വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 5

സൃഷ്ടി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിർമാ​താവ്‌’

സൃഷ്ടി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിർമാ​താവ്‌’

1, 2. യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തിക്ക്‌ സൂര്യൻ തെളിവു നൽകു​ന്നത്‌ എങ്ങനെ?

 കുളി​രു​ള്ള ഒരു രാത്രി​യിൽ നിങ്ങൾ തീയുടെ അടുത്തു നിന്നി​ട്ടു​ണ്ടോ? തീജ്വാ​ല​യിൽനിന്ന്‌ പ്രസരി​ക്കു​ന്ന ചൂട്‌ ആസ്വദി​ക്കാൻ തീയിൽനിന്ന്‌ ഒരു നിശ്ചിത അകലത്തിൽ കൈകൾ നീട്ടി​പ്പി​ടിച്ച്‌ നിങ്ങൾ നിന്നി​രി​ക്കാം. നിങ്ങൾ തീയോട്‌ കണക്കി​ല​ധി​കം അടുത്താ​ണു നിന്നി​രു​ന്ന​തെ​ങ്കിൽ ചൂട്‌ അസഹനീ​യ​മാ​യി തോന്നു​മാ​യി​രു​ന്നു. തീയുടെ അടുക്കൽനിന്ന്‌ കണക്കി​ല​ധി​കം മാറി​പ്പോ​യി​രു​ന്നെ​ങ്കി​ലോ, നിങ്ങൾ തണുത്തു വിറയ്‌ക്കു​മാ​യി​രു​ന്നു.

2 പകൽ സമയത്ത്‌ നമുക്കു ചൂടു പകരുന്ന ഒരു “തീ” ഉണ്ട്‌. ആ “തീ” കത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ ഏതാണ്ട്‌ 15 കോടി കിലോ​മീ​റ്റർ അകലെ​യാണ്‌! * അത്ര അകലത്തിൽനിന്ന്‌ നിങ്ങൾക്കു സൂര്യന്റെ ചൂട്‌ അനുഭ​വ​പ്പെ​ട​ണ​മെ​ങ്കിൽ അതിന്‌ എന്തുമാ​ത്രം ശക്തി ഉണ്ടായി​രി​ക്ക​ണം! അതേസ​മ​യം, ഭൂമി കൃത്യ​മാ​യ അകലത്തിൽ ആ അതിഗം​ഭീ​ര തെർമോ​ന്യൂ​ക്ലി​യർ ചൂളയെ വലം​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതി​നോട്‌ കണക്കി​ല​ധി​കം അടുത്തു​പോ​യാൽ ഭൂമി​യി​ലെ വെള്ളം ആവിയാ​യി​പ്പോ​കും; കണക്കി​ല​ധി​കം അകന്നു​പോ​യാൽ വെള്ളം ഉറഞ്ഞു​പോ​കും. ഏതു വിധത്തിൽ സംഭവി​ച്ചാ​ലും നമ്മുടെ ഭൂഗോ​ളം നിർജീ​വ​മാ​യി​ത്തീ​രും. സൂര്യ​പ്ര​കാ​ശം ഭൂമി​യി​ലെ ജീവന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. അത്‌ ശുദ്ധവും പ്രയോ​ജ​ന​ക​ര​വു​മാണ്‌. അത്‌ മനുഷ്യർക്ക്‌ ഉന്മേഷം പകരുന്നു.—സഭാ​പ്ര​സം​ഗി 11:7.

‘യഹോവ വെളി​ച്ച​ത്തെ​യും സൂര്യ​നെ​യും ചമെച്ചു’

3. സൂര്യൻ ഏതു പ്രധാ​ന​പ്പെട്ട സത്യത്തി​നു സാക്ഷ്യം നൽകുന്നു?

3 എന്നിരു​ന്നാ​ലും, തങ്ങളുടെ ജീവൻ സൂര്യനെ ആശ്രയി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ പോലും മിക്കവ​രും അതിനെ നിസ്സാ​ര​മാ​യി എടുക്കു​ന്നു. അങ്ങനെ, സൂര്യൻ നമ്മെ പഠിപ്പി​ക്കു​ന്ന സംഗതി അവർക്കു മനസ്സി​ലാ​ക്കാൻ കഴിയാ​തെ പോകു​ന്നു. യഹോ​വ​യെ കുറിച്ചു ബൈബിൾ പറയുന്നു: “വെളി​ച്ച​ത്തെ​യും സൂര്യ​നെ​യും നീ ചമെച്ചി​രി​ക്കു​ന്നു.” (സങ്കീർത്ത​നം 74:16) അതേ, ‘ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കിയ’ യഹോ​വ​യ്‌ക്കു സൂര്യൻ ബഹുമതി കൈവ​രു​ത്തു​ന്നു. (സങ്കീർത്ത​നം 19:1; 146:6) യഹോ​വ​യു​ടെ ബൃഹത്തായ സൃഷ്ടി​പ്പിൻശ​ക്തി​യെ കുറിച്ചു നമ്മെ പഠിപ്പി​ക്കു​ന്ന അസംഖ്യം ആകാശ​ഗോ​ള​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ അത്‌. അവയിൽ ചിലതി​നെ​യും തുടർന്ന്‌ ഭൂമി​യെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും നമുക്ക്‌ അടുത്തു പരി​ശോ​ധി​ക്കാം.

“നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ”

4, 5. സൂര്യന്റെ ശക്തി​യെ​യും വലുപ്പ​ത്തെ​യും കുറിച്ച്‌ എന്തു പറയാൻ കഴിയും, എന്നാൽ മറ്റു ചില നക്ഷത്ര​ങ്ങ​ളോ​ടു​ള്ള താരത​മ്യ​ത്തിൽ സൂര്യനെ കുറിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

4 നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നമ്മുടെ സൂര്യൻ ഒരു നക്ഷത്ര​മാണ്‌. രാത്രി​യിൽ പ്രത്യ​ക്ഷ​മാ​കു​ന്ന നക്ഷത്ര​ങ്ങ​ളെ​ക്കാൾ വലുതാ​യി അതു കാണ​പ്പെ​ടു​ന്നത്‌, അവയെ അപേക്ഷിച്ച്‌ അതു വളരെ അടുത്താ​യ​തു​കൊ​ണ്ടാണ്‌. സൂര്യന്റെ ശക്തിയെ കുറിച്ച്‌ എന്ത്‌ പറയാൻ കഴിയും? സൂര്യന്റെ ഉൾക്കാ​മ്പി​ലെ ചൂട്‌ ഏതാണ്ട്‌ 1,50,00,000 ഡിഗ്രി സെൽഷ്യസ്‌ ആണ്‌. സൂര്യന്റെ ഉൾക്കാ​മ്പിൽനിന്ന്‌ കടുകു​മ​ണി​യോ​ളം വലുപ്പ​ത്തിൽ ഒരു കഷണം അടർത്തി​യെ​ടുത്ത്‌ ഇവിടെ ഭൂമി​യിൽ വെക്കാൻ കഴിഞ്ഞാൽ, ആ കൊച്ചു താപ ഉറവിന്റെ 140 കിലോ​മീ​റ്റർ ചുറ്റു​വ​ട്ടത്ത്‌ നിങ്ങൾക്കു സുരക്ഷി​ത​മാ​യി നിൽക്കാൻ കഴിയില്ല! അനേകം കോടി ന്യൂക്ലി​യർ ബോം​ബു​കൾ പൊട്ടി​ത്തെ​റി​ക്കു​മ്പോൾ ഉണ്ടാകു​ന്ന​തി​നു തുല്യ​മാ​യ ഊർജ​മാണ്‌ ഓരോ സെക്കൻഡി​ലും സൂര്യ​നിൽനിന്ന്‌ നിർഗ​മി​ക്കു​ന്നത്‌.

5 നമ്മുടെ ഭൂമി​യു​ടെ വലുപ്പ​മു​ള്ള 13,00,000 ഗ്രഹങ്ങളെ ഉൾക്കൊ​ള്ളാൻ കഴിയും​വി​ധം സൂര്യൻ അത്ര വലുതാണ്‌. എന്നാൽ സൂര്യൻ അസാധാ​രണ വലുപ്പ​മു​ള്ള ഒരു നക്ഷത്ര​മാ​ണോ? അല്ല, ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞർ അതിനെ വിളി​ക്കു​ന്നത്‌ മഞ്ഞക്കുള്ളൻ എന്നാണ്‌. “നക്ഷത്ര​വും നക്ഷത്ര​വും തമ്മിൽ തേജസ്സു​കൊ​ണ്ടു ഭേദം ഉണ്ടല്ലോ” എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ എഴുതി. (1 കൊരി​ന്ത്യർ 15:41) ആ നിശ്വ​സ്‌ത വാക്കുകൾ എത്ര സത്യമാ​യി​രു​ന്നെന്ന്‌ അവന്‌ അറിയി​ല്ലാ​യി​രു​ന്നി​രി​ക്കാം. സൂര്യന്റെ സ്ഥാനത്തു വെച്ചാൽ നമ്മുടെ ഭൂമി അതിന​ക​ത്തു വരത്തക്ക​വ​ണ്ണം അത്ര വലുപ്പ​മു​ള്ള ഒരു നക്ഷത്ര​മുണ്ട്‌. അതേ സ്ഥാനത്തു വെക്കു​ന്ന​പ​ക്ഷം ശനി വരെയുള്ള ദൂരം കയ്യടക്കാൻ തക്ക വലുപ്പ​മു​ള്ള വേറൊ​രു നക്ഷത്ര​വു​മുണ്ട്‌—ശക്തമായ ഒരു കൈ​ത്തോ​ക്കിൽനി​ന്നു പായുന്ന വെടി​യു​ണ്ട​യു​ടെ 40 മടങ്ങു വേഗത്തിൽ സഞ്ചരിച്ച ഒരു ബഹിരാ​കാ​ശ​വാ​ഹ​ന​ത്തിന്‌ ഭൂമി​യിൽനി​ന്നു ശനി​ഗ്ര​ഹ​ത്തിൽ എത്താൻ നാലു വർഷം വേണ്ടി​വ​ന്നു എന്ന കാര്യം മനസ്സിൽ പിടി​ക്കു​ക!

6. നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം മനുഷ്യർക്ക്‌ എണ്ണാൻ സാധി​ക്കാ​ത്ത​വി​ധം അത്ര അധിക​മാ​ണെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

6 നക്ഷത്ര​ങ്ങ​ളു​ടെ വലുപ്പ​ത്തെ​ക്കാൾ ഭയാദ​ര​വു​ണർത്തു​ന്ന​താണ്‌ അവയുടെ എണ്ണം. “കടല്‌പു​റ​ത്തെ മണൽ” പോലെ എണ്ണാൻ പ്രയാ​സ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അസംഖ്യം നക്ഷത്രങ്ങൾ ഉണ്ടെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (യിരെ​മ്യാ​വു 33:22) നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു കാണാൻ കഴിയു​ന്ന​തി​നെ​ക്കാൾ വളരെ കൂടുതൽ നക്ഷത്രങ്ങൾ ഉണ്ടെന്നാണ്‌ അതിന്റെ അർഥം. യിരെ​മ്യാ​വി​നെ പോ​ലെ​യു​ള്ള ഒരു ബൈബിൾ എഴുത്തു​കാ​രൻ നിശാ​ന​ഭ​സ്സി​ലേ​ക്കു നോക്കി ദൃശ്യ​ന​ക്ഷ​ത്ര​ങ്ങ​ളെ എണ്ണാൻ ശ്രമി​ച്ചി​രു​ന്നെ​ങ്കിൽത്തന്നെ അവന്‌ ഏതാണ്ടു മൂവാ​യി​രം നക്ഷത്ര​ങ്ങ​ളെ മാത്രമേ എണ്ണാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. കാരണം തെളിഞ്ഞ ഒരു രാത്രി​യിൽ നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു കാണാൻ സാധി​ക്കു​ന്നത്‌ അത്രയും നക്ഷത്ര​ങ്ങ​ളെ മാത്ര​മാണ്‌. വെറും ഒരുപി​ടി മണലിൽ ഉള്ള മണൽത്ത​രി​ക​ളു​ടെ എണ്ണത്തിനു സമമാ​യി​രി​ക്കാം ആ സംഖ്യ. എന്നാൽ, യഥാർഥ​ത്തിൽ കടൽത്തീ​ര​ത്തെ മണൽപോ​ലെ എണ്ണിയാ​ലൊ​ടു​ങ്ങാ​ത്ത​താണ്‌ നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം. * അവയെ എണ്ണാൻ ആർക്കാണു കഴിയുക?

‘അവയെ എല്ലാം [അവൻ] പേർ ചൊല്ലി വിളി​ക്കു​ന്നു’

7. (എ) നമ്മുടെ ക്ഷീരപഥ താരാ​പം​ക്തി​യിൽ ഏകദേശം എത്ര നക്ഷത്ര​ങ്ങ​ളുണ്ട്‌, അത്‌ എത്ര വലിയ സംഖ്യ​യാണ്‌? (ബി) താരാ​പം​ക്തി​ക​ളു​ടെ എണ്ണം തിട്ട​പ്പെ​ടു​ത്താൻ പ്രയാ​സ​മാ​ണെന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു എന്നതു ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഇത്‌ യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

7 യെശയ്യാ​വു 40:26 ഉത്തരം നൽകുന്നു: “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്ക​യും ചെയ്യുന്നു.” സങ്കീർത്ത​നം 147:4 പറയുന്നു: “അവൻ നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം നോക്കു​ന്നു.” “നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം” എത്രയാണ്‌? അത്‌ ലളിത​മാ​യ ഒരു ചോദ്യ​മല്ല. നമ്മുടെ ക്ഷീരപഥ താരാ​പം​ക്തി​യിൽത്ത​ന്നെ 10,000 കോടി​യിൽപ്പ​രം നക്ഷത്ര​ങ്ങ​ളുണ്ട്‌ എന്നു ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞർ കണക്കാ​ക്കു​ന്നു. * എന്നാൽ നമ്മു​ടേത്‌ അനേകം താരാ​പം​ക്തി​ക​ളിൽ ഒന്നു മാത്ര​മാണ്‌. പല താരാ​പം​ക്തി​ക​ളി​ലും അതിൽ കൂടുതൽ നക്ഷത്രങ്ങൾ ഉണ്ട്‌. എത്ര താരാ​പം​ക്തി​ക​ളാണ്‌ ഉള്ളത്‌? 5,000 കോടി​യോ​ളം എന്നു ചില ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞർ കണക്കാ​ക്കി​യി​രി​ക്കു​ന്നു. 12,500 കോടി​യോ​ളം ഉണ്ടെന്നാണ്‌ മറ്റുചി​ല​രു​ടെ പക്ഷം. താരാ​പം​ക്തി​ക​ളു​ടെ എണ്ണം പോലും മനുഷ്യ​നു തിട്ട​പ്പെ​ടു​ത്താൻ കഴിയു​ന്നി​ല്ല, അപ്പോൾപ്പി​ന്നെ അവയിൽ അടങ്ങി​യി​ട്ടു​ള്ള ശതകോ​ടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങ​ളു​ടെ എണ്ണത്തിന്റെ കാര്യം പറയാ​നു​ണ്ടോ? എന്നാൽ യഹോ​വ​യ്‌ക്ക്‌ ആ എണ്ണം അറിയാം. മാത്ര​വു​മല്ല, അവൻ ഓരോ നക്ഷത്ര​ത്തി​നും പേര്‌ കൊടു​ത്തി​രി​ക്കു​ന്നു!

8. (എ) ക്ഷീരപഥ താരാ​പം​ക്തി​യു​ടെ വലുപ്പത്തെ നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും? (ബി) എന്ത്‌ ഉപയോ​ഗി​ച്ചാണ്‌ യഹോവ ജ്യോ​തിർഗോ​ള​ങ്ങ​ളു​ടെ ചലനത്തെ ക്രമീ​ക​രി​ക്കു​ന്നത്‌?

8 താരാ​പം​ക്തി​ക​ളു​ടെ വലുപ്പത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, ദൈവ​ത്തോ​ടു തോന്നുന്ന നമ്മുടെ ഭയാദ​രവ്‌ ഒന്നുകൂ​ടെ വർധി​ക്കും. ക്ഷീരപഥ താരാ​പം​ക്തി​യു​ടെ കുറു​കെ​യു​ള്ള നീളം ഏതാണ്ട്‌ 1,00,000 പ്രകാശ വർഷം ആണെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സെക്കൻഡിൽ 3,00,000 കിലോ​മീ​റ്റർ വേഗത്തിൽ സഞ്ചരി​ക്കു​ന്ന ഒരു പ്രകാശ കിരണ​ത്തി​ന്റെ കാര്യ​മെ​ടു​ക്കു​ക. നമ്മുടെ താരാ​പം​ക്തി​ക്കു കുറുകെ സഞ്ചരി​ക്കാൻ ആ കിരണം 1,00,000 വർഷ​മെ​ടു​ക്കും! ചില താരാ​പം​ക്തി​കൾ നമ്മുടെ താരാ​പം​ക്തി​യെ​ക്കാൾ അനേകം മടങ്ങു വലുപ്പ​മു​ള്ള​വ​യാണ്‌. വിസ്‌തൃ​ത​മാ​യ ഈ ആകാശത്തെ യഹോവ കേവലം ഒരു ശീല​യെ​ന്ന​വ​ണ്ണം ‘വിരി​ക്കു​ന്ന’തായി ബൈബിൾ പറയുന്നു. (സങ്കീർത്ത​നം 104:2) ഈ സൃഷ്ടി​ക​ളു​ടെ ചലനങ്ങ​ളെ​യും അവൻ ക്രമീ​ക​രി​ക്കു​ന്നു. ഏറ്റവും ചെറിയ നക്ഷത്രാ​ന്ത​രീ​യ ധൂളി (interstellar dust) മുതൽ ഏറ്റവും വലിയ താരാ​പം​ക്തി വരെ, എല്ലാം ദൈവം സ്ഥാപി​ച്ചി​രി​ക്കു​ന്ന ഭൗതിക നിയമ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യാ​ണു ചലിക്കു​ന്നത്‌. (ഇയ്യോബ്‌ 38:31-33) ജ്യോ​തിർഗോ​ള​ങ്ങ​ളു​ടെ സൂക്ഷ്‌മ ചലനങ്ങളെ ബാലേ പോലുള്ള ഒരു സങ്കീർണ നൃത്തരൂ​പ​ത്തി​ന്റെ ചലനവ്യ​വ​സ്ഥ​ക​ളോട്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ ഉപമി​ച്ചി​ട്ടുണ്ട്‌. അപ്പോൾ, ഇവയു​ടെ​യെ​ല്ലാം സ്രഷ്ടാ​വി​നെ കുറിച്ചു ചിന്തി​ക്കു​ക. ഇത്ര ബൃഹത്തായ സൃഷ്ടി​പ്പിൻശ​ക്തി​യു​ള്ള ദൈവ​ത്തോട്‌ നിങ്ങൾക്കു ഭയാദ​ര​വു തോന്നു​ന്നി​ല്ലേ?

‘തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടി​ച്ച​വൻ’

9, 10. നമ്മുടെ സൗരയൂ​ഥം, വ്യാഴം, ഭൂമി, ചന്ദ്രൻ എന്നിവ​യു​ടെ സ്ഥാന​ത്തോ​ടു​ള്ള ബന്ധത്തിൽ യഹോ​വ​യു​ടെ ശക്തി പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി നമ്മുടെ ഭവനമായ ഭൂമി​യിൽ തെളി​ഞ്ഞു​കാ​ണാം. വിസ്‌തൃ​ത​മാ​യ ഈ അഖിലാ​ണ്ഡ​ത്തിൽ അവൻ വളരെ ശ്രദ്ധാ​പൂർവം ഭൂമിയെ സ്ഥാപി​ച്ചി​രി​ക്കു​ന്നു. ഭൂമിയെ പോലുള്ള ഒരു ജീവവാ​ഹക ഗ്രഹത്തെ ഉൾക്കൊ​ള്ളാൻ അനു​യോ​ജ്യ​മാ​യ പരിതഃ​സ്ഥി​തി​യല്ല അനേകം താരാ​പം​ക്തി​ക​ളി​ലും ഉള്ളതെന്ന്‌ ചില ശാസ്‌ത്ര​ജ്ഞ​ന്മാർ വിശ്വ​സി​ക്കു​ന്നു. നമ്മുടെ ക്ഷീരപ​ഥ​ത്തി​ന്റെ​ത​ന്നെ അധിക​ഭാ​ഗ​വും ജീവന്റെ നിലനിൽപ്പി​നെ പിന്തു​ണ​യ്‌ക്കാൻ രൂപകൽപ്പന ചെയ്‌തി​ട്ടു​ള്ള​തല്ല. ക്ഷീരപഥ കേന്ദ്രം നക്ഷത്ര​നി​ബി​ഡ​മാണ്‌. വികി​ര​ണ​ത്തി​ന്റെ അളവ്‌ ഇവിടെ വളരെ ഉയർന്ന​താണ്‌. നക്ഷത്രങ്ങൾ തമ്മിൽ കൂട്ടി​യി​ടി​ക്ക​ത്തക്ക അകലത്തിൽ വരുന്നതു സാധാ​ര​ണ​മാണ്‌. ക്ഷീരപ​ഥ​ത്തി​ന്റെ അതിർത്തി​ക​ളിൽ ജീവന്‌ അത്യന്താ​പേ​ക്ഷി​ത​മാ​യ മൂലകങ്ങൾ സ്ഥിതി ചെയ്യു​ന്നി​ല്ല. എന്നാൽ നമ്മുടെ സൗരയൂ​ഥം തികച്ചും അനു​യോ​ജ്യ​മാ​യ ഒരു സ്ഥാനത്ത്‌ സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

10 വിദൂ​ര​ത്തു​ള്ള​തെ​ങ്കി​ലും ഭീമാ​കാ​ര​നാ​യ ഒരു സംരക്ഷ​ക​നിൽനിന്ന്‌—വ്യാഴ​ത്തിൽനിന്ന്‌—ഭൂമി പ്രയോ​ജ​ന​ങ്ങൾ അനുഭ​വി​ക്കു​ന്നുണ്ട്‌. ഭൂമി​യെ​ക്കാൾ ആയിര​ത്തി​ല​ധി​കം മടങ്ങു വലുപ്പ​മു​ള്ള ഈ ഗ്രഹം അതിശ​ക്ത​മാ​യ ഗുരു​ത്വ​പ്ര​ഭാ​വം ചെലു​ത്തു​ന്നു. ഫലമോ? ശൂന്യാ​കാ​ശ​ത്തി​ലൂ​ടെ പായുന്ന വസ്‌തു​ക്ക​ളെ അതു വലി​ച്ചെ​ടു​ക്കു​ക​യോ വ്യതി​ച​ലി​പ്പി​ക്കു​ക​യോ ചെയ്യുന്നു. ഈ ഗ്രഹം ഇല്ലെങ്കിൽ, ഭൂമി​മേൽ വന്നിടി​ക്കു​ന്ന ഘനമേ​റി​യ വസ്‌തു​ക്ക​ളു​ടെ വൃഷ്ടി ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ 10,000-ത്തിൽപ്പരം മടങ്ങു കഠിന​മാ​യി​രി​ക്കും. നമ്മുടെ ഭൂമിക്ക്‌, അതിന്റെ തൊട്ട​ടു​ത്തു സ്ഥിതി​ചെ​യ്യു​ന്ന ഒരു അസാധാ​രണ ഉപഗ്ര​ഹ​മാ​യ ചന്ദ്രനിൽനി​ന്നും പ്രയോ​ജ​നം ലഭിക്കു​ന്നുണ്ട്‌. മനോ​ഹ​ര​മാ​യ ഒരു “നിശാ​ദീ​പം” എന്നതി​ലു​പ​രി, ഭൂമിയെ സ്ഥിരമായ ഒരു ചെരി​വോ​ടെ സദാ നില​കൊ​ള്ളാൻ സഹായി​ക്കു​ന്ന ഒരു ഉപഗ്ര​ഹ​മാണ്‌ ചന്ദ്രൻ. ആ ചെരിവ്‌ ഭൂമി​യിൽ സ്ഥിരവും മുൻകൂ​ട്ടി പറയാ​നാ​വു​ന്ന​തു​മാ​യ ഋതുഭേദങ്ങൾ സാധ്യ​മാ​ക്കു​ന്നു. അതേ, ഇവിടത്തെ ജീവജാ​ല​ങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്ന മറ്റൊരു അനു​ഗ്ര​ഹം!

11. ഭൂമി​യു​ടെ അന്തരീക്ഷം ഒരു സംരക്ഷക കവചമാ​യി ഉപകരി​ക്കാൻ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

11 യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി ഭൂമി​യു​ടെ രൂപകൽപ്പ​ന​യു​ടെ ഏതു വശത്തും പ്രകട​മാണ്‌. ഒരു സംരക്ഷക കവചമാ​യി വർത്തി​ക്കു​ന്ന അന്തരീ​ക്ഷ​ത്തെ കുറിച്ചു പരിചി​ന്തി​ക്കു​ക. സൂര്യൻ ആരോ​ഗ്യാ​വ​ഹ​മാ​യ രശ്‌മി​ക​ളും മാരക​മാ​യ രശ്‌മി​ക​ളും പ്രസരി​പ്പി​ക്കു​ന്നുണ്ട്‌. മാരക​മാ​യ രശ്‌മി​കൾ ഭൂമി​യു​ടെ മേലന്ത​രീ​ക്ഷ​ത്തിൽ പതിക്കു​മ്പോൾ സാധാരണ ഓക്‌സി​ജൻ ഓസോൺ ആയി മാറുന്നു. തത്‌ഫ​ല​മാ​യി ഉണ്ടാകുന്ന ഓസോൺ പാളി​യാ​ക​ട്ടെ, ആ രശ്‌മി​ക​ളിൽ അധിക​ത്തെ​യും ആഗിരണം ചെയ്യുന്നു. ഫലത്തിൽ, നമ്മുടെ ഗ്രഹം ഒരു സംരക്ഷ​ക​കു​ട സഹിത​മാണ്‌ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌.

12. അന്തരീക്ഷ ജലപരി​വൃ​ത്തി യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യെ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

12 നമ്മുടെ അന്തരീ​ക്ഷ​ത്തി​ന്റെ, അതായത്‌ ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽ അല്ലെങ്കിൽ അതിന​ടു​ത്തു വസിക്കുന്ന ജീവി​ക​ളു​ടെ നിലനിൽപ്പി​നു സഹായി​ക്കു​ന്ന സങ്കീർണ വാതക മിശ്രി​ത​ത്തി​ന്റെ, ഒരു വശം മാത്ര​മാ​ണു നാം കണ്ടത്‌. അന്തരീ​ക്ഷ​ത്തി​ലെ അത്ഭുത​ങ്ങ​ളിൽ ഒന്നാണ്‌ ജലപരി​വൃ​ത്തി. ഭൂമി​യി​ലെ സമു​ദ്ര​ങ്ങ​ളിൽനിന്ന്‌ ഓരോ വർഷവും സൂര്യൻ 4,00,000-ത്തിൽപ്പരം ഘന കിലോ​മീ​റ്റർ വെള്ളം നീരാ​വി​യാ​ക്കി ഉയർത്തു​ന്നു. ഈ വെള്ളം മേഘങ്ങ​ളാ​യി രൂപം​കൊ​ള്ളു​ന്നു. അന്തരീ​ക്ഷ​ത്തി​ലെ കാറ്റ്‌ അവയെ പല ദിശക​ളി​ലേ​ക്കു വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. അരിച്ചു ശുദ്ധി​യാ​ക്ക​പ്പെ​ടു​ന്ന ഈ വെള്ളം മഴയും മഞ്ഞും ഹിമവു​മാ​യി താഴേക്ക്‌ പതിക്കു​ന്നു, അങ്ങനെ ജലാശ​യ​ങ്ങൾ പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു. അത്‌ സഭാ​പ്ര​സം​ഗി 1:7 പറയു​ന്ന​തു​പോ​ലെ തന്നെയാണ്‌: “സകലന​ദി​ക​ളും സമു​ദ്ര​ത്തി​ലേ​ക്കു ഒഴുകി​വീ​ഴു​ന്നു; എന്നിട്ടും സമുദ്രം നിറയു​ന്നി​ല്ല; നദികൾ ഒഴുകി​വീ​ഴു​ന്ന ഇടത്തേക്കു പിന്നെ​യും പിന്നെ​യും ചെല്ലുന്നു.” യഹോ​വ​യ്‌ക്കു മാത്രമേ അത്തര​മൊ​രു പരിവൃ​ത്തി ക്രമീ​ക​രി​ക്കാൻ കഴിയു​ക​യു​ള്ളൂ.

13. ഭൂമി​യി​ലെ സസ്യങ്ങ​ളി​ലും അതിലെ മണ്ണിലും സ്രഷ്ടാ​വി​ന്റെ ശക്തിയു​ടെ എന്തു തെളിവു നാം കാണുന്നു?

13 ജീവൻ എവി​ടെ​യെ​ല്ലാം കാണു​ന്നു​വോ അവി​ടെ​യെ​ല്ലാം നാം സ്രഷ്ടാ​വി​ന്റെ ശക്തിയു​ടെ തെളി​വും ദർശി​ക്കു​ന്നു. 30 നില കെട്ടി​ട​ങ്ങ​ളെ​ക്കാൾ പൊക്ക​ത്തിൽ തല ഉയർത്തി നിൽക്കുന്ന പടുകൂ​റ്റൻ റെഡ്‌വുഡ്‌ വൃക്ഷങ്ങ​ളിൽ തുടങ്ങി സമു​ദ്ര​ങ്ങ​ളിൽ സമൃദ്ധ​മാ​യി കാണു​ന്ന​തും നമ്മൾ ശ്വസി​ക്കു​ന്ന ഓക്‌സി​ജ​ന്റെ അധിക​ഭാ​ഗ​വും പ്രദാനം ചെയ്യു​ന്ന​തു​മാ​യ സൂക്ഷ്‌മ സസ്യജീ​വ​നിൽ വരെ യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി പ്രകട​മാണ്‌. മണ്ണിൽത്ത​ന്നെ വിവിധ ജീവരൂ​പ​ങ്ങൾ ഉണ്ട്‌—വിരകൾ, പൂപ്പൽ, സൂക്ഷ്‌മാ​ണു​ക്കൾ എന്നിങ്ങനെ അനേക​മ​നേ​കം ജീവികൾ. ഇവയെ​ല്ലാം ചേർന്ന്‌ സങ്കീർണ​മാ​യ വിധങ്ങ​ളിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ സസ്യങ്ങ​ളു​ടെ വളർച്ച​യ്‌ക്കു സഹായി​ക്കു​ന്നു. മണ്ണിനു വീര്യ​മു​ണ്ടെന്ന്‌ ബൈബിൾ പറയു​ന്ന​തു തികച്ചും ഉചിത​മാണ്‌.—ഉല്‌പത്തി 4:12.

14. ചെറിയ ആറ്റത്തിൽ പോലും എത്രമാ​ത്രം ശക്തി അടങ്ങി​യി​രി​ക്കു​ന്നു?

14 ‘തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടി​ച്ച​വൻ’ ആണ്‌ യഹോവ എന്നതിനു സംശയ​മി​ല്ല. (യിരെ​മ്യാ​വു 10:12) ദൈവ​ത്തി​ന്റെ ഏറ്റവും ചെറിയ സൃഷ്ടി​ക​ളിൽ പോലും അവന്റെ ശക്തി തെളി​ഞ്ഞു​കാ​ണാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദശലക്ഷം ആറ്റങ്ങൾ നിരയാ​യി ചേർത്തു​വെ​ച്ചാൽ നമ്മുടെ തലനാ​രി​ഴ​യു​ടെ വണ്ണം വരുക​യി​ല്ല. ഒരു ആറ്റത്തെ ഒരു പതിന്നാ​ലു നില കെട്ടി​ട​ത്തി​ന്റെ ഉയരത്തിൽ വികസി​പ്പി​ക്കാൻ കഴിഞ്ഞാൽ അതിന്റെ അണു​കേ​ന്ദ്ര​ത്തിന്‌ ഏഴാം നിലയി​ലി​രി​ക്കു​ന്ന ഒരു ഉപ്പുത​രി​യോ​ളം വലുപ്പമേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. എന്നാൽപ്പോ​ലും, ഒരു അണുസ്‌ഫോ​ട​ന​ത്താൽ ഉത്സർജി​ക്ക​പ്പെ​ടു​ന്ന അതിഭ​യ​ങ്കര ശക്തിയു​ടെ ഉറവ്‌ ആ അതിസൂ​ക്ഷ്‌മ അണു​കേ​ന്ദ്ര​മാണ്‌!

“ജീവനു​ള്ള​തൊ​ക്കെ​യും”

15. വിവിധ കാട്ടു​മൃ​ഗ​ങ്ങ​ളെ കുറിച്ചു ചർച്ച ചെയ്‌തു​കൊണ്ട്‌ ഏതു വസ്‌തുത മനസ്സി​ലാ​ക്കാൻ യഹോവ ഇയ്യോ​ബി​നെ സഹായി​ച്ചു?

15 യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യു​ടെ ഉജ്ജ്വല​മാ​യ മറ്റൊരു തെളിവ്‌ ഭൂമി​യി​ലെ സമൃദ്ധ​മാ​യ ജീവജാ​ല​ങ്ങ​ളിൽ കാണാം. 148-ാം സങ്കീർത്ത​ന​ത്തിൽ യഹോ​വ​യ്‌ക്കു ബഹുമതി കൈവ​രു​ത്തു​ന്ന ജീവി​ക​ളു​ടെ ഒരു നീണ്ട പട്ടിക​ത​ന്നെ നാം കാണുന്നു. 10-ാം വാക്യം ‘സകല മൃഗങ്ങ​ളെ​യും കന്നുകാ​ലി​ക​ളെ​യും’ ഉൾപ്പെ​ടു​ത്തു​ന്നു. മനുഷ്യന്‌ സ്രഷ്ടാ​വി​നോ​ടു ഭയഭക്തി ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ കാരണം വ്യക്തമാ​ക്കാൻ യഹോവ ഒരിക്കൽ സിംഹം, വരയൻ കുതിര [NW], കാട്ടു​കാ​ള, നദീഹയം (അല്ലെങ്കിൽ ഹിപ്പ​പ്പൊ​ട്ടാ​മസ്‌), മഹാന​ക്രം (തെളി​വ​നു​സ​രിച്ച്‌ മുതല) എന്നിങ്ങ​നെ​യു​ള്ള മൃഗങ്ങളെ കുറിച്ച്‌ ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ചു. ആശയം എന്തായി​രു​ന്നു? കരുത്തുറ്റ, ഭയങ്കര​ന്മാ​രാ​യ, ഇണങ്ങാത്ത, ഈ ജന്തുക്കൾ മനുഷ്യ​നിൽ ഭയാശ്ച​ര്യം ഉണർത്തു​ന്നെ​ങ്കിൽ അവയുടെ സ്രഷ്ടാ​വി​നെ അവൻ എങ്ങനെ വീക്ഷി​ക്ക​ണം?—ഇയ്യോബ്‌ 38-41 അധ്യാ​യ​ങ്ങൾ.

16. യഹോവ സൃഷ്ടി​ച്ചി​രി​ക്കു​ന്ന ചില പക്ഷിക​ളു​ടെ കാര്യ​ത്തിൽ എന്തു നിങ്ങളിൽ മതിപ്പു​ള​വാ​ക്കു​ന്നു?

16 ‘ചിറകുള്ള പക്ഷികളെ’ കുറി​ച്ചും സങ്കീർത്ത​നം 148:10 [NW] പറയുന്നു. വിവിധ ഇനങ്ങളെ കുറിച്ചു ചിന്തി​ക്കു​ക! ‘കുതി​ര​യെ​യും പുറത്തു കയറി​യ​വ​നെ​യും പരിഹ​സി​ക്കു​ന്ന’ ഒട്ടകപ്പ​ക്ഷി​യെ കുറിച്ച്‌ യഹോവ ഇയ്യോ​ബി​നോ​ടു പറഞ്ഞു. 2.5 മീറ്റർ നീളമുള്ള ഈ പക്ഷിക്ക്‌ പറക്കാൻ കഴിവില്ല എന്നതു ശരിയാണ്‌. എന്നാൽ അതിന്‌ മണിക്കൂ​റിൽ 65 കിലോ​മീ​റ്റർ വേഗത്തിൽ ഓടാൻ കഴിയും, ഒറ്റ കുതി​പ്പിൽ 4.5 മീറ്റർ വരെ അതിനു പിന്നി​ടാ​നാ​വും! (ഇയ്യോബ്‌ 39:13, 18) ഇനി, ആൽബ​ട്രോ​സി​നെ കുറിച്ചു ചിന്തി​ക്കു​ക. ജീവി​ത​ത്തി​ന്റെ ഏറിയ ഭാഗവും അത്‌ കടലി​ന്മീ​തെ വായു​വി​ലാ​ണു ചെലവ​ഴി​ക്കു​ന്നത്‌. പ്രകൃ​തി​യി​ലെ എഞ്ചിനി​ല്ലാ​ത്ത ഒരു വിമാ​ന​മെ​ന്നു വിശേ​ഷി​പ്പി​ക്കാ​വു​ന്ന ഈ പക്ഷിയു​ടെ ചിറകു​വി​രിവ്‌ ഏതാണ്ടു മൂന്നു മീറ്ററാണ്‌. ചിറക​ടി​ക്കാ​തെ​ത​ന്നെ മണിക്കൂ​റു​ക​ളോ​ളം തുടർച്ച​യാ​യി പറക്കാൻ അതിനു കഴിയും. എന്നാൽ ലോക​ത്തി​ലെ ഏറ്റവും ചെറിയ പക്ഷിയായ, അഞ്ച്‌ സെന്റി​മീ​റ്റർ മാത്രം നീളമുള്ള തേനീച്ച-മൂളി​പ്പ​ക്ഷി സെക്കൻഡിൽ 80 പ്രാവ​ശ്യം ചിറക​ടി​ച്ചേ​ക്കാം! ചിറകുള്ള ചെറിയ രത്‌നങ്ങൾ പോലെ മിന്നുന്ന മൂളി​പ്പ​ക്ഷി​കൾക്ക്‌ ഹെലി​ക്കോ​പ്‌റ്റ​റു​കൾ പോലെ പറന്നു​നിൽക്കാ​നാ​കും, എന്തിന്‌ പുറ​കോ​ട്ടു പറക്കാൻ പോലും അവയ്‌ക്കു കഴിയും.

17. നീലത്തി​മിം​ഗ​ലം എത്ര വലുതാണ്‌, യഹോവ സൃഷ്ടിച്ച ജീവി​ക​ളെ കുറിച്ചു വിചി​ന്ത​നം ചെയ്‌ത ശേഷം നാം സ്വാഭാ​വി​ക​മാ​യി എന്തു നിഗമ​ന​ത്തി​ലെ​ത്തു​ന്നു?

17 “തിമിം​ഗ​ല​ങ്ങ​ളും” യഹോ​വ​യെ സ്‌തു​തി​ക്കു​ന്നു​വെന്ന്‌ സങ്കീർത്ത​നം 148:7 പറയുന്നു. ഈ ഗ്രഹത്തിൽ ഇതുവരെ ജീവി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ജീവി​യെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്ന നീലത്തി​മിം​ഗ​ല​ത്തെ കുറിച്ചു ചിന്തി​ക്കു​ക. സമു​ദ്ര​ത്തിൽ വസിക്കുന്ന ഈ കൂറ്റൻ ജീവിക്ക്‌ 30 മീറ്ററോ അതിൽ കൂടു​ത​ലോ നീളം കണ്ടേക്കാം. പൂർണ വളർച്ച​യെ​ത്തി​യ 30 ആനകളു​ടെ തൂക്കം അതിനു​ണ്ടാ​യി​രി​ക്കാം. അതിന്റെ നാക്കി​നു​ത​ന്നെ ഒരു ആനയുടെ തൂക്കമുണ്ട്‌. അതിന്റെ ഹൃദയ​ത്തിന്‌ ഒരു ചെറിയ കാറിന്റെ വലുപ്പ​മുണ്ട്‌. ഈ വലിയ അവയവം മിനി​ട്ടിൽ 9 തവണ മാത്രമേ മിടി​ക്കു​ന്നു​ള്ളൂ—എന്നാൽ ഒരു മൂളി​പ്പ​ക്ഷി​യു​ടെ ഹൃദയം മിനി​ട്ടിൽ ഏതാണ്ട്‌ 1,200 പ്രാവ​ശ്യം മിടി​ക്കു​ന്നു. നീലത്തി​മിം​ഗ​ല​ത്തി​ന്റെ രക്തക്കു​ഴ​ലു​ക​ളിൽ ഒന്നെങ്കി​ലും ഒരു കുട്ടിക്ക്‌ ഇഴഞ്ഞു​ക​യ​റാൻതക്ക വലുപ്പ​മു​ള്ള​താണ്‌. തീർച്ച​യാ​യും, “ജീവനു​ള്ള​തൊ​ക്കെ​യും യഹോ​വ​യെ സ്‌തു​തി​ക്ക​ട്ടെ” എന്ന സങ്കീർത്ത​ന​പ്പു​സ്‌ത​ക​ത്തി​ലെ ഉപസം​ഹാ​ര വാക്കുകൾ പ്രതി​ധ്വ​നി​പ്പി​ക്കാൻ നമ്മുടെ ഹൃദയം നമ്മെ പ്രേരി​പ്പി​ക്കു​ന്നു.—സങ്കീർത്ത​നം 150:6.

യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യിൽനി​ന്നു പഠിക്കുക

18, 19. ഭൂമി​യിൽ യഹോവ ഉണ്ടാക്കി​യി​ട്ടു​ള്ള ജീവജാ​ല​ങ്ങൾ എത്ര വൈവി​ധ്യ​മാർന്ന​താണ്‌, സൃഷ്ടി അവന്റെ പരമാ​ധി​കാ​ര​ത്തെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

18 യഹോവ തന്റെ സൃഷ്ടി​പ്പിൻശ​ക്തി ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു നാം എന്തു പഠിക്കു​ന്നു? സൃഷ്ടി​യു​ടെ വൈവി​ധ്യം നമ്മിൽ ഭയാദ​ര​വു​ണർത്തു​ന്നു. ഒരു സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! . . . ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു.” (സങ്കീർത്ത​നം 104:24) എത്ര സത്യം! ജീവശാ​സ്‌ത്ര​ജ്ഞ​ന്മാർ പത്തു ലക്ഷത്തിൽപ്പ​രം ജീവി​വർഗ​ങ്ങ​ളെ തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌; എന്നാൽ അവയുടെ എണ്ണം ഒരു കോടി​യാണ്‌, മൂന്നു കോടി​യാണ്‌, അതിൽ കൂടു​ത​ലാണ്‌ എന്നിങ്ങനെ വ്യത്യ​സ്‌ത അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. ചില​പ്പോൾ തന്റെ സർഗശക്തി നഷ്ടപ്പെ​ടു​ന്ന​താ​യി ഒരു മനുഷ്യ​ക​ലാ​കാ​രൻ കണ്ടെത്തി​യേ​ക്കാം. അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, യഹോ​വ​യു​ടെ സർഗശക്തി—പുതി​യ​തും വൈവി​ധ്യ​മാർന്ന​തു​മായ സൃഷ്ടികൾ നടത്താ​നു​ള്ള അവന്റെ ശക്തി—ഒരിക്ക​ലും നിലച്ചു​പോ​കു​ന്നി​ല്ല.

19 യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യു​ടെ ഉപയോ​ഗം അവന്റെ പരമാ​ധി​കാ​ര​ത്തെ കുറിച്ചു നമ്മെ പഠിപ്പി​ക്കു​ന്നു. “സ്രഷ്ടാവ്‌” എന്ന പദംതന്നെ അഖിലാ​ണ്ഡ​ത്തി​ലെ സകലത്തി​ലും​നിന്ന്‌ യഹോ​വ​യെ വേർതി​രി​ച്ചു നിറു​ത്തു​ന്നു, അവയെ​ല്ലാം “സൃഷ്ടി” ആണ്‌. സൃഷ്ടി​യു​ടെ സമയത്ത്‌ ഒരു “വിദഗ്‌ധ ശിൽപ്പി” ആയി സേവിച്ച, യഹോ​വ​യു​ടെ ഏകജാ​ത​നാ​യ പുത്ര​നെ​പ്പോ​ലും ബൈബി​ളിൽ ഒരിട​ത്തും സ്രഷ്ടാവ്‌ എന്നോ സഹസ്ര​ഷ്ടാവ്‌ എന്നോ വിളി​ക്കു​ന്നി​ല്ല. (സദൃശ​വാ​ക്യ​ങ്ങൾ 8:30, NW; മത്തായി 19:4, 5) മറിച്ച്‌, അവൻ ‘സർവ്വസൃ​ഷ്ടി​ക്കും ആദ്യജാത’നാണ്‌. (കൊ​ലൊ​സ്സ്യർ 1:15) സ്രഷ്ടാവ്‌ എന്ന നിലയി​ലു​ള്ള യഹോ​വ​യു​ടെ സ്ഥാനം മുഴു അഖിലാ​ണ്ഡ​ത്തി​ന്മേ​ലും സമ്പൂർണ പരമാ​ധി​കാ​ര ശക്തി പ്രയോ​ഗി​ക്കാൻ അവന്‌ ഉചിത​മാ​യ അവകാശം നൽകുന്നു.—റോമർ 1:20; വെളി​പ്പാ​ടു 4:11.

20. തന്റെ ഭൗമിക സൃഷ്ടി പൂർത്തി​യാ​ക്കി​യ ശേഷം ഏതർഥ​ത്തിൽ യഹോവ വിശ്ര​മി​ച്ചി​രി​ക്കു​ന്നു?

20 യഹോവ തന്റെ സൃഷ്ടി​പ്പിൻശ​ക്തി ഉപയോ​ഗി​ക്കു​ന്നത്‌ നിറു​ത്തി​യോ? ആറാം സൃഷ്ടി ദിവസം യഹോവ തന്റെ സൃഷ്ടി​കർമം പൂർത്തി​യാ​ക്കി​യ​പ്പോൾ “താൻ ചെയ്‌ത സകല​പ്ര​വൃ​ത്തി​യിൽനി​ന്നും ഏഴാം ദിവസം നിവൃ​ത്ത​നാ​യി [“വിശ്ര​മി​ച്ചു​തു​ട​ങ്ങി,” NW]” എന്ന്‌ ബൈബിൾ പറയുന്നു എന്നതു ശരിയാണ്‌. (ഉല്‌പത്തി 2:2) ഈ “ഏഴാം ദിവസം” ആയിര​ക്ക​ണ​ക്കി​നു വർഷം ദൈർഘ്യം ഉള്ളതാ​ണെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ സൂചി​പ്പി​ച്ചു, കാരണം അത്‌ അവന്റെ നാളി​ലും തുടരു​ക​യാ​യി​രു​ന്നു. (എബ്രായർ 4:3-6) എന്നാൽ ‘വിശ്ര​മി​ക്കു​ന്നു’ എന്നതിന്‌ യഹോവ മുഴു​വ​നാ​യി പ്രവൃത്തി നിറു​ത്തി​യി​രി​ക്കു​ന്നു എന്ന്‌ അർഥമു​ണ്ടോ? ഇല്ല, യഹോവ ഒരിക്ക​ലും പ്രവർത്ത​നം നിറു​ത്തു​ന്നി​ല്ല. (സങ്കീർത്ത​നം 92:4; യോഹ​ന്നാൻ 5:17) അപ്പോൾ അവന്റെ വിശ്രമം കേവലം ഭൂമി​യോ​ടു ബന്ധപ്പെട്ട സൃഷ്ടി പ്രവർത്ത​നം നിറു​ത്തി​യ​തി​നെ ആയിരി​ക്ക​ണം പരാമർശി​ക്കു​ന്നത്‌. തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട അവന്റെ പ്രവൃത്തി മുടക്കം കൂടാതെ തുടർന്നി​രി​ക്കു​ന്നു. വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വ​സ്‌ത​മാ​ക്കൽ അങ്ങനെ​യു​ള്ള പ്രവൃ​ത്തി​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഒരു “പുതിയ സൃഷ്ടി”യെ ഉളവാ​ക്കു​ന്ന​തു​പോ​ലും അവന്റെ പ്രവൃ​ത്തി​യിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. അതിനെ കുറിച്ച്‌ 19-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.—2 കൊരി​ന്ത്യർ 5:17.

21. യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി നിത്യ​ത​യി​ലു​ട​നീ​ളം വിശ്വ​സ്‌ത മനുഷ്യ​രിൽ എന്തു പ്രഭാവം ചെലു​ത്തും?

21 ഒടുവിൽ യഹോ​വ​യു​ടെ വിശ്രമ ദിവസം അവസാ​നി​ക്കു​മ്പോൾ, ആറാം സൃഷ്ടി ദിവസ​ത്തി​ന്റെ അവസാനം അവൻ ചെയ്‌ത​തി​നു സമാന​മാ​യി, ഭൂമി​യി​ലെ അവന്റെ സകല പ്രവൃ​ത്തി​യും “എത്രയും നല്ലത്‌” എന്നു പ്രഖ്യാ​പി​ക്കാൻ അവനു സാധി​ക്കും. (ഉല്‌പത്തി 1:31) അതിനു ശേഷം അവൻ തന്റെ അപരി​മി​ത​മാ​യ സൃഷ്ടി​പ്പിൻശ​ക്തി എങ്ങനെ പ്രയോ​ഗി​ക്കു​മെ​ന്നു നാം കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. എങ്ങനെ​യാ​യാ​ലും, യഹോ​വ​യു​ടെ സൃഷ്ടി​പ്പിൻശ​ക്തി​യു​ടെ ഉപയോ​ഗം നമ്മെ തുടർന്നും വിസ്‌മ​യ​ഭ​രി​ത​രാ​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. നിത്യ​ത​യി​ലു​ട​നീ​ളം നാം യഹോ​വ​യെ കുറിച്ച്‌ അവന്റെ സൃഷ്ടി​യി​ലൂ​ടെ കൂടുതൽ പഠിക്കും. (സഭാ​പ്ര​സം​ഗി 3:11) നാം അവനെ കുറിച്ച്‌ എത്രയ​ധി​കം പഠിക്കു​ന്നു​വോ നമുക്ക്‌ അവനോ​ടു​ള്ള ഭയാദ​രവ്‌ അത്രയ​ധി​കം വർധി​ക്കും, നമ്മുടെ മഹാ സ്രഷ്ടാ​വി​നോട്‌ നാം അത്രയ​ധി​കം അടുത്തു ചെല്ലു​ക​യും ചെയ്യും.

^ ആ സംഖ്യ എത്ര ഭീമമാ​ണെ​ന്നു മനസ്സി​ലാ​ക്കാൻ, ഇതു ചിന്തി​ക്കു​ക: അത്രയും ദൂരം കാറോ​ടി​ച്ചു​പോ​കു​ന്ന​തിന്‌, മണിക്കൂ​റിൽ 160 കിലോ​മീ​റ്റർ വേഗത്തിൽ ദിവസ​ത്തി​ന്റെ 24 മണിക്കൂർ സഞ്ചരി​ച്ചാൽ പോലും നൂറിൽപ്പ​രം വർഷം എടുക്കും!

^ ബൈബിൾ കാലങ്ങ​ളി​ലെ പുരാതന മനുഷ്യർ അപരി​ഷ്‌കൃ​ത രൂപത്തി​ലു​ള്ള ഒരു ദൂരദർശി​നി ഉപയോ​ഗി​ച്ചി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നു ചിലർ വിചാ​രി​ക്കു​ന്നു. അല്ലെങ്കിൽപ്പി​ന്നെ, നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം മനുഷ്യർക്ക്‌ എണ്ണാൻ സാധി​ക്കാ​ത്ത​വി​ധം അധിക​മാ​ണെന്ന്‌ അക്കാലത്തെ മനുഷ്യർ എങ്ങനെ മനസ്സി​ലാ​ക്കി എന്നാണ്‌ അവരുടെ വാദം. അത്തരം അടിസ്ഥാ​ന​ര​ഹി​ത​മാ​യ അഭ്യൂഹം ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വാ​യ യഹോ​വ​യെ അവഗണി​ച്ചു​കൊ​ണ്ടു​ള്ള​താണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:16.

^ 10,000 കോടി നക്ഷത്ര​ങ്ങ​ളെ എണ്ണാൻ തന്നെ എത്ര സമയം എടുക്കു​മെ​ന്നു ചിന്തി​ക്കു​ക. സെക്കൻഡിൽ ഒരെണ്ണം വീതം എണ്ണാൻ നിങ്ങൾക്കു സാധി​ച്ചാൽ—ദിവസ​ത്തി​ന്റെ 24 മണിക്കൂ​റും അങ്ങനെ എണ്ണി​ക്കൊ​ണ്ടി​രി​ക്കു​ന്ന പക്ഷം—3,171 വർഷം എടുക്കും!