി​ല്ലാ​ത്ത​തു​കൊണ്ട്‌ ഒരു ലഘുലേഖ തന്നിട്ട്‌ പോകാം. (വിഷയം പറയുക) ഇതാകു​മ്പോൾ പെട്ടെന്നു വായിച്ചു തീർക്കു​ക​യും ചെയ്യാം. ഇതിലെ വിവരങ്ങൾ നിങ്ങൾക്ക്‌ തീർച്ച​യാ​യും ഇഷ്ടപ്പെ​ടും.’

● ‘എനിക്കത്‌ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടില്ല. എല്ലാ കാര്യ​ങ്ങ​ളും ചെയ്‌തു തീർക്കാൻ ഒരിക്ക​ലും സമയം മതിയാ​കാ​ത്ത​താ​യി തോന്നു​ന്നു. എന്നാൽ എന്നേക്കും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽ ജീവിതം എത്ര വ്യത്യ​സ്‌തമാ​യി​രി​ക്കു​മാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? അതു കേൾക്കു​മ്പോൾ വിചി​ത്ര​മാ​യി തോന്നും എന്ന്‌ എനിക്ക​റി​യാം. എന്നാൽ അത്തരം ഒരു സംഗതി സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ വിശദീ​ക​രി​ക്കുന്ന ഒരു ബൈബിൾ വാക്യം ഞാൻ കാണിച്ചു തരാം. (യോഹ. 17:3) അതു​കൊണ്ട്‌ ഇപ്പോൾ നാം ചെയ്യേ​ണ്ടത്‌ ദൈവ​ത്തെ​യും അവന്റെ പുത്ര​നെ​യും സംബന്ധി​ച്ചു​ളള അറിവ്‌ ഉൾക്കൊ​ള​ളു​ക​യാണ്‌. അതു​കൊ​ണ്ടാണ്‌ ഞങ്ങൾ ഈ സാഹി​ത്യം തന്നിട്ട്‌ പോകു​ന്നത്‌.’

‘നിങ്ങൾ ഇത്ര കൂടെ​ക്കൂ​ടെ സന്ദർശി​ക്കു​ന്നത്‌ എന്തിനാണ്‌?’

● ‘കാരണം ബൈബിൾ പരാമർശി​ക്കുന്ന അന്ത്യനാ​ളു​ക​ളി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌ എന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. ഇന്നത്തെ അസ്വസ്ഥ​ത​ക​ളു​ടെ അനന്തര​ഫലം എന്തായി​രി​ക്കും എന്നതി​നെ​പ്പ​ററി നാമെ​ല്ലാ​വ​രും ചിന്തി​ക്കു​ന്നത്‌ പ്രധാ​ന​മാ​ണെന്ന്‌ ഞങ്ങൾക്ക്‌ തോന്നു​ന്നു. (ഒന്നു രണ്ട്‌ സമീപ​കാല സംഭവ​ങ്ങ​ളോ ഇന്നത്തെ അവസ്ഥക​ളോ പരാമർശി​ക്കുക.) ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ നാം അതിജീ​വി​ക്ക​ണ​മെ​ങ്കിൽ നാം എന്താണ്‌ ചെയ്യേ​ണ്ടത്‌, എന്നതാണ്‌ ചോദ്യം?’

● ‘ഞങ്ങൾ ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌. നാമെ​ല്ലാ​വ​രും ചെയ്യേ​ണ്ടത്‌ അതാണ്‌, അല്ലേ?’

‘നിങ്ങളു​ടെ പ്രവർത്തനം സംബന്ധിച്ച്‌ എനിക്ക്‌ ഇപ്പോഴേ നന്നായി അറിയാം’

● ‘അതു കേൾക്കു​ന്ന​തിൽ എനിക്ക്‌ വളരെ സന്തോ​ഷ​മുണ്ട്‌. നിങ്ങൾക്ക്‌ സാക്ഷി​യായ ഒരു അടുത്ത ബന്ധുവോ സുഹൃ​ത്തോ ഉണ്ടോ? . . . ഞാൻ ഒന്നു ചോദി​ച്ചോ​ട്ടെ: ഞങ്ങൾ ബൈബി​ളിൽ നിന്നു പഠിപ്പി​ക്കു​ന്നതു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ, അതായത്‌ നാം “അന്ത്യകാ​ലത്താ”ണ്‌ ജീവി​ക്കു​ന്ന​തെ​ന്നും ദൈവം വേഗത്തിൽ തന്നെ ദുഷ്ടൻമാ​രെ നശിപ്പി​ക്കു​മെ​ന്നും ഈ ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രു​മെ​ന്നും അവിടെ പരസ്‌പരം യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കുന്ന അയൽക്കാർക്കി​ട​യിൽ പൂർണ്ണാ​രോ​ഗ്യ​ത്തോ​ടെ മനുഷ്യർക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയു​മെ​ന്നും?’

‘ഞങ്ങൾക്ക്‌ പണമില്ല’

● ‘ഞങ്ങൾ സംഭാവന പിരി​ക്കു​കയല്ല. എന്നാൽ ഞങ്ങൾ സൗജന്യ​മായ ഒരു ഭവന ബൈബിൾ അദ്ധ്യയനം വച്ചു നീട്ടു​ക​യാണ്‌. അതിലു​ളള ഒരു വിഷയം (അപ്പോൾ സമർപ്പി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ഒരദ്ധ്യായ തലക്കെട്ട്‌ ഉപയോ​ഗി​ക്കുക). ഞങ്ങൾ ഇത്‌ എങ്ങനെ​യാണ്‌ ചെയ്യു​ന്ന​തെന്ന്‌ നിങ്ങളെ ഒന്നു കാണി​ക്കാൻ ഞാൻ ഏതാനും മിനി​ററ്‌ എടുക്കട്ടെ? നിങ്ങൾക്ക്‌ അതിന്‌ യാതൊ​രു ചെലവു​മില്ല.’

● ‘ഞങ്ങൾക്ക്‌ താൽപ്പ​ര്യ​മു​ള​ളത്‌ ആളുക​ളി​ലാണ്‌. അവരുടെ പണത്തിലല്ല. (ചർച്ച തുടരുക. നമ്മുടെ ഒരു പ്രസി​ദ്ധീ​ക​രണം കാണി​ച്ചു​കൊണ്ട്‌ അത്‌ അവർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ പറയുക. വായി​ക്കാൻ നല്ല താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ അത്‌ കൊടു​ത്തി​ട്ടു പോരുക. ഉചിത​മെ​ങ്കിൽ, നമ്മുടെ ലോക​വ്യാ​പക പ്രസം​ഗ​വേ​ല​യു​ടെ ചെലവു​കൾ നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്ന്‌ പറയാം.)’

‘ഞാൻ ഒരു ബുദ്ധമ​ത​ക്കാ​ര​നാണ്‌’ എന്ന്‌ ആരെങ്കി​ലും പറയുമ്പോൾ

● ആ വ്യക്തി​യു​ടെ വിശ്വാ​സങ്ങൾ മറെറല്ലാ ബുദ്ധമ​ത​ക്കാ​രു​ടേ​തും പോ​ലെ​യാ​ണെന്ന്‌ നിഗമനം ചെയ്യരുത്‌. ബുദ്ധമ​ത​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ അവ്യക്ത​മാണ്‌, അവയുടെ വ്യാഖ്യാ​ന​ങ്ങ​ളാ​ണെ​ങ്കിൽ ഒരു വ്യക്തി​യു​ടേത്‌ മറെറാ​രു വ്യക്തി​യു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​വു​മാ​യി​രി​ക്കും. ജപ്പാനി​ലെ ബുദ്ധമതം തെക്കു കിഴക്കൻ ഏഷ്യയി​ലെ ബുദ്ധമ​ത​ത്തിൽ നിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. വീക്ഷണം സംബന്ധിച്ച്‌ വ്യക്തികൾ തമ്മിലും വ്യത്യാ​സ​മുണ്ട്‌. എന്നിരു​ന്നാ​ലും പൊതു​വിൽ താഴെ​പ്പ​റ​യുന്ന ആശയങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌ സഹായ​ക​മാ​യി​രി​ക്കും: (1) ഒരു ബാഹ്യ ദൈവത്തെ, വ്യക്തി​ത്വ​മു​ളള ഒരു സ്രഷ്ടാ​വി​നെ, ബുദ്ധമതം അംഗീ​ക​രി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും ധാരാളം ബുദ്ധമ​ത​വി​ശ്വാ​സി​കൾ ബുദ്ധന്റെ പ്രതി​മ​ക​ളും തിരു​ശേ​ഷി​പ്പു​ക​ളും വച്ചു പൂജി​ക്കു​ന്നു. (2) ബുദ്ധൻ എന്ന സ്ഥാനപ്പേർ നൽകപ്പെട്ട സിദ്ധാർത്ഥ ഗൗതമൻ അദ്ദേഹ​ത്തി​ന്റെ അനുയാ​യി​ക​ളാൽ അനുക​രി​ക്ക​പ്പെ​ടേണ്ട മതാത്മക ആദർശ​പു​രു​ഷ​നാ​യി വീക്ഷി​ക്ക​പ്പെ​ടാൻ തുടങ്ങി. മനുഷ്യ​ന്റെ വീക്ഷണ​കോ​ണ​ത്തി​ലൂ​ടെ മനുഷ്യ​വർഗ്ഗത്തെ പഠിക്കു​ന്ന​തി​നാൽ ജ്ഞാന​പ്ര​കാ​ശനം നേടാ​നും എല്ലാ ഭൗമിക ആഗ്രഹ​ങ്ങ​ളെ​യും ഒഴിവാ​ക്കാൻ തക്കവണ്ണം മനസ്സിനെ നിയ​ന്ത്രി​ക്കു​ന്ന​തി​നാൽ കഷ്ടപ്പാ​ടി​ന്റെ വേരുകൾ അറക്കു​ന്ന​തി​നും അദ്ദേഹം പ്രോൽസാ​ഹി​പ്പി​ച്ചു. ഈ വിധത്തിൽ ദേഹാ​ന്ത​ര​ത്തി​ന്റെ പുനർജൻമ​ങ്ങ​ളിൽ നിന്ന്‌ സ്വത​ന്ത്ര​നാ​യി ഒരുവന്‌ നിർവ്വാ​ണം പ്രാപി​ക്കാൻ കഴിയു​മെന്ന്‌ അദ്ദേഹം പഠിപ്പി​ച്ചു. (3) പൂർവ്വി​കരെ തങ്ങളുടെ ജീവന്റെ ഉറവായി ബുദ്ധമ​ത​ക്കാർ വീക്ഷി​ക്കു​ന്ന​തി​നാൽ അവർ പൂർവ്വി​കരെ ആരാധി​ക്കു​ന്നു.

സംഭാ​ഷ​ണ​ത്തി​നു​ളള നിർദ്ദേ​ശങ്ങൾ: (1) നിങ്ങൾ ബുദ്ധമ​ത​വി​ശ്വാ​സി​ക​ളോട്‌ സംസാ​രി​ക്കു​മ്പോൾ നിങ്ങൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാഗമല്ല എന്നത്‌ ഊന്നി​പ്പ​റ​യുക. (2) ബുദ്ധമ​ത​ക്കാർക്ക്‌, “വിശുദ്ധ ഗ്രന്ഥ”ങ്ങളോട്‌ ആദരവുണ്ട്‌, ആ കാരണ​ത്താൽ അവർ പൊതു​വെ ബൈബി​ളി​നെ ആദരി​ക്കു​ക​യും ചെയ്യുന്നു. ബുദ്ധമ​ത​ത​ത്വ​ശാ​സ്‌ത്ര​ത്തെ​പ്പ​ററി ദീർഘ​മാ​യി സംസാ​രി​ക്കു​ന്ന​തി​നു പകരം ബൈബി​ളി​ന്റെ വസ്‌തു​നി​ഷ്‌ഠ​മായ ദൂത്‌ അവതരി​പ്പി​ക്കുക. ബൈബിൾ വെറും മാനുഷ തത്വജ്ഞാ​നമല്ല എന്നും അതു മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ ആധികാ​രിക വചനമാ​ണെ​ന്നും അവരോട്‌ പറയുക. ഈ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന്‌, ബൈബി​ളിൽ നിന്ന്‌, രസകര​മായ ഒരു ആശയം കാണിച്ചു തരട്ടെ എന്ന്‌ അവരോട്‌ മര്യാ​ദ​പൂർവ്വം ചോദി​ക്കുക. (3) അനേകം ബുദ്ധമ​ത​ക്കാർക്കും സമാധാ​ന​ത്തി​ലും കുടും​ബ​ജീ​വി​ത​ത്തി​ലും ആഴമായ താൽപ്പ​ര്യ​മുണ്ട്‌, അവർ ധാർമ്മി​ക​മാ​യി നല്ല ജീവിതം നയിക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. ഇതി​ലേ​തെ​ങ്കി​ലും കാര്യ​ങ്ങളെ സംബന്ധി​ച്ചു​ളള ചർച്ച മിക്ക​പ്പോ​ഴും സ്വാഗതം ചെയ്യ​പ്പെ​ടു​ന്നു. (4) മനുഷ്യ​വർഗ്ഗം അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങൾക്കു​ളള യഥാർത്ഥ പരിഹാ​ര​മെന്ന നിലയിൽ മുഴു​ഭൂ​മി​യിൻമേ​ലു​മു​ളള നീതി​പൂർവ്വ​ക​മായ ഒരു സ്വർഗ്ഗീയ ഗവൺമെൻറി​ലേക്ക്‌ ബൈബിൾ വിരൽ ചൂണ്ടുന്നു എന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക. അത്‌ ഭൂമി​യു​ടെ ഭാവി​യും ഒരു ഭൗമിക പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ളള അത്ഭുത​ക​ര​മായ ഭാവി പ്രതീ​ക്ഷ​യും വിശദീ​ക​രി​ക്കു​ന്നു. (5) ജീവന്റെ ഉൽപ്പത്തി, ജീവി​ത​ത്തി​ന്റെ അർത്ഥം, മരിച്ച​വ​രു​ടെ അവസ്ഥ, പുനരു​ത്ഥാന പ്രത്യാശ, ദുഷ്ടത നിലവി​ലു​ള​ള​തി​ന്റെ കാരണം എന്നിവ​യും ബൈബിൾ വിശദീ​ക​രി​ക്കു​ന്നുണ്ട്‌ എന്ന്‌ നിങ്ങൾക്ക്‌ ചൂണ്ടി​ക്കാ​ണി​ക്കാ​വു​ന്ന​താണ്‌. ദൈവ​ത്തി​ന്റെ വചനത്തി​ലെ വ്യക്തമായ സത്യങ്ങ​ളു​ടെ ദയാപൂർവ്വ​ക​മായ ഒരവത​രണം ചെമ്മരി​യാ​ടു തുല്യ​രായ ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ വിലമ​തി​പ്പു​ളള പ്രതി​ക​രണം ഉളവാ​ക്കും.

ഒരു പിതാ​വി​നെ തേടി (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം വിശേ​ഷാൽ ആത്മാർത്ഥ​ത​യു​ളള ബുദ്ധമ​ത​ക്കാ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി തയ്യാറാ​ക്ക​പ്പെ​ട്ടി​ട്ടു​ള​ള​താണ്‌.

‘ഞാനൊ​രു ഹിന്ദു​വാണ്‌’ എന്ന്‌ ആരെങ്കി​ലും പറയുമ്പോൾ

● ഹിന്ദു തത്വശാ​സ്‌ത്രം വളരെ സങ്കീർണ്ണ​മാ​ണെ​ന്നും അതു സാധാരണ യുക്തി​യോട്‌ യോജി​പ്പി​ലല്ല എന്നും നിങ്ങൾ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. താഴെ​പ്പ​റ​യുന്ന ആശയങ്ങൾ മനസ്സിൽ പിടി​ക്കു​ന്നത്‌ സഹായ​ക​മാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തി​യേ​ക്കാം: (1) ബ്രഹ്മൻ എന്ന ദൈവ​ത്തിൽ മൂന്നു രൂപങ്ങ​ളു​ണ്ടെന്ന്‌ ഹിന്ദു​മതം പഠിപ്പി​ക്കു​ന്നു—സ്രഷ്ടാ​വായ ബ്രഹ്മാവ്‌, പരിപാ​ല​ക​നായ വിഷ്‌ണു, വിനാ​ശ​ക​നായ ശിവൻ. എന്നിരു​ന്നാ​ലും വേറിട്ട്‌ ഒരു ആസ്‌തി​ക്യ​മു​ളള, ആളത്വ​മു​ളള ഒരു ദൈവ​ത്തെ​പ്പ​ററി ഹിന്ദുക്കൾ ചിന്തി​ക്കാ​റില്ല. (2) പ്രകൃ​തി​യി​ലെ എല്ലാ വസ്‌തു​ക്കൾക്കും ഒരിക്ക​ലും മരിക്കാത്ത ഒരു ദേഹി​യു​ണ്ടെന്ന്‌ ഹിന്ദുക്കൾ വിശ്വ​സി​ക്കു​ന്നു. ആ ദേഹി ഏതാണ്ട്‌ ഒരിക്ക​ലും അവസാ​നി​ക്കാത്ത പുനർജൻമ​വൃ​ത്ത​ത്തിന്‌ വിധേ​യ​മാ​ണെ​ന്നും അത്‌ ഏതുതരം പുനർജൻമ​മെ​ടു​ക്കു​മെ​ന്നു​ള​ളത്‌ പ്രവൃ​ത്തി​യെ (കർമ്മത്തെ) ആശ്രയി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഈ “അന്തമി​ല്ലാത്ത ചക്രത്തിൽ” നിന്നുളള വിടുതൽ എല്ലാ ജഡികാ​ഭി​ലാ​ഷ​ങ്ങ​ളും കെടു​ത്തു​ന്ന​തി​നാൽ മാത്രമെ സാദ്ധ്യ​മാ​വു​ക​യു​ള​ളു​വെ​ന്നും അതു നേടി​ക്ക​ഴി​യു​മ്പോൾ ദേഹി പരമാ​ത്മാ​വു​മാ​യി ലയിച്ചു ചേരു​മെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു. (3) പൊതു​വെ പറഞ്ഞാൽ, ഹിന്ദുക്കൾ മററു മതങ്ങളെ ആദരി​ക്കു​ന്നു. പരസ്‌പര വിരു​ദ്ധ​മായ വിശ്വാസ സത്യങ്ങ​ളാണ്‌ പഠിപ്പി​ക്കു​ന്ന​തെ​ങ്കി​ലും എല്ലാ മതങ്ങളും ഒരേ സത്യത്തി​ലേക്കു തന്നെ നയിക്കു​ന്നു എന്ന്‌ ഹിന്ദുക്കൾ വിശ്വ​സി​ക്കു​ന്നു.

ഹിന്ദു തത്വശാ​സ്‌ത്ര​ത്തി​ന്റെ സങ്കീർണ്ണ​ത​ക​ളെ​പ്പ​ററി സംസാ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം വിശുദ്ധ ബൈബി​ളിൽ കാണുന്ന സംതൃ​പ്‌തി​ദാ​യ​ക​മായ സത്യങ്ങൾ അവതരി​പ്പി​ക്കുക. ജീവനു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലു​കൾ എല്ലാത​ര​ത്തി​ലു​മു​ളള ആളുകൾക്കു​വേ​ണ്ടി​യു​ള​ള​താണ്‌; അവന്റെ വചനത്തി​ലെ വ്യക്തമായ സത്യങ്ങൾ നീതി​ക്കു​വേണ്ടി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ഹൃദയ​ങ്ങ​ളിൽ എത്തുക​യും ചെയ്യും. ബൈബിൾ മാത്രമെ ഭാവി​ക്കു​വേണ്ടി യഥാർത്ഥ​ത്തിൽ നല്ല അടിസ്ഥാ​ന​മു​ളള പ്രത്യാശ പ്രദാനം ചെയ്യു​ന്നു​ളളു; മുഴു മനുഷ്യ​വർഗ്ഗ​വും അഭിമു​ഖീ​ക​രി​ക്കുന്ന സുപ്ര​ധാ​ന​മായ ചോദ്യ​ങ്ങൾക്കു​ളള യഥാർത്ഥ​ത്തിൽ തൃപ്‌തി​ക​ര​മായ ഉത്തരങ്ങ​ളും ബൈബിൾ മാത്രമെ നൽകു​ന്നു​ളളു. ആ ഉത്തരങ്ങൾ കേൾക്കു​ന്ന​തി​നു​ളള അവസരം അവർക്ക്‌ നൽകുക. ഹിന്ദു ഋഗ്വേദത്തിലെ 10. 121 ഗീതം “അജ്ഞാത ദൈവ​ത്തിന്‌” എന്ന ശീർഷ​ക​ത്തി​ലാണ്‌ എന്നത്‌ രസാവ​ഹ​മാണ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഏതെൻസി​ലെ “അജ്ഞാത ദേവനു​ളള” ബലിപീ​ഠത്തെ പരാമർശി​ച്ച​തു​പോ​ലെ ഇതിനെ പരാമർശി​ക്കു​ന്നത്‌ ചില സന്ദർഭ​ങ്ങ​ളിൽ ഉചിത​മാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തും. (പ്രവൃ. 17:22, 23) രസാവ​ഹ​മാ​യി, ഹിന്ദു ദൈവ​മായ വിഷ്‌ണു​വി​ന്റെ ആദ്യക്ഷരം വിട്ടു​ക​ള​ഞ്ഞാൽ ഇഷ്‌ണു ആണ്‌, കൽദയ ഭാഷയിൽ അതിന്റെ അർത്ഥം “മനുഷ്യ​നായ നോഹ” എന്നാണ്‌. നോഹ​യു​ടെ നാളിലെ ആഗോള പ്രളയ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​പ്പ​ററി ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ ചൂണ്ടി​ക്കാ​ണി​ക്കുക. അനന്തമായ പുനർജൻമ​ത്തി​ന്റെ പ്രതീ​ക്ഷ​യിൽ ദുഃഖി​ച്ചി​രി​ക്കു​ന്ന​വരെ “പുനർജൻമം” എന്ന മുഖ്യ ശീർഷ​ക​ത്തിൻ കീഴിലെ 320, 321 പേജു​ക​ളി​ലു​ളള വിവരങ്ങൾ ഉപയോ​ഗിച്ച്‌ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും.

വിമോ​ച​ന​ത്തി​ലേക്കു നയിക്കുന്ന ദിവ്യ​സ​ത്യ​ത്തി​ന്റെ പാത, കുരു​ക്ഷേ​ത്രം മുതൽ അർമ്മ​ഗെ​ദ്ദോൻ വരെ—നിങ്ങളു​ടെ അതിജീ​വ​ന​വും എന്നീ ചെറു​പു​സ്‌ത​ക​ങ്ങ​ളിൽ ആത്മാർത്ഥ​ത​യു​ളള ഹിന്ദു​ക്കൾക്ക്‌ വളരെ പ്രയോ​ജ​ന​ക​ര​മായ വിവരങ്ങൾ ഉണ്ട്‌.

‘ഞാനൊ​രു യഹൂദ​നാണ്‌’ എന്ന്‌ ആരെങ്കി​ലും പറയുമ്പോൾ

● ഒരു യഹൂദ​നെ​ന്ന​നി​ല​യിൽ ആ വ്യക്തി തന്നെത്തന്നെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ എന്ന്‌ ആദ്യം നിശ്ചയ​പ്പെ​ടു​ത്തുക. അവരിൽ ചുരുക്കം പേർക്കേ ഉറച്ച മതവി​ശ്വാ​സ​മു​ളളു. അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം യഹൂദൻ എന്നു പറയു​ന്നത്‌ അവരുടെ വംശനാ​മം മാത്ര​മാണ്‌.

താഴെ​പ്പ​റ​യുന്ന ആശയങ്ങൾ മനസ്സി​ലു​ണ്ടാ​യി​രി​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും: (1) മതഭക്ത​രായ യഹൂദൻമാർ ദൈവ​ത്തി​ന്റെ നാമം ഉച്ചരി​ക്കു​ന്നത്‌ വിലക്ക​പ്പെട്ട ഒരു സംഗതി​യാ​യി വീക്ഷി​ക്കു​ന്നു. (2) “ബൈബിൾ” ക്രിസ്‌ത്യാ​നി​ക​ളു​ടെ മതഗ്ര​ന്ഥ​മാ​ണെന്ന്‌ അനേകം യഹൂദൻമാ​രും വിശ്വ​സി​ക്കു​ന്നു, എന്നാൽ നിങ്ങൾ “എബ്രായ തിരു​വെ​ഴു​ത്തു​കൾ” എന്നോ “തിരു​വെ​ഴു​ത്തു​കൾ” എന്നോ “തോറ” എന്നോ പറയു​ന്നു​വെ​ങ്കിൽ ആ പ്രശ്‌നം ഉദിക്കു​ന്നില്ല. (3) പാരമ്പ​ര്യം അവരുടെ വിശ്വാ​സ​ത്തി​ന്റെ ഒരു കേന്ദ്ര​ഭാ​ഗ​മാണ്‌, മതവി​ശ്വാ​സി​ക​ളായ അനേകം യഹൂദൻമാ​രും അതിനെ തിരു​വെ​ഴു​ത്തു​കൾക്കൊ​പ്പം ആധികാ​രി​ക​ത​യു​ള​ള​താ​യി വീക്ഷി​ക്കു​ന്നു. (4) യേശു​ക്രി​സ്‌തു​വി​നെ അവർ യേശു​വി​ന്റെ പേരിൽ ക്രൈ​സ്‌തവ ലോക​ത്തി​ന്റെ കൈക​ളാൽ യഹൂദൻമാർ ഏൽക്കേ​ണ്ടി​വന്ന മൃഗീയ പീഡന​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യേ​ക്കാം. (5) യഹൂദൻമാർ ശബ്ബത്ത്‌ ആചരി​ക്കാൻ ദൈവം ആവശ്യ​പ്പെ​ടു​ന്നുണ്ട്‌ എന്ന്‌ അവർ മിക്ക​പ്പോ​ഴും വിശ്വ​സി​ക്കു​ന്നു, ആ വിശ്വാ​സ​ത്തിൽ അന്നേ ദിവസം പണം കൈകാ​ര്യം ചെയ്യു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.

അവരു​മാ​യി യോജി​ക്കാ​വുന്ന ഇടം കണ്ടെത്തു​ന്ന​തിന്‌ നിങ്ങൾക്ക്‌ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: (1) ‘നമ്മുടെ പശ്ചാത്തലം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും ഇന്നത്തെ ലോക​ത്തിൽ നാമെ​ല്ലാ​വ​രും ഏതാണ്ട്‌ ഒരേ പൊതു പ്രശ്‌നങ്ങൾ തന്നെ അഭിമു​ഖീ​ക​രി​ക്കു​ന്നു എന്നതി​നോട്‌ നിങ്ങൾ നിസ്സം​ശ​യ​മാ​യും യോജി​ക്കും. ഈ തലമുറ അഭിമു​ഖീ​ക​രി​ക്കുന്ന വലിയ പ്രശ്‌ന​ങ്ങൾക്ക്‌ വാസ്‌ത​വ​ത്തിൽ നിലനിൽക്കുന്ന ഒരു പരിഹാ​രം ഉണ്ടാകു​മെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? (സങ്കീ. 37:10, 11, 29; സങ്കീ. 146:3-5; ദാനി. 2:44)’ (2) ‘ഞങ്ങൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാഗമല്ല; ഞങ്ങൾ ഒരു ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തു​മില്ല, മറിച്ച്‌ ഞങ്ങൾ അബ്രഹാ​മി​ന്റെ ദൈവ​ത്തെ​യാണ്‌ ആരാധി​ക്കു​ന്നത്‌. മതപര​മായ സത്യത്തി​ന്റെ കാര്യ​ത്തിൽ ഞങ്ങൾ വിശേ​ഷാൽ തൽപ്പര​രാണ്‌. വിശേ​ഷിച്ച്‌ യഹൂദൻമാർക്കി​ട​യിൽതന്നെ വിശ്വാ​സം സംബന്ധിച്ച്‌ വലിയ വ്യത്യാ​സങ്ങൾ ഉണ്ട്‌ എന്ന വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ സത്യ​മെ​ന്താണ്‌ എന്ന്‌ നിങ്ങൾ തിട്ട​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌ എന്ന്‌ ഞാൻ ചോദി​ക്കു​ന്ന​തിൽ വിരോ​ധ​മു​ണ്ടോ? . . . (ആവ. 4:2; യെശ. 29:13, 14; സങ്കീ. 119:160)’ (3) ‘നിന്റെ സന്തതി മുഖാ​ന്തരം സകല രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ജനങ്ങൾ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും എന്നുളള ദൈവ​ത്തി​ന്റെ അബ്രഹാ​മി​നോ​ടു​ളള വാഗ്‌ദാ​ന​ത്തിൽ ഞങ്ങൾക്ക്‌ ആഴമായ താൽപ്പ​ര്യ​മുണ്ട്‌. (ഉൽപ്പ. 22:18)’

വ്യക്തി ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലായ്‌മ പ്രകട​മാ​ക്കു​ന്നു​വെ​ങ്കിൽ അയാൾ എന്നും അങ്ങനെ​ത​ന്നെ​യാ​ണോ വിചാ​രി​ച്ചി​രു​ന്നത്‌ എന്ന്‌ ചോദി​ക്കുക. അതിനു ശേഷം ഒരു പക്ഷേ എന്തു​കൊ​ണ്ടാണ്‌ ദൈവം ദുഷ്ടത​യും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്ന വിഷയം ചർച്ച​ചെ​യ്യാൻ കഴിയും. നാസി കൂട്ട​ക്കൊ​ല​യു​ടെ ഓർമ്മ അനേകം യഹൂദൻമാ​രും ഇതിൽ തൽപ്പര​രാ​യി​രി​ക്കാൻ ഇടയാ​ക്കി​യി​ട്ടുണ്ട്‌.

ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം നിങ്ങൾ ചർച്ച​ചെ​യ്യു​ന്നു​വെ​ങ്കിൽ അതു സംബന്ധിച്ച്‌ മറേറ​യാ​ളി​ന്റെ വികാരം എന്തെന്ന്‌ ആദ്യം തന്നെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ദൈവ​ത്തി​ന്റെ നാമം ഒരു അയോ​ഗ്യ​മായ വിധത്തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാണ്‌ പുറപ്പാട്‌ 20:7 വിലക്കു​ന്ന​തെ​ന്നും അത്‌ ആദരപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​നെ വിലക്കു​ന്നി​ല്ലെ​ന്നും ചൂണ്ടി​ക്കാ​ണി​ക്കുക. അതിനു​ശേഷം പുറപ്പാട്‌ 3:15 (അല്ലെങ്കിൽ സങ്കീർത്തനം 135:13); 1 രാജാ​ക്കൻമാർ 8:41-43; യെശയ്യാവ്‌ 12:4; യിരെ​മ്യാവ്‌ 10:25; മലാഖി 3:16 എന്നിവ പോലു​ളള തിരു​വെ​ഴു​ത്തു​ക​ളു​പ​യോ​ഗിച്ച്‌ ന്യായ​വാ​ദം ചെയ്യുക.

മശിഹാ​യെ​പ്പ​റ​റി നിങ്ങൾ ചർച്ച ചെയ്യു​മ്പോൾ: (1) ആദ്യം അവൻ ആരെന്നതു ചർച്ച​ചെ​യ്യാ​തെ അവന്റെ ഭരണത്തിൻകീ​ഴി​ലെ ഭാവി അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. (2) അതിനു​ശേഷം ഒരു വ്യക്തി​യായ മശിഹാ​യി​ലേക്ക്‌ വിരൽ ചൂണ്ടുന്ന വാക്യ​ങ്ങ​ളു​പ​യോ​ഗിച്ച്‌ ന്യായ​വാ​ദം ചെയ്യുക. (ഉൽപ. 22:17, 18; സെഖ. 9:9, 10; ദാനി. 7:13, 14) (3) മശിഹാ​യു​ടെ രണ്ട്‌ വരവു​ക​ളെ​ക്കു​റി​ച്ചും നിങ്ങൾ ചർച്ച​ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (ദാനി​യേൽ 7:13, 14, ദാനി​യേൽ 9:24-26-നോട്‌ വിപരീത താരത​മ്യം ചെയ്യുക.) (4) യേശു​വി​നെ​പ്പ​ററി പരാമർശി​ക്കു​മ്പോൾ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ക്രമ​പ്ര​വൃ​ദ്ധ​സ്വ​ഭാ​വ​ത്തിന്‌ ഊന്നൽകൊ​ടു​ക്കുന്ന ഒരു ബന്ധത്തിൽ അങ്ങനെ ചെയ്യുക. യേശു പഠിപ്പി​ച്ച​പ്പോൾ വീണ്ടും ഒരിക്ക​ലും പുനർനിർമ്മി​ക്ക​പ്പെ​ടാ​ത്ത​വണ്ണം രണ്ടാമത്തെ ആലയം നശിപ്പി​ക്ക​പ്പെ​ടാൻ ദൈവം അനുവ​ദിച്ച സമയം അടുത്തി​രു​ന്നു​വെന്ന്‌ പറയുക. എന്നാൽ യേശു ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യും പ്രവാ​ച​കൻമാ​രു​ടെ​യും നിവൃ​ത്തി​യെ സംബന്ധി​ച്ചും അവ വിശ്വാ​സ​മു​ള​ള​യാ​ളു​കളെ എന്തി​ലേക്ക്‌ നയിക്കു​മോ ആ മഹത്തായ ഭാവിയെ സംബന്ധി​ച്ചും ഊന്നി​പ്പ​റഞ്ഞു.