വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ളള ശക്തി—യഹോവ “സകലവും പുതു​താ​ക്കു​ന്നു”

പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ളള ശക്തി—യഹോവ “സകലവും പുതു​താ​ക്കു​ന്നു”

1, 2. ഇന്ന്‌ മനുഷ്യ​കു​ടും​ബം ഏതു നഷ്ടങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്നു, ഇവ നമ്മെ എങ്ങനെ ബാധി​ക്കു​ന്നു?

 ഒരു കുട്ടിക്ക്‌ അവന്റെ ഇഷ്ടപ്പെട്ട കളിപ്പാ​ട്ടം നഷ്ടപ്പെ​ടു​ന്നു, അല്ലെങ്കിൽ അതു പൊട്ടി​പ്പോ​കു​ന്നു. കുട്ടി കരയുന്നു. അവന്റെ കരച്ചിൽ ഹൃദയ​ഭേ​ദ​ക​മാണ്‌! എന്നാൽ പിതാവ്‌ ആ കളിപ്പാ​ട്ടം കണ്ടെത്തി തിരികെ നൽകു​മ്പോൾ അല്ലെങ്കിൽ അത്‌ ശരിയാ​ക്കി​ക്കൊ​ടു​ക്കു​മ്പോൾ കുട്ടി​യു​ടെ മുഖം തെളി​യു​ന്ന​തു നിങ്ങൾ കണ്ടിട്ടു​ണ്ടോ? കളിപ്പാ​ട്ടം കണ്ടുപി​ടി​ക്കു​ന്ന​തോ അതിന്റെ കേടു​പോ​ക്കു​ന്ന​തോ പിതാ​വിന്‌ ഒരു നിസ്സാര സംഗതി ആയിരി​ക്കാം. എന്നാൽ കുട്ടിക്ക്‌ അതിരറ്റ ആഹ്ലാദ​വും ആശ്ചര്യ​വും തോന്നു​ന്നു. കാരണം എന്നേക്കു​മാ​യി നഷ്ടപ്പെ​ട്ടെ​ന്നു കരുതി​യ​തു തിരികെ ലഭിച്ചി​രി​ക്കു​ന്നു!

2 എന്നേക്കു​മാ​യി നഷ്ടപ്പെ​ട്ടെ​ന്നു തന്റെ ഭൗമിക മക്കൾ വിചാ​രി​ച്ചേ​ക്കാ​വു​ന്നതു പുനഃ​സ്ഥാ​പി​ക്കാൻ അത്യുന്നത പിതാ​വാ​യ യഹോ​വ​യ്‌ക്ക്‌ ശക്തിയുണ്ട്‌. തീർച്ച​യാ​യും വെറും കളിപ്പാ​ട്ട​ങ്ങ​ളെ​യല്ല നാം ഇവിടെ പരാമർശി​ക്കു​ന്നത്‌. ഈ “ദുർഘ​ട​സ​മ​യങ്ങ”ളിൽ വളരെ​യേ​റെ ഗൗരവ​മു​ള്ള നഷ്ടങ്ങളെ നാം അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) ആളുകൾ പ്രിയ​ങ്ക​ര​മാ​യി കരുതുന്ന പലതും—ഭവനവും സ്വത്തു​ക്ക​ളും തൊഴി​ലും ആരോ​ഗ്യം പോലും—എപ്പോൾ വേണ​മെ​ങ്കി​ലും നഷ്ടമാ​യേ​ക്കാ​വു​ന്ന അവസ്ഥയി​ലാണ്‌. പരിസ്ഥി​തി നാശ​ത്തെ​യും, അനേകം ജീവി​വർഗ​ങ്ങ​ളു​ടെ വംശനാ​ശം പോലെ തത്‌ഫ​ല​മാ​യി ഉണ്ടാകുന്ന നഷ്ടത്തെ​യും കുറിച്ചു ചിന്തി​ക്കു​മ്പോൾ നാം പരി​ഭ്രാ​ന്ത​രാ​യേ​ക്കാം. എന്നിരു​ന്നാ​ലും, നമ്മൾ സ്‌നേ​ഹി​ക്കു​ന്ന ആരു​ടെ​യെ​ങ്കി​ലും മരണ​ത്തെ​പ്പോ​ലെ നമ്മെ ആഴത്തിൽ ബാധി​ക്കു​ന്ന മറ്റൊ​ന്നു​മി​ല്ല. നഷ്ടബോ​ധ​വും നിരാ​ശ​യും നമ്മെ കീഴട​ക്കു​ന്ന​തു​പോ​ലെ തോന്നി​യേ​ക്കാം.—2 ശമൂവേൽ 18:33.

3. പ്രവൃ​ത്തി​കൾ 3:21-ൽ ആശ്വാ​സ​ക​ര​മാ​യ ഏത്‌ പ്രത്യാശ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു, യഹോവ അതു നിറ​വേ​റ്റു​ന്നത്‌ എന്തു മുഖേ​ന​യാ​യി​രി​ക്കും?

3 അപ്പോൾ, യഹോ​വ​യു​ടെ പുനഃ​സ്ഥാ​പന ശക്തിയെ കുറിച്ചു മനസ്സി​ലാ​ക്കു​ന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! നാം കാണാൻ പോകു​ന്ന​തു​പോ​ലെ, തന്റെ ഭൗമിക മക്കൾക്കാ​യി ദൈവ​ത്തി​നു പുനഃ​സ്ഥാ​പി​ക്കാൻ കഴിയുന്ന, അവൻ പുനഃ​സ്ഥാ​പി​ക്കാ​നി​രി​ക്കുന്ന, കാര്യ​ങ്ങ​ളു​ടെ വ്യാപ്‌തി അതിശ​യി​പ്പി​ക്കു​ന്ന​താണ്‌. യഥാർഥ​ത്തിൽ, യഹോവ ‘എല്ലാ സംഗതി​ക​ളെ​യും പുനഃ​സ്ഥാ​പി​ക്കാൻ’ ഉദ്ദേശി​ക്കു​ന്നു​വെ​ന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 3:21, NW) ഇതു നിവർത്തി​ക്കു​ന്ന​തിന്‌ യഹോവ തന്റെ പുത്ര​നാ​യ യേശു​ക്രി​സ്‌തു​വി​നാൽ ഭരിക്ക​പ്പെ​ടു​ന്ന മിശി​ഹൈക രാജ്യത്തെ ഉപയോ​ഗി​ക്കും. ഈ രാജ്യം 1914-ൽ സ്വർഗ​ത്തിൽ ഭരണം തുടങ്ങി​യ​താ​യി തെളിവു പ്രകട​മാ​ക്കു​ന്നു. * (മത്തായി 24:3-14) പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നത്‌ എന്തൊക്കെ ആയിരി​ക്കും? നമുക്കു യഹോ​വ​യു​ടെ മഹനീ​യ​മാ​യ പുനഃ​സ്ഥാ​പന പ്രവൃ​ത്തി​ക​ളിൽ ചിലതു പരിചി​ന്തി​ക്കാം. ഇവയി​ലൊന്ന്‌ നമുക്ക്‌ ഇപ്പോൾത്ത​ന്നെ കാണാ​നും അനുഭ​വി​ക്കാ​നും കഴിയും. മറ്റുള്ളവ വലിയ തോതിൽ ഭാവി​യിൽ സംഭവി​ക്കും.

നിർമ​ലാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​നം

4, 5. പൊ.യു.മു. 607-ൽ ദൈവ​ജ​ന​ത്തിന്‌ എന്തു സംഭവി​ച്ചു, യഹോവ അവർക്ക്‌ ഏതു പ്രത്യാശ വാഗ്‌ദാ​നം ചെയ്‌തു?

4 യഹോവ പുനഃ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞ ഒരു സംഗതി നിർമ​ലാ​രാ​ധ​ന​യാണ്‌. ഇതിന്റെ അർഥം എന്തെന്നു ഗ്രഹി​ക്കു​ന്ന​തിന്‌, യഹൂദാ രാജ്യ​ത്തി​ന്റെ ചരിത്രം നമുക്കു ഹ്രസ്വ​മാ​യി പരി​ശോ​ധി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌, യഹോവ തന്റെ പുനഃ​സ്ഥാ​പന ശക്തി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന വിധം സംബന്ധിച്ച ആവേശ​മു​ണർത്തു​ന്ന ഉൾക്കാ​ഴ്‌ച നമുക്കു നൽകും.—റോമർ 15:4.

5 പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ വിശ്വ​സ്‌ത യഹൂദ​ന്മാർക്ക്‌ ഉണ്ടായ വികാരം സങ്കൽപ്പി​ക്കു​ക. അവരുടെ പ്രിയ​പ്പെട്ട നഗരവും അതിന്റെ മതിലു​ക​ളും തകർക്ക​പ്പെ​ട്ടു. അതിലും പരിതാ​പ​ക​ര​മാ​യി, ശലോ​മോൻ പണിക​ഴി​പ്പി​ച്ചി​രു​ന്ന മഹത്തായ ആലയം—ഭൂമി​യി​ലെ, യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​ന​യു​ടെ ഏക കേന്ദ്രം—ശൂന്യ​മാ​ക്ക​പ്പെ​ട്ടു. (സങ്കീർത്ത​നം 79:1) അതിജീ​വ​ക​രെ പ്രവാ​സി​ക​ളാ​യി ബാബി​ലോ​ണി​ലേ​ക്കു കൊണ്ടു​പോ​യി, അവരുടെ സ്വദേശം ശൂന്യ​മാ​യി, കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആവാസ​മാ​യി പിന്നിൽ അവശേ​ഷി​ച്ചു. (യിരെ​മ്യാ​വു 9:11) മാനുഷ വീക്ഷണ​ത്തിൽ, എല്ലാം നഷ്ടമാ​യെ​ന്നു തോന്നി​ക്കു​ന്ന ഒരു അവസ്ഥയാ​യി​രു​ന്നു അത്‌. (സങ്കീർത്ത​നം 137:1) എന്നാൽ ഈ നാശം ദീർഘ​നാൾ മുമ്പു മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന യഹോവ, ഭാവി​യിൽ ഒരു പുനഃ​സ്ഥാ​പന കാലം വരുമെന്ന പ്രത്യാശ നൽകി.

6-8. (എ) എബ്രായ പ്രവാ​ച​ക​ന്മാ​രു​ടെ ലിഖി​ത​ങ്ങ​ളിൽ ഏതു വിഷയം ആവർത്തി​ച്ചു പ്രതി​പാ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അങ്ങനെ​യു​ള്ള പ്രവച​ന​ങ്ങൾക്ക്‌ ഒരു പ്രാരംഭ നിവൃത്തി ഉണ്ടായത്‌ എങ്ങനെ? (ബി) ആധുനിക കാലങ്ങ​ളിൽ ദൈവ​ജ​നം അനേകം പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

6 യഥാർഥ​ത്തിൽ, പുനഃ​സ്ഥാ​പ​നം എബ്രായ പ്രവാ​ച​ക​ന്മാ​രു​ടെ ലിഖി​ത​ങ്ങ​ളിൽ ആവർത്തി​ച്ചു പ്രതി​പാ​ദി​ക്ക​പ്പെ​ട്ടി​രുന്ന ഒരു വിഷയ​മാ​യി​രു​ന്നു. * അവരി​ലൂ​ടെ, പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തും പുനര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​തും കാട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നും ശത്രു​വി​ന്റെ ആക്രമ​ണ​ത്തിൽനി​ന്നും സംരക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ ഒരു ഫലഭൂ​യി​ഷ്‌ഠ ദേശം യഹോവ വാഗ്‌ദാ​നം ചെയ്‌തു. അവരുടെ പുനഃ​സ്ഥാ​പി​ത ദേശത്തെ അവൻ സാക്ഷാൽ പറുദീ​സ​യാ​യി വർണിച്ചു. (യെശയ്യാ​വു 65:25; യെഹെസ്‌കേൽ 34:25; 36:35) എല്ലാറ്റി​നു​മു​പ​രി​യാ​യി, നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും, ആലയം പുനർനിർമി​ക്ക​പ്പെ​ടും. (മീഖാ 4:1-5) പ്രവാ​സി​ക​ളാ​യി​രു​ന്ന യഹൂദ​ന്മാർക്ക്‌ ഈ പ്രവച​ന​ങ്ങൾ പ്രത്യാശ പകരു​ക​യും ബാബി​ലോ​ണി​ലെ അവരുടെ 70-വർഷ പ്രവാ​സ​കാ​ലത്ത്‌ സഹിച്ചു​നിൽക്കാൻ അവരെ സഹായി​ക്കു​ക​യും ചെയ്‌തു.

7 ഒടുവിൽ, പുനഃ​സ്ഥാ​പന കാലം വന്നു. ബാബി​ലോ​ണിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട യഹൂദ​ന്മാർ യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങി​പ്പോ​കു​ക​യും അവിടെ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കു​ക​യും ചെയ്‌തു. (എസ്രാ 1:1, 2) അവർ നിർമ​ലാ​രാ​ധ​ന​യോ​ടു പറ്റിനി​ന്നി​ട​ത്തോ​ളം കാലം യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും അവരുടെ ദേശത്തെ ഫലപു​ഷ്ടി​യും സമൃദ്ധി​യും നിറഞ്ഞ​താ​ക്കു​ക​യും ചെയ്‌തു. അവൻ അവരെ ശത്രു​ക്ക​ളിൽനി​ന്നും ദശകങ്ങ​ളാ​യി ദേശം കയ്യടക്കി​വെ​ച്ചി​രു​ന്ന കാട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നും സംരക്ഷി​ച്ചു. യഹോ​വ​യു​ടെ പുനഃ​സ്ഥാ​പന ശക്തിയിൽ അവർ എത്ര സന്തോ​ഷി​ച്ചി​രി​ക്ക​ണം! എന്നാൽ ആ സംഭവങ്ങൾ പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളു​ടെ പ്രാരം​ഭ​വും പരിമി​ത​വു​മാ​യ നിവൃ​ത്തി​യെ മാത്രമേ പ്രതി​നി​ധാ​നം ചെയ്‌തു​ള്ളൂ. ‘അന്ത്യകാ​ലത്ത്‌’—കാലങ്ങൾക്കു മുമ്പേ വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രു​ന്ന, ദാവീദ്‌ രാജാ​വി​ന്റെ അവകാശി സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ടുന്ന നമ്മുടെ കാലത്ത്‌—കൂടുതൽ വലിയ ഒരു നിവൃത്തി വരാനി​രി​ക്കു​ക​യാ​യി​രു​ന്നു.—യെശയ്യാ​വു 2:2-4; 9:6, 7.

8 യേശു 1914-ൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ട​ശേഷം താമസി​യാ​തെ അവൻ ഭൂമി​യി​ലെ വിശ്വ​സ്‌ത ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ ആവശ്യങ്ങൾ നിറ​വേ​റ്റാ​നു​ള്ള ക്രമീ​ക​ര​ണ​ങ്ങൾ ചെയ്‌തു. പേർഷ്യൻ ജേതാ​വാ​യ കോ​രെശ്‌ പൊ.യു.മു. 537-ൽ യഹൂദ​ന്മാ​രു​ടെ ഒരു ശേഷി​പ്പി​നെ സ്വത​ന്ത്ര​രാ​ക്കി​യ​തു പോലെ, യേശു ആത്മീയ യഹൂദ​ന്മാ​രു​ടെ ഒരു ശേഷി​പ്പി​നെ—തന്റെ സ്വന്തം അനുഗാ​മി​ക​ളെ—വ്യാജമത ലോക​സാ​മ്രാ​ജ്യ​മാ​യ ആധുനിക ബാബി​ലോ​ണി​ന്റെ സ്വാധീ​ന​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്കി. (റോമർ 2:29; വെളി​പ്പാ​ടു 18:1-5) 1919 മുതൽ നിർമ​ലാ​രാ​ധന സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ജീവി​ത​ത്തിൽ ഉചിത​മാ​യ സ്ഥാന​ത്തേക്ക്‌ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മലാഖി 3:1-5) അന്നു തുടങ്ങി യഹോ​വ​യു​ടെ ജനം നിർമ​ലാ​രാ​ധ​ന​യ്‌ക്കുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മാ​യ ശുദ്ധീ​ക​രി​ച്ച ആത്മീയ ആലയത്തിൽ അവനെ ആരാധി​ച്ചി​രി​ക്കു​ന്നു. ഇത്‌ ഇന്ന്‌ നമുക്ക്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആത്മീയ പുനഃ​സ്ഥാ​പ​നം—അതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

9. അപ്പൊ​സ്‌ത​ലി​ക യുഗത്തി​നു​ശേ​ഷം, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾ യഹോ​വ​യു​ടെ ആരാധ​ന​യോട്‌ എന്തു ചെയ്‌തു, എന്നാൽ നമ്മുടെ നാളിൽ യഹോവ എന്തു ചെയ്‌തി​രി​ക്കു​ന്നു?

9 ചരിത്ര പശ്ചാത്തലം പരിചി​ന്തി​ക്കു​ക. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അന്ന്‌ അനേകം ആത്മീയ അനു​ഗ്ര​ഹ​ങ്ങൾ ആസ്വദി​ച്ചി​രു​ന്നു. എന്നാൽ സത്യാ​രാ​ധന ദുഷി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും അപ്രത്യ​ക്ഷ​മാ​കു​മെ​ന്നും യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും മുൻകൂ​ട്ടി പറഞ്ഞു. (മത്തായി 13:24-30; പ്രവൃ​ത്തി​കൾ 20:29, 30) അപ്പൊ​സ്‌ത​ലി​ക യുഗത്തി​നു​ശേ​ഷം ക്രൈ​സ്‌ത​വ​ലോ​കം ഉയർന്നു​വ​ന്നു. അതിലെ വൈദി​കർ വിജാ​തീ​യ ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും സ്വീക​രി​ച്ചു. ദൈവത്തെ ദുർഗ്ര​ഹ​മാ​യ ഒരു ത്രിത്വ​മാ​യി വരച്ചു​കാ​ട്ടി​ക്കൊ​ണ്ടും പുരോ​ഹി​ത​ന്മാ​രോ​ടു പാപങ്ങൾ ഏറ്റുപ​റ​യാ​നും യഹോ​വ​യ്‌ക്കു പകരം മറിയ​യോ​ടും വിവിധ “പുണ്യ​വാ​ള​ന്മാ​രോ​ടും” പ്രാർഥി​ക്കാ​നും പഠിപ്പി​ച്ചു​കൊ​ണ്ടും അവർ ആളുകൾക്കു ദൈവത്തെ സമീപി​ക്കു​ന്നത്‌ ഏറെക്കു​റെ അസാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ഇപ്പോൾ, സത്യാ​രാ​ധന ദുഷി​പ്പി​ക്ക​പ്പെട്ട്‌ അനേകം നൂറ്റാ​ണ്ടു​കൾക്കു ശേഷം യഹോവ എന്തു ചെയ്‌തി​രി​ക്കു​ന്നു? മതപര​മാ​യ ഭോഷ്‌കു​കൾ നിറഞ്ഞ​തും ഭക്തികെട്ട ആചാര​ങ്ങ​ളാൽ മലീമ​സ​വു​മാ​യ ഇന്നത്തെ ലോക​ത്തിൽ അവൻ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു! ഈ പുനഃ​സ്ഥാ​പ​നം ആധുനിക കാലത്തെ അതി​പ്ര​ധാ​ന സംഭവ​വി​കാ​സ​ങ്ങ​ളിൽ ഒന്നാ​ണെന്ന്‌ പറയു​ന്നത്‌ അതിശ​യോ​ക്തി​യല്ല.

10, 11. (എ) ആത്മീയ പറുദീ​സ​യിൽ ഏതു രണ്ടു ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, അവ നിങ്ങൾക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു? (ബി) ഏതു തരം ആളുക​ളെ​യാണ്‌ യഹോവ ആത്മീയ പറുദീ​സ​യി​ലേ​ക്കു കൂട്ടി​വ​രു​ത്തി​യി​രി​ക്കു​ന്നത്‌, എന്തു കാണാൻ അവർക്കു പദവി ലഭിക്കും?

10 അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ ഇന്ന്‌ ഒരു ആത്മീയ പറുദീസ ആസ്വദി​ക്കു​ന്നു. ഈ പറുദീ​സ​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താണ്‌? മുഖ്യ​മാ​യി രണ്ടു ഘടകങ്ങൾ. ഒന്നാമ​ത്തേത്‌ സത്യ​ദൈ​വ​മാ​യ യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​ന​യാണ്‌. വ്യാജ​ങ്ങ​ളിൽനി​ന്നും വക്രത​ക​ളിൽനി​ന്നും വിമു​ക്ത​മാ​യ ഒരു ആരാധ​നാ​രീ​തി നൽകി അവൻ നമ്മെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അവൻ നമുക്ക്‌ ആത്മീയ ആഹാരം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. ഇതു നമ്മുടെ സ്വർഗീയ പിതാ​വി​നെ കുറിച്ചു പഠിക്കാ​നും അവനെ പ്രസാ​ദി​പ്പി​ക്കാ​നും അവനോട്‌ അടുത്തു ചെല്ലാ​നും നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. (യോഹ​ന്നാൻ 4:24) ആത്മീയ പറുദീ​സ​യു​ടെ രണ്ടാമത്തെ ഘടകം ആളുക​ളാണ്‌. യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, ‘അന്ത്യകാ​ലത്ത്‌’ യഹോവ തന്റെ ആരാധ​ക​രെ സമാധാ​ന​ത്തി​ന്റെ വഴികൾ പഠിപ്പി​ച്ചി​രി​ക്കു​ന്നു. അവൻ നമ്മുടെ ഇടയിൽ ഏറ്റുമു​ട്ട​ലു​കൾ ഇല്ലാതാ​ക്കി​യി​രി​ക്കു​ന്നു. നമുക്ക്‌ അപൂർണ​ത​കൾ ഉണ്ടെങ്കി​ലും “പുതിയ വ്യക്തി​ത്വം” [NW] ധരിക്കാൻ അവൻ നമ്മെ സഹായി​ക്കു​ന്നു. തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ അവൻ നമ്മുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു; അതു നമ്മിൽ വിശി​ഷ്ട​മാ​യ ഫലങ്ങൾ ഉളവാ​ക്കു​ന്നു. (എഫെസ്യർ 4:22-24; ഗലാത്യർ 5:22, 23) ദൈവാ​ത്മാ​വി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾ യഥാർഥ​ത്തിൽ ആത്മീയ പറുദീ​സ​യു​ടെ ഭാഗമാണ്‌ എന്നു പറയാൻ കഴിയും.

11 യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​ത​രം ആളുകളെ—തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യും സമാധാ​ന​ത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യും “തങ്ങളുടെ ആത്മീയ ആവശ്യ​ങ്ങ​ളെ കുറിച്ചു ബോധ​മു​ള്ളവ”രെയും—ഈ ആത്മീയ പറുദീ​സ​യി​ലേ​ക്കു കൂട്ടി​വ​രു​ത്തി​യി​രി​ക്കു​ന്നു. (മത്തായി 5:3, NW) അങ്ങനെ​യു​ള്ള​വർക്ക്‌ ഇതി​നെ​ക്കാൾ മഹത്തായ ഒരു പുനഃ​സ്ഥാ​പ​നം—മനുഷ്യ​വർഗ​ത്തി​ന്റെ​യും മുഴു ഭൂമി​യു​ടെ​യും പുനഃ​സ്ഥാ​പ​നം—കാണാൻ പദവി ലഭിക്കും.

“ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു”

12, 13. (എ) പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങൾക്കു മറ്റൊരു നിവൃത്തി ഉണ്ടാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഏദെനിൽവെച്ച്‌ പ്രസ്‌താ​വി​ച്ച പ്രകാരം ഭൂമിയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താണ്‌, ഇതു നമുക്കു ഭാവിയെ കുറിച്ചു പ്രത്യാശ നൽകു​ന്നത്‌ എന്തു​കൊണ്ട്‌?

12 പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളിൽ അനേക​വും ആത്മീയ പുനഃ​സ്ഥാ​പ​ന​ത്തെ മാത്രമല്ല പരാമർശി​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, രോഗി​ക​ളും മുടന്ത​രും അന്ധരും ബധിര​രും സൗഖ്യം പ്രാപി​ക്കു​ക​യും മരണം പോലും എന്നേക്കു​മാ​യി നീങ്ങി​പ്പോ​കു​ക​യും ചെയ്യുന്ന ഒരു കാലത്തെ കുറിച്ചു യെശയ്യാവ്‌ എഴുതി. (യെശയ്യാ​വു 25:8; 35:1-7) അത്തരം വാഗ്‌ദാ​ന​ങ്ങൾക്ക്‌ പുരാതന ഇസ്രാ​യേ​ലിൽ അക്ഷരീയ നിവൃത്തി ഉണ്ടായില്ല. ഈ വാഗ്‌ദാ​ന​ങ്ങൾ നമ്മുടെ നാളിൽ ആത്മീയ​മാ​യ ഒരു അർഥത്തിൽ നിവൃ​ത്തി​യേ​റി​യെന്ന്‌ നമ്മൾ കണ്ടുക​ഴി​ഞ്ഞു. ഭാവി​യിൽ പൂർണ തോതി​ലു​ള്ള ഒരു അക്ഷരീയ നിവൃത്തി ഉണ്ടായി​രി​ക്കും എന്നു വിശ്വ​സി​ക്കാൻ സകല കാരണ​വു​മുണ്ട്‌. അത്‌ നമുക്ക്‌ എങ്ങനെ അറിയാം?

13 പണ്ട്‌, ഏദെനിൽവെച്ച്‌ ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ വ്യക്തമാ​ക്കി. സന്തോ​ഷ​ത്തോ​ടും ആരോ​ഗ്യ​ത്തോ​ടും കൂടെ ഒരു കുടും​ബം എന്നനി​ല​യിൽ മനുഷ്യ​വർഗം അതിൽ വസിക്കണം എന്നതാ​യി​രു​ന്നു അത്‌. പുരു​ഷ​നും സ്‌ത്രീ​യും ഭൂമി​യെ​യും അതിലെ സകല ജീവി​ക​ളെ​യും പരിപാ​ലി​ക്ക​ണ​മാ​യി​രു​ന്നു, മുഴു ഗ്രഹ​ത്തെ​യും ഒരു പറുദീ​സ​യാ​ക്കി മാറ്റണ​മാ​യി​രു​ന്നു. (ഉല്‌പത്തി 1:28) ഇപ്പോ​ഴ​ത്തെ സ്ഥിതി​ഗ​തി​കൾ പക്ഷേ അതിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാണ്‌. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ ഒരിക്ക​ലും വിഫല​മാ​കി​ല്ലെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (യെശയ്യാ​വു 55:10, 11) യഹോ​വ​യാൽ നിയമി​ക്ക​പ്പെട്ട മിശി​ഹൈക രാജാ​വെന്ന നിലയിൽ യേശു ഈ ആഗോള പറുദീസ പുനഃ​സ്ഥാ​പി​ക്കും.—ലൂക്കൊസ്‌ 23:43.

14, 15. (എ) യഹോവ ‘സകലവും പുതു​താ​ക്കു​ന്നത്‌’ എങ്ങനെ? (ബി) പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും, അതിന്റെ ഏതു വശമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമു​ള്ളത്‌?

14 മുഴു ഭൂമി​യും ഒരു പറുദീസ ആയിത്തീ​രു​ന്ന​തു കാണു​ന്ന​താ​യി സങ്കൽപ്പി​ക്കു​ക! “ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു” എന്ന്‌ യഹോവ ആ കാലത്തെ കുറിച്ചു പറയുന്നു. (വെളി​പ്പാ​ടു 21:5) അതിന്റെ അർഥം എന്തായി​രി​ക്കു​മെ​ന്നു ചിന്തി​ക്കു​ക. ഈ പഴയ ദുഷ്ട വ്യവസ്ഥി​തി​ക്കെ​തി​രെ യഹോവ തന്റെ സംഹാര ശക്തി പ്രയോ​ഗി​ച്ചു കഴിയു​മ്പോൾ ‘പുതിയ ആകാശ​വും പുതിയ ഭൂമി’യും നിലവിൽ വരും. അതിന്റെ അർഥം, യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന, അവന്റെ ഇഷ്ടം ചെയ്യുന്ന വ്യക്തികൾ ചേർന്നു രൂപം കൊള്ളുന്ന ഒരു പുതിയ ഭൗമിക സമൂഹത്തെ സ്വർഗ​ത്തിൽനി​ന്നു​ള്ള ഒരു പുതിയ ഗവൺമെന്റ്‌ ഭരിക്കു​മെ​ന്നാണ്‌. (2 പത്രൊസ്‌ 3:13) സാത്താൻ അവന്റെ ഭൂതങ്ങ​ളോ​ടൊ​പ്പം പ്രവർത്ത​ന​ര​ഹി​ത​നാ​ക്ക​പ്പെ​ടും. (വെളി​പ്പാ​ടു 20:3) ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷം ആദ്യമാ​യി മനുഷ്യ​വർഗം ആ ദുഷിച്ച, വിദ്വേ​ഷം നിറഞ്ഞ, ഹാനി​ക​ര​മാ​യ സ്വാധീ​ന​ത്തിൽനി​ന്നു വിമു​ക്ത​രാ​കും. അത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കും!

15 ഒടുവിൽ, നമ്മെ സംബന്ധിച്ച്‌ ദൈവം ആദിയിൽ ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ, ഈ മനോഹര ഗ്രഹത്തെ പരിപാ​ലി​ക്കാൻ നാം പ്രാപ്‌ത​രാ​യി​ത്തീ​രും. ഭൂമി​ക്കു​ത​ന്നെ​യും സ്വന്തമായ പുനഃ​സ്ഥാ​പന ശക്തിയുണ്ട്‌. മലിനീ​ക​ര​ണ​ത്തി​ന്റെ ഉറവ്‌ നീക്കം ചെയ്യ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ, മലിന​മാ​യ തടാക​ങ്ങൾക്കും നദികൾക്കും സ്വയം ശുദ്ധീ​ക​രി​ക്കാൻ കഴിയും; യുദ്ധങ്ങൾ നിലച്ചാൽ യുദ്ധ​ക്കെ​ടു​തി അനുഭ​വി​ച്ച പ്രദേ​ശ​ങ്ങൾക്കു പൂർവ​സ്ഥി​തി കൈവ​രി​ക്കാൻ കഴിയും. പ്രകൃതി നിയമ​ങ്ങൾക്കും ഭൗമവ്യ​വ​സ്ഥ​കൾക്കും ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌, ഭൂമിയെ ഉദ്യാ​ന​തു​ല്യ​മാ​യ ഒരു പറുദീ​സ​യാ​ക്കി മാറ്റുന്ന—അനന്ത​വൈ​വി​ധ്യ​മാർന്ന ജീവജാ​ല​ങ്ങൾ നിറഞ്ഞ ഒരു ആഗോള ഏദെനാ​ക്കി മാറ്റുന്ന—വേലയിൽ പങ്കുപ​റ്റു​ന്നത്‌ എന്തൊരു ഉല്ലാസ​മാ​യി​രി​ക്കും! മൃഗവർഗ​ങ്ങ​ളെ​യും സസ്യവർഗ​ങ്ങ​ളെ​യും നിഷ്‌ക​രു​ണം തുടച്ചു​നീ​ക്കു​ന്ന​തി​നു പകരം മനുഷ്യൻ ഭൂമി​യി​ലെ എല്ലാ സൃഷ്ടി​യു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കും. കുട്ടി​കൾക്കു പോലും കാട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നു യാതൊ​രു ഉപദ്ര​വ​വും നേരി​ടേ​ണ്ടി വരിക​യി​ല്ല.—യെശയ്യാ​വു 9:6, 7; 11:1-9.

16. പറുദീ​സ​യിൽ വിശ്വ​സ്‌ത​നാ​യ ഓരോ വ്യക്തി​ക്കും ഏതു പുനഃ​സ്ഥാ​പ​നം അനുഭ​വ​പ്പെ​ടും?

16 വ്യക്തി​ഗ​ത​മാ​യ തലത്തി​ലും നമുക്കു പുനഃ​സ്ഥാ​പ​നം അനുഭ​വ​പ്പെ​ടും. അർമ​ഗെ​ദോ​നു ശേഷം അതിജീ​വ​കർ ഗോള​വ്യാ​പ​ക​മാ​യി അത്ഭുത​ക​ര​മാ​യ സൗഖ്യ​മാ​ക്ക​ലു​കൾ കാണും. യേശു ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ ചെയ്‌ത​തു​പോ​ലെ, അവൻ അന്ധർക്കു കാഴ്‌ച​യും ബധിരർക്കു കേൾവി​യും മുടന്തർക്കും ദുർബ​ലർക്കും ആരോ​ഗ്യ​മു​ള്ള ശരീര​വും പുനഃ​സ്ഥാ​പി​ച്ചു നൽകാൻ തന്റെ ദൈവദത്ത ശക്തി ഉപയോ​ഗി​ക്കും. (മത്തായി 15:30) പ്രായ​മു​ള്ള​വർ പുതു​ക്ക​പ്പെട്ട, യുവസ​ഹ​ജ​മാ​യ ശക്തിയി​ലും ആരോ​ഗ്യ​ത്തി​ലും ഊർജ​സ്വ​ല​ത​യി​ലും ഉല്ലസി​ക്കും. (ഇയ്യോബ്‌ 33:25) ശരീര​ത്തി​ലെ ചുളി​വു​കൾ അപ്രത്യ​ക്ഷ​മാ​കും, കൈകാ​ലു​ക​ളു​ടെ വൈക​ല്യ​ങ്ങൾ മാറും, മാംസ​പേ​ശി​കൾ പുതു​ശ​ക്തി​യാൽ വഴക്കമു​ള്ള​താ​യി​ത്തീ​രും. പാപത്തി​ന്റെ​യും അപൂർണ​ത​യു​ടെ​യും ഫലങ്ങൾ ക്രമേണ കുറഞ്ഞ്‌ ഇല്ലാതാ​കു​ന്നത്‌ വിശ്വ​സ്‌ത​രാ​യ മുഴു മനുഷ്യ​വർഗ​വും അനുഭ​വി​ച്ച​റി​യും. യഹോ​വ​യാം ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മാ​യ പുനഃ​സ്ഥാ​പന ശക്തി​യെ​പ്ര​തി നാം അവന്‌ എത്ര നന്ദി കൊടു​ക്കും! ഇപ്പോൾ നമുക്ക്‌ പുളക​പ്ര​ദ​മാ​യ ഈ പുനഃ​സ്ഥാ​പന കാലത്തി​ന്റെ വിശേ​ഷാൽ ഹൃദ​യോ​ഷ്‌മ​ള​മാ​യ ഒരു വശത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാം.

മരിച്ച​വ​രെ ജീവനി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്കൽ

17, 18. (എ) യേശു സദൂക്യ​രെ ശാസി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) ഒരു പുനരു​ത്ഥാ​നം നിർവ​ഹി​ക്കാൻ തക്കവണ്ണം യഹോ​വ​യോട്‌ അപേക്ഷി​ക്കാൻ ഏലീയാ​വി​നെ പ്രേരി​പ്പി​ച്ച സാഹച​ര്യം എന്തായി​രു​ന്നു?

17 പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ, സദൂക്യർ എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്ന ചില മതനേ​താ​ക്ക​ന്മാർ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നി​ല്ല. “നിങ്ങൾ തിരു​വെ​ഴു​ത്തു​ക​ളെ​യും ദൈവ​ശ​ക്തി​യെ​യും അറിയാ​യ്‌ക​കൊ​ണ്ടു തെററി​പ്പോ​കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ യേശു അവരെ ശാസിച്ചു. (മത്തായി 22:29) അതേ, യഹോ​വ​യ്‌ക്ക്‌ അങ്ങനെ​യു​ള്ള പുനഃ​സ്ഥാ​പന ശക്തി ഉണ്ടെന്നു തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തു​ന്നു. എങ്ങനെ?

18 ഏലീയാ​വി​ന്റെ നാളിൽ സംഭവി​ച്ച​തി​നെ കുറിച്ചു ചിന്തി​ക്കു​ക. ഒരു വിധവ അവളുടെ മരണമടഞ്ഞ ഏകപു​ത്ര​ന്റെ ചേതനയറ്റ ശരീരം കൈക​ളിൽ താങ്ങി​യെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കുറേ​ക്കാ​ല​മാ​യി ആ വിധവ​യു​ടെ അതിഥി​യാ​യി പാർത്തി​രു​ന്ന ഏലീയാ പ്രവാ​ച​കൻ ഞെട്ടി​പ്പോ​യി​രു​ന്നി​രി​ക്കണം. നേരത്തേ, അവൻ ഈ ബാലനെ പട്ടിണി​യിൽനി​ന്നു രക്ഷിക്കാൻ സഹായി​ച്ചി​രു​ന്നു. ഏലീയാവ്‌ ആ കൊച്ചു​കു​ട്ടി​യു​മാ​യി ഒരു സ്‌നേ​ഹ​ബ​ന്ധം വളർത്തി​യെ​ടു​ത്തി​രു​ന്നി​രി​ക്കാം. മാതാവ്‌ ഹൃദയം തകർന്ന അവസ്ഥയി​ലാ​യി​രു​ന്നു. മരിച്ചു​പോ​യ അവളുടെ ഭർത്താ​വി​നെ ഓർമി​പ്പി​ക്കു​ന്ന, ജീവി​ക്കു​ന്ന ഏക കണ്ണിയാ​യി​രു​ന്നു ഈ ബാലൻ. തന്റെ വാർധ​ക്യ​ത്തിൽ തന്റെ മകൻ തന്നെ പരിപാ​ലി​ക്കു​മെന്ന്‌ അവൾ ആശിച്ചി​രി​ക്കാം. കഴിഞ്ഞ​കാ​ലത്ത്‌ താൻ ചെയ്‌ത ഏതോ പാപത്തി​ന്റെ അനന്തര​ഫ​ല​മാണ്‌ അതെന്ന്‌ അവൾ ഭയപ്പെട്ടു. അവൾക്ക്‌ അങ്ങേയ​റ്റ​ത്തെ നിരാശ തോന്നി. ഈ ദുരന്തം കണ്ടുനിൽക്കാൻ ഏലീയാ​വി​നു കഴിഞ്ഞില്ല. അവൻ മാതാ​വി​ന്റെ മടിയിൽനി​ന്നു പതുക്കെ മൃത​ദേ​ഹം ഏറ്റുവാ​ങ്ങി തന്റെ മുറി​യി​ലേ​ക്കു കൊണ്ടു​പോ​യി കുട്ടിയെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രാൻ യഹോ​വ​യാം ദൈവ​ത്തോട്‌ അപേക്ഷി​ച്ചു.—1 രാജാ​ക്ക​ന്മാർ 17:8-21.

19, 20. (എ) യഹോ​വ​യു​ടെ പുനഃ​സ്ഥാ​പന ശക്തിയിൽ തനിക്കു വിശ്വാ​സ​മു​ണ്ടെന്ന്‌ അബ്രാ​ഹാം പ്രകട​മാ​ക്കി​യത്‌ എങ്ങനെ, അത്തരം വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം എന്തായി​രു​ന്നു? (ബി) ഏലീയാ​വി​ന്റെ വിശ്വാ​സ​ത്തിന്‌ യഹോവ പ്രതി​ഫ​ലം നൽകി​യത്‌ എങ്ങനെ?

19 പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ച ആദ്യത്തെ വ്യക്തി​യാ​യി​രു​ന്നി​ല്ല ഏലീയാവ്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, യഹോ​വ​യ്‌ക്ക്‌ അങ്ങനെ​യു​ള്ള പുനഃ​സ്ഥാ​പന ശക്തി ഉണ്ടെന്ന്‌ അബ്രാ​ഹാം വിശ്വ​സി​ച്ചു. അതിനു നല്ല കാരണ​വു​മു​ണ്ടാ​യി​രു​ന്നു. അബ്രാ​ഹാ​മിന്‌ 100 വയസ്സും സാറാ​യ്‌ക്കു 90 വയസ്സും ഉണ്ടായി​രു​ന്ന​പ്പോൾ, മൃതമാ​യി​രു​ന്ന അവരുടെ പുനരു​ത്‌പാ​ദന പ്രാപ്‌തി​ക​ളെ യഹോവ പുനഃ​സ്ഥാ​പി​ക്കു​ക​യും ഒരു പുത്രനെ പ്രസവി​ക്കാൻ അത്ഭുത​ക​ര​മാ​യി സാറായെ പ്രാപ്‌ത​യാ​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 17:17; 21:2, 3) പിന്നീട്‌, ബാലന്‌ പ്രായ​പൂർത്തി ആയപ്പോൾ അവനെ ബലി അർപ്പി​ക്കാൻ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. തന്റെ പ്രിയ​പു​ത്ര​നാ​യ യിസ്‌ഹാ​ക്കി​നെ ജീവനി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്ന ബോധ്യ​ത്തോ​ടെ അബ്രാ​ഹാം വിശ്വാ​സം പ്രകട​മാ​ക്കി. (എബ്രായർ 11:17-19) അത്തരം ശക്തമായ വിശ്വാ​സം നിമി​ത്ത​മാ​യി​രി​ക്കാം പുത്രനെ ബലി അർപ്പി​ക്കാൻ പർവത​ത്തി​ലേ​ക്കു കയറു​ന്ന​തി​നു മുമ്പ്‌ താനും യിസ്‌ഹാ​ക്കും ഒരുമി​ച്ചു മടങ്ങി​വ​രു​മെന്ന്‌ അബ്രാ​ഹാം തന്റെ ദാസന്മാർക്ക്‌ ഉറപ്പു കൊടു​ത്തത്‌.—ഉല്‌പത്തി 22:5.

“ഇതാ, നിന്റെ മകൻ ജീവി​ച്ചി​രി​ക്കു​ന്നു”

20 യഹോവ യിസ്‌ഹാ​ക്കി​നെ മരണത്തിൽനി​ന്നു രക്ഷിച്ചു, അതു​കൊണ്ട്‌ ആ സമയത്ത്‌ ഒരു പുനരു​ത്ഥാ​ന​ത്തി​ന്റെ ആവശ്യ​മി​ല്ലാ​യി​രു​ന്നു. അതേസ​മ​യം, ഏലീയാവ്‌ ഉൾപ്പെട്ട സംഭവ​ത്തി​ലാ​ക​ട്ടെ, വിധവ​യു​ടെ പുത്രൻ മരിച്ചു​പോ​യി​രു​ന്നു. എന്നാൽ അധികം താമസി​യാ​തെ കുട്ടിയെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യഹോവ പ്രവാ​ച​ക​ന്റെ വിശ്വാ​സ​ത്തി​നു പ്രതി​ഫ​ലം കൊടു​ത്തു! അനന്തരം ഏലീയാവ്‌, “ഇതാ, നിന്റെ മകൻ ജീവി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ ബാലനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.—1 രാജാ​ക്ക​ന്മാർ 17:22-24.

21, 22. (എ) തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പുനരു​ത്ഥാ​ന​ങ്ങ​ളു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നു? (ബി) പറുദീ​സ​യിൽ, പുനരു​ത്ഥാ​നം എത്ര വിപു​ല​മാ​യി​രി​ക്കും, ആർ അതു നിർവ​ഹി​ക്കും?

21 അങ്ങനെ ഒരു മനുഷ്യ​ജീ​വൻ പുനഃ​സ്ഥാ​പി​ക്കാൻ യഹോവ തന്റെ ശക്തി ഉപയോ​ഗി​ച്ച​തി​നെ കുറി​ച്ചു​ള്ള ആദ്യത്തെ ബൈബിൾ വിവരണം നാം കാണുന്നു. പിൽക്കാ​ലത്ത്‌, മരിച്ച​വ​രെ ജീവനി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്കാൻ യഹോവ ഏലീശാ, യേശു, പൗലൊസ്‌, പത്രൊസ്‌ എന്നിവ​രെ​യും ശക്തീക​രി​ച്ചു. എന്നാൽ ഉയിർപ്പി​ക്ക​പ്പെ​ട്ട​വർ കാലാ​ന്ത​ര​ത്തിൽ വീണ്ടും മരിച്ചു. എങ്കിലും, അങ്ങനെ​യു​ള്ള ബൈബിൾ വിവര​ണ​ങ്ങൾ വരാനി​രി​ക്കു​ന്ന കാര്യ​ങ്ങ​ളു​ടെ മഹത്തായ ഒരു പൂർവ വീക്ഷണം നൽകുന്നു.

22 പറുദീ​സ​യിൽ യേശു “പുനരു​ത്ഥാ​ന​വും ജീവനും” എന്ന നിലയി​ലു​ള്ള തന്റെ ധർമം പൂർണ​മാ​യി നിറ​വേ​റ്റും. (യോഹ​ന്നാൻ 11:25) അവൻ എണ്ണമറ്റ ദശലക്ഷ​ങ്ങ​ളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ള്ള അവസരം അവർക്കു കൊടു​ക്കും. (യോഹ​ന്നാൻ 5:28, 29) മരണത്താൽ ദീർഘ​നാ​ളാ​യി വേർപി​രി​ഞ്ഞി​രു​ന്ന പ്രിയ​പ്പെട്ട സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും സന്തോ​ഷ​ത്താൽ മതിമ​റന്ന്‌ അന്യോ​ന്യം ആശ്ലേഷി​ക്കു​ന്നത്‌ വിഭാവന ചെയ്യുക! സകല മനുഷ്യ​വർഗ​വും യഹോ​വ​യു​ടെ പുനഃ​സ്ഥാ​പന ശക്തി നിമിത്തം അവനെ സ്‌തു​തി​ക്കും.

23. യഹോ​വ​യു​ടെ ശക്തിയു​ടെ പ്രകട​ന​ങ്ങ​ളിൽവെച്ച്‌ ഏറ്റവും വലുത്‌ എന്തായി​രു​ന്നു, ഇതു നമുക്ക്‌ ഭാവി പ്രത്യാശ സംബന്ധിച്ച്‌ ഉറപ്പു നൽകു​ന്നത്‌ എങ്ങനെ?

23 അത്തരം പ്രത്യാശ സംശയ​മ​റ്റ​താണ്‌ എന്നതിന്‌ യഹോവ ദൃഢമായ ഒരു ഉറപ്പു നൽകി​യി​രി​ക്കു​ന്നു. തന്റെ ശക്തിയു​ടെ ഏറ്റവും വലിയ പ്രകട​ന​ങ്ങ​ളി​ലൊ​ന്നാ​യി അവൻ തന്റെ പുത്ര​നാ​യ യേശു​വി​നെ ശക്തനായ ഒരു ആത്മജീവി എന്നനി​ല​യിൽ മരണത്തിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും തന്റെ അടുത്ത സ്ഥാന​ത്തേക്ക്‌ അവരോ​ധി​ക്കു​ക​യും ചെയ്‌തു. പുനരു​ത്ഥാ​നം പ്രാപിച്ച യേശു നൂറു​ക​ണ​ക്കി​നു പേർക്കു പ്രത്യ​ക്ഷ​നാ​യി. (1 കൊരി​ന്ത്യർ 15:5, 6) സന്ദേഹ​വാ​ദി​കൾക്കു പോലും ആ തെളിവു ധാരാ​ള​മാണ്‌. ജീവൻ പുനഃ​സ്ഥാ​പി​ക്കാ​നു​ള്ള ശക്തി യഹോ​വ​യ്‌ക്കുണ്ട്‌.

24. യഹോവ മരിച്ച​വ​രെ ഉയിർപ്പി​ക്കു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ ഓരോ​രു​ത്തർക്കും ഏതു പ്രത്യാ​ശ​യെ വിലമ​തി​ക്കാ​നാ​കും?

24 മരിച്ച​വ​രെ ജീവനി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്കാ​നു​ള്ള ശക്തി മാത്രമല്ല, അങ്ങനെ ചെയ്യാ​നു​ള്ള ആഗ്രഹ​വും യഹോ​വ​യ്‌ക്കുണ്ട്‌. മരിച്ച​വ​രെ തിരികെ വരുത്താൻ യഹോവ യഥാർഥ​ത്തിൽ വാഞ്‌ഛി​ക്കു​ന്നു എന്നു പറയാൻ വിശ്വ​സ്‌ത മനുഷ്യ​നാ​യ ഇയ്യോബ്‌ നിശ്വ​സ്‌ത​നാ​ക്ക​പ്പെ​ട്ടു. (ഇയ്യോബ്‌ 14:15, NW) ഇത്ര സ്‌നേ​ഹ​നിർഭ​ര​മാ​യ വിധത്തിൽ തന്റെ പുനഃ​സ്ഥാ​പന ശക്തി ഉപയോ​ഗി​ക്കാൻ കാംക്ഷി​ക്കു​ന്ന നമ്മുടെ ദൈവ​ത്തി​ലേ​ക്കു നിങ്ങൾ ആകർഷി​ക്ക​പ്പെ​ടു​ന്നി​ല്ലേ? എന്നിരു​ന്നാ​ലും, പുനരു​ത്ഥാ​നം യഹോവ ഭാവി​യിൽ നിർവ​ഹി​ക്കാ​നി​രി​ക്കുന്ന വലിയ പുനഃ​സ്ഥാ​പന വേലയു​ടെ ഒരു വശം മാത്ര​മാ​ണെന്ന്‌ ഓർക്കുക. യഹോ​വ​യോ​ടു പൂർവാ​ധി​കം അടുക്കവേ അവൻ “സകലവും പുതു​താ​ക്കു”ന്നതു കാണാൻ സാധി​ക്ക​ത്ത​ക്ക​വി​ധം നിങ്ങൾക്ക്‌ അവിടെ ഉണ്ടായി​രി​ക്കാൻ കഴിയും എന്ന മഹത്തായ പ്രത്യാ​ശ​യെ എല്ലായ്‌പോ​ഴും വിലമ​തി​ക്കു​ക.—വെളി​പ്പാ​ടു 21:5.

^ ‘എല്ലാ സംഗതി​ക​ളു​ടെ​യും പുനഃ​സ്ഥാ​പ​ന​കാ​ലം,’ വിശ്വ​സ്‌ത​നാ​യ ദാവീദ്‌ രാജാ​വി​ന്റെ ഒരു അവകാ​ശി​യെ സിംഹാ​സ​ന​ത്തിൽ ഇരുത്തി​ക്കൊണ്ട്‌ മിശി​ഹൈക രാജ്യം സ്ഥാപി​ത​മാ​യ​പ്പോൾ ആരംഭി​ച്ചു. ദാവീ​ദി​ന്റെ ഒരു അവകാശി എന്നേക്കും ഭരിക്കു​മെ​ന്നു യഹോവ ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (സങ്കീർത്ത​നം 89:35-37) പൊ.യു.മു. 607-ൽ ബാബി​ലോൺ യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ച​ശേ​ഷം, ദാവീ​ദി​ന്റെ യാതൊ​രു മാനുഷ സന്തതി​യും ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്നില്ല. ദാവീ​ദി​ന്റെ ഒരു അവകാ​ശി​യാ​യി ഭൂമി​യിൽ ജനിച്ച യേശു സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥൻ ആക്കപ്പെ​ട്ട​പ്പോൾ അവൻ, കാലങ്ങൾക്കു മുമ്പ്‌ വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രു​ന്ന രാജാ​വാ​യി​ത്തീർന്നു.

^ ദൃഷ്ടാന്തത്തിന്‌, മോശെ, യെശയ്യാവ്‌, യിരെ​മ്യാവ്‌, യെഹെ​സ്‌കേൽ, ഹോശേയ, യോവേൽ, ആമോസ്‌, ഓബദ്യാവ്‌, മീഖാ, സെഫന്യാവ്‌ എന്നിവ​രെ​ല്ലാം ഈ വിഷയത്തെ കുറിച്ച്‌ വിശദീ​ക​രിച്ച്‌ എഴുതു​ക​യു​ണ്ടാ​യി.