വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പ്രവചന ഗ്രന്ഥം

ഒരു പ്രവചന ഗ്രന്ഥം

ഒരു പ്രവചന ഗ്രന്ഥം

ആളുകൾ ഭാവി​യെ​ക്കു​റി​ച്ച​റി​യാൻ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. കാലാ​വസ്ഥാ പ്രവച​ന​ങ്ങൾമു​തൽ സാമ്പത്തിക സൂചി​ക​കൾവരെ പല വിഷയങ്ങൾ സംബന്ധി​ച്ചും ആശ്രയ​യോ​ഗ്യ​മായ ഭാവി വിവരങ്ങൾ അവർ തേടുന്നു. അത്തരം പ്രവച​ന​ങ്ങ​ള​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ, അവർ മിക്ക​പ്പോ​ഴും നിരാ​ശ​രാ​കു​ക​യാ​ണു പതിവ്‌. ബൈബി​ളിൽ അനേകം ഭാവി വിവരങ്ങൾ അഥവാ പ്രവച​നങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. അത്തരം പ്രവച​നങ്ങൾ എത്ര കൃത്യ​ത​യു​ള്ള​വ​യാണ്‌? അവ മുൻകൂ​ട്ടി എഴുത​പ്പെട്ട ചരി​ത്ര​മാ​ണോ? അതോ പ്രവച​ന​ത്തി​ന്റെ പരി​വേ​ഷ​മ​ണി​യുന്ന ചരി​ത്ര​മാ​ണോ?

റോമൻ രാജ്യ​ത​ന്ത്ര​ജ്ഞ​നായ കേറ്റോ (പൊ.യു.മു. 234-പൊ.യു.മു. 149) ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു: “ഒരു ദീർഘ​ദർശി മറ്റൊരു ദീർഘ​ദർശി​യെ കാണു​മ്പോൾ ചിരി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടെന്നു ഞാൻ അതിശ​യി​ക്കു​ന്നു.”1 ഇക്കാല​ത്തും അനവധി​യാ​ളു​കൾ ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​വ​രെ​യും ജ്യോ​തി​ഷ​ക്കാ​രെ​യും ദീർഘ​ദർശി​ക​ളെ​യും സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്കു​ന്നു​വെ​ന്നതു സത്യമാണ്‌. പലപ്പോ​ഴും അവരുടെ പ്രവച​നങ്ങൾ അസ്‌പ​ഷ്ട​വും ഒട്ടനവധി വ്യാഖ്യാ​ന​ങ്ങൾക്കു വിധേ​യ​വു​മാണ്‌.

എന്നാൽ, ബൈബി​ളി​ലെ പ്രവച​ന​ങ്ങ​ളു​ടെ കാര്യ​മോ? സന്ദേഹ​ത്തിന്‌ എന്തെങ്കി​ലും കാരണ​മു​ണ്ടോ? അതോ വിശ്വ​സി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ?

വിദഗ്‌ധ​മായ ഊഹങ്ങളല്ല

ഭാവി സംബന്ധി​ച്ചു കൃത്യ​മായ നിഗമ​നങ്ങൾ നടത്തു​ന്ന​തിന്‌ നിരീ​ക്ഷി​ക്കാൻ കഴിയുന്ന ഗതിവി​ഗ​തി​കൾ ഉപയോ​ഗി​ക്കാൻ വിജ്ഞരായ ആളുകൾ ശ്രമി​ച്ചേ​ക്കാം. എന്നാൽ അവരുടെ നിഗമ​നങ്ങൾ എപ്പോ​ഴും സത്യമാ​യി ഭവിക്കു​ന്നില്ല. ഭാവി പ്രത്യാ​ഘാ​തം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഓരോ സമൂഹ​വും അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ സംഭാ​വ്യ​മായ ഭാവി​സം​ഭ​വ​ങ്ങ​ളു​ടെ പരമ്പരയെ മാത്രമല്ല, സാധ്യ​മായ ഒരു കൂട്ടം ഭാവി​സം​ഭ​വ​ങ്ങ​ളെ​യും അഭികാ​മ്യ​മായ ഭാവി​സം​ഭ​വ​ങ്ങ​ളാ​യി​രി​ക്കാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​യു​മാണ്‌.” അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “തീർച്ച​യാ​യും, സമ്പൂർണ​മായ അർഥത്തിൽ ആർക്കും ഭാവി​യെ​ക്കു​റിച്ച്‌ ‘അറിയാൻ’ സാധ്യമല്ല. ഭാവി സംബന്ധിച്ച നമ്മുടെ നിഗമ​ന​ങ്ങളെ വർഗീ​ക​രിച്ച്‌ ആഴമു​ള്ള​താ​ക്കാ​നും അവയ്‌ക്കു സംഭാ​വ്യത ആരോ​പി​ക്കാൻ ശ്രമി​ക്കാ​നും മാത്രമേ നമുക്കു സാധിക്കൂ.”2

ബൈബി​ളെ​ഴു​ത്തു​കാർ ഭാവി സംബന്ധിച്ച “നിഗമ​നങ്ങൾ”ക്ക്‌ “സംഭാ​വ്യത ആരോപി”ച്ചില്ല. അവരുടെ പ്രവച​നങ്ങൾ ഒട്ടനവധി വ്യാഖ്യാ​ന​ങ്ങൾക്കു വഴിതു​റ​ക്കുന്ന നിഗൂഢ പ്രസ്‌താ​വ​ന​ക​ളാ​യി തള്ളിക്ക​ള​യാ​നും സാധ്യമല്ല. നേരേ​മ​റിച്ച്‌, പല പ്രവച​ന​ങ്ങ​ളും ഉദ്‌ഘോ​ഷി​ക്ക​പ്പെ​ട്ടത്‌ അസാധാ​ര​ണ​മായ സ്‌പഷ്ട​ത​യോ​ടെ​യാ​ണെന്നു മാത്രമല്ല, അസാധാ​ര​ണ​മാം​വി​ധം കൃത്യ​ത​യുള്ള വിധത്തി​ലു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും പ്രതീ​ക്ഷി​ക്കാ​വു​ന്ന​തി​ന്റെ നേരേ വിപരീ​ത​മാ​യി​രു​ന്നു പ്രവചി​ച്ചത്‌. പുരാതന ബാബി​ലോൻ നഗര​ത്തെ​ക്കു​റി​ച്ചു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ ഉദാഹ​ര​ണ​മാ​യെ​ടു​ക്കാം.

“നാശത്തി​ന്റെ ചൂലു​കൊ​ണ്ടു തൂത്തു​വാ​രും”

പുരാതന ബാബി​ലോൻ “രാജ്യ​ങ്ങ​ളു​ടെ രത്‌ന”മായി​ത്തീർന്നു. (യെശയ്യാ​വു 13:19, ദ ന്യൂ അമേരി​ക്കൻ ബൈബിൾ) യൂഫ്ര​ട്ടീസ്‌ നദിയു​ടെ തീരങ്ങ​ളിൽ വ്യാപി​ച്ചു​കി​ട​ന്നി​രുന്ന ആ നഗരം പേർഷ്യൻ കടലി​ടു​ക്കിൽനി​ന്നു മെഡി​റ്റ​റേ​നി​യൻ സമു​ദ്ര​ത്തി​ലേ​ക്കുള്ള വാണി​ജ്യ​മാർഗ​ത്തി​ലാ​യി​രു​ന്നു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. പൗരസ്‌ത്യ​ദേ​ശ​വും പാശ്ചാ​ത്യ​ദേ​ശ​വും തമ്മിൽ കരമാർഗ​വും കടൽമാർഗ​വു​മുള്ള കച്ചവട​ത്തി​ന്റെ വാണിജ്യ ഡിപ്പോ ആയി ഉതകി അത്‌.

പൊ.യു.മു. ഏഴാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും ബാബി​ലോൻ നഗരം അജയ്യ​മെന്നു തോന്നു​മാറ്‌ ബാബി​ലോ​ന്യ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ആ നഗരം യൂഫ്ര​ട്ടീസ്‌ നദിയു​ടെ ഇരുക​ര​ക​ളി​ലു​മാ​യി സ്ഥിതി​ചെ​യ്‌തി​രു​ന്നു. നദിയി​ലെ വെള്ളം, കെട്ടു​പി​ണ​ഞ്ഞു​കി​ട​ന്നി​രുന്ന, വിശാ​ല​വും ആഴമു​ള്ള​തു​മായ കിടങ്ങു​ക​ളി​ലും കനാലു​ക​ളി​ലും കേറി​ക്കി​ട​ന്നി​രു​ന്നു. തന്നെയു​മല്ല, ആ നഗരം ഒരു വൻ ഇരട്ടമ​തി​ലി​നാൽ സംരക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അനവധി കോട്ട​ക്കൊ​ത്ത​ള​ങ്ങ​ളും ഉയർന്നു​നി​ന്നി​രു​ന്നു. അതിലെ നിവാ​സി​കൾക്കു സുരക്ഷി​ത​ത്വം തോന്നി​യ​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

എന്നിരു​ന്നാ​ലും, ബാബി​ലോ​നെ “നാശത്തി​ന്റെ ചൂലു​കൊ​ണ്ടു തൂത്തു​വാ​രു”മെന്ന്‌, അത്‌ അതിന്റെ പ്രതാ​പ​ത്തി​ന്റെ ഉന്നതി​യി​ലേക്കു വരുന്ന​തി​നു മുമ്പ്‌, പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ പ്രവാ​ച​ക​നായ യെശയ്യാവ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യെശയ്യാ​വു 13:19; 14:22, 23) ബാബി​ലോ​ന്റെ പതനം എപ്രകാ​ര​മാ​യി​രി​ക്കു​മെ​ന്നും യെശയ്യാവ്‌ കൃത്യ​മാ​യി വർണിച്ചു. ആക്രമ​ണ​കാ​രി​കൾ നഗരത്തി​ലെ കിടങ്ങു​സ​മാന പ്രതി​രോ​ധ​ത്തി​ന്റെ ഉറവി​ട​മായ നദികളെ ‘വറ്റിച്ചു​കള’ഞ്ഞ്‌ നഗരത്തെ ആക്രമ​ണ​വി​ധേ​യ​മാ​ക്കും. യെശയ്യാവ്‌ ജേതാ​വി​ന്റെ പേരു​പോ​ലും നൽകി​യി​രു​ന്നു—മഹാനായ പേർഷ്യൻ രാജാവ്‌ “കോ​രെശ്‌.” അവനു മുമ്പാകെ ‘കതകുകൾ തുറന്നി​രി​ക്കു​ക​യും വാതി​ലു​കൾ അടയാ​തി​രി​ക്കു​ക​യും’ ചെയ്യും.—യെശയ്യാ​വു 44:27–45:2.

ധീരമായ പ്രവച​ന​ങ്ങ​ളാ​യി​രു​ന്നു അവ. എന്നാൽ അവ സത്യമാ​യി ഭവിച്ചോ? ചരിത്രം ഉത്തരം നൽകുന്നു.

‘യുദ്ധം ചെയ്യാതെ’

യെശയ്യാവ്‌ തന്റെ പ്രവചനം രേഖ​പ്പെ​ടു​ത്തി രണ്ടു നൂറ്റാ​ണ്ടി​നു ശേഷം പൊ.യു.മു. 539 ഒക്ടോബർ 5-ന്‌ രാത്രി മഹാനായ കോ​രെ​ശി​ന്റെ ആജ്ഞാനു​സ​രണം മേദോ-പേർഷ്യ സൈന്യ​ങ്ങൾ ബാബി​ലോ​ന​ടു​ത്തു താവള​മ​ടി​ച്ചു. എന്നാൽ ബാബി​ലോ​ന്യർ നല്ല ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രു​ന്നു. (പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടി​ലെ) ഗ്രീക്കു​ച​രി​ത്ര​കാ​ര​നായ ഹെറോ​ഡോ​ട്ടസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ പല വർഷങ്ങ​ളോ​ളം ഉപയു​ക്ത​മാ​കു​മാ​യി​രുന്ന ഭക്ഷ്യസാ​ധ​നങ്ങൾ അവർ ശേഖരി​ച്ചു​വെ​ച്ചി​രു​ന്നു.3 അവർക്കു സംരക്ഷ​ണ​ത്തി​നാ​യി യൂഫ്ര​ട്ടീസ്‌ നദിയും ബാബി​ലോ​ന്റെ ശക്തമായ മതിലു​ക​ളു​മു​ണ്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, നബോ​ണി​ഡസ്‌ ക്രോ​ണി​ക്കിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ആ രാത്രി​യിൽ “കോ​രെ​ശി​ന്റെ സൈന്യം യുദ്ധം ചെയ്യാതെ ബാബി​ലോ​ന്റെ ഉള്ളിൽ കടന്നു.”4 അതെങ്ങനെ സാധ്യ​മാ​യി​രു​ന്നു?

നഗരത്തി​നു​ള്ളിൽ ആളുകൾ “ഒരു ഉത്സവത്തി​മർപ്പിൽ ആടിത്ത​കർക്കു​ക​യാ​യി​രു​ന്നു”വെന്നു ഹെറോ​ഡോ​ട്ടസ്‌ വിശദീ​ക​രി​ക്കു​ന്നു. 5 എന്നാൽ നഗരത്തി​നു വെളി​യിൽ, കോ​രെശ്‌ യൂഫ്ര​ട്ടീ​സി​ലെ വെള്ളത്തി​ന്റെ ഗതി തിരി​ച്ചു​വി​ട്ടു. ജലനി​രപ്പ്‌ താണ​പ്പോൾ അവന്റെ സൈന്യം തുടയ്‌ക്കൊ​പ്പം വെള്ളമു​ണ്ടാ​യി​രുന്ന നദിയി​ലൂ​ടെ അക്കരയ്‌ക്കു കടന്നു. ഉയർന്നു​നിൽക്കുന്ന മതിലു​ക​ളെ​യും കടന്ന്‌ അവർ മാർച്ചു ചെയ്‌ത്‌ “നദിക്ക​രി​കെ തുറന്നു​കി​ട​ക്കുന്ന കവാടങ്ങൾ” എന്ന്‌ ഹെറോ​ഡോ​ട്ടസ്‌ വിളി​ച്ച​തി​ലൂ​ടെ അകത്തു കടന്നു. കവാടങ്ങൾ അശ്രദ്ധ​മാ​യി തുറന്നു​കി​ട​ന്നി​രു​ന്നു.6 (ദാനീ​യേൽ 5:1-4; യിരെ​മ്യാ​വു 50:24; 51:31, 32 എന്നിവ താരത​മ്യം ചെയ്യുക.) സെനോ​ഫോൺ (പൊ.യു.മു. ഏതാണ്ട്‌ 431 മുതൽ പൊ.യു.മു. ഏതാണ്ട്‌ 352 വരെ) ഉൾപ്പെ​ടെ​യുള്ള മറ്റു ചരി​ത്ര​കാ​ര​ന്മാ​രും പുരാ​വ​സ്‌തു​ഗ​വേ​ഷകർ കണ്ടെത്തിയ ക്യൂണി​ഫോം ഫലകങ്ങ​ളും കോ​രെ​ശി​ന്റെ മുമ്പിൽ ബാബി​ലോ​ന്റെ പെട്ടെ​ന്നുള്ള പതനത്തെ സ്ഥിരീ​ക​രി​ക്കു​ന്നു.7

അങ്ങനെ ബാബി​ലോ​നെ​ക്കു​റി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവചനം നിവൃ​ത്തി​യാ​യി. അതോ അങ്ങനെ​യ​ല്ലാ​യി​രു​ന്നോ? അതു വാസ്‌ത​വ​ത്തിൽ പ്രവച​ന​മാ​യി​രി​ക്കു​ന്ന​തി​നു പകരം സംഭവം നടന്നതി​നു​ശേഷം എഴുത​പ്പെട്ട വൃത്താ​ന്ത​മാ​യി​രു​ന്നോ? മറ്റു ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അതുതന്നെ ചോദി​ക്കാൻ കഴിയും.

പ്രവച​ന​ത്തി​ന്റെ പരി​വേ​ഷ​മ​ണി​യുന്ന ചരി​ത്ര​മോ?

യെശയ്യാവ്‌ ഉൾപ്പെ​ടെ​യുള്ള ബൈബിൾ പ്രവാ​ച​ക​ന്മാർ പ്രവച​നം​പോ​ലെ തോന്ന​ത്ത​ക്ക​വി​ധം ചരിത്രം തിരു​ത്തി​യെ​ഴു​തു​ക​യാ​ണു ചെയ്‌ത​തെ​ങ്കിൽ കണിശ​മാ​യും അവർ വിദഗ്‌ധ​രായ വഞ്ചകരാ​യി​രു​ന്നു. അത്തരം വഞ്ചനയ്‌ക്കു പിന്നിലെ അവരുടെ ഉദ്ദേശ്യ​മെ​ന്താ​യി​രി​ക്കും? തങ്ങൾ കൈക്കൂ​ലി വാങ്ങി​ക്കു​ക​യി​ല്ലെന്നു യഥാർഥ പ്രവാ​ച​ക​ന്മാർ നേര​ത്തേ​തന്നെ വ്യക്തമാ​ക്കി​യി​ട്ടു​ള്ള​താണ്‌. (1 ശമൂവേൽ 12:3; ദാനീ​യേൽ 5:17) ബൈബി​ളെ​ഴു​ത്തു​കാർ (അവരിൽ പലരും പ്രവാ​ച​ക​ന്മാ​രാ​യി​രു​ന്നു) ലജ്ജാക​ര​മായ സ്വന്തം തെറ്റുകൾ വെളി​പ്പെ​ടു​ത്താൻ മനസ്സൊ​രു​ക്കം കാട്ടിയ ആശ്രയ​യോ​ഗ്യ​രായ പുരു​ഷ​ന്മാ​രാ​യി​രു​ന്നു​വെ​ന്ന​തി​ന്റെ ശക്തമായ തെളിവു നാം ഇതി​നോ​ടകം കണ്ടുക​ഴി​ഞ്ഞി​രി​ക്കു​ന്നു. അത്തരത്തി​ലുള്ള പുരു​ഷ​ന്മാർ ചരി​ത്ര​ത്തി​നു പ്രവച​ന​ത്തി​ന്റെ വ്യാജ പരി​വേഷം കൊടു​ത്തു​കൊ​ണ്ടു കൊടിയ വഞ്ചനകൾ കാണി​ക്കാൻ പ്രവണ​ത​യു​ള്ള​വ​രാ​യി​രി​ക്കാ​നി​ട​യില്ല.

പരിചി​ന്തി​ക്കേണ്ട മറ്റൊരു സംഗതി​യുണ്ട്‌. പ്രവാ​ച​ക​ന്മാ​രു​ടെ സ്വന്തം ജനത്തെ​ക്കു​റി​ച്ചുള്ള ഉഗ്രമായ അപലപ​നങ്ങൾ പല ബൈബിൾ പ്രവച​ന​ങ്ങ​ളി​ലും അടങ്ങി​യി​ട്ടുണ്ട്‌. അതിൽ പുരോ​ഹി​ത​ന്മാ​രും ഭരണാ​ധി​കാ​രി​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ നാളിലെ ഇസ്രാ​യേ​ല്യ​രു​ടെ—നേതാ​ക്ക​ന്മാ​രു​ടെ​യും പൊതു​ജ​ന​ങ്ങ​ളു​ടെ​യും—ദയനീ​യ​മായ ധാർമിക സ്ഥിതി​വി​ശേ​ഷ​ത്തെ​ക്കു​റി​ച്ചു യെശയ്യാ​വു വർണിച്ചു. (യെശയ്യാ​വു 1:2-10) മറ്റു പ്രവാ​ച​ക​ന്മാർ പുരോ​ഹി​ത​ന്മാ​രു​ടെ പാപങ്ങൾ ശക്തമായി വെളി​ച്ചത്തു കൊണ്ടു​വന്നു. (സെഫന്യാ​വു 3:4; മലാഖി 2:1-9) സ്വന്തം ജനത്തി​നെ​തി​രെ ചിന്തി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും നിശി​ത​മായ കുറ്റ​പ്പെ​ടു​ത്ത​ലു​കൾ അടങ്ങിയ പ്രവച​നങ്ങൾ കെട്ടി​ച്ച​മ​യ്‌ക്കു​ന്ന​തും അത്തരത്തി​ലുള്ള വഞ്ചനയു​മാ​യി പുരോ​ഹി​ത​ന്മാർ സഹകരി​ക്കു​ന്ന​തും മനസ്സി​ലാ​ക്കുക ദുഷ്‌ക​ര​മാണ്‌.

തന്നെയു​മല്ല, ആ പ്രവാ​ച​ക​ന്മാർ കേവലം തട്ടിപ്പു​കാ​രാ​യി​രു​ന്നെ​ങ്കിൽ അവർക്ക്‌ അത്തരം വഞ്ചന എങ്ങനെ വിജയ​പ്ര​ദ​മാ​യി ഏറ്റെടു​ത്തു നടത്താൻ കഴിയു​മാ​യി​രു​ന്നു? സാക്ഷര​ത​യ്‌ക്ക്‌ ഇസ്രാ​യേ​ലിൽ പ്രോ​ത്സാ​ഹനം ലഭിച്ചി​രു​ന്നു. കുട്ടി​കളെ ചെറു​പ്പം​മു​തലേ വായി​ക്കാ​നും എഴുതാ​നും പഠിപ്പി​ച്ചി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 6:6-9) വ്യക്തി​പ​ര​മാ​യി തിരു​വെ​ഴു​ത്തു​കൾ വായി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. (സങ്കീർത്തനം 1:2) പ്രതി​വാര ശബത്തു​നാ​ളിൽ സിന​ഗോ​ഗു​ക​ളിൽ തിരു​വെ​ഴു​ത്തു​കൾ പരസ്യ​മാ​യി വായി​ച്ചി​രു​ന്നു. (പ്രവൃ​ത്തി​കൾ 15:21) തിരു​വെ​ഴു​ത്തു​ക​ളിൽ നല്ല ഗ്രാഹ്യ​മു​ണ്ടാ​യി​രുന്ന, അക്ഷരജ്ഞാ​ന​മു​ണ്ടാ​യി​രുന്ന ഒരു ജനത തട്ടിപ്പി​നാൽ വഞ്ചിക്ക​പ്പെ​ടു​ക​യെ​ന്നത്‌ അസംഭാ​വ്യ​മാ​യി തോന്നു​ന്നു.

തന്നെയു​മല്ല, ബാബി​ലോ​ന്റെ പതന​ത്തെ​ക്കു​റി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ അതിലു​മ​ധി​കം കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. തീർച്ച​യാ​യും പ്രവച​ന​നി​വൃ​ത്തി​ക്കു​ശേഷം എഴുതി​ച്ചേർക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ലാത്ത വിശദാം​ശങ്ങൾ അതിൽ അടങ്ങി​യി​ട്ടുണ്ട്‌.

“അതിൽ ഒരു നാളും കുടി​പാർപ്പു​ണ്ടാ​ക​യില്ല”

പതനത്തി​നു ശേഷം ബാബി​ലോ​ന്റെ അവസ്ഥ എന്തായി​ത്തീ​രും? യെശയ്യാവ്‌ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “അതിൽ ഒരു നാളും കുടി​പാർപ്പു​ണ്ടാ​ക​യില്ല; തലമു​റ​ത​ല​മു​റ​യോ​ളം അതിൽ ആരും വസിക്ക​യു​മില്ല; അറബി​ക്കാ​രൻ അവിടെ കൂടാരം അടിക്ക​യില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തു​ക​യും ഇല്ല.” (യെശയ്യാ​വു 13:20) അനുകൂ​ല​മായ ഒരു സ്ഥാനത്തു സ്ഥിതി​ചെ​യ്‌തി​രുന്ന ആ നഗരം എന്നേക്കും ജനവാ​സ​മി​ല്ലാ​ത്ത​താ​യി​ത്തീ​രു​മെന്നു പ്രവചി​ക്കു​ന്നതു കുറഞ്ഞ​പക്ഷം വിചി​ത്ര​മാ​യി​ട്ടെ​ങ്കി​ലും തോന്നാം. ബാബി​ലോൻ ശൂന്യ​മാ​യി​ക്കി​ട​ക്കു​ന്നതു കണ്ടതി​നു​ശേ​ഷ​മാ​യി​രി​ക്കു​മോ യെശയ്യാ​വി​ന്റെ വാക്കുകൾ എഴുത​പ്പെ​ട്ടത്‌?

കോ​രെ​ശി​ന്റെ ജയിച്ച​ട​ക്ക​ലി​നെ​ത്തു​ടർന്ന്‌ തുച്ഛമാ​യി​ട്ടാ​ണെ​ങ്കി​ലും, നൂറ്റാ​ണ്ടു​ക​ളോ​ളം ബാബി​ലോ​നിൽ ആൾപ്പാർപ്പു​ണ്ടാ​യി​രു​ന്നു. ചാവു​കടൽ ചുരു​ളിൽ പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ലെ സമ്പൂർണ യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഒരു പകർപ്പു​ണ്ടാ​യി​രു​ന്നു​വെന്ന്‌ ഓർക്കുക. ആ ചുരുൾ പകർത്തി​യെ​ഴു​തിയ സമയ​ത്തോ​ട​ടു​ത്തു പാർത്തി​യാൻകാർ ബാബി​ലോ​ന്റെ​മേൽ നിയ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ ബാബി​ലോ​നിൽ യഹൂദ​ന്മാർ വസിച്ചി​രു​ന്നു. ബൈബി​ളെ​ഴു​ത്തു​കാ​ര​നായ പത്രൊസ്‌ അവിടം സന്ദർശി​ച്ചു. (1 പത്രൊസ്‌ 5:13) എന്നാൽ അന്ന്‌ യെശയ്യാ​വി​ന്റെ ചാവു​കടൽ ചുരുൾ രണ്ടു നൂറ്റാ​ണ്ടാ​യി അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ ബാബി​ലോൻ പൂർണ​മാ​യി ശൂന്യ​മാ​യി​രു​ന്നില്ല. എന്നാൽ അപ്പോ​ഴേ​ക്കും യെശയ്യാ​വി​ന്റെ പുസ്‌തകം പൂർത്തി​യാ​യിട്ട്‌ ദീർഘ​കാ​ലം കഴിഞ്ഞി​രു​ന്നു. a

മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ട​തു​പോ​ലെ, ബാബി​ലോൻ ഒടുവിൽ ‘കല്‌ക്കു​ന്നു​ക​ളാ​യി’ മാറി. (യിരെ​മ്യാ​വു 51:37) എബ്രായ പണ്ഡിത​നായ ജെറോം (പൊ.യു. നാലാം നൂറ്റാണ്ട്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, അദ്ദേഹ​ത്തി​ന്റെ നാളിൽ ബാബി​ലോൻ “എല്ലാത്തരം മൃഗങ്ങ​ളും” വിഹരി​ച്ചി​രുന്ന ഒരു വേട്ടനി​ല​മാ​യി മാറി​ക്ക​ഴി​ഞ്ഞി​രു​ന്നു.9 ബാബി​ലോൻ ഇന്നും ശൂന്യ​മാ​യി കിടക്കു​ന്നു.

ബാബി​ലോൻ നിവാ​സി​ക​ളി​ല്ലാ​ത്ത​താ​യി​ത്തീ​രു​ന്നതു കാണാൻ യെശയ്യാവ്‌ ജീവി​ച്ചി​രു​ന്നില്ല. ആധുനിക ഇറാഖി​ലെ ബാഗ്‌ദാ​ദിൽനിന്ന്‌ ഏതാണ്ട്‌ 80 കിലോ​മീ​റ്റർ തെക്കായി സ്ഥിതി​ചെ​യ്‌തി​രുന്ന ആ പ്രബല നഗരത്തി​ന്റെ ശൂന്യ​ശി​ഷ്ടങ്ങൾ “അതിൽ ഒരു നാളും കുടി​പാർപ്പു​ണ്ടാ​ക​യില്ല” എന്ന യെശയ്യാ​വി​ന്റെ വാക്കു​ക​ളു​ടെ നിവൃ​ത്തി​ക്കു മൂകസാ​ക്ഷ്യം വഹിക്കു​ന്നു. ഒരു വിനോ​ദ​സ​ഞ്ചാ​ര​സ്ഥ​ല​മാ​യി ബാബി​ലോ​നെ പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്നതു സന്ദർശ​കരെ ആകർഷി​ച്ചേ​ക്കാം. എന്നാൽ ബാബി​ലോ​ന്റെ ‘പുത്ര​നും പൗത്ര​നും’ എന്നേക്കും പൊയ്‌പോ​യി​രി​ക്കു​ന്നു.—യെശയ്യാ​വു 13:20; 14:22, 23.

ഏതു ഭാവി സംഭവ​ങ്ങൾക്കും പ്രയു​ക്ത​മാ​ക്കാൻ കഴിയുന്ന അസ്‌പഷ്ട പ്രവച​ന​ങ്ങളല്ല പ്രവാ​ച​ക​നായ യെശയ്യാവ്‌ ഉച്ചരി​ച്ചത്‌. പ്രവച​ന​മാ​യി തോന്ന​ത്ത​ക്ക​വണ്ണം അവൻ ചരി​ത്രത്തെ തിരു​ത്തി​യെ​ഴു​തു​ക​യും ചെയ്‌തില്ല. ഇതൊന്നു ചിന്തി​ച്ചു​നോ​ക്കൂ: തനിക്കു യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാത്ത കാര്യം—ബാബി​ലോ​നിൽ ഒരിക്ക​ലും ആൾപ്പാർപ്പു​ണ്ടാ​കു​ക​യി​ല്ലെ​ന്നത്‌—“പ്രവചി​ക്കാൻ” ഒരു തട്ടിപ്പു​കാ​രൻ എന്തിനു ധൈര്യം കാട്ടണം?

ബാബി​ലോ​ന്റെ പതന​ത്തെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം ബൈബി​ളിൽനി​ന്നുള്ള ഒരു ഉദാഹ​രണം മാത്ര​മാണ്‌. b അനേക​മാ​ളു​ക​ളും ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ, മനുഷ്യ​രെ​ക്കാൾ ഉയർന്ന ഒരു ഉറവി​ട​ത്തിൽനി​ന്നാ​ണു ബൈബിൾ വന്നിരി​ക്കു​ന്നത്‌ എന്നതിന്റെ സൂചന ദർശി​ക്കു​ന്നുണ്ട്‌. ചുരു​ങ്ങി​യ​പക്ഷം, ഈ പ്രവച​ന​പു​സ്‌തകം പരി​ശോ​ധി​ക്കത്തക്ക മൂല്യ​മു​ള്ള​താ​ണെന്നു നിങ്ങൾ സമ്മതി​ച്ചേ​ക്കാം. ഒരു കാര്യം ഉറപ്പാണ്‌: ആധുനി​ക​കാല ദീർഘ​ദർശി​ക​ളു​ടെ അവ്യക്ത​മോ വികാ​ര​സാ​ന്ദ്ര​മോ ആയ പ്രവച​ന​ങ്ങ​ളും ബൈബി​ളി​ലെ വ്യക്തവും ഗൗരവാ​വ​ഹ​വും കൃത്യ​ത​യു​ള്ള​തു​മായ പ്രവച​ന​ങ്ങ​ളും തമ്മിൽ വലിയ അന്തരമുണ്ട്‌.

[അടിക്കു​റി​പ്പു​കൾ]

a പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​നു വളരെ​ക്കാ​ലം മുമ്പാണ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പുസ്‌ത​കങ്ങൾ—യെശയ്യാ​വു ഉൾപ്പെടെ—എഴുത​പ്പെ​ട്ട​തെ​ന്ന​തി​നു ശക്തമായ തെളി​വുണ്ട്‌. തന്റെ നാളിനു ദീർഘ​കാ​ലം മുമ്പു​തന്നെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോൻ നിശ്ചയി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ (പൊ.യു. ഒന്നാം നൂറ്റാണ്ട്‌) സൂചി​പ്പി​ച്ചു.8 തന്നെയു​മല്ല, എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു വിവർത്ത​ന​മായ ഗ്രീക്കു സെപ്‌റ്റു​വ​ജിൻറ്‌ പൊ.യു.മു. മൂന്നാം നൂറ്റാ​ണ്ടിൽ ആരംഭിച്ച്‌ പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ലാ​ണു പൂർത്തീ​ക​രി​ക്ക​പ്പെ​ട്ടത്‌.

b ബൈബിൾ പ്രവച​ന​ങ്ങ​ളെ​യും അവയുടെ നിവൃ​ത്തി​യെ തെളി​യി​ക്കുന്ന ചരി​ത്ര​വ​സ്‌തു​ത​ക​ളെ​യും കുറി​ച്ചുള്ള കൂടു​ത​ലായ ചർച്ചയ്‌ക്കാ​യി വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 117-33 പേജുകൾ കാണുക.

[28-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ബൈബിളെഴുത്തുകാർ കൃത്യ​ത​യുള്ള പ്രവാ​ച​ക​ന്മാ​രാ​യി​രു​ന്നോ അതോ വിദഗ്‌ധ​രായ തട്ടിപ്പു​കാ​രോ?

[29-ാം പേജിലെ ചിത്രം]

പുരാതന ബാബി​ലോ​ന്റെ നാശശി​ഷ്ട​ങ്ങൾ