വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇല്ല, അങ്ങനെ സംഭവി​ക്കില്ല!”

“ഇല്ല, അങ്ങനെ സംഭവി​ക്കില്ല!”

യു.എസ്‌.എ.-യിലെ ന്യൂ​യോർക്കി​ലുള്ള ഒരാൾ ഇങ്ങനെ വിവരി​ക്കു​ന്നു: “എന്റെ മകൻ ജോനഥൻ കുറച്ച​കലെ താമസി​ക്കുന്ന അവന്റെ കൂട്ടു​കാ​രെ കാണാൻ പോയി​രി​ക്കു​ക​യാ​യി​രു​ന്നു. എന്റെ ഭാര്യ വാലെ​ന്റീ​ന​യ്‌ക്ക്‌ അവൻ അവിടെ പോകു​ന്നത്‌ ഇഷ്ടമാ​യി​രു​ന്നില്ല. വാഹന​ത്തി​രക്ക്‌ വലിയ ഭയമാ​യി​രു​ന്നു അവൾക്ക്‌. പക്ഷേ ജോന​ഥന്‌ ഇലക്‌​ട്രോ​ണി​ക്‌സ്‌ എന്നു​വെ​ച്ചാൽ ജീവനാ​യി​രു​ന്നു, അവന്റെ കൂട്ടു​കാർക്കാ​ണെ​ങ്കിൽ ഒരു വർക്ക്‌ഷോ​പ്പും ഉണ്ടായി​രു​ന്നു. അൽപ്പം പ്രാ​യോ​ഗിക പരിശീ​ലനം നേടുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ അവൻ അവരുടെ അടുത്ത്‌ പൊയ്‌ക്കൊ​ണ്ടി​രു​ന്നത്‌. ന്യൂ​യോർക്കി​ലെ പശ്ചിമ മൻഹാ​ട്ട​നി​ലുള്ള വീട്ടി​ലാ​യി​രു​ന്നു ഞാൻ. എന്റെ ഭാര്യ പോർട്ട​റി​ക്കോ​യി​ലുള്ള അവളുടെ ബന്ധുക്ക​ളു​ടെ അടുത്തും. ‘ജോനഥൻ ഉടനെ മടങ്ങി​യെ​ത്തും’ എന്നു ഞാൻ കരുതി. പെട്ടെന്ന്‌ ഡോർബെൽ ശബ്ദിച്ചു. ‘അത്‌ അവൻതന്നെ തീർച്ച.’ പക്ഷേ അത്‌ അവനാ​യി​രു​ന്നില്ല. അത്‌ പോലീ​സും അടിയ​ന്തിര വൈദ്യ​സ​ഹായ പ്രവർത്ത​ക​രു​മാ​യി​രു​ന്നു. ‘ഈ ഡ്രൈ​വിങ്‌ ലൈസൻസ്‌ ആരു​ടേ​താ​ണെന്ന്‌ നിങ്ങൾക്ക്‌ തിരി​ച്ച​റി​യാ​നാ​കു​ന്നു​ണ്ടോ?’ പോലീസ്‌ ഉദ്യോ​ഗസ്ഥൻ ചോദി​ച്ചു. ‘ഉവ്വ്‌, അത്‌ എന്റെ മകന്റേ​താണ്‌, ജോന​ഥ​ന്റേത്‌.’ ‘ഞങ്ങൾക്കൊ​രു ദുഃഖ​വാർത്ത അറിയി​ക്കാ​നുണ്ട്‌. ഒരു അപകട​മു​ണ്ടാ​യി, . . . താങ്കളു​ടെ മകൻ, . . . താങ്കളു​ടെ മകൻ കൊല്ല​പ്പെട്ടു.’ “ഇല്ല, അങ്ങനെ സംഭവി​ക്കില്ല!” അതായി​രു​ന്നു എന്റെ ആദ്യ പ്രതി​ക​രണം. ഞെട്ടി​ക്കുന്ന ആ ദുരന്തം ഞങ്ങളുടെ ഹൃദയ​ത്തി​ലു​ണ്ടാ​ക്കിയ മുറിവ്‌ വർഷങ്ങൾ കഴിഞ്ഞി​ട്ടും ഉണങ്ങി​യി​ട്ടില്ല.”

‘ഞങ്ങൾക്കൊ​രു ദുഃഖ​വാർത്ത അറിയി​ക്കാ​നുണ്ട്‌. ഒരു അപകട​മു​ണ്ടാ​യി, . . . താങ്കളു​ടെ മകൻ, . . . താങ്കളു​ടെ മകൻ കൊല്ല​പ്പെട്ടു.’

സ്‌പെ​യി​നി​ലെ ബാർസെ​ലോ​ണ​യി​ലുള്ള ഒരു പിതാവ്‌ ഇങ്ങനെ എഴുതു​ന്നു: “1960 കാലഘട്ടം. സ്‌പെ​യി​നി​ലെ ഒരു സന്തുഷ്ട കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. ഭാര്യ മരീയ, 13 വയസ്സുള്ള മകൻ ഡേവിഡ്‌, 11 വയസ്സു​കാ​രൻ പാകീ​റ്റോ, 9 വയസ്സു​കാ​രി ഇസബെൽ. ഇതായി​രു​ന്നു ഞങ്ങളുടെ കുടും​ബം.

“1963 മാർച്ചി​ലെ ഒരു ദിവസം. സഹിക്കാൻ വയ്യാത്ത തലവേ​ദ​ന​യു​മാ​യാണ്‌ പാകീ​റ്റോ അന്ന്‌ സ്‌കൂ​ളിൽനി​ന്നു വന്നത്‌. കാരണം എന്തെന്ന​റി​യാ​തെ ഞങ്ങൾ അമ്പരന്നു. പക്ഷേ ആ അമ്പരപ്പ്‌ അധിക​നേരം നീണ്ടു​നി​ന്നില്ല. മൂന്നു മണിക്കൂ​റി​നു​ശേഷം അവൻ മരിച്ചു. മസ്‌തി​ഷ്‌ക​ത്തി​ലു​ണ്ടായ ഒരു രക്തസ്രാ​വ​മാണ്‌ അവന്റെ ജീവൻ കവർന്നെ​ടു​ത്തത്‌.

“പാകീ​റ്റോ മരിച്ചിട്ട്‌ 30-ലധികം വർഷം കടന്നു​പോ​യി​രി​ക്കു​ന്നു. എങ്കിലും അവന്റെ നഷ്ടം വരുത്തി​വെച്ച ആഴമായ നൊമ്പരം പേറി​യാണ്‌ ഞങ്ങളി​ന്നും ജീവി​ക്കു​ന്നത്‌. ഒരു മകനെ​യോ മകളെ​യോ നഷ്ടപ്പെ​ടു​മ്പോൾ തങ്ങളു​ടെ​തന്നെ ഒരു ഭാഗം മുറി​ച്ചു​മാ​റ്റ​പ്പെ​ട്ടതു പോ​ലെ​യാ​യി​രി​ക്കും മാതാ​പി​താ​ക്കൾക്കു തോന്നുക. കാലം എത്ര കടന്നു​പോ​യാ​ലും, വേറെ എത്ര മക്കളു​ണ്ടാ​യി​രു​ന്നാ​ലും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.”

ഒരു കുട്ടി​യു​ടെ മരണം എത്ര ആഴത്തി​ലു​ള്ള​തും നീണ്ടു​നിൽക്കു​ന്ന​തും ആയ മുറി​വാണ്‌ ഉണ്ടാക്കു​ന്ന​തെന്ന്‌ ഈ രണ്ട്‌ അനുഭ​വ​ങ്ങ​ളും വ്യക്തമാ​ക്കു​ന്നു. ഒരു ഡോക്ടർ എഴുതിയ പിൻവ​രുന്ന വാക്കുകൾ എത്ര സത്യമാണ്‌: “സാധാ​ര​ണ​ഗ​തി​യിൽ, മുതിർന്ന ഒരാളു​ടെ മരണ​ത്തെ​ക്കാൾ ദാരു​ണ​വും ഹൃദയ​ഭേ​ദ​ക​വു​മാണ്‌ ഒരു കുട്ടി​യു​ടെ മരണം, കാരണം ഒരു കുടും​ബ​ത്തിൽ തീരെ പ്രതീ​ക്ഷി​ക്കാത്ത ഒന്നാണ്‌ അത്‌. . . . ഒരു കുട്ടി മരിക്കു​മ്പോൾ അവനോ​ടൊ​പ്പം കുറെ​യേറെ സ്വപ്‌നങ്ങൾ, ആസ്വദി​ക്കാൻ ആഗ്രഹി​ച്ചി​രുന്ന ബന്ധങ്ങൾ [മകൻ, മരുമകൾ, കൊച്ചു​മക്കൾ], അനുഭ​വങ്ങൾ എന്നിവ​യും മൺമറ​യു​ന്നു.” തന്റെ ഗർഭത്തിൽ വളരുന്ന കുഞ്ഞിനെ നഷ്ടപ്പെ​ടുന്ന ഒരു സ്‌ത്രീ​ക്കും ഇതേ ആഴമായ നഷ്ടബോ​ധം ഉണ്ടാകാ​വു​ന്ന​താണ്‌.

ദുഃഖാർത്ത​യാ​യ ഒരു ഭാര്യ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “എന്റെ ഭർത്താവ്‌ റസ്സൽ രണ്ടാം ലോക​യു​ദ്ധ​കാ​ലത്ത്‌ പസിഫിക്‌ യുദ്ധമു​ന്ന​ണി​യിൽ വൈദ്യ​സ​ഹായ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നു. അദ്ദേഹം ഘോര​മായ ചില പോരാ​ട്ട​ങ്ങൾക്കു സാക്ഷ്യം വഹിക്കു​ക​യും അവയെ അതിജീ​വി​ക്കു​ക​യും ചെയ്‌തു. ഒടുവിൽ ഐക്യ​നാ​ടു​ക​ളിൽ മടങ്ങി​യെ​ത്തിയ അദ്ദേഹം ഏറെ സ്വൈ​ര​മായ ജീവി​ത​ത്തി​ലേക്ക്‌ ഒതുങ്ങി​ക്കൂ​ടി. പിന്നീട്‌ അദ്ദേഹം ദൈവ​വ​ച​ന​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​ക​നാ​യി സേവിച്ചു. 60 വയസ്സ്‌ കഴിഞ്ഞ​തോ​ടെ അദ്ദേഹ​ത്തിന്‌ ഹൃ​ദ്രോ​ഗ​ല​ക്ഷ​ണങ്ങൾ കണ്ടുതു​ടങ്ങി. കർമനി​ര​ത​നാ​യി​ത്തന്നെ ജീവി​ക്കാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെ​യി​രി​ക്കെ, 1988 ജൂലൈ മാസത്തി​ലൊ​രു ദിവസം ഗുരു​ത​ര​മായ ഹൃദയാ​ഘാ​തത്തെ തുടർന്ന്‌ അദ്ദേഹം മരണമ​ടഞ്ഞു. അദ്ദേഹ​ത്തി​ന്റെ വിയോ​ഗം എന്നെ തകർത്തു​ക​ളഞ്ഞു. ഒന്നു യാത്ര​പ​റ​യാൻപോ​ലും എനിക്കു കഴിഞ്ഞില്ല. അദ്ദേഹം എനിക്ക്‌ ഭർത്താവ്‌ മാത്ര​മാ​യി​രു​ന്നില്ല, ഉറ്റമി​ത്ര​വും കൂടി​യാ​യി​രു​ന്നു. 40 വർഷക്കാ​ലം ജീവിതം പങ്കു​വെ​ച്ചിട്ട്‌ ഇപ്പോ​ഴി​താ എന്നെ തനിച്ചാ​ക്കി അദ്ദേഹം പോയി.”

ലോക​മെ​മ്പാ​ടു​മുള്ള കുടും​ബ​ങ്ങളെ അനുദി​നം കണ്ണീരി​ലാ​ഴ്‌ത്തുന്ന ആയിര​മാ​യി​രം ദുരന്ത​ങ്ങ​ളിൽ ഏതാനും ചിലതു മാത്ര​മാണ്‌ ഇവ. നിങ്ങളു​ടെ കുഞ്ഞി​നെ​യോ ഭർത്താ​വി​നെ​യോ ഭാര്യ​യെ​യോ അമ്മയെ​യോ അച്ഛനെ​യോ സ്‌നേ​ഹി​ത​നെ​യോ മരണം കവർന്നെ​ടു​ക്കു​മ്പോൾ അത്‌ വാസ്‌ത​വ​മാ​യും ക്രിസ്‌തീയ എഴുത്തു​കാ​ര​നായ പൗലൊസ്‌ വിളി​ച്ച​തു​പോ​ലെ “ഒടുക്കത്തെ ശത്രു” തന്നെയാണ്‌. വിരഹ​വേദന അനുഭ​വി​ക്കുന്ന മിക്കവ​രും അതി​നോ​ടു യോജി​ക്കും. പലപ്പോ​ഴും, നടുക്കുന്ന ആ വാർത്ത കേൾക്കു​മ്പോൾ സ്വാഭാ​വി​ക​മാ​യും ആദ്യം തോന്നുക “ഇല്ല, അങ്ങനെ സംഭവി​ക്കില്ല! ഞാനത്‌ വിശ്വ​സി​ക്കില്ല” എന്നൊക്കെ പറഞ്ഞു​കൊണ്ട്‌ യാഥാർഥ്യം നിഷേ​ധി​ക്കാ​നാണ്‌. മിക്ക​പ്പോ​ഴും അതേത്തു​ടർന്ന്‌, നാം കാണാൻ പോകു​ന്ന​തു​പോ​ലെ മറ്റുചില പ്രതി​ക​ര​ണ​ങ്ങ​ളും ഉണ്ടാകു​ന്നു.​—1 കൊരി​ന്ത്യർ 15:25, 26.

പക്ഷേ, ഉൾപ്പെ​ട്ടി​രി​ക്കുന്ന വികാ​ര​ങ്ങ​ളെ​പ്പറ്റി പരിചി​ന്തി​ക്കു​ന്ന​തി​നു മുമ്പായി നമുക്കു ചില പ്രധാന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം. മരണം ഒരു വ്യക്തി​യു​ടെ അന്ത്യത്തെ അർഥമാ​ക്കു​ന്നു​വോ? നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാൻ കഴിയും എന്നു പ്രത്യാ​ശി​ക്കാൻ എന്തെങ്കി​ലും വകയു​ണ്ടോ?

ഒരു യഥാർഥ പ്രത്യാ​ശ​യുണ്ട്‌

“ഒടുക്കത്തെ ശത്രു”വായ മരണത്തിൽനി​ന്നുള്ള വിടു​ത​ലി​ന്റെ പ്രത്യാശ ബൈബിൾ എഴുത്തു​കാ​ര​നായ പൗലൊ​സി​ന്റെ ലേഖന​ത്തിൽ നാം കാണുന്നു. “മരണം നീങ്ങി​പ്പോ​കും” എന്ന്‌ അവൻ എഴുതി. ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ ഭാഷാന്തര പ്രകാരം ഈ വാക്യം ഇങ്ങനെ വായി​ക്കു​ന്നു: “ഉന്മൂലനം ചെയ്യ​പ്പെ​ടാ​നുള്ള അവസാന ശത്രു മരണമാണ്‌.” (1 കൊരി​ന്ത്യർ 15:26) പൗലൊ​സിന്‌ അത്ര ഉറപ്പോ​ടെ അങ്ങനെ പറയാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നായ യേശു​ക്രി​സ്‌തു​വി​നാ​ലാണ്‌ അവൻ പഠിപ്പി​ക്ക​പ്പെ​ട്ടത്‌. (പ്രവൃ​ത്തി​കൾ 9:3-19) പൗലൊ​സിന്‌ പിൻവ​രുന്ന പ്രകാരം എഴുതാൻ കഴിഞ്ഞ​തി​ന്റെ കാരണ​വും അതുത​ന്നെ​യാണ്‌: ‘മനുഷ്യൻ [അതായത്‌, ആദാം] മൂലം മരണം ഉണ്ടാക​യാൽ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും മനുഷ്യൻ [അതായത്‌, യേശു​ക്രി​സ്‌തു] മൂലം ഉണ്ടായി. ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും.’​—1 കൊരി​ന്ത്യർ 15:21, 22.

മകൻ മരിച്ചു​പോയ നയീനി​ലെ ഒരു വിധവയെ കാണാൻ ഇടയാ​യ​പ്പോൾ യേശു അതിദുഃ​ഖി​ത​നാ​യി​ത്തീർന്നു. ബൈബിൾ വിവരണം നമ്മോ​ടി​ങ്ങനെ പറയുന്നു: “[യേശു] [നയീൻ] പട്ടണത്തി​ന്റെ വാതി​ലോ​ടു അടുത്ത​പ്പോൾ മരിച്ചു​പോയ ഒരുത്തനെ പുറത്തു കൊണ്ടു​വ​രു​ന്നു; അവൻ അമ്മെക്കു ഏകജാ​ത​നായ മകൻ; അവളോ വിധവ ആയിരു​ന്നു. പട്ടണത്തി​ലെ ഒരു വലിയ പുരു​ഷാ​ര​വും അവളോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. അവളെ കണ്ടിട്ടു കർത്താവു മനസ്സലി​ഞ്ഞു അവളോ​ടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കു​ന്നവർ നിന്നു. ബാല്യ​ക്കാ​രാ എഴു​ന്നേല്‌ക്ക എന്നു ഞാൻ നിന്നോ​ടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴു​ന്നേ​ററു ഇരുന്നു സംസാ​രി​പ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പി​ച്ചു​കൊ​ടു​ത്തു. എല്ലാവർക്കും ഭയംപി​ടി​ച്ചു: ഒരു വലിയ പ്രവാ​ചകൻ നമ്മുടെ ഇടയിൽ എഴു​ന്നേ​റ​റി​രി​ക്കു​ന്നു; ദൈവം തന്റെ ജനത്തെ സന്ദർശി​ച്ചി​രി​ക്കു​ന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീ​ക​രി​ച്ചു.” വിധവ​യു​ടെ മകനെ ജീവനി​ലേക്കു തിരി​കെ​കൊ​ണ്ടു​വ​രാൻ പ്രേരി​ത​നാ​കും വിധം യേശു​വിന്‌ എത്രമാ​ത്രം മനസ്സലി​വു തോന്നി​യെന്നു ശ്രദ്ധി​ക്കുക! ഭാവിയെ സംബന്ധിച്ച്‌ അത്‌ എന്തർഥ​മാ​ക്കു​ന്നു എന്നു വിഭാവന ചെയ്യുക!​—ലൂക്കൊസ്‌ 7:12-16.

അവിടെ ദൃക്‌സാ​ക്ഷി​ക​ളു​ടെ മുമ്പാകെ യേശു അവിസ്‌മ​ര​ണീ​യ​മായ ഒരു പുനരു​ത്ഥാ​നം നടത്തി. ഒരു “പുതിയ ആകാശ”ത്തിൻ കീഴിൽ, ഭൂമി​യിൽ ജീവനി​ലേ​ക്കുള്ള പുനഃ​സ്ഥി​തീ​ക​രണം നടക്കും എന്നതിന്റെ ഉറപ്പാ​യി​രു​ന്നു അത്‌. ആ പുനരു​ത്ഥാ​നത്തെ കുറിച്ച്‌ ഈ സംഭവ​ത്തിന്‌ അൽപ്പനാൾ മുമ്പ്‌ യേശു മുൻകൂ​ട്ടി പറയു​ക​യും ചെയ്‌തി​രു​ന്നു. തദവസ​ര​ത്തിൽ യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രു​തു; കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ ശബ്ദം കേട്ടു, . . . പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.”​—വെളി​പ്പാ​ടു 21:1, 3-5എ; യോഹ​ന്നാൻ 5:28, 29; 2 പത്രൊസ്‌ 3:13.

പുനരു​ത്ഥാ​ന​ത്തി​ന്റെ ദൃക്‌സാ​ക്ഷി​കൾ വേറെ​യു​മുണ്ട്‌. അതിൽ പത്രൊ​സും യേശു​വി​നെ അവന്റെ യാത്ര​ക​ളിൽ അനുഗ​മി​ച്ചി​രുന്ന 12 പേരിൽ മറ്റുചി​ല​രും ഉൾപ്പെ​ടു​ന്നു. എന്തിന്‌, പുനരു​ത്ഥാ​നം പ്രാപിച്ച യേശു ഗലീലാ​ക്ക​ടൽക്ക​രെ​വെച്ച്‌ സംസാ​രി​ക്കു​ന്നത്‌ അവർ കേൾക്കു​ക​പോ​ലും ചെയ്‌തു. വിവരണം നമ്മോ​ടി​ങ്ങനെ പറയുന്നു: “യേശു അവരോ​ടു: വന്നു പ്രാതൽ കഴിച്ചു​കൊൾവിൻ എന്നു പറഞ്ഞു; കർത്താ​വാ​കു​ന്നു എന്നു അറിഞ്ഞി​ട്ടു ശിഷ്യ​ന്മാ​രിൽ ഒരുത്ത​നും: നീ ആർ എന്നു അവനോ​ടു ചോദി​പ്പാൻ തുനി​ഞ്ഞില്ല. യേശു വന്നു അപ്പം എടുത്തു അവർക്കു കൊടു​ത്തു; മീനും അങ്ങനെ​തന്നേ. യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ​റ​ശേഷം ഇങ്ങനെ മൂന്നാം പ്രാവ​ശ്യം ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​യി.”​—യോഹ​ന്നാൻ 21:12-14.

അതു​കൊണ്ട്‌ ഉറച്ച​ബോ​ധ്യ​ത്തോ​ടെ പത്രൊ​സിന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവ​ത്തി​ന്നു സ്‌തോ​ത്രം. അവൻ മരിച്ച​വ​രു​ടെ ഇടയിൽനി​ന്നുള്ള യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്താൽ തന്റെ കരുണാ​ധി​ക്യ​പ്ര​കാ​രം നമ്മെ ജീവനുള്ള പ്രത്യാ​ശെ​ക്കാ​യി, . . . വീണ്ടും ജനിപ്പി​ച്ചി​രി​ക്കു​ന്നു.”​—1 പത്രൊസ്‌ 1:3, 5.

പിൻവ​രു​ന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ തന്റെ ഉറച്ച പ്രത്യാശ പ്രകട​മാ​ക്കി: ‘ഞാൻ ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്നതു ഒക്കെയും വിശ്വ​സി​ക്കു​ന്നു. നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും എന്ന്‌ ഇവർ കാത്തി​രി​ക്കു​ന്ന​തു​പോ​ലെ ഞാനും ദൈവ​ത്തി​ങ്കൽ ആശവെ​ച്ചി​രി​ക്കു​ന്നു.’​—പ്രവൃ​ത്തി​കൾ 24:14, 15.

അതു​കൊണ്ട്‌, തങ്ങളുടെ പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ടി​രി​ക്കുന്ന ദശലക്ഷ​ങ്ങൾക്ക്‌ അവരെ ഭൂമി​യിൽ വീണ്ടും ജീവ​നോ​ടെ കാണാ​മെ​ന്നുള്ള ഈടുറ്റ പ്രത്യാശ വെച്ചു​പു​ലർത്താൻ കഴിയും. എന്നാൽ ഇന്നത്തേ​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ സാഹച​ര്യ​ങ്ങൾ ആയിരി​ക്കും അന്ന്‌ ഭൂമി​യിൽ ഉണ്ടായി​രി​ക്കുക. എങ്ങനെ​യുള്ള സാഹച​ര്യ​ങ്ങൾ? നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്കു​വേ​ണ്ടി​യുള്ള ബൈബിൾ അധിഷ്‌ഠിത പ്രത്യാ​ശ​യു​ടെ കൂടു​ത​ലായ വിശദാം​ശങ്ങൾ ഈ ലഘുപ​ത്രി​ക​യു​ടെ അവസാ​ന​ഭാ​ഗത്ത്‌ “മരിച്ച​വർക്ക്‌ ഒരു സുനി​ശ്ചിത പ്രത്യാശ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ ചർച്ച​ചെ​യ്യു​ന്ന​താണ്‌.

എന്നാൽ, അതിനു​മുമ്പ്‌ നമുക്കു മറ്റു ചില ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കാം. പ്രിയ​പ്പെട്ട ഒരാളു​ടെ വേർപാ​ടിൽ ദുഃഖി​ക്കുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തി​ക്കു​ന്നു​ണ്ടാ​വാം: ഈ വിധത്തിൽ ദുഃഖി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണോ? എനിക്ക്‌ ഈ ദുഃഖം​പേറി എങ്ങനെ ജീവി​ക്കാ​നാ​കും? ഈ സാഹച​ര്യ​ത്തിൽ പിടിച്ചു നിൽക്കാൻ മറ്റുള്ള​വർക്ക്‌ എന്നെ എങ്ങനെ സഹായി​ക്കാ​നാ​കും? ദുഃഖം അനുഭ​വി​ക്കുന്ന മറ്റുള്ള​വരെ എനിക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും? സർവോ​പരി, മരിച്ച​വർക്കുള്ള സുനി​ശ്ചിത പ്രത്യാശ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു? എന്റെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും എന്നെങ്കി​ലും കാണാൻ എനിക്കു കഴിയു​മോ? കഴിയു​മെ​ങ്കിൽ എവിടെ?