വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പത്ത്‌

ഒരു കുടുംബാംഗം രോഗിയായിരിക്കുമ്പോൾ

ഒരു കുടുംബാംഗം രോഗിയായിരിക്കുമ്പോൾ

1, 2. സാത്താൻ ദുരന്തത്തെയും രോഗത്തെയും ഇയ്യോബിന്റെ നിർമലതയെ തകർക്കാൻ ഉപയോഗിച്ചതെങ്ങനെ?

 ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിച്ചവരുടെ കൂട്ടത്തിൽ തീർച്ചയായും ഇയ്യോബ്‌ എന്ന പുരുഷനെയും ഉൾപ്പെടുത്തേണ്ടതാണ്‌. ബൈബിൾ അവനെ “സകലപൂർവ്വദിഗ്വാസികളിലും മഹാൻ” എന്നു വിളിക്കുന്നു. അവന്‌ ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു, മൊത്തം പത്തു മക്കൾ. തന്റെ കുടുംബത്തെ നല്ല രീതിയിൽ പുലർത്താനുള്ള സാമ്പത്തികസ്ഥിതിയും അവനുണ്ടായിരുന്നു. സർവപ്രധാനമായി, ആത്മീയ പ്രവർത്തനങ്ങളിൽ അവൻ നേതൃത്വം എടുക്കുകയും യഹോവയുടെ മുമ്പാകെയുള്ള തന്റെ കുട്ടികളുടെ നില സംബന്ധിച്ചു താത്‌പര്യം കാട്ടുകയും ചെയ്‌തു. ഇതെല്ലാം ഉറ്റ, സന്തുഷ്ട കുടുംബ ബന്ധങ്ങളിൽ കലാശിച്ചു.—ഇയ്യോബ്‌ 1:1-5.

2 ഇയ്യോബിന്റെ അവസ്ഥ യഹോവയാം ദൈവത്തിന്റെ ബദ്ധശത്രുവായ സാത്താന്റെ ശ്രദ്ധയിൽപ്പെടാതിരുന്നില്ല. ദൈവദാസന്മാരുടെ നിർമലത തകർക്കാനുള്ള മാർഗങ്ങൾ നിരന്തരം തേടിനടക്കുന്ന സാത്താൻ, ഇയ്യോബിന്റെ സന്തുഷ്ട കുടുംബത്തെ നശിപ്പിച്ചുകൊണ്ട്‌ അവനെ ആക്രമിച്ചു. പിന്നെ അവൻ “ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.” അങ്ങനെ ദുരന്തവും രോഗവും ഉപയോഗിച്ച്‌ ഇയ്യോബിന്റെ നിർമലത തകർക്കാമെന്നു സാത്താൻ പ്രത്യാശിച്ചു.—ഇയ്യോബ്‌ 2:6, 7.

3. ഇയ്യോബിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാമായിരുന്നു?

3 ബൈബിൾ ഇയ്യോബിന്റെ രോഗത്തിന്റെ വൈദ്യശാസ്‌ത്രനാമം തരുന്നില്ല. എങ്കിലും, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചു നമ്മോടു പറയുന്നുണ്ട്‌. ശരീരമാസകലം പുഴുക്കൾ. വ്രണത്താൽ അഴുകിയ ത്വക്ക്‌. ദുർഗന്ധമുള്ള ശ്വാസം. നാറുന്ന ശരീരം. അവൻ വേദനകൊണ്ടു പുളയുകയായിരുന്നു. (ഇയ്യോബ്‌ 7:5; 19:17; 30:17, 30) കഠിനവേദനയിൽ ചാരത്തിൽ ഇരുന്നുകൊണ്ട്‌ ഇയ്യോബ്‌ പൊട്ടിയ മൺപാത്രക്കഷണം ഉപയോഗിച്ച്‌ ശരീരം ചുരണ്ടി. (ഇയ്യോബ്‌ 2:8) ശോചനീയമായ ഒരു കാഴ്‌ചതന്നെ!

4. കാലാകാലങ്ങളിൽ ഓരോ കുടുംബത്തിനും എന്ത്‌ അനുഭവം ഉണ്ടാകുന്നു?

4 അത്തരമൊരു ഗുരുതരമായ രോഗത്താൽ കഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ഇയ്യോബിനോടു ചെയ്‌തതുപോലെ, ഇന്ന്‌ സാത്താൻ ദൈവദാസരെ രോഗംകൊണ്ടു പ്രഹരിക്കുന്നില്ല. എങ്കിലും, മാനുഷ അപൂർണത, ദൈനംദിന ജീവിതത്തിന്റെ സമ്മർദങ്ങൾ, കൂടാതെ നാം ജീവിക്കുന്ന വഷളായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി എന്നിവയെല്ലാം നിമിത്തം ഇടയ്‌ക്കിടെ കുടുംബാംഗങ്ങൾക്ക്‌ അസുഖം പിടിപെടുമെന്നതു പ്രതീക്ഷിക്കാവുന്നതേയുള്ളൂ. പ്രതിരോധ നടപടികൾ സ്വീകരിച്ചേക്കാമെന്നു വരികിലും, നാമെല്ലാം അസുഖം പിടിപെടാവുന്ന അവസ്ഥയിലാണ്‌. ചുരുക്കം ചിലരുടെ കാര്യത്തിലേ, ഇയ്യോബിനു നേരിട്ട അളവോളം സഹിക്കേണ്ടിവരുകയുള്ളൂ എങ്കിൽത്തന്നെയും രോഗം നമ്മുടെ കുടുംബത്തെ ആക്രമിക്കുമ്പോൾ, അതു വാസ്‌തവത്തിൽ ഒരു വെല്ലുവിളി ആയിരിക്കാവുന്നതാണ്‌. അതുകൊണ്ട്‌, മനുഷ്യവർഗത്തിന്റെ സന്തതസഹചാരിയായിരിക്കുന്ന ഈ ശത്രുവിനെ നേരിടുന്നതിനു ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നു നോക്കാം.—സഭാപ്രസംഗി 9:11; 2 തിമൊഥെയൊസ്‌ 3:16.

നിങ്ങൾക്ക്‌ അതേക്കുറിച്ച്‌ എന്തു തോന്നുന്നു?

5. താത്‌കാലിക രോഗങ്ങളുടെ കാര്യത്തിൽ സാധാരണമായി കുടുംബാംഗങ്ങൾ പ്രതികരിക്കുന്നതെങ്ങനെ?

5 കാരണം എന്തുതന്നെയായാലും, ജീവിതത്തിന്റെ സാധാരണ ദിനചര്യയുടെ താളംതെറ്റൽ എല്ലായ്‌പോഴും ദുഷ്‌കരമാണ്‌. ദീർഘകാല രോഗം നിമിത്തമാണ്‌ ആ താളംതെറ്റലെങ്കിൽ, ഇതു വിശേഷാൽ സത്യമാണ്‌. ഹ്രസ്വകാല രോഗമാണെങ്കിൽപ്പോലും പൊരുത്തപ്പെടുത്തലുകളും ഇളവുകളും ത്യാഗങ്ങളും ആവശ്യമാണ്‌. ആരോഗ്യമുള്ള കുടുംബാംഗങ്ങൾ രോഗിക്കു വിശ്രമം ലഭിക്കാൻ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടിവന്നേക്കാം. അവർ ചില പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കേണ്ടതുണ്ടായിരിക്കാം. ഇനിയും, ചിന്തയുള്ളവരായിരിക്കാൻ കൂടെക്കൂടെ ഓർപ്പിക്കേണ്ടതുണ്ടെങ്കിലും, മിക്ക കുടുംബങ്ങളിലും ഇളംപ്രായത്തിലുള്ള കുട്ടികൾക്കുപോലും രോഗം പിടിപെട്ട കൂടപ്പിറപ്പുകളോടോ മാതാവിനോടോ പിതാവിനോടോ അനുകമ്പ തോന്നുന്നു. (കൊലൊസ്സ്യർ 3:12) താത്‌കാലിക രോഗങ്ങളുടെ കാര്യത്തിൽ, ആവശ്യമുള്ളതു ചെയ്‌തുകൊടുക്കാൻ കുടുംബം സാധാരണമായി തയ്യാറാണ്‌. കൂടാതെ, ഓരോ കുടുംബാംഗവും താൻ രോഗിയാകുന്നപക്ഷം അതേ പരിഗണന ലഭിക്കാൻ പ്രതീക്ഷിച്ചേക്കും.—മത്തായി 7:12.

6. ഒരു കുടുംബാംഗത്തിന്‌ ഗുരുതരമായ തീരാവ്യാധി പിടിപെടുമ്പോൾ, ചിലപ്പോഴെല്ലാം കാണുന്ന പ്രതികരണങ്ങൾ എന്തെല്ലാം?

6 രോഗം വളരെ ഗുരുതരവും താളംതെറ്റൽ കഠിനവും ദീർഘവുമാണെങ്കിലോ? ഉദാഹരണത്തിന്‌, കുടുംബത്തിൽ ആരെങ്കിലും ഒരാൾക്ക്‌ ഒരു മസ്‌തിഷ്‌ക്കാഘാത തളർച്ച ബാധിക്കുകയോ, അൽഷീമർ രോഗത്താൽ അംഗവിഹീനം സംഭവിക്കുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും രോഗത്താൽ ഒരാൾ മെലിഞ്ഞുപോകുകയോ ചെയ്യുന്നെങ്കിലോ? അല്ലെങ്കിൽ ഒരു കുടുംബാംഗത്തിനു ശിഥിലവ്യക്തിത്വം പോലുള്ള മാനസിക രോഗം പിടിപെടുന്നെങ്കിലോ? സാധാരണഗതിയിൽ പ്രാഥമിക പ്രതികരണം അനുഭാവം—പ്രിയപ്പെട്ട ഒരാൾ വളരെയധികം കഷ്ടപ്പെടുകയാണല്ലോ എന്ന ദുഃഖം—ആയിരിക്കും. എന്നിരുന്നാലും, അനുഭാവത്തെത്തുടർന്നു മറ്റു പ്രതികരണങ്ങളും ഉണ്ടായേക്കാം. ഒരാളുടെ അസുഖം തങ്ങളെ വളരെയധികം ബാധിക്കുകയും തങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുകയും ചെയ്യുന്നതായി കുടുംബാംഗങ്ങൾ കണ്ടെത്തുമ്പോൾ, അവർക്ക്‌ അമർഷം തോന്നാനിടയുണ്ട്‌. “എന്തുകൊണ്ടാണ്‌ ഇത്‌ എനിക്ക്‌ സംഭവിക്കുന്നത്‌?” എന്ന്‌ അവർ അതിശയിച്ചേക്കാം.

7. ഇയ്യോബിന്റെ അസുഖത്തോട്‌ അവന്റെ ഭാര്യ പ്രതികരിച്ചതെങ്ങനെ, വ്യക്തമായും അവൾ വിസ്‌മരിച്ചുകളഞ്ഞത്‌ എന്തായിരുന്നു?

7 സമാനമായ എന്തോ ഒന്ന്‌ ഇയ്യോബിന്റെ ഭാര്യയുടെ മനസ്സിലൂടെ കടന്നുപോയെന്നാണു തോന്നുന്നത്‌? തന്റെ മക്കളെ അവൾക്ക്‌ അതിനോടകം നഷ്ടപ്പെട്ടിരുന്നുവെന്ന്‌ ഓർക്കുക. ആ ദുരന്തസംഭവങ്ങൾ ഓരോന്നായി അരങ്ങേറിയപ്പോൾ, അവളുടെ മനസ്സു ക്രമാനുഗതമായി കൂടുതൽ കൂടുതൽ പ്രക്ഷുബ്ധമായി എന്നതിൽ സംശയമില്ല. അവസാനം, ഒരിക്കൽ കർമനിരതനും ഊർജസ്വലനുമായിരുന്ന തന്റെ ഭർത്താവിനെ വേദനാപൂർണവും അറപ്പുളവാക്കുന്നതുമായ രോഗം പിടിപെട്ടിരിക്കുന്നവനായി കണ്ടപ്പോൾ, സകല ദുരന്തങ്ങളെയും അപ്രസക്തമാക്കുന്ന മർമപ്രധാനമായ ഘടകം—തനിക്കും ഭർത്താവിനും ദൈവവുമായി ഉണ്ടായിരുന്ന ബന്ധം—അവൾ മറന്നുപോയതായി തോന്നുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “[ഇയ്യോബിന്റെ] ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.”—ഇയ്യോബ്‌ 2:9.

8. ഒരു കുടുംബാംഗം ഗുരുതരമായി രോഗിയായിരിക്കുമ്പോൾ, മറ്റു കുടുംബാംഗങ്ങൾക്ക്‌ ഉചിതമായ വീക്ഷണമുണ്ടായിരിക്കാൻ ഏതു തിരുവെഴുത്തു സഹായിക്കും?

8 ആരുടെയെങ്കിലും രോഗം നിമിത്തം തങ്ങളുടെ ജീവിതത്തിനു സമൂല മാറ്റം വരുമ്പോൾ അനേകർക്കും നിരാശ, എന്തിന്‌ ദേഷ്യംപോലും, തോന്നുന്നു. എന്നാലും, സാഹചര്യം സംബന്ധിച്ചു യുക്തമായി ചിന്തിക്കുന്ന ഒരു ക്രിസ്‌ത്യാനി തന്റെ സ്‌നേഹത്തിന്റെ യാഥാർഥ്യത പ്രകടമാക്കാനുള്ള ഒരവസരമാണ്‌ ഇതു പ്രദാനം ചെയ്യുന്നതെന്ന്‌ അവസാനം തിരിച്ചറിയണം. യഥാർഥ സ്‌നേഹം “ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും” ചെയ്യുന്നു, “സ്വാർത്ഥം അന്വേഷിക്കുന്നി”ല്ല, “എല്ലാം പൊറുക്കുന്നു,” “എല്ലാം വിശ്വസിക്കുന്നു,” “എല്ലാം പ്രത്യാശിക്കുന്നു,” “എല്ലാം സഹിക്കുന്നു.” (1 കൊരിന്ത്യർ 13:4-7) അതുകൊണ്ട്‌, നിഷേധാത്മകമായ വികാരങ്ങൾ നുരഞ്ഞുപൊന്താൻ അനുവദിക്കുന്നതിനുപകരം, അവയെ നിയന്ത്രിക്കാൻ നാം നമ്മുടെ പരമാവധി ചെയ്യണമെന്നത്‌ അത്യന്താപേക്ഷിതമാണ്‌.—സദൃശവാക്യങ്ങൾ 3:21.

9. ഒരംഗം ഗുരുതരമായി രോഗിയായിരിക്കുമ്പോൾ, കുടുംബത്തെ ആത്മീയമായും വൈകാരികമായും സഹായിക്കാൻ ഏത്‌ ഉറപ്പിനു കഴിയും?

9 ഒരംഗം ഗുരുതരമായ രോഗാവസ്ഥയിലായിരിക്കുമ്പോൾ, കുടുംബത്തിന്റെ ആത്മീയവും വൈകാരികവുമായ ക്ഷേമം സംരക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയും? തീർച്ചയായും, ഓരോ രോഗത്തിനും അതിന്റേതായ പ്രത്യേകം ശുശ്രൂഷയും ചികിത്സയും ആവശ്യമാണ്‌. അതിനാൽ വൈദ്യശാസ്‌ത്രപരമോ ഭവനചികിത്സാപരമോ ആയ നടപടിക്രമങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ ശുപാർശ ചെയ്യുന്നത്‌ ഉചിതമായിരിക്കില്ല. എന്നിരുന്നാലും, ഒരു ആത്മീയ അർഥത്തിൽ, “കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും [യഹോവ] നിവർത്തുന്നു.” (സങ്കീർത്തനം 145:14) ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; . . . യഹോവ അവനെ രോഗശയ്യയിൽ താങ്ങും.” (സങ്കീർത്തനം 41:1-3) തന്റെ ദാസന്മാർ വൈകാരികമായി പരിധിവിട്ട്‌ പരിശോധിക്കപ്പെടുമ്പോൾപ്പോലും യഹോവ അവരെ ആത്മീയമായി ജീവനുള്ളവരായി കാത്തുസൂക്ഷിക്കുന്നു. (2 കൊരിന്ത്യർ 4:7) തങ്ങളുടെ ഭവനത്തിൽ ഗുരുതരമായ രോഗത്തെ അഭിമുഖീകരിക്കുന്ന അനേകം കുടുംബാംഗങ്ങൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ പ്രതിധ്വനിപ്പിച്ചിട്ടുണ്ട്‌: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്‌ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.”—സങ്കീർത്തനം 119:107.

സൗഖ്യമാക്കൽ മനോഭാവം

10, 11. (എ) ഒരു കുടുംബം രോഗത്തെ വിജയകരമായി നേരിടണമെങ്കിൽ മർമപ്രധാനമായിരിക്കുന്നതെന്ത്‌? (ബി) ഒരു സ്‌ത്രീ ഭർത്താവിന്റെ രോഗത്തെ നേരിട്ടതെങ്ങനെ?

10 “മനുഷ്യന്റെ ആത്മചൈതന്യം രോഗത്തെ സഹിക്കും; മുറിവേറ്റ ആത്മചൈതന്യമോ, ആർക്കു താങ്ങാനാകും?” എന്ന്‌ ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സുഭാഷിതങ്ങൾ 18:14, ഓശാന ബൈബിൾ) മാനസികാഘാതത്തിന്‌ “മനുഷ്യന്റെ ആത്മചൈതന്യ”ത്തെ മാത്രമല്ല കുടുംബത്തിന്റെ മനോവീര്യത്തെയും തളർത്താനാവും. എങ്കിലും, “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” ആകുന്നു. (സദൃശവാക്യങ്ങൾ 14:30) ഒരു കുടുംബം ഗുരുതരമായ രോഗത്തെ വിജയകരമായി നേരിടുന്നുവോ ഇല്ലയോ എന്നത്‌ ഏറിയകൂറും ആശ്രയിച്ചിരിക്കുന്നത്‌ അതിന്റെ അംഗങ്ങളുടെ മനോഭാവത്തെ, അല്ലെങ്കിൽ മനോവീര്യത്തെയാണ്‌.—സദൃശവാക്യങ്ങൾ 17:22 താരതമ്യം ചെയ്യുക.

11 വിവാഹിതയായി കേവലം ആറു വർഷങ്ങൾക്കുശേഷം ഒരു ക്രിസ്‌തീയ സ്‌ത്രീക്കു തന്റെ ഭർത്താവു മസ്‌തിഷ്‌കാഘാതത്തെത്തുടർന്നു തളർന്നു കിടക്കുന്നതു സഹിച്ചുനിൽക്കേണ്ടിവന്നു. “എന്റെ ഭർത്താവിന്റെ സംസാരപ്രാപ്‌തി ഗുരുതരമായി തകരാറിലായി. അദ്ദേഹവുമായുള്ള സംസാരം മിക്കവാറും അസാധ്യമായി,” അവൾ അനുസ്‌മരിച്ചു. “അദ്ദേഹം സംസാരിക്കാൻവേണ്ടി പാടുപെടുമ്പോൾ അതു മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ മാനസിക സമ്മർദം വളരെ വലുതായിരുന്നു.” ഭർത്താവ്‌ അനുഭവിച്ചിരിക്കാനിടയുള്ള യാതനയെയും നിരാശയെയുംകൂടി ഒന്നു വിഭാവന ചെയ്യുക. ആ ദമ്പതികൾ എന്തു ചെയ്‌തു? ക്രിസ്‌തീയ സഭയിൽനിന്നു വളരെ അകലെയാണ്‌ അവർ പാർത്തിരുന്നതെങ്കിലും, വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിൽനിന്നു തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ആഹാരവും സ്ഥാപനപരമായ ഏറ്റവും പുതിയ വിവരങ്ങളും പ്രയോജനപ്പെടുത്തി കാലോചിതപരിജ്ഞാനം സമ്പാദിച്ചുകൊണ്ട്‌ ആത്മീയമായി ബലിഷ്‌ഠയായി നിലകൊള്ളാൻ സഹോദരി പരമാവധി പ്രയത്‌നിച്ചു. നാലു വർഷം കഴിഞ്ഞ്‌ തന്റെ പ്രിയ ഭർത്താവു മരിക്കുന്നതുവരെ അദ്ദേഹത്തെ പരിപാലിക്കാനുള്ള ആത്മീയ ശക്തി ഇത്‌ അവൾക്കു പ്രദാനം ചെയ്‌തു.

12. ഇയ്യോബിന്റെ കാര്യത്തിൽ കണ്ടതുപോലെ, രോഗി ചിലപ്പോൾ എന്തു സംഭാവന ചെയ്യുന്നു?

12 ഇയ്യോബിന്റെ സംഗതിയിൽ, ഞെരുക്കമനുഭവിച്ചിരുന്ന വ്യക്തിതന്നെയായിരുന്നു ശക്തനായി നിലകൊണ്ടത്‌. “നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്ന്‌ അവൻ ഭാര്യയോടു ചോദിച്ചു. (ഇയ്യോബ്‌ 2:10) ക്ഷമയുടെയും സഹിഷ്‌ണുതയുടെയും മുന്തിയ മാതൃകയായി ഇയ്യോബിനെ പിൽക്കാലത്തു യാക്കോബ്‌ പരാമർശിച്ചതിൽ അത്ഭുതപ്പെടാനില്ല! യാക്കോബ്‌ 5:11-ൽ നാമിങ്ങനെ വായിക്കുന്നു: “യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” അതുപോലെ ഇന്ന്‌, രോഗിയായ കുടുംബാംഗത്തിന്റെ മനസ്സുറപ്പ്‌ ഭവനത്തിലുള്ള മറ്റുള്ളവരെ ആശാവഹമായ വീക്ഷണം നിലനിർത്തുന്നതിനു സഹായിച്ചിട്ടുള്ള സംഭവങ്ങൾ അനവധിയുണ്ട്‌.

13. ഗുരുതരമായ രോഗം അനുഭവപ്പെടുന്ന ഒരു കുടുംബം എന്തു താരതമ്യപ്പെടുത്തൽ നടത്തരുത്‌?

13 യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ, കുടുംബാംഗങ്ങൾക്ക്‌ ആരംഭത്തിൽ ബുദ്ധിമുട്ടുണ്ടാവുക അസാധാരണമല്ലെന്നു കുടുംബത്തിൽ അസുഖത്തെ നേരിടേണ്ടിവന്ന മിക്കവരും സമ്മതിക്കും. ഒരാൾ സ്ഥിതിവിശേഷത്തെ വീക്ഷിക്കുന്ന വിധം അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കുടുംബ ദിനചര്യയിൽ വരുന്ന മാറ്റങ്ങളും പൊരുത്തപ്പെടുത്തലുകളും ആരംഭത്തിൽ പ്രയാസകരമായിരുന്നേക്കാം. എന്നാൽ ഒരു വ്യക്തി വാസ്‌തവത്തിൽ ശ്രമം ചെലുത്തുന്നെങ്കിൽ, ഒരു പുതിയ സ്ഥിതിവിശേഷത്തോടു പൊരുത്തപ്പെട്ടുപോകാൻ അയാൾക്കു കഴിയും. അങ്ങനെ ചെയ്യുന്നതിൽ, മറ്റുള്ളവരുടെ ജീവിതം അനായാസകരമാണ്‌ എന്നും, ‘അതു ശരിയല്ല!’ എന്നും ചിന്തിച്ചുകൊണ്ട്‌, നമ്മുടെ സാഹചര്യങ്ങളെ വീട്ടിൽ അസുഖമില്ലാത്തവരുടേതുമായി താരതമ്യം ചെയ്യാതിരിക്കുന്നതു പ്രധാനമാണ്‌. വാസ്‌തവത്തിൽ, മറ്റുള്ളവർക്ക്‌ എന്തെല്ലാം ഭാരങ്ങളാണുള്ളതെന്നു നമുക്കാർക്കും ശരിയായി അറിയില്ല. എല്ലാ ക്രിസ്‌ത്യാനികളും യേശുവിന്റെ ഈ വാക്കുകളിൽ ആശ്വാസം കൊള്ളുകയാണ്‌: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”—മത്തായി 11:28.

മുൻഗണനകൾ വെക്കൽ

14. ഉചിതമായ മുൻഗണനകൾ വെക്കാൻ കഴിയുന്നതെങ്ങനെ?

14 ഗുരുതരമായ രോഗത്തെ നേരിടുമ്പോൾ, ഈ നിശ്വസ്‌ത വാക്കുകൾ അനുസ്‌മരിക്കുന്നത്‌ ഒരു കുടുംബത്തിനു പ്രയോജനകരമാണ്‌: “ഉപദേഷ്ടാക്കളുടെ ബഹുത്വത്തിൽ കാര്യസാധ്യമുണ്ട്‌.” (സദൃശവാക്യങ്ങൾ 15:22, NW) കുടുംബാംഗങ്ങൾക്ക്‌ ഒരുമിച്ചുകൂടി അസുഖത്താൽ ഉളവായ സ്ഥിതിവിശേഷം ചർച്ചചെയ്യാൻ കഴിയുമോ? പ്രാർഥനാപൂർവം അങ്ങനെ ചെയ്യുന്നതും മാർഗനിർദേശത്തിനായി ദൈവവചനത്തിലേക്കു തിരിയുന്നതും തീർച്ചയായും ഉചിതമായിരിക്കും. (സങ്കീർത്തനം 25:4) അത്തരം ചർച്ചയിൽ എന്തു പരിചിന്തിക്കണം? കൊള്ളാം, ചികിത്സാപരവും സാമ്പത്തികവും കുടുംബപരവുമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. മുഖ്യപരിപാലനം ആരു കൊടുക്കും? ആ പരിപാലനത്തെ പിന്തുണയ്‌ക്കാൻ കുടുംബത്തിന്‌ എങ്ങനെ സഹകരിക്കാൻ കഴിയും? അത്തരം ക്രമീകരണങ്ങൾ ഓരോ കുടുംബാംഗത്തെയും എങ്ങനെ ബാധിക്കും? മുഖ്യപരിപാലകന്റെ ആത്മീയ ആവശ്യങ്ങളും മറ്റുള്ള ആവശ്യങ്ങളും എങ്ങനെ നിറവേറ്റും?

15. ഗുരുതരമായ രോഗം അനുഭവിക്കുന്ന കുടുംബങ്ങൾക്കു യഹോവ എന്തു സഹായം നൽകുന്നു?

15 യഹോവയുടെ മാർഗനിർദേശത്തിനായി ആത്മാർഥമായി പ്രാർഥിക്കുന്നതും അവന്റെ വചനത്തെക്കുറിച്ചു ധ്യാനിക്കുന്നതും ബൈബിൾ കാണിച്ചുതരുന്ന വഴി ധൈര്യസമേതം പിൻപറ്റുന്നതും പലപ്പോഴും പ്രതീക്ഷകൾക്കപ്പുറമുള്ള അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. വേദനയനുഭവിക്കുന്ന കുടുംബാംഗത്തിന്റെ അസുഖം എല്ലായ്‌പോഴും കുറഞ്ഞുവെന്നുവരില്ല. യഹോവയിൽ ആശ്രയിക്കുന്നത്‌ എല്ലായ്‌പോഴും ഏതൊരു സാഹചര്യത്തിലും ഏറ്റവും നല്ല പരിസമാപ്‌തിയിലേക്കു നയിക്കും. (സങ്കീർത്തനം 55:22) സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.”—സങ്കീർത്തനം 94:18, 19; സങ്കീർത്തനം 63:6-8-ഉം കാണുക.

കുട്ടികളെ സഹായിക്കൽ

കുടുംബം ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും

16, 17. കുട്ടികളുമായി ഒരു കൂടപ്പിറപ്പിന്റെ അസുഖത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ ഏത്‌ ആശയങ്ങൾ ധരിപ്പിക്കാനാവും?

16 ഗുരുതരമായ രോഗങ്ങൾക്കു കുടുംബത്തിലെ കുട്ടികൾക്കു പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാവും. ഉയർന്നുവന്നിരിക്കുന്ന ആവശ്യങ്ങളും സഹായിക്കാൻ അവർക്കു ചെയ്യാവുന്ന സംഗതികളും മനസ്സിലാക്കാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കണമെന്നതു പ്രധാനമാണ്‌. ഒരു കുട്ടിയാണു രോഗിയായിത്തീർന്നിരിക്കുന്നതെങ്കിൽ, കൂടുതലായ ശ്രദ്ധയും പരിചരണവും പ്രസ്‌തുത രോഗിക്കു ലഭിക്കുമ്പോൾ, മറ്റു കുട്ടികൾ കുറച്ചേ സ്‌നേഹിക്കപ്പെടുന്നുള്ളൂവെന്ന്‌ അതിനർഥമില്ലെന്നു മനസ്സിലാക്കാൻ കൂടപ്പിറപ്പുകളെ സഹായിക്കണം. അമർഷമോ മത്സരമോ വികാസം പ്രാപിക്കുന്നത്‌ അനുവദിക്കുന്നതിനുപകരം, രോഗത്താൽ സംജാതമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതിൽ അവർ സഹകരിക്കുമ്പോൾ, പരസ്‌പരം ഉറ്റബന്ധവും യഥാർഥ വാത്സല്യവും ഉണ്ടാകാൻ മാതാപിതാക്കൾക്കു മറ്റു കുട്ടികളെ സഹായിക്കാനാവും.

17 മാതാപിതാക്കൾ ചികിത്സാ വ്യവസ്ഥകളെക്കുറിച്ചു ദീർഘവും സങ്കീർണവുമായ വിശദീകരണങ്ങൾ നൽകുന്നതിനുപകരം അവരുടെ വികാരങ്ങളോടു പരിഗണന കാട്ടുന്നുവെങ്കിൽ, ഇളംപ്രായത്തിലുള്ള കുട്ടികൾ പൊതുവേ കൂടുതൽ മനസ്സൊരുക്കത്തോടെ പ്രതികരിക്കും. അതുകൊണ്ട്‌, രോഗിയായ കുടുംബാംഗത്തിന്റെ യഥാർഥ അവസ്ഥ സംബന്ധിച്ച്‌ കുറച്ചൊരു ധാരണ അവർക്കു നൽകാവുന്നതാണ്‌. അസുഖം രോഗിയെ തങ്ങൾ നിസ്സാരമായി കാണുന്ന സംഗതികളിൽ അനേകവും ചെയ്യുന്നതിൽനിന്ന്‌ എങ്ങനെയെല്ലാം തടയുന്നുവെന്ന്‌ ആരോഗ്യമുള്ള കുട്ടികൾ മനസ്സിലാക്കുന്നെങ്കിൽ, അവർ കൂടുതൽ “സഹോദരപ്രീതിയും മനസ്സലിവും” ഉള്ളവരായിരിക്കാൻ സാധ്യതയുണ്ട്‌.—1 പത്രൊസ്‌ 3:8.

18. രോഗം സംജാതമാക്കിയ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ മുതിർന്ന കുട്ടികളെ സഹായിക്കാൻ കഴിയുന്നതെങ്ങനെ, അവർക്കിത്‌ എങ്ങനെ പ്രയോജനപ്രദമായിരിക്കാൻ കഴിയും?

18 പ്രയാസകരമായ സ്ഥിതിവിശേഷമാണു നിലനിൽക്കുന്നതെന്നും അതുകൊണ്ടുതന്നെ കുടുംബത്തിലെ എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ത്യാഗങ്ങൾ ആവശ്യമാണെന്നും തിരിച്ചറിയാൻ പ്രായമായ കുട്ടികളെ സഹായിക്കണം. ഡോക്ടർക്കുള്ള ഫീസും മരുന്നിന്റെ തുകയും ബില്ലുകളും കൊടുക്കേണ്ടതുള്ളപ്പോൾ, മറ്റു കുട്ടികളുടെ ആഗ്രഹപ്രകാരമെല്ലാം ചെയ്‌തുകൊടുക്കുക മാതാപിതാക്കൾക്കു സാധ്യമായിരിക്കുകയില്ല. കുട്ടികൾ ഇതിൽ അമർഷപ്പെടുകയും തങ്ങൾക്കു പലതും നിഷേധിക്കപ്പെടുകയാണെന്ന്‌ അവർക്കു തോന്നുകയും ചെയ്യുമോ? അതോ അവർ സ്ഥിതിവിശേഷം മനസ്സിലാക്കി ആവശ്യമായ ത്യാഗം ചെയ്യാൻ മനസ്സൊരുക്കം കാട്ടുമോ? ഏറിയകൂറും ആശ്രയിച്ചിരിക്കുന്നത്‌ സംഗതി ചർച്ചചെയ്യുന്ന വിധത്തിലും കുടുംബത്തിൽ മുളയെടുത്തിരിക്കുന്ന മനോഭാവത്തിലുമാണ്‌. തീർച്ചയായും, അനേകം കുടുംബങ്ങളിലും ഒരു കുടുംബാംഗത്തിന്റെ അസുഖം പൗലോസിന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്‌: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം.”—ഫിലിപ്പിയർ 2:3, 4.

വൈദ്യചികിത്സയെ വീക്ഷിക്കേണ്ട വിധം

19, 20. (എ) ഒരു കുടുംബാംഗം രോഗിയായിരിക്കുമ്പോൾ, കുടുംബനാഥന്മാർ എന്ത്‌ ഉത്തരവാദിത്വങ്ങൾ വഹിക്കണം? (ബി) വൈദ്യശാസ്‌ത്ര ഗ്രന്ഥമല്ലെങ്കിലും, അസുഖം കൈകാര്യം ചെയ്യുന്നതിൽ ബൈബിൾ ഏതു വിധത്തിൽ മാർഗനിർദേശം നൽകുന്നു?

19 സമനിലയുള്ള ക്രിസ്‌ത്യാനികൾ, ദൈവനിയമങ്ങൾക്ക്‌ എതിരല്ലാതിരിക്കുന്നിടത്തോളം കാലം, വൈദ്യചികിത്സയെ എതിർക്കുന്നില്ല. തങ്ങളുടെ ഒരു കുടുംബാംഗം രോഗിയായിത്തീരുമ്പോൾ, ക്ലേശിതന്റെ കഷ്ടപ്പാടിന്‌ ആശ്വാസമുണ്ടാക്കുന്നതിനു സഹായം തേടാൻ അവർ ഉൽസുകരായിരിക്കും. എന്നുവരികിലും, ചികിത്സ സംബന്ധിച്ചു പരസ്‌പരവിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നേക്കാം. അവ ശ്രദ്ധാപൂർവം തൂക്കിനോക്കേണ്ടതാണ്‌. അതിലുപരി, സമീപവർഷങ്ങളിലാണെങ്കിലോ, പുതിയ രോഗങ്ങളും ക്രമക്കേടുകളും തലപൊക്കിയിട്ടുണ്ട്‌. അവയിൽ പലതിനും, പൊതുവായി അംഗീകരിക്കപ്പെടുന്ന ചികിത്സാവിധങ്ങളുമില്ല. കൃത്യമായി രോഗനിർണയം നടത്തുന്നതുതന്നെ ചിലപ്പോൾ ദുഷ്‌കരമാണ്‌. അപ്പോൾ ഒരു ക്രിസ്‌ത്യാനി എന്തു ചെയ്യണം?

20 ഒരു ബൈബിളെഴുത്തുകാരൻ വൈദ്യനായിരുന്നു, അപ്പോസ്‌തലനായ പൗലോസ്‌ തന്റെ സുഹൃത്തായ തിമോത്തിക്കു സഹായകമായ ചികിത്സാനിർദേശം നൽകി, എന്നുവരികിലും തിരുവെഴുത്തുകൾ ധാർമികവും ആത്മീയവുമായ ഒരു വഴികാട്ടിയാണ്‌. അല്ലാതെ ഒരു വൈദ്യശാസ്‌ത്ര ഗ്രന്ഥമല്ല. (കൊലൊസ്സ്യർ 4:14; 1 തിമൊഥെയൊസ്‌ 5:23) അതുകൊണ്ടു വൈദ്യചികിത്സയുടെ കാര്യത്തിൽ, ക്രിസ്‌തീയ കുടുംബനാഥന്മാർ സമനിലയുള്ള, തങ്ങളുടേതായ സ്വന്തം തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. ചികിത്സ സംബന്ധിച്ച്‌ ഒന്നിൽക്കൂടുതൽ അഭിപ്രായം ആരായേണ്ടയാവശ്യമുണ്ടെന്ന്‌ അവർക്ക്‌ ഒരുപക്ഷേ തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 18:17 താരതമ്യം ചെയ്യുക.) രോഗിയായ തങ്ങളുടെ കുടുംബാംഗത്തിനു കിട്ടാവുന്ന ഏറ്റവും നല്ല സഹായം ലഭിക്കണമെന്ന്‌ അവർ തീർച്ചയായും ആഗ്രഹിക്കും. മിക്കവരും ഇതു തേടുക സാധാരണ മെഡിക്കൽ ഡോക്ടർമാരുടെ ഇടയിലാവും. ചിലർക്കു താത്‌പര്യം പകരചികിത്സാരീതികളോടാവും. ഇതും വ്യക്തിപരമായ തീരുമാനമാണ്‌. അപ്പോഴും, ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ‘ദൈവത്തിന്റെ വചനം തങ്ങളുടെ കാലുകൾക്കു ദീപവും തങ്ങളുടെ പാതെക്കു പ്രകാശവും’ ആകാൻ അനുവദിക്കുന്നതു ക്രിസ്‌ത്യാനികൾ നിർത്തിക്കളയരുത്‌. (സങ്കീർത്തനം 119:105) ബൈബിളിൽ തന്നിരിക്കുന്ന മാർഗനിർദേശങ്ങൾ പിൻപറ്റുന്നതിൽ അവർ തുടരുന്നു. (യെശയ്യാവു 55:8, 9) അങ്ങനെ അവർ ആത്മവിദ്യയുടെ ലക്ഷണമുള്ള രോഗനിർണയോപാധികളെ നിരാകരിക്കുകയും ബൈബിൾ തത്ത്വങ്ങൾ ലംഘിക്കുന്ന ചികിത്സകൾ ഒഴിവാക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 36:9; പ്രവൃത്തികൾ 15:28, 29; വെളിപ്പാടു 21:8.

21, 22. ഒരു ബൈബിൾ തത്ത്വത്തെക്കുറിച്ച്‌ ഒരു ഏഷ്യൻ യുവതി യുക്തമായി ചിന്തിച്ചതെങ്ങനെ, എടുത്ത തീരുമാനം അവരുടെ സാഹചര്യത്തിൽ ശരിയായിരുന്നുവെന്നു തെളിഞ്ഞതെങ്ങനെ?

21 ഒരു ഏഷ്യൻ യുവതിയുടെ കാര്യം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളുമൊത്തുള്ള പഠനത്തിന്റെ ഫലമായി ബൈബിളിനെക്കുറിച്ചു മനസ്സിലാക്കാൻ തുടങ്ങി കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ, അവൾ മാസംതികയാത്ത ഒരു പെൺകുഞ്ഞിനു ജന്മം നൽകി. കുട്ടിയുടെ തൂക്കം ഏതാണ്ട്‌ മൂന്നു റാത്തൽ. കുട്ടിക്കു ഗുരുതരമായ വളർച്ചാവൈകല്യം ഉണ്ടായിരിക്കുമെന്നും ഒരിക്കലും നടക്കാനാവില്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ ആ സ്‌ത്രീക്ക്‌ അതു ഹൃദയഭേദകമായിരുന്നു. കുട്ടിയെ ഏതെങ്കിലും ഒരു ആതുരാലയത്തിലാക്കാനായിരുന്നു അദ്ദേഹം ഉപദേശിച്ചത്‌. അവളുടെ ഭർത്താവിനു സംഗതിസംബന്ധിച്ച്‌ എന്തു ചെയ്യണമെന്ന്‌ ഒരുപിടിയുമില്ലായിരുന്നു. അവൾ ആരിലേക്കു തിരിയും?

22 അവൾ പറയുന്നു: “‘മക്കൾ, യഹോവ നല്‌കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ’ എന്നു ബൈബിളിൽനിന്നു മനസ്സിലാക്കിയതായി ഞാൻ ഓർക്കുന്നു.” (സങ്കീർത്തനം 127:3) ഈ “അവകാശ”ത്തെ വീട്ടിൽ കൊണ്ടുപോയി പരിപാലിക്കാൻതന്നെ അവൾ തീരുമാനിച്ചു. ആദ്യമൊക്കെ സംഗതികൾ ദുഷ്‌കരമായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ ക്രിസ്‌തീയ സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ നടത്തുന്നതിനും ആവശ്യമായ പ്രത്യേക സഹായം കുട്ടിക്കു പ്രദാനം ചെയ്യുന്നതിനും ആ സ്‌ത്രീക്കു കഴിഞ്ഞു. പന്ത്രണ്ടു വർഷംകഴിഞ്ഞ്‌, കുട്ടി രാജ്യഹാളിലെ യോഗങ്ങൾക്കു പോകുകയും അവിടെയുള്ള യുവപ്രായക്കാരുടെ സഹവാസം ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. ആ മാതാവ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ശരിയായതു ചെയ്യാൻ ബൈബിൾ തത്ത്വങ്ങൾ എന്നെ പ്രേരിപ്പിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവളാണ്‌. യഹോവയാം ദൈവത്തിനുമുമ്പാകെ ശുദ്ധമായ മനസ്സാക്ഷി കാത്തുസൂക്ഷിക്കാനും ശേഷിക്കുന്ന എന്റെ ജീവിതം മുഴുവൻ എന്നെ അലട്ടുമായിരുന്ന ഖേദങ്ങളില്ലാതിരിക്കാനും ബൈബിൾ എന്നെ സഹായിച്ചു.”

23. രോഗികൾക്കും അവരെ പരിപാലിക്കുന്നവർക്കും ബൈബിൾ എന്ത്‌ ആശ്വാസം നൽകുന്നു?

23 രോഗങ്ങൾ എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കുകയില്ല. “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ലാ”ത്തതായ ഒരു ഭാവികാലത്തെ പ്രവാചകനായ യെശയ്യാവു ചൂണ്ടിക്കാട്ടി. (ഏശയ്യാ 33:24, പി.ഒ.സി. ബൈ.) അതിശീഘ്രം സമീപിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിൽ ആ വാഗ്‌ദത്തം നിവൃത്തിയേറും. എങ്കിലും, അതുവരെ രോഗവും മരണവുമായും നാം മല്ലടിക്കേണ്ടതുണ്ട്‌. ദൈവവചനം നമുക്കു മാർഗനിർദേശവും സഹായവും നൽകുന്നുവെന്നതു സന്തോഷകരംതന്നെ. നടത്ത സംബന്ധിച്ചു ബൈബിൾ പ്രദാനം ചെയ്യുന്ന അടിസ്ഥാന നിയമങ്ങൾ നിലനിൽക്കുന്നതാണ്‌, കൂടാതെ അവ അപൂർണ മനുഷ്യരുടേതായ, എന്നും മാറിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങളെ കടത്തിവെട്ടുകയും ചെയ്യുന്നു. അതുകൊണ്ട്‌, ഇങ്ങനെ എഴുതിയ സങ്കീർത്തനക്കാരനുമായി ജ്ഞാനിയായ ഒരു വ്യക്തി യോജിക്കും: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു. . . . യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. . . . അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.”—സങ്കീർത്തനം 19:7, 9, 11.