വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനിക ജീവിതത്തിന്‌ ഒരു പ്രായോഗിക ഗ്രന്ഥം

ആധുനിക ജീവിതത്തിന്‌ ഒരു പ്രായോഗിക ഗ്രന്ഥം

ആധുനിക ജീവി​ത​ത്തിന്‌ ഒരു പ്രാ​യോ​ഗിക ഗ്രന്ഥം

ബുദ്ധ്യുപദേശം നൽകുന്ന പുസ്‌ത​ക​ങ്ങൾക്ക്‌ ഇന്നു വളരെ പ്രിയ​മാണ്‌. എന്നാൽ അവ കാലഹ​ര​ണ​പ്പെ​ടു​ക​യും പുതു​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അല്ലെങ്കിൽ, അവയുടെ സ്ഥാനത്തു മറ്റുള്ളവ വരുന്നു. ബൈബി​ളി​ന്റെ കാര്യ​മോ? അതു പൂർത്തി​യാ​യത്‌ ഏതാണ്ട്‌ 2,000 വർഷം മുമ്പാണ്‌. എങ്കിലും, അതിന്റെ ആദിമ സന്ദേശം ഒരിക്ക​ലും പരിഷ്‌ക​രി​ക്കു​ക​യോ പുതു​ക്കു​ക​യോ ചെയ്യേ​ണ്ട​താ​യി വന്നിട്ടില്ല. നമ്മുടെ നാളി​ലേ​ക്കുള്ള പ്രാ​യോ​ഗിക മാർഗ​നിർദേശം അത്തര​മൊ​രു ഗ്രന്ഥത്തിൽ ഉണ്ടായി​രു​ന്നേ​ക്കാ​മോ?

ഇല്ലെന്നാ​ണു ചില ആളുകൾ പറയു​ന്നത്‌. ബൈബിൾ കാലഹ​ര​ണ​പ്പെ​ട്ട​താ​ണെന്നു താൻ കരുതു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കവേ ഡോ. ഇലി എസ്‌. ചെസ്സൻ ഇങ്ങനെ എഴുതി: “ആധുനിക രസത​ന്ത്ര​ക്ലാ​സ്സിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു വേണ്ടി 1924-ലെ രസത​ന്ത്ര​പാഠ[പുസ്‌തക]ത്തിന്റെ പതിപ്പ്‌ ഉപയോ​ഗി​ക്ക​ണ​മെന്ന്‌ ആരും വാദി​ക്കു​ക​യില്ല.”1 പ്രത്യ​ക്ഷ​ത്തിൽ ആ വാദത്തി​നു കഴമ്പു​ള്ള​താ​യി തോന്നാം. എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, ബൈബിൾ എഴുത​പ്പെട്ട കാലത്തി​നു​ശേഷം മാനസി​കാ​രോ​ഗ്യ​ത്തെ​യും മനുഷ്യ പെരു​മാ​റ്റ​ത്തെ​യും സംബന്ധി​ച്ചു മനുഷ്യൻ ധാരാളം കാര്യങ്ങൾ പഠിച്ചി​ട്ടുണ്ട്‌. അത്തര​മൊ​രു പുരാതന ഗ്രന്ഥത്തിന്‌ ആധുനിക ജീവി​ത​ത്തിൽ പ്രസക്തി​യു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

കാലാ​തീത തത്ത്വങ്ങൾ

കാലത്തി​നു മാറ്റം വന്നിട്ടു​ണ്ടെ​ങ്കി​ലും, മമനു​ഷ്യ​ന്റെ അടിസ്ഥാന ആവശ്യങ്ങൾ മാറ്റമി​ല്ലാ​തെ തുടരു​ന്നു​വെ​ന്ന​താ​ണു സത്യം. ചരി​ത്ര​ത്തി​ലു​ട​നീ​ളം, സ്‌നേ​ഹ​വും പ്രീതി​യും മനുഷ്യന്‌ ആവശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. സന്തുഷ്ട​രാ​യി​രി​ക്കാ​നും അർഥവ​ത്തായ ജീവിതം നയിക്കാ​നും അവരാ​ഗ്ര​ഹി​ച്ചി​ട്ടുണ്ട്‌. സാമ്പത്തിക സമ്മർദങ്ങൾ കൈകാ​ര്യം ചെയ്യാ​നും ദാമ്പത്യ​ജീ​വി​തം വിജയ​പ്ര​ദ​മാ​ക്കാ​നും ധാർമി​ക​വും സദാചാ​ര​പ​ര​വു​മായ നല്ല മൂല്യങ്ങൾ കുട്ടി​ക​ളിൽ വളർത്തി​യെ​ടു​ക്കാ​നും അവർക്കു ബുദ്ധ്യു​പ​ദേശം ആവശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. ആ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തി​ക്കുന്ന ബുദ്ധ്യു​പ​ദേശം ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 3:12, 13; റോമർ 12:10; കൊ​ലൊ​സ്സ്യർ 3:18-21; 1 തിമൊ​ഥെ​യൊസ്‌ 6:6-10.

മനുഷ്യ​പ്ര​കൃ​തം സംബന്ധിച്ച സൂക്ഷ്‌മ​മായ ഒരു അവബോ​ധം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണു ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം. ആധുനിക ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​മായ, അതിന്റെ കാലാ​തീ​ത​മായ ചില പ്രത്യേക ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക.

വിവാ​ഹ​ജീ​വി​ത​ത്തി​നു പ്രാ​യോ​ഗിക മാർഗ​നിർദേ​ശം

കുടും​ബം “മാനവ സമൂഹ​ത്തി​ലെ ഏറ്റവും പുരാതന, അടിസ്ഥാന ഘടകമാണ്‌; തലമു​റ​കൾക്കി​ട​യി​ലെ ഏറ്റവും നിർണാ​യക കണ്ണിയാ​ണത്‌” എന്ന്‌ യുഎൻ ക്രോ​ണി​ക്കിൾ പറയുന്നു. എങ്കിലും ഈ “നിർണാ​യക കണ്ണി” ഞെട്ടി​ക്കുന്ന അളവിൽ അകന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ക്രോ​ണി​ക്കിൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഇന്നത്തെ ലോക​ത്തിൽ പല കുടും​ബ​ങ്ങ​ളും പ്രവർത്തി​ക്കാ​നുള്ള അവയുടെ കഴിവി​നെ ഭീഷണി​പ്പെ​ടു​ത്തുന്ന, അതേ, അതിജീ​വ​ന​ത്തി​നു​തന്നെ ഭീഷണി​യാ​യി​രി​ക്കുന്ന ഭയങ്കര​മായ വെല്ലു​വി​ളി​ക​ളെ​യാണ്‌ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌.”2 അതിജീ​വി​ക്കാൻ കുടും​ബ​ഘ​ട​കത്തെ സഹായി​ക്കു​ന്ന​തി​നു ബൈബിൾ എന്ത്‌ ഉപദേ​ശ​മാ​ണു നൽകു​ന്നത്‌?

ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം എങ്ങനെ ഇടപെ​ട​ണ​മെ​ന്നതു സംബന്ധി​ച്ചു ബൈബി​ളി​നു ധാരാളം പറയാ​നുണ്ട്‌. ഉദാഹ​ര​ണ​ത്തി​നു ഭർത്താ​ക്ക​ന്മാ​രെ​ക്കു​റിച്ച്‌ അത്‌ ഇങ്ങനെ പറയുന്നു: ‘ഭർത്താ​ക്ക​ന്മാർ തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്താൻ സ്‌നേ​ഹി​ക്കു​ന്നു.’ (എഫെസ്യർ 5:28, 29) “ഭർത്താ​വി​നോട്‌ ആഴമായ ബഹുമാ​നം ഉണ്ടായി​രി​ക്കണ”മെന്നു ഭാര്യയെ ബുദ്ധ്യു​പ​ദേ​ശി​ച്ചി​രി​ക്കു​ന്നു.—എഫെസ്യർ 5:33, NW.

അത്തരം ബൈബിൾ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ന്ന​തി​ലെ പ്രയുക്തത പരിചി​ന്തി​ക്കുക. ‘സ്വന്ത ശരീര​ത്തെ​പ്പോ​ലെ’ ഭാര്യയെ സ്‌നേ​ഹി​ക്കുന്ന ഒരു ഭർത്താവ്‌ അവളെ വെറു​ക്കു​ക​യോ അവളോ​ടു മൃഗീ​യ​മാ​യി പെരു​മാ​റു​ക​യോ ഇല്ല; അവളെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ക​യില്ല, വാക്കു​കൾകൊ​ണ്ടോ മാനസി​ക​മാ​യോ അവളെ ദ്രോ​ഹി​ക്കു​ക​യു​മില്ല; തന്നോ​ടു​തന്നെ കാണി​ക്കുന്ന ആദരവും പരിഗ​ണ​ന​യും അവൻ അവളോ​ടും കാണി​ക്കും. (1 പത്രൊസ്‌ 3:7) അപ്പോൾ, വിവാ​ഹ​ജീ​വി​ത​ത്തിൽ താൻ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും സുരക്ഷി​ത​യാ​ണെ​ന്നും അയാളു​ടെ ഭാര്യ​യ്‌ക്കു തോന്നും. അപ്രകാ​രം, സ്‌ത്രീ​ക​ളോട്‌ എങ്ങനെ പെരു​മാ​റ​ണ​മെ​ന്നതു സംബന്ധിച്ച്‌ അയാൾ കുട്ടി​കൾക്കു നല്ലൊരു മാതൃക വെക്കുന്നു. നേരേ​മ​റിച്ച്‌, ഭർത്താ​വി​നോട്‌ “ആഴമായ ബഹുമാ​ന​മുള്ള” ഭാര്യ നിരന്തരം അയാളെ വിമർശി​ച്ചു​കൊ​ണ്ടോ തരംതാ​ഴ്‌ത്തി​ക്കൊ​ണ്ടോ അയാ​ളോട്‌ അനാദ​ര​വോ​ടെ പെരു​മാ​റു​ക​യില്ല. അവൾ അയാളെ ആദരി​ക്കു​ന്നതു നിമിത്തം, തന്നെ ആശ്രയി​ക്കു​ന്നു​വെ​ന്നും അംഗീ​ക​രി​ക്കു​ന്നു​വെ​ന്നും വിലമ​തി​ക്കു​ന്നു​വെ​ന്നും അയാൾക്കു തോന്നു​ന്നു.

ആധുനിക ലോക​ത്തിൽ അത്തരം ബുദ്ധ്യു​പ​ദേശം പ്രാ​യോ​ഗി​ക​മാ​ണോ? ഇന്നത്തെ കുടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കു​ന്നതു ജീവി​ത​വൃ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നവർ സമാന​മായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു​വെ​ന്നതു രസാവ​ഹ​മാണ്‌. കുടുംബ ബുദ്ധ്യു​പ​ദേശ പരിപാ​ടി​യു​ടെ മേൽനോ​ട്ടം വഹിക്കുന്ന ഒരു വ്യക്തി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “എനിക്ക​റി​യാ​വുന്ന ഏറ്റവും ആരോ​ഗ്യാ​വ​ഹ​മായ കുടും​ബങ്ങൾ മാതാ​വി​നും പിതാ​വി​നു​മി​ട​യിൽ ശക്തമായ, സ്‌നേ​ഹ​പു​ര​സ്സ​ര​മായ ബന്ധമു​ള്ള​വ​യാണ്‌. . . . ശക്തമായ ഈ സുപ്ര​ധാന ബന്ധം കുട്ടി​ക​ളിൽ സുരക്ഷി​ത​ത്വം നട്ടുവ​ളർത്തു​ന്ന​താ​യി തോന്നു​ന്നു.”3

എണ്ണമറ്റ, സദു​ദ്ദേ​ശ്യ​മുള്ള കുടുംബ ബുദ്ധ്യു​പ​ദേ​ശ​ക​രു​ടെ ഉപദേ​ശ​ത്തെ​ക്കാൾ വർഷങ്ങ​ളാ​യി വളരെ​യ​ധി​കം ആശ്രയ​യോ​ഗ്യ​മാ​ണെന്നു തെളി​ഞ്ഞി​ട്ടു​ള്ള​വ​യാ​ണു ബൈബി​ളി​ന്റെ ഉപദേശം. പല വിദഗ്‌ധ​രും അസന്തുഷ്ട വിവാ​ഹ​ജീ​വി​ത​ത്തി​നുള്ള എളുപ്പ​വും സരളവു​മായ പരിഹാ​ര​മാർഗ​മാ​യി വിവാ​ഹ​മോ​ചനം ശുപാർശ ചെയ്‌തി​രു​ന്നതു വളരെ​ക്കാ​ലം മുമ്പൊ​ന്നു​മാ​യി​രു​ന്നില്ല. ഇന്ന്‌, അവരിൽ പലരും വിവാ​ഹ​ബന്ധം പരമാ​വധി നീട്ടി​ക്കൊ​ണ്ടു​പോ​കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നാൽ വളരെ​യ​ധി​കം ദോഷം വരുത്തി​ക്കൂ​ട്ടി​യ​തി​നു​ശേഷം മാത്ര​മാണ്‌ ഈ മാറ്റം വന്നിരി​ക്കു​ന്നത്‌.

അതിനു വിപരീ​ത​മാ​യി, വിവാഹം സംബന്ധിച്ച്‌ ആശ്രയ​യോ​ഗ്യ​വും സമനി​ല​യു​ള്ള​തു​മായ ബുദ്ധ്യു​പ​ദേ​ശ​മാ​ണു ബൈബിൾ നൽകു​ന്നത്‌. അതിൻപ്ര​കാ​രം ചില കടുത്ത സാഹച​ര്യ​ങ്ങൾ വിവാ​ഹ​മോ​ച​ന​ത്തിന്‌ അനുമതി നൽകു​ന്നുണ്ട്‌. (മത്തായി 19:9) അതേസ​മയം, നിസ്സാര കാരണ​ങ്ങളെ ചൊല്ലി​യുള്ള വിവാ​ഹ​മോ​ച​നത്തെ അതു കുറ്റം വിധി​ക്കു​ന്നു. (മലാഖി 2:14-16) ദാമ്പത്യ അവിശ്വ​സ്‌ത​ത​യെ​യും അതു കുറ്റം വിധി​ക്കു​ന്നു. (എബ്രായർ 13:4) വിവാ​ഹ​ജീ​വി​ത​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നതു പ്രതി​ബ​ദ്ധ​ത​യാ​ണെന്ന്‌ അതു പറയുന്നു: ‘അതു​കൊ​ണ്ടു പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.’ aഉല്‌പത്തി 2:24; മത്തായി 19:5, 6.

വിവാ​ഹ​ജീ​വി​തത്തെ സംബന്ധിച്ച ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം അത്‌ എഴുത​പ്പെട്ട കാല​ത്തെ​പ്പോ​ലെ ഇന്നും പ്രസക്ത​മാണ്‌. പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ​യും ആദര​വോ​ടെ​യും ഭാര്യാ​ഭർത്താ​ക്ക​ന്മാർ പെരു​മാ​റു​ക​യും വിവാഹം സമ്പൂർണ​മായ ഒരു ബന്ധമാ​ണെന്നു കരുതു​ക​യും ചെയ്യു​മ്പോൾ, ദാമ്പത്യ​ബന്ധം അതിജീ​വി​ക്കാ​നുള്ള സാധ്യത വളരെ കൂടു​ത​ലാ​യി​രി​ക്കും—ഒപ്പം കുടും​ബ​വും.

മാതാ​പി​താ​ക്കൾക്കുള്ള പ്രാ​യോ​ഗിക മാർഗ​നിർദേ​ശം

കുട്ടി​കളെ വളർത്തു​ന്ന​തി​ലുള്ള “പുത്തൻ ആശയങ്ങ”ളാൽ പ്രേരി​ത​രാ​യി, പല ദശകങ്ങൾക്കു മുമ്പ്‌ അനേകം മാതാ​പി​താ​ക്ക​ളും കരുതി​യി​രു​ന്നത്‌ “ശിക്ഷി​ക്കു​ന്നത്‌ തെറ്റാണ്‌” എന്നായി​രു​ന്നു.8 കുട്ടി​കൾക്കു പരിമി​തി​കൾ വെക്കു​ന്നത്‌ അവരിൽ ആഘാത​വും നിരാ​ശ​യും ഉളവാ​ക്കു​മെ​ന്നാ​യി​രു​ന്നു അവരുടെ ഭയം. മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ ഏറ്റവും നിസ്സാ​ര​മായ തിരുത്തൽ കൊടു​ക്കു​ന്ന​തി​ല​ധി​കം ഒന്നും ചെയ്യരു​തെന്നു കുട്ടി​കളെ വളർത്തു​ന്നതു സംബന്ധിച്ച സദു​ദ്ദേ​ശ്യ​മുള്ള ബുദ്ധ്യു​പ​ദേ​ശകർ നിർബന്ധം പിടി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ അത്തരം വിദഗ്‌ധ​രി​ല​നേകർ ശിക്ഷണ​ത്തി​നുള്ള പങ്കി​നെ​ക്കു​റി​ച്ചു പുനർവി​ചി​ന്തനം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ വിഷയം സംബന്ധി​ച്ചു വ്യക്തമായ വിവര​ങ്ങൾക്കാ​യി ഉത്‌ക​ണ്‌ഠാ​കു​ല​രായ മാതാ​പി​താ​ക്കൾ അന്വേ​ഷണം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ ഇക്കാല​മെ​ല്ലാം ബൈബിൾ വ്യക്തവും ന്യായ​യു​ക്ത​വു​മായ ബുദ്ധ്യു​പ​ദേശം നൽകി​യി​ട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷത്തി​നു മുമ്പ്‌ അത്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “പിതാ​ക്കൻമാ​രേ, നിങ്ങളു​ടെ മക്കളെ കോപി​പ്പി​ക്കാ​തെ കർത്താ​വി​ന്റെ ബാലശി​ക്ഷ​യി​ലും [“ശിക്ഷണ​ത്തി​ലും,” NW] പത്ഥ്യോ​പ​ദേ​ശ​ത്തി​ലും പോറ്റി വളർത്തു​വിൻ.” (എഫെസ്യർ 6:4) ‘ശിക്ഷണം’ എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു നാമത്തി​ന്റെ അർഥം “അഭ്യസനം, പരിശീ​ലനം, പ്രബോ​ധനം” എന്നൊ​ക്കെ​യാണ്‌.9 അത്തരം ശിക്ഷണം അല്ലെങ്കിൽ പ്രബോ​ധനം മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 13:24) വ്യക്തമായ ധാർമിക മാർഗ​നിർദേ​ശ​ത്തോ​ടെ​യും ശരിയും തെറ്റും സംബന്ധിച്ച വികസി​ത​മായ ഒരു അവബോ​ധ​ത്തോ​ടെ​യും കുട്ടികൾ വളർന്നു​വ​രു​ന്നു. മാതാ​പി​താ​ക്കൾ അവരെ​ക്കു​റി​ച്ചും അവർ വളർത്തി​യെ​ടു​ക്കുന്ന വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും കരുത​ലു​ള്ള​വ​രാ​ണെന്നു ശിക്ഷണം പ്രകട​മാ​ക്കു​ന്നു.

എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ അധികാ​രം—“ശിക്ഷെ​ക്കുള്ള വടി”—ഒരിക്ക​ലും ദ്രോ​ഹി​ക്കുന്ന തരത്തി​ലു​ള്ള​താ​യി​രി​ക്ക​രുത്‌. b (സദൃശ​വാ​ക്യ​ങ്ങൾ 22:15; 29:15) ബൈബിൾ മാതാ​പി​താ​ക്കൾക്ക്‌ ഈ മുന്നറി​യി​പ്പു നൽകുന്നു: “നിങ്ങളു​ടെ മക്കളെ അമിത​മാ​യി തിരു​ത്ത​രുത്‌, അങ്ങനെ​യാ​യാൽ നിങ്ങൾ അവരുടെ ധൈര്യം ചോർത്തി​ക്ക​ള​യും.” (കൊ​ലൊ​സ്സ്യർ 3:21, ഫിലി​പ്‌സ്‌) ശാരീ​രിക ശിക്ഷ സാധാ​ര​ണ​മാ​യി ഏറ്റവും ഫലപ്ര​ദ​മായ പഠിപ്പി​ക്കൽ മാർഗ​മ​ല്ലെ​ന്നും അതു സമ്മതി​ക്കു​ന്നു. സദൃശ​വാ​ക്യ​ങ്ങൾ 17:10 ഇങ്ങനെ പറയുന്നു: “ഭോഷനെ നൂറു അടിക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മാ​നെ ഒന്നു ശാസി​ക്കു​ന്നതു അധികം ഫലിക്കും.” തന്നെയു​മല്ല, പ്രതി​രോധ ശിക്ഷണ​വും (preventive discipline) ബൈബിൾ ശുപാർശ ചെയ്യുന്നു. കുട്ടി​ക​ളിൽ ധാർമിക മൂല്യങ്ങൾ വളർത്തി​യെ​ടു​ക്കാൻ അനൗപ​ചാ​രിക സന്ദർഭങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ ആവർത്ത​ന​പു​സ്‌തകം 11:19 മാതാ​പി​താ​ക്കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.—ആവർത്ത​ന​പു​സ്‌തകം 6:6, 7-ഉം കൂടെ കാണുക.

മാതാ​പി​താ​ക്കൾക്കുള്ള ബൈബി​ളി​ന്റെ കാലാ​തീത ബുദ്ധ്യു​പ​ദേശം വ്യക്തമാണ്‌. കുട്ടി​കൾക്ക്‌ പൊരു​ത്ത​മുള്ള, സ്‌നേ​ഹ​പു​ര​സ്സ​ര​മായ ശിക്ഷണം ആവശ്യ​മാണ്‌. അത്തരം ബുദ്ധ്യു​പ​ദേശം വാസ്‌ത​വ​ത്തിൽ ഫലപ്ര​ദ​മാ​ണെന്നു പ്രാ​യോ​ഗിക അനുഭവം കാണി​ക്കു​ന്നു. c

ആളുകളെ ഭിന്നി​പ്പി​ച്ചു​നിർത്തുന്ന പ്രതി​ബ​ന്ധങ്ങൾ തരണം ചെയ്യൽ

വർഗീ​യ​വും ദേശീ​യ​വും വംശീ​യ​വു​മായ പ്രതി​ബ​ന്ധങ്ങൾ ഇന്ന്‌ ആളുകളെ ഭിന്നി​പ്പി​ച്ചു​നിർത്തു​ന്നു. ലോക​മെ​മ്പാ​ടു​മുള്ള യുദ്ധങ്ങ​ളിൽ നിഷ്‌ക​ള​ങ്ക​രായ ആളുകളെ കൊല​ചെ​യ്യു​ന്ന​തി​നു കാരണ​മാ​യി​ട്ടുണ്ട്‌ അത്തരം കൃത്രിമ മതിലു​കൾ. ചരിത്രം പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ, പല വർഗങ്ങ​ളി​ലും ജനതക​ളി​ലും പെട്ട സ്‌ത്രീ​പു​രു​ഷ​ന്മാർ സമത്വ​മു​ള്ള​വ​രെ​ന്ന​വണ്ണം പരസ്‌പരം ഇടപെ​ടു​മെന്ന പ്രതീക്ഷ മങ്ങിയ​താണ്‌. “പരിഹാ​രം നമ്മുടെ ഹൃദയ​ങ്ങ​ളി​ലാണ്‌,” ഒരു ആഫ്രിക്കൻ രാജ്യ​ത​ന്ത്രജ്ഞൻ പറയുന്നു.11 എന്നാൽ മനുഷ്യ​ഹൃ​ദ​യ​ങ്ങൾക്കു മാറ്റം വരുത്തുക എളുപ്പമല്ല. ബൈബി​ളി​ന്റെ സന്ദേശം ഹൃദയ​ത്തിന്‌ ആകർഷ​ക​മാ​യി​രി​ക്കു​ന്ന​തും സമത്വ​മ​നോ​ഭാ​വ​ങ്ങളെ പരി​പോ​ഷി​പ്പി​ക്കു​ന്ന​തും എങ്ങനെ​യെന്നു പരിചി​ന്തി​ക്കുക.

ദൈവം “ഒരുത്ത​നിൽനി​ന്നു മനുഷ്യ​ജാ​തി​യെ ഒക്കെയും ഉളവാക്കി” എന്ന ബൈബി​ളി​ന്റെ പഠിപ്പി​ക്കൽ വർഗ​ശ്രേ​ഷ്‌ഠത എന്ന ആശയത്തെ നിരാ​ക​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:26) യഥാർഥ​ത്തിൽ ഒരു വർഗം—മനുഷ്യ​വർഗം—മാത്രമേ ഉള്ളു​വെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. “ദൈവത്തെ അനുക​രി​പ്പിൻ” എന്നു ബൈബിൾ കൂടു​ത​ലാ​യി നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ആ ദൈവ​ത്തെ​ക്കു​റിച്ച്‌ അതിങ്ങനെ പറയുന്നു: “[അവനു] മുഖപ​ക്ഷ​മില്ല . . . ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു.” (എഫെസ്യർ 5:1; പ്രവൃ​ത്തി​കൾ 10:34, 35) ബൈബി​ളി​നെ ഗൗരവ​ബു​ദ്ധി​യോ​ടെ കാണു​ക​യും അതിന്റെ പഠിപ്പി​ക്ക​ലു​ക​ള​നു​സ​രിച്ച്‌ യഥാർഥ​ത്തിൽ ജീവി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം ആ അറിവിന്‌ ഏകീക​രി​ക്കുന്ന തരത്തി​ലുള്ള ഒരു ഫലമുണ്ട്‌. ആളുകളെ ഭിന്നി​പ്പി​ച്ചു​നിർത്തുന്ന മനുഷ്യ​നിർമിത പ്രതി​ബ​ന്ധ​ങ്ങളെ ഇല്ലായ്‌മ ചെയ്‌തു​കൊണ്ട്‌ അത്‌ ഏറ്റവും ആഴമായ തലത്തിൽ, മനുഷ്യ​ഹൃ​ദ​യ​ത്തിൽ പ്രവർത്തി​ക്കു​ന്നു. ഒരു ഉദാഹ​രണം പരിചി​ന്തി​ക്കുക.

ഹിറ്റ്‌ലർ യൂറോ​പ്പി​ലു​ട​നീ​ളം യുദ്ധം ചെയ്‌ത​പ്പോൾ, നിഷ്‌ക​ള​ങ്ക​രായ ആളുകളെ കൊല്ലു​ന്ന​തിൽ കൂട്ടു​നിൽക്കാഞ്ഞ ദൃഢചി​ത്ത​രായ ഒരു കൂട്ടം ക്രിസ്‌ത്യാ​നി​ക​ളു​ണ്ടാ​യി​രു​ന്നു—യഹോ​വ​യു​ടെ സാക്ഷികൾ. അവർ സഹമനു​ഷ്യ​നെ​തി​രെ “വാളോ​ങ്ങു​ക​യി​ല്ലാ”യിരുന്നു. ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നുള്ള തങ്ങളുടെ ആഗ്രഹം നിമി​ത്ത​മാണ്‌ അവർ ആ നിലപാ​ടു സ്വീക​രി​ച്ചത്‌. (യെശയ്യാ​വു 2:3, 4; മീഖാ 4:3, 5) ബൈബിൾ പഠിപ്പി​ക്കുന്ന കാര്യം അവർ യഥാർഥ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു—ഒരു ജനതയോ വർഗമോ മറ്റൊ​ന്നി​നെ​ക്കാൾ ശ്രേഷ്‌ഠമല്ല. (ഗലാത്യർ 3:28) സമാധാ​ന​പ്രി​യ​മുള്ള അവരുടെ നിലപാ​ടു നിമിത്തം, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യാ​യി​രു​ന്നു തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ആദ്യം പിടി​ച്ചി​ട്ടത്‌.—റോമർ 12:18.

എന്നാൽ ബൈബിൾ പിൻപ​റ്റു​ന്നു​വെന്ന്‌ അവകാ​ശ​പ്പെട്ട എല്ലാവ​രു​മൊ​ന്നും അത്തര​മൊ​രു നിലപാ​ടു സ്വീക​രി​ച്ചില്ല. രണ്ടാം ലോക​യു​ദ്ധം കഴിഞ്ഞ്‌ അധിക​മാ​കു​ന്ന​തി​നു മുമ്പു ജർമൻ പ്രൊ​ട്ട​സ്റ്റൻറ്‌ പുരോ​ഹി​ത​നായ മാർട്ടിൻ നിമൊ​ളർ ഇങ്ങനെ എഴുതി: “[യുദ്ധങ്ങൾക്കു] ദൈവത്തെ കുറ്റ​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കുന്ന ആർക്കും ദൈവ​വ​ച​ന​മ​റി​യില്ല, അറിയാൻ ആഗ്രഹി​ക്കു​ന്ന​തു​മില്ല . . . ചരി​ത്ര​ത്തി​ലു​ട​നീ​ളം ക്രിസ്‌തീയ സഭകൾ ആവർത്തി​ച്ചാ​വർത്തി​ച്ചു യുദ്ധങ്ങ​ളെ​യും സേനക​ളെ​യും ആയുധ​ങ്ങ​ളെ​യും അനു​ഗ്ര​ഹി​ച്ചി​ട്ടുണ്ട്‌, മാത്രമല്ല . . . തികച്ചും ക്രിസ്‌തീയ വിരു​ദ്ധ​മായ രീതി​യിൽ യുദ്ധത്തിൽ ശത്രു​ക്ക​ളു​ടെ നാശത്തി​നാ​യി അവർ പ്രാർഥി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഇതെല്ലാം നമ്മു​ടെ​യും നമ്മുടെ പിതാ​ക്ക​ന്മാ​രു​ടെ​യും കുറ്റമാണ്‌, എന്നാൽ ഒരു​പ്ര​കാ​ര​ത്തി​ലും ദൈവ​ത്തെയല്ല പഴി​ക്കേ​ണ്ടത്‌. ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളായ നാം ആത്മാർഥ​രായ ബൈബിൾ വിദ്യാർഥി​കൾ [യഹോ​വ​യു​ടെ സാക്ഷികൾ] എന്നു വിളി​ക്ക​പ്പെ​ടുന്ന വിഭാ​ഗ​ത്തി​ന്റെ മുമ്പിൽ ലജ്ജിത​രാ​യി നിൽക്കു​ന്നു. യുദ്ധത്തിൽ സേവി​ക്കാൻ കൂട്ടാ​ക്കാ​ഞ്ഞ​തി​നാ​ലും മനുഷ്യ​രു​ടെ നേർക്കു വെടി​വെ​ക്കാൻ വിസമ്മ​തി​ച്ച​തി​നാ​ലും അവരിൽ നൂറു​ക​ണ​ക്കി​നും ആയിര​ക്ക​ണ​ക്കി​നും പേർ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്കു പോയി.”12

യഹോ​വ​യു​ടെ സാക്ഷികൾ ഇന്നോളം തങ്ങളുടെ സാഹോ​ദ​ര്യ​ത്തി​ന്റെ പേരിൽ അറിയ​പ്പെ​ടു​ന്ന​വ​രാണ്‌. ആ സാഹോ​ദ​ര്യം അറബി​ക​ളെ​യും യഹൂദ​രെ​യും, ക്രൊ​യേ​ഷ്യ​ക്കാ​രെ​യും സെർബി​യ​ക്കാ​രെ​യും, ഹൂട്ടു​ക​ളെ​യും ടൂട്‌സി​ക​ളെ​യും ഏകീക​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അത്തരം സാഹോ​ദ​ര്യം സാധ്യ​മാ​യി​രി​ക്കു​ന്നത്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​യ​തു​കൊ​ണ്ടല്ല, ബൈബിൾസ​ന്ദേ​ശ​ത്തി​ന്റെ ശക്തിയാൽ പ്രചോ​ദി​ത​രാ​യ​തു​കൊ​ണ്ടാ​ണെന്നു സാക്ഷികൾ സത്വരം സമ്മതി​ക്കു​ന്നു.—1 തെസ്സ​ലൊ​നീ​ക്യർ 2:13.

നല്ല മാനസി​കാ​രോ​ഗ്യ​ത്തെ പരി​പോ​ഷി​പ്പി​ക്കുന്ന പ്രാ​യോ​ഗിക മാർഗ​നിർദേ​ശം

ആളുക​ളു​ടെ മാനസി​ക​വും വൈകാ​രി​ക​വു​മായ ആരോ​ഗ്യം അവരുടെ ശാരീ​രിക ആരോ​ഗ്യ​ത്തെ ബാധി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കോപ​ത്തി​നു ഹാനി​ക​ര​മായ ഫലങ്ങളു​ണ്ടെന്നു ശാസ്‌ത്രീയ പഠനങ്ങൾ തെളി​യി​ച്ചി​ട്ടുണ്ട്‌. “സാമൂ​ഹിക പിന്തു​ണ​യു​ടെ കുറവ്‌, കോപി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന വർധിച്ച വൈകാ​രിക സമ്മർദം, അപകട​ക​ര​മായ ശീലങ്ങ​ളിൽ അമിത​മാ​യി മുഴുകൽ എന്നിങ്ങ​നെ​യുള്ള നാനാ​വിധ കാരണ​ങ്ങ​ളാൽ, വിദ്വേ​ഷം വെച്ചു​പു​ലർത്തുന്ന ആളുകൾക്ക്‌ ഹൃദയ​ധ​മ​നീ​രോ​ഗം (അതു​പോ​ലെ മറ്റു രോഗ​ങ്ങ​ളും) ഉണ്ടാകാ​നുള്ള സാധ്യത കൂടു​ത​ലാ​ണെന്നു ലഭ്യമായ മിക്ക തെളി​വു​ക​ളും സൂചി​പ്പി​ക്കു​ന്നു,” ഡ്യൂക്ക്‌ യൂണി​വേ​ഴ്‌സി​റ്റി മെഡിക്കൽ സെന്ററി​ലെ പെരു​മാറ്റ ഗവേഷ​ണ​വി​ഭാ​ഗ​ത്തി​ന്റെ ഡയറക്ട​റായ ഡോ. റെഡ്‌ഫോർഡ്‌ വില്യം​സും അദ്ദേഹ​ത്തി​ന്റെ ഭാര്യ വിർജി​നിയ വില്യം​സും കോപം കൊല്ലു​ന്നു (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ പറയുന്നു.13

അത്തരം ശാസ്‌ത്രീയ പഠനങ്ങൾക്ക്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ നമ്മുടെ വൈകാ​രി​കാ​വ​സ്ഥ​യും ശാരീ​രി​കാ​രോ​ഗ്യ​വും തമ്മിൽ ബന്ധമു​ണ്ടെന്നു ലളിത​വും സ്‌പഷ്ട​വു​മാ​യി ബൈബിൾ വ്യക്തമാ​ക്കി​യി​രു​ന്നു: “ശാന്തമ​നസ്സു ദേഹത്തി​ന്നു ജീവൻ; അസൂയ​യോ അസ്ഥികൾക്കു ദ്രവത്വം.” (സദൃശ​വാ​ക്യ​ങ്ങൾ 14:30; 17:22) “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നും “നിന്റെ മനസ്സിൽ അത്ര വേഗം നീരസം [അല്ലെങ്കിൽ “കോപം,” ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം] ഉണ്ടാക​രു​തു” എന്നും ജ്ഞാനപൂർവം ബൈബിൾ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു.—സങ്കീർത്തനം 37:8; സഭാ​പ്ര​സം​ഗി 7:9.

കോപത്തെ കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള നല്ല ബുദ്ധ്യു​പ​ദേ​ശ​വും ബൈബി​ളിൽ അടങ്ങി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സദൃശ​വാ​ക്യ​ങ്ങൾ 19:11 ഇങ്ങനെ പറയുന്നു: “വിവേ​ക​ബു​ദ്ധി​യാൽ [“ഉൾക്കാ​ഴ്‌ച​യാൽ,” NW] മനുഷ്യ​ന്നു ദീർഘ​ക്ഷ​മ​വ​രു​ന്നു; ലംഘനം ക്ഷമിക്കു​ന്നതു അവന്നു ഭൂഷണം.” “ഉൾക്കാഴ്‌ച” എന്നതിന്റെ എബ്രായ പദം വന്നിരി​ക്കു​ന്നത്‌ “എന്തി​ന്റെ​യെ​ങ്കി​ലും കാരണ​ത്തെ​ക്കു​റി​ച്ചുള്ള അറിവി”ലേക്കു ശ്രദ്ധ ക്ഷണിക്കുന്ന ഒരു ക്രിയ​യിൽനി​ന്നാണ്‌.14 ജ്ഞാനമുള്ള ബുദ്ധ്യു​പ​ദേശം ഇതാണ്‌: “പ്രവൃ​ത്തി​ക്കു​ന്ന​തി​നു മുമ്പു ചിന്തി​ക്കുക.” മറ്റുള്ളവർ പ്രത്യേക വിധത്തിൽ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്നത്‌ കൂടുതൽ സഹിഷ്‌ണു​ത​യു​ള്ള​വ​നാ​യി​രി​ക്കാൻ ഒരുവനെ സഹായി​ക്കും. അപ്പോൾ കോപി​ക്കാ​നുള്ള സാധ്യ​ത​യും കുറയും.—സദൃശ​വാ​ക്യ​ങ്ങൾ 14:29.

പ്രാ​യോ​ഗി​ക​മായ മറ്റൊരു ബുദ്ധ്യു​പ​ദേശം കൊ​ലൊ​സ്സ്യർ 3:13-ൽ കാണാം. അത്‌ ഇങ്ങനെ പറയുന്നു: “അന്യോ​ന്യം പൊറു​ക്ക​യും . . . തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ.” ചെറിയ ചെറിയ അസ്വാ​ര​സ്യ​ങ്ങൾ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌. ‘പൊറു​ക്കുക’ എന്ന പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നത്‌ മറ്റുള്ള​വ​രിൽ കാണുന്ന നമുക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ക്ഷമിക്കുക എന്നാണ്‌. ‘ക്ഷമിക്കുക’ എന്നതി​നർഥം നീരസം നീക്കി​ക്ക​ള​യുക എന്നാണ്‌. കയ്‌പേ​റിയ വികാ​ര​ങ്ങളെ താലോ​ലി​ക്കു​ന്ന​തി​നു പകരം അവ നീങ്ങി​പ്പോ​കാൻ അനുവ​ദി​ക്കു​ന്നതു ജ്ഞാനമാണ്‌; കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ നമ്മുടെ ഭാരം വർധി​പ്പി​ക്കു​ക​യേ​യു​ള്ളൂ.—“മനുഷ്യ​ബ​ന്ധ​ങ്ങൾക്കുള്ള പ്രാ​യോ​ഗിക മാർഗ​നിർദേശം” എന്ന ചതുരം കാണുക.

ഇന്നു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ​യും മാർഗ​നിർദേ​ശ​ത്തി​ന്റെ​യും ധാരാളം ഉറവു​ക​ളുണ്ട്‌. എന്നാൽ, ബൈബിൾ ശരിക്കും അനുപ​മ​മാണ്‌. അതിന്റെ ബുദ്ധ്യു​പ​ദേശം കേവലം കഥയല്ല, അതിന്റെ ഉപദേശം നമുക്കു ഹാനി​ക​ര​വു​മല്ല. മറിച്ച്‌, അതിന്റെ ജ്ഞാനം “വളരെ ആശ്രയ​യോ​ഗ്യ​മെന്നു” തെളി​ഞ്ഞി​രി​ക്കു​ന്നു. (സങ്കീർത്തനം 93:5, NW) തന്നെയു​മല്ല, ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം കാലാ​തീ​ത​മാണ്‌. അതു പൂർത്തീ​ക​രി​ക്ക​പ്പെ​ട്ടത്‌ ഏതാണ്ട്‌ 2,000 വർഷം മുമ്പാ​യി​രു​ന്നെ​ങ്കി​ലും, അതിന്റെ വാക്കുകൾ ഇപ്പോ​ഴും പ്രാ​യോ​ഗി​ക​മാണ്‌. നമ്മുടെ ത്വക്കിന്റെ നിറം എന്തായി​രു​ന്നാ​ലും നാം ജീവി​ക്കുന്ന രാജ്യം ഏതായി​രു​ന്നാ​ലും അവ തുല്യ​ശ​ക്തി​യോ​ടെ ബാധക​മാ​കു​ന്നു. ബൈബി​ളി​ന്റെ വാക്കു​കൾക്കു ശക്തിയു​മുണ്ട്‌—ആളുക​ളു​ടെ ജീവി​ത​ത്തിൽ ഗുണക​ര​മായ മാറ്റങ്ങൾ വരുത്താൻ അതിനു കഴിയും. (എബ്രായർ 4:12) ആ ഗ്രന്ഥം വായി​ക്കു​ന്ന​തും അതിന്റെ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തും നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ഗുണമേന്മ വർധി​പ്പി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a ‘പറ്റി​ച്ചേ​രുക’ എന്ന്‌ ഇവിടെ വിവർത്തനം ചെയ്‌തി​രി​ക്കുന്ന ദാവഖ്‌ എന്ന എബ്രായ പദത്തിന്‌ “പ്രീതി​യോ​ടെ​യും വിശ്വ​സ്‌ത​ത​യോ​ടെ​യും ആരോ​ടെ​ങ്കി​ലും പറ്റിനിൽക്കുക എന്ന ആശയമാ​ണു​ള്ളത്‌.”4 ഗ്രീക്കിൽ, “പറ്റി​ച്ചേ​രും” എന്നു മത്തായി 19:5-ൽ വിവർത്തനം ചെയ്‌തി​രി​ക്കുന്ന പദം “പശകൊണ്ട്‌ ഒട്ടിക്കുക,” “ഒന്നാക്കുക,” “ദൃഢമാ​യി കൂട്ടി​ച്ചേർക്കുക” എന്നൊക്കെ അർഥമുള്ള പദത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.5

b ബൈബിൾ കാലങ്ങ​ളിൽ, “വടി” (എബ്രായ, ഷെവെത്ത്‌) എന്ന പദത്തിന്‌ ഒരു ഇടയൻ ഉപയോ​ഗി​ക്കു​ന്നതു പോലുള്ള “ദണ്ഡ്‌” എന്നോ “കോല്‌” എന്നോ അർഥമു​ണ്ടാ​യി​രു​ന്നു.10 ഈ പശ്ചാത്ത​ല​ത്തിൽ, അധികാ​ര​ത്തി​ന്റെ വടി സൂചി​പ്പി​ക്കു​ന്നത്‌ ഉഗ്രമായ മൃഗീ​യ​തയെ അല്ല, സ്‌നേ​ഹ​പു​ര​സ്സ​ര​മായ മാർഗ​നിർദേ​ശ​ത്തെ​യാണ്‌.—സങ്കീർത്തനം 23:4 താരത​മ്യം ചെയ്യുക.

c വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തി​ലെ “ശൈശ​വം​മു​തലേ നിങ്ങളു​ടെ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക,” “നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ക്കാ​രെ അഭിവൃ​ദ്ധി പ്രാപി​ക്കാൻ സഹായി​ക്കുക,” “വീട്ടിൽ ഒരു മത്സരി ഉണ്ടോ?,” “നശീകരണ സ്വാധീ​ന​ങ്ങ​ളിൽനി​ന്നു നിങ്ങളു​ടെ കുടും​ബത്തെ സംരക്ഷി​ക്കുക” എന്നീ അധ്യാ​യങ്ങൾ കാണുക.

[24-ാം പേജിലെ ആകർഷ​ക​വാ​ക്യം]

കുടുംബജീവിതം സംബന്ധി​ച്ചു വ്യക്തവും ന്യായ​യു​ക്ത​വു​മായ ബുദ്ധ്യു​പ​ദേശം ബൈബിൾ പ്രദാനം ചെയ്യുന്നു

[23-ാം പേജിലെ ചതുരം]

ആരോഗ്യാവഹമായ കുടും​ബ​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​കൾ

അനവധി വർഷങ്ങൾക്കു മുമ്പ്‌, വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ക​യും കുടുംബ സ്‌പെ​ഷ്യ​ലി​സ്റ്റു​മായ ഒരുവൾ വ്യാപ​ക​മായ ഒരു സർവേ നടത്തു​ക​യു​ണ്ടാ​യി. അതിൽ പങ്കെടു​ത്തത്‌ കുടും​ബ​ങ്ങൾക്കു ബുദ്ധ്യു​പ​ദേശം നൽകുന്ന 500 വിദഗ്‌ധ​രാ​യി​രു​ന്നു. “ആരോ​ഗ്യ​മുള്ള” കുടും​ബ​ങ്ങ​ളു​ടെ പ്രത്യേ​ക​ത​ക​ളാ​യി അവർ നിരീ​ക്ഷി​ച്ചത്‌ എന്താ​ണെന്നു പറയാൻ അവരോട്‌ ആവശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. രസാവ​ഹ​മെന്നു പറയട്ടെ, ആ പട്ടിക​യി​ലു​ണ്ടാ​യി​രുന്ന ഏറ്റവും സാധാ​ര​ണ​മായ സവി​ശേ​ഷ​തകൾ ദീർഘ​കാ​ലം മുമ്പേ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന കാര്യ​ങ്ങ​ളാ​യി​രു​ന്നു.

നല്ല ആശയവി​നി​മയ ശീലങ്ങ​ളും ഭിന്നതകൾ പരിഹ​രി​ക്കു​ന്ന​തി​നുള്ള ഫലപ്ര​ദ​മായ രീതി​ക​ളും പട്ടിക​യിൽ ഏറ്റവും മുന്തി​യ​താ​യി​രു​ന്നു. ആരോ​ഗ്യാ​വ​ഹ​മായ കുടും​ബ​ങ്ങ​ളിൽ കണ്ട പൊതു​വായ ഒരു സംഗതി “മറ്റൊ​രാ​ളു​ടെ നേർക്കു കോപം വെച്ചു​പു​ലർത്തി​ക്കൊണ്ട്‌ ആരും ഉറങ്ങാൻ പോകു​ന്നില്ല” എന്നതാ​ണെന്നു സർവേ നടത്തിയ വ്യക്തി അഭി​പ്രാ​യ​പ്പെട്ടു.6 എന്നാൽ, 1,900 വർഷം മുമ്പു ബൈബിൾ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചി​രു​ന്നു: “കോപി​ച്ചാൽ പാപം ചെയ്യാ​തി​രി​പ്പിൻ. സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു.” (എഫെസ്യർ 4:26) ബൈബിൾകാ​ല​ങ്ങ​ളിൽ ദിവസങ്ങൾ കണക്കാ​ക്കി​യി​രു​ന്നത്‌ സൂര്യാ​സ്‌ത​മ​യം​മു​തൽ സൂര്യാ​സ്‌ത​മ​യം​വരെ ആയിരു​ന്നു. അതു​കൊണ്ട്‌, ആധുനിക വിദഗ്‌ധർ കുടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നു ദീർഘ​കാ​ലം മുമ്പ്‌ ബൈബിൾ ജ്ഞാനപൂർവം ഉപദേ​ശി​ച്ചി​രു​ന്നു: ഭിന്നത​യു​ള​വാ​ക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന്‌—ഒരു ദിവസം അവസാ​നിച്ച്‌ മറ്റൊന്നു തുടങ്ങു​ന്ന​തി​നു മുമ്പ്‌—പരിഹ​രി​ക്കുക.

ആരോ​ഗ്യ​മുള്ള കുടും​ബങ്ങൾ “കിടക്കാൻ പോകു​ന്ന​തി​നു മുമ്പായി സ്‌ഫോ​ട​നാ​ത്മക വിഷയങ്ങൾ എടുത്തി​ടു​മാ​യി​രു​ന്നില്ല” എന്നു സർവേ നടത്തിയ വ്യക്തി കണ്ടെത്തി. “‘തക്കസമ​യത്ത്‌’ എന്ന പ്രയോ​ഗം ഞാൻ ആവർത്തി​ച്ചാ​വർത്തി​ച്ചു കേട്ടു.”7 അത്തരം കുടും​ബങ്ങൾ അവരറി​യാ​തെ​തന്നെ അനുക​രി​ച്ചി​രു​ന്നത്‌ 2,700 വർഷം മുമ്പ്‌ രേഖ​പ്പെ​ടു​ത്തി​യി​രുന്ന ബൈബിൾ സദൃശ​വാ​ക്യ​മാ​യി​രു​ന്നു: ‘തക്കസമ​യത്തു പറഞ്ഞ വാക്കു വെള്ളി​ത്താ​ല​ത്തിൽ പൊൻനാ​ര​ങ്ങാ​പോ​ലെ [“സ്വർണ ആപ്പിളു​കൾപോ​ലെ,” NW] ആകുന്നു.’ (സദൃശ​വാ​ക്യ​ങ്ങൾ 15:23; 25:11) ഈ ഉപമ ചിത്ര​ക്കൊ​ത്തു​പ​ണി​യുള്ള വെള്ളി​ത്താ​ല​ങ്ങ​ളിൽ വെച്ചി​രുന്ന ആപ്പിളി​ന്റെ ആകൃതി​യി​ലുള്ള സ്വർണാ​ഭ​ര​ണ​ങ്ങളെ അനുസ്‌മ​രി​പ്പി​ച്ചേ​ക്കാം—ബൈബിൾ കാലങ്ങ​ളിൽ അവ അമൂല്യ​വും മനോ​ഹ​ര​വു​മായ സ്വത്തു​ക്ക​ളാ​യി​രു​ന്നു. അത്‌ ഉചിത​മായ സമയത്ത്‌ ഉച്ചരി​ക്കുന്ന വാക്കു​ക​ളു​ടെ ഭംഗി​യും മൂല്യ​വും അറിയി​ക്കു​ന്നു. സമ്മർദ​പൂ​രി​ത​മായ സന്ദർഭ​ങ്ങ​ളിൽ, തക്കസമ​യത്തു പറഞ്ഞ ഉചിത​മായ വാക്കുകൾ അമൂല്യ​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 10:19.

[26-ാം പേജിലെ ചതുരം]

മനുഷ്യബന്ധങ്ങൾക്കുള്ള പ്രാ​യോ​ഗിക മാർഗ​നിർദേ​ശം

“നടുങ്ങു​വിൻ; പാപം ചെയ്യാ​തി​രി​പ്പിൻ; നിങ്ങളു​ടെ കിടക്ക​മേൽ ഹൃദയ​ത്തിൽ ധ്യാനി​ച്ചു മൌന​മാ​യി​രി​പ്പിൻ.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സങ്കീർത്തനം 4:4) ചെറിയ തെറ്റുകൾ ഉൾപ്പെ​ടുന്ന മിക്ക കേസു​ക​ളി​ലും വൈകാ​രിക സമ്മർദം ഒഴിവാ​ക്കി​ക്കൊ​ണ്ടു നിങ്ങളു​ടെ വാക്കുകൾ നിയ​ന്ത്രി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും.

“വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖ​പ്രദം.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സദൃശ​വാ​ക്യ​ങ്ങൾ 12:18) സംസാ​രി​ക്കു​ന്ന​തി​നു മുമ്പു ചിന്തി​ക്കുക. ചിന്താ​ശൂ​ന്യ​മായ വാക്കുകൾ മറ്റുള്ള​വരെ വ്രണ​പ്പെ​ടു​ത്താ​നും സൗഹൃ​ദങ്ങൾ നശിപ്പി​ക്കാ​നും കാരണ​മാ​യേ​ക്കാം.

“മൃദു​വായ ഉത്തരം ക്രോ​ധത്തെ ശമിപ്പി​ക്കു​ന്നു; കഠിന​വാ​ക്കോ കോപത്തെ ജ്വലി​പ്പി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സദൃശ​വാ​ക്യ​ങ്ങൾ 15:1) സൗമ്യ​ത​യോ​ടെ പ്രതി​ക​രി​ക്കു​ന്ന​തിന്‌ ആത്മനി​യ​ന്ത്രണം ആവശ്യ​മാണ്‌. എന്നാൽ അത്തര​മൊ​രു ഗതി പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ക​യും സമാധാ​ന​പ​ര​മായ ബന്ധങ്ങൾ ഊട്ടി​യു​റ​പ്പി​ക്കു​ക​യും ചെയ്യും.

“കലഹത്തി​ന്റെ ആരംഭം മടവെട്ടി വെള്ളം വിടു​ന്ന​തു​പോ​ലെ; ആകയാൽ കലഹമാ​കും​മു​മ്പെ തർക്കം നിർത്തി​ക്കളക.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സദൃശ​വാ​ക്യ​ങ്ങൾ 17:14) നിയ​ന്ത്രണം നഷ്ടപ്പെ​ടു​ന്ന​തി​നു മുമ്പു ചൂടു​പി​ടിച്ച ഒരു രംഗത്തു​നി​ന്നു മാറി​പ്പോ​കു​ന്നതു ജ്ഞാനമാണ്‌.

“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാക​രു​തു; മൂഢന്മാ​രു​ടെ മാർവ്വിൽ അല്ലോ നീരസം വസിക്കു​ന്നതു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (സഭാ​പ്ര​സം​ഗി 7:9) പ്രവൃ​ത്തി​കൾക്കു മുമ്പേ ഉണ്ടാകു​ന്നതു വികാ​ര​ങ്ങ​ളാണ്‌. പെട്ടെന്നു വ്രണി​ത​നാ​കുന്ന വ്യക്തി മൂഢനാണ്‌, കാരണം അയാളു​ടെ പ്രവൃത്തി മൂർച്ച​യുള്ള വാക്കു​ക​ളി​ലേ​ക്കോ പ്രവർത്ത​ന​ങ്ങ​ളി​ലേ​ക്കോ നയി​ച്ചേ​ക്കാം.

[25-ാം പേജിലെ ചിത്രം]

ആദ്യം തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ട്ട​വ​രിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു