വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

‘യഹോവ മഹാശ​ക്തി​യു​ള്ള​വൻ’

‘യഹോവ മഹാശ​ക്തി​യു​ള്ള​വൻ’

1, 2. ഏലീയാവ്‌ തന്റെ ജീവി​ത​ത്തിൽ വിസ്‌മ​യാ​വ​ഹ​മാ​യ ഏതു കാര്യങ്ങൾ കണ്ടിരു​ന്നു, എന്നാൽ ഹോ​രേബ്‌ പർവത​ത്തി​ലെ ഗുഹയിൽവെച്ച്‌ അവൻ ഏതു ഗംഭീര സംഭവ​ങ്ങൾക്കു സാക്ഷ്യം വഹിച്ചു?

 ഏലീയാവ്‌ വിസ്‌മ​യാ​വ​ഹ​മാ​യ കാര്യങ്ങൾ മുമ്പു കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. അവൻ ഒളിച്ചു ജീവിച്ച കാലത്ത്‌ ദിവസം രണ്ടു പ്രാവ​ശ്യം വീതം കാക്കകൾ അവന്‌ ആഹാരം എത്തിച്ചു​കൊ​ടു​ക്കു​ക​യു​ണ്ടാ​യി. ഒരു നീണ്ട ക്ഷാമകാ​ലത്ത്‌ ഉടനീളം ഉപയോ​ഗി​ച്ചി​ട്ടും രണ്ടു പാത്ര​ങ്ങ​ളി​ലെ മാവും എണ്ണയും തീർന്നു പോകാ​ത്ത​തിന്‌ അവൻ സാക്ഷ്യം വഹിച്ചു. തന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരമാ​യി ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങു​ന്ന​തു​പോ​ലും അവൻ കണ്ടിരു​ന്നു. (1 രാജാ​ക്ക​ന്മാർ 17, 18 അധ്യാ​യ​ങ്ങൾ) എന്നാൽ ഇത്തരത്തി​ലു​ള്ള ഒന്ന്‌ അവൻ ഒരിക്ക​ലും കണ്ടിട്ടി​ല്ലാ​യി​രു​ന്നു.

2 ഹോ​രേബ്‌ പർവത​ത്തി​ലെ ഒരു ഗുഹാ​ക​വാ​ട​ത്തി​നു സമീപം ഇരിക്കവേ, അവൻ അതിഗം​ഭീ​ര സംഭവ​ങ്ങ​ളു​ടെ ഒരു പരമ്പര​യ്‌ക്കു സാക്ഷി​യാ​യി. ആദ്യം ഒരു കാറ്റു വീശി. കാതട​പ്പി​ക്കു​ന്ന ഇരമ്പ​ലോ​ടെ വീശി​യ​ടി​ച്ച അത്‌ പർവത​ങ്ങ​ളെ പിളർക്കു​ക​യും പാറകളെ തകർക്കു​ക​യും ചെയ്യത്ത​ക്ക​വ​ണ്ണം അത്ര ശക്തമാ​യി​രു​ന്നു. അടുത്ത​താ​യി ഒരു ഭൂകമ്പ​മു​ണ്ടാ​യി, ഭൂവൽക്ക​ത്തി​ലെ വമ്പിച്ച ശക്തികളെ അത്‌ അഴിച്ചു​വി​ട്ടു. പിന്നീട്‌ ഒരു തീ ഉണ്ടായി. അത്‌ ആ പ്രദേ​ശത്ത്‌ ആളിപ്പ​ടർന്ന​പ്പോൾ, ഏലീയാ​വിന്‌ അതിന്റെ പൊള്ളി​ക്കു​ന്ന ചൂട്‌ അനുഭ​വ​പ്പെ​ട്ടി​രി​ക്കാം.—1 രാജാ​ക്ക​ന്മാർ 19:8-12.

“ഇതാ യഹോവ കടന്നു​പോ​കു​ന്നു”

3. ഏതു ദിവ്യ ഗുണത്തി​ന്റെ തെളി​വി​നാണ്‌ ഏലീയാവ്‌ സാക്ഷ്യം വഹിച്ചത്‌, ഇതേ ഗുണത്തി​ന്റെ തെളിവ്‌ നമുക്ക്‌ എവിടെ കാണാൻ കഴിയും?

3 ഏലീയാവ്‌ നേരിൽ കണ്ട ഈ സംഭവ​ങ്ങൾക്കെ​ല്ലാം ഒരു സമാനത ഉണ്ടായി​രു​ന്നു—അവ യഹോ​വ​യു​ടെ വൻശക്തി​യു​ടെ പ്രകട​ന​ങ്ങ​ളാ​യി​രു​ന്നു. തീർച്ച​യാ​യും, ദൈവ​ത്തിന്‌ ഈ ഗുണം ഉണ്ടെന്നു മനസ്സി​ലാ​ക്കാൻ നാം ഒരു അത്ഭുതം നേരിൽ കാണേ​ണ്ട​തി​ല്ല. അത്‌ ഇപ്പോൾത്ത​ന്നെ നമ്മുടെ കൺമു​മ്പിൽ പ്രകട​മാണ്‌. സൃഷ്ടി യഹോ​വ​യു​ടെ ‘നിത്യ​ശ​ക്തി​യു​ടെ​യും ദൈവ​ത്വ​ത്തി​ന്റെ​യും’ തെളിവു നൽകു​ന്നു​വെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (റോമർ 1:20) കൊടു​ങ്കാ​റ്റിന്‌ അകമ്പടി സേവി​ക്കു​ന്ന കണ്ണഞ്ചി​ക്കു​ന്ന മിന്നൽപ്പി​ണ​രു​ക​ളെ​യും ഇടിമു​ഴ​ക്ക​ങ്ങ​ളെ​യും ഹുങ്കാ​ര​ത്തോ​ടെ പതിക്കുന്ന വെള്ളച്ചാ​ട്ട​ത്തെ​യും നക്ഷത്ര​നി​ബി​ഡ​മാ​യ ആകാശ​ത്തെ​യും കുറിച്ചു ചിന്തി​ക്കു​ക! അത്തരം പ്രദർശ​ന​ങ്ങ​ളിൽ നിങ്ങൾ ദൈവ​ത്തി​ന്റെ ശക്തി കാണു​ന്നി​ല്ലേ? എന്നിരു​ന്നാ​ലും, ഇന്നത്തെ ലോക​ത്തിൽ ചുരുക്കം പേർ മാത്രമേ യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ ശക്തി തിരി​ച്ച​റി​യു​ന്നു​ള്ളൂ. ആ ഗുണത്തെ ശരിയായ വിധത്തിൽ വീക്ഷി​ക്കു​ന്ന​വ​രു​ടെ എണ്ണം അതിലും കുറവാണ്‌. എന്നാൽ ഈ ദിവ്യ​ഗു​ണ​ത്തെ സംബന്ധിച്ച ഗ്രാഹ്യം ദൈവ​ത്തോ​ടു കൂടുതൽ അടുത്തു ചെല്ലു​ന്ന​തിന്‌ നമുക്ക്‌ അനേകം കാരണങ്ങൾ നൽകുന്നു. ഈ ഭാഗത്ത്‌ നാം യഹോ​വ​യു​ടെ കിടയറ്റ ശക്തിയെ കുറിച്ചു വിശദ​മാ​യി പഠിക്കു​ന്ന​താ​യി​രി​ക്കും.

യഹോ​വ​യു​ടെ ഒരു പ്രമുഖ ഗുണം

4, 5. (എ) യഹോ​വ​യു​ടെ നാമവും അവന്റെ ശക്തി അഥവാ ബലവും തമ്മിൽ എന്തു ബന്ധമുണ്ട്‌? (ബി) തന്റെ ശക്തിയെ പ്രതീ​ക​പ്പെ​ടു​ത്താൻ യഹോവ കാളയെ തിര​ഞ്ഞെ​ടു​ത്തത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോവ ശക്തിയിൽ അതുല്യ​നാണ്‌. യിരെ​മ്യാ​വു 10:6 പറയുന്നു: “യഹോവേ, നിന്നോ​ടു തുല്യ​നാ​യ​വൻ ആരുമില്ല; നീ വലിയ​വ​നും നിന്റെ നാമം ബലത്തിൽ വലിയ​തും ആകുന്നു.” ബലത്തെ അഥവാ ശക്തിയെ യഹോ​വ​യു​ടെ നാമ​ത്തോ​ടു ബന്ധിപ്പി​ച്ചി​രി​ക്കു​ന്ന​തു ശ്രദ്ധി​ക്കു​ക. “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നായി​രി​ക്കാം തെളി​വ​നു​സ​രിച്ച്‌ ഈ പേരിന്റെ അർഥം എന്ന്‌ ഓർക്കുക. താൻ ആഗ്രഹി​ക്കു​ന്ന​തെ​ന്തും സൃഷ്ടി​ക്കാ​നും ഇച്ഛിക്കു​ന്ന​തെ​ന്തും ആയിത്തീ​രാ​നും യഹോ​വ​യെ പ്രാപ്‌ത​നാ​ക്കു​ന്നത്‌ എന്താണ്‌? ഒരു സംഗതി ശക്തിയാണ്‌. അതേ, പ്രവർത്തി​ക്കു​ന്ന​തി​നു​ള്ള, തന്റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തി​നു​ള്ള യഹോ​വ​യു​ടെ ശക്തി അപരി​മി​ത​മാണ്‌. അത്‌ അവന്റെ പ്രമുഖ ഗുണങ്ങ​ളിൽ ഒന്നാണ്‌.

5 അവന്റെ ശക്തിയു​ടെ പൂർണ വ്യാപ്‌തി നമുക്ക്‌ ഒരിക്ക​ലും ഗ്രഹി​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ നമ്മെ സഹായി​ക്കാൻ യഹോവ ദൃഷ്ടാ​ന്ത​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു. നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, അവൻ തന്റെ ശക്തിയെ പ്രതീ​ക​പ്പെ​ടു​ത്താൻ കാളയെ ഉപയോ​ഗി​ക്കു​ന്നു. (യെഹെ​സ്‌കേൽ 1:4-10) ആ തിര​ഞ്ഞെ​ടുപ്പ്‌ ഉചിത​മാണ്‌, കാരണം ഒരു വളർത്തു കാള പോലും വളരെ ശക്തിയുള്ള ഒരു മൃഗമാണ്‌. ബൈബിൾ കാലങ്ങ​ളിൽ പാലസ്‌തീ​നി​ലെ ആളുകൾ അതിലും ശക്തിയുള്ള എന്തി​നെ​യെ​ങ്കി​ലും അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ അപൂർവ​മാ​യി​ട്ടാ​യി​രു​ന്നു. എന്നാൽ കൂടുതൽ ഭയങ്കര​നാ​യ ഒരുതരം കാളയെ കുറിച്ച്‌, കാട്ടു​കാ​ള​യെ (NW) കുറിച്ച്‌, അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. പിന്നീട്‌ അതിനു വംശനാ​ശം സംഭവി​ച്ചു. (ഇയ്യോബ്‌ 39:9-12) ഈ കാളകൾക്ക്‌ ഏതാണ്ട്‌ ആനകളു​ടെ വലുപ്പം ഉണ്ടായി​രു​ന്ന​താ​യി റോമൻ ചക്രവർത്തി​യാ​യി​രു​ന്ന ജൂലി​യസ്‌ സീസർ ഒരിക്കൽ പ്രസ്‌താ​വി​ച്ചു: “അവയുടെ ശക്തിയും വേഗവും അപാര​മാണ്‌,” അദ്ദേഹം എഴുതി. അത്തര​മൊ​രു ജീവി​യു​ടെ അടുത്തു നിൽക്കു​മ്പോൾ നിങ്ങൾ തീരെ ചെറു​തും ദുർബ​ല​നു​മാ​ണെ​ന്നു തോന്നി​ല്ലേ?

6. യഹോവ മാത്രം സർവശക്തൻ എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

6 സമാന​മാ​യി, ശക്തിയു​ടെ ദൈവ​മാ​യ യഹോ​വ​യോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ മനുഷ്യൻ നിസ്സാ​ര​നും ബലഹീ​ന​നു​മാണ്‌. ശക്തരായ ജനതകൾപോ​ലും യഹോ​വ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം തുലാ​സ്സി​ലെ പൊടി പോ​ലെ​യാണ്‌. (യെശയ്യാ​വു 40:15) മറ്റാരിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി യഹോ​വ​യ്‌ക്ക്‌ അപരി​മി​ത​മാ​യ ശക്തിയാ​ണു​ള്ളത്‌. അതു​കൊണ്ട്‌ അവൻ മാത്ര​മാണ്‌ ‘സർവശക്തൻ’ എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌. * (വെളി​പ്പാ​ടു 15:3, NW) യഹോവ “ശക്തിയു​ടെ ആധിക്യ”മുള്ളവ​നാണ്‌, അവനിൽ “ചലനാത്മക ഊർജ​ത്തി​ന്റെ സമൃദ്ധി” ഉണ്ട്‌. (യെശയ്യാ​വു 40:26, NW) അവൻ ശക്തിയു​ടെ ശാശ്വ​ത​മാ​യ, ഒരിക്ക​ലും വറ്റാത്ത, ഉറവാണ്‌. ഊർജ​ത്തി​നു​വേ​ണ്ടി അവന്‌ ബാഹ്യ​മാ​യ ഒരു സ്രോ​ത​സ്സി​നെ​യും ആശ്രയി​ക്കേ​ണ്ട​തി​ല്ല, കാരണം ‘ബലം ദൈവ​ത്തി​നു​ള്ളത്‌’ ആണ്‌. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (സങ്കീർത്ത​നം 62:11) എന്നാൽ എന്തു മുഖേ​ന​യാണ്‌ യഹോവ ശക്തി പ്രയോ​ഗി​ക്കു​ന്നത്‌?

യഹോവ ശക്തി പ്രയോ​ഗി​ക്കു​ന്ന വിധം

7. യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ എന്താണ്‌, ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന മൂലഭാ​ഷാ​പ​ദ​ങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നു?

7 യഹോ​വ​യിൽനി​ന്നു പരിശു​ദ്ധാ​ത്മാവ്‌ അനുസ്യൂ​തം പ്രവഹി​ക്കു​ന്നു. അത്‌ പ്രവർത്ത​ന​ത്തി​ലി​രി​ക്കുന്ന ദൈവ​ശ​ക്തി​യാണ്‌. ഉല്‌പത്തി 1:2-ൽ [NW] ബൈബിൾ അതിനെ ദൈവ​ത്തി​ന്റെ “പ്രവർത്ത​ന​നി​ര​ത​മാ​യ ശക്തി” എന്നു പരാമർശി​ക്കു​ന്നു. “ആത്മാവ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​യി​ലെ​യും ഗ്രീക്കി​ലെ​യും മൂലപ​ദ​ങ്ങൾ മറ്റു സന്ദർഭ​ങ്ങ​ളിൽ “കാറ്റ്‌,” “ശ്വാസം,” “വൻകാറ്റ്‌” എന്നിങ്ങനെ ഭാഷാ​ന്ത​രം ചെയ്യാ​വു​ന്ന​താണ്‌. നിഘണ്ടു​നിർമാ​താ​ക്ക​ളു​ടെ അഭി​പ്രാ​യ​ത്തിൽ, മൂലഭാ​ഷാ​പ​ദ​ങ്ങൾ പ്രവർത്ത​ന​ത്തി​ലി​രി​ക്കുന്ന ഒരു അദൃശ്യ ശക്തിയെ സൂചി​പ്പി​ക്കു​ന്നു. കാറ്റു​പോ​ലെ, ദൈവ​ത്തി​ന്റെ ആത്മാവ്‌ നമ്മുടെ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​മാണ്‌, എന്നാൽ അതിന്റെ ഫലങ്ങൾ യഥാർഥ​വും ദൃശ്യ​വു​മാണ്‌.

8. ബൈബി​ളിൽ ദൈവ​ത്തി​ന്റെ ആത്മാവി​നെ ആലങ്കാ​രി​ക​മാ​യി എന്തു വിളി​ച്ചി​രി​ക്കു​ന്നു, ആ വർണനകൾ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക്‌ അതിരില്ല. തന്റെ മനസ്സി​ലു​ള്ള ഏത്‌ ഉദ്ദേശ്യ​വും നിറ​വേ​റ്റാൻ യഹോ​വ​യ്‌ക്ക്‌ അത്‌ ഉപയോ​ഗി​ക്കാൻ കഴിയും. അതു​കൊണ്ട്‌ ഉചിത​മാ​യി​ത്ത​ന്നെ ബൈബിൾ അതിനെ അവന്റെ “വിരൽ,” അവന്റെ “ബലമുള്ള കൈ” അല്ലെങ്കിൽ അവന്റെ “നീട്ടിയ ഭുജം” എന്നിങ്ങനെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 11:20, NW; ആവർത്ത​ന​പു​സ്‌ത​കം 5:15; സങ്കീർത്ത​നം 8:3) ഒരു മനുഷ്യൻ വിവിധ അളവി​ലു​ള്ള ശക്തിയോ വൈദ​ഗ്‌ധ്യ​മോ ആവശ്യ​മാ​യി​രി​ക്കു​ന്ന ഒട്ടേറെ ജോലി​കൾ ചെയ്യാൻ തന്റെ കൈകൾ ഉപയോ​ഗി​ച്ചേ​ക്കാം. സമാന​മാ​യി, ഏത്‌ ഉദ്ദേശ്യ​വും നിവർത്തി​ക്കാൻ ദൈവ​ത്തി​നു തന്റെ ആത്മാവി​നെ ഉപയോ​ഗി​ക്കാൻ കഴിയും. അതിസൂ​ക്ഷ്‌മ​മാ​യ അണുവി​നെ സൃഷ്ടി​ക്കാ​നും ചെങ്കട​ലി​നെ വിഭജി​ക്കാ​നും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ അന്യഭാ​ഷ​കൾ സംസാ​രി​ക്കാൻ പ്രാപ്‌ത​രാ​ക്കാ​നും അവൻ ഈ ആത്മാവി​നെ​യാണ്‌ ഉപയോ​ഗി​ച്ചത്‌.

9. യഹോ​വ​യു​ടെ ഭരണപ​ര​മാ​യ അധികാ​ര​ശ​ക്തി എത്ര വിപു​ല​മാണ്‌?

9 അഖിലാണ്ഡ പരമാ​ധി​കാ​രി എന്ന നിലയി​ലു​ള്ള തന്റെ അധികാ​രം മുഖാ​ന്ത​ര​വും യഹോവ ശക്തി പ്രയോ​ഗി​ക്കു​ന്നു. ബുദ്ധി​ശ​ക്തി​യും മറ്റു പ്രാപ്‌തി​ക​ളു​മു​ള്ള ലക്ഷോ​പ​ല​ക്ഷം പ്രജകൾ നിങ്ങളു​ടെ ആജ്ഞ അനുസ​രി​ക്കാൻ ആകാം​ക്ഷ​യോ​ടെ കാത്തു​നിൽക്കു​ന്ന​തി​നെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പി​ക്കാ​നാ​കു​മോ? യഹോവ ഭരണപ​ര​മാ​യ അത്തരം അധികാ​ര​ശ​ക്തി പ്രയോ​ഗി​ക്കു​ന്നു. തിരു​വെ​ഴു​ത്തിൽ മിക്ക​പ്പോ​ഴും സൈന്യ​ത്തോട്‌ ഉപമി​ച്ചി​രി​ക്കു​ന്ന മാനുഷ ദാസന്മാർ അവനുണ്ട്‌. (സങ്കീർത്ത​നം 68:11, NW; 110:3) എന്നാൽ ഒരു ദൈവ​ദൂ​ത​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ മനുഷ്യൻ വെറും ദുർബ​ല​നാണ്‌. എന്തിന്‌, അസ്സീറി​യൻ സൈന്യം ദൈവ​ജ​ന​ത്തെ ആക്രമി​ച്ച​പ്പോൾ ഒരൊറ്റ ദൂതൻ ഒരു രാത്രി​കൊണ്ട്‌ 1,85,000 പടയാ​ളി​ക​ളെ​യാണ്‌ കൊന്നത്‌! (2 രാജാ​ക്ക​ന്മാർ 19:35) ദൈവ​ദൂ​ത​ന്മാർ ‘അതിശ​ക്ത​രാണ്‌.’—സങ്കീർത്ത​നം 103:19, 20, NW.

10. (എ) സർവശ​ക്ത​നെ സൈന്യ​ങ്ങ​ളു​ടെ യഹോവ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ സകല സൃഷ്ടി​ക​ളി​ലും​വെച്ച്‌ അതിശക്തൻ ആരാണ്‌?

10 എത്ര ദൂതന്മാർ ഉണ്ട്‌? പ്രവാ​ച​ക​നാ​യ ദാനീ​യേ​ലി​നു സ്വർഗ​ത്തി​ന്റെ ഒരു ദർശനം ലഭിച്ചു. അതിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു മുമ്പാകെ 10 കോടി​യി​ല​ധി​കം ആത്മജീ​വി​കൾ നിൽക്കു​ന്നത്‌ അവൻ കണ്ടു. എന്നാൽ മുഴു ദൂതസൃ​ഷ്ടി​ക​ളെ​യും അവൻ കണ്ടെന്നു സൂചന​യി​ല്ല. (ദാനീ​യേൽ 7:10) അതു​കൊണ്ട്‌ ശതകോ​ടി​ക്ക​ണ​ക്കിന്‌ ദൂതന്മാർ ഉണ്ടായി​രി​ക്കാം. അതിനാൽ ദൈവം സൈന്യ​ങ്ങ​ളു​ടെ യഹോവ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. ഈ സ്ഥാനപ്പേർ ശക്തരായ ദൂതന്മാ​രു​ടെ വിപു​ല​മാ​യ ഒരു സംഘടിത നിരയു​ടെ സേനാ​ധി​പൻ എന്ന അവന്റെ പ്രബല​മാ​യ സ്ഥാനത്തെ വർണി​ക്കു​ന്നു. “സർവ്വസൃ​ഷ്ടി​ക്കും ആദ്യജാത”നായ, തന്റെ സ്വന്തം പ്രിയ​പു​ത്ര​നെ അവൻ ഈ ആത്മജീ​വി​കൾക്കെ​ല്ലാം മീതെ ആക്കി​വെ​ച്ചി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:15) സകല ദൂതന്മാ​രു​ടെ​യും സാറാ​ഫു​ക​ളു​ടെ​യും കെരൂ​ബു​ക​ളു​ടെ​യും നായക​നാ​യ പ്രധാന ദൂതൻ എന്ന നിലയിൽ യേശു യഹോ​വ​യു​ടെ സകല സൃഷ്ടി​ക​ളി​ലും​വെച്ച്‌ അതിശ​ക്ത​നാണ്‌.

11, 12. (എ) ദൈവ​ത്തി​ന്റെ വചനം ഏതു വിധങ്ങ​ളി​ലാണ്‌ ശക്തി പ്രയോ​ഗി​ക്കു​ന്നത്‌? (ബി) യേശു യഹോ​വ​യു​ടെ ശക്തിയു​ടെ വ്യാപ്‌തി​യെ സാക്ഷ്യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

11 ശക്തി പ്രയോ​ഗി​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഇനി മറ്റൊരു മാർഗ​മുണ്ട്‌. എബ്രായർ 4:12 [NW] ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ വചനം ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും . . . ആകുന്നു.” ബൈബി​ളിൽ പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, ദൈവ​ത്തി​ന്റെ വാക്കു​ക​ളു​ടെ അഥവാ ആത്മനി​ശ്വ​സ്‌ത സന്ദേശ​ത്തി​ന്റെ അസാധാ​രണ ശക്തി നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടോ? അതിനു നമ്മെ ബലിഷ്‌ഠ​രാ​ക്കാ​നും നമ്മുടെ വിശ്വാ​സ​ത്തെ കെട്ടു​പ​ണി ചെയ്യാ​നും ജീവി​ത​ത്തിൽ സമൂല മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായി​ക്കാ​നും കഴിയും. അങ്ങേയറ്റം അധാർമി​ക​മാ​യ ജീവിതം നയിക്കു​ന്ന​വർക്കെ​തി​രെ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ സഹവി​ശ്വാ​സി​കൾക്കു മുന്നറി​യി​പ്പു കൊടു​ത്തു. അനന്തരം അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിങ്ങളും ചിലർ ഈ വകക്കാ​രാ​യി​രു​ന്നു.” (1 കൊരി​ന്ത്യർ 6:9-11) അതേ, “ദൈവ​ത്തി​ന്റെ വചനം” അവരിൽ അതിന്റെ ശക്തി പ്രയോ​ഗി​ക്കു​ക​യും മാറ്റം വരുത്താൻ അവരെ സഹായി​ക്കു​ക​യും ചെയ്‌തു.

12 യഹോ​വ​യു​ടെ ശക്തി അപരി​മി​ത​വും അതു പ്രയോ​ഗി​ക്കു​ന്ന​തി​നുള്ള അവന്റെ മാർഗം അത്യന്തം ഫലപ്ര​ദ​വു​മാ​ക​യാൽ അവനു മാർഗ​ത​ട​സ്സം സൃഷ്ടി​ക്കാൻ യാതൊ​ന്നി​നും കഴിയില്ല. “ദൈവ​ത്തി​ന്നു സകലവും സാദ്ധ്യം” എന്ന്‌ യേശു പറഞ്ഞു. (മത്തായി 19:26) ഏത്‌ ഉദ്ദേശ്യ​ങ്ങൾക്കു വേണ്ടി​യാണ്‌ യഹോവ തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നത്‌?

ഉദ്ദേശ്യ​ത്താൽ നയിക്ക​പ്പെ​ടു​ന്ന ശക്തി

13, 14. (എ) യഹോവ ശക്തിയു​ടെ അമൂർത്ത​മാ​യ ഉറവ​ല്ലെ​ന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ ശക്തി പ്രയോ​ഗി​ക്കു​ന്ന വിധങ്ങ​ളേവ?

13 യഹോ​വ​യു​ടെ ആത്മാവ്‌ ഏതു ഭൗതിക ബലത്തെ​ക്കാ​ളും ഉന്നതമാണ്‌; യഹോവ അമൂർത്ത ശക്തിയല്ല, ശക്തിയു​ടെ വെറും ഒരു ഉറവല്ല. സ്വന്തശ​ക്തി​യു​ടെ​മേൽ പൂർണ നിയ​ന്ത്ര​ണ​മു​ള്ള വ്യക്തി​ത്വ​ഗു​ണ​ങ്ങ​ളോ​ടു കൂടിയ ഒരു ദൈവ​മാണ്‌ അവൻ. എന്നാൽ അത്‌ ഉപയോ​ഗി​ക്കാൻ അവനെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

14 നാം കാണാൻ പോകു​ന്ന​തു​പോ​ലെ, സൃഷ്ടി​ക്കാ​നും സംരക്ഷി​ക്കാ​നും സംഹരി​ക്കാ​നും പുനഃ​സ്ഥാ​പി​ക്കാ​നും​—ചുരു​ക്ക​ത്തിൽ തന്റെ പൂർണ​ത​യു​ള്ള ഉദ്ദേശ്യ​ങ്ങൾക്ക്‌ അനു​യോ​ജ്യ​മാ​യ എന്തും ചെയ്യാൻ—ദൈവം തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നു. (യെശയ്യാ​വു 46:10) ചില സന്ദർഭ​ങ്ങ​ളിൽ, തന്റെ വ്യക്തി​ത്വ​ത്തി​ന്റെ​യും നിലവാ​ര​ങ്ങ​ളു​ടെ​യും പ്രധാ​ന​പ്പെട്ട വശങ്ങൾ വെളി​പ്പെ​ടു​ത്താൻ യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നു. സർവോ​പ​രി, മിശി​ഹൈക രാജ്യം മുഖാ​ന്ത​രം തന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം സംസ്ഥാ​പി​ക്കു​ക​യും തന്റെ പരിശുദ്ധ നാമം വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യുക എന്ന തന്റെ ഹിതം നിറ​വേ​റ്റാൻ അവൻ തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നു. ആ ഉദ്ദേശ്യ​ത്തെ പരാജ​യ​പ്പെ​ടു​ത്താൻ ആർക്കും കഴിയില്ല.

15. യഹോവ തന്റെ ദാസന്മാ​രോ​ടു​ള്ള ബന്ധത്തിൽ എന്ത്‌ ഉദ്ദേശ്യ​ത്തോ​ടെ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നു, അത്‌ ഏലീയാ​വി​ന്റെ കാര്യ​ത്തിൽ എങ്ങനെ പ്രകട​മാ​ക്ക​പ്പെ​ട്ടു?

15 വ്യക്തി​ക​ളെന്ന നിലയിൽ നമുക്കു പ്രയോ​ജ​നം കൈവ​രു​ത്തു​ന്ന​തി​നു വേണ്ടി​യും യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നു. 2 ദിനവൃ​ത്താ​ന്തം 16:9 പറയു​ന്ന​തു ശ്രദ്ധി​ക്കു​ക: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെ​ന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” തുടക്ക​ത്തിൽ പറഞ്ഞ ഏലീയാ​വി​ന്റെ അനുഭവം ഒരു ദൃഷ്ടാ​ന്ത​മാണ്‌. ദിവ്യ​ശ​ക്തി​യു​ടെ ഭയാദ​രവ്‌ ഉണർത്തുന്ന ആ പ്രകടനം യഹോവ അവനെ കാണി​ച്ചത്‌ എന്തിനാ​യി​രു​ന്നു? ഏലീയാ​വി​നെ വധിക്കു​മെന്ന്‌ ദുഷ്ടയായ ഈസേ​ബെൽ രാജ്ഞി ശപഥം ചെയ്‌തി​രു​ന്നു. പ്രവാ​ച​കൻ ജീവനു​വേ​ണ്ടി പലായനം ചെയ്യു​ക​യാ​യി​രു​ന്നു. ഏകാന്ത​ത​യും ഭയവും നിരു​ത്സാ​ഹ​വും അവനെ വേട്ടയാ​ടി, തന്റെ കഠിന പ്രയത്‌ന​മെ​ല്ലാം വ്യർഥ​മാ​യെന്ന്‌ അവനു തോന്നി. അസ്വസ്ഥ​നാ​യ ഈ മനുഷ്യ​നെ, ഏലീയാ​വി​നെ, ആശ്വസി​പ്പി​ക്കാൻ യഹോവ ദിവ്യ​ശ​ക്തി​യെ കുറിച്ചു വളരെ വ്യക്തമാ​യി അവന്‌ ഉറപ്പു നൽകി. കാറ്റും ഭൂകമ്പ​വും തീയും അഖിലാ​ണ്ഡ​ത്തി​ലെ അതിശക്തൻ ഏലീയാ​വി​നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നെ​ന്നു പ്രകട​മാ​ക്കി. സർവശ​ക്ത​നാ​യ ദൈവം അവന്റെ പക്ഷത്തു​ള്ള​പ്പോൾ അവൻ ഈസേ​ബെ​ലി​നെ എന്തിനു ഭയപ്പെ​ട​ണം? —1 രാജാ​ക്ക​ന്മാർ 19:1-12. *

16. യഹോ​വ​യു​ടെ മഹാശ​ക്തി​യെ കുറിച്ചു വിചി​ന്ത​നം ചെയ്യു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 ഇപ്പോൾ അവൻ അത്ഭുതങ്ങൾ ചെയ്യു​ന്നി​ല്ലെ​ങ്കി​ലും ഏലീയാ​വി​ന്റെ നാളു​കൾക്കു ശേഷവും യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടി​ല്ല. (1 കൊരി​ന്ത്യർ 13:8) തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി തന്റെ ശക്തി ഉപയോ​ഗി​ക്കാൻ അന്നത്തെ​പ്പോ​ലെ​ത​ന്നെ ഇന്നും അവൻ ഉത്സുക​നാണ്‌. അവൻ ഉന്നതമായ ആത്മമണ്ഡ​ല​ത്തിൽ വസിക്കു​ന്നു എന്നതു സത്യം​ത​ന്നെ, എന്നാൽ അവൻ നമ്മിൽനി​ന്നു വിദൂ​ര​ത്തി​ലല്ല. അവന്റെ ശക്തി അപരി​മി​ത​മാണ്‌. അതു​കൊണ്ട്‌ ദൂരം ഒരു പ്രതി​ബ​ന്ധ​മല്ല. പകരം “യഹോവ . . . തന്നെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന ഏവർക്കും സമീപ​സ്ഥ​നാ”ണ്‌. (സങ്കീർത്ത​നം 145:18) ഒരിക്കൽ ദാനീ​യേൽ പ്രവാ​ച​കൻ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ച​പ്പോൾ അവൻ പ്രാർഥി​ച്ചു​തീ​രു​ന്ന​തി​നു മുമ്പു​ത​ന്നെ ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെ​ട്ടു. (ദാനീ​യേൽ 9:20-23) താൻ സ്‌നേ​ഹി​ക്കു​ന്ന​വ​രെ സഹായി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യു​ന്ന​തിൽനിന്ന്‌ യഹോ​വ​യെ തടയാൻ ഒന്നിനും കഴിയില്ല.—സങ്കീർത്ത​നം 118:6.

ദൈവ​ത്തി​ന്റെ ശക്തി അവനോട്‌ അടുത്തു​ചെ​ല്ലു​ക അസാധ്യ​മാ​ക്കു​ന്നു​വോ?

17. ഏത്‌ അർഥത്തിൽ യഹോ​വ​യു​ടെ ശക്തി നമ്മിൽ ഭയം ജനിപ്പി​ക്കു​ന്നു, എന്നാൽ അത്‌ ഏതുതരം ഭയം ജനിപ്പി​ക്കു​ന്നി​ല്ല?

17 ദൈവ​ത്തി​ന്റെ ശക്തി നാം അവനെ ഭയപ്പെ​ടാൻ ഇടയാ​ക്ക​ണ​മോ? വേണ​മെ​ന്നും വേണ്ടെ​ന്നും നാം ഉത്തരം പറയേ​ണ്ടി​യി​രി​ക്കു​ന്നു. വേണം എന്നു പറയാൻ കാരണം ദൈവിക ഭയം—മുൻ അധ്യാ​യ​ത്തിൽ നാം ചുരു​ക്ക​മാ​യി ചർച്ച ചെയ്‌ത ഭയഭക്തി​യും ആദരവും—പ്രകട​മാ​ക്കു​ന്ന​തിന്‌ ഈ ഗുണം നമുക്കു മതിയായ കാരണം നൽകുന്നു എന്നതാണ്‌. അത്തരം ഭയം “ജ്ഞാനത്തി​ന്റെ ആരംഭ​മാ​കു​ന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്ത​നം 111:10, NW) എന്നിരു​ന്നാ​ലും, ദൈവത്തെ കുറിച്ച്‌ അനാ​രോ​ഗ്യ​ക​ര​മാ​യ ഭയം തോന്നു​ന്ന​തി​നോ അവനിൽനിന്ന്‌ അകന്നു​നിൽക്കു​ന്ന​തി​നോ അവന്റെ ശക്തി നമുക്കു കാരണം നൽകു​ന്നി​ല്ല എന്ന സംഗതി പരിഗ​ണി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ ശക്തി നാം അവനെ ഭയപ്പെ​ടാൻ ഇടയാ​ക്കേ​ണ്ട​തി​ല്ല എന്നു പറയാൻ കഴിയും.

18. (എ) അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വരെ അനേക​രും അവിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ അധികാ​ര​ശ​ക്തിക്ക്‌ അവനെ ദുഷി​പ്പി​ക്കാ​നാ​വി​ല്ലെന്നു നാം എങ്ങനെ അറിയു​ന്നു?

18 “അധികാ​രം ദുഷി​പ്പി​ക്കു​ന്നു, പരമമായ അധികാ​രം പരമമാ​യി ദുഷി​പ്പി​ക്കു​ന്നു.” ആംഗലേയ ചരി​ത്ര​കാ​ര​നാ​യ ആക്‌റ്റൺ പ്രഭു 1887-ൽ പറഞ്ഞതാണ്‌ ആ വാക്കുകൾ. ആ പ്രസ്‌താ​വന അനി​ഷേ​ധ്യ​മാം​വി​ധം സത്യമാ​ണെന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്ന​തി​നാൽ അത്‌ മിക്ക​പ്പോ​ഴും ആവർത്തി​ക്ക​പ്പെ​ടു​ന്നു. ചരിത്രം ആവർത്തിച്ച്‌ സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, അപൂർണ മനുഷ്യർ മിക്ക​പ്പോ​ഴും അധികാ​ര​ശ​ക്തി ദുർവി​നി​യോ​ഗം ചെയ്യുന്നു. (സഭാ​പ്ര​സം​ഗി 4:1; 8:9) ഈ കാരണ​ത്താൽ, അനേക​രും അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വരെ അവിശ്വ​സി​ക്കു​ക​യും അവരിൽനിന്ന്‌ അകന്നു​മാ​റു​ക​യും ചെയ്യുന്നു. യഹോ​വ​യ്‌ക്കു സമ്പൂർണ​മാ​യ അധികാ​ര​മുണ്ട്‌. അത്‌ അവനെ ഏതെങ്കി​ലും വിധത്തിൽ ദുഷി​പ്പി​ച്ചി​ട്ടു​ണ്ടോ? തീർച്ച​യാ​യും ഇല്ല! നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, അവൻ പരിശു​ദ്ധ​നാണ്‌, അഴിമ​തി​യു​ടെ ഒരു കണിക​പോ​ലും അവനി​ലി​ല്ല. അഴിമതി നിറഞ്ഞ ഈ ലോക​ത്തിൽ അധികാ​ര​സ്ഥാ​ന​ത്തി​രി​ക്കുന്ന അപൂർണ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​പ്പോ​ലെയല്ല യഹോവ. അവൻ ഒരിക്ക​ലും തന്റെ അധികാ​ര​ശ​ക്തി ദുർവി​നി​യോ​ഗം ചെയ്‌തി​ട്ടി​ല്ല, ഇനി ചെയ്യു​ക​യു​മി​ല്ല.

19, 20. (എ) വേറെ ഏതു ഗുണങ്ങൾക്കു ചേർച്ച​യി​ലാണ്‌ യഹോവ എല്ലായ്‌പോ​ഴും തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നത്‌, ഇത്‌ ആശ്വാ​സ​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ ആത്മസം​യ​മ​ന​ത്തെ നിങ്ങൾ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കും, അതു നിങ്ങൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

19 ശക്തി മാത്രമല്ല യഹോ​വ​യു​ടെ ഗുണ​മെന്ന്‌ ഓർക്കുക. നാം ഇനി അവന്റെ നീതി​യെ​യും ജ്ഞാന​ത്തെ​യും സ്‌നേ​ഹ​ത്തെ​യും കുറിച്ചു പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒരു സമയത്ത്‌ ഒരു ഗുണം മാത്രം എന്നപോ​ലെ, കർക്കശ​വും യാന്ത്രി​ക​വു​മാ​യ രീതി​യി​ലാണ്‌ അവൻ തന്റെ ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്നത്‌ എന്നു നാം നിഗമനം ചെയ്യരുത്‌. മറിച്ച്‌, യഹോവ തന്റെ നീതി​ക്കും ജ്ഞാനത്തി​നും സ്‌നേ​ഹ​ത്തി​നും ചേർച്ച​യി​ലാണ്‌ എല്ലായ്‌പോ​ഴും തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നത്‌ എന്നു തുടർന്നു​വ​രു​ന്ന അധ്യാ​യ​ങ്ങ​ളിൽ നാം കാണും. ദൈവ​ത്തി​ന്റെ മറ്റൊരു ഗുണത്തെ കുറിച്ച്‌, ലൗകിക ഭരണാ​ധി​കാ​രി​ക​ളിൽ അപൂർവ​മാ​യി കാണുന്ന ആത്മസം​യ​മ​നം എന്ന ഗുണത്തെ കുറിച്ചു ചിന്തി​ക്കു​ക.

20 ഭയജന​ക​മാം​വി​ധം വലുപ്പ​വും ശക്തിയു​മു​ള്ള ഒരാളെ നിങ്ങൾ കണ്ടുമു​ട്ടു​ന്നു എന്നിരി​ക്ക​ട്ടെ. എന്നിരു​ന്നാ​ലും, കാല​ക്ര​മ​ത്തിൽ അയാൾ സൗമ്യ​നാ​ണെ​ന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു. ആളുകളെ, വിശേ​ഷാൽ നിരാ​ലം​ബ​രെ​യും ചൂഷണം ചെയ്യ​പ്പെ​ടാ​വു​ന്ന​വ​രെ​യും സഹായി​ക്കാ​നും രക്ഷിക്കാ​നും തന്റെ ശക്തി ഉപയോ​ഗി​ക്കാൻ അയാൾ സദാ സന്നദ്ധനാണ്‌. അയാൾ ഒരിക്ക​ലും തന്റെ ശക്തി ദുർവി​നി​യോ​ഗം ചെയ്യു​ന്നി​ല്ല. അയാൾ അകാര​ണ​മാ​യി നിന്ദി​ക്ക​പ്പെ​ടു​ന്ന​താ​യി നിങ്ങൾ അറിയു​ന്നു. എന്നാൽ അയാളാ​ക​ട്ടെ അചഞ്ചല​നെ​ങ്കി​ലും ശാന്തനും മാന്യ​നും ദയാലു​വു​മാ​യി നില​കൊ​ള്ളു​ന്നു. നിങ്ങൾ അയാ​ളെ​പ്പോ​ലെ ശക്തനാ​യി​രു​ന്നെ​ങ്കിൽ അതേ സൗമ്യ​ത​യും സംയമ​ന​വും പാലി​ക്കാൻ നിങ്ങൾക്കു കഴിയു​മാ​യി​രു​ന്നോ എന്നു നിങ്ങൾ സംശയി​ക്കു​ന്നു! അങ്ങനെ​യു​ള്ള ഒരാളെ അറിയാ​നി​ട​യാ​കു​മ്പോൾ നിങ്ങൾ അയാളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടി​ല്ലേ? സർവശ​ക്ത​നാ​യ യഹോ​വ​യോട്‌ അടുത്തു ചെല്ലാൻ നമുക്ക്‌ അതിലും വളരെ​യേ​റെ കാരണ​ങ്ങ​ളുണ്ട്‌. ഈ അധ്യാ​യ​ത്തി​ന്റെ ശീർഷ​ക​ത്തി​നു​ള്ള ആധാര വാക്യം പരിചി​ന്തി​ക്കു​ക—“യഹോവ കോപ​ത്തി​നു താമസ​വും മഹാശ​ക്തി​യും ഉള്ളവൻ.” (നഹൂം 1:3, NW) ആളുകൾക്കെ​തി​രെ, ദുഷ്ടന്മാർക്കെ​തി​രെ പോലും, യഹോവ പെട്ടെന്നു തന്റെ ശക്തി പ്രയോ​ഗി​ക്കു​ന്നി​ല്ല. അവൻ സൗമ്യ​പ്ര​കൃ​ത​നും ദയാലു​വു​മാണ്‌. അനേകം പ്രകോ​പ​ന​ങ്ങൾ ഉണ്ടായി​ട്ടും അവൻ “കോപ​ത്തി​നു താമസം” ഉള്ളവ​നെ​ന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.—സങ്കീർത്ത​നം 78:37-41.

21. യഹോവ തന്റെ ഇഷ്ടം ചെയ്യു​ന്ന​തിന്‌ ആളുകളെ നിർബ​ന്ധി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌, ഇത്‌ അവനെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

21 ഒരു വ്യത്യ​സ്‌ത കോണിൽനിന്ന്‌ യഹോ​വ​യു​ടെ ആത്മസം​യ​മ​ന​ത്തെ കുറിച്ചു ചിന്തി​ക്കു​ക. നിങ്ങൾക്ക്‌ അളവറ്റ അധികാ​ര​വും ശക്തിയും ഉണ്ടെങ്കിൽ, ചില സമയങ്ങ​ളിൽ നിങ്ങൾക്ക്‌ ഇഷ്ടമുള്ള രീതി​യിൽ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ള​വ​രെ നിർബ​ന്ധി​ക്കു​മോ? സകല അധികാ​ര​വും ഉണ്ടെങ്കി​ലും യഹോവ തന്നെ സേവി​ക്കാൻ ആളുകളെ നിർബ​ന്ധി​ക്കു​ന്നി​ല്ല. ദൈവ​സേ​വ​ന​മാണ്‌ നിത്യ​ജീ​വ​നി​ലേ​ക്കു​ള്ള ഏക മാർഗ​മെ​ങ്കി​ലും അത്തരം സേവന​ത്തിന്‌ യഹോവ നമ്മെ നിർബ​ന്ധി​ക്കു​ന്നി​ല്ല. പകരം തിര​ഞ്ഞെ​ടു​പ്പു സ്വാത​ന്ത്ര്യം കൊടു​ത്തു​കൊണ്ട്‌ ഓരോ വ്യക്തി​യെ​യും അവൻ ദയാപൂർവം മാനി​ക്കു​ന്നു. ബുദ്ധി​ശൂ​ന്യ​മാ​യ തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളെ കുറി​ച്ചും നല്ല തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്രതി​ഫ​ല​ങ്ങ​ളെ കുറി​ച്ചും അവൻ മുൻകൂ​ട്ടി അറിയി​ക്കു​ന്നു. എന്നാൽ തിര​ഞ്ഞെ​ടുപ്പ്‌ അവൻ നമുക്കു വിട്ടു​ത​രു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 30:19, 20) നിർബ​ന്ധ​ത്താ​ലോ തന്റെ ഭയാവ​ഹ​മാ​യ ശക്തിയെ കുറി​ച്ചു​ള്ള അനാ​രോ​ഗ്യ​ക​ര​മാ​യ ഭീതി​യാ​ലോ നിർവ​ഹി​ക്ക​പ്പെ​ടു​ന്ന സേവന​ത്തിൽ അവന്‌ അശേഷം താത്‌പ​ര്യ​മി​ല്ല. മനസ്സോ​ടെ, സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി തന്നെ സേവി​ക്കു​ന്ന​വ​രെ​യാണ്‌ അവൻ അന്വേ​ഷി​ക്കു​ന്നത്‌.—2 കൊരി​ന്ത്യർ 9:7.

22, 23. (എ) മറ്റുള്ള​വ​രെ ശക്തീക​രി​ക്കു​ന്ന​തിൽ യഹോവ സന്തോ​ഷി​ക്കു​ന്നു എന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

22 സർവശ​ക്ത​നാ​യ ദൈവത്തെ പേടിച്ചു ജീവി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തി​ന്റെ അവസാന കാരണം നമുക്കു പരിചി​ന്തി​ക്കാം. തങ്ങളുടെ അധികാ​രം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ പ്രബല​രാ​യ ആളുകൾ ഭയപ്പെ​ടു​ന്നു. എന്നാൽ, യഹോവ തന്റെ വിശ്വ​സ്‌ത ആരാധ​ക​രെ ശക്തീക​രി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. തന്റെ പുത്രന്‌ ഉൾപ്പെടെ അനേകർക്കും അവൻ ഗണ്യമായ അധികാ​രം ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു. (മത്തായി 28:18) മറ്റൊരു വിധത്തി​ലും യഹോവ തന്റെ ദാസന്മാ​രെ ശക്തി​പ്പെ​ടു​ത്തു​ന്നു. ബൈബിൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “യഹോവേ, മഹത്വ​വും ശക്തിയും തേജസ്സും യശസ്സും മഹിമ​യും നിനക്കു​ള്ള​തു; സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ള്ള​തൊ​ക്കെ​യും നിനക്കു​ള്ള​ത​ല്ലോ . . . ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കു​ന്നു; സകല​ത്തെ​യും വലുതാ​ക്കു​ന്ന​തും ശക്തീക​രി​ക്കു​ന്ന​തും നിന്റെ പ്രവൃ​ത്തി​യാ​കു​ന്നു.”—1 ദിനവൃ​ത്താ​ന്തം 29:11, 12.

23 അതേ, നിങ്ങൾക്കു ശക്തി പകരു​ന്ന​തിൽ യഹോവ സന്തോ​ഷി​ക്കു​ന്നു. തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അവൻ “അത്യന്ത​ശ​ക്തി” പോലും പ്രദാനം ചെയ്യുന്നു. (2 കൊരി​ന്ത്യർ 4:7) ഇത്ര ദയാപ​ര​വും തത്ത്വാ​ധി​ഷ്‌ഠി​ത​വു​മായ വിധങ്ങ​ളിൽ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്ന, സകല ഊർജ​ത്തി​ന്റെ​യും ഉറവായ ദൈവ​ത്തി​ലേ​ക്കു നിങ്ങൾ ആകർഷി​ക്ക​പ്പെ​ടു​ന്ന​താ​യി തോന്നു​ന്നി​ല്ലേ? അടുത്ത അധ്യാ​യ​ത്തിൽ, സൃഷ്ടി നടത്താൻ യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ എന്നതിൽ നാം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കും.

^ “സർവശക്തൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ഏവരു​ടെ​യും ഭരണാ​ധി​പ​തി; സർവശ​ക്തി​യു​മു​ള്ള​വൻ” എന്നാണ്‌.

^ “കാററിൽ യഹോവ ഇല്ലായി​രു​ന്നു. . . ഭൂകമ്പ​ത്തി​ലും . . . തീയി​ലും യഹോവ ഇല്ലായി​രു​ന്നു” എന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. ഐതി​ഹ്യ​ങ്ങ​ളി​ലെ പ്രകൃ​തി​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ക​രിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ ദാസന്മാർ പ്രകൃതി ശക്തിക​ളിൽ അവനെ അന്വേ​ഷി​ക്കു​ന്നി​ല്ല. താൻ സൃഷ്ടി​ച്ചി​ട്ടു​ള്ള എന്തി​ലെ​ങ്കി​ലും പരിമി​ത​പ്പെ​ട്ടി​രി​ക്കാൻ കഴിയാ​ത്ത​വി​ധം അവൻ അത്യന്തം വലിയ​വ​നാണ്‌. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—1 രാജാ​ക്ക​ന്മാർ 8:27.