വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഏഴ്‌

വീട്ടിൽ ഒരു മത്സരി ഉണ്ടോ?

വീട്ടിൽ ഒരു മത്സരി ഉണ്ടോ?

1, 2. (എ) യഹൂദ മതനേതാക്കന്മാരുടെ അവിശ്വസ്‌തതയെ എടുത്തുകാട്ടാൻ യേശു എന്തു ദൃഷ്ടാന്തം നൽകി? (ബി) യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു യൗവനക്കാരെക്കുറിച്ച്‌ എന്ത്‌ ആശയം നമുക്കു പഠിക്കാൻ കഴിയും?

 തന്റെ മരണത്തിന്‌ ഏതാനും ദിവസങ്ങൾക്കുമുമ്പ്‌, യേശു യഹൂദ മതനേതാക്കന്മാരുടെ ഒരു കൂട്ടത്തോടു ചിന്തോദ്ദീപകമായ ഒരു ചോദ്യം ചോദിച്ചു. അവൻ പറഞ്ഞു: “നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു; മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്‌ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്‌തതു?” യഹൂദ നേതാക്കന്മാർ ഇങ്ങനെ ഉത്തരം പറഞ്ഞു: “ഒന്നാമത്തവൻ.”—മത്തായി 21:28-31.

2 യേശു ഇവിടെ യഹൂദ നേതാക്കന്മാരുടെ അവിശ്വസ്‌തതയെ എടുത്തുകാട്ടുകയായിരുന്നു. അവർ രണ്ടാമത്തെ പുത്രനെപ്പോലെ ആയിരുന്നു. ദൈവേഷ്ടം ചെയ്യാമെന്നു വാഗ്‌ദാനം ചെയ്‌തെങ്കിലും അവർ പ്രസ്‌തുത വാഗ്‌ദാനം പാലിച്ചില്ല. എന്നാൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള നല്ല ഗ്രാഹ്യത്തിൽ അധിഷ്‌ഠിതമായ ഒരു ദൃഷ്ടാന്തമായിരുന്നു യേശുവിന്റേത്‌ എന്ന്‌ അനേകം മാതാപിതാക്കളും തിരിച്ചറിയും. അവൻ നന്നായി ദൃഷ്ടാന്തീകരിച്ചതുപോലെ, യുവജനങ്ങൾ എന്തു ചിന്തിക്കുന്നുവെന്ന്‌ അറിയുന്നതോ അവർ എന്തു ചെയ്യുമെന്നു പ്രവചിക്കുന്നതോ പലപ്പോഴും പ്രയാസമാണ്‌. യൗവനകാലത്ത്‌ ഒരു യുവവ്യക്തി അനേകം പ്രശ്‌നങ്ങളുണ്ടാക്കുകയും പിന്നീട്‌ ഉത്തരവാദിത്വമുള്ള, നന്നായി ആദരിക്കപ്പെടുന്ന ഒരു മുതിർന്ന വ്യക്തിയായി വളരുകയും ചെയ്‌തേക്കാം. കൗമാര മത്സരം ചർച്ചചെയ്യുമ്പോൾ, മനസ്സിൽപ്പിടിക്കേണ്ട ഒരു സംഗതിയാണ്‌ ഇത്‌.

ഒരു മത്സരി എന്നാലെന്ത്‌?

3. മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ ഒരു മത്സരിയായി പെട്ടെന്നു മുദ്രകുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

3 മാതാപിതാക്കളോടു നേരേ മത്സരിക്കുന്ന കൗമാരപ്രായക്കാരെക്കുറിച്ചു നിങ്ങൾ ഇടയ്‌ക്കിടെ കേൾക്കുന്നുണ്ടാകാം. നിയന്ത്രിക്കാൻ അസാധ്യമെന്നു തോന്നുന്ന, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയുള്ള കുടുംബത്തെ നിങ്ങൾക്കു വ്യക്തിപരമായിപ്പോലും അറിയാമായിരിക്കും. പക്ഷേ, ഒരു കുട്ടി വാസ്‌തവത്തിൽ മത്സരിയാണോ എന്ന്‌ അറിയുക എല്ലായ്‌പോഴും എളുപ്പമല്ല. മാത്രവുമല്ല, ഒരേ കുടുംബത്തിൽത്തന്നെ ചില കുട്ടികൾ മത്സരിക്കുന്നതിന്റെയും മറ്റു കുട്ടികൾ മത്സരിക്കാത്തതിന്റെയും കാരണം മനസ്സിലാക്കുക ദുഷ്‌കരമായിരിക്കും. തങ്ങളുടെ കുട്ടികളിൽ ഒരാൾ ഏതർഥത്തിലും ഒരു മത്സരിയായി തീരുകയായിരിക്കാം എന്നു മാതാപിതാക്കൾ സംശയിക്കുന്നെങ്കിൽ, അവർ എന്തു ചെയ്യണം? ഇതിന്‌ ഉത്തരം പറയാൻ, ഒരു മത്സരി എന്നാലെന്ത്‌ എന്നതിനെക്കുറിച്ചു നാം ആദ്യം സംസാരിക്കേണ്ടതുണ്ട്‌.

4-6. (എ) ഒരു മത്സരി എന്നാലെന്ത്‌? (ബി) കൗമാരപ്രായത്തിലുള്ള കുട്ടി ഇടയ്‌ക്കിടെ അനുസരണക്കേടു കാട്ടുന്നെങ്കിൽ മാതാപിതാക്കൾ എന്ത്‌ ഓർക്കേണ്ടതുണ്ട്‌?

4 ലളിതമായി പറഞ്ഞാൽ, ഉന്നത അധികാരത്തോടു മനഃപൂർവവും സ്ഥിരമായും അനുസരണക്കേടു കാട്ടുകയോ മറുക്കുകയോ ചെയ്യുന്ന, അതിനെ ധിക്കരിക്കുന്ന വ്യക്തിയാണു മത്സരി. തീർച്ചയായും, ‘ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു.’ (സദൃശവാക്യങ്ങൾ 22:15) അതുകൊണ്ട്‌, എല്ലാ കുട്ടികളും ഒരു സമയത്ത്‌ അല്ലെങ്കിൽ മറ്റൊരു സമയത്ത്‌ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും അധികാരത്തോടു മറുക്കുന്നു. യൗവനം എന്നറിയപ്പെടുന്ന ശാരീരികവും വൈകാരികവുമായ വളർച്ചയുടെ സമയത്ത്‌ ഇതു വിശേഷാൽ സത്യമാണ്‌. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഒരു മാറ്റം സമ്മർദം സൃഷ്ടിക്കും. യൗവനമാണെങ്കിലോ അനേകം മാറ്റങ്ങളുടെ സമയമാണുതാനും. കൗമാരപ്രായത്തിലുള്ള പുത്രനോ പുത്രിയോ ശൈശവത്തിൽനിന്നു പ്രായപൂർത്തിയിലേക്കുള്ള പ്രയാണത്തിലാണ്‌. ഇക്കാരണത്താൽ, യൗവനവർഷങ്ങളിൽ, ചില മാതാപിതാക്കൾക്കും കുട്ടികൾക്കും ഒത്തുപോകാൻ വിഷമം നേരിടാറുണ്ട്‌. പലപ്പോഴും മാതാപിതാക്കൾ സഹജവാസനയോടെ പ്രസ്‌തുത പരിവർത്തനത്തെ മന്ദീഭവിപ്പിക്കാൻ ശ്രമിക്കുന്നു, എന്നാൽ കൗമാരപ്രായക്കാരുടെ ആഗ്രഹമോ അതിന്റെ വേഗത കൂട്ടാനും.

5 കൗമാരപ്രായത്തിലുള്ള മത്സരിയായ ഒരു കുട്ടി മാതാപിതാക്കളുടേതായ മൂല്യങ്ങൾക്കുനേരെ മുഖംതിരിച്ചുകളയുന്നു. എന്നാൽ അനുസരണക്കേടിന്റേതായ ഏതാനും പ്രവൃത്തികൾ ഒരുവനെ മത്സരിയാക്കുന്നില്ലെന്നത്‌ ഓർക്കുക. ആത്മീയതയുമായി ബന്ധപ്പെട്ട സംഗതികളുടെ കാര്യത്തിൽ, ചില കുട്ടികൾ ബൈബിൾ സത്യത്തിൽ അല്‌പമാത്രമായ താത്‌പര്യമാവും കാട്ടുക, അല്ലെങ്കിൽ ഒട്ടുംതന്നെ താത്‌പര്യം കാട്ടുകയില്ലായിരിക്കാം. എന്നാൽ അവർ മത്സരികളാകണമെന്നില്ല. ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്നനിലയിൽ, നിങ്ങൾ നിങ്ങളുടെ കുട്ടിയെ മത്സരിയായി പെട്ടെന്നു മുദ്രകുത്തരുത്‌.

6 എല്ലാ യുവജനങ്ങളുടെയും യൗവനവർഷങ്ങളുടെ സവിശേഷതയാണോ മാതാപിതാക്കളുടെ അധികാരത്തിനെതിരെയുള്ള മത്സരം? അല്ലേ അല്ല. വാസ്‌തവത്തിൽ, തെളിവു സൂചിപ്പിക്കുന്നത്‌ കൗമാരപ്രായക്കാരുടെ ഒരു ന്യൂനപക്ഷംമാത്രമേ ഗുരുതരമായ യുവസഹജ മത്സരം പ്രകടമാക്കുന്നുള്ളൂ എന്നാണ്‌. എന്നാൽ, ദുശ്ശാഠ്യത്തോടെയും സ്ഥിരമായും മത്സരിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചോ? അത്തരം മത്സരത്തെ ഇളക്കിവിടുന്നത്‌ എന്തായിരിക്കാം?

മത്സരത്തിന്റെ കാരണങ്ങൾ

7. സാത്താന്യ ചുറ്റുപാട്‌ ഒരു കുട്ടിയെ മത്സരത്തിനു സ്വാധീനിക്കുന്നതെങ്ങനെ?

7 മത്സരത്തിന്റെ ഒരു പ്രമുഖ കാരണം ലോകത്തിന്റെ സാത്താന്യ ചുറ്റുപാടുകളാണ്‌. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ക്രിസ്‌ത്യാനികൾ പോരാടേണ്ടിവരുന്ന ദോഷകരമായ ഒരു സംസ്‌കാരമാണു സാത്താന്റെ അധീനതയിലുള്ള ലോകം വളർത്തിക്കൊണ്ടുവന്നിരിക്കുന്നത്‌. (യോഹന്നാൻ 17:15) ആ സംസ്‌കാരത്തിന്റെ ഏറിയപങ്കും ഇന്നു നികൃഷ്ടവും കൂടുതൽ അപകടകരവും മുമ്പത്തെക്കാൾ കൂടുതൽ മോശമായ സ്വാധീനങ്ങൾ നിറഞ്ഞതുമാണ്‌. (2 തിമൊഥെയൊസ്‌ 3:1-5, 13) മാതാപിതാക്കൾ കുട്ടികൾക്കു വിദ്യാഭ്യാസവും ശാസനയും സംരക്ഷണവും നൽകുന്നില്ലെങ്കിൽ, “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവി”നാൽ യുവപ്രായക്കാർ എളുപ്പം ബാധിക്കപ്പെട്ടേക്കാം. (എഫെസ്യർ 2:2) ഇതുമായി ബന്ധപ്പെട്ടതാണു സമപ്രായക്കാരിൽനിന്നുള്ള സമ്മർദം. “ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20) അതുപോലെ, ഈ ലോകത്തിന്റെ ആത്മാവിന്റെ സ്വാധീനവലയത്തിൽ ആയിരിക്കുന്നവരുമായി സഹവാസം പുലർത്തുന്നവൻ അതേ ആത്മാവിനാൽ സ്വാധീനിക്കപ്പെടാനാണു സാധ്യത. ഏറ്റവും നല്ല ജീവിതരീതിയുടെ അടിത്തറ ദൈവിക തത്ത്വങ്ങളോടുള്ള അനുസരണമാണെന്നു യുവപ്രായക്കാർ വിലമതിക്കണമെങ്കിൽ അവർക്കു നിരന്തര സഹായം ആവശ്യമാണ്‌.—യെശയ്യാവു 48:17, 18.

8. കുട്ടിയുടെ ഭാഗത്തുനിന്നുള്ള മത്സരത്തിലേക്കു നയിച്ചേക്കാവുന്ന ഘടകങ്ങൾ എന്തെല്ലാം?

8 ഭവനത്തിനുള്ളിലെ അന്തരീക്ഷമാവാം മത്സരത്തിന്റെ മറ്റൊരു കാരണം. ഉദാഹരണത്തിന്‌, മാതാപിതാക്കളിൽ ഒരാൾക്കു മദ്യാസക്തിയോ മയക്കുമരുന്നു ദുരുപയോഗമോ, അല്ലെങ്കിൽ ഇണയോട്‌ അക്രമാസക്തമായി ഇടപെടുന്ന സ്വഭാവമോ ഉണ്ടെങ്കിൽ, ജീവിതത്തെക്കുറിച്ച്‌ കൗമാരപ്രായത്തിലുള്ള കുട്ടിയുടെ വീക്ഷണം വികലമായിത്തീരാം. തന്നോടു മാതാപിതാക്കൾക്കു യാതൊരു താത്‌പര്യവുമില്ലെന്ന്‌ ഒരു കുട്ടിക്കു തോന്നുമ്പോൾ, താരതമ്യേന പ്രശാന്തമായ ഭവനങ്ങളിൽപ്പോലും, മത്സരം പൊട്ടിപ്പുറപ്പെട്ടേക്കാം. എന്നിരുന്നാലും, കൗമാര മത്സരത്തിനുള്ള കാരണം എല്ലായ്‌പോഴും ബാഹ്യസ്വാധീനങ്ങളല്ല. ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നവരും ചുറ്റുമുള്ള ലോകത്തിൽനിന്ന്‌ ഒരു പരിധിവരെ കുട്ടികൾക്ക്‌ അഭയമേകുന്നവരുമായ മാതാപിതാക്കൾ ഉണ്ടായിരുന്നിട്ടും ചില കുട്ടികൾ മാതാപിതാക്കളുടേതായ മൂല്യങ്ങൾക്കുനേരെ പുറംതിരിക്കുന്നു. എന്തുകൊണ്ട്‌? ഒരുപക്ഷേ, നമ്മുടെ പ്രശ്‌നങ്ങളുടെ മറ്റൊരു മൂലകാരണം നിമിത്തം—മാനുഷ അപൂർണത. പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ആദാം സ്വാർഥനായ ഒരു മത്സരിയായിരുന്നു. മോശമായ ഒരു പൈതൃകമാണ്‌ അവൻ തന്റെ സന്താനങ്ങൾക്കു നൽകിയത്‌. തങ്ങളുടെ പൂർവികൻ ചെയ്‌തതുപോലെ, ചില യുവപ്രായക്കാർ കേവലം മത്സരം തിരഞ്ഞെടുക്കുന്നു.

സ്വാതന്ത്ര്യം അനുവദിച്ച ഏലിയും സ്വാതന്ത്ര്യം അനുവദിക്കാഞ്ഞ രെഹോബയാമും

9. കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ അതിരുകടന്ന ഏതു നിലപാടുകൾ അവനെ മത്സരത്തിനു പ്രേരിപ്പിച്ചേക്കാം?

9 കൗമാര മത്സരത്തിലേക്കു നയിച്ചിരിക്കുന്ന മറ്റൊരു സംഗതി കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചു മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള സമനിലയില്ലാത്ത വീക്ഷണമാണ്‌. (കൊലൊസ്സ്യർ 3:21) മനസ്സാക്ഷിബോധമുള്ള ചില മാതാപിതാക്കൾ കുട്ടികളെ കർശനമായ നിബന്ധനകൾക്കും ശിക്ഷണത്തിനും വിധേയരാക്കുന്നു. മറ്റുള്ളവരാകട്ടെ, അനുഭവപരിചയമില്ലാത്ത, തങ്ങളുടെ മക്കൾക്കു സംരക്ഷണമേകുന്ന മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യാതെ സ്വാതന്ത്ര്യം അനുവദിക്കുന്നു. അതിരുകടന്ന ഈ രണ്ടു നിലപാടുകൾക്കിടയിൽ ഒരു സമനില കൈവരിക്കുകയെന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. തന്നെയുമല്ല, വ്യത്യസ്‌ത കുട്ടികൾക്കു വ്യത്യസ്‌തമായ ആവശ്യങ്ങളാണുളളത്‌. ഒരാൾക്കു മറ്റേയാളെക്കാൾ കൂടുതൽ മേൽനോട്ടം ആവശ്യമായിരിക്കാം. എങ്കിലും, സ്വാതന്ത്ര്യം അനുവദിക്കാത്തതിലോ സ്വാതന്ത്ര്യം അനുവദിക്കുന്നതിലോ അങ്ങേയറ്റത്തെ നിലപാടു സ്വീകരിക്കുന്നതിലെ അപകടം പ്രകടമാക്കാൻ രണ്ടു ബൈബിൾ ദൃഷ്ടാന്തങ്ങൾ സഹായിക്കും.

10. സാധ്യതയനുസരിച്ച്‌ വിശ്വസ്‌തനായ ഒരു മഹാപുരോഹിതനായിരുന്നിട്ടും ഏലി മോശമായ ഒരു പിതാവ്‌ ആയിരുന്നതെന്തുകൊണ്ട്‌?

10 പുരാതന ഇസ്രായേലിലെ മഹാപുരോഹിതനായിരുന്ന ഏലി ഒരു പിതാവായിരുന്നു. അദ്ദേഹം 40 വർഷം സേവിച്ചു. സംശയലേശമന്യേ, ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അദ്ദേഹത്തിന്‌ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. തന്റെ നിരന്തര പൗരോഹിത്യ കടമകൾ തികഞ്ഞ വിശ്വസ്‌തതയോടെ നിർവഹിച്ചിരിക്കാനും തന്റെ പുത്രന്മാരായ ഹൊഫ്‌നിയെയും ഫിനേഹാസിനെയും ദൈവത്തിന്റെ ന്യായപ്രമാണം പൂർണമായിപ്പോലും പഠിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്‌. എന്നിരുന്നാലും, പുത്രന്മാരുടെ ഇംഗിതത്തിന്‌ അങ്ങേയറ്റം വഴങ്ങുന്നവനായിരുന്നു ഏലി. ഹൊഫ്‌നിയും ഫിനേഹാസും പകരപുരോഹിതന്മാരായി സേവിച്ചിരുന്നു. എന്നാൽ അവർ തങ്ങളുടെ വിശപ്പും അധാർമിക ആഗ്രഹങ്ങളും തൃപ്‌തിപ്പെടുത്തുന്നതിൽ മാത്രം താത്‌പര്യം കാട്ടിയിരുന്ന “ഒന്നിനുംകൊള്ളാത്ത മനുഷ്യർ” ആയിരുന്നു. എന്നിട്ടും, അവർ വിശുദ്ധ സ്ഥലത്തുവെച്ചു മോശമായ പ്രവൃത്തികൾ ചെയ്‌തപ്പോൾ, ഏലിക്ക്‌ അവരെ പദവിയിൽനിന്നു നീക്കിക്കളയാനുള്ള ധൈര്യമുണ്ടായില്ല. അവൻ അവർക്കു കൊടുത്തതു ദുർബലമായ ഒരു ശകാരംമാത്രം. സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതിലൂടെ, ഏലി ദൈവത്തെക്കാളധികം സ്വന്തം പുത്രന്മാരെ ബഹുമാനിച്ചു. തത്‌ഫലമായി, അവന്റെ പുത്രന്മാർ യഹോവയുടെ നിർമല ആരാധനയ്‌ക്കെതിരെ മത്സരിക്കുകയും ഏലിയുടെ മുഴുഭവനവും ദുരന്തം അനുഭവിക്കുകയും ചെയ്‌തു.—1 ശമൂവേൽ 2:12-17, 22-25, 29, NW; 3:13, 14; 4:11-22.

11. ഏലിയുടെ തെറ്റായ മാതൃകയിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

11 ഏലിയുടെ കുട്ടികൾ മുതിർന്നവരായിരിക്കുമ്പോഴാണ്‌ ഈ സംഭവങ്ങളുടെ അരങ്ങേറ്റം. എന്നാൽ ശിക്ഷണം കൊടുക്കാതിരിക്കുന്നതിന്റെ അപകടത്തിന്‌ അടിവരയിടുന്നതാണ്‌ ഈ ചരിത്രം. (സദൃശവാക്യങ്ങൾ 29:21 താരതമ്യം ചെയ്യുക.) വ്യക്തവും സ്ഥിരവും ന്യായയുക്തവുമായ നിയമങ്ങൾ വെച്ച്‌ അവ നടപ്പാക്കാൻ പരാജയപ്പെട്ടുകൊണ്ട്‌, ചില മാതാപിതാക്കൾ സ്വാതന്ത്ര്യം അനുവദിക്കലിനെ സ്‌നേഹംകാട്ടലായി തെറ്റിദ്ധരിക്കുന്നു. ദൈവിക തത്ത്വങ്ങൾ ലംഘിക്കപ്പെടുമ്പോൾപ്പോലും സ്‌നേഹപുരസ്സരമായ ശിക്ഷണം കൊടുക്കുന്നത്‌ അവർ അവഗണിക്കുന്നു. അത്തരം സ്വാതന്ത്ര്യം അനുവദിക്കൽ നിമിത്തം, അവരുടെ കുട്ടികൾ അവസാനം മാതാപിതാക്കളുടെയോ വേറെ ഏതു തരത്തിലുമോ ഉള്ള അധികാരത്തിനു ശ്രദ്ധകൊടുക്കാത്ത അവസ്ഥയിലായിത്തീരുന്നു.—സഭാപ്രസംഗി 8:11 താരതമ്യം ചെയ്യുക.

12. അധികാരം പ്രയോഗിക്കുന്നതിൽ രെഹോബയാമിന്‌ എന്തു തെറ്റു പറ്റി?

12 അധികാരം കൈകാര്യം ചെയ്യുന്നതിലെ അതിരുകടന്ന മറ്റൊരു നിലപാടു കാട്ടിയതിന്റെ ദൃഷ്ടാന്തമാണു രെഹോബയാമിന്റേത്‌. അവൻ ഏകീകൃത ഇസ്രായേൽ രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്നു. എങ്കിലും ആൾ ഒരു നല്ല രാജാവായിരുന്നില്ല. അവന്റെ പിതാവായ ശലോമോൻ ഏർപ്പെടുത്തിയിരുന്ന ഭാരങ്ങളിൽ അസംതൃപ്‌തരായിരുന്ന ആളുകളുള്ള ഒരു പ്രദേശം രെഹോബയാമിന്‌ അവകാശമായി കിട്ടിയിരുന്നു. രെഹോബയാം സഹാനുഭൂതി കാട്ടിയോ? ഇല്ല. അടിച്ചമർത്തൽ നടപടികളിൽ ചിലതു മാറ്റിത്തരാൻ ഒരു പ്രതിനിധിസംഘം അവനോട്‌ ആവശ്യപ്പെട്ടപ്പോൾ, പ്രായമുള്ള ഉപദേഷ്ടാക്കന്മാരിൽനിന്നുള്ള പക്വതയാർന്ന ഉപദേശം കേൾക്കാൻ അവൻ പരാജയപ്പെട്ടു. മാത്രമോ, ആളുകളുടെ നുകം കൂടുതൽ കഠിനതരമാക്കാൻ ആജ്ഞാപിക്കുകയും ചെയ്‌തു. അവന്റെ ദുരഭിമാനം വടക്കേ ദേശത്തെ പത്തു ഗോത്രങ്ങളുടെ മത്സരം ഇളക്കിവിടാനും അങ്ങനെ രാജ്യം രണ്ടായി പിളരാനും ഇടയാക്കി.—1 രാജാക്കന്മാർ 12:1-21; 2 ദിനവൃത്താന്തം 10:19.

13. രെഹോബയാമിന്റെ തെറ്റ്‌ മാതാപിതാക്കൾക്ക്‌ എങ്ങനെ ഒഴിവാക്കാം?

13 രെഹോബയാമിനെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്നു മാതാപിതാക്കൾക്കു ചില പ്രധാനപ്പെട്ട പാഠങ്ങൾ മനസ്സിലാക്കാൻ കഴിയും. അവർ പ്രാർഥനയിൽ “യഹോവയെ അന്വേഷിക്കുക”യും കുട്ടികളെ വളർത്തുന്നതിനുള്ള തങ്ങളുടെ വിധങ്ങളെ ബൈബിൾ തത്ത്വങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്‌. (സങ്കീർത്തനം 105:4, NW) “കേവലം അടിച്ചമർത്തൽ ഒരു ജ്ഞാനി ഭ്രാന്തമായ രീതിയിൽ പെരുമാറാൻ ഇടയാക്കിയേക്കാം” എന്നു സഭാപ്രസംഗി 7:7 [NW] പറയുന്നു. വേണ്ടവണ്ണം ചിന്തിച്ചു നൽകുന്ന മാർഗനിർദേശങ്ങൾ യുവപ്രായക്കാർക്കു വളരാൻ അവസരമൊരുക്കുന്നു, അതേസമയം അവരെ ദോഷത്തിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ വളരെ കർശനവും ന്യായമായ അളവോളം സ്വാശ്രയവും ആത്മവിശ്വാസവും വികസിപ്പിച്ചെടുക്കാനാവാത്തവിധം പിരിമുറുക്കവുമുള്ള ഒരു അന്തരീക്ഷത്തിലല്ല കുട്ടികൾ ജീവിക്കേണ്ടത്‌. ന്യായമായ അളവിലുള്ള പ്രവർത്തനസ്വാതന്ത്ര്യത്തിനും വ്യക്തമായി നിർവചിച്ചിട്ടുളള ദൃഢമായ അതിരുകൾക്കും ഇടയിലെ ഒരു സമനിലയ്‌ക്കുവേണ്ടി മാതാപിതാക്കൾ കഠിനപരിശ്രമം ചെയ്യുമ്പോൾ, കൗമാരപ്രായക്കാർ മത്സരിക്കാൻ സാധ്യത കുറവാണ്‌.

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത്‌ മത്സരത്തെ തടയാനിടയുണ്ട്‌

കൗമാരപ്രായത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കുന്നെങ്കിൽ അവർ കൂടുതൽ സ്ഥിരതയുള്ളവരായി വളരും

14, 15. തങ്ങളുടെ കുട്ടിയുടെ വളർച്ചയെ മാതാപിതാക്കൾ എങ്ങനെ വീക്ഷിക്കണം?

14 തങ്ങളുടെ കുട്ടി ശൈശവഘട്ടത്തിൽനിന്നു പ്രായപൂർത്തിയിലേക്കു ശാരീരികമായി വളരുന്നതു കാണുമ്പോൾ മാതാപിതാക്കൾ ആഹ്ലാദിക്കുന്നുവെങ്കിലും, യൗവനപ്രായമെത്തുന്ന കുട്ടി ആശ്രയത്വത്തിൽനിന്ന്‌ ഉചിതമായ സ്വാശ്രയത്വത്തിലേക്കു നീങ്ങാൻ തുടങ്ങുമ്പോൾ അവർക്ക്‌ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഈ പരിവർത്തന ഘട്ടത്തിൽ, നിങ്ങളുടെ കൗമാരപ്രായക്കാരൻ ഇടയ്‌ക്കിടെ ശാഠ്യക്കാരനോ നിസ്സഹകരണം കാട്ടുന്നവനോ ആകുന്നെങ്കിൽ, അത്ഭുതപ്പെടരുത്‌. പക്വതയും ഉറപ്പും ഉത്തരവാദിത്വവുമുള്ള ക്രിസ്‌ത്യാനിയായി അവനെ വളർത്തിക്കൊണ്ടുവരികയാണു ക്രിസ്‌തീയ മാതാപിതാക്കളുടെ ലക്ഷ്യമെന്ന്‌ ഓർക്കുക.—1 കൊരിന്ത്യർ 13:11; എഫെസ്യർ 4:13, 14 എന്നിവ താരതമ്യം ചെയ്യുക.

15 ദുഷ്‌കരമായിരുന്നേക്കാമെങ്കിലും, കൂടുതൽ സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ കുട്ടികളുടെ ഏതൊരു അഭ്യർഥനയോടും നിഷേധാത്മകമായി പ്രതികരിക്കുന്ന സ്വഭാവം മാതാപിതാക്കൾ വിട്ടുകളയണം. ആരോഗ്യാവഹമായ ഒരു വിധത്തിൽ, ഒരു വ്യക്തി എന്നനിലയിൽ ഒരു കുട്ടി വളർന്നുവരേണ്ടയാവശ്യമുണ്ട്‌. ഏതാണ്ടു യുവപ്രായത്തിൽതന്നെ, ചില കൗമാരപ്രായക്കാർ മുതിർന്നവരുടെ കാഴ്‌ചപ്പാടു വളർത്തിയെടുക്കാൻ തുടങ്ങുന്നുവെന്നതു വാസ്‌തവംതന്നെ. ഉദാഹരണത്തിന്‌, യുവാവായ യോശിയാവ്‌ രാജാവിനെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ യൌവനത്തിൽ [ഏതാണ്ട്‌ 15 വയസ്സുള്ളപ്പോൾ] തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി.” ഈ മികച്ച കൗമാരപ്രായക്കാരൻ വ്യക്തമായും ഉത്തരവാദിത്വബോധമുള്ള ഒരു വ്യക്തിയായിരുന്നു.—2 ദിനവൃത്താന്തം 34:1-3.

16. കുട്ടികൾക്കു കൂടുതൽ ഉത്തരവാദിത്വം നൽകപ്പെടുമ്പോൾ, അവർ എന്തു തിരിച്ചറിയണം?

16 എന്നിരുന്നാലും, സ്വാതന്ത്ര്യം ഒപ്പംതന്നെ ഉത്തരവാദിത്വവും കൈവരുത്തുന്നു. അതുകൊണ്ട്‌, പ്രായപൂർത്തിയിലേക്കു വളർന്നുവരുന്ന നിങ്ങളുടെ കുട്ടിയെ അവന്റെ ചില തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും ഭവിഷ്യത്തുകൾ അനുഭവിക്കാൻ അനുവദിക്കുക. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന തത്ത്വം മുതിർന്നവർക്കും കൗമാരപ്രായക്കാർക്കും ബാധകമാണ്‌. (ഗലാത്യർ 6:7) കുട്ടികളെ എന്നും സംരക്ഷണവലയത്തിൽ സൂക്ഷിക്കാനാവില്ല. എങ്കിലും, തീർത്തും അസ്വീകാര്യമായ എന്തെങ്കിലും ഒരു സംഗതി ചെയ്യാൻ നിങ്ങളുടെ കുട്ടി ആഗ്രഹിക്കുന്നെങ്കിലോ? ഉത്തരവാദിത്വമുള്ള ഒരു പിതാവ്‌ എന്നനിലയിൽ, “അരുത്‌” എന്നു നിങ്ങൾ പറയണം. അതേസമയം, നിങ്ങൾ കാരണങ്ങൾ വിശദീകരിക്കുമ്പോൾ, നിങ്ങളുടെ വിസ്സമ്മതത്തെ സമ്മതമാക്കിമാറ്റാൻ യാതൊന്നിനെയും അനുവദിക്കരുത്‌. (മത്തായി 5:37 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, ശാന്തവും ന്യായയുക്തവുമായ വിധത്തിൽ “അരുത്‌” എന്നു പറയാൻ ശ്രമിക്കുക. കാരണം “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 15:1.

17. മാതാവ്‌ അല്ലെങ്കിൽ പിതാവു നിറവേറ്റിക്കൊടുക്കേണ്ടതായ, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയുടെ ചില ആവശ്യങ്ങൾ ഏവ?

17 യുവജനങ്ങൾ നിബന്ധനകളോടും നിയമങ്ങളോടും എല്ലായ്‌പോഴും മനസ്സൊരുക്കത്തോടെ യോജിക്കില്ലെങ്കിൽപ്പോലും, നിരന്തര ശിക്ഷണത്തിൽനിന്നുള്ള സുരക്ഷിതത്വം അവർക്ക്‌ ആവശ്യമാണ്‌. ഓരോ നേരത്തും മാതാവിന്‌ അല്ലെങ്കിൽ പിതാവിനു തോന്നുന്ന വിധത്തിൽ നിയമങ്ങൾ കൂടെക്കൂടെ മാറ്റുന്നതു നിരാശാജനകമാണ്‌. കൂടാതെ, സംസാരിക്കാനുള്ള ധൈര്യക്കുറവോ നാണമോ ആത്മവിശ്വാസമില്ലായ്‌മയോ പരിഹരിക്കുന്നതിൽ കൗമാരപ്രായക്കാർക്ക്‌ ആവശ്യാനുസരണം പ്രോത്സാഹനവും സഹായവും ലഭിക്കുന്നെങ്കിൽ, അവർ കൂടുതൽ സ്ഥിരതയുള്ളവരായി വളർന്നുവരാൻ സാധ്യതയുണ്ട്‌. തങ്ങൾ ആർജിച്ചെടുത്ത വിശ്വാസം കൗമാരപ്രായക്കാർക്കു ലഭിക്കുമ്പോൾ അവർ അതു വിലമതിക്കുകയും ചെയ്യും.—യെശയ്യാവു 35:3, 4; ലൂക്കൊസ്‌ 16:10; 19:17 എന്നിവ താരതമ്യം ചെയ്യുക.

18. കൗമാരപ്രായക്കാരെക്കുറിച്ചുള്ള പ്രോത്സാഹജനകമായ ചില സത്യങ്ങൾ ഏവ?

18 കുടുംബത്തിനുള്ളിൽ സമാധാനവും ഭദ്രതയും സ്‌നേഹവും നിലനിൽക്കുമ്പോൾ കുട്ടികൾ സാധാരണമായി അഭിവൃദ്ധിപ്രാപിക്കുമെന്ന്‌ അറിയുന്നതു മാതാപിതാക്കൾക്ക്‌ ആശ്വാസകരമാണ്‌. (എഫെസ്യർ 4:31, 32; യാക്കോബ്‌ 3:17, 18) എന്തിന്‌, മദ്യാസക്തി, അക്രമം, അല്ലെങ്കിൽ മറ്റേതെങ്കിലും ദോഷകരമായ സ്വാധീനം എന്നിവയുള്ള കുടുംബങ്ങളിൽ, അനേകം യുവപ്രായക്കാർ മോശമായ ഭവനാന്തരീക്ഷംപോലും തരണം ചെയ്‌ത്‌ പ്രായപൂർത്തിവന്ന ഉത്തമ വ്യക്തികളായി വളർന്നുവന്നിട്ടുണ്ട്‌. അതുകൊണ്ട്‌, പിന്തുണയ്‌ക്കൊപ്പം തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിലുള്ള ന്യായയുക്തമായ നിബന്ധനകളും ശിക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ കൗമാരപ്രായക്കാർക്കു സുരക്ഷിതത്വം തോന്നുകയും തങ്ങൾക്കു സ്‌നേഹവും വാത്സല്യവും ശ്രദ്ധയും ലഭിക്കുമെന്ന്‌ അവർ അറിയുകയും ചെയ്യുന്ന ഭവനം നിങ്ങൾ പ്രദാനം ചെയ്യുന്നെങ്കിൽ, അവർ നിങ്ങൾക്ക്‌ അഭിമാനം തോന്നുന്ന തരത്തിലുള്ള മുതിർന്നവരായി വളർന്നുവരാൻ വളരെ സാധ്യതയുണ്ട്‌.—സദൃശവാക്യങ്ങൾ 27:11 താരതമ്യം ചെയ്യുക.

കുട്ടികൾ വിഷമതകളിലകപ്പെടുമ്പോൾ

19. കുട്ടി പോകേണ്ടുന്ന വഴിയിൽ മാതാപിതാക്കൾ അവനെ പരിശീലിപ്പിക്കണമെങ്കിലും, കുട്ടിക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

19 മാതാപിതാക്കളുടെ ധർമം നല്ല രീതിയിൽ നിറവേറ്റുന്നതുകൊണ്ടു ഫലമുണ്ട്‌. സദൃശവാക്യങ്ങൾ 22:6 ഇങ്ങനെ പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” എങ്കിലും, നല്ല മാതാപിതാക്കളുണ്ടായിരുന്നിട്ടും ഗുരുതരമായ പ്രശ്‌നങ്ങളുള്ള കുട്ടികളുടെ കാര്യമോ? ഇതു സാധ്യമാണോ? അതേ. മാതാപിതാക്കളെ “കേൾക്കാ”നും അവരെ അനുസരിക്കാനുമുള്ള കുട്ടിയുടെ ഉത്തരവാദിത്വത്തിന്‌ ഊന്നൽകൊടുക്കുന്ന മറ്റു വാക്യങ്ങളുടെ വെളിച്ചത്തിലാണു സദൃശവാക്യത്തിലെ വാക്കുകൾ മനസ്സിലാക്കേണ്ടത്‌. (സദൃശവാക്യങ്ങൾ 1:8) കുടുംബ ഐക്യം ഉണ്ടാകണമെങ്കിൽ, തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ മാതാവും പിതാവും കുട്ടിയും സഹകരിക്കണം. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു പ്രവർത്തിക്കുന്നില്ലെങ്കിൽ, വിഷമതകൾ ഉടലെടുക്കും.

20. വീണ്ടുവിചാരമില്ലാതെ കുട്ടികൾ തെറ്റുചെയ്യുമ്പോൾ, മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ജ്ഞാനപൂർവകമായ സമീപനം എന്തായിരിക്കണം?

20 കൗമാരപ്രായത്തിലുള്ള ഒരു കുട്ടി തെറ്റുചെയ്യുകയും കുഴപ്പത്തിലകപ്പെടുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കണം? അപ്പോൾ, കുട്ടിക്കു സഹായം വിശേഷാൽ ആവശ്യമാണ്‌. തങ്ങൾ അനുഭവപരിചയമില്ലാത്ത ഒരു യുവാവുമായാണ്‌ ഇടപെടുന്നതെന്നു മാതാപിതാക്കൾ ഓർക്കുന്നെങ്കിൽ, അമിതപ്രതികരണം നടത്താനുള്ള പ്രവണതയെ അവർ കൂടുതൽ അനായാസം ചെറുക്കും. സഭയിൽ പക്വതയുള്ളവരെ പൗലോസ്‌ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മീകരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ.” (ഗലാത്യർ 6:1) വീണ്ടുവിചാരമില്ലാതെ, തെറ്റുചെയ്‌ത ഒരു യുവവ്യക്തിയുമായി ഇടപെടുമ്പോൾ, ഇതേ നടപടിതന്നെ മാതാപിതാക്കൾക്കു പിൻപറ്റാൻ കഴിയും. അവന്റെ നടത്ത തെറ്റായിരുന്നത്‌ എന്തുകൊണ്ടെന്നും അവൻ തെറ്റ്‌ ആവർത്തിക്കുന്നത്‌ ഒഴിവാക്കേണ്ടത്‌ എങ്ങനെയെന്നും വ്യക്തമായി വിശദീകരിക്കവേ, മോശമായിരിക്കുന്നതു തെറ്റായ നടത്തയാണ്‌, അല്ലാതെ യുവവ്യക്തിയല്ല എന്നു മാതാപിതാക്കൾക്കു വ്യക്തമാക്കണം.—യൂദാ 22, 23 താരതമ്യം ചെയ്യുക.

21. തങ്ങളുടെ കുട്ടികൾ ഗുരുതരമായ പാപം ചെയ്യുമ്പോൾ, ക്രിസ്‌തീയ സഭയുടെ മാതൃക പിൻപറ്റിക്കൊണ്ടു മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കണം?

21 യുവപ്രായക്കാരന്റെ ദുഷ്‌കൃത്യം വളരെ ഗുരുതരമാണെങ്കിലോ? അത്തരം സന്ദർഭങ്ങളിൽ കുട്ടിക്കു പ്രത്യേക സഹായവും വിദഗ്‌ധമായ നിർദേശവും ആവശ്യമാണ്‌. ഒരു സഭാംഗം ഗുരുതരമായ ഒരു പാപം ചെയ്യുമ്പോൾ, അനുതപിക്കാനും സഹായത്തിനായി മൂപ്പന്മാരെ സമീപിക്കാനും അയാൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (യാക്കോബ്‌ 5:14-16) അയാൾ അനുതപിച്ചാൽ, അയാളെ ആത്മീയമായി യഥാസ്ഥാനപ്പെടുത്താൻ മൂപ്പന്മാർ അയാളോടൊപ്പം പ്രവർത്തിക്കുന്നു. സംഗതി മൂപ്പന്മാരുമായി ചർച്ചചെയ്യേണ്ട ആവശ്യമുണ്ടെങ്കിലും, കുടുംബത്തിൽ തെറ്റുചെയ്യുന്ന, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിക്കു സഹായമേകുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്‌. തങ്ങളുടെ കുട്ടികളിൽ ഒരാൾ ചെയ്‌ത ഗുരുതരമായ ഏതു പാപങ്ങളെയും കുറിച്ചുള്ള വിവരം മൂപ്പന്മാരുടെ സംഘത്തിൽനിന്നു മറച്ചുപിടിക്കാൻ ശ്രമിക്കരുത്‌.

22. തങ്ങളുടെ കുട്ടി ഗുരുതരമായ തെറ്റുചെയ്യുന്നെങ്കിൽ, യഹോവയെ അനുകരിച്ചുകൊണ്ടു മാതാപിതാക്കൾ ഏതു മനോഭാവം നിലനിർത്താൻ ശ്രമിക്കും?

22 സ്വന്തം കുട്ടികളുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു പ്രശ്‌നം വളരെ പ്രയാസകരമാണ്‌. വൈകാരിക പിരിമുറുക്കത്തിലാകുന്ന മാതാപിതാക്കൾക്ക്‌ വഴിപിഴച്ച കുട്ടിയെ ദേഷ്യത്തിൽ ഭീഷണിപ്പെടുത്താൻ തോന്നിയേക്കാം. എന്നാൽ ഇത്‌ അവനെ പ്രകോപിപ്പിക്കുകയേ ഉള്ളൂ. ഈ യുവവ്യക്തിയുടെ ഭാവി, നിർണായക സമയത്ത്‌ അവനോടു പെരുമാറിയ വിധത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു മനസ്സിൽപ്പിടിക്കുക. തന്റെ ജനങ്ങൾ ശരിയായതു ചെയ്യുന്നതിൽനിന്നു വ്യതിചലിക്കുകയും പിന്നീട്‌ അവർ അനുതപിക്കുകയും ചെയ്‌തപ്പോൾ യഹോവ ക്ഷമിക്കാൻ തയ്യാറായിരുന്നുവെന്നും ഓർക്കുക. അവന്റെ സ്‌നേഹപുരസ്സരമായ ഈ വാക്കുകൾ ശ്രദ്ധിക്കുക: “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശയ്യാവു 1:18) മാതാപിതാക്കൾക്ക്‌ എന്തൊരു ഉത്തമ മാതൃക!

23. തങ്ങളുടെ കുട്ടികളിൽ ഒരാൾ ഗുരുതരമായ തെറ്റുചെയ്‌തിരിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ എങ്ങനെ പ്രവർത്തിക്കണം, എന്ത്‌ ഒഴിവാക്കണം?

23 അതുകൊണ്ട്‌, വഴിതെറ്റിയവനെ തന്റെ ഗതിക്കു മാറ്റംവരുത്തുന്നതിനു പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. അനുഭവസമ്പന്നരായ മാതാപിതാക്കളിൽനിന്നും സഭാ മൂപ്പന്മാരിൽനിന്നും ശരിയായ ഉപദേശം തേടുക. (സദൃശവാക്യങ്ങൾ 11:14) കുട്ടി നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരുന്നതു ദുഷ്‌കരമാക്കുന്ന എന്തെങ്കിലും സംഗതികൾ എടുത്തുചാടി പ്രവർത്തിക്കുകയോ പറയുകയോ ചെയ്യാൻ ശ്രമിക്കരുത്‌. നിയന്ത്രണംവിട്ട ക്രോധവും കാലുഷ്യവും ഒഴിവാക്കുക. (കൊലൊസ്സ്യർ 3:8) പെട്ടെന്നു വിട്ടുകളയാൻ തുനിയരുത്‌. (1 കൊരിന്ത്യർ 13:4, 7) വഷളത്വത്തെ വെറുക്കുമ്പോൾത്തന്നെ, കുട്ടിയുടെ നേർക്കു പ്രതികരണവിമുഖനും കയ്‌പുള്ളവനും ആയിത്തീരാതെ ശ്രദ്ധിക്കുക. പരമപ്രധാനമായി, മാതാപിതാക്കൾ ഉത്തമ മാതൃക വെക്കാനും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം ശക്തമായി സൂക്ഷിക്കാനും കഠിനമായി ശ്രമിക്കണം.

കടുത്ത മത്സരബുദ്ധിക്കാരനെ കൈകാര്യം ചെയ്യൽ

24. ഒരു ക്രിസ്‌തീയ കുടുംബത്തിൽ സങ്കടകരമായ ഏതു സ്ഥിതിവിശേഷം ഉടലെടുത്തേക്കാം, ഒരു പിതാവു പ്രതികരിക്കേണ്ടതെങ്ങനെ?

24 ഒരു കുട്ടി മത്സരിക്കാനും ക്രിസ്‌തീയ മൂല്യങ്ങളെ പൂർണമായും തിരസ്‌കരിക്കാനും തീരുമാനിച്ചുറച്ചിരിക്കുകയാണെന്നു ചിലപ്പോൾ വ്യക്തമായിത്തീരുന്നു. അപ്പോൾ ശ്രദ്ധ തിരിച്ചുവിടേണ്ടത്‌ ശേഷിക്കുന്നവരുടെ കുടുംബ ജീവിതത്തെ നിലനിർത്തുന്നതോ പടുത്തുയർത്തുന്നതോ ആയ കാര്യത്തിൽ ആയിരിക്കണം. നിങ്ങളുടെ മുഴു ഊർജവും മത്സരിയുടെ നേരേ തിരിച്ചുവിടാതിരിക്കാനും അങ്ങനെ മറ്റുള്ള കുട്ടികളെ അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. മറ്റു കുടുംബാംഗങ്ങളിൽനിന്നു കുഴപ്പം മറച്ചുപിടിക്കുന്നതിനുപകരം, ഒരു ഉചിതമായ അളവോളവും അവരെ ശക്തിപ്പെടുത്തുന്ന വിധത്തിലും അവരുമായി സംഗതി ചർച്ചചെയ്യുക.—സദൃശവാക്യങ്ങൾ 20:18 താരതമ്യം ചെയ്യുക.

25. (എ) കുട്ടി ഒരു കടുത്ത മത്സരബുദ്ധിക്കാരൻ ആയിത്തീരുന്നെങ്കിൽ, ക്രിസ്‌തീയ സഭയുടെ മാതൃക പിൻപറ്റിക്കൊണ്ട്‌, മാതാപിതാക്കൾ എങ്ങനെ പ്രവർത്തിക്കേണ്ടതുണ്ടായിരിക്കാം? (ബി) തങ്ങളുടെ കുട്ടികളിൽ ഒരാൾ മത്സരിക്കുന്നപക്ഷം മാതാപിതാക്കൾ എന്ത്‌ ഓർക്കേണ്ടതുണ്ട്‌?

25 സഭയിൽ തിരുത്താനാവാത്ത മത്സരിയായിത്തീരുന്ന ഒരുവനെക്കുറിച്ച്‌ അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറയുകയുണ്ടായി: “പ്രസ്‌തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ അവനെ നിങ്ങൾ വീട്ടിൽ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്‌.” (2 യോഹന്നാൻ 10, പി.ഒ.സി. ബൈ.) സ്വന്തം കുട്ടി നിയമപരമായി പ്രായപൂർത്തിയെത്തുകയും ഏതർഥത്തിലും ഒരു മത്സരി ആയിത്തീരുകയും ചെയ്യുന്നെങ്കിൽ, അവനോടു സമാനമായ ഒരു നിലപാട്‌ എടുക്കുന്നത്‌ അത്യാവശ്യമാണെന്നു മാതാപിതാക്കൾക്കു തോന്നാം. അത്തരമൊരു പ്രവൃത്തി എത്രമാത്രം ദുഷ്‌കരവും വേദനാജനകവുമായിരുന്നാലും, കുടുംബത്തിലെ ശേഷിക്കുന്നവരെ സംരക്ഷിക്കുന്നതിന്‌ അതു ചിലപ്പോൾ അത്യന്താപേക്ഷിതമാണ്‌. നിങ്ങളുടെ കുടുംബത്തിനു നിങ്ങളുടെ സംരക്ഷണവും തുടർച്ചയായ മേൽനോട്ടവും ആവശ്യമാണ്‌. അതുകൊണ്ട്‌, വ്യക്തമായി നിർവചിക്കപ്പെട്ടതും, എന്നാൽ ന്യായയുക്തവുമായ പെരുമാറ്റ പരിധികൾ വെക്കുന്നതിൽ തുടരുക. മറ്റു കുട്ടികളുമായി ആശയവിനിയമം നടത്തുക. അവർ സ്‌കൂളിലും സഭയിലും എങ്ങനെ വർത്തിക്കുന്നുവെന്നതിൽ താത്‌പര്യം കാട്ടുക. മാത്രമല്ല, കുട്ടിയുടെ മത്സര പ്രവൃത്തികളെ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും നിങ്ങൾ അവനെ വെറുക്കുന്നില്ലെന്ന്‌ അവർ അറിയട്ടെ. മോശമായ പ്രവൃത്തിയെയാണ്‌, അല്ലാതെ കുട്ടിയെയല്ല കുറ്റംവിധിക്കേണ്ടത്‌. യാക്കോബിന്റെ രണ്ടു പുത്രന്മാരുടെ ക്രൂരമായ പ്രവൃത്തി നിമിത്തം സമുദായത്തിൽനിന്ന്‌ ഒറ്റപ്പെടൽ നേരിട്ടപ്പോൾ, യാക്കോബ്‌ ശപിച്ചതു പുത്രന്മാരെയല്ല, അവരുടെ അക്രമാസക്തമായ ക്രോധത്തെയായിരുന്നു.—ഉല്‌പത്തി 34:1-31; 49:5-7.

26. തങ്ങളുടെ കുട്ടികളിൽ ഒരാൾ മത്സരിക്കുന്നപക്ഷം, മനസ്സാക്ഷിബോധമുള്ള മാതാപിതാക്കൾക്ക്‌ എന്തിൽനിന്ന്‌ ആശ്വാസം കൈക്കൊള്ളാവുന്നതാണ്‌?

26 നിങ്ങളുടെ കുടുംബത്തിൽ സംഭവിച്ച സംഗതികൾക്കുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചു യഹോവയുടെ മാർഗനിർദേശം പിൻപറ്റിക്കൊണ്ടു നിങ്ങളാലാവുന്നതെല്ലാം നിങ്ങൾ പ്രാർഥനാപൂർവം ചെയ്‌തിട്ടുണ്ടെങ്കിൽ, അന്യായമായി നിങ്ങളെത്തന്നെ വിമർശിക്കേണ്ട യാതൊരാവശ്യവുമില്ല. പൂർണതയുള്ള ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ ആയിരിക്കാൻ ആർക്കും കഴിയില്ലെന്നുവരികിലും നല്ല ഒരാളായിരിക്കാൻ നിങ്ങൾ മനസ്സാക്ഷിപൂർവം ശ്രമിച്ചുവെന്ന വസ്‌തുതയിൽ ആശ്വാസം കൊള്ളുക. (പ്രവൃത്തികൾ 20:26 താരതമ്യം ചെയ്യുക.) ഏതർഥത്തിലും മത്സരിയായ ഒരാൾ കുടുംബത്തിൽ ഉണ്ടായിരിക്കുകയെന്നതു ഹൃദയഭേദകമാണ്‌. എന്നാൽ അങ്ങനെ നിങ്ങൾക്കു സംഭവിക്കുന്നപക്ഷം, ദൈവം തന്റെ സമർപ്പിത ദാസരെ മനസ്സിലാക്കുന്നുവെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കയില്ലെന്നും ഉറപ്പുള്ളവരായിരിക്കുക. (സങ്കീർത്തനം 27:10) അതുകൊണ്ട്‌, ശേഷിക്കുന്ന കുട്ടികൾക്കു സുരക്ഷിതവും ആത്മീയവുമായ ഒരു അഭയസ്ഥാനമായി നിങ്ങളുടെ ഭവനത്തെ കാത്തുസൂക്ഷിക്കുന്നതിൽ ദൃഢചിത്തരായിരിക്കുക.

27. ധൂർത്തപുത്രന്റെ ഉപമ ഓർത്തുകൊണ്ട്‌, മത്സരിയായ കുട്ടിയുടെ മാതാപിതാക്കൾക്ക്‌ എല്ലായ്‌പോഴും എന്തിനായി പ്രത്യാശിക്കാൻ കഴിയും?

27 കൂടാതെ, നിങ്ങൾ ഒരിക്കലും പ്രത്യാശ കൈവെടിയരുത്‌. ഉചിതമായ പരിശീലനം കൊടുക്കുന്നതിലുള്ള നിങ്ങളുടെ ആദ്യകാല ശ്രമങ്ങൾ വഴിതെറ്റിപ്പോയ കുട്ടിയുടെ ഹൃദയത്തെ അവസാനം സ്വാധീനിക്കുകയും അവനെ സുബോധത്തിലേക്കു തിരികെ വരുത്തുകയും ചെയ്‌തേക്കാം. (സഭാപ്രസംഗി 11:6) നിങ്ങൾക്കുള്ള അതേ അനുഭവംതന്നെ അനേകം ക്രിസ്‌തീയ കുടുംബങ്ങൾക്കും ഉണ്ടായിട്ടുണ്ട്‌. ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ പിതാവിനെപ്പോലെ, ചിലർ വഴിപിഴച്ച കുട്ടികൾ തിരിച്ചുവരുന്നതു കണ്ടിട്ടുണ്ട്‌. (ലൂക്കൊസ്‌ 15:11-32) അതുതന്നെ നിങ്ങൾക്കും സംഭവിക്കാം.