വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിശിഹായുടെ ആഗമന സമയം വെളിപ്പെടുത്തപ്പെടുന്നു

മിശിഹായുടെ ആഗമന സമയം വെളിപ്പെടുത്തപ്പെടുന്നു

അധ്യായം പതി​നൊന്ന്‌

മിശി​ഹാ​യു​ടെ ആഗമന സമയം വെളി​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു

1. യഹോവ വലിയ സമയ പാലകൻ ആയതി​നാൽ നമുക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌?

 യഹോവ വലിയ സമയ പാലകൻ ആണ്‌. തന്റെ പ്രവർത്ത​ന​ത്തോ​ടു ബന്ധപ്പെട്ട എല്ലാ സമയങ്ങ​ളും കാലങ്ങ​ളും അവന്റെ നിയ​ന്ത്ര​ണ​ത്തിൽ ആണ്‌. (പ്രവൃ​ത്തി​കൾ 1:7) ഈ സമയങ്ങ​ളി​ലേ​ക്കും കാലങ്ങ​ളി​ലേ​ക്കു​മാ​യി അവൻ നിശ്ചയി​ച്ചി​രി​ക്കുന്ന സകല സംഭവ​ങ്ങ​ളും നടക്കു​മെന്ന്‌ ഉറപ്പാണ്‌. അവ പരാജ​യ​പ്പെ​ടില്ല.

2, 3. ദാനീ​യേൽ ഏതു പ്രവച​ന​ത്തി​നാ​ണു ശ്രദ്ധനൽകി​യത്‌, ആ സമയത്ത്‌ ഏതു സാമ്രാ​ജ്യം ആയിരു​ന്നു ബാബി​ലോൺ ഭരിച്ചി​രു​ന്നത്‌?

2 തിരു​വെ​ഴു​ത്തു​ക​ളു​ടെ ഉത്സാഹ​മുള്ള ഒരു പഠിതാവ്‌ ആയിരുന്ന ദാനീ​യേൽ പ്രവാ​ച​കന്‌, സംഭവങ്ങൾ പട്ടിക​പ്പെ​ടു​ത്താ​നും നടപ്പാ​ക്കാ​നു​മുള്ള യഹോ​വ​യു​ടെ കഴിവിൽ വിശ്വാ​സം ഉണ്ടായി​രു​ന്നു. യെരൂ​ശ​ലേ​മി​ന്റെ ശൂന്യ​മാ​ക്ക​ലി​നോ​ടു ബന്ധപ്പെട്ട പ്രവച​നങ്ങൾ ദാനീ​യേ​ലി​നു വിശേ​ഷാൽ താത്‌പ​ര്യ​മു​ള്ളവ ആയിരു​ന്നു. വിശുദ്ധ നഗരം എത്രകാ​ലം ശൂന്യ​മാ​യി കിടക്കും എന്നതു സംബന്ധി​ച്ചു യഹോവ വെളി​പ്പെ​ടു​ത്തി​യി​രു​ന്നത്‌ യിരെ​മ്യാവ്‌ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ദാനീ​യേൽ ആ പ്രവചനം ശ്രദ്ധാ​പൂർവം വിചി​ന്തനം ചെയ്‌തു. അവൻ എഴുതി: “കല്‌ദ​യ​രാ​ജ്യ​ത്തി​ന്നു രാജാ​വാ​യി​ത്തീർന്ന​വ​നും മേദ്യ​സ​ന്ത​തി​യിൽ ഉള്ള അഹശ്വേ​രോ​ശി​ന്റെ മകനു​മായ ദാര്യാ​വേ​ശി​ന്റെ ഒന്നാം ആണ്ടിൽ, അവന്റെ വാഴ്‌ച​യു​ടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീ​യേൽ എന്ന ഞാൻ: യെരൂ​ശ​ലേ​മി​ന്റെ ശൂന്യാ​വസ്ഥ എഴുപതു സംവത്സ​രം​കൊ​ണ്ടു തീരും എന്നിങ്ങനെ യഹോ​വ​യു​ടെ അരുള​പ്പാ​ടു യിരെ​മ്യാ​പ്ര​വാ​ച​ക​ന്നു​ണ്ടായ പ്രകാരം ഒരു കാലസം​ഖ്യ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു ഗ്രഹിച്ചു.”—ദാനീ​യേൽ 9:1, 2; യിരെ​മ്യാ​വു 25:11.

3 മേദ്യ​നായ ദാര്യാ​വേശ്‌ അന്നു ‘കല്‌ദ​യ​രാ​ജ്യം’ ഭരിക്കു​ക​യാ​യി​രു​ന്നു. ചുവരി​ലെ കയ്യെഴു​ത്തു വ്യാഖ്യാ​നി​ച്ചു​കൊണ്ട്‌ ദാനീ​യേൽ മുൻകൂ​ട്ടി പറഞ്ഞ സംഗതി സത്വരം നിവൃ​ത്തി​യേ​റി​യി​രു​ന്നു. ബാബി​ലോ​ണി​യൻ സാമ്രാ​ജ്യം പൊയ്‌പ്പോ​യി​രു​ന്നു. പൊ.യു.മു. 539-ൽ അതു “മേദ്യർക്കും പാർസി​കൾക്കും കൊടു​ത്തി”രുന്നു.—ദാനീ​യേൽ 5:24-28, 30, 31.

ദാനീ​യേൽ യഹോ​വ​യോ​ടു താഴ്‌മ​യോ​ടെ അപേക്ഷി​ക്കു​ന്നു

4. (എ) ദൈവ​ത്തിൽനി​ന്നുള്ള വിടുതൽ അനുഭ​വി​ക്കാൻ എന്താണ്‌ ആവശ്യ​മാ​യി​രു​ന്നത്‌? (ബി) ദാനീ​യേൽ യഹോ​വയെ സമീപി​ക്കാൻ ഒരുങ്ങി​യത്‌ എങ്ങനെ?

4 യെരൂ​ശ​ലേ​മി​ന്റെ 70 വർഷത്തെ ശൂന്യാ​വസ്ഥ അവസാ​നി​ക്കാ​റാ​യെന്നു ദാനീ​യേൽ മനസ്സി​ലാ​ക്കി. തുടർന്ന്‌ അവൻ എന്തു ചെയ്യു​മാ​യി​രു​ന്നു? അവൻതന്നെ നമ്മോടു പറയുന്നു: “അപ്പോൾ ഞാൻ ഉപവസി​ച്ചും രട്ടുടു​ത്തും വെണ്ണീ​രിൽ ഇരുന്നും​കൊ​ണ്ടു പ്രാർത്ഥ​ന​യോ​ടും യാചന​ക​ളോ​ടും​കൂ​ടെ അപേക്ഷി​ക്കേ​ണ്ട​തി​ന്നു ദൈവ​മായ കർത്താ​വി​ങ്ക​ലേക്കു മുഖം തിരിച്ചു. എന്റെ ദൈവ​മായ യഹോ​വ​യോ​ടു ഞാൻ പ്രാർത്ഥി​ച്ചു.” (ദാനീ​യേൽ 9:3, 4) ദൈവ​ത്തി​ന്റെ കരുണാ​പൂർവ​ക​മായ വിടുതൽ അനുഭ​വി​ക്കാൻ ശരിയായ ഒരു ഹൃദയ​നില വേണമാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 26:31-46; 1 രാജാ​ക്ക​ന്മാർ 8:46-53) വിശ്വാ​സ​വും താഴ്‌മ​യും പ്രവാ​സ​ത്തി​ലേ​ക്കും അടിമ​ത്ത​ത്തി​ലേ​ക്കും നയിച്ച പാപങ്ങൾ സംബന്ധിച്ച പൂർണ​മായ അനുതാ​പ​വും ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പാപപൂർണ​രായ തന്റെ ജനത്തിനു വേണ്ടി ദൈവത്തെ സമീപി​ക്കാൻ ദാനീ​യേൽ ഒരുങ്ങി. എങ്ങനെ? ഉപവസി​ക്കു​ക​യും വിലപി​ക്കു​ക​യും രട്ടുടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌. അത്‌ അനുതാ​പ​ത്തി​ന്റെ​യും ഹൃദയ​പ​ര​മാർഥ​ത​യു​ടെ​യും ഒരു അടയാളം ആയിരു​ന്നു.

5. യഹൂദ​ന്മാർ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മെന്ന്‌ ദാനീ​യേ​ലിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

5 യിരെ​മ്യാ​വി​ന്റെ പ്രവചനം ദാനീ​യേ​ലി​നു പ്രത്യാശ പകർന്നി​രു​ന്നു. കാരണം യഹൂദ​ന്മാർ പെട്ടെ​ന്നു​തന്നെ തങ്ങളുടെ സ്വദേ​ശ​മായ യഹൂദ​യിൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മെന്ന്‌ അതു സൂചി​പ്പി​ച്ചു. (യിരെ​മ്യാ​വു 25:12; 29:10) കീഴട​ക്ക​പ്പെട്ട യഹൂദ​ന്മാർക്കു വിടുതൽ ലഭിക്കു​മെന്നു ദാനീ​യേ​ലി​നു നല്ല ഉറപ്പു​ണ്ടാ​യി​രു​ന്നു. കാരണം, കോ​രെശ്‌ എന്നു പേരായ ഒരുവൻ അപ്പോൾത്തന്നെ പേർഷ്യൻ രാജാ​വാ​യി വാഴ്‌ച നടത്തു​ക​യാ​യി​രു​ന്നു. യെരൂ​ശ​ലേ​മും അതിലെ ആലയവും പുനർനിർമി​ക്കാ​നാ​യി യഹൂദ​ന്മാ​രെ സ്വത​ന്ത്ര​രാ​ക്കാൻ ഒരു ഉപകര​ണ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നതു കോ​രെശ്‌ ആയിരി​ക്കു​മെന്നു യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​ല്ലോ. (യെശയ്യാ​വു 44:28–45:3) എന്നാൽ അത്‌ എപ്രകാ​രം സംഭവി​ക്കു​മെന്നു ദാനീ​യേ​ലിന്‌ യാതൊ​രു നിശ്ചയ​വും ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ അവൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നതു തുടർന്നു.

6. പ്രാർഥ​ന​യിൽ ദാനീ​യേൽ എന്തു സമ്മതിച്ചു പറഞ്ഞു?

6 ദൈവ​ത്തി​ന്റെ കരുണ​യി​ലേ​ക്കും സ്‌നേ​ഹ​ദ​യ​യി​ലേ​ക്കും ദാനീ​യേൽ ശ്രദ്ധ തിരിച്ചു. മത്സരി​ക്കു​ക​യും യഹോ​വ​യു​ടെ കൽപ്പന​ക​ളിൽനി​ന്നു വ്യതി​ച​ലി​ക്കു​ക​യും അവന്റെ പ്രവാ​ച​ക​ന്മാ​രെ അവഗണി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യഹൂദ​ന്മാർ പാപം ചെയ്‌തെന്നു ദാനീ​യേൽ വിനീ​ത​മാ​യി സമ്മതിച്ചു. “ദ്രോഹം [“അവിശ്വ​സ്‌തത,” NW] ഹേതു​വാ​യി [ദൈവം] അവരെ നീക്കി​ക്കളഞ്ഞ”ത്‌ ഉചിത​മാ​യി​രു​ന്നു. ദാനീ​യേൽ ഇങ്ങനെ പ്രാർഥി​ച്ചു: “കർത്താവേ, ഞങ്ങൾ നിന്നോ​ടു പാപം ചെയ്‌തി​രി​ക്ക​യാൽ ഞങ്ങളും ഞങ്ങളുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും പിതാ​ക്ക​ന്മാ​രും ലജ്ജി​ക്കേ​ണ്ടതു തന്നേ. ഞങ്ങളുടെ ദൈവ​മായ കർത്താ​വി​ന്റെ പക്കൽ കരുണ​യും മോച​ന​വും ഉണ്ടു; ഞങ്ങളോ അവനോ​ടു മത്സരിച്ചു. അവൻ തന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാർ മുഖാ​ന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചി​രി​ക്കുന്ന ന്യായ​പ്ര​മാ​ണ​പ്ര​കാ​രം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ വചനം കേട്ടനു​സ​രി​ച്ചില്ല. യിസ്രാ​യേ​ലൊ​ക്കെ​യും നിന്റെ വചനം കേട്ടനു​സ​രി​ക്കാ​തെ വിട്ടു​മാ​റി നിന്റെ ന്യായ​പ്ര​മാ​ണം ലംഘി​ച്ചി​രി​ക്കു​ന്നു; ഇങ്ങനെ ഞങ്ങൾ അവനോ​ടു പാപം ചെയ്‌തി​രി​ക്ക​യാൽ ദൈവ​ത്തി​ന്റെ ദാസനായ മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപവും ആണയും ഞങ്ങളു​ടെ​മേൽ ചൊരി​ഞ്ഞി​രി​ക്കു​ന്നു.”—ദാനീ​യേൽ 9:5-11; പുറപ്പാ​ടു 19:5-8; 24:3, 7, 8.

7. യഹൂദ​ന്മാർ പ്രവാ​സ​ത്തി​ലേക്കു പോകാൻ യഹോവ അനുവ​ദി​ച്ചത്‌ ഉചിത​മാ​യി​രു​ന്നു എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

7 യിസ്രാ​യേ​ല്യർ തന്നോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും താൻ അവരു​മാ​യി ചെയ്‌തി​രി​ക്കുന്ന ഉടമ്പടി​യോട്‌ അനാദ​രവു കാട്ടു​ക​യും ചെയ്യു​ന്ന​തി​ന്റെ ഭവിഷ്യ​ത്തു​കളെ കുറിച്ചു ദൈവം അവർക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 26:31-33; ആവർത്ത​ന​പു​സ്‌തകം 28:15; 31:17) ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളു​ടെ നീതി​യു​ക്തത സമ്മതി​ച്ചു​കൊണ്ട്‌ ദാനീ​യേൽ പറയുന്നു: “അവൻ വലിയ അനർത്ഥം ഞങ്ങളു​ടെ​മേൽ വരുത്തി​യ​തി​നാൽ ഞങ്ങൾക്കും ഞങ്ങൾക്കു ന്യായ​പാ​ലനം നടത്തിവന്ന ന്യായാ​ധി​പ​ന്മാർക്കും വിരോ​ധ​മാ​യി താൻ അരുളി​ച്ചെയ്‌ത വചനങ്ങളെ നിവർത്തി​ച്ചി​രി​ക്കു​ന്നു; യെരൂ​ശ​ലേ​മിൽ സംഭവി​ച്ച​തു​പോ​ലെ ആകാശ​ത്തിൻ കീഴി​ലെ​ങ്ങും സംഭവി​ച്ചി​ട്ടി​ല്ല​ല്ലോ. മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ ഞങ്ങൾക്കു ഈ അനർത്ഥം ഒക്കെയും വന്നിരി​ക്കു​ന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യ​ങ്ങളെ വിട്ടു​തി​രി​ഞ്ഞു നിന്റെ സത്യത്താൽ ബുദ്ധി​പ​ഠി​ക്കേ​ണ്ട​തി​ന്നു ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ കൃപെ​ക്കാ​യി യാചി​ച്ചില്ല. അതു​കൊ​ണ്ടു യഹോവ അനർത്ഥ​ത്തി​ന്നാ​യി ജാഗരി​ച്ചി​രു​ന്നു അതു ഞങ്ങളുടെ മേൽ വരുത്തി​യി​രി​ക്കു​ന്നു; ഞങ്ങളുടെ ദൈവ​മായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃ​ത്തി​ക​ളി​ലും നീതി​മാ​നാ​കു​ന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനു​സ​രി​ച്ചില്ല.”—ദാനീ​യേൽ 9:12-14.

8. യഹോ​വ​യോ​ടുള്ള തന്റെ അഭ്യർഥ​നയെ ദാനീ​യേൽ എന്തിൽ അടിസ്ഥാ​ന​പ്പെ​ടു​ത്തു​ന്നു?

8 തന്റെ ജനത്തിന്റെ പ്രവൃ​ത്തി​കളെ ന്യായീ​ക​രി​ക്കാൻ ദാനീ​യേൽ തുനി​യു​ന്നില്ല. അവരുടെ പ്രവാസം അവർ ന്യായ​മാ​യും അർഹി​ക്കു​ന്നത്‌ ആയിരു​ന്നു. അവൻ മനസ്സോ​ടെ ഇങ്ങനെ കുറ്റസ​മ്മതം നടത്തുന്നു: “ഞങ്ങൾ പാപം ചെയ്‌തു ദുഷ്ടത പ്രവർത്തി​ച്ചി​രി​ക്കു​ന്നു.” (ദാനീ​യേൽ 9:15) ദുരി​ത​ത്തിൽനി​ന്നുള്ള വിടുതൽ മാത്ര​മാ​യി​രു​ന്നില്ല അവന്റെ താത്‌പ​ര്യം. അല്ല, അവൻ തന്റെ അപേക്ഷയെ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ലും ബഹുമ​തി​യി​ലും അടിസ്ഥാ​ന​പ്പെ​ടു​ത്തു​ന്നു. യഹൂദ​ന്മാ​രോ​ടു ക്ഷമിച്ച്‌ അവരെ സ്വദേ​ശത്തു പുനഃ​സ്ഥാ​പി​ക്കുക വഴി ദൈവം യിരെ​മ്യാ​വി​ലൂ​ടെ​യുള്ള തന്റെ വാഗ്‌ദാ​നം നിവർത്തി​ക്കു​ക​യും തന്റെ വിശുദ്ധ നാമത്തെ പവി​ത്രീ​ക​രി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ദാനീ​യേൽ ഇങ്ങനെ അഭ്യർഥി​ക്കു​ന്നു: “കർത്താവേ, നിന്റെ സർവ്വനീ​തി​ക്കും ഒത്തവണ്ണം നിന്റെ കോപ​വും ക്രോ​ധ​വും നിന്റെ വിശു​ദ്ധ​പർവ്വ​ത​മായ യെരൂ​ശ​ലേം നഗരത്തിൽനി​ന്നു നീങ്ങി​പ്പോ​കു​മാ​റാ​കട്ടെ; ഞങ്ങളുടെ പാപങ്ങൾനി​മി​ത്ത​വും ഞങ്ങളുടെ പിതാ​ക്ക​ന്മാ​രു​ടെ അകൃത്യ​ങ്ങൾനി​മി​ത്ത​വും യെരൂ​ശ​ലേ​മും നിന്റെ ജനവും ഞങ്ങൾക്കു ചുററും ഉള്ള എല്ലാവർക്കും നിന്ദയാ​യി തീർന്നി​രി​ക്കു​ന്നു​വ​ല്ലോ.”—ദാനീ​യേൽ 9:16.

9. (എ) ഏതു യാചന​ക​ളോ​ടെ​യാണ്‌ ദാനീ​യേൽ തന്റെ പ്രാർഥന ഉപസം​ഹ​രി​ക്കു​ന്നത്‌? (ബി) ദാനീ​യേ​ലി​നെ വിഷമി​പ്പി​ക്കു​ന്നത്‌ എന്ത്‌, എന്നാൽ ദൈവ​നാ​മ​ത്തോട്‌ അവൻ ആദരവു കാട്ടു​ന്നത്‌ എങ്ങനെ?

9 തന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദാനീ​യേൽ തുടരു​ന്നു: “ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥ​ന​യും യാചന​ക​ളും കേട്ടു ശൂന്യ​മാ​യി​രി​ക്കുന്ന നിന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്മേൽ കർത്താ​വിൻനി​മി​ത്തം തിരു​മു​ഖം പ്രകാ​ശി​ക്കു​മാ​റാ​ക്കേ​ണമേ. എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേ​ണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങ​ളെ​യും നിന്റെ നാമം വിളി​ച്ചി​രി​ക്കുന്ന നഗര​ത്തെ​യും കടാക്ഷി​ക്കേ​ണമേ; ഞങ്ങൾ ഞങ്ങളുടെ നീതി​പ്ര​വൃ​ത്തി​ക​ളിൽ അല്ല, നിന്റെ മഹാക​രു​ണ​യിൽ അത്രേ ആശ്രയി​ച്ചു​കൊ​ണ്ടു ഞങ്ങളുടെ യാചന​കളെ തിരു​സ​ന്നി​ധി​യിൽ ബോധി​പ്പി​ക്കു​ന്നു. കർത്താവേ, കേൾക്കേ​ണമേ; കർത്താവേ, ക്ഷമി​ക്കേ​ണമേ; കർത്താവേ, ചെവി​ക്കൊ​ണ്ടു പ്രവർത്തി​ക്കേ​ണമേ; എന്റെ ദൈവമേ, നിന്നെ​ത്തന്നെ ഓർത്തു താമസി​ക്ക​രു​തേ; [നിന്റെ നഗരത്തി​ന്മേ​ലും ജനത്തി​ന്മേ​ലും] നിന്റെ നാമം വിളി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ.” (ദാനീ​യേൽ 9:17-19) ദൈവം തന്റെ ജനത്തോ​ടു ക്ഷമിക്കാ​തി​രി​ക്കു​ക​യും അവരെ പ്രവാ​സ​ത്തിൽ ഉപേക്ഷി​ച്ചു​കൊണ്ട്‌ തന്റെ വിശുദ്ധ നഗരമായ യെരൂ​ശ​ലേം അനിശ്ചിത കാലം ശൂന്യ​മാ​യി കിടക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ ജനതകൾ അവനെ അഖിലാണ്ഡ പരമാ​ധി​കാ​രി​യാ​യി വീക്ഷി​ക്കു​മാ​യി​രു​ന്നോ? ബാബി​ലോ​ണി​യൻ ദേവന്മാ​രു​ടെ ശക്തിക്കു മുന്നിൽ യഹോവ അശക്തൻ ആണെന്ന്‌ അവർ നിഗമനം ചെയ്യു​മാ​യി​രു​ന്നി​ല്ലേ? ഉവ്വ്‌, യഹോ​വ​യു​ടെ നാമം നിന്ദി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അതു ദാനീ​യേ​ലി​നെ വല്ലാതെ വിഷമി​പ്പി​ക്കു​ന്നു. ദാനീ​യേൽ പുസ്‌ത​ക​ത്തിൽ യഹോവ എന്ന ദിവ്യ​നാ​മം 19 പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു, അതിൽ 18-ഉം ഈ പ്രാർഥ​ന​യോ​ടുള്ള ബന്ധത്തി​ലാണ്‌!

ഗബ്രീ​യേൽ വേഗം എത്തുന്നു

10. (എ) ദാനീ​യേ​ലി​ന്റെ അടു​ത്തേക്ക്‌ അയച്ചത്‌ ആരെ, എന്തു​കൊണ്ട്‌? (ബി) ദാനീ​യേൽ ഗബ്രീ​യേ​ലി​നെ​ക്കു​റിച്ച്‌ ഒരു “പുരുഷൻ” എന്നപോ​ലെ സംസാ​രി​ച്ചത്‌ എന്തു​കൊണ്ട്‌?

10 ദാനീ​യേൽ തുടർന്നും പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കെ ഗബ്രീ​യേൽ ദൂതൻ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവൻ പറയുന്നു: “ദാനീ​യേലേ, നിനക്കു ബുദ്ധി ഉപദേ​ശി​ച്ചു​ത​രേ​ണ്ട​തി​ന്നു ഞാൻ ഇപ്പോൾ വന്നിരി​ക്കു​ന്നു. നീ ഏററവും പ്രിയ​നാ​ക​യാൽ നിന്റെ യാചന​ക​ളു​ടെ ആരംഭ​ത്തി​ങ്കൽ തന്നേ കല്‌പന പുറ​പ്പെട്ടു, നിന്നോ​ടു അറിയി​പ്പാൻ ഞാൻ വന്നുമി​രി​ക്കു​ന്നു; അതു​കൊ​ണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹി​ച്ചു​കൊൾക.” എന്നാൽ ദാനീ​യേൽ അവനെ​ക്കു​റിച്ച്‌ “ഗബ്രീ​യേൽ എന്ന പുരുഷൻ [“മനുഷ്യൻ,” NW]” എന്നു പറഞ്ഞത്‌ എന്തു​കൊണ്ട്‌? (ദാനീ​യേൽ 9:20-23) കൊള്ളാം, ആട്ടു​കൊ​റ്റ​നെ​യും കോലാ​ട്ടു​കൊ​റ്റ​നെ​യും കുറി​ച്ചുള്ള മുൻ ദർശന​ത്തി​ന്റെ അർഥം ദാനീ​യേൽ ആരാഞ്ഞ​പ്പോൾ ‘ഒരു പുരു​ഷ​രൂ​പം [“മനുഷ്യ​രൂ​പം,” NW] അവന്റെ മുമ്പിൽ’ പ്രത്യ​ക്ഷ​പ്പെട്ടു. ദാനീ​യേ​ലിന്‌ ഉൾക്കാഴ്‌ച നൽകാൻ അയയ്‌ക്ക​പ്പെട്ട ഗബ്രീ​യേൽ ദൂതൻ ആയിരു​ന്നു അത്‌. (ദാനീ​യേൽ 8:15-17) സമാന​മാ​യി, ദാനീ​യേ​ലി​ന്റെ പ്രാർഥ​നയെ തുടർന്ന്‌ ഈ ദൂതൻ മനുഷ്യ​സ​മാന രൂപത്തിൽ അവന്റെ അടുത്തു വന്ന്‌ ഒരു മനുഷ്യൻ മറ്റൊ​രു​വ​നോ​ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ സംസാ​രി​ച്ചു.

11, 12. (എ) ബാബി​ലോ​ണിൽ യഹോ​വ​യു​ടെ ആലയമോ യാഗപീ​ഠ​മോ ഇല്ലായി​രു​ന്നെ​ങ്കി​ലും, ന്യായ​പ്ര​മാ​ണം അനുശാ​സിച്ച യാഗങ്ങ​ളോ​ടു ദൈവ​ഭ​ക്തി​യുള്ള യഹൂദ​ന്മാർ ആദരവു കാട്ടി​യത്‌ എങ്ങനെ? (ബി) ദാനീ​യേ​ലി​നെ “ഏററവും പ്രിയനാ”യവൻ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌?

11 “സന്ധ്യാ​യാ​ഗ​ത്തി​ന്റെ നേര”ത്താണ്‌ ഗബ്രീ​യേൽ എത്തുന്നത്‌. യെരൂ​ശ​ലേ​മി​ലെ ആലയ​ത്തോ​ടൊ​പ്പം യഹോ​വ​യു​ടെ യാഗപീ​ഠ​വും നശിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. യഹൂദ​ന്മാ​രാ​കട്ടെ, പുറജാ​തീയ ബാബി​ലോ​ണി​യ​രു​ടെ തടവു​കാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ ബാബി​ലോ​ണി​ലെ യഹൂദ​ന്മാർ ദൈവ​ത്തി​നു യാഗങ്ങൾ അർപ്പി​ച്ചി​രു​ന്നില്ല. എന്നാൽ, മോ​ശൈക ന്യായ​പ്ര​മാ​ണം അനുസ​രിച്ച്‌ യാഗങ്ങൾ അർപ്പി​ക്കേ​ണ്ടി​യി​രുന്ന സമയങ്ങ​ളിൽ യഹോ​വയെ സ്‌തു​തി​ക്കു​ക​യും അവനോ​ടു അപേക്ഷി​ക്കു​ക​യും ചെയ്യു​ന്നതു ബാബി​ലോ​ണി​ലെ ദൈവ​ഭ​ക്തി​യുള്ള യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം സമുചി​തം ആയിരു​ന്നു. ദൈവ​ത്തോട്‌ ആഴമായ ഭക്തി ഉണ്ടായി​രുന്ന ഒരുവൻ എന്ന നിലയിൽ ദാനീ​യേൽ “ഏററവും പ്രിയനാ”യവൻ എന്നു വിളി​ക്ക​പ്പെട്ടു. “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” യഹോവ അവനിൽ സംപ്രീ​ത​നാ​യി. ദാനീ​യേ​ലി​ന്റെ വിശ്വാ​സ​ത്തോ​ടു കൂടിയ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകാൻ ദൈവം ഗബ്രീ​യേ​ലി​നെ വേഗം അയച്ചു.—സങ്കീർത്തനം 65:2.

12 യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു തന്റെ ജീവനു ഭീഷണി ഉയർത്തി​യ​പ്പോൾ പോലും ദിവസ​വും മൂന്നു പ്രാവ​ശ്യം ദൈവ​ത്തോ​ടു പ്രാർഥി​ക്കുന്ന രീതി ദാനീ​യേൽ തുടർന്നു. (ദാനീ​യേൽ 6:10, 11) യഹോവ അവനെ വളരെ പ്രിയ​പ്പെ​ട്ട​വ​നാ​യി കണ്ടതിൽ യാതൊ​രു അതിശ​യ​വു​മില്ല! പ്രാർഥ​ന​യ്‌ക്കു പുറമേ, ദൈവ​വ​ച​നത്തെ കുറി​ച്ചുള്ള ധ്യാന​വും യഹോ​വ​യു​ടെ ഹിതം തിട്ട​പ്പെ​ടു​ത്താൻ ദാനീ​യേ​ലി​നെ പ്രാപ്‌ത​നാ​ക്കി. ദാനീ​യേൽ പ്രാർഥ​ന​യിൽ ഉറ്റിരു​ന്നു. പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിക്കാൻ തക്കവണ്ണം യഹോ​വയെ ഉചിത​മാ​യി സമീപി​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നും ദാനീ​യേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. അവൻ ദൈവ​നീ​തി ഉയർത്തി​പ്പി​ടി​ച്ചു. (ദാനീ​യേൽ 9:7, 14, 16) അവന്റെ എതിരാ​ളി​കൾക്ക്‌ അവനിൽ യാതൊ​രു കുറ്റവും കണ്ടെത്താൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും താൻ ദൈവ​ദൃ​ഷ്ടി​യിൽ ഒരു പാപി ആണെന്നു ദാനീ​യേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. അവൻ തന്റെ പാപം മനസ്സോ​ടെ ഏറ്റുപ​റ​യു​ക​യും ചെയ്‌തു.—ദാനീ​യേൽ 6:4; റോമർ 3:23.

പാപത്തെ ഇല്ലായ്‌മ ചെയ്യാൻ “എഴുപത്‌ ആഴ്‌ചകൾ”

13, 14. (എ) ഗബ്രീ​യേൽ ഏതു പ്രധാ​ന​പ്പെട്ട വിവരം ദാനീ​യേ​ലി​നു വെളി​പ്പെ​ടു​ത്തി? (ബി) “എഴുപത്‌ ആഴ്‌ചകൾ”ക്ക്‌ എത്ര ദൈർഘ്യ​മുണ്ട്‌, നാം അത്‌ അറിയു​ന്നത്‌ എങ്ങനെ?

13 എത്ര മഹത്തായ ഒരു ഉത്തരമാ​ണു പ്രാർഥനാ നിരത​നായ ദാനീ​യേ​ലി​നു ലഭിക്കു​ന്നത്‌! യഹൂദ​ന്മാർ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടും എന്ന ഉറപ്പു മാത്രമല്ല, വളരെ​യേറെ പ്രാധാ​ന്യ​മുള്ള ഒരു സംഗതി​യെ കുറിച്ച്‌, അതായത്‌ മുൻകൂ​ട്ടി പറയപ്പെട്ട മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​പ്പെ​ട​ലി​നെ കുറിച്ച്‌, ഉള്ള ഉൾക്കാ​ഴ്‌ച​യും യഹോവ അവനു നൽകി. (ഉല്‌പത്തി 22:17, 18; യെശയ്യാ​വു 9:6, 7) ഗബ്രീ​യേൽ ദാനീ​യേ​ലി​നോ​ടു പറയുന്നു: “ലംഘന​ത്തിന്‌ അന്തം വരുത്താ​നും പാപത്തെ ഇല്ലായ്‌മ ചെയ്യാ​നും തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാ​നും അനിശ്ചി​ത​കാ​ല​ത്തോ​ളം നീതി കൈവ​രു​ത്താ​നും ദർശന​ത്തി​ന്റെ​യും പ്രവാ​ച​ക​ന്റെ​യും മേൽ മുദ്ര​യി​ടു​വാ​നും വിശു​ദ്ധ​ങ്ങ​ളിൽ വിശു​ദ്ധത്തെ അഭി​ഷേകം ചെയ്യാ​നു​മാ​യി നിന്റെ ജനത്തി​നും നിന്റെ വിശുദ്ധ നഗരത്തി​നും എഴുപത്‌ ആഴ്‌ചകൾ നിശ്ചയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യെരൂ​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മുള്ള കൽപ്പന പുറ​പ്പെ​ടു​ന്നതു മുതൽ നായക​നായ മിശിഹാ വരെ ഏഴ്‌ ആഴ്‌ച​ക​ളും അറുപ​ത്തി​രണ്ട്‌ ആഴ്‌ച​ക​ളും ഉണ്ടായി​രി​ക്കു​മെന്നു നീ അറിഞ്ഞു ഗ്രഹി​ച്ചു​കൊ​ള്ളേ​ണ്ടത്‌ ആകുന്നു. അവൾ മടങ്ങി​വന്ന്‌ ഒരു പൊതു മൈതാ​ന​വും കിടങ്ങും സഹിതം, എന്നാൽ കഷ്ടകാ​ല​ങ്ങ​ളിൽത്തന്നെ, യഥാർഥ​മാ​യി പുനർനിർമി​ക്ക​പ്പെ​ടും.”—ദാനീ​യേൽ 9:24, 25, NW.

14 അതു തീർച്ച​യാ​യും ഒരു സുവാർത്ത​തന്നെ ആയിരു​ന്നു! യെരൂ​ശ​ലേം പുനർനിർമി​ക്ക​പ്പെ​ടു​ക​യും ഒരു പുതിയ ആലയത്തിൽ ആരാധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തി​നു പുറമേ “നായക​നായ മിശിഹാ” ഒരു നിർദിഷ്ട സമയത്തു പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. അത്‌ “എഴുപത്‌ ആഴ്‌ചകൾ”ക്കുള്ളിൽ സംഭവി​ക്കു​മാ​യി​രു​ന്നു. ഗബ്രീ​യേൽ ദിവസ​ങ്ങളെ കുറിച്ചു പരാമർശി​ക്കാ​ത്ത​തി​നാൽ, ഇവ 490 ദിവസ​ങ്ങൾക്ക്‌ അഥവാ ഒരു വർഷത്തി​നും നാലു മാസത്തി​നും തുല്യ​മായ ഏഴു ദിവസ​ങ്ങ​ള​ട​ങ്ങിയ ആഴ്‌ചകൾ അല്ല. “പൊതു മൈതാ​ന​വും കിടങ്ങും ഉൾപ്പെടെ”യുള്ള യെരൂ​ശ​ലേ​മി​ന്റെ മുൻകൂ​ട്ടി പറയപ്പെട്ട പുനർനിർമാ​ണ​ത്തിന്‌ അതിലും വളരെ​യേറെ സമയം എടുത്തു. ഈ ആഴ്‌ചകൾ വർഷങ്ങ​ളു​ടെ ആഴ്‌ചകൾ ആണ്‌. ഓരോ ആഴ്‌ച​യും ഏഴു വർഷം ദീർഘി​ച്ച​താ​ണെന്ന്‌ അനേകം ആധുനിക ഭാഷാ​ന്ത​രങ്ങൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, യഹൂദ പ്രസി​ദ്ധീ​കരണ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച താനാക്ക്‌വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ (ഇംഗ്ലീഷ്‌) എന്ന ഭാഷാ​ന്ത​ര​ത്തിൽ ദാനീ​യേൽ 9:24-ന്റെ അടിക്കു​റി​പ്പിൽ “വർഷങ്ങ​ളു​ടെ എഴുപത്‌ ആഴ്‌ചകൾ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഒരു അമേരി​ക്കൻ ഭാഷാ​ന്ത​ര​ത്തിൽ ഇങ്ങനെ വായി​ക്കു​ന്നു: “നിന്റെ ജനത്തി​നും നിന്റെ വിശുദ്ധ നഗരത്തി​നു​മാ​യി വർഷങ്ങ​ളു​ടെ എഴുപത്‌ ആഴ്‌ചകൾ നിശ്ചയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” മോഫ​റ്റി​ന്റെ​യും റോഥർഹാ​മി​ന്റെ​യും ഭാഷാ​ന്ത​ര​ങ്ങ​ളിൽ സമാന​മായ പരിഭാ​ഷകൾ കാണ​പ്പെ​ടു​ന്നു.

15. “എഴുപത്‌ ആഴ്‌ചക”ളെ ഏതു മൂന്നു ഘട്ടങ്ങളാ​യി തിരി​ച്ചി​രി​ക്കു​ന്നു, അവ എന്ന്‌ ആരംഭി​ക്കു​മാ​യി​രു​ന്നു?

15 ദൂതന്റെ വാക്കുകൾ അനുസ​രിച്ച്‌ ‘എഴുപത്‌ ആഴ്‌ചക’ളെ മൂന്നു ഘട്ടങ്ങളാ​യി തിരി​ക്കാ​വു​ന്ന​താണ്‌: (1) “ഏഴ്‌ ആഴ്‌ചകൾ,” (2) “അറുപ​ത്തി​രണ്ട്‌ ആഴ്‌ചകൾ,” (3) ഒരു ആഴ്‌ച. അതു മൊത്തം 490 വർഷം ആയിരി​ക്കു​മാ​യി​രു​ന്നു, അതായത്‌ 49 വർഷവും 434 വർഷവും 7 വർഷവും. രസാവ​ഹ​മാ​യി, പരിഷ്‌കൃത ഇംഗ്ലീഷ്‌ ബൈബിൾ പറയുന്നു: “നിന്റെ ജനത്തി​നും നിന്റെ വിശുദ്ധ നഗരത്തി​നു​മാ​യി എഴുപത്‌ സപ്‌ത വർഷങ്ങൾ വേർതി​രി​ച്ചി​രി​ക്കു​ന്നു.” 70 വർഷത്തെ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തി​നും യാതന​യ്‌ക്കും ശേഷം യഹൂദ​ന്മാർ 490 വർഷക്കാ​ലം, അതായത്‌ 70 വർഷത്തെ 7 കൊണ്ടു ഗുണി​ക്കു​മ്പോൾ കിട്ടുന്ന കാലയ​ള​വിൽ, ദൈവ​ത്തി​ന്റെ പ്രത്യേക പ്രീതി അനുഭ​വി​ക്കു​മാ​യി​രു​ന്നു. അതു തുടങ്ങു​ന്ന​താ​കട്ടെ, “യെരൂ​ശ​ലേം പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മുള്ള കൽപ്പന പുറ​പ്പെ​ടുന്ന” സമയത്തും. അത്‌ എപ്പോൾ ആയിരി​ക്കു​മാ​യി​രു​ന്നു?

“എഴുപത്‌ ആഴ്‌ചകൾ” തുടങ്ങു​ന്നു

16. തന്റെ കൽപ്പന​യിൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ അനുസ​രിച്ച്‌ എന്ത്‌ ഉദ്ദേശ്യ​ത്തി​ലാ​യി​രു​ന്നു കോ​രെശ്‌ യഹൂദ​ന്മാ​രെ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ച്ചത്‌?

16 “എഴുപത്‌ ആഴ്‌ചക”ളുടെ തുടക്കം സംബന്ധിച്ച്‌ ശ്രദ്ധേ​യ​മായ മൂന്നു സംഭവങ്ങൾ പരിഗണന അർഹി​ക്കു​ന്നു. ഒന്നാമ​ത്തേതു സംഭവി​ച്ചത്‌ പൊ.യു.മു. 537-ൽ ആയിരു​ന്നു. അന്ന്‌, കോ​രെ​ശി​ന്റെ കൽപ്പന​പ്ര​കാ​രം യഹൂദ​ന്മാർ അവരുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ടു. അത്‌ ഇങ്ങനെ വായി​ക്കു​ന്നു: “പാർസി​രാ​ജാ​വായ കോ​രെശ്‌ ഇപ്രകാ​രം കല്‌പി​ക്കു​ന്നു: സ്വർഗ്ഗ​ത്തി​ലെ ദൈവ​മായ യഹോവ ഭൂമി​യി​ലെ സകലരാ​ജ്യ​ങ്ങ​ളെ​യും എനിക്കു തന്നിരി​ക്കു​ന്നു; യെഹൂ​ദ​യി​ലെ യെരൂ​ശ​ലേ​മിൽ അവന്നു ഒരു ആലയം [“ഭവനം,” NW] പണിവാൻ എന്നോടു കല്‌പി​ച്ചു​മി​രി​ക്കു​ന്നു. നിങ്ങളിൽ അവന്റെ ജനമാ​യി​ട്ടു ആരെങ്കി​ലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോ​ടു​കൂ​ടെ ഇരിക്കു​മാ​റാ​കട്ടെ; അവൻ യെഹൂ​ദ​യി​ലെ യെരൂ​ശ​ലേ​മി​ലേക്കു യാത്ര​പു​റ​പ്പെട്ടു യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂ​ശ​ലേ​മി​ലെ ദൈവം. ശേഷി​ച്ചി​രി​ക്കുന്ന ഏവന്നും അവൻ പ്രവാ​സി​യാ​യി പാർക്കുന്ന ഇടത്തൊ​ക്കെ​യും അതതു സ്ഥലത്തിലെ സ്വദേ​ശി​കൾ പൊന്നു, വെള്ളി, മററു സാധനങ്ങൾ, കന്നുകാ​ലി എന്നിവ​യാ​ലും യെരൂ​ശ​ലേ​മി​ലെ ദൈവാ​ലയം വകെക്കാ​യി ഔദാ​ര്യ​ദാ​ന​ങ്ങ​ളാ​ലും സഹായം ചെയ്യേണം.” (എസ്രാ 1:2-4) വ്യക്തമാ​യും, ‘യഹോ​വ​യു​ടെ ഭവന’മാകുന്ന ആലയം അതിന്റെ പഴയ സ്ഥാനത്തു പുനർനിർമി​ക്ക​പ്പെ​ടണം എന്നതാ​യി​രു​ന്നു ആ കൽപ്പന​യു​ടെ പ്രത്യേക ലക്ഷ്യം.

17. എസ്രാ യെരൂ​ശ​ലേ​മി​ലേക്കു യാത്ര ചെയ്‌ത​തി​ന്റെ കാരണ​ത്തെ​പ്പറ്റി അവനു നൽകപ്പെട്ട കത്ത്‌ എന്തു പറഞ്ഞു?

17 രണ്ടാമത്തെ സംഭവം നടന്നത്‌ പേർഷ്യൻ രാജാ​വായ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ (സെർക്‌സിസ്‌ ഒന്നാമന്റെ മകനായ അർത്ഥഹ്‌ശ​ഷ്ടാവ്‌ ലോം​ഗി​മാ​നസ്‌) വാഴ്‌ച​യു​ടെ ഏഴാം വർഷത്തിൽ ആയിരു​ന്നു. അന്ന്‌, പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്രാ ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്കു നാലു മാസം ദീർഘിച്ച ഒരു യാത്ര നടത്തി. രാജാ​വിൽനി​ന്നുള്ള ഒരു പ്രത്യേക കത്ത്‌ അവന്റെ കൈവശം ഉണ്ടായി​രു​ന്നു. എന്നാൽ യെരൂ​ശ​ലേം പുനർനിർമി​ക്കാൻ അത്‌ അധികാ​ര​പ്പെ​ടു​ത്തി​യില്ല. പകരം, “യഹോ​വ​യു​ടെ ആലയത്തെ അലങ്കരി”ക്കുക മാത്ര​മാ​യി​രു​ന്നു എസ്രാ​യു​ടെ ദൗത്യം. അതു​കൊ​ണ്ടാണ്‌ പൊന്ന്‌, വെള്ളി, പവിത്ര പാത്രങ്ങൾ, ആലയത്തി​ലെ ആരാധ​നയെ പിന്തു​ണ​യ്‌ക്കാ​നാ​യി ഗോതമ്പ്‌, വീഞ്ഞ്‌, എണ്ണ, ഉപ്പ്‌, കൂടാതെ അവിടെ സേവി​ക്കു​ന്ന​വരെ നികു​തി​യിൽനിന്ന്‌ ഒഴിവാ​ക്കൽ എന്നീ കാര്യങ്ങൾ ആ കത്തിൽ പരാമർശി​ച്ചി​രു​ന്നത്‌.—എസ്രാ 7:6-27.

18. നെഹെ​മ്യാ​വി​നെ അലോ​സ​ര​പ്പെ​ടു​ത്തിയ വാർത്ത എന്ത്‌, അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാവ്‌ അതു മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ?

18 മൂന്നാ​മത്തെ സംഭവം നടന്നത്‌ 13 വർഷത്തി​നു ശേഷം, പേർഷ്യൻ രാജാ​വായ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ 20-ാം വർഷത്തിൽ ആയിരു​ന്നു. നെഹെ​മ്യാവ്‌ “ശൂശൻരാ​ജ​ധാ​നി​യിൽ” അദ്ദേഹ​ത്തി​ന്റെ പാനപാ​ത്ര​വാ​ഹ​ക​നാ​യി സേവി​ക്കുന്ന കാലം. ബാബി​ലോ​ണിൽനി​ന്നു തിരി​ച്ചെ​ത്തിയ ശേഷിപ്പ്‌ യെരൂ​ശ​ലേം കുറെ​യൊ​ക്കെ പുനർനിർമി​ച്ചി​രു​ന്നു. എന്നാൽ കാര്യങ്ങൾ എല്ലാം തൃപ്‌തി​കരം ആയിരു​ന്നില്ല. “യെരൂ​ശ​ലേ​മി​ന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതി​ലു​കൾ തീവെച്ചു ചുട്ടും കിടക്കു​ന്നു” എന്നു നെഹെ​മ്യാ​വി​നു അറിവു കിട്ടി. അത്‌ അവനെ വല്ലാതെ അലോ​സ​ര​പ്പെ​ടു​ത്തി. അവന്റെ ഹൃദയം വ്യാകു​ല​പ്പെട്ടു. അവന്റെ ദുഃഖത്തെ കുറിച്ചു ചോദി​ച്ച​പ്പോൾ നെഹെ​മ്യാ​വു പറഞ്ഞു: “രാജാവു ദീർഘാ​യു​സ്സാ​യി​രി​ക്കട്ടെ; എന്റെ പിതാ​ക്ക​ന്മാ​രു​ടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യ​മാ​യും അതിന്റെ വാതി​ലു​കൾ തീകൊ​ണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കു​ന്നതു എങ്ങനെ”?—നെഹെ​മ്യാ​വു 1:1-3; 2:1-3.

19. (എ) അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാ​വി​ന്റെ ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ച്ച​പ്പോൾ നെഹെ​മ്യാവ്‌ ആദ്യം എന്തു ചെയ്‌തു? (ബി) നെഹെ​മ്യാവ്‌ എന്ത്‌ അഭ്യർഥന നടത്തി, കാര്യാ​ദി​ക​ളി​ലെ യഹോ​വ​യു​ടെ പങ്ക്‌ അവൻ സമ്മതിച്ചു പറഞ്ഞത്‌ എങ്ങനെ?

19 നെഹെ​മ്യാവ്‌ ഉൾപ്പെട്ട ആ വിവരണം ഇങ്ങനെ തുടരു​ന്നു: “രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദി​ച്ചു; ഉടനെ ഞാൻ സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തോ​ടു പ്രാർത്ഥി​ച്ചി​ട്ടു, രാജാ​വി​നോ​ടു: രാജാ​വി​ന്നു തിരു​വു​ള്ള​മു​ണ്ടാ​യി അടിയന്നു തിരു​മു​മ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂ​ദ​യിൽ എന്റെ പിതാ​ക്ക​ന്മാ​രു​ടെ കല്ലറക​ളുള്ള പട്ടണത്തി​ലേക്കു അതു പണി​യേ​ണ്ട​തി​ന്നു ഒന്നു അയക്കേ​ണമേ എന്നുണർത്തി​ച്ചു.” ഈ നിർദേശം അർത്ഥഹ്‌ശ​ഷ്ടാ​വിന്‌ ഇഷ്ടപ്പെട്ടു. നെഹെ​മ്യാ​വി​ന്റെ തുടർന്നുള്ള അപേക്ഷ​യും അവൻ അനുവ​ദി​ച്ചു: “രാജാ​വി​ന്നു തിരു​വു​ള്ള​മു​ണ്ടാ​യി ഞാൻ യെഹൂ​ദ​യിൽ എത്തും​വരെ നദിക്കു അക്കരെ​യുള്ള ദേശാ​ധി​പ​തി​മാർ എന്നെ കടത്തി​വി​ടേ​ണ്ട​തി​ന്നു അവർക്കു എഴുത്തു​ക​ളും ആലയ​ത്തോ​ടു ചേർന്ന കോട്ട​വാ​തി​ലു​കൾക്കും പട്ടണത്തി​ന്റെ മതിലി​ന്നും ഞാൻ ചെന്നു പാർപ്പാ​നി​രി​ക്കുന്ന വീട്ടി​ന്നും വേണ്ടി ഉത്തരം മുതലാ​യവ ഉണ്ടാക്കു​വാൻ രാജാ​വി​ന്റെ വനവി​ചാ​ര​ക​നായ ആസാഫ്‌ എനിക്കു മരം തരേണ്ട​തി​ന്നു അവന്നു ഒരു എഴുത്തും നല്‌കേ​ണമേ.” ഇതി​ന്റെ​യെ​ല്ലാം പിന്നിൽ യഹോ​വ​യു​ടെ കരങ്ങളാ​ണു പ്രവർത്തി​ച്ച​തെന്നു സമ്മതി​ച്ചു​കൊണ്ട്‌ നെഹെ​മ്യാ​വു പറഞ്ഞു: “എന്റെ ദൈവ​ത്തി​ന്റെ ദയയുള്ള കൈ എനിക്കു അനുകൂ​ല​മാ​യി​രു​ന്ന​തു​കൊ​ണ്ടു രാജാവു അതു എനിക്കു തന്നു.”—നെഹെ​മ്യാ​വു 2:4-8.

20. (എ) “യെരൂ​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മുള്ള കൽപ്പന” പ്രാബ​ല്യ​ത്തിൽ വന്നത്‌ എന്ന്‌? (ബി) “എഴുപത്‌ ആഴ്‌ചകൾ” എന്നു തുടങ്ങി, എന്ന്‌ അവസാ​നി​ച്ചു? (സി) “എഴുപത്‌ ആഴ്‌ചക”ൾ ആരംഭി​ക്കു​ക​യും അവസാ​നി​ക്കു​ക​യും ചെയ്‌ത തീയതി​ക​ളു​ടെ കൃത്യ​ത​യി​ലേക്ക്‌ ഏതു തെളി​വു​കൾ വിരൽചൂ​ണ്ടു​ന്നു?

20 അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ വാഴ്‌ച​യു​ടെ 20-ാം ആണ്ടിന്റെ ആദ്യ ഭാഗത്ത്‌, നീസാൻ മാസത്തിൽ അനുവാ​ദം നൽക​പ്പെ​ട്ടെ​ങ്കി​ലും മാസങ്ങൾക്കു ശേഷമാണ്‌ “യെരൂ​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മുള്ള കൽപ്പന” വാസ്‌ത​വ​ത്തിൽ പ്രാബ​ല്യ​ത്തിൽ വന്നത്‌. നെഹെ​മ്യാവ്‌ യെരൂ​ശ​ലേ​മിൽ എത്തി പുനർനിർമാണ വേല ആരംഭി​ച്ച​പ്പോ​ഴാണ്‌ അതു സംഭവി​ച്ചത്‌. എസ്രാ നാലു മാസം​കൊ​ണ്ടാണ്‌ അവിടെ എത്തിയത്‌. എന്നാൽ ശൂശൻ ബാബി​ലോ​ണിൽ നിന്ന്‌ 322-ലേറെ കിലോ​മീ​റ്റർ കിഴക്ക്‌ ആയിരു​ന്നു. അതായത്‌ യെരൂ​ശ​ലേ​മിൽ നിന്ന്‌ അവി​ടേക്കു കൂടുതൽ ദൂരം ഉണ്ടായി​രു​ന്നു. അപ്പോൾ സർവസാ​ധ്യ​ത​യും അനുസ​രിച്ച്‌, നെഹെ​മ്യാവ്‌ യെരൂ​ശ​ലേ​മിൽ എത്തിയത്‌ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ വാഴ്‌ച​യു​ടെ 20-ാം വർഷത്തി​ന്റെ അവസാ​ന​ത്തോട്‌ അടുത്താണ്‌, അഥവാ പൊ.യു.മു. 455-ൽ. അന്നാണു മുൻകൂ​ട്ടി പറയപ്പെട്ട “എഴുപത്‌ ആഴ്‌ചകൾ,” അഥവാ 490 വർഷം തുടങ്ങി​യത്‌. അതു പൊ.യു. 36-ന്റെ രണ്ടാം പകുതി​യിൽ അവസാ​നി​ക്കു​മാ​യി​രു​ന്നു—197-ാം പേജിലെ, “അർത്ഥഹ്‌ശ​ഷ്ടാവ്‌ വാഴ്‌ച തുടങ്ങി​യത്‌ എന്ന്‌?” എന്ന ഭാഗം കാണുക.

“നായക​നായ മിശിഹാ” പ്രത്യ​ക്ഷ​പ്പെ​ടു​ന്നു

21. (എ) ആദ്യത്തെ “ഏഴ്‌ ആഴ്‌ചക”ളിൽ എന്തു നിർവ​ഹി​ക്ക​പ്പെ​ട​ണ​മാ​യി​രു​ന്നു, ഏതു സാഹച​ര്യ​ങ്ങൾ ഗണ്യമാ​ക്കാ​തെ? (ബി) മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടേ​ണ്ടി​യി​രു​ന്നത്‌ ഏതു വർഷത്തിൽ, ആ സമയത്തു സംഭവി​ച്ച​തി​നെ കുറിച്ചു ലൂക്കൊ​സി​ന്റെ സുവി​ശേഷം എന്തു പറയുന്നു?

21 യഥാർഥ​ത്തിൽ എത്ര വർഷത്തി​നു ശേഷമാണ്‌ യെരൂ​ശ​ലേം പുനർനിർമി​ക്ക​പ്പെ​ട്ടത്‌? യഹൂദ​ന്മാ​രു​ടെ ഇടയിൽത്ത​ന്നെ​യുള്ള പ്രശ്‌ന​ങ്ങ​ളും ശമര്യ​ക്കാ​രിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ഉള്ള എതിർപ്പും നിമിത്തം നഗരത്തി​ന്റെ പുനർനിർമാ​ണം പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ “കഷ്ടകാ​ല​ങ്ങ​ളിൽ” ആയിരി​ക്കു​മാ​യി​രു​ന്നു. തെളിവ്‌ അനുസ​രിച്ച്‌ പൊ.യു.മു. ഏകദേശം 406-ഓടെ, അതായത്‌ “ഏഴ്‌ ആഴ്‌ചകൾ”ക്ക്‌ അഥവാ 49 വർഷത്തി​നു​ള്ളിൽ, പ്രസ്‌തുത വേല അനിവാ​ര്യ​മാ​യി​രു​ന്നത്ര പൂർത്തി​യാ​യി. (ദാനീ​യേൽ 9:25) അതേത്തു​ടർന്ന്‌ 62 ആഴ്‌ച​ക​ളു​ടെ അതായത്‌ 434 വർഷത്തി​ന്റെ ഒരു കാലഘട്ടം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. ആ കാലഘ​ട്ട​ത്തി​നു ശേഷം, ദീർഘ​കാ​ലം മുമ്പു വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രുന്ന മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു. പൊ.യു.മു. 455-ൽ നിന്ന്‌ 483 (49 + 434) വർഷം എണ്ണു​മ്പോൾ, അതു നമ്മെ പൊ.യു. 29-ൽ കൊ​ണ്ടെ​ത്തി​ക്കു​ന്നു. അന്ന്‌ എന്താണു സംഭവി​ച്ചത്‌? സുവി​ശേഷ എഴുത്തു​കാ​ര​നായ ലൂക്കൊസ്‌ നമ്മോടു പറയുന്നു: “തീബെ​ര്യൊ​സ്‌​കൈ​സ​രു​ടെ വാഴ്‌ച​യു​ടെ പതിന​ഞ്ചാം ആണ്ടിൽ പൊന്തി​യൊ​സ്‌പീ​ലാ​ത്തൊസ്‌ യെഹൂ​ദ്യ​നാ​ടു വാഴു​മ്പോൾ, ഹെരോ​ദാ​വു ഗലീല[യിൽ] . . . ഇടപ്രഭു[വായി] . . . ഇരിക്കും​കാ​ലം സെഖര്യാ​വി​ന്റെ മകനായ യോഹ​ന്നാ​ന്നു മരുഭൂ​മി​യിൽവെച്ചു ദൈവ​ത്തി​ന്റെ അരുള​പ്പാ​ടു ഉണ്ടായി. അവൻ യോർദ്ദാ​ന്ന​രി​കെ​യുള്ള നാട്ടിൽ ഒക്കെയും വന്നു പാപ​മോ​ച​ന​ത്തി​ന്നാ​യുള്ള മാനസാ​ന്ത​ര​സ്‌നാ​നം പ്രസം​ഗി​ച്ചു.” അന്നു മിശി​ഹാ​യെ “ജനം പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.”—ലൂക്കൊസ്‌ 3:1-3, 15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം [NIBV].

22. യേശു മുൻകൂ​ട്ടി പറയപ്പെട്ട മിശിഹാ ആയിത്തീർന്നത്‌ എന്ന്‌, എപ്രകാ​രം?

22 യോഹ​ന്നാൻ വാഗ്‌ദത്ത മിശിഹാ ആയിരു​ന്നില്ല. പൊ.യു. 29-ലെ ശരത്‌കാ​ലത്ത്‌, നസറാ​യ​നായ യേശു​വി​ന്റെ സ്‌നാപന സമയത്തു താൻ സാക്ഷ്യം വഹിച്ച കാര്യത്തെ കുറിച്ചു യോഹ​ന്നാൻ പറഞ്ഞു: “ആത്മാവു ഒരു പ്രാവു​പോ​ലെ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു: അതു അവന്റെ​മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെളള​ത്തിൽ സ്‌നാനം കഴിപ്പി​പ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരു​ടെ​മേൽ ആത്മാവു ഇറങ്ങു​ന്ന​തും വസിക്കു​ന്ന​തും നീ കാണു​മോ അവൻ പരിശു​ദ്ധാ​ത്മാ​വിൽ സ്‌നാനം കഴിപ്പി​ക്കു​ന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണു​ക​യും ഇവൻ ദൈവ​പു​ത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്‌തി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 1:32-34) തന്റെ സ്‌നാപന സമയത്ത്‌ യേശു അഭിഷി​ക്തൻ—മിശിഹാ അഥവാ ക്രിസ്‌തു—ആയി. അതിനു​ശേഷം അധികം താമസി​യാ​തെ, യോഹ​ന്നാ​ന്റെ ശിഷ്യ​നായ അന്ത്രെ​യാസ്‌ അഭി​ഷേകം ചെയ്യപ്പെട്ട യേശു​വി​നെ കണ്ടുമു​ട്ടി. തുടർന്ന്‌ അവൻ ശിമോൻ പത്രൊ​സി​നോ​ടു പറഞ്ഞു: “ഞങ്ങൾ മശീഹയെ . . . കണ്ടെത്തി​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 1:41) അങ്ങനെ, “നായക​നായ മിശിഹാ” കൃത്യ​സ​മ​യത്ത്‌, 69 ആഴ്‌ച​ക​ളു​ടെ അവസാ​ന​ത്തി​ങ്കൽത്തന്നെ, പ്രത്യ​ക്ഷ​പ്പെട്ടു!

അവസാന ആഴ്‌ച​യി​ലെ സംഭവങ്ങൾ

23. “നായക​നായ മിശിഹാ” മരി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, അത്‌ എപ്പോൾ സംഭവി​ക്ക​ണ​മാ​യി​രു​ന്നു?

23 70-ാമത്തെ ആഴ്‌ച​യിൽ എന്തു നിർവ​ഹി​ക്ക​പ്പെ​ട​ണ​മാ​യി​രു​ന്നു? “എഴുപത്‌ ആഴ്‌ചക”ളുടെ കാലഘട്ടം നിശ്ചയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ “ലംഘന​ത്തിന്‌ അന്തം വരുത്താ​നും പാപത്തെ ഇല്ലായ്‌മ ചെയ്യാ​നും തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാ​നും അനിശ്ചി​ത​കാ​ല​ത്തോ​ളം നീതി കൈവ​രു​ത്താ​നും ദർശന​ത്തി​ന്റെ​യും പ്രവാ​ച​ക​ന്റെ​യും മേൽ മുദ്ര​യി​ടു​വാ​നും വിശു​ദ്ധ​ങ്ങ​ളിൽ വിശു​ദ്ധത്തെ അഭി​ഷേകം ചെയ്യാ​നു​മാ”ണെന്ന്‌ ഗബ്രീ​യേൽ പറഞ്ഞു. ഇതു നിർവ​ഹി​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ “നായക​നായ മിശിഹാ” മരിക്ക​ണ​മാ​യി​രു​ന്നു. എന്നാൽ എപ്പോൾ? ഗബ്രീ​യേൽ പറഞ്ഞു: “അറുപ​ത്തു​രണ്ടു ആഴ്‌ച​വട്ടം കഴിഞ്ഞി​ട്ടു അഭിഷി​ക്തൻ ഛേദി​ക്ക​പ്പെ​ടും; . . . അവൻ ഒരു ആഴ്‌ച​വ​ട്ട​ത്തേക്കു പലരോ​ടും നിയമത്തെ കഠിന​മാ​ക്കും [“ഉടമ്പടി​യെ പ്രാബ​ല്യ​ത്തിൽ നിലനിർത്തേ​ണ്ട​താ​കു​ന്നു,” NW]; ആഴ്‌ച​വ​ട്ട​ത്തി​ന്റെ മദ്ധ്യേ അവൻ ഹനനയാ​ഗ​വും ഭോജ​ന​യാ​ഗ​വും നിർത്ത​ലാ​ക്കി​ക്ക​ള​യും.” (ദാനീ​യേൽ 9:26എ, 27എ) ആ നിർണാ​യക സമയം “ആഴ്‌ച​വ​ട്ട​ത്തി​ന്റെ മദ്ധ്യേ” ആയിരു​ന്നു, അതായത്‌ അവസാ​നത്തെ ‘വർഷങ്ങ​ളു​ടെ ആഴ്‌ച’യുടെ മധ്യത്തിൽ.

24, 25. (എ) പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, ക്രിസ്‌തു മരിച്ചത്‌ എന്നായി​രു​ന്നു, അവന്റെ മരണവും പുനരു​ത്ഥാ​ന​വും എന്തിന്‌ അന്തം വരുത്തി? (ബി) യേശു​വി​ന്റെ മരണം എന്തു സാധ്യ​മാ​ക്കി​ത്തീർത്തു?

24 യേശു​ക്രി​സ്‌തു​വി​ന്റെ പരസ്യ ശുശ്രൂഷ ആരംഭി​ച്ചത്‌ പൊ.യു. 29-ന്റെ രണ്ടാം പകുതി​യിൽ ആയിരു​ന്നു. അതു മൂന്നര വർഷം ദീർഘി​ച്ചു. പ്രവചി​ക്ക​പ്പെട്ട പ്രകാരം, പൊ.യു. 33-ന്റെ തുടക്ക​ത്തിൽ, മനുഷ്യ​വർഗ​ത്തി​നു വേണ്ടി തന്റെ മാനുഷ ജീവൻ ഒരു മറുവി​ല​യാ​യി നൽകി​ക്കൊണ്ട്‌ ഒരു ദണ്ഡന സ്‌തം​ഭ​ത്തിൽ മരിച്ച​പ്പോൾ ക്രിസ്‌തു “ഛേദി​ക്കപ്പെ”ട്ടു. (യെശയ്യാ​വു 53:8; മത്തായി 20:28) ബലിക​ഴിച്ച തന്റെ മാനുഷ ജീവന്റെ മൂല്യം പുനരു​ത്ഥാ​നം പ്രാപിച്ച യേശു സ്വർഗ​ത്തിൽ ദൈവ​ത്തിന്‌ അർപ്പി​ച്ച​പ്പോൾ, ന്യായ​പ്ര​മാ​ണം നിർദ്ദേ​ശി​ച്ചി​രുന്ന മൃഗബ​ലി​ക​ളു​ടെ​യും വഴിപാ​ടു​ക​ളു​ടെ​യും ആവശ്യം ഇല്ലാതാ​യി. പൊ.യു. 70-ൽ യെരൂ​ശ​ലേ​മി​ലെ ആലയം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ യഹൂദ പുരോ​ഹി​ത​ന്മാർ വഴിപാ​ടു​കൾ അർപ്പി​ച്ചി​രു​ന്നെ​ങ്കി​ലും അത്തരം യാഗങ്ങൾ മേലാൽ ദൈവ​ത്തി​നു സ്വീകാ​ര്യം ആയിരു​ന്നില്ല. അവയുടെ സ്ഥാനത്തു മെച്ചപ്പെട്ട, ഒരിക്ക​ലും ആവർത്തി​ക്ക​പ്പെ​ടേ​ണ്ട​തി​ല്ലാത്ത, ഒരു യാഗം നടന്നു. പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി: “[യേശു] പാപങ്ങൾക്കു​വേണ്ടി എന്നേക്കു​മാ​യി ഏകയാഗം അർപ്പി[ച്ചു] . . . ഏക യാഗത്താൽ അവിടു​ന്നു വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​വരെ എന്നേക്കു​മാ​യി പരിപൂർണ്ണ​രാ​ക്കി​യി​രി​ക്കു​ന്നു.”—എബ്രായർ 10:12, 14; NIBV.

25 മനുഷ്യ​വർഗം തുടർന്നും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽ ആയിരു​ന്നെ​ങ്കി​ലും യേശു മരണത്തിൽ ഛേദി​ക്ക​പ്പെ​ടു​ക​യും സ്വർഗീയ ജീവനി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യും ചെയ്‌ത​തോ​ടെ പ്രവചനം നിവൃ​ത്തി​യേറി. അതു ‘ലംഘന​ത്തിന്‌ അന്തം വരുത്തു​ക​യും പാപത്തെ ഇല്ലായ്‌മ ചെയ്യു​ക​യും തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യു​ക​യും നീതി കൈവ​രു​ത്തു​ക​യും’ ചെയ്‌തു. യഹൂദ​ന്മാ​രെ പാപി​ക​ളാ​യി തുറന്നു​കാ​ട്ടു​ക​യും കുറ്റം​വി​ധി​ക്കു​ക​യും ചെയ്‌ത ന്യായ​പ്ര​മാണ ഉടമ്പടി ദൈവം നീക്കം ചെയ്‌തി​രു​ന്നു. (റോമർ 5:12, 19, 20; ഗലാത്യർ 3:13, 19; എഫെസ്യർ 2:15; കൊ​ലൊ​സ്സ്യർ 2:13, 14) ഇപ്പോൾ, അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ പാപങ്ങൾ റദ്ദാക്കാ​നും അതിന്റെ ശിക്ഷ നീക്കം ചെയ്യാ​നും കഴിയു​മാ​യി​രു​ന്നു. വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വർക്കു മിശി​ഹാ​യു​ടെ പ്രായ​ശ്ചിത്ത യാഗത്തി​ലൂ​ടെ ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ സാധി​ക്കു​മാ​യി​രു​ന്നു. ‘യേശു​ക്രി​സ്‌തു​വി​നാ​ലുള്ള നിത്യ​ജീ​വൻ’ എന്ന ദൈവ​ദാ​ന​ത്തി​നാ​യി അവർക്കു കാത്തി​രി​ക്കാ​നും കഴിയു​മാ​യി​രു​ന്നു.—റോമർ 3:21-26; 6:22, 23; 1 യോഹ​ന്നാൻ 2:1, 2.

26. (എ) ന്യായ​പ്ര​മാണ ഉടമ്പടി നീക്കം ചെയ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഏത്‌ ഉടമ്പടി ‘ഒരു ആഴ്‌ച​ത്തേക്കു പ്രാബ​ല്യ​ത്തിൽ നിലനിർത്തി’? (ബി) 70-ാമത്തെ ആഴ്‌ച​യു​ടെ അവസാനം എന്തു സംഭവി​ച്ചു?

26 അതു​കൊണ്ട്‌, പൊ.യു. 33-ലെ ക്രിസ്‌തു​വി​ന്റെ മരണത്തി​ലൂ​ടെ ന്യായ​പ്ര​മാണ ഉടമ്പടി നീക്കം ചെയ്‌തത്‌ യഹോവ ആയിരു​ന്നു. അപ്പോൾ പിന്നെ, മിശിഹാ “അനേകർക്കാ​യി ഒരു ആഴ്‌ച​ത്തേക്കു ഉടമ്പടി​യെ പ്രാബ​ല്യ​ത്തിൽ നിലനിർത്തേ​ണ്ട​താ​കു​ന്നു” എന്നു പറയാൻ കഴിയു​മാ​യി​രു​ന്നത്‌ എങ്ങനെ? കാരണം അവൻ അബ്രാ​ഹാ​മ്യ ഉടമ്പടി​യെ പ്രാബ​ല്യ​ത്തിൽ നിലനിർത്തി. 70-ാമത്തെ ആഴ്‌ച അവസാ​നി​ക്കു​ന്നതു വരെ, ദൈവം ആ ഉടമ്പടി​യു​ടെ അനു​ഗ്ര​ഹങ്ങൾ അബ്രാ​ഹാ​മി​ന്റെ എബ്രായ സന്തതി​കൾക്കു നീട്ടി​ക്കൊ​ടു​ത്തു. എന്നാൽ പൊ.യു. 36-ൽ വർഷങ്ങ​ളു​ടെ “എഴുപത്‌ ആഴ്‌ചകൾ” അവസാ​നി​ച്ച​പ്പോൾ പത്രൊസ്‌ അപ്പൊ​സ്‌തലൻ ദൈവ​ഭ​ക്തി​യുള്ള, ഇറ്റലി​ക്കാ​ര​നായ കൊർന്നേ​ല്യൊ​സി​നോ​ടും കുടും​ബ​ത്തോ​ടും മറ്റു വിജാ​തീ​യ​രോ​ടും പ്രസം​ഗി​ച്ചു. ആ ദിവസം മുതൽ, ജനതക​ളി​ലെ ആളുക​ളോ​ടു സുവാർത്ത പ്രഖ്യാ​പി​ക്കാൻ തുടങ്ങി.—പ്രവൃ​ത്തി​കൾ 3:25, 26; 10:1-48; ഗലാത്യർ 3:8, 9, 14.

27. അഭി​ഷേകം ചെയ്യപ്പെട്ട “വിശു​ദ്ധ​ങ്ങ​ളിൽ വിശുദ്ധം” ഏത്‌, അത്‌ എങ്ങനെ​യാണ്‌ അഭി​ഷേകം ചെയ്യ​പ്പെ​ട്ടത്‌?

27 “വിശു​ദ്ധ​ങ്ങ​ളിൽ വിശു​ദ്ധത്തെ” അഭി​ഷേകം ചെയ്യു​ന്ന​തി​നെ കുറി​ച്ചും പ്രവചനം മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. യെരൂ​ശ​ലേ​മി​ലെ ആലയത്തി​ന്റെ അതിവി​ശു​ദ്ധത്തെ അഥവാ ഏറ്റവും ഉള്ളിലെ അറയെ അഭി​ഷേകം ചെയ്യു​ന്ന​തി​നെ അല്ല ഇതു പരാമർശി​ക്കു​ന്നത്‌. “വിശു​ദ്ധ​ങ്ങ​ളിൽ വിശു​ദ്ധത്തെ” എന്ന പ്രയോ​ഗം ഇവിടെ ദൈവ​ത്തി​ന്റെ സ്വർഗീയ വിശുദ്ധ മന്ദിരത്തെ പരാമർശി​ക്കു​ന്നു. അവിടെ, യേശു തന്റെ മാനുഷ ബലിയു​ടെ മൂല്യം തന്റെ പിതാ​വിന്‌ അർപ്പിച്ചു. ഭൗമിക തിരു​നി​വാ​സ​ത്തി​ലും പിന്നീട്‌ ആലയത്തി​ലും ഉണ്ടായി​രുന്ന അതിവി​ശു​ദ്ധ​ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ആ സ്വർഗീയ, ആത്മീയ യാഥാർഥ്യ​ത്തെ ആ ബലി അഭി​ഷേകം ചെയ്‌തു അഥവാ വേർതി​രി​ച്ചു നിർത്തി.—എബ്രായർ 9:11, 12.

ദൈവ​ത്താൽ ഉറപ്പാ​ക്ക​പ്പെട്ട പ്രവചനം

28. “ദർശന​ത്തി​ന്റെ​യും പ്രവാ​ച​ക​ന്റെ​യും മേൽ മുദ്രയി”ട്ടതിനാൽ അർഥമാ​ക്ക​പ്പെ​ട്ടത്‌ എന്ത്‌?

28 ഗബ്രീ​യേൽ ഉച്ചരിച്ച മിശി​ഹൈക പ്രവചനം “ദർശന​ത്തി​ന്റെ​യും പ്രവാ​ച​ക​ന്റെ​യും മേൽ മുദ്ര​യി​ടു”ന്നതിനെ കുറി​ച്ചും പറഞ്ഞു. മിശി​ഹാ​യെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞ​തെ​ല്ലാം—അവൻ തന്റെ ബലിയാ​ലും പുനരു​ത്ഥാ​ന​ത്താ​ലും സ്വർഗ​ത്തി​ലെ പ്രത്യ​ക്ഷ​പ്പെ​ട​ലി​നാ​ലും സാധിച്ച സകല കാര്യ​ങ്ങ​ളും അതു​പോ​ലെ​തന്നെ 70-ാമത്തെ ആഴ്‌ച​യിൽ സംഭവി​ക്കു​മാ​യി​രുന്ന മറ്റു സംഗതി​ക​ളും—ദിവ്യ അംഗീ​കാ​ര​ത്തി​ന്റെ മുദ്ര​യാൽ മുദ്ര​കു​ത്ത​പ്പെ​ടു​മെ​ന്നും സത്യമാ​ണെന്നു തെളി​യു​മെ​ന്നും വിശ്വാ​സ്യ​മാ​ണെ​ന്നും അത്‌ അർഥമാ​ക്കി. ദർശന​ത്തിന്‌ മുദ്ര​യി​ടു​മാ​യി​രു​ന്നു, മിശി​ഹാ​യ്‌ക്കാ​യി പരിമി​ത​പ്പെ​ടു​ത്ത​പ്പെ​ടു​മാ​യി​രു​ന്നു. അതിന്റെ നിവൃത്തി അവനി​ലും അവനി​ലൂ​ടെ​യുള്ള ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​യി​ലും ആയിരി​ക്കു​മാ​യി​രു​ന്നു. മുൻകൂ​ട്ടി പറയപ്പെട്ട മിശി​ഹാ​യോ​ടുള്ള ബന്ധത്തിൽ മാത്രമേ നമുക്കു പ്രസ്‌തുത ദർശന​ത്തി​ന്റെ ശരിയായ വ്യാഖ്യാ​നം കണ്ടെത്താൻ കഴിയൂ. മറ്റു യാതൊ​ന്നും അതിന്റെ അർഥം അനാവ​രണം ചെയ്യു​മാ​യി​രു​ന്നില്ല.

29. പുനർനിർമി​ക്ക​പ്പെട്ട യെരൂ​ശ​ലേ​മിന്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു, എന്തു കാരണ​ത്താൽ?

29 യെരൂ​ശ​ലേം പുനർനിർമി​ക്ക​പ്പെ​ടു​മെന്നു മുമ്പു ഗബ്രീ​യേൽ പ്രവചി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ അവൻ ആ പുനർനിർമിത നഗരത്തി​ന്റെ നാശം പിൻവ​രുന്ന പ്രകാരം മുൻകൂ​ട്ടി പറയുന്നു: “വരുവാ​നി​രി​ക്കുന്ന പ്രഭു​വി​ന്റെ പടജ്ജനം നഗര​ത്തെ​യും വിശു​ദ്ധ​മ​ന്ദി​ര​ത്തെ​യും നശിപ്പി​ക്കും; അവന്റെ [“അതിന്റെ,” NW] അവസാനം ഒരു പ്രളയ​ത്തോ​ടെ ആയിരി​ക്കും; അവസാ​ന​ത്തോ​ളം യുദ്ധമു​ണ്ടാ​കും; ശൂന്യ​ങ്ങ​ളും നിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. . . . മ്ലേച്ഛത​ക​ളു​ടെ ചിറകി​ന്മേൽ ശൂന്യ​മാ​ക്കു​ന്നവൻ വരും; നിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സമാപ്‌തി​യോ​ളം ശൂന്യ​മാ​ക്കു​ന്ന​വന്റെ മേൽ [“ശൂന്യ​മാ​യി കിടക്കുന്ന ഒന്നി​ന്റെ​മേൽ,” NW] കോപം ചൊരി​യും.” (ദാനീ​യേൽ 9:26ബി, 27ബി) ഈ നാശം സംഭവി​ക്കു​ന്നത്‌ “എഴുപത്‌ ആഴ്‌ചകൾ”ക്കു ശേഷം ആണെങ്കി​ലും, യഹൂദ​ന്മാർ ക്രിസ്‌തു​വി​നെ തള്ളിക്ക​ള​യു​ക​യും കൊല്ലി​ക്കു​ക​യും ചെയ്‌ത അവസാ​നത്തെ “ആഴ്‌ച”യിലെ സംഭവ​ങ്ങ​ളു​ടെ നേരി​ട്ടുള്ള ഒരു ഭവിഷ്യത്ത്‌ ആയിരി​ക്കു​മാ​യി​രു​ന്നു അത്‌.—മത്തായി 23:37, 38.

30. ചരിത്ര രേഖകൾ പ്രകട​മാ​ക്കു​ന്നത്‌ അനുസ​രിച്ച്‌, വലിയ സമയ പാലകന്റെ കൽപ്പന നിവൃ​ത്തി​യാ​യത്‌ എങ്ങനെ?

30 പൊ.യു. 66-ൽ റോമൻ സൈന്യം സിറിയൻ ഗവർണർ ആയിരുന്ന സെസ്റ്റ്യസ്‌ ഗാലസി​ന്റെ നേതൃ​ത്വ​ത്തിൽ യെരൂ​ശ​ലേ​മി​നെ വളഞ്ഞെന്നു ചരിത്ര രേഖകൾ പ്രകട​മാ​ക്കു​ന്നു. തങ്ങളുടെ വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ കൊടി​കൾ അഥവാ പതാകകൾ വഹിച്ചി​രുന്ന റോമൻ സൈന്യം യഹൂദ​ന്മാ​രു​ടെ ചെറു​ത്തു​നിൽപ്പു ഗണ്യമാ​ക്കാ​തെ നഗരത്തിൽ തള്ളിക്ക​യറി വടക്കു​ഭാ​ഗത്തെ ആലയ മതിൽ തുരക്കാൻ തുടങ്ങി. അവിടെ നിലയു​റ​പ്പി​ക്കു​ക​വഴി അവർ പൂർണ​മായ നാശം കൈവ​രു​ത്തുന്ന “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത” ആയിത്തീർന്നു. (മത്തായി 24:15, 16) പൊ.യു. 70-ൽ, ജനറൽ ടൈറ്റ​സി​ന്റെ നേതൃ​ത്വ​ത്തിൽ റോമാ​ക്കാർ ഒരു “പ്രളയം” പോലെ വന്ന്‌ ആ നഗര​ത്തെ​യും അതിലെ ആലയ​ത്തെ​യും ശൂന്യ​മാ​ക്കി. യാതൊ​ന്നും അവരെ തടഞ്ഞു​നിർത്തി​യില്ല. കാരണം അതു ദൈവ​ത്താൽ കൽപ്പി​ക്ക​പ്പെ​ട്ടത്‌, “നിർണ്ണ​യി​ക്ക​പ്പെട്ട”ത്‌ ആയിരു​ന്നു. വലിയ സമയപാ​ല​ക​നായ യഹോവ വീണ്ടും തന്റെ വചനം നിവർത്തി​ച്ചു!

നിങ്ങൾ എന്തു ഗ്രഹിച്ചു?

• യെരൂ​ശ​ലേ​മി​ന്റെ 70 വർഷത്തെ ശൂന്യാ​വസ്ഥ അവസാ​നി​ക്കാ​റാ​യ​പ്പോൾ ദാനീ​യേൽ യഹോ​വ​യോട്‌ ഏത്‌ അഭ്യർഥ​നകൾ നടത്തി?

• “എഴുപത്‌ ആഴ്‌ചക”ളുടെ ദൈർഘ്യം എത്രയാ​യി​രു​ന്നു, അവ ആരംഭി​ക്കു​ക​യും അവസാ​നി​ക്കു​ക​യും ചെയ്‌തത്‌ എന്ന്‌?

• “നായക​നായ മിശിഹാ” പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ എന്ന്‌, ഏതു നിർണാ​യക സമയത്താ​യി​രു​ന്നു അവൻ “ഛേദി​ക്ക​പ്പെട്ട”ത്‌?

• “അനേകർക്കാ​യി ഒരു ആഴ്‌ച​ത്തേക്കു നിലനിർത്ത”പ്പെട്ട ഉടമ്പടി ഏത്‌?

• “എഴുപത്‌ ആഴ്‌ചക”ളെ തുടർന്ന്‌ എന്തു സംഭവി​ച്ചു?

[അധ്യയന ചോദ്യ​ങ്ങൾ]

[197-ാം പേജിലെ ചതുരം/ചിത്രം]

അർത്ഥഹ്‌ശഷ്ടാവ്‌ വാഴ്‌ച തുടങ്ങി​യത്‌ എന്ന്‌?

പേർഷ്യൻ രാജാ​വായ അർത്ഥഹ്‌ശ​ഷ്ടാവ്‌ വാഴ്‌ച തുടങ്ങിയ വർഷം സംബന്ധിച്ച്‌ ചരി​ത്ര​കാ​ര​ന്മാർക്ക്‌ ഇടയിൽ വിയോ​ജി​പ്പുണ്ട്‌. അദ്ദേഹ​ത്തി​ന്റെ പിതാ​വായ സെർക്‌സിസ്‌ പൊ.യു.മു. 486-ൽ വാഴ്‌ച തുടങ്ങു​ക​യും വാഴ്‌ച​യു​ടെ 21-ാം വർഷം മരിക്കു​ക​യും ചെയ്‌ത​തി​നാൽ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ സിംഹാ​സ​നാ​രോ​ഹണം പൊ.യു.മു. 465-ൽ ആയിരു​ന്നെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, അർത്ഥഹ്‌ശ​ഷ്ടാവ്‌ പൊ.യു.മു. 475-ൽ സിംഹാ​സ​നാ​രോ​ഹണം ചെയ്‌തു എന്നതി​നും അദ്ദേഹ​ത്തി​ന്റെ ആദ്യത്തെ ഭരണ വർഷം പൊ.യു.മു. 474-ൽ തുടങ്ങി എന്നതി​നും തെളിവ്‌ ഉണ്ട്‌.

പുരാതന പേർഷ്യൻ തലസ്ഥാ​ന​മായ പെർസെ​പൊ​ലി​സിൽനി​ന്നു കുഴി​ച്ചെ​ടുത്ത ആലേഖ​ന​ങ്ങ​ളും ശിൽപ്പ​ങ്ങ​ളും, സെർക്‌സി​സി​ന്റെ​യും അദ്ദേഹ​ത്തി​ന്റെ പിതാ​വായ ദാര്യാ​വേശ്‌ ഒന്നാമ​ന്റെ​യും സഹഭര​ണാ​ധി​പ​ത്യ​ത്തെ കുറിച്ചു സൂചി​പ്പി​ക്കു​ന്നു. അത്‌ 10 വർഷം ദീർഘി​ക്കു​ക​യും പൊ.യു.മു. 486-ൽ ദാര്യാ​വേശ്‌ മരിച്ച ശേഷം സെർക്‌സിസ്‌ തനിച്ച്‌ 11 വർഷം ഭരിക്കു​ക​യും ചെയ്‌തെ​ങ്കിൽ, അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം വർഷം പൊ.യു.മു. 474 ആയിരി​ക്കു​മാ​യി​രു​ന്നു.

പൊ.യു.മു. 480-ൽ സെർക്‌സി​സി​ന്റെ സൈന്യ​ത്തെ പരാജ​യ​പ്പെ​ടു​ത്തിയ അഥീനി​യൻ ജനറലായ തെമി​സ്റ്റോ​ക്ലിസ്‌ ഉൾപ്പെ​ടു​ന്ന​താ​ണു രണ്ടാമത്തെ തെളിവ്‌. പിൽക്കാ​ലത്ത്‌ അദ്ദേഹം ഗ്രീക്കു ജനതയു​ടെ അപ്രീ​തി​ക്കു പാത്ര​മാ​കു​ക​യും അദ്ദേഹ​ത്തി​ന്റെ​മേൽ രാജ്യ​ദ്രോ​ഹം ആരോ​പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഒളി​ച്ചോ​ടിയ തെമി​സ്റ്റോ​ക്ലിസ്‌ പേർഷ്യൻ രാജധാ​നി​യിൽ അഭയം തേടി. അവിടെ അദ്ദേഹ​ത്തി​നു നല്ല സ്വീക​ര​ണ​മാ​ണു ലഭിച്ചത്‌. ഗ്രീക്കു ചരി​ത്ര​കാ​ര​നായ തുസി​ഡി​ഡെസ്‌ പറയു​ന്നത്‌ അനുസ​രിച്ച്‌, ഇതു സംഭവി​ച്ചത്‌ അർത്ഥഹ്‌ശ​ഷ്ടാവ്‌ “സിംഹാ​സ​നാ​രോ​ഹണം ചെയ്‌ത്‌ അധികം താമസി​യാ​തെ” ആയിരു​ന്നു. തെമി​സ്റ്റോ​ക്ലിസ്‌ മരിച്ചതു പൊ.യു.മു. 471-ൽ ആണെന്നു ഗ്രീക്കു ചരി​ത്ര​കാ​ര​നായ ഡൈ​ഡോ​റസ്‌ സികലസ്‌ പറയുന്നു. അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാ​വി​നെ മുഖം​കാ​ണി​ക്കു​ന്ന​തി​നു മുമ്പ്‌, പേർഷ്യൻ ഭാഷ പഠിക്കാ​നാ​യി ഒരു വർഷം അനുവ​ദി​ക്ക​ണ​മെന്നു തെമി​സ്റ്റോ​ക്ലിസ്‌ അഭ്യർഥിച്ച സ്ഥിതിക്ക്‌, അദ്ദേഹം ഏഷ്യാ​മൈ​ന​റിൽ എത്തി​ച്ചേർന്നതു പൊ.യു.മു. 473-ന്‌ ശേഷം ആയിരി​ക്കില്ല. ജെറോ​മി​ന്റെ ക്രോ​ണി​ക്കിൾ ഓഫ്‌ യൂസേ​ബി​യസ്‌ ഈ തീയതി​യെ പിന്താ​ങ്ങു​ന്നു. പൊ.യു.മു. 473-ൽ തെമി​സ്റ്റോ​ക്ലിസ്‌ ഏഷ്യാ​മൈ​ന​റിൽ എത്തി​ച്ചേർന്ന​പ്പോൾ അർത്ഥഹ്‌ശ​ഷ്ടാവ്‌ ‘സിംഹാ​സ​നാ​രോ​ഹണം ചെയ്‌തിട്ട്‌ അധികം നാൾ ആയിരു​ന്നി​ല്ലാ’ഞ്ഞ സ്ഥിതിക്ക്‌ അർത്ഥഹ്‌ശ​ഷ്ടാവ്‌ ഭരണം ആരംഭി​ച്ചത്‌ പൊ.യു.മു. 474-ൽ ആണെന്നു ജർമൻ പണ്ഡിത​നായ ഏർനസ്റ്റ്‌ ഹെൻസ്റ്റൻബെർച്‌ പഴയനി​യമ ക്രിസ്‌തു​ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന തന്റെ കൃതി​യിൽ പ്രസ്‌താ​വി​ച്ചു. മറ്റു ഗ്രന്ഥകർത്താ​ക്ക​ളും ഇതേ അഭി​പ്രാ​യ​പ്ര​ക​ടനം നടത്തുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ ഇരുപ​താം വർഷം ക്രിസ്‌തു​വി​നു മുമ്പ്‌ 455 എന്ന വർഷമാണ്‌.”

[ചിത്രം]

തെമിസ്റ്റോക്ലിസിന്റെ അർധകായ പ്രതിമ

[188, 189 പേജു​ക​ളി​ലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

“എഴുപത്‌ ആഴ്‌ചകൾ”

455 പൊ.യു.മു. 406 പൊ.യു.മു. 29 പൊ.യു. 33 പൊ.യു. 36 പൊ.യു.

‘യെരൂ​ശ​ലേ​മി​നെ യെരൂ​ശ​ലേം മിശിഹാ മിശിഹാ “എഴുപത്‌ പുനഃ​സ്ഥാ​പി​ക്കാ​നുള്ള പുനർനിർമി​ക്ക​പ്പെ​ടു​ന്നു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു ഛേദി​ക്ക​പ്പെ​ടു​ന്നു ആഴ്‌ചക”ളുടെ കൽപ്പന’ അവസാനം

7 ആഴ്‌ച 62 ആഴ്‌ചകൾ 1 ആഴ്‌ച

49 വർഷം 434 വർഷങ്ങൾ 7 വർഷം

[180-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[193-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]