വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ആറ്‌

നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക

നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക

1, 2. കൗമാരവർഷങ്ങൾക്ക്‌ എന്തു വെല്ലുവിളികളും സന്തോഷങ്ങളും ഉളവാക്കാനാവും?

 വീട്ടിൽ ഒരു അഞ്ചു വയസ്സുകാരനോ പത്തു വയസ്സുകാരനോപോലും ഉണ്ടായിരിക്കുന്നതിൽനിന്നു വളരെ വ്യത്യസ്‌തമാണ്‌ കൗമാരപ്രായത്തിലുള്ള ഒരു കുട്ടി ഉണ്ടായിരിക്കുന്നത്‌. കൗമാരവർഷങ്ങൾ അവയുടേതായ വെല്ലുവിളികളും പ്രശ്‌നങ്ങളും ഉയർത്തുന്നു. എന്നാൽ അവയ്‌ക്ക്‌ അതിന്റേതായ സന്തോഷവും പ്രതിഫലങ്ങളും കൈവരുത്താനാവും. യുവജനങ്ങൾക്ക്‌ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും യഹോവയുമായി നല്ല ബന്ധമുണ്ടായിരിക്കാനും കഴിയുമെന്ന്‌ യോസേഫ്‌, ദാവീദ്‌, യോശീയാവ്‌, തിമോത്തി എന്നിവരെപ്പോലെയുള്ളവരുടെ മാതൃകകൾ പ്രകടമാക്കുന്നു. (ഉല്‌പത്തി 37:2-11; 1 ശമൂവേൽ 16:11-13; 2 രാജാക്കന്മാർ 22:3-7; പ്രവൃത്തികൾ 16:1, 2) അനേകം കൗമാരപ്രായക്കാർ ഇന്ന്‌ അതേ കാര്യം തെളിയിക്കുന്നുണ്ട്‌. അവരിൽ ചിലരെ നിങ്ങൾക്കു പരിചയമുണ്ടായിരിക്കാനും സാധ്യതയുണ്ട്‌.

2 എന്നിരുന്നാലും, ചിലർക്കു കൗമാര വർഷങ്ങൾ പ്രക്ഷുബ്ധമാണ്‌. യുവപ്രായക്കാർക്കു വൈകാരികമായ ഏറ്റിറക്കങ്ങൾ അനുഭവപ്പെടുന്നു. കൗമാരപ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ചേക്കാം. മാതാപിതാക്കൾ തങ്ങളുടെമേൽ ഏർപ്പെടുത്തുന്ന നിബന്ധനകളോട്‌ അവർക്ക്‌ അമർഷം തോന്നിയേക്കാം. എന്നിരുന്നാലും, അത്തരം യുവാക്കൾ അപ്പോഴും തികച്ചും അനുഭവപരിചയമില്ലാത്തവരാണ്‌. അവർക്കു മാതാപിതാക്കളുടെ സ്‌നേഹപുരസ്സരവും ക്ഷമാപുരസ്സരവുമായ സഹായം ആവശ്യമാണ്‌. അതേ, കൗമാരവർഷങ്ങൾ വളരെ രസകരമായിരിക്കാം, എന്നാൽ അവ മാതാപിതാക്കളെയും കൗമാരപ്രായക്കാരെയും സംബന്ധിച്ചിടത്തോളം കുഴപ്പം പിടിച്ചതായിരിക്കാം. ഈ വർഷങ്ങളിൽ യുവാക്കളെ എങ്ങനെ സഹായിക്കാനാവും?

3. ഏതു വിധത്തിലാണു തങ്ങളുടെ യുവസന്താനങ്ങൾക്കു ജീവിതത്തിൽ നല്ലൊരു അവസരം പ്രദാനം ചെയ്യാൻ മാതാപിതാക്കൾക്കു കഴിയുക?

3 ബൈബിൾ ബുദ്ധ്യുപദേശം പിൻപറ്റുന്ന മാതാപിതാക്കൾ തങ്ങളുടെ യുവസന്താനങ്ങൾ ആ പരിശോധനാഘട്ടങ്ങളെ വിജയകരമാംവിധം തരണംചെയ്‌ത്‌ ഉത്തരവാദിത്വമുള്ള മുതിർന്നവരായിത്തീരുന്നതിനു സാധ്യമായ ഏറ്റവും മികച്ച അവസരമുണ്ടാക്കിക്കൊടുക്കുന്നു. എല്ലാ രാജ്യങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും ഒത്തൊരുമിച്ചു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയ മാതാപിതാക്കളും കൗമാരപ്രായക്കാരും വിജയത്താൽ അനുഗൃഹീതരായിരുന്നിട്ടുണ്ട്‌.—സങ്കീർത്തനം 119:1.

സത്യസന്ധമായ, തുറന്ന ആശയവിനിമയം

4. കൗമാരവർഷങ്ങളിൽ സ്വകാര്യ സംഭാഷണം വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 “സ്വകാര്യ സംസാരമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാകൽ ഉണ്ട്‌,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:22, NW) കുട്ടികളുടെ ഇളംപ്രായത്തിൽ സ്വകാര്യ സംഭാഷണം അത്യാവശ്യമായിരുന്നെങ്കിൽ, കൗമാരവർഷങ്ങളിൽ അതു വിശേഷാൽ മർമപ്രധാനമാണ്‌. കാരണം ആ വർഷങ്ങളിൽ ഭവനത്തിനുള്ളിൽ കുറച്ചു സമയവും സ്‌കൂളിലെ സുഹൃത്തുക്കളോടൊപ്പമോ മറ്റു സുഹൃത്തുക്കളോടൊപ്പമോ അധിക സമയവും ചെലവഴിക്കാനായിരിക്കും സാധ്യത. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ സ്വകാര്യ സംഭാഷണമില്ലെങ്കിൽ—സത്യസന്ധമായ, തുറന്ന ആശയവിനിമയമില്ലെങ്കിൽ—കൗമാരപ്രായക്കാർ വീട്ടിനുള്ളിൽ അപരിചിതരായിത്തീരാം. അതുകൊണ്ട്‌, ആശയവിനിമയത്തിനുള്ള സരണികൾ എങ്ങനെ തുറന്നുവെക്കാനാവും?

5. തങ്ങളുടെ മാതാപിതാക്കളുമായി ആശയവിനിയമം നടത്തുന്നതിനെ എങ്ങനെ വീക്ഷിക്കാനാണു കൗമാരപ്രായക്കാർ പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌?

5 ഇതിൽ കൗമാരപ്രായക്കാരും മാതാപിതാക്കളും തങ്ങളുടേതായ പങ്കുവഹിക്കണം. മാതാപിതാക്കളോടു സംസാരിക്കുകയെന്നതു യുവപ്രായക്കാർക്ക്‌ ഇളംപ്രായത്തിൽ ചെയ്‌തിരുന്നതിനെക്കാൾ കൂടുതൽ പ്രയാസകരമായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ ഓർക്കുക, “വിദഗ്‌ധ നിർദേശം ഇല്ലാത്തപ്പോൾ ആളുകൾ വീഴുന്നു; എന്നാൽ ഉപദേഷ്ടാക്കന്മാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്‌.” (സദൃശവാക്യങ്ങൾ 11:14, NW) ആ വാക്കുകൾ എല്ലാവർക്കും, യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ബാധകമാണ്‌. മുമ്പത്തെക്കാൾ കൂടുതൽ സങ്കീർണമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതുകൊണ്ട്‌, തങ്ങൾക്കിപ്പോഴും വിദഗ്‌ധ നിർദേശം ആവശ്യമാണെന്ന്‌ ഇതു തിരിച്ചറിയുന്ന കൗമാരപ്രായക്കാർ മനസ്സിലാക്കും. തങ്ങളുടെ വിശ്വാസികളായ മാതാപിതാക്കൾ ജീവിതത്തിൽ കൂടുതൽ അനുഭവപരിചയമുള്ളവരും അനേക വർഷങ്ങളിൽ തങ്ങളുടെ സ്‌നേഹപുരസ്സരമായ താത്‌പര്യം തെളിയിച്ചിട്ടുള്ളവരുമായതിനാൽ, ഉപദേഷ്ടാക്കൾ എന്നനിലയിൽ അവർക്കു നല്ല യോഗ്യതയുണ്ടെന്ന്‌ അവർ അംഗീകരിക്കണം. അതുകൊണ്ട്‌, തങ്ങളുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, ജ്ഞാനികളായ കൗമാരപ്രായക്കാർ തങ്ങളുടെ മാതാപിതാക്കളെ വിട്ടുതിരിയുകയില്ല.

6. ജ്ഞാനികളും സ്‌നേഹസമ്പന്നരുമായ മാതാപിതാക്കൾക്കു തങ്ങളുടെ കൗമാരപ്രായക്കാരുമായി ആശയവിനിയമം ചെയ്യുന്നതു സംബന്ധിച്ച്‌ എന്തു മനോഭാവമുണ്ടായിരിക്കും?

6 കൗമാരപ്രായത്തിലുള്ള കുട്ടിക്കു സംസാരിക്കാനുള്ള ആവശ്യം തോന്നുമ്പോൾ, മാതാവ്‌ അല്ലെങ്കിൽ പിതാവു സ്വയം ലഭ്യമാക്കാൻ കഠിനമായി യത്‌നിക്കുമെന്നു തുറന്ന ആശയവിനിയമം അർഥമാക്കുന്നു. നിങ്ങൾ ഒരു പിതാവാണെങ്കിൽ, ആശയവിനിയമം നടത്താൻ ചുരുങ്ങിയപക്ഷം നിങ്ങളുടെ ഭാഗത്തുനിന്നു യാതൊരു തടസ്സവുമില്ലെന്ന്‌ ഉറപ്പുവരുത്തുക. ഇത്‌ എളുപ്പമാകണമെന്നില്ല. “മിണ്ടാതിരിപ്പാൻ ഒരു കാല”വും “സംസാരിപ്പാൻ ഒരു കാല”വുമുണ്ടെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) കൗമാരപ്രായത്തിലുള്ള കുട്ടിക്കു സംസാരിക്കാൻ തോന്നുന്ന സമയം നിങ്ങളെ സംബന്ധിച്ചിടത്തോളം മിണ്ടാതിരിക്കാനുള്ള സമയമായിരിക്കാം. ഒരുപക്ഷേ ആ സമയമായിരിക്കാം നിങ്ങൾ വ്യക്തിപരമായ പഠനത്തിനോ, വിശ്രമത്തിനോ, വീട്ടുജോലിക്കോ വേണ്ടി മാറ്റിവെച്ചത്‌. എന്നാലും, നിങ്ങളുടെ കുട്ടി നിങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പരിപാടിക്കു പൊരുത്തപ്പെടുത്തലുകൾ നടത്തി കുട്ടിയെ ശ്രദ്ധിക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം, അവൻ വീണ്ടും ശ്രമിച്ചില്ലെന്നുവരാം. യേശുവിന്റെ മാതൃക ഓർക്കുക. ഒരവസരത്തിൽ, ഒന്നു വിശ്രമിക്കാൻ സമയം ക്രമീകരിച്ചിരിക്കുകയായിരുന്നു അവൻ. എന്നാൽ ആളുകൾ അവൻ പറയുന്നതു കേൾക്കാൻ അവന്റെ അടുക്കൽ തടിച്ചുകൂടിയപ്പോൾ, അവൻ വിശ്രമമെല്ലാം മറന്ന്‌ അവരെ പഠിപ്പിക്കാൻ തുടങ്ങി. (മർക്കൊസ്‌ 6:30-34) തങ്ങളുടെ മാതാപിതാക്കൾ തിരക്കുള്ള ജീവിതമാണു നയിക്കുന്നതെന്നു മിക്ക കൗമാരപ്രായക്കാരും തിരിച്ചറിയുന്നുണ്ടെങ്കിലും, ആവശ്യം വരുന്നപക്ഷം മാതാപിതാക്കൾ തങ്ങളുടെ സഹായത്തിനുണ്ടായിരിക്കുമെന്ന ഉറപ്പ്‌ അവർക്ക്‌ ആവശ്യമാണ്‌. അതുകൊണ്ട്‌, ലഭ്യരായിരിക്കുകയും സഹാനുഭൂതിയുള്ളവരായിരിക്കുകയും ചെയ്യുക.

7. മാതാപിതാക്കൾ എന്ത്‌ ഒഴിവാക്കേണ്ടതുണ്ട്‌?

7 നിങ്ങൾ കൗമാരപ്രായത്തിലായിരുന്നപ്പോഴത്തെ കാര്യം ഓർക്കുക. നിങ്ങളുടെ നർമബോധം നഷ്ടപ്പെടുത്തരുത്‌! കുട്ടികളോടൊപ്പമായിരിക്കുന്നതു മാതാപിതാക്കൾ ആസ്വദിക്കേണ്ടയാവശ്യമുണ്ട്‌. ഒഴിവുസമയം, മാതാപിതാക്കൾ അത്‌ എങ്ങനെയാണു ചെലവിടുന്നത്‌? കുടുംബത്തെ ഉൾപ്പെടുത്താതെ തങ്ങളുടെ ഒഴിവുസമയം ചെലവിടാനാണ്‌ അവർ എല്ലായ്‌പോഴും ആഗ്രഹിക്കുന്നതെങ്കിൽ, അത്‌ അവരുടെ കൗമാരപ്രായക്കാർ പെട്ടെന്നു ശ്രദ്ധിക്കും. മാതാപിതാക്കളെക്കാൾ സ്‌കൂളിലെ സുഹൃത്തുക്കൾ തങ്ങളെപ്പറ്റി ചിന്തയുള്ളവരാണെന്ന നിഗമനത്തിൽ യുവപ്രായക്കാർ എത്തിച്ചേരുന്നെങ്കിൽ, അവർ പ്രശ്‌നങ്ങളിൽ കുടുങ്ങുകതന്നെ ചെയ്യും.

ആശയവിനിയമം ചെയ്യാനുള്ള സംഗതികൾ

8. സത്യസന്ധതയോടും കഠിനവേലയോടും ഉചിതമായ നടത്തയോടുമുള്ള വിലമതിപ്പു കുട്ടികളിൽ അങ്കുരിപ്പിക്കാനാവുന്നതെങ്ങനെ?

8 സത്യസന്ധതയോടും കഠിനവേലയോടുമുള്ള വിലമതിപ്പ്‌ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ നേരത്തെതന്നെ ഉൾനട്ടിട്ടില്ലെങ്കിൽ, കൗമാര വർഷങ്ങളിൽ അത്‌ എന്തായാലും ചെയ്‌തിരിക്കണം. (1 തെസ്സലൊനീക്യർ 4:11; 2 തെസ്സലൊനീക്യർ 3:10) ധാർമികവും നിർമലവുമായ ഒരു ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ കുട്ടികൾ മുഴുഹൃദയത്തോടെ വിശ്വസിക്കുന്നുണ്ടെന്ന്‌ അവർ ഉറപ്പാക്കേണ്ടതും മർമപ്രധാനമാണ്‌. (സദൃശവാക്യങ്ങൾ 20:11) ഈ മേഖലകളിൽ മാതൃക വെക്കുന്നതുവഴി മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ വളരെയധികം ആശയം കൈമാറുന്നു. വിശ്വാസികളല്ലാത്ത ഭർത്താക്കന്മാർ “വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകാ”വുന്നതുപോലെ, തങ്ങളുടെ മാതാപിതാക്കളുടെ പ്രവൃത്തിയിലൂടെ കൗമാരപ്രായക്കാർക്കും ശരിയായ തത്ത്വങ്ങൾ പഠിക്കാനാവും. (1 പത്രൊസ്‌ 3:1) എങ്കിലും, മാതൃകമാത്രം ഒരിക്കലും മതിയാകയില്ല, കാരണം കുട്ടികൾ ഭവനത്തിനു പുറത്തുള്ള മോശമായ അനേകം മാതൃകകൾക്കും വശീകരിക്കുന്ന പ്രചരണക്കുത്തൊഴുക്കിനും വിധേയരാണ്‌. അതുകൊണ്ട്‌, പരിപാലനമേകുന്ന മാതാപിതാക്കൾ തങ്ങളുടെ കൗമാരപ്രായക്കാർ കാണുകയും കേൾക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അവരുടെ വീക്ഷണഗതികൾ അറിയേണ്ടയാവശ്യമുണ്ട്‌. ഇതിന്‌ അർഥവത്തായ സംഭാഷണം ആവശ്യമാണ്‌.—സദൃശവാക്യങ്ങൾ 20:5.

9, 10. ലൈംഗിക കാര്യങ്ങളെക്കുറിച്ചു തങ്ങളുടെ കുട്ടികളെ പ്രബോധിപ്പിക്കുന്നുവെന്നു മാതാപിതാക്കൾ ഉറപ്പു വരുത്തേണ്ടത്‌ എന്തുകൊണ്ട്‌, അവർക്കത്‌ എങ്ങനെ ചെയ്യാനാവും?

9 ലൈംഗിക വിഷയങ്ങളുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്‌. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുമായി ലൈംഗിക കാര്യങ്ങൾ ചർച്ചചെയ്യാൻ നിങ്ങൾക്കു ജാള്യത തോന്നുന്നുണ്ടോ? നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുവെങ്കിൽപ്പോലും, അതു ചെയ്യാൻ ശ്രമിക്കുക. കാരണം തീർച്ചയായും നിങ്ങളുടെ മക്കൾ മറ്റാരിൽനിന്നെങ്കിലും പ്രസ്‌തുത വിഷയത്തെക്കുറിച്ചു മനസ്സിലാക്കും. അവർ ഇക്കാര്യം നിങ്ങളിൽനിന്നു മനസ്സിലാക്കുന്നില്ലെങ്കിൽ, അവർക്ക്‌ എന്തു വഴിപിഴച്ച വിവരമായിരിക്കും ലഭിക്കുന്നതെന്ന്‌ ആർക്കറിയാം? ബൈബിളിൽ, യഹോവ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംഗതികൾ പറഞ്ഞുതരുന്നതിൽനിന്നു മടിച്ചുനിൽക്കുന്നില്ല. മാതാപിതാക്കളും അങ്ങനെയായിരിക്കണം.—സദൃശവാക്യങ്ങൾ 4:1-4; 5:1-21.

10 ലൈംഗിക നടത്തയോടു ബന്ധപ്പെട്ട്‌ ആവശ്യമായിരിക്കുന്ന വ്യക്തമായ മാർഗനിർദേശം ബൈബിളിൽ അടങ്ങിയിരിക്കുന്നതിൽ നമുക്കു നന്ദിയുണ്ട്‌. മാത്രവുമല്ല, ആധുനിക ലോകത്തിൽ ഈ മാർഗനിർദേശങ്ങൾ ഇപ്പോഴും ബാധകമാണ്‌ എന്നു പ്രകടമാക്കുന്ന സഹായകമായ അനേകം വിവരങ്ങൾ വാച്ച്‌ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ സഹായം പ്രയോജനപ്പെടുത്തിക്കൂടേ? ഉദാഹരണത്തിന്‌, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തിലെ “ലൈംഗികതയും ധാർമികതയും” എന്ന ഭാഗം നിങ്ങളുടെ പുത്രനുമായോ പുത്രിയുമായോ പുനരവലോകനം ചെയ്യരുതോ? ഫലങ്ങൾ കണ്ട്‌ നിങ്ങൾ സന്തോഷത്താൽ മതിമറന്നേക്കാം.

11. യഹോവയെ എങ്ങനെ സേവിക്കണമെന്നു മാതാപിതാക്കൾക്കു കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ ഏറ്റവും ഫലപ്രദമായ വിധം എന്ത്‌?

11 മാതാപിതാക്കളും കുട്ടികളും ചർച്ചചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതാണ്‌? “[നിങ്ങളുടെ കുട്ടികളെ] യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടുവരുക” എന്ന്‌ എഴുതിയപ്പോൾ പൗലോസ്‌ അപ്പോസ്‌തലൻ പരാമർശിച്ചത്‌ അതായിരുന്നു. (എഫേസ്യർ 6:4, NW) കുട്ടികൾ യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമുണ്ട്‌. വിശേഷിച്ചും, അവർ അവനെ സ്‌നേഹിക്കാൻ പഠിക്കേണ്ടയാവശ്യമുണ്ട്‌, അങ്ങനെ അവർ അവനെ സേവിക്കാൻ ആഗ്രഹിക്കണം. ഇവിടെയും മാതൃകകൊണ്ടു വളരെയേറെ പഠിപ്പിക്കാൻ കഴിയും. തങ്ങളുടെ മാതാപിതാക്കൾ ദൈവത്തെ “പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ” സ്‌നേഹിക്കുന്നുവെന്നും ഇതു മാതാപിതാക്കളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉത്‌പാദിപ്പിക്കുന്നുവെന്നും യുവപ്രായക്കാർ കാണുന്നെങ്കിൽ, അതുതന്നെ ചെയ്യാൻ അവർ നന്നായി സ്വാധീനിക്കപ്പെട്ടേക്കാം. (മത്തായി 22:37) അതുപോലെ, മാതാപിതാക്കൾ ദൈവരാജ്യം ഒന്നാമതു വെച്ചുകൊണ്ടു ഭൗതിക വസ്‌തുക്കളെക്കുറിച്ചു ന്യായയുക്തമായ ഒരു വീക്ഷണം വെച്ചുപുലർത്തുന്നതു യുവജനങ്ങൾ കാണുന്നെങ്കിൽ, അതേ മാനസിക ഭാവം വികസിപ്പിച്ചെടുക്കാൻ അവർ സഹായിക്കപ്പെടുന്നതായിരിക്കും.—സഭാപ്രസംഗി 7:12; മത്തായി 6:31-33.

ക്രമമുള്ള ബൈബിളധ്യയനം കുടുംബത്തിന്‌ അത്യന്താപേക്ഷിതമാണ്‌

12, 13. കുടുംബ അധ്യയനം ഫലപ്രദമാകണമെങ്കിൽ, ഏത്‌ ആശയങ്ങൾ മനസ്സിൽപ്പിടിക്കണം?

12 യുവജനങ്ങൾക്ക്‌ ആത്മീയ മൂല്യം കൈമാറുന്നതിനുള്ള ഒരു മുന്തിയ സഹായമാണു വാരംതോറുമുള്ള കുടുംബ ബൈബിളധ്യയനം. (സങ്കീർത്തനം 119:33, 34; സദൃശവാക്യങ്ങൾ 4:20-23) അത്തരമൊരു അധ്യയനം ക്രമമായി ഉണ്ടായിരിക്കുന്നതു മർമപ്രധാനമാണ്‌. (സങ്കീർത്തനം 1:1-3) കുടുംബ അധ്യയനത്തിനു പരമപ്രാധാന്യം, മറ്റുള്ളവയെല്ലാം അതിനുശേഷം, അല്ലാതെ മറിച്ചല്ല എന്ന്‌ മാതാപിതാക്കളും കുട്ടികളും തിരിച്ചറിയണം. അതിലുപരി, കുടുംബ അധ്യയനം ഫലപ്രദമാകണമെങ്കിൽ, ശരിയായ മനോഭാവം അത്യാവശ്യമാണ്‌. ഒരു പിതാവ്‌ ഇങ്ങനെ പറഞ്ഞു: “അധ്യയന നിർവാഹകൻ കുടുംബ അധ്യയനവേളയിൽ ആയാസരഹിതമായ, അതേസമയം ആദരപൂർണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്‌ അതിന്റെ രഹസ്യം—അനൗപചാരികമായിരിക്കണം, എന്നാൽ നിസ്സാരമട്ടിലായിരിക്കയുമരുത്‌. ശരിയായ ഒരു സന്തുലനം ലഭിക്കുക എല്ലായ്‌പോഴും എളുപ്പമല്ലായിരിക്കാം. മാത്രമല്ല യുവപ്രായക്കാർക്കു കൂടെക്കൂടെ മനോഭാവ പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരിക്കും. ഒന്നോ രണ്ടോ വട്ടം സംഗതികൾ ശരിയായ രീതിയിൽ പോകുന്നില്ലെങ്കിൽ, സ്ഥിരോത്സാഹം കാട്ടി അടുത്ത അവസരത്തിനായി കാത്തിരിക്കുക.” ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഭാഗത്തെ ശരിയായ കാഴ്‌ചപ്പാടിനുവേണ്ടി, ഓരോ അധ്യയനത്തിനുമുമ്പുള്ള തന്റെ പ്രാർഥനയിലും യഹോവയിൽനിന്നു പ്രത്യേകം സഹായം യാചിച്ചിരുന്നതായി അതേ പിതാവ്‌ പറയുകയുണ്ടായി.—സങ്കീർത്തനം 119:66.

13 കുടുംബ അധ്യയനം നടത്തുന്നതു വിശ്വാസികളായ മാതാപിതാക്കളുടെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ്‌. ചില മാതാപിതാക്കൾ പഠിപ്പിക്കൽ വൈദഗ്‌ധ്യമുള്ള ഉപദേഷ്ടാക്കൾ ആയിരിക്കണമെന്നില്ലെന്നതും കുടുംബ അധ്യയനം രസകരമാക്കാനുള്ള വിധങ്ങൾ കണ്ടെത്തൽ അവർക്കു ദുഷ്‌കരമായിരിക്കാമെന്നതും സത്യംതന്നെ. എന്നാൽ, നിങ്ങളുടെ കൗമാരപ്രായക്കാരെ നിങ്ങൾ “പ്രവൃത്തിയിലും സത്യത്തിലും” സ്‌നേഹിക്കുന്നെങ്കിൽ, ലളിതവും സത്യസന്ധവുമായ വിധത്തിൽ ആത്മീയമായി പുരോഗതി പ്രാപിക്കാൻ നിങ്ങൾ അവരെ സഹായിക്കാൻ ആഗ്രഹിക്കും. (1 യോഹന്നാൻ 3:18) അവർ കൂടെക്കൂടെ പരാതി പറഞ്ഞേക്കാം. എന്നാൽ അവരുടെ ക്ഷേമത്തിലുള്ള നിങ്ങളുടെ ആഴമായ താത്‌പര്യം അവർ മനസ്സിലാക്കാൻ സാധ്യതയുണ്ട്‌.

14. കൗമാരപ്രായക്കാരുമായി ആത്മീയ സംഗതികൾ പങ്കുവയ്‌ക്കുമ്പോൾ ആവർത്തനപുസ്‌തകം 11:18, 19 എങ്ങനെ ബാധകമാക്കാനാവും?

14 ആത്മീയമായി പ്രാധാന്യമുള്ള സംഗതികൾ സംസാരിക്കാനുള്ള സന്ദർഭം കുടുംബ അധ്യയനത്തിൽ മാത്രമല്ല ഉള്ളത്‌. മാതാപിതാക്കൾക്കുള്ള യഹോവയുടെ കൽപ്പന നിങ്ങൾ ഓർക്കുന്നുണ്ടോ? അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.” (ആവർത്തനപുസ്‌തകം 11:18, 19; ആവർത്തനപുസ്‌തകം 6:6, 7-ഉം കാണുക.) മക്കളോടു മാതാപിതാക്കൾ നിരന്തരം പ്രസംഗിച്ചുകൊണ്ടിരിക്കണമെന്നല്ല അതിന്റെ അർഥം. എന്നാൽ സ്‌നേഹസമ്പന്നനായ ഒരു കുടുംബനാഥൻ തന്റെ കുടുംബത്തിന്റെ ആത്മീയ കാഴ്‌ചപ്പാടു പടുത്തുയർത്താനുള്ള അവസരങ്ങൾക്കുവേണ്ടി എപ്പോഴും നോക്കിപ്പാർത്തിരിക്കണം.

ശിക്ഷണവും ആദരവും

15, 16. (എ) ശിക്ഷണം എന്നാൽ എന്ത്‌? (ബി) ശിക്ഷണം കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വമുള്ളത്‌ ആർക്കാണ്‌, അതു ചെവിക്കൊള്ളുന്നുവെന്ന്‌ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുള്ളത്‌ ആർക്കാണ്‌?

15 നേരെയാക്കുന്ന പരിശീലനമാണു ശിക്ഷണം, അതിൽ ആശയവിനിയമം ഉൾപ്പെടുന്നുണ്ട്‌. ശിക്ഷ ആവശ്യമായി വന്നേക്കാമെങ്കിലും, ശിക്ഷയെന്നതിനെക്കാൾ തിരുത്തലിന്റെ ആശയമാണു ശിക്ഷണം ധ്വനിപ്പിക്കുന്നത്‌. നിങ്ങളുടെ കുട്ടികളുടെ ഇളംപ്രായത്തിൽ അവർക്കു ശിക്ഷണം ആവശ്യമായിരുന്നു. ഇപ്പോൾ അവർ കൗമാരപ്രായക്കാരാണ്‌, അതിന്റെ ഏതെങ്കിലും രൂപത്തിൽ അവർക്കിപ്പോഴും അതു കൂടിയേതീരൂ, ഒരുപക്ഷേ മുമ്പത്തെക്കാൾ കൂടുതൽ. ഇതു സത്യമാണെന്നു ജ്ഞാനികളായ കൗമാരപ്രായക്കാർക്ക്‌ അറിയാം.

16 ബൈബിൾ ഇങ്ങനെ പറയുന്നു: “ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു, ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്‌തീരും.” (സദൃശവാക്യങ്ങൾ 15:5) ഈ തിരുവെഴുത്തിൽനിന്നു നാം വളരെയധികം മനസ്സിലാക്കുന്നു. ശിക്ഷണം നൽകപ്പെടുമെന്നുതന്നെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌. ഒരു കൗമാരപ്രായക്കാരനു ശിക്ഷണം ലഭിക്കാതെ ‘അതിനെ കൂട്ടാക്കാൻ’ കഴിയില്ല. ശിക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്വം യഹോവ മാതാപിതാക്കൾക്ക്‌, വിശേഷിച്ചും, പിതാവിനാണു നൽകുന്നത്‌. എന്നിരുന്നാലും, ആ ശിക്ഷണത്തിനു ചെവിചായ്‌ക്കുന്നതിനുള്ള ഉത്തരവാദിത്വം കൗമാരപ്രായക്കാരന്റേതാണ്‌. തന്റെ അമ്മയുടെയും അപ്പന്റെയും ജ്ഞാനപൂർവകമായ ശിക്ഷണം അവൻ ചെവിക്കൊള്ളുന്നെങ്കിൽ അവൻ കൂടുതൽ സംഗതികൾ മനസ്സിലാക്കി കുറച്ചു തെറ്റുകളേ ചെയ്യുകയുള്ളൂ. (സദൃശവാക്യങ്ങൾ 1:8) “പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും,” ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 13:18.

17. ശിക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ എന്തു സമനില ലക്ഷ്യമാക്കണം?

17 കൗമാരപ്രായക്കാർക്കു ശിക്ഷണം കൊടുക്കുമ്പോൾ, മാതാപിതാക്കൾ സമനിലയുള്ളവരായിരിക്കേണ്ടതുണ്ട്‌. തങ്ങളുടെ മക്കൾക്കു പ്രകോപനം ഉണ്ടാകുവോളം, ഒരുപക്ഷേ കുട്ടികളുടെ ആത്മവിശ്വാസത്തിന്‌ ഇടിവുപറ്റുവോളം, കർക്കശരാകുന്നത്‌ അവർ ഒഴിവാക്കണം. (കൊലൊസ്സ്യർ 3:21) അതേസമയം, മക്കൾക്കു ജീവത്‌പ്രധാനമായ പരിശീലനം ലഭിക്കാതാകുവോളം അനുവാദാത്മകമായിരിക്കാനും മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. അത്തരം അനുവദനീയത വിനാശകരമായിരിക്കാവുന്നതാണ്‌. സദൃശവാക്യങ്ങൾ 29:17 പറയുന്നു: “നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്‌തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.” എന്നാൽ 21-ാം വാക്യം ഇങ്ങനെ പറയുന്നു: “ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.” ഈ വാക്യം പറയുന്നത്‌ ഒരു ദാസനെക്കുറിച്ചാണെങ്കിലും, വീട്ടിൽ യുവപ്രായത്തിലുള്ള ഏതൊരു കുട്ടിക്കും അത്‌ അത്രത്തോളംതന്നെ ബാധകമാണ്‌.

18. ശിക്ഷണം എന്തിന്റെ തെളിവാണ്‌, മാതാപിതാക്കൾ സ്ഥിരമായി ശിക്ഷണം കൊടുക്കുമ്പോൾ എന്ത്‌ ഒഴിവാക്കപ്പെടുന്നു?

18 സത്യത്തിൽ, കുട്ടിയോടു മാതാവിനോ പിതാവിനോ ഉള്ള സ്‌നേഹത്തിന്റെ തെളിവാണ്‌ ഉചിതമായ ശിക്ഷണം. (എബ്രായർ 12:6, 11) നിങ്ങൾ ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ ആണെങ്കിൽ, സ്ഥിരമായ, ന്യായയുക്തമായ ശിക്ഷണം കൊടുക്കൽ ദുഷ്‌കരമാണെന്നു നിങ്ങൾക്ക്‌ അറിയാം. സമാധാനത്തിനുവേണ്ടി, പിടിവാശി കാട്ടുന്ന കൗമാരപ്രായക്കാരനെ ഇഷ്ടാനുസരണം പ്രവർത്തിക്കാൻ അനുവദിക്കുന്നത്‌ എളുപ്പമായി തോന്നാം. എന്നാൽ ഈ ഗതി പിൻപറ്റുന്ന ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌, കുടുംബത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌, അവസാനം നല്ല വില ഒടുക്കേണ്ടിവരും.—സദൃശവാക്യങ്ങൾ 29:15; ഗലാത്യർ 6:9.

ജോലിയും കളിയും

19, 20. കൗമാരപ്രായക്കാരുടെ വിനോദത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എങ്ങനെ ബുദ്ധിപൂർവം ഇടപെടാനാവും?

19 ആദിമ കാലങ്ങളിൽ കുട്ടികൾ സാധാരണമായി വീട്ടിലോ കൃഷിയിടങ്ങളിലോ സഹായിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. കൗമാരപ്രായക്കാരായ അനേകർക്കും ഇന്ന്‌ ഇഷ്ടാനുസരണം ചെലവഴിക്കാൻ വേണ്ടുവോളം ഒഴിവുസമയം ലഭിക്കുന്നുണ്ട്‌. ആ സമയങ്ങളിലെല്ലാം വിനോദപരിപാടികൾ കുത്തിനിറയ്‌ക്കുകയാണു വാണിജ്യലോകം. മാത്രവുമല്ല, ധാർമികത സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾക്കു ലോകം തീരെ കുറഞ്ഞ മൂല്യമേ കൽപ്പിക്കുന്നുള്ളൂ. ഈ ഘടകളെല്ലാം ഒന്നുചേർന്നാൽപ്പിന്നെ ദുരന്തത്തിനു വഴിയൊരുങ്ങുകയായി.

20 അതുകൊണ്ട്‌, വിവേകമുള്ള മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ വിനോദത്തെക്കുറിച്ച്‌ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം സ്വയം സൂക്ഷിക്കും. എന്നാൽ കൗമാരപ്രായത്തിലുള്ള കുട്ടി വളർന്നുവരികയാണെന്ന കാര്യം മറക്കരുത്‌. ഓരോ വർഷവും, മുതിർന്നയാളോട്‌ എന്നപോലെ തന്നോട്‌ ഇടപെടാനായിരിക്കും അവനോ അവളോ പ്രത്യാശിക്കാൻ സാധ്യത. അതുകൊണ്ട്‌, കൗമാരപ്രായക്കാർ വളർന്നുവരുമ്പോൾ വിനോദത്തിന്റെ തിരഞ്ഞെടുപ്പിൽ, ആ തിരഞ്ഞെടുപ്പ്‌ ആത്മീയ പക്വത പ്രതിഫലിപ്പിക്കുന്നിടത്തോളം കാലം, കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നത്‌ ഒരു മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം ബുദ്ധിയാണ്‌. സംഗീതം, സഹകാരികൾ തുടങ്ങിയ സംഗതികളിൽ കൗമാരപ്രായത്തിലുള്ള കുട്ടി നടത്തുന്ന തിരഞ്ഞെടുപ്പുകൾ ചിലപ്പോൾ പാളിപ്പോയേക്കാം. ഇതു സംഭവിക്കുമ്പോൾ, ഭാവിയിൽ മെച്ചമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയേണ്ടതിന്‌ അക്കാര്യം കൗമാരപ്രായത്തിലുള്ള കുട്ടിയുമായി ചർച്ചചെയ്യണം.

21. വിനോദത്തിനു ചെലവിടുന്ന സമയത്തിന്റെ കാര്യത്തിൽ ന്യായയുക്തത കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ എങ്ങനെ സംരക്ഷിക്കും?

21 എന്തുമാത്രം സമയമാണു വിനോദത്തിനായി മാറ്റിവെക്കേണ്ടത്‌? തങ്ങൾക്കു തുടരെത്തുടരെ വിനോദത്തിലേർപ്പെടാനുള്ള അവകാശമുണ്ടെന്നു വിചാരിക്കാൻ ചില രാജ്യങ്ങളിലെ കൗമാരപ്രായക്കാർ പ്രേരിപ്പിക്കപ്പെടുന്നു. അതുകൊണ്ട്‌, ഒരു യുവാവ്‌ “ഉല്ലാസപരിപാടി”കൾ ഒന്നിനു പിറകെ ഒന്നായി പട്ടികപ്പെടുത്തിയേക്കാം. കുടുംബം, വ്യക്തിപരമായ പഠനം, ആത്മീയ പക്വതയുള്ള വ്യക്തികളുമായുള്ള സഹവാസം, ക്രിസ്‌തീയ യോഗങ്ങൾ, വീട്ടുജോലികൾ എന്നിങ്ങനെയുള്ള മറ്റു സംഗതികളിലും സമയം ചെലവിടണമെന്നു മനസ്സിലാക്കിക്കൊടുക്കേണ്ടതു മാതാപിതാക്കളുടെ കടമയാണ്‌. “ഈ ജീവിതത്തിന്റെ സുഖങ്ങൾ” ദൈവവചനത്തെ ഞെരുക്കിക്കളയാതെ അതു കാത്തുകൊള്ളും.—ലൂക്കോസ്‌ 8:11-15, NW.

22. കൗമാരപ്രായത്തിലുള്ള കുട്ടിയുടെ ജീവിതത്തിൽ വിനോദം എന്തുമായി സമനിലയിലായിരിക്കണം?

22 ശലോമോൻ രാജാവ്‌ ഇപ്രകാരം പറഞ്ഞു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാപ്രസംഗി 3:12, 13) അതേ, ആഹ്ലാദിക്കുന്നത്‌ ഒരു സമനിലയുള്ള ജീവിതത്തിന്റെ ഭാഗമാണ്‌. എന്നാൽ അതുതന്നെയാണു കഠിനവേലയുടെ കാര്യവും. കൗമാരപ്രായക്കാരായ അനേകരും ഇന്നു കഠിനവേലയിൽനിന്നു ലഭിക്കുന്ന തൃപ്‌തിയോ ഒരു പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽനിന്നോ അതു പരിഹരിക്കുന്നതിൽനിന്നോ ഉളവാകുന്ന ആത്മാഭിമാനാനുഭൂതിയോ അനുഭവിക്കുന്നില്ല. മറ്റു ചിലർക്കാണെങ്കിലോ, പിൽക്കാല ജീവിതത്തിൽ തങ്ങളുടെ ഉപജീവനത്തിന്‌ ഉതകുന്ന ഒരു വൈദഗ്‌ധ്യമോ തൊഴിലോ വികസിപ്പിച്ചെടുക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഇവിടെയാണ്‌ ഒരു മാതാവിന്‌ അല്ലെങ്കിൽ പിതാവിന്‌ യഥാർഥ വെല്ലുവിളിയുള്ളത്‌. നിങ്ങളുടെ കുട്ടിക്ക്‌ അത്തരം അവസരങ്ങൾ ലഭിക്കുന്നുവെന്നു നിങ്ങൾ ഉറപ്പുവരുത്തുമോ? കഠിനവേലയെ വിലമതിക്കാനും അത്‌ ആസ്വദിക്കാനുംപോലും കൗമാരപ്രായത്തിലുള്ള കുട്ടിയെ പഠിപ്പിക്കുന്നതിൽ നിങ്ങൾക്കു വിജയിക്കാൻ കഴിയുന്നെങ്കിൽ, ജീവിതകാലം മുഴുവൻ പ്രയോജനം കൈവരുത്തുന്ന ആരോഗ്യാവഹമായ ഒരു വീക്ഷണം അവനോ അവളോ വികസിപ്പിച്ചെടുത്തുകൊള്ളും.

കൗമാരപ്രായത്തിൽനിന്നു പ്രായപൂർത്തിയിലേക്ക്‌

നിങ്ങളുടെ കുട്ടികളോടു സ്‌നേഹവും വിലമതിപ്പും പ്രകടിപ്പിക്കുക

23. മാതാപിതാക്കൾക്കു തങ്ങളുടെ കൗമാരപ്രായക്കാരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതെങ്ങനെ?

23 കൗമാരപ്രായത്തിലുള്ള കുട്ടിയുടെ കാര്യത്തിൽ നിങ്ങൾക്കു പ്രശ്‌നങ്ങൾ ഉള്ളപ്പോൾപ്പോലും, “സ്‌നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല” എന്ന തിരുവെഴുത്തു സത്യമാണ്‌. (1 കൊരിന്ത്യർ 13:8, NW) നിങ്ങൾക്കു നിസ്സംശയമായും തോന്നുന്ന സ്‌നേഹം പ്രകടിപ്പിക്കുന്നത്‌ ഒരിക്കലും നിർത്തരുത്‌. നിങ്ങൾ സ്വയം ഇങ്ങനെ ചോദിക്കുക, ‘പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലോ പ്രതിബന്ധങ്ങൾ തരണംചെയ്യുന്നതിലോ വിജയിച്ചതിന്‌ ഓരോ കുട്ടിയെയും ഞാൻ പ്രശംസിക്കാറുണ്ടോ? കുട്ടികളോടുള്ള എന്റെ സ്‌നേഹവും വിലമതിപ്പും പ്രകടിപ്പിക്കാൻ അവസരങ്ങൾ കൈവിട്ടുപോകാതെ അവ എത്രയുംവേഗം പ്രയോജനപ്പെടുത്താറുണ്ടോ?’ ചിലപ്പോഴെല്ലാം തെറ്റിദ്ധാരണകൾ ഉണ്ടായേക്കാമെങ്കിലും, അവരോടു നിങ്ങൾക്കു സ്‌നേഹമുണ്ടെന്നു കൗമാരപ്രായക്കാർക്ക്‌ ഉറപ്പായും തോന്നുന്നെങ്കിൽ, അവർ ആ സ്‌നേഹം തിരിച്ചുതരാനാണു കൂടുതൽ സാധ്യത.

24. കുട്ടികളെ വളർത്തികൊണ്ടുവരുന്നതിൽ, ഒരു പൊതുനിയമം എന്നനിലയിൽ ഏതു തിരുവെഴുത്തു തത്ത്വം സത്യമാണ്‌, എന്നാൽ എന്തു മനസ്സിൽപ്പിടിക്കണം?

24 കുട്ടികൾ പ്രായപൂർത്തിയിലേക്കു വളരുമ്പോൾ, ക്രമേണ അവർ സ്വയം വളരെ ഗൗരവമായ തീരുമാനങ്ങൾ എടുക്കുമെന്നതു തീർച്ചയാണ്‌. ചിലപ്പോൾ മാതാപിതാക്കൾക്ക്‌ ആ തീരുമാനങ്ങൾ ഇഷ്ടപ്പെട്ടെന്നു വരില്ല. കുട്ടി ഇനി യഹോവയാം ദൈവത്തെ സേവിക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നെങ്കിലോ? അതും സംഭവിക്കാവുന്നതാണ്‌. യഹോവയുടെതന്നെ ആത്മപുത്രന്മാരിൽ ചിലർപോലും അവന്റെ ബുദ്ധ്യുപദേശം തിരസ്‌കരിച്ചു മത്സരികളായിമാറി. (ഉല്‌പത്തി 6:2; യൂദാ 6) നമ്മൾ ആഗ്രഹിക്കുന്നവിധത്തിൽ പ്രവർത്തിക്കാൻ പ്രോഗ്രാം ചെയ്‌തുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളല്ല കുട്ടികൾ. തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്കു യഹോവയുടെ മുമ്പാകെ കണക്കുബോധിപ്പിക്കാൻ ഉത്തരവാദിത്വമുള്ള, ഇച്ഛാസ്വാതന്ത്ര്യമുള്ള സൃഷ്ടികളാണ്‌ അവർ. എങ്കിലും, സദൃശവാക്യങ്ങൾ 22:6 ഒരു പൊതുനിയമം എന്നനിലയിൽ സത്യമാണ്‌: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”

25. മാതൃ-പിതൃത്വത്തിന്റെ പദവിക്കു യഹോവയോടു കൃതജ്ഞത പ്രകടിപ്പിക്കാൻ മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല വിധം ഏത്‌?

25 അതുകൊണ്ട്‌, നിങ്ങളുടെ കുട്ടികളോടു കലവറയില്ലാത്ത സ്‌നേഹം കാട്ടുവിൻ. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുവാൻ നിങ്ങളുടെ പരമാവധി ചെയ്യുവിൻ. ദൈവിക നടത്തയുടെ നല്ല മാതൃക വെക്കുവിൻ. അങ്ങനെ, ഉത്തരവാദിത്വമുള്ള, ദൈവഭയമുള്ള മുതിർന്നവർ ആയി വളർന്നുവരുവാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക്‌ ഒരുക്കിക്കൊടുക്കുക. മാതൃ-പിതൃത്വത്തിന്റെ പദവിക്കു യഹോവയോടു കൃതജ്ഞത പ്രകടിപ്പിക്കാൻ മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല വിധം ഇതാണ്‌.