വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

“യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”

“യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”

1, 2. യെശയ്യാ പ്രവാ​ച​കന്‌ ഏതു ദർശനം ലഭിച്ചു, അത്‌ യഹോ​വ​യെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

 ആ രംഗം യെശയ്യാ​വിൽ ആശ്ചര്യ​വും ഭയാദ​ര​വും ഉണർത്തി—ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ദർശനം ആയിരു​ന്നു അത്‌. വളരെ യഥാർഥ​മാ​യ ഒന്നായി അതു കാണ​പ്പെ​ട്ടു! യഹോവ തന്റെ ഉന്നതമായ സിംഹാ​സ​ന​ത്തിൽ “ഇരിക്കു​ന്ന​തു ഞാൻ കണ്ടു” എന്ന്‌ അവൻ പിന്നീട്‌ എഴുതു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ വസ്‌ത്ര​ത്തി​ന്റെ വിളു​മ്പു​കൾ യെരൂ​ശ​ലേ​മി​ലെ വലിയ ആലയത്തെ നിറച്ചു.—യെശയ്യാ​വു 6:1, 2.

2 യെശയ്യാവ്‌ കേട്ട കാര്യ​വും അവനിൽ ഭയാദ​ര​വു ജനിപ്പി​ച്ചു—ആലയത്തി​ന്റെ അടിസ്ഥാ​ന​ങ്ങൾവ​രെ കുലു​ക്കാൻതക്ക ശക്തിയുള്ള ഗീതാ​ലാ​പ​ന​മാണ്‌ അവൻ കേട്ടത്‌. ഉന്നത സ്ഥാനം വഹിക്കുന്ന ആത്മജീ​വി​ക​ളാ​യ സാറാ​ഫു​ക​ളിൽനി​ന്നാണ്‌ ഗാനം ഉയർന്നത്‌. ഗംഭീ​ര​മാ​യ സ്വ​രൈ​ക്യ​ത്തോ​ടെ ലളിത​മ​നോ​ഹ​ര​മാ​യ വാക്കു​ക​ളാൽ അവർ പാടി: “സൈന്യ​ങ്ങ​ളു​ടെ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ. സർവ്വഭൂ​മി​യും അവന്റെ മഹത്വം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു.” (യെശയ്യാ​വു 6:3, 4) “പരിശു​ദ്ധൻ” എന്ന പദം മൂന്നു പ്രാവ​ശ്യം ഉപയോ​ഗി​ച്ചത്‌ അതിനു പ്രത്യേക ദൃഢത കൊടു​ത്തു. അത്‌ ഉചിത​മാ​യി​രു​ന്നു, കാരണം യഹോവ പൂർണ​മാ​യ അർഥത്തിൽ പരിശു​ദ്ധ​നാണ്‌. (വെളി​പ്പാ​ടു 4:8) യഹോ​വ​യു​ടെ പരിശു​ദ്ധി​യെ ബൈബി​ളിൽ ഉടനീളം ഊന്നി​പ്പ​റ​യു​ന്നുണ്ട്‌. നൂറു​ക​ണ​ക്കി​നു വാക്യങ്ങൾ അവന്റെ നാമത്തെ “പരിശു​ദ്ധൻ,” “പരിശു​ദ്ധി” എന്നീ വാക്കു​ക​ളോ​ടു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

3. യഹോ​വ​യു​ടെ പരിശു​ദ്ധി​യെ കുറി​ച്ചു​ള്ള തെറ്റായ വീക്ഷണങ്ങൾ, അവനോട്‌ അടുത്തു ചെല്ലു​ന്ന​തി​നു പകരം അകന്നു​പോ​കാൻ അനേകരെ പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

3 അപ്പോൾ യഹോ​വ​യെ കുറിച്ചു നാം അറിയ​ണ​മെന്ന്‌ അവൻ ആഗ്രഹി​ക്കു​ന്ന മുഖ്യ സംഗതി​ക​ളി​ലൊന്ന്‌ അവൻ പരിശു​ദ്ധ​നാണ്‌ എന്നതാണ്‌. എന്നാൽ, ഇന്ന്‌ അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവ​ത്തോട്‌ അകൽച്ച തോന്നാൻ ആ ആശയം ഇടയാ​ക്കി​യി​രി​ക്കു​ന്നു. ചിലർ പരിശു​ദ്ധി​യെ സ്വയനീ​തി​യു​മാ​യി അല്ലെങ്കിൽ വ്യാജ​ഭ​ക്തി​യു​മാ​യി ബന്ധിപ്പി​ക്കു​ന്നു. തങ്ങളെ​ത്ത​ന്നെ വിലകു​റ​ഞ്ഞ​വ​രാ​യി വീക്ഷി​ക്കു​ന്ന​വ​രെ സംബന്ധി​ച്ചാ​ക​ട്ടെ ദൈവ​ത്തി​ന്റെ പരിശു​ദ്ധി ആകർഷ​ക​മല്ല, ഭയജന​ക​മാണ്‌. ഈ പരിശുദ്ധ ദൈവ​ത്തോട്‌ അടുത്തു ചെല്ലാൻ തങ്ങൾ ഒരിക്ക​ലും യോഗ്യ​രാ​യേ​ക്കു​ക​യി​ല്ലെന്ന്‌ അവർ ഭയപ്പെ​ടു​ന്നു. അതു​കൊണ്ട്‌ അനേകർ അവന്റെ പരിശു​ദ്ധി നിമിത്തം അവനിൽനിന്ന്‌ അകന്നു​മാ​റു​ന്നു. അതു സങ്കടക​ര​മാണ്‌, കാരണം ദൈവ​ത്തി​ന്റെ പരിശു​ദ്ധി യഥാർഥ​ത്തിൽ അവനോട്‌ അടുത്തു ചെല്ലു​ന്ന​തി​നു​ള്ള ശക്തമായ ഒരു കാരണ​മാണ്‌. എന്തു​കൊണ്ട്‌? ആ ചോദ്യ​ത്തിന്‌ ഉത്തരം പറയു​ന്ന​തി​നു​മുമ്പ്‌, യഥാർഥ പരിശു​ദ്ധി എന്താ​ണെ​ന്നു നമുക്കു ചർച്ച​ചെ​യ്യാം.

എന്താണ്‌ പരിശു​ദ്ധി?

4, 5. (എ) പരിശു​ദ്ധി​യു​ടെ അർഥ​മെന്ത്‌, അതിന്‌ എന്തർഥ​മി​ല്ല? (ബി) പ്രധാ​ന​മാ​യും ഏതു വിധങ്ങ​ളി​ലാണ്‌ യഹോവ “വേർപെ​ട്ട​വൻ” ആയിരി​ക്കു​ന്നത്‌?

4 ദൈവം പരിശു​ദ്ധ​നാണ്‌ എന്നതിന്‌ അവൻ അഹങ്കാ​രി​യോ മറ്റുള്ള​വ​രെ നിന്ദ​യോ​ടെ വീക്ഷി​ക്കു​ന്ന​വ​നോ സ്വയം-കൃതാർഥ​നോ ആണെന്ന്‌ അർഥമില്ല. മറിച്ച്‌, അവൻ അത്തരം സ്വഭാ​വ​വി​ശേ​ഷ​ത​ക​ളെ വെറു​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 16:5; യാക്കോബ്‌ 4:6) ആ സ്ഥിതിക്ക്‌, “പരിശു​ദ്ധൻ” എന്ന പദത്തിന്റെ യഥാർഥ അർഥം എന്താണ്‌? ബൈബിൾ എഴുത​പ്പെട്ട എബ്രാ​യ​ഭാ​ഷ​യിൽ ഈ പദം “വേർപെട്ട” എന്നർഥ​മു​ള്ള ഒരു വാക്കിൽനിന്ന്‌ ഉത്ഭവി​ച്ചി​ട്ടു​ള്ള​താണ്‌. ആരാധ​ന​യിൽ, “പരിശു​ദ്ധം” എന്നത്‌ പൊതു ഉപയോ​ഗ​ത്തിൽനി​ന്നു വേർപെ​ടു​ത്തി​യ​തി​നെ അല്ലെങ്കിൽ പരിപാ​വ​ന​മാ​യി കരുതു​ന്ന​തി​നെ കുറി​ക്കു​ന്നു. പരിശു​ദ്ധി പ്രമു​ഖ​മാ​യും ശുദ്ധി​യു​ടെ​യും നിർമ​ല​ത​യു​ടെ​യും ആശയമാ​ണു നൽകു​ന്നത്‌. ഈ പദം യഹോ​വ​യ്‌ക്ക്‌ എങ്ങനെ യോജി​ക്കു​ന്നു? അവൻ അപൂർണ മനുഷ്യ​രിൽനിന്ന്‌ “വേർപെ​ട്ട​വൻ,” നമ്മിൽനിന്ന്‌ വളരെ അകന്നു നിൽക്കു​ന്ന​വൻ ആണെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു​ണ്ടോ?

5 അശേഷ​മി​ല്ല. തന്റെ ജനം പാപികൾ ആയിരു​ന്നെ​ങ്കി​ലും, “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ” എന്ന നിലയിൽ അവരുടെ “മദ്ധ്യേ” വസിക്കു​ന്ന​വ​നാ​യി യഹോവ തന്നെത്തന്നെ വർണിച്ചു. (യെശയ്യാ​വു 12:6; ഹോശേയ 11:9) അതു​കൊണ്ട്‌, അവന്റെ പരിശു​ദ്ധി അവനെ നമ്മിൽനിന്ന്‌ അകറ്റു​ന്നി​ല്ല. ആ സ്ഥിതിക്ക്‌, അവൻ എങ്ങനെ​യാണ്‌ “വേർപെ​ട്ട​വൻ” ആയിരി​ക്കു​ന്നത്‌? രണ്ടു പ്രധാ​ന​പ്പെട്ട വിധങ്ങ​ളിൽ. ഒന്ന്‌, അവൻ അത്യു​ന്ന​തൻ ആയിരി​ക്കു​ന്ന​തി​നാൽ എല്ലാ സൃഷ്ടി​ക​ളിൽനി​ന്നും വേർപെ​ട്ട​വ​നാണ്‌. അവന്റെ നിർമ​ല​ത​യും ശുദ്ധി​യും സമ്പൂർണ​വും അതിര​റ്റ​തു​മാണ്‌. (സങ്കീർത്ത​നം 40:5; 83:18) രണ്ട്‌, യഹോവ സകല പാപത്തിൽനി​ന്നും തികച്ചും വേർപെ​ട്ട​വ​നാണ്‌, അത്‌ ആശ്വാ​സ​പ്ര​ദ​മാ​യ ഒരു ആശയമാണ്‌. എന്തു​കൊണ്ട്‌?

6. യഹോവ പാപത്തിൽനിന്ന്‌ പൂർണ​മാ​യും വേറി​ട്ട​വ​നാണ്‌ എന്ന വസ്‌തു​ത​യിൽനിന്ന്‌ നമുക്ക്‌ ആശ്വാസം കണ്ടെത്താ​വു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഥാർഥ പരിശു​ദ്ധി വിരള​മാ​യി​രി​ക്കു​ന്ന ഒരു ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യ​സ​മു​ദാ​യ​ത്തിൽ സകലതും പാപത്താ​ലും അപൂർണ​ത​യാ​ലും കളങ്ക​പ്പെ​ട്ട​താണ്‌, ഏതെങ്കി​ലും വിധത്തിൽ മലിന​പ്പെ​ട്ട​താണ്‌. നമു​ക്കെ​ല്ലാ​വർക്കും നമ്മിലെ പാപത്തി​നെ​തി​രെ പോരാ​ടേ​ണ്ട​താ​യി​ട്ടുണ്ട്‌. ജാഗ്രത പാലി​ക്കാ​ത്ത​പ​ക്ഷം നാമെ​ല്ലാം പാപത്തി​നു വശംവ​ദ​രാ​യേ​ക്കാം. (റോമർ 7:15-25; 1 കൊരി​ന്ത്യർ 10:12) എന്നാൽ യഹോവ അത്തര​മൊ​രു അവസ്ഥയി​ലല്ല. പാപത്തിൽനിന്ന്‌ പൂർണ​മാ​യും വേറി​ട്ട​വ​നാ​ക​യാൽ പാപത്തി​ന്റെ ഒരു കണിക​പോ​ലും അവനെ ഒരിക്ക​ലും കളങ്ക​പ്പെ​ടു​ത്തു​ക​യി​ല്ല. യഹോവ ഉത്തമപി​താ​വാണ്‌ എന്ന നമ്മുടെ ധാരണയെ അത്‌ ഒന്നുകൂ​ടെ ഉറപ്പി​ക്കു​ന്നു, കാരണം അതിന്റെ അർഥം അവൻ പൂർണ​മാ​യും വിശ്വാ​സ​യോ​ഗ്യ​നാണ്‌ എന്നാണ്‌. പാപി​ക​ളാ​യ മാനുഷ പിതാ​ക്ക​ന്മാ​രിൽ പലരെ​യും​പോ​ലെ യഹോവ ഒരിക്ക​ലും അധഃപ​തി​ച്ച​വ​നോ അധർമി​യോ ഉപദ്ര​വ​കാ​രി​യോ ആയിത്തീ​രു​ക​യി​ല്ല. പരിശു​ദ്ധ​നാ​യ ഒരു ദൈവ​ത്തിന്‌ ഒരിക്ക​ലും അത്തരത്തിൽ പ്രവർത്തി​ക്കാൻ കഴിയില്ല. യഹോവ പലപ്പോ​ഴും സ്വന്തം പരിശു​ദ്ധി​യെ​ക്കൊണ്ട്‌ ആണയി​ടു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌, കാരണം മറ്റൊ​ന്നി​നും അതിൽ കൂടുതൽ വിശ്വാ​സ​യോ​ഗ്യം ആയിരി​ക്കാ​വു​ന്ന​തല്ല. (ആമോസ്‌ 4:2) അത്‌ ആശ്വാ​സ​പ്ര​ദ​മ​ല്ലേ?

7. പരിശു​ദ്ധി യഹോ​വ​യു​ടെ പ്രകൃ​ത​ത്തിൽ അന്തർലീ​ന​മാ​ണെ​ന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

7 പരിശു​ദ്ധി യഹോ​വ​യു​ടെ പ്രകൃ​ത​ത്തിൽത്ത​ന്നെ അന്തർലീ​ന​മാണ്‌. അതിന്റെ അർഥ​മെ​ന്താണ്‌? ദൃഷ്ടാ​ന്ത​മാ​യി, “മനുഷ്യൻ,” “അപൂർണൻ” എന്നീ പദങ്ങളെ കുറിച്ചു ചിന്തി​ക്കു​ക. രണ്ടാമത്തെ പദത്തെ കുറിച്ചു ചിന്തി​ക്കാ​തെ ആദ്യപദം നിങ്ങൾക്കു വർണി​ക്കാ​നാ​വി​ല്ല. കാരണം അപൂർണത നമ്മിൽ വ്യാപ​രി​ക്കു​ക​യും നമ്മൾ ചെയ്യുന്ന സകല​ത്തെ​യും സ്വാധീ​നി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. ഇനി ഇതിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യ, “യഹോവ,” “പരിശു​ദ്ധൻ” എന്നീ പദങ്ങളെ കുറിച്ചു പരിചി​ന്തി​ക്കു​ക. പരിശു​ദ്ധി യഹോ​വ​യെ വലയം​ചെ​യ്യു​ന്നു. അവനെ സംബന്ധിച്ച സകലവും നിർമ​ല​വും ശുദ്ധവും നേരു​ള്ള​തു​മാണ്‌. “പരിശു​ദ്ധൻ” എന്ന അർഥഗം​ഭീ​ര​മാ​യ ഈ പദത്തെ കുറിച്ചു പരിചി​ന്തി​ക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്യാതെ നമുക്ക്‌ യഹോ​വ​യെ അവൻ ആയിരി​ക്കു​ന്ന വിധത്തിൽ അറിയാൻ കഴിയില്ല.

“പരിശു​ദ്ധി യഹോ​വ​യ്‌ക്കു​ള്ളത്‌”

8, 9. ഒരു ആപേക്ഷിക അർഥത്തിൽ വിശു​ദ്ധ​രാ​യി​ത്തീ​രാൻ യഹോവ അപൂർണ മനുഷ്യ​രെ സഹായി​ക്കു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

8 യഹോവ പരിശു​ദ്ധി എന്ന ഗുണത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വ​മാ​ക​യാൽ സകല പരിശു​ദ്ധി​യു​ടെ​യും ഉറവ്‌ അവനാ​ണെന്ന്‌ ഉചിത​മാ​യി പറയാ​വു​ന്ന​താണ്‌. അവൻ ഈ വില​യേ​റി​യ ഗുണം തന്നിൽ മാത്ര​മാ​യി ഒതുക്കി നിറു​ത്തു​ന്നി​ല്ല. അവൻ അതു മറ്റുള്ള​വർക്കു പങ്കു​വെ​ക്കു​ന്നു, അതും ഉദാര​മാ​യി. എന്തിന്‌, കത്തുന്ന മുൾപ്പ​ടർപ്പി​ങ്കൽ ദൈവം ഒരു ദൂതൻ മുഖാ​ന്ത​രം മോ​ശെ​യോ​ടു സംസാ​രി​ച്ച​പ്പോൾ ആ പരിസരം പോലും യഹോ​വ​യോ​ടു​ള്ള അതിന്റെ ബന്ധം നിമിത്തം വിശു​ദ്ധ​മാ​യി​ത്തീർന്നു.—പുറപ്പാ​ടു 3:5.

9 യഹോ​വ​യു​ടെ സഹായ​ത്തോ​ടെ അപൂർണ മനുഷ്യർക്ക്‌ വിശു​ദ്ധ​രാ​കാൻ കഴിയു​മോ? ഉവ്വ്‌, ഒരു ആപേക്ഷിക അർഥത്തിൽ. ദൈവം തന്റെ ജനമായ ഇസ്രാ​യേ​ലിന്‌ “ഒരു വിശുദ്ധ ജനത” ആയിത്തീ​രാ​നു​ള്ള പ്രതീക്ഷ കൊടു​ത്തു. (പുറപ്പാ​ടു 19:6, NW) വിശു​ദ്ധ​വും നിർമ​ല​വു​മാ​യ ഒരു ആരാധനാ സമ്പ്രദാ​യം നൽകി അവൻ അവരെ അനു​ഗ്ര​ഹി​ച്ചു. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ വിശു​ദ്ധി​യെ കുറിച്ച്‌ കൂടെ​ക്കൂ​ടെ പരാമർശി​ച്ചി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. മഹാപു​രോ​ഹി​തൻ അദ്ദേഹ​ത്തി​ന്റെ തലപ്പാ​വി​ന്റെ മുൻവ​ശത്ത്‌ തങ്കം​കൊ​ണ്ടു​ള്ള ഒരു പട്ടം ധരിച്ചി​രു​ന്നു, അതു പ്രകാ​ശ​ത്തിൽ തിളങ്ങു​ന്നത്‌ എല്ലാവർക്കും കാണാൻ കഴിയു​മാ​യി​രു​ന്നു. “പരിശു​ദ്ധി യഹോ​വ​യ്‌ക്കു​ള്ളത്‌” എന്ന വാക്കുകൾ അതിന്മേൽ ആലേഖനം ചെയ്‌തി​രു​ന്നു. (പുറപ്പാ​ടു 28:36, NW) അങ്ങനെ ശുദ്ധി​യു​ടെ​യും നിർമ​ല​ത​യു​ടെ​യും ഉയർന്ന നിലവാ​രം അവരുടെ ആരാധ​ന​യി​ലും ജീവി​ത​രീ​തി​യി​ലും പ്രതി​ഫ​ലി​ക്ക​ണ​മാ​യി​രു​ന്നു. “നിങ്ങളു​ടെ ദൈവ​മാ​യ യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ” എന്ന്‌ യഹോവ അവരോ​ടു പറഞ്ഞു. (ലേവ്യ​പു​സ്‌ത​കം 19:2) അപൂർണ മനുഷ്യർക്കു സാധ്യ​മാ​കു​ന്ന അളവിൽ ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശം അനുസ​രി​ച്ചു ജീവി​ച്ചി​ട​ത്തോ​ളം കാലം അവർ ആപേക്ഷി​ക​മാ​യ അർഥത്തിൽ വിശു​ദ്ധ​രാ​യി​രു​ന്നു.

10. വിശു​ദ്ധി​യു​ടെ കാര്യ​ത്തിൽ, പുരാതന ഇസ്രാ​യേ​ലും ചുറ്റു​മു​ണ്ടാ​യി​രു​ന്ന ജനതക​ളും തമ്മിൽ എന്തു വൈരു​ദ്ധ്യം നിലനി​ന്നി​രു​ന്നു?

10 വിശു​ദ്ധി​ക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ഊന്നൽ ഇസ്രാ​യേ​ലി​നു ചുറ്റു​മു​ണ്ടാ​യി​രു​ന്ന ജനതക​ളു​ടെ ആരാധ​ന​യ്‌ക്കു കടകവി​രു​ദ്ധ​മാ​യി​രു​ന്നു. ആ വിജാ​തീ​യ ജനതകൾ അസ്‌തി​ത്വ​ത്തി​ലി​ല്ലാ​യി​രുന്ന വ്യാജ ദൈവ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. ആ ദൈവ​ങ്ങ​ളെ ഉഗ്രമൂർത്തി​ക​ളും അത്യാ​ഗ്ര​ഹി​ക​ളും അസന്മാർഗി​ക​ളു​മാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. സകല വിധത്തി​ലും അശുദ്ധ​രാ​യി​രു​ന്നു അവർ. അങ്ങനെ​യു​ള്ള ദൈവ​ങ്ങ​ളു​ടെ ആരാധന ജനങ്ങളെ അശുദ്ധ​രാ​ക്കി. അതു​കൊണ്ട്‌, വിജാ​തീ​യ ആരാധ​ക​രിൽനി​ന്നും അവരുടെ മലിന​മാ​യ മതാചാ​ര​ങ്ങ​ളിൽനി​ന്നും വേർപെ​ട്ടു നിൽക്കാൻ യഹോവ തന്റെ ദാസന്മാർക്കു മുന്നറി​യി​പ്പു നൽകി.—ലേവ്യ​പു​സ്‌ത​കം 18:24-28; 1 രാജാ​ക്ക​ന്മാർ 11:1, 2.

11. യഹോ​വ​യു​ടെ സ്വർഗീയ സംഘട​ന​യു​ടെ വിശുദ്ധി (എ) ദൂതന്മാ​രിൽ (ബി) സാറാ​ഫു​ക​ളിൽ (സി) യേശു​വിൽ ദൃശ്യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

11 യഹോ​വ​യു​ടെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനതയാ​യി​രു​ന്ന പുരാതന ഇസ്രാ​യേ​ലിന്‌, അത്യന്തം അനുകൂ​ല​മാ​യ സാഹച​ര്യ​ങ്ങ​ളിൽ പോലും ദൈവ​ത്തി​ന്റെ സ്വർഗീയ സംഘട​ന​യു​ടെ വിശു​ദ്ധി​യു​ടെ ഒരു മങ്ങിയ പ്രതി​ഫ​ല​നം മാത്രമേ പ്രദാ​നം​ചെ​യ്യാൻ കഴിഞ്ഞു​ള്ളൂ. ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആത്മജീ​വി​ക​ളെ അവന്റെ ‘ലക്ഷോ​പ​ല​ക്ഷം വിശു​ദ്ധ​ന്മാർ’ എന്നും ‘ആയിര​മാ​യി​രം വിശു​ദ്ധ​ന്മാർ’ എന്നും പരാമർശി​ച്ചി​രി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 33:2; യൂദാ 15) അവർ ദൈവ​ത്തി​ന്റെ പരിശു​ദ്ധി​യു​ടെ ശുഭ്ര​മാ​യ, നിർമ​ല​മാ​യ മനോ​ഹാ​രി​ത​യെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. യെശയ്യാവ്‌ ദർശന​ത്തിൽ കണ്ട സാറാ​ഫു​ക​ളെ ഓർക്കുക. ശക്തരായ ഈ ആത്മജീ​വി​കൾ യഹോ​വ​യു​ടെ പരിശു​ദ്ധി​യെ അഖിലാ​ണ്ഡ​ത്തി​ലെ​ങ്ങും പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ ഒരു പ്രധാന പങ്കുവ​ഹി​ക്കു​ന്നു​വെന്ന്‌ അവരുടെ ഗീതത്തി​ന്റെ ഉള്ളടക്കം സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഒരു ആത്മജീവി—ദൈവ​ത്തി​ന്റെ ഏകജാ​ത​നാ​യ പുത്രൻ—ഇവർക്കെ​ല്ലാം മീതെ​യാണ്‌. യേശു യഹോ​വ​യു​ടെ പരിശു​ദ്ധി​യെ ഏറ്റവും ശ്രേഷ്‌ഠ​മാ​യ വിധത്തിൽ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഉചിത​മാ​യി​ത്ത​ന്നെ അവൻ “ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ” എന്ന്‌ അറിയ​പ്പെ​ടു​ന്നു.—യോഹ​ന്നാൻ 6:68, 69.

പരിശുദ്ധ നാമം, പരിശു​ദ്ധാ​ത്മാവ്‌

12, 13. (എ) ദൈവ​ത്തി​ന്റെ നാമം പരിശു​ദ്ധ​മെ​ന്നു വർണി​ക്ക​പ്പെ​ടു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​നാ​മം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 ദൈവ​ത്തി​ന്റെ സ്വന്തം നാമം സംബന്ധി​ച്ചെന്ത്‌? നമ്മൾ 1-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ആ നാമം വെറും സ്ഥാന​പ്പേ​രോ തിരി​ച്ച​റി​യൽ അടയാ​ള​മോ അല്ല. അത്‌ യഹോ​വ​യാം ദൈവത്തെ അവന്റെ സകല ഗുണങ്ങ​ളും സഹിതം പ്രതി​നി​ധാ​നം ചെയ്യുന്നു. അതു​കൊണ്ട്‌, അവന്റെ ‘നാമം പരിശുദ്ധ’മാണെന്നു ബൈബിൾ നമ്മോടു പറയുന്നു. (യെശയ്യാ​വു 57:15) മോ​ശൈക ന്യായ​പ്ര​മാ​ണ പ്രകാരം ദൈവ​നാ​മ​ത്തെ അശുദ്ധ​മാ​ക്കു​ന്ന​തു വധശി​ക്ഷാർഹ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌ത​കം 24:16) യേശു പ്രാർഥ​ന​യിൽ ഏതു സംഗതി​ക്കാ​ണു മുൻഗണന കൊടു​ത്തത്‌ എന്നു ശ്രദ്ധി​ക്കു​ക: “സ്വർഗ്ഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ.” (മത്തായി 6:9) എന്തി​നെ​യെ​ങ്കി​ലും വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ അതിനെ പാവന​മാ​യി വേർതി​രി​ക്കു​ക​യും അതിനെ ആദരി​ക്കു​ക​യും പരിശു​ദ്ധ​മാ​യി ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. ദൈവ​ത്തി​ന്റെ സ്വന്തം നാമം പോലെ സ്വതവേ നിർമ​ല​മാ​യ ഒന്നിനെ വിശു​ദ്ധീ​ക​രി​ക്കേണ്ട ആവശ്യ​മെന്ത്‌?

13 അസത്യ​ങ്ങ​ളും ദൂഷണ​ങ്ങ​ളും ദൈവ​ത്തി​ന്റെ പരിശു​ദ്ധ​നാ​മ​ത്തി​ന്മേൽ നിന്ദ വരുത്തി​യി​രി​ക്കു​ന്നു, അതിനെ അപകീർത്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഏദെനിൽവെച്ച്‌, സാത്താൻ യഹോ​വ​യെ കുറിച്ചു ഭോഷ്‌കു പറയു​ക​യും അവൻ നീതി​കെട്ട പരമാ​ധി​കാ​രി​യാ​ണെന്നു സൂചി​പ്പി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 3:1-5) അന്നുമു​തൽ സാത്താൻ—ഈ അശുദ്ധ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ—ദൈവത്തെ കുറി​ച്ചു​ള്ള ഭോഷ്‌കു​കൾ പെരു​കാൻ ഇടവരു​ത്തി​യി​രി​ക്കു​ന്നു. (യോഹ​ന്നാൻ 8:44; 12:31; വെളി​പ്പാ​ടു 12:9) മതങ്ങൾ ദൈവത്തെ സ്വേച്ഛാ​ധി​പ​തി​യോ അടുക്കാൻ കഴിയാ​ത്ത​വ​നോ ക്രൂര​നോ ഒക്കെയാ​യി വരച്ചു​കാ​ട്ടി​യി​രി​ക്കു​ന്നു. രക്തപ്പു​ഴ​കൾ ഒഴുക്കി​ക്കൊണ്ട്‌ തങ്ങൾ നടത്തിയ യുദ്ധങ്ങൾക്ക്‌ അവന്റെ പിന്തുണ ഉണ്ടെന്ന്‌ അവർ അവകാ​ശ​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അത്ഭുത സൃഷ്ടി​ക്രി​യ​ക്കു​ള്ള ബഹുമതി മിക്ക​പ്പോ​ഴും യാദൃ​ച്ഛി​ക​ത​യ്‌ക്ക്‌ അല്ലെങ്കിൽ പരിണാ​മ​ത്തി​നു കൊടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതേ, ദൈവ​നാ​മം അങ്ങേയറ്റം നിന്ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതു വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടണം; ഉചിത​മാ​യ മഹത്ത്വ​ത്തി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട​ണം. അവന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും അവന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം സംസ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തി​നും വേണ്ടി നാം കാംക്ഷി​ക്കു​ന്നു. ആ മഹത്തായ ഉദ്ദേശ്യ​ത്തിൽ ഏതു പങ്കുവ​ഹി​ക്കു​ന്ന​തി​ലും നാം സന്തോ​ഷി​ക്കു​ന്നു.

14. ദൈവ​ത്തി​ന്റെ ആത്മാവ്‌ പരിശു​ദ്ധ​മെ​ന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌? പരിശു​ദ്ധാ​ത്മാ​വി​നെ ദുഷി​ക്കു​ന്നത്‌ വളരെ ഗുരു​ത​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 യഹോ​വ​യോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തും എല്ലായ്‌പോ​ഴും​ത​ന്നെ പരിശു​ദ്ധം എന്നു വിശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മായ ഒന്നുണ്ട്‌: അവന്റെ ആത്മാവ്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മാ​യ ശക്തി. (ഉല്‌പത്തി 1:2) യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റാൻ ഈ അപ്രതി​രോ​ധ്യ ശക്തി ഉപയോ​ഗി​ക്കു​ന്നു. വിശു​ദ്ധ​വും നിർമ​ല​വു​മാ​യ വിധത്തി​ലാണ്‌ ദൈവം സകല കാര്യ​ങ്ങ​ളും ചെയ്യു​ന്നത്‌. അതു​കൊ​ണ്ടു​ത​ന്നെ അവന്റെ പ്രവർത്ത​ന​നി​ര​ത​മാ​യ ശക്തി ഉചിത​മാ​യി പരിശു​ദ്ധാ​ത്മാവ്‌ അഥവാ വിശു​ദ്ധി​യു​ടെ ആത്മാവ്‌ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (ലൂക്കൊസ്‌ 11:13; റോമർ 1:5) പരിശു​ദ്ധാ​ത്മാ​വി​നെ ദുഷി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾക്കെ​തി​രെ മനഃപൂർവം പ്രവർത്തി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ അത്‌ അക്ഷന്തവ്യ​മാ​യ പാപമാണ്‌.—മർക്കൊസ്‌ 3:29.

യഹോ​വ​യു​ടെ പരിശു​ദ്ധി നമ്മെ അവനി​ലേക്ക്‌ അടുപ്പി​ക്കു​ന്ന​തി​ന്റെ കാരണം

15. ദൈവിക ഭയം പ്രകട​മാ​ക്കു​ന്നത്‌ യഹോ​വ​യു​ടെ പരിശു​ദ്ധി​യോ​ടു​ള്ള ഉചിത​മാ​യ ഒരു പ്രതി​ക​ര​ണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അത്തരം ഭയത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

15 ആ സ്ഥിതിക്ക്‌ ബൈബിൾ, ദൈവ​ത്തി​ന്റെ പരിശു​ദ്ധി​യെ​യും മനുഷ്യ​ന്റെ ഭാഗത്തെ ദൈവിക ഭയത്തെ​യും തമ്മിൽ ബന്ധിപ്പി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ പ്രയാ​സ​മി​ല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, സങ്കീർത്ത​നം 99:3 ഇങ്ങനെ വായി​ക്കു​ന്നു: “അവൻ പരിശു​ദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കര​വു​മാ​യ [“ഭയജന​ക​വു​മാ​യ,” NW] നാമത്തെ സ്‌തു​തി​ക്ക​ട്ടെ.” എന്നിരു​ന്നാ​ലും, ഇത്‌ അനാ​രോ​ഗ്യ​ക​ര​മാ​യ ഒരു ഭീതിയല്ല. പകരം ഭയഭക്തി​യു​ടേ​താ​യ ആഴമായ ഒരു വികാ​ര​മാണ്‌, ആദരവി​ന്റെ ഏറ്റവും ശ്രേഷ്‌ഠ​മാ​യ ഒരു രൂപമാണ്‌. ആ വികാരം ഉചിത​മാണ്‌, കാരണം ദൈവ​ത്തി​ന്റെ വിശുദ്ധി നമ്മു​ടേ​തി​നെ​ക്കാൾ വളരെ​യ​ധി​കം ഉന്നതമാണ്‌. അത്‌ പരിശു​ദ്ധ​മാണ്‌, മഹത്ത്വ​മാർന്ന​താണ്‌. എങ്കിലും, അത്‌ നമ്മെ അവനിൽനിന്ന്‌ അകറ്റു​ന്നി​ല്ല. മറിച്ച്‌, ദൈവ​ത്തി​ന്റെ പരിശു​ദ്ധി​യെ കുറി​ച്ചു​ള്ള ഉചിത​മാ​യ വീക്ഷണം നമ്മെ അവനോട്‌ ഏറെ അടുപ്പി​ക്കും. എന്തു​കൊണ്ട്‌?

മനോ​ഹാ​രി​ത നമ്മെ ആകർഷി​ക്കു​ന്ന​തു​പോ​ലെ, വിശു​ദ്ധി​യും നമ്മെ ആകർഷിക്കണം

16. (എ) പരിശു​ദ്ധി മനോ​ഹാ​രി​ത​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? ഒരു ഉദാഹ​ര​ണം നൽകുക. (ബി) ദർശന​ത്തിൽ യഹോ​വ​യെ കുറി​ച്ചു​ള്ള വർണനകൾ ശുദ്ധി​യെ​യും നിർമ​ല​ത​യെ​യും വെളി​ച്ച​ത്തെ​യും ദൃഢീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

16 ഒന്നാമ​താ​യി, ബൈബിൾ പരിശു​ദ്ധി​യെ മനോ​ഹാ​രി​ത​യു​മാ​യി ബന്ധിപ്പി​ക്കു​ന്നു. യെശയ്യാ​വു 63:15 [NW] സ്വർഗത്തെ ദൈവ​ത്തി​ന്റെ, “പരിശു​ദ്ധി​യും മനോ​ഹാ​രി​ത​യു​മു​ള്ള ഉന്നത നിവാസ”മെന്നു വർണി​ക്കു​ന്നു. മനോ​ഹാ​രി​ത നമ്മെ ആകർഷി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, 33-ാം പേജിലെ ചിത്രം കാണുക. ആ രംഗം നിങ്ങളെ ആകർഷി​ക്കു​ന്നി​ല്ലേ? അതിനെ ഇത്രയ​ധി​കം ആകർഷ​ക​മാ​ക്കു​ന്നത്‌ എന്താണ്‌? ജലം എത്ര സ്വച്ഛമാ​ണെ​ന്നു ശ്രദ്ധി​ക്കു​ക. വായു​പോ​ലും ശുദ്ധമാ​യി​രി​ക്ക​ണം, കാരണം ആകാശം നീലനി​റ​മാണ്‌, അന്തരീക്ഷം പ്രകാ​ശ​മാ​ന​മാണ്‌. ഇപ്പോൾ ഇതേ രംഗത്തി​നു മാറ്റം വന്നാലോ? അരുവി​യി​ലാ​കെ ചപ്പുച​വ​റു​കൾ കുമി​ഞ്ഞു​കി​ട​ക്കു​ന്നു, വൃക്ഷങ്ങ​ളും പാറക​ളും കുത്തി​വ​രച്ച്‌ വികൃ​ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, വായു പുകമ​ഞ്ഞി​നാൽ മലീമ​സ​മാ​യി​രി​ക്കു​ന്നു—അങ്ങനെ​യൊ​രു രംഗം ഒരിക്ക​ലും നമ്മെ ആകർഷി​ക്കു​ക​യി​ല്ല; എന്തിന്‌, അതു കാണാൻ പോലും നാം ഇഷ്ടപ്പെ​ടു​ക​യി​ല്ല. നാം സ്വാഭാ​വി​ക​മാ​യി മനോ​ഹാ​രി​ത​യെ ശുദ്ധി​യോ​ടും നിർമ​ല​ത​യോ​ടും വെളി​ച്ച​ത്തോ​ടും ബന്ധിപ്പി​ക്കു​ന്നു. ഇതേ വാക്കുകൾ യഹോ​വ​യു​ടെ പരിശു​ദ്ധി​യെ വർണി​ക്കാ​നും ഉപയോ​ഗി​ക്കാൻ കഴിയും. ദർശന​ത്തി​ലെ യഹോ​വ​യെ കുറി​ച്ചു​ള്ള വർണനകൾ നമ്മുടെ മനംക​വ​രു​ന്ന​തിൽ അതിശ​യ​മി​ല്ല! പ്രകാ​ശോ​ജ്ജ്വ​ലം, രത്‌ന​ക്ക​ല്ലു​കൾ പോലെ വെട്ടി​ത്തി​ള​ങ്ങു​ന്നത്‌, തീ പോലെ അല്ലെങ്കിൽ അതിശു​ദ്ധ​വും അതി​ശോ​ഭ​ന​വു​മാ​യ വില​യേ​റി​യ ലോഹങ്ങൾ പോലെ ജ്വലി​ക്കു​ന്നത്‌—നമ്മുടെ പരിശുദ്ധ ദൈവ​ത്തി​ന്റെ മനോ​ഹാ​രി​ത​യെ വർണി​ക്കു​ന്നത്‌ അങ്ങനെ​യെ​ല്ലാ​മാണ്‌.—യെഹെ​സ്‌കേൽ 1:25-28; വെളി​പ്പാ​ടു 4:2, 3.

17, 18. (എ) യെശയ്യാ​വി​നു ലഭിച്ച ദർശനം ആദ്യം അവനിൽ എന്തു ഫലം ഉളവാക്കി? (ബി) യെശയ്യാ​വി​നെ ആശ്വസി​പ്പി​ക്കാൻ യഹോവ ഒരു സാറാ​ഫി​നെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ, സാറാ​ഫി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ പ്രാധാ​ന്യം എന്തായി​രു​ന്നു?

17 അങ്ങനെ​യെ​ങ്കിൽ, ദൈവ​ത്തി​ന്റെ പരിശു​ദ്ധി​യോ​ടു​ള്ള താരത​മ്യ​ത്തിൽ നാം താഴ്‌ന്ന​വ​രാ​ണെ​ന്നു കരുത​ണ​മോ? തീർച്ച​യാ​യും വേണം. കാരണം നമ്മൾ യഹോ​വ​യെ​ക്കാൾ താഴ്‌ന്ന​വർത​ന്നെ​യാണ്‌—താഴ്‌ന്ന​വർ എന്നു​വെ​ച്ചാൽ അങ്ങേയറ്റം താഴ്‌ന്ന​വർ! എന്നാൽ ആ അറിവ്‌ നമ്മെ അവനിൽനിന്ന്‌ അകറ്റേ​ണ്ട​തു​ണ്ടോ? സാറാ​ഫു​കൾ യഹോ​വ​യു​ടെ പരിശു​ദ്ധി​യെ ഘോഷി​ക്കു​ന്ന​തു കേട്ട​പ്പോ​ഴ​ത്തെ യെശയ്യാ​വി​ന്റെ പ്രതി​ക​ര​ണം പരിചി​ന്തി​ക്കു​ക. “അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധി​യി​ല്ലാ​ത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധി​യി​ല്ലാ​ത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കു​ന്നു; എന്റെ കണ്ണു സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യാ​യ രാജാ​വി​നെ കണ്ടുവ​ല്ലോ എന്നു പറഞ്ഞു.” (യെശയ്യാ​വു 6:5) അതേ, യഹോ​വ​യു​ടെ അതിരറ്റ പരിശു​ദ്ധി, താൻ എത്ര പാപപൂർണ​നും അപൂർണ​നു​മാ​ണെന്ന്‌ യെശയ്യാ​വി​നെ അനുസ്‌മ​രി​പ്പി​ച്ചു. ആദ്യം ആ വിശ്വ​സ്‌ത മനുഷ്യൻ തളർന്നു​പോ​യി. എന്നാൽ യഹോവ അവനെ ആ അവസ്ഥയിൽ വിട്ടില്ല.

18 ഒരു സാറാഫ്‌ സത്വരം പ്രവാ​ച​ക​നെ ആശ്വസി​പ്പി​ച്ചു. ശക്തനായ ആ ആത്മജീവി യാഗപീ​ഠ​ത്തി​ങ്ക​ലേ​ക്കു പറന്നു​ചെന്ന്‌ അതിൽനിന്ന്‌ ഒരു കനൽ എടുത്ത്‌ യെശയ്യാ​വി​ന്റെ അധരങ്ങ​ളിൽ തൊടു​വി​ച്ചു. അത്‌ ആശ്വസി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ള​ധി​കം വേദനി​പ്പി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. എന്നാൽ ഇത്‌ പ്രതീ​കാ​ത്മക അർഥം ഉൾക്കൊ​ള്ളു​ന്ന ഒരു ദർശന​മാ​യി​രു​ന്നു എന്ന്‌ ഓർക്കുക. ദിവസ​വും ആലയ യാഗപീ​ഠ​ത്തിൽ, പാപപ​രി​ഹാ​ര​ത്തി​നാ​യി യാഗങ്ങൾ അർപ്പി​ച്ചി​രു​ന്ന കാര്യം ഒരു വിശ്വ​സ്‌ത യഹൂദ​നാ​യി​രു​ന്ന യെശയ്യാ​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. പ്രവാ​ച​കൻ തീർച്ച​യാ​യും അപൂർണൻ, “ശുദ്ധി​യി​ല്ലാ​ത്ത അധരങ്ങൾ” ഉള്ളവൻ, ആയിരു​ന്നെ​ങ്കി​ലും അവന്‌ അപ്പോ​ഴും ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു നിലയി​ലേ​ക്കു വരാൻ കഴിയു​മെന്ന്‌ സാറാഫ്‌ അവനെ സ്‌നേ​ഹ​പൂർവം അനുസ്‌മ​രി​പ്പി​ച്ചു. * പാപി​യാ​യ ഒരു അപൂർണ മനുഷ്യ​നെ വിശു​ദ്ധ​നാ​യി വീക്ഷി​ക്കാൻ യഹോവ സന്നദ്ധനാ​യി​രു​ന്നു, ആപേക്ഷി​ക​മാ​യ ഒരു അർഥത്തി​ലാ​ണെ​ങ്കിൽ പോലും.—യെശയ്യാ​വു 6:6, 7.

19. അപൂർണ​രാ​ണെ​ങ്കി​ലും, ഒരു ആപേക്ഷിക അർഥത്തിൽ നമുക്ക്‌ വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

19 ഇത്‌ ഇന്നും സത്യമാണ്‌. യെരൂ​ശ​ലേ​മി​ലെ യാഗപീ​ഠ​ത്തിൽ അർപ്പി​ക്ക​പ്പെട്ട യാഗങ്ങ​ളെ​ല്ലാം കൂടുതൽ ശ്രേഷ്‌ഠ​മാ​യ ഒന്നിന്റെ—പൊ.യു. 33-ൽ യേശു​ക്രി​സ്‌തു അർപ്പിച്ച ഏക പൂർണ​യാ​ഗ​ത്തി​ന്റെ—നിഴലു​കൾ മാത്ര​മാ​യി​രു​ന്നു. (എബ്രായർ 9:11-14) നാം നമ്മുടെ പാപങ്ങൾ സംബന്ധിച്ച്‌ യഥാർഥ​മാ​യി അനുത​പി​ക്കു​ക​യും നമ്മുടെ തെറ്റായ ഗതി തിരു​ത്തു​ക​യും യേശു​വി​ന്റെ യാഗത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്‌താൽ നമുക്കു ദൈവ​ത്തിൽനി​ന്നു ക്ഷമ ലഭിക്കും. (1 യോഹ​ന്നാൻ 2:2) നമുക്കും ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു നില ആസ്വദി​ക്കാൻ കഴിയും. അതു​കൊണ്ട്‌, പത്രൊസ്‌ അപ്പൊ​സ്‌ത​ലൻ നമ്മെ ഇങ്ങനെ അനുസ്‌മ​രി​പ്പി​ക്കു​ന്നു: “‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ’ എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.” (1 പത്രൊസ്‌ 1:16) നാം അവനെ പോലെ വിശു​ദ്ധ​രാ​യി​രി​ക്ക​ണ​മെന്ന്‌ യഹോവ പറഞ്ഞില്ല എന്നതു ശ്രദ്ധി​ക്കു​ക. അസാധ്യ​മാ​യത്‌ അവൻ ഒരിക്ക​ലും നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നി​ല്ല. (സങ്കീർത്ത​നം 103:13, 14) പകരം, താൻ വിശു​ദ്ധ​നാ​ക​യാൽ നാമും വിശു​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നാണ്‌ യഹോവ നമ്മോടു പറയു​ന്നത്‌. അപൂർണ മനുഷ്യ​രാ​യ നാം “പ്രിയ​മ​ക്കൾ” എന്നപോ​ലെ അവനെ അനുക​രി​ക്കാൻ നമ്മുടെ പരമാ​വ​ധി ശ്രമി​ക്കു​ന്നു. (എഫെസ്യർ 5:1) അതു​കൊണ്ട്‌, വിശുദ്ധി പ്രാപി​ക്കൽ തുടർച്ച​യാ​യ ഒരു പ്രക്രി​യ​യാണ്‌. നാം ആത്മീയ​മാ​യി വളരു​മ്പോൾ നാം അനുദി​നം “വിശു​ദ്ധി​യെ തികക്കാൻ” ശ്രമി​ക്കു​ന്നു.—2 കൊരി​ന്ത്യർ 7:1.

20. (എ) നമ്മുടെ പരിശുദ്ധ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ നമുക്ക്‌ ശുദ്ധരാ​യി​രി​ക്കാൻ കഴിയു​മെ​ന്നു മനസ്സി​ലാ​ക്കു​ന്ന​തു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ പാപങ്ങൾക്കു ക്ഷമ ലഭി​ച്ചെ​ന്നു മനസ്സി​ലാ​ക്കി​യത്‌ യെശയ്യാ​വിൽ എന്തു ഫലം ഉളവാക്കി?

20 യഹോവ സത്യവും ശുദ്ധവു​മാ​യ​തി​നെ സ്‌നേ​ഹി​ക്കു​ന്നു. അവൻ പാപത്തെ വെറു​ക്കു​ന്നു. (ഹബക്കൂക്‌ 1:13) എന്നാൽ അവൻ നമ്മെ വെറു​ക്കു​ന്നി​ല്ല. തിന്മയെ വെറു​ക്കു​ക​യും നന്മയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നാം ദൈവം വീക്ഷി​ക്കു​ന്ന​തു​പോ​ലെ പാപത്തെ വീക്ഷി​ക്കു​ക​യും ക്രിസ്‌തു​യേ​ശു​വി​ന്റെ പൂർണ​ത​യു​ള്ള കാൽച്ചു​വ​ടു​കൾ പിൻപ​റ്റാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. (ആമോസ്‌ 5:15; 1 പത്രൊസ്‌ 2:21) നമ്മുടെ പരിശുദ്ധ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ നമുക്കു നിർമ​ല​രാ​യി​രി​ക്കാൻ കഴിയു​മെ​ന്നു നാം മനസ്സി​ലാ​ക്കു​മ്പോൾ അതു വലിയ ഫലങ്ങൾ കൈവ​രു​ത്തും. യഹോ​വ​യു​ടെ പരിശു​ദ്ധി ആദ്യം യെശയ്യാ​വി​നെ സ്വന്തം അശുദ്ധി​യെ കുറിച്ചു ബോധ​വാ​നാ​ക്കി എന്ന്‌ ഓർക്കുക. “എനിക്കു അയ്യോ കഷ്ടം” എന്ന്‌ അവൻ നിലവി​ളി​ച്ചു. എന്നാൽ തന്റെ പാപങ്ങൾക്കു ക്ഷമ ലഭി​ച്ചെന്ന്‌ മനസ്സി​ലാ​യി​ക്ക​ഴി​ഞ്ഞ​പ്പോൾ അവന്റെ വീക്ഷണ​ത്തി​നു മാറ്റമു​ണ്ടാ​യി. ഒരു നിയോ​ഗ​ത്തി​നാ​യി ഒരു സന്നദ്ധ സേവകനെ യഹോവ ആവശ്യ​പ്പെ​ട്ട​പ്പോൾ, എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും യെശയ്യാവ്‌ പ്രതി​ക​രി​ച്ചു. “അടിയൻ ഇതാ അടിയനെ അയക്കേ​ണ​മേ” എന്ന്‌ അവൻ പറഞ്ഞു.—യെശയ്യാ​വു 6:5-8.

21. വിശുദ്ധി എന്ന ഗുണം നമുക്കു നട്ടുവ​ളർത്താൻ കഴിയു​മെ​ന്നു​ള്ള ഉറപ്പിന്‌ എന്ത്‌ അടിസ്ഥാ​ന​മുണ്ട്‌?

21 ധാർമിക ഗുണങ്ങ​ളും ആത്മീയ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നു​ള്ള പ്രാപ്‌തി​യും സഹിതം പരിശുദ്ധ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യി​ലാ​ണു നാം സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (ഉല്‌പത്തി 1:26) വിശുദ്ധി കൈവ​രി​ക്കാൻ നമു​ക്കെ​ല്ലാ​വർക്കും കഴിയും. നാം വിശുദ്ധി നട്ടുവ​ളർത്തു​ന്ന​തിൽ തുടരു​മ്പോൾ നമ്മെ സഹായി​ക്കാൻ യഹോവ സന്തോ​ഷ​മു​ള്ള​വ​നാണ്‌. അങ്ങനെ ചെയ്യു​മ്പോൾ, നാം നമ്മുടെ പരിശുദ്ധ ദൈവ​ത്തോട്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം അടുക്കും. കൂടാതെ, അടുത്ത അധ്യാ​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ ഗുണങ്ങൾ പരിചി​ന്തി​ക്ക​വേ, ദൈവ​ത്തോട്‌ അടുത്തു ചെല്ലു​ന്ന​തിന്‌ ശക്തമായ അനേകം കാരണങ്ങൾ ഉണ്ടെന്നു നാം മനസ്സി​ലാ​ക്കും!

^ “ശുദ്ധി​യി​ല്ലാ​ത്ത അധരങ്ങൾ” എന്ന പദപ്ര​യോ​ഗം ഉചിത​മാണ്‌, കാരണം ബൈബി​ളിൽ സംസാ​ര​ത്തെ അഥവാ ഭാഷയെ പ്രതി​നി​ധാ​നം ചെയ്യാൻ ആലങ്കാ​രി​ക​മാ​യി അധരങ്ങൾ എന്ന പദം ഉപയോ​ഗി​ക്കു​ന്നു. എല്ലാ അപൂർണ മനുഷ്യ​രി​ലും, പാപങ്ങ​ളു​ടെ ഏറിയ പങ്കും നാം സംസാ​ര​പ്രാ​പ്‌തി ഉപയോ​ഗി​ക്കു​ന്ന വിധ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നു കാണാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 10:19; യാക്കോബ്‌ 3:2, 6.