വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളത്‌’

‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളത്‌’

1, 2. അനേകർക്ക്‌ നിയമ​ങ്ങ​ളോട്‌ ആദരവി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌, എന്നാൽ നാം ദൈവ​നി​യ​മ​ങ്ങ​ളെ കുറിച്ച്‌ എങ്ങനെ​യു​ള്ള വീക്ഷണം വളർത്തി​യെ​ടു​ക്ക​ണം?

 “നിയമം ഒരു നിലയി​ല്ലാ​ക്ക​യ​മാണ്‌, അത്‌ സകല​ത്തെ​യും . . . വിഴു​ങ്ങി​ക്ക​ള​യും.” 1712-ൽ പ്രസി​ദ്ധീ​ക​രി​ച്ച ഒരു പുസ്‌ത​ക​ത്തി​ലേ​താണ്‌ ആ പ്രസ്‌താ​വന. നീതി തേടു​ന്ന​വ​രെ പാപ്പരാ​ക്കി​ക്കൊണ്ട്‌ കേസുകൾ ചില​പ്പോൾ വർഷങ്ങ​ളോ​ളം നീണ്ടു​പോ​കാൻ ഇടയാ​ക്കു​ന്ന നിയമ​വ്യ​വ​സ്ഥ​യെ അപലപി​ക്കു​ക​യാ​യി​രു​ന്നു ആ പുസ്‌ത​ക​ത്തി​ന്റെ ലേഖകൻ. ഒട്ടുമിക്ക രാജ്യ​ങ്ങ​ളി​ലും, നീതി​ന്യാ​യ വ്യവസ്ഥകൾ വളരെ സങ്കീർണ​വും അനീതി​യും മുൻവി​ധി​യും പൊരു​ത്ത​ക്കേ​ടു​ക​ളും നിറഞ്ഞ​തു​മാണ്‌. അതു​കൊ​ണ്ടു​ത​ന്നെ നിയമ​ങ്ങ​ളോ​ടു​ള്ള അനാദ​രവ്‌ ഇന്ന്‌ വിപു​ല​വ്യാ​പ​ക​മാണ്‌.

2 ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ഏതാണ്ട്‌ 2,700 വർഷം മുമ്പ്‌ എഴുത​പ്പെട്ട ഈ വാക്കുകൾ പരിചി​ന്തി​ക്കു​ക: “അങ്ങയുടെ നിയമത്തെ ഞാൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു!” (സങ്കീർത്ത​നം 119:97, പി.ഒ.സി. ബൈബിൾ) സങ്കീർത്ത​ന​ക്കാ​രന്‌ ആ നിയമ​ത്തോട്‌ ഇത്ര തീവ്ര​മാ​യ സ്‌നേഹം ഉണ്ടായി​രു​ന്നത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവൻ വാഴ്‌ത്തി​യ ആ നിയമ​ത്തി​ന്റെ ഉറവിടം ഏതെങ്കി​ലും ലൗകിക ഭരണകൂ​ട​മാ​യി​രു​ന്നില്ല, പിന്നെ​യോ യഹോ​വ​യാം ദൈവ​മാ​യി​രു​ന്നു. നിങ്ങൾ യഹോ​വ​യു​ടെ നിയമങ്ങൾ പഠിക്കു​മ്പോൾ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ അധിക​മ​ധി​കം വിചാ​രി​ക്കാ​നി​ട​യാ​യേ​ക്കാം. അത്തര​മൊ​രു പഠനം അഖിലാ​ണ്ഡ​ത്തി​ലെ ഏറ്റവും വലിയ നിയമ​ദാ​താ​വി​നെ സംബന്ധിച്ച ഉൾക്കാ​ഴ്‌ച നൽകും.

പരമോ​ന്നത നിയമ​ദാ​താവ

3, 4. യഹോവ നിയമ​ദാ​താ​വാ​ണെന്ന്‌ ഏതെല്ലാം വിധങ്ങ​ളിൽ തെളി​ഞ്ഞി​രി​ക്കു​ന്നു?

3 “നിയമ​ദാ​താ​വും ന്യായാ​ധി​പ​നു​മാ​യി ഒരുവ​നേ​യു​ള്ളു,” ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ്‌ 4:12, പി.ഒ.സി. ബൈ.) അതേ, യഹോ​വ​യാണ്‌ ഏക, യഥാർഥ നിയമ​ദാ​താവ്‌. ആകാശ​ഗോ​ള​ങ്ങ​ളു​ടെ ചലനങ്ങൾപോ​ലും അവൻ സ്ഥാപി​ച്ചി​രി​ക്കു​ന്ന “ആകാശ​ത്തി​ലെ നിയമങ്ങ”ളാലാണു ഭരിക്ക​പ്പെ​ടു​ന്നത്‌. (ഇയ്യോബ്‌ 38:33) യഹോ​വ​യു​ടെ ആയിര​മാ​യി​രം വിശു​ദ്ധ​ദൂ​ത​ന്മാ​രും അതു​പോ​ലെ ദിവ്യ​നി​യ​മ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു, പ്രത്യേക അണിക​ളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവർ യഹോ​വ​യു​ടെ ആധിപ​ത്യ​ത്തിൻ കീഴിൽ അവന്റെ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കു​ന്നു.—സങ്കീർത്ത​നം 104:4, NW; എബ്രായർ 1:7, 14, NW.

4 യഹോവ മനുഷ്യ​വർഗ​ത്തി​നും നിയമങ്ങൾ നൽകി​യി​ട്ടുണ്ട്‌. നമ്മിൽ ഓരോ​രു​ത്തർക്കും ഒരു മനഃസാ​ക്ഷി​യുണ്ട്‌, യഹോ​വ​യു​ടെ നീതി​ബോ​ധ​ത്തി​ന്റെ ഒരു പ്രതി​ഫ​ല​നം തന്നെ. മനഃസാ​ക്ഷി ഒരുതരം ആന്തരിക നിയമം ആയതി​നാൽ, തെറ്റും ശരിയും തിരി​ച്ച​റി​യാൻ അതിനു നമ്മെ സഹായി​ക്കാ​നാ​കും. (റോമർ 2:14) ദൈവം നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾക്ക്‌ പൂർണ​ത​യു​ള്ള ഒരു മനഃസാ​ക്ഷി നൽകി അനു​ഗ്ര​ഹി​ച്ചി​രു​ന്നു, അതു​കൊണ്ട്‌ അവർക്ക്‌ ചുരുക്കം ചില നിയമ​ങ്ങ​ളേ ആവശ്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. (ഉല്‌പത്തി 2:15-17) എന്നാൽ അപൂർണ മനുഷ്യ​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവ​ത്തി​നു ഹിതക​ര​മാ​യ പാതയി​ലൂ​ടെ നയിക്ക​പ്പെ​ടാൻ കൂടുതൽ നിയമങ്ങൾ ആവശ്യ​മാണ്‌. നോഹ, അബ്രാ​ഹാം, യാക്കോബ്‌ മുതലായ ഗോ​ത്ര​പി​താ​ക്ക​ന്മാർക്ക്‌ യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു നിയമങ്ങൾ ലഭിച്ചി​രു​ന്നു, അവർ അവ തങ്ങളുടെ കുടും​ബ​ങ്ങൾക്കു കൈമാ​റി. (ഉല്‌പത്തി 6:22; 9:3-6; 18:19; 26:4, 5) മോശെ മുഖാ​ന്ത​രം ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ഒരു ന്യായ​പ്ര​മാ​ണ സംഹിത കൊടു​ത്ത​പ്പോൾ, താൻ ഒരു നിയമ​ദാ​താ​വാ​ണെന്ന്‌ മുമ്പ​ത്തേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യ ഒരു വിധത്തിൽ യഹോവ തെളി​യി​ച്ചു. ഈ നിയമ​സം​ഹി​ത യഹോ​വ​യു​ടെ നീതി​ബോ​ധം സംബന്ധിച്ച്‌ നമുക്കു വിശാ​ല​മാ​യ ഉൾക്കാ​ഴ്‌ച നൽകുന്നു.

മോ​ശൈക ന്യായ​പ്ര​മാ​ണം—ഒരു സംഗ്രഹം

5. പിൻപ​റ്റാൻ പ്രയാ​സ​ക​ര​മാ​യി​രു​ന്ന സങ്കീർണ നിയമ​സം​ഹി​ത​യാ​യി​രു​ന്നോ മോ​ശൈക ന്യായ​പ്ര​മാ​ണം, നിങ്ങൾ അങ്ങനെ ഉത്തരം പറയു​ന്നത്‌ എന്തു​കൊണ്ട്‌?

5 മോ​ശൈക ന്യായ​പ്ര​മാ​ണം പിൻപ​റ്റാൻ പ്രയാ​സ​മു​ള്ള ഒരു സങ്കീർണ നിയമ​സം​ഹി​ത ആയിരു​ന്നു​വെന്ന്‌ അനേകർ ചിന്തി​ക്കു​ന്ന​താ​യി തോന്നു​ന്നു. അത്തര​മൊ​രു ധാരണ അശേഷം സത്യമല്ല. മുഴു​സം​ഹി​ത​യി​ലു​മാ​യി 600-ൽപ്പരം നിയമ​ങ്ങ​ളുണ്ട്‌. അത്‌ അനവധി​യാ​ണെ​ന്നു തോന്നാം. എന്നാൽ ഇതു ചിന്തി​ക്കു​ക: 20-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേക്ക്‌ ഐക്യ​നാ​ടു​ക​ളു​ടെ ഫെഡറൽ നിയമങ്ങൾ നിയമ പുസ്‌ത​ക​ത്തി​ന്റെ 1,50,000 പേജുകൾ കയ്യടക്കി​യി​രു​ന്നു. ഈരണ്ടു വർഷം കൂടു​മ്പോൾ ഏതാണ്ട്‌ 600 നിയമങ്ങൾ കൂടു​ത​ലാ​യി ചേർക്ക​പ്പെ​ടു​ന്നു! അതു​കൊണ്ട്‌ എണ്ണത്തിന്റെ കാര്യ​ത്തിൽ മനുഷ്യ​നി​യ​മ​ങ്ങ​ളു​ടെ കൂമ്പാരം മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തെ ചെറു​താ​ക്കു​ന്നു. എങ്കിലും ആധുനിക നിയമങ്ങൾ ഇതുവരെ പരിഗ​ണി​ക്കാൻ തുടങ്ങി​യി​ട്ടു​പോ​ലു​മി​ല്ലാത്ത, ജീവി​ത​ത്തി​ന്റെ വിവിധ വശങ്ങളെ ഭരിക്കുന്ന നിയമങ്ങൾ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ അടങ്ങി​യി​രു​ന്നു.

6, 7. (എ) മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തെ മറ്റേ​തൊ​രു നിയമ​സം​ഹി​ത​യിൽനി​ന്നും വ്യത്യ​സ്‌ത​മാ​ക്കു​ന്ന​തെന്ത്‌, ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏറ്റവും വലിയ കൽപ്പന ഏത്‌? (ബി) ഇസ്രാ​യേ​ല്യർക്ക്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടുള്ള അംഗീ​കാ​രം പ്രകട​മാ​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌ എങ്ങനെ?

6 ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ ഉയർത്തി​പ്പി​ടി​ച്ചു. അതു​കൊണ്ട്‌ മോ​ശൈക ന്യായ​പ്ര​മാ​ണം മറ്റേ​തൊ​രു നിയമ​സം​ഹി​ത​യു​മാ​യി തുലനം ചെയ്യാ​നാ​കാ​ത്ത​വി​ധം അത്ര ശ്രേഷ്‌ഠ​മാ​യി​രു​ന്നു. അതിലെ ഏറ്റവും വലിയ നിയമം ഇതായി​രു​ന്നു: “യിസ്രാ​യേ​ലേ, കേൾക്ക; യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു; യഹോവ എകൻ തന്നേ. നിന്റെ ദൈവ​മാ​യ യഹോ​വ​യെ നീ പൂർണ്ണ ഹൃദയ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേ​ണം.” ദൈവ​ത്തി​ന്റെ ജനം അവനോ​ടു​ള്ള സ്‌നേഹം എങ്ങനെ പ്രകട​മാ​ക്ക​ണ​മാ​യി​രു​ന്നു? അവർ അവന്റെ പരമാ​ധി​കാ​ര​ത്തി​നു കീഴ്‌പെ​ട്ടു​കൊണ്ട്‌ അവനെ സേവി​ക്ക​ണ​മാ​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌ത​കം 6:4, 5; 11:13.

7 ഓരോ ഇസ്രാ​യേ​ല്യ​നും തന്റെമേൽ അധികാ​ര​മു​ള്ള​വർക്കു കീഴ്‌പെ​ട്ടു​കൊണ്ട്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ അംഗീ​ക​രി​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കി. മാതാ​പി​താ​ക്കൾ, പ്രമാ​ണി​മാർ, ന്യായാ​ധി​പ​ന്മാർ, പുരോ​ഹി​ത​ന്മാർ, രാജാവ്‌ എന്നിവ​രെ​ല്ലാം ദിവ്യ അധികാ​ര​ത്തെ പ്രതി​നി​ധാ​നം ചെയ്‌തു. അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വർക്ക്‌ എതിരായ ഏതു മത്സരവും തനി​ക്കെ​തി​രാ​യ മത്സരമാ​യി യഹോവ വീക്ഷിച്ചു. എന്നാൽ, അധികാ​ര​ത്തി​ലി​രി​ക്കു​ന്നവർ അവന്റെ ജനത്തോട്‌ അന്യാ​യ​മാ​യോ അഹങ്കാ​ര​പൂർവ​മോ ഇടപെ​ട്ടാൽ യഹോ​വ​യു​ടെ ക്രോധം അവരു​ടെ​മേൽ വരുമാ​യി​രു​ന്നു. (പുറപ്പാ​ടു 20:12; 22:28; ആവർത്ത​ന​പു​സ്‌ത​കം 1:16, 17; 17:8-20; 19:16, 17) അങ്ങനെ ഇരുപ​ക്ഷ​ങ്ങ​ളും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാൻ ബാധ്യ​സ്ഥ​രാ​യി​രു​ന്നു.

8. ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ വിശു​ദ്ധി​യു​ടെ നിലവാ​ര​ത്തെ ഉയർത്തി​പ്പി​ടി​ച്ചത്‌ എങ്ങനെ?

8 ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ വിശു​ദ്ധി​യു​ടെ നിലവാ​ര​ത്തെ ഉയർത്തി​പ്പി​ടി​ച്ചു. അതിന്റെ മൂലപാ​ഠ​ത്തിൽ “വിശുദ്ധം” “വിശുദ്ധി” എന്നീ പദങ്ങൾ 280-ൽപ്പരം പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. ശുദ്ധവും അശുദ്ധ​വും, നിർമ​ല​വും മലിന​വും വേർതി​രി​ച്ച​റി​യാൻ ന്യായ​പ്ര​മാ​ണം ദൈവ​ജ​ന​ത്തെ സഹായി​ച്ചു, ഒരു ഇസ്രാ​യേ​ല്യ​നെ ആചാര​പ​ര​മാ​യി അശുദ്ധ​നാ​ക്കി​യേ​ക്കാ​വുന്ന ഏതാണ്ട്‌ 70 കാര്യങ്ങൾ അതിൽ എടുത്തു പറഞ്ഞി​രു​ന്നു. ശാരീ​രി​ക ശുചി​ത്വം, ആഹാര​ക്ര​മം, മാലിന്യ നിർമാർജ​നം എന്നിവയെ കുറി​ച്ചെ​ല്ലാം ആ ന്യായ​പ്ര​മാ​ണ നിയമങ്ങൾ പരാമർശി​ച്ചി​രു​ന്നു. അവ ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധേ​യ​മാ​യ പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തി. * എന്നാൽ അവയ്‌ക്ക്‌ അതിലും മഹത്തായ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു—ചുറ്റു​മു​ള്ള അധഃപ​തി​ച്ച ജനതക​ളു​ടെ പാപപൂർണ​മാ​യ ആചാര​ങ്ങ​ളിൽനിന്ന്‌ ദൈവ​ജ​ന​ത്തെ വേർപെ​ടു​ത്തി​ക്കൊണ്ട്‌ അവരെ യഹോ​വ​യു​ടെ പ്രീതി​യിൽ നിലനി​റു​ത്തു​ക എന്നതാ​യി​രു​ന്നു അത്‌.

9, 10. ന്യായ​പ്ര​മാ​ണ ഉടമ്പടി​യിൽ ലൈം​ഗി​ക ബന്ധങ്ങളും ശിശു​ജ​ന​ന​വും സംബന്ധിച്ച എന്തു ചട്ടങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു, അങ്ങനെ​യു​ള്ള ചട്ടങ്ങൾ എന്തു പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തി?

9 വിവാ​ഹി​ത​രു​ടെ ഇടയിൽപ്പോ​ലും, ലൈം​ഗി​ക ബന്ധവും ശിശു​ജ​ന​ന​വും അശുദ്ധി​യു​ടെ ഒരു കാലഘട്ടം വരുത്തു​ന്ന​താ​യി ന്യായ​പ്ര​മാ​ണ ഉടമ്പടി​യി​ലെ ചട്ടങ്ങൾ പ്രസ്‌താ​വി​ച്ചു. (ലേവ്യ​പു​സ്‌ത​കം 12:2-4; 15:16-18) ഇത്തരം ചട്ടങ്ങൾ ദൈവ​ത്തിൽനി​ന്നു​ള്ള ഈ ശുദ്ധമായ ദാനങ്ങളെ താഴ്‌ത്തി​ക്കെ​ട്ടു​ക​യാ​യി​രു​ന്നില്ല. (ഉല്‌പത്തി 1:28; 2:18-25) പകരം ആ നിയമങ്ങൾ യഹോ​വ​യു​ടെ ആരാധ​ക​രെ മലിനീ​ക​ര​ണ​ത്തിൽനി​ന്നു മുക്തരാ​ക്കി​ക്കൊണ്ട്‌ അവന്റെ വിശു​ദ്ധി​യെ ഉയർത്തി​പ്പി​ടി​ച്ചു. ഇസ്രാ​യേ​ലി​നു ചുറ്റു​മു​ള്ള ജനതകൾ ആരാധ​ന​യെ ലൈം​ഗി​ക​ത​യും ഉർവര​പൂ​ജ​ക​ളു​മാ​യി (വിളവു വർധി​പ്പി​ക്കാൻ കൃഷി​ഭൂ​മി​യെ പൂജി​ക്കു​ന്ന ചടങ്ങ്‌) കൂട്ടി​ക്ക​ലർത്തി. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും പരസം​ഗ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ കനാന്യ മതാചാ​ര​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ഇതി​ന്റെ​യെ​ല്ലാം ഫലമായി അങ്ങേയറ്റം അധഃപ​തി​ച്ച അവസ്ഥകൾ ദേശ​മെ​ങ്ങും നിലനി​ന്നി​രു​ന്നു. എന്നാൽ ഇതിനു വിപരീ​ത​മാ​യി, ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ ആരാധ​ന​യെ ലൈം​ഗി​ക കാര്യ​ങ്ങ​ളിൽനി​ന്നു പൂർണ​മാ​യും വേർപെ​ടു​ത്തി​നി​റു​ത്തി. * മറ്റു പ്രയോ​ജ​ന​ങ്ങ​ളും ഉണ്ടായി​രു​ന്നു.

10 ആ നിയമങ്ങൾ ഒരു മർമ​പ്ര​ധാ​ന സത്യം പഠിപ്പി​ക്കാൻ ഉതകി. * യഥാർഥ​ത്തിൽ, ആദാമ്യ​പാ​പ​ത്തി​ന്റെ കളങ്കം ഒരു തലമു​റ​യിൽനിന്ന്‌ അടുത്ത​തി​ലേക്ക്‌ കൈമാ​റ​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? അത്‌ ലൈം​ഗി​ക ബന്ധത്താ​ലും ശിശു​ജ​ന​ന​ത്താ​ലും അല്ലേ? (റോമർ 5:12) അതേ, നിലനിൽക്കു​ന്ന പാപാ​വ​സ്ഥ​യെ കുറിച്ച്‌ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം അവന്റെ ജനത്തെ അനുസ്‌മ​രി​പ്പി​ച്ചു. യഥാർഥ​ത്തിൽ നമ്മളെ​ല്ലാം പാപത്തി​ലാ​ണു ജനിക്കു​ന്നത്‌. (സങ്കീർത്ത​നം 51:5) നമ്മുടെ പരിശു​ദ്ധ​ദൈ​വ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ നമുക്കു പാപ​മോ​ച​ന​വും വീണ്ടെ​ടു​പ്പും ആവശ്യ​മാണ്‌.

11, 12. (എ) ന്യായ​പ്ര​മാ​ണം നീതി​യു​ടെ ഏതു തത്ത്വത്തിന്‌ ഊന്നൽ നൽകി? (ബി) നീതി മറിച്ചു​ക​ള​യു​ന്ന​തു തടയാൻ ന്യായ​പ്ര​മാ​ണ​ത്തിൽ ഏതു കരുത​ലു​കൾ ഉൾപ്പെ​ടു​ത്തി?

11 ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ പൂർണ​നീ​തി​യെ ഉയർത്തി​പ്പി​ടി​ച്ചു. മോ​ശൈക ന്യായ​പ്ര​മാ​ണം നീതി​ന്യാ​യ കാര്യ​ങ്ങ​ളിൽ തുല്യ​ത​യു​ടെ അല്ലെങ്കിൽ സമനി​ല​യു​ടെ തത്ത്വത്തിന്‌ ഊന്നൽ നൽകി. അതു​കൊണ്ട്‌ അത്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലി​ന്നു​പ​ക​രം കാൽ.” (ആവർത്ത​ന​പു​സ്‌ത​കം 19:21) ആ സ്ഥിതിക്ക്‌, കുറ്റകൃ​ത്യ കേസു​ക​ളിൽ ശിക്ഷ കുറ്റകൃ​ത്യ​ത്തിന്‌ ആനുപാ​തി​കം ആയിരി​ക്ക​ണ​മാ​യി​രു​ന്നു. ദിവ്യ​നീ​തി​യു​ടെ ഈ വശം ന്യായ​പ്ര​മാ​ണ​ത്തിൽ ഉടനീളം പ്രകട​മാ​യി​രു​ന്നു. 14-ാം അധ്യായം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, ക്രിസ്‌തു​യേ​ശു​വി​ന്റെ മറുവി​ല​യാ​ഗം മനസ്സി​ലാ​ക്കു​ന്ന​തിന്‌ നീതി​യു​ടെ ഈ വശം ഇന്നും അനിവാ​ര്യ​മാണ്‌.—1 തിമൊ​ഥെ​യൊസ്‌ 2:5, 6.

12 നീതി മറിച്ചു​ക​ള​യു​ന്നത്‌ തടയാ​നു​ള്ള കരുത​ലു​ക​ളും ന്യായ​പ്ര​മാ​ണ​ത്തിൽ ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു കുറ്റാ​രോ​പ​ണ​ത്തി​ന്റെ സാധുത സ്ഥാപി​ക്കു​ന്ന​തിന്‌ കുറഞ്ഞ​പ​ക്ഷം രണ്ടു സാക്ഷികൾ ആവശ്യ​മാ​യി​രു​ന്നു. കള്ളസത്യം ചെയ്‌താൽ കടുത്ത ശിക്ഷ ലഭിക്കു​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 19:15, 18, 19) അഴിമ​തി​യും കൈക്കൂ​ലി​യും കർശന​മാ​യി വിലക്കി​യി​രു​ന്നു. (പുറപ്പാ​ടു 23:8; ആവർത്ത​ന​പു​സ്‌ത​കം 27:25) ദൈവ​ജ​നം തങ്ങളുടെ വ്യാപാര നടപടി​ക​ളി​ലും യഹോ​വ​യു​ടെ നീതി​യു​ടെ ഉന്നതനി​ല​വാ​രം ഉയർത്തി​പ്പി​ടി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌ത​കം 19:35, 36; ആവർത്ത​ന​പു​സ്‌ത​കം 23:19, 20) ശ്രേഷ്‌ഠ​വും നിഷ്‌പ​ക്ഷ​വു​മാ​യ ആ നിയമ​സം​ഹി​ത ഇസ്രാ​യേ​ലിന്‌ വലിയ ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു!

നീതി​ന്യാ​യ​പ​ര​മാ​യ കരുണ​യെ​യും നിഷ്‌പ​ക്ഷ​ത​യെ​യും വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന നിയമങ്ങൾ

13, 14. മോഷ്ടാ​വി​നോ​ടും മോഷ​ണ​ത്തിന്‌ ഇരയായ വ്യക്തി​യോ​ടും ഉള്ള ബന്ധത്തിൽ ന്യായ​പ്ര​മാ​ണം ഉചിത​വും നിഷ്‌പ​ക്ഷ​വു​മാ​യ പെരു​മാ​റ്റ​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ച്ച​തെ​ങ്ങനെ?

13 മോ​ശൈക ന്യായ​പ്ര​മാ​ണം കർക്കശ​മാ​യ, കരുണയറ്റ ഒരു നിയമ​സം​ഹി​ത ആയിരു​ന്നോ? അശേഷ​മ​ല്ലാ​യി​രു​ന്നു! “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളത്‌” എന്ന്‌ എഴുതാൻ ദാവീദ്‌ രാജാവ്‌ നിശ്വ​സ്‌ത​നാ​യി. (സങ്കീർത്ത​നം 19:7) അവനു നന്നായി അറിയാ​മാ​യി​രു​ന്ന​തു​പോ​ലെ, ന്യായ​പ്ര​മാ​ണം കരുണ​യ്‌ക്കും നിഷ്‌പക്ഷ പെരു​മാ​റ്റ​ത്തി​നും ഊന്നൽ നൽകി. എങ്ങനെ?

14 ഇക്കാലത്ത്‌ ചില രാജ്യ​ങ്ങ​ളിൽ, കുറ്റകൃ​ത്യ​ത്തിന്‌ ഇരയാ​യ​വ​രെ​ക്കാൾ കുറ്റകൃ​ത്യം ചെയ്‌ത​വ​രോട്‌ നിയമം കൂടുതൽ പരിഗണന കാണി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മോഷ്ടാ​ക്കൾ തങ്ങൾ ചെയ്‌ത കുറ്റത്തിന്‌ തടവിൽ കഴിയു​ക​യാ​യി​രി​ക്കാം. മോഷ​ണ​ത്തിന്‌ ഇരയാ​യ​വർക്കാ​ക​ട്ടെ തങ്ങളുടെ കളവു​പോ​യ വസ്‌തു​ക്കൾ തിരികെ ലഭിച്ചി​രി​ക്കി​ല്ലെ​ന്നു മാത്രമല്ല, അത്തരം കുറ്റവാ​ളി​ക​ളെ പാർപ്പി​ക്കു​ക​യും പോറ്റു​ക​യും ചെയ്യുന്ന ജയിൽ സംവി​ധാ​ന​ങ്ങൾക്കാ​യി നികുതി അടയ്‌ക്കേ​ണ്ട​താ​യും വരുന്നു. പുരാതന ഇസ്രാ​യേ​ലിൽ, ഇന്നു നമുക്ക്‌ അറിയാ​വു​ന്ന തരത്തി​ലു​ള്ള തടവറകൾ ഇല്ലായി​രു​ന്നു. ശിക്ഷക​ളു​ടെ കാഠി​ന്യം സംബന്ധിച്ച്‌ കർശന​മാ​യ പരിധി​കൾ ഏർപ്പെ​ടു​ത്തി​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 25:1-3) ഒരു മോഷ്ടാവ്‌ മോഷ്ടിച്ച വസ്‌തു​വി​ന്റെ ഉടമയ്‌ക്കു നഷ്ടപരി​ഹാ​രം നൽകണ​മാ​യി​രു​ന്നു. അതിനു​പു​റ​മേ, മോഷ്ടാ​വു കൂടു​ത​ലാ​യ പണം കൊടു​ക്ക​ണ​മാ​യി​രു​ന്നു. എത്ര കൂടുതൽ? അത്‌ വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌, പാപി​യു​ടെ അനുതാ​പം പോ​ലെ​യു​ള്ള നിരവധി ഘടകങ്ങൾ വിലയി​രു​ത്തി വിധി​ക്കാ​നു​ള്ള സ്വാത​ന്ത്ര്യം ന്യായാ​ധി​പ​ന്മാർക്കു കൊടു​ത്തി​രു​ന്നു. ലേവ്യ​പു​സ്‌ത​കം 6:1-7 അനുസ​രിച്ച്‌ ഒരു മോഷ്ടാ​വിൽനിന്ന്‌ ആവശ്യ​പ്പെ​ട്ടി​രു​ന്ന നഷ്ടപരി​ഹാ​രം പുറപ്പാ​ടു 22:7-ൽ നിഷ്‌കർഷി​ച്ച​തി​നെ​ക്കാൾ വളരെ കുറവാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം ഇതായി​രി​ക്കാം.

15. യാദൃ​ച്ഛി​ക​മാ​യി ഒരാളെ കൊന്ന​വ​ന്റെ കാര്യ​ത്തിൽ ന്യായ​പ്ര​മാ​ണം കരുണ​യും നീതി​യും ഉറപ്പു​വ​രു​ത്തി​യത്‌ എങ്ങനെ?

15 എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മനഃപൂർവം ചെയ്യ​പ്പെ​ടു​ന്ന​വ​യ​ല്ലെന്ന്‌ ന്യായ​പ്ര​മാ​ണം കരുണാ​പൂർവം അംഗീ​ക​രി​ച്ചു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു മനുഷ്യൻ യാദൃ​ച്ഛി​ക​മാ​യി ആരെ​യെ​ങ്കി​ലും കൊന്നാൽ ശരിയായ നടപടി സ്വീക​രി​ക്കു​ന്ന​പ​ക്ഷം—ഇസ്രാ​യേ​ലിൽ അങ്ങിങ്ങാ​യി ഉണ്ടായി​രു​ന്ന സങ്കേത​ന​ഗ​ര​ങ്ങ​ളിൽ ഒന്നി​ലേക്ക്‌ ഓടി​പ്പോ​കു​ന്ന​പ​ക്ഷം—അയാൾ ജീവനു​പ​ക​രം ജീവൻ കൊടു​ക്കേ​ണ്ടി​യി​രു​ന്നില്ല. യോഗ്യ​രാ​യ ന്യായാ​ധി​പ​ന്മാർ അയാളു​ടെ കേസ്‌ പരി​ശോ​ധി​ച്ച​ശേ​ഷം, മഹാപു​രോ​ഹി​ത​ന്റെ മരണം​വ​രെ അയാൾ അവി​ടെ​ത്ത​ന്നെ കഴി​യേ​ണ്ടി​യി​രു​ന്നു. അതിനു​ശേ​ഷം അയാൾക്ക്‌ ഇഷ്ടമു​ള്ളി​ട​ത്തു വസിക്കാൻ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ അയാൾക്കു ദിവ്യ​ക​രു​ണ​യിൽനി​ന്നു പ്രയോ​ജ​നം ലഭിച്ചു. അതേസ​മ​യം, ഈ നിയമം മനുഷ്യ​ജീ​വ​ന്റെ വലിയ മൂല്യത്തെ ദൃഢീ​ക​രി​ക്കു​ക​യും ചെയ്‌തു.—സംഖ്യാ​പു​സ്‌ത​കം 15:30, 31; 35:12-25.

16. ന്യായ​പ്ര​മാ​ണം വ്യക്തി​പ​ര​മാ​യ ചില അവകാ​ശ​ങ്ങ​ളെ സംരക്ഷി​ച്ചത്‌ എങ്ങനെ?

16 ന്യായ​പ്ര​മാ​ണം വ്യക്തി​പ​ര​മാ​യ അവകാ​ശ​ങ്ങ​ളെ സംരക്ഷി​ച്ചു. കടത്തി​ലാ​യി​പ്പോ​യ​വരെ അത്‌ സംരക്ഷിച്ച വിധങ്ങൾ പരിചി​ന്തി​ക്കു​ക. വായ്‌പ ഈടാ​ക്കു​ന്ന​തിന്‌ ഏതെങ്കി​ലും വസ്‌തു എടുത്തു​കൊ​ണ്ടു​പോ​കാൻ കടക്കാ​ര​ന്റെ വീട്ടിൽ പ്രവേ​ശി​ക്കു​ന്ന​തി​നെ ന്യായ​പ്ര​മാ​ണം വിലക്കി. പകരം വായ്‌പ നൽകി​യ​വൻ പുറത്ത്‌ കാത്തു​നി​ന്നു​കൊണ്ട്‌ പണയം തന്റെ അടുക്ക​ലേ​ക്കു കൊണ്ടു​വ​രാൻ കടക്കാ​ര​നെ അനുവ​ദി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ വായ്‌പ നൽകി​യ​വൻ കടക്കാ​ര​ന്റെ വീട്ടിൽ അതി​ക്ര​മി​ച്ചു കയറു​ന്ന​തി​നെ ന്യായ​പ്ര​മാ​ണം തടഞ്ഞു. വായ്‌പ നൽകി​യ​വൻ ഒരു പണയമാ​യി കടക്കാ​ര​ന്റെ മേലങ്കി എടുത്താൽ രാത്രി​യാ​കു​ന്ന​തി​നു മുമ്പ്‌ അയാൾ അതു മടക്കി​ക്കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു, കാരണം രാത്രി തണുപ്പിൽനി​ന്നു രക്ഷനേ​ടാൻ അയാൾക്ക്‌ അത്‌ ഒരുപക്ഷേ ആവശ്യ​മാ​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌ത​കം 24:10-14.

17, 18. യുദ്ധം ഉൾപ്പെട്ട കാര്യ​ങ്ങ​ളിൽ ഇസ്രാ​യേ​ല്യർ മറ്റു ജനതക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

17 ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ യുദ്ധത്തി​നു പോലും നിയ​ന്ത്ര​ണ​ങ്ങൾ ഉണ്ടായി​രു​ന്നു. കേവലം അധികാ​ര​മോ​ഹ​ത്തെ​യോ വിജയ​ത്വ​ര​യെ​യോ ശമിപ്പി​ക്കാ​നാ​യി ദൈവ​ജ​നം യുദ്ധം​ചെ​യ്യാൻ പാടി​ല്ലാ​യി​രു​ന്നു. എന്നാൽ “യഹോ​വ​യു​ടെ യുദ്ധ”ങ്ങളിൽ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​യി വർത്തി​ക്കാൻ അവർക്കു യുദ്ധം ചെയ്യാ​മാ​യി​രു​ന്നു. (സംഖ്യാ​പു​സ്‌ത​കം 21:15) എന്നാൽ മിക്ക സന്ദർഭ​ങ്ങ​ളി​ലും ഇസ്രാ​യേ​ല്യർ ആദ്യം​ത​ന്നെ, കീഴട​ങ്ങാ​നു​ള്ള വ്യവസ്ഥകൾ വെക്കണ​മാ​യി​രു​ന്നു. ഒരു നഗരം വ്യവസ്ഥകൾ തള്ളിക്ക​ള​ഞ്ഞാൽ ഇസ്രാ​യേ​ലിന്‌ അതിനെ ഉപരോ​ധി​ക്കാ​മാ​യി​രു​ന്നു—എന്നാൽ ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രി​ച്ചു​വേ​ണ​മാ​യി​രു​ന്നു അങ്ങനെ ചെയ്യാൻ. ചരി​ത്ര​ത്തി​ലു​ട​നീ​ളം അനേകം പടയാ​ളി​ക​ളും ചെയ്‌തി​രി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഇസ്രാ​യേ​ലി​ലെ യോദ്ധാ​ക്കൾ സ്‌ത്രീ​ക​ളെ ബലാത്സം​ഗം ചെയ്യാ​നോ അനിയ​ന്ത്രി​ത സംഹാരം നടത്താ​നോ അനുവ​ദി​ക്ക​പ്പെ​ട്ടി​ല്ല. ശത്രു​ദേ​ശ​ത്തി​ന്റെ പരിസ്ഥി​തി​യെ പോലും അവർ ആദരി​ക്ക​ണ​മാ​യി​രു​ന്നു, അവിടത്തെ ഫലവൃ​ക്ഷ​ങ്ങൾ അവർ വെട്ടി​യി​ടാൻ പാടി​ല്ലാ​യി​രു​ന്നു. * മറ്റു സൈന്യ​ങ്ങൾക്ക്‌ അത്തരം നിയ​ന്ത്ര​ണ​ങ്ങൾ ഇല്ലായി​രു​ന്നു.—ആവർത്ത​ന​പു​സ്‌ത​കം 20:10-15, 19, 20; 21:10-13.

18 ചില ദേശങ്ങ​ളിൽ കൊച്ചു കുട്ടി​കൾക്കു സൈനിക പരിശീ​ല​നം നൽകുന്നു എന്ന വസ്‌തുത നിങ്ങളെ ഞെട്ടി​പ്പി​ക്കു​ന്നു​ണ്ടോ? പുരാതന ഇസ്രാ​യേ​ലിൽ 20 വയസ്സാ​കാ​ത്ത ആരെയും സൈന്യ​ത്തിൽ ചേർത്തി​രു​ന്നി​ല്ല. (സംഖ്യാ​പു​സ്‌ത​കം 1:2, 3) മുതിർന്ന ഒരു പുരു​ഷ​നാ​ണെ​ങ്കി​ലും അമിത​മാ​യ ഭയമു​ണ്ടെ​ങ്കിൽ അയാൾ സൈന്യ​ത്തിൽ ചേരേ​ണ്ട​തി​ല്ലാ​യി​രു​ന്നു. പുതു​താ​യി വിവാ​ഹി​ത​നാ​യ ഒരു പുരു​ഷ​നെ ഒരു മുഴു​വർഷ​ത്തേക്ക്‌ സൈനിക സേവന​ത്തിൽനിന്ന്‌ ഒഴിവാ​ക്കി​യി​രു​ന്നു, അങ്ങനെ അപകട​ക​ര​മാ​യ ആ സേവന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നു മുമ്പ്‌ തനിക്ക്‌ ഒരു അവകാശി ജനിച്ചു​കാ​ണാ​നു​ള്ള അവസരം അയാൾക്കു ലഭിക്കു​മാ​യി​രു​ന്നു. ഈ വിധത്തിൽ, യുവഭർത്താ​വിന്‌ തന്റെ നവവധു​വി​നെ സന്തോ​ഷി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു​വെന്ന്‌ ന്യായ​പ്ര​മാ​ണം വ്യക്തമാ​ക്കി.—ആവർത്ത​ന​പു​സ്‌ത​കം 20:5, 6, 8; 24:5.

19. സ്‌ത്രീ​കൾ, കുട്ടികൾ, കുടും​ബ​ങ്ങൾ, വിധവകൾ, അനാഥർ എന്നിവ​രു​ടെ സംരക്ഷ​ണ​ത്തി​നാ​യി ന്യായ​പ്ര​മാ​ണ​ത്തിൽ ഏതു കരുത​ലു​കൾ ഉണ്ടായി​രു​ന്നു?

19 ന്യായ​പ്ര​മാ​ണം സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും കുടും​ബ​ങ്ങ​ളെ​യും കൂടെ സംരക്ഷി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്‌തു. തങ്ങളുടെ മക്കൾക്ക്‌ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ നിരന്തര ശ്രദ്ധയും പ്രബോ​ധ​ന​വും കൊടു​ക്കാൻ അതു മാതാ​പി​താ​ക്ക​ളോ​ടു കൽപ്പിച്ചു. (ആവർത്ത​ന​പു​സ്‌ത​കം 6:6, 7) അത്‌ സകല രൂപത്തി​ലു​മു​ള്ള നിഷി​ദ്ധ​ബ​ന്ധു​വേ​ഴ്‌ചയെ വിലക്കു​ക​യും അതിനെ മരണശി​ക്ഷാർഹ​മാ​യ കുറ്റമാ​യി പരിഗ​ണി​ക്കു​ക​യും ചെയ്‌തു. (ലേവ്യ​പു​സ്‌ത​കം 18-ാം അധ്യായം) കുടും​ബ​ങ്ങ​ളു​ടെ തകർച്ച​യ്‌ക്കു കാരണ​മാ​കു​ക​യും അവയുടെ സുരക്ഷ​യെ​യും മാന്യ​ത​യെ​യും നശിപ്പി​ക്കു​ക​യും ചെയ്യുന്ന വ്യഭി​ചാ​ര​ത്തെ​യും അതു വിലക്കി. ന്യായ​പ്ര​മാ​ണം വിധവ​മാർക്കും അനാഥർക്കും​വേ​ണ്ടി കരുതു​ക​യും അവരോ​ടു​ള്ള ദുഷ്‌പെ​രു​മാ​റ്റ​ത്തെ അതിശ​ക്ത​മാ​യ ഭാഷയിൽ വിലക്കു​ക​യും ചെയ്‌തു.—പുറപ്പാ​ടു 20:14; 22:22-24.

20, 21. (എ) മോ​ശൈക ന്യായ​പ്ര​മാ​ണം ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ ബഹുഭാ​ര്യ​ത്വം അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) വിവാ​ഹ​മോ​ച​ന​ത്തി​ന്റെ കാര്യ​ത്തിൽ ന്യായ​പ്ര​മാ​ണം, യേശു പിൽക്കാ​ല​ത്തു പുനഃ​സ്ഥാ​പി​ച്ച പ്രമാ​ണ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

20 എന്നാൽ, ‘ന്യായ​പ്ര​മാ​ണം ബഹുഭാ​ര്യ​ത്വം അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?’ എന്നു ചിലർ ആശ്ചര്യ​പ്പെ​ട്ടേ​ക്കാം. (ആവർത്ത​ന​പു​സ്‌ത​കം 21:15-17) അങ്ങനെ​യു​ള്ള നിയമ​ങ്ങ​ളെ കാലങ്ങ​ളു​ടെ സന്ദർഭ​ത്തി​ന​നു​സ​രി​ച്ചു​വേണം നാം പരിഗ​ണി​ക്കാൻ. ആധുനിക കാലങ്ങ​ളു​ടെ​യും സംസ്‌കാ​ര​ങ്ങ​ളു​ടെ​യും കാഴ്‌ച​പ്പാ​ടിൽ നിന്നു​കൊണ്ട്‌ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തെ വിലയി​രു​ത്തു​ന്ന​വർ തീർച്ച​യാ​യും അതിനെ തെറ്റി​ദ്ധ​രി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 18:13) പണ്ട്‌ ഏദെനിൽവെച്ച്‌ വിവാഹം സംബന്ധിച്ച്‌ യഹോവ സ്ഥാപിച്ച മാനദണ്ഡം അതിനെ ഒരു ഭർത്താ​വും ഒരു ഭാര്യ​യും തമ്മിലുള്ള നിലനിൽക്കു​ന്ന ബന്ധമാക്കി. (ഉല്‌പത്തി 2:18, 20-24) എന്നിരു​ന്നാ​ലും, യഹോവ ഇസ്രാ​യേ​ലി​നു ന്യായ​പ്ര​മാ​ണം കൊടുത്ത കാലമാ​യ​പ്പോ​ഴേ​ക്കും ബഹുഭാ​ര്യ​ത്വം പോ​ലെ​യു​ള്ള നടപടി​കൾ നൂറ്റാ​ണ്ടു​ക​ളാ​യി മനുഷ്യ​സ​മൂ​ഹ​ത്തിൽ ആഴത്തിൽ വേരോ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. തന്റെ “ദുശ്ശാ​ഠ്യ​മു​ള്ള ജനം” വിഗ്ര​ഹാ​രാ​ധ​ന​യെ വിലക്കു​ന്ന​തു​പോ​ലു​ള്ള ഏറ്റവും അടിസ്ഥാ​ന​പ​ര​മാ​യ കൽപ്പന​കൾപോ​ലും അനുസ​രി​ക്കു​ന്ന​തിൽ കൂടെ​ക്കൂ​ടെ പരാജ​യ​പ്പെ​ടു​മെന്ന്‌ യഹോവ നന്നായി അറിഞ്ഞി​രു​ന്നു. (പുറപ്പാ​ടു 32:9) അതു​കൊണ്ട്‌, യഹോവ ആ യുഗത്തെ, അവരുടെ വൈവാ​ഹി​ക നടപടി​ക​ളെ​യെ​ല്ലാം തിരു​ത്തു​ന്ന​തി​നു​ള്ള സമയമാ​യി തിര​ഞ്ഞെ​ടു​ത്തി​ല്ല. തികച്ചും ജ്ഞാനപൂർവ​മാ​യ ഒരു സംഗതി​യാ​യി​രു​ന്നു അത്‌. എന്നിരു​ന്നാ​ലും, ബഹുഭാ​ര്യ​ത്വം ഏർപ്പെ​ടു​ത്തി​യത്‌ യഹോ​വ​യല്ല എന്നതു മനസ്സിൽപ്പി​ടി​ക്കു​ക. പകരം മോ​ശൈക ന്യായ​പ്ര​മാ​ണം ഉപയോ​ഗി​ച്ചു​കൊണ്ട്‌ തന്റെ ജനത്തിന്റെ ഇടയിലെ ബഹുഭാ​ര്യ​ത്വ​ത്തെ നിയ​ന്ത്രി​ക്കു​ക​യും ആ സമ്പ്രദാ​യം ദുർവി​നി​യോ​ഗം ചെയ്യ​പ്പെ​ടു​ന്ന​തു തടയു​ക​യു​മാണ്‌ അവൻ ചെയ്‌തത്‌.

21 സമാന​മാ​യി, ഗുരു​ത​ര​മാ​യ ഒന്നില​ധി​കം കാരണ​ങ്ങ​ളാൽ ഭാര്യയെ ഉപേക്ഷി​ക്കാൻ മോ​ശൈക ന്യായ​പ്ര​മാ​ണം ഒരു പുരു​ഷ​നെ അനുവ​ദി​ച്ചു. (ആവർത്ത​ന​പു​സ്‌ത​കം 24:1-4) ദൈവം യഹൂദ​ജ​ന​ത്തി​നു “[അവരുടെ] ഹൃദയ​കാ​ഠി​ന്യം നിമിത്തം” കൊടുത്ത ഒരു അനുവാ​ദ​മാണ്‌ ഇതെന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും, അത്തരം അനുവാ​ദ​ങ്ങൾ താത്‌കാ​ലി​ക​മാ​യി​രു​ന്നു. യേശു തന്റെ അനുഗാ​മി​കൾക്കു​വേണ്ടി യഹോ​വ​യു​ടെ ആദിമ വൈവാ​ഹി​ക പ്രമാണം പുനഃ​സ്ഥാ​പി​ച്ചു.—മത്തായി 19:8.

ന്യായ​പ്ര​മാ​ണം സ്‌നേ​ഹ​ത്തി​നു പ്രാധാ​ന്യം നൽകി

22. മോ​ശൈക ന്യായ​പ്ര​മാ​ണം ഏതു വിധങ്ങ​ളിൽ സ്‌നേ​ഹ​ത്തി​നു പ്രാധാ​ന്യം നൽകി, ആരോ​ടെ​ല്ലാ​മു​ള്ള ബന്ധത്തിൽ?

22 സ്‌നേ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒരു ആധുനിക നിയമ​വ്യ​വ​സ്ഥ​യെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പി​ക്കാ​നാ​കു​മോ? മോ​ശൈക ന്യായ​പ്ര​മാ​ണം മറ്റെല്ലാ​റ്റി​നു​മു​പ​രി​യാ​യി സ്‌നേ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്തിന്‌, ആവർത്ത​ന​പു​സ്‌ത​ക​ത്തിൽ മാത്രം “സ്‌നേഹം” എന്ന പദത്തിന്റെ വിവി​ധ​രൂ​പ​ങ്ങൾ 20-ൽപ്പരം പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു. മുഴു​ന്യാ​യ​പ്ര​മാ​ണ​ത്തി​ലെ​യും ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന “കൂട്ടു​കാ​ര​നെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേ​ണം” എന്നതാ​യി​രു​ന്നു. (ലേവ്യ​പു​സ്‌ത​കം 19:18; മത്തായി 22:37-40) ദൈവ​ജ​നം തമ്മിൽത്ത​മ്മിൽ മാത്രമല്ല അവരുടെ ഇടയിലെ പരദേ​ശി​ക​ളോ​ടും അത്തരം സ്‌നേഹം കാണി​ക്ക​ണ​മാ​യി​രു​ന്നു, തങ്ങളും ഒരുകാ​ല​ത്തു പരദേ​ശി​ക​ളാ​യി​രു​ന്നു എന്ന്‌ ഓർത്തു​കൊ​ണ്ടു​ത​ന്നെ. ദരി​ദ്ര​രെ​യും പീഡി​ത​രെ​യും സാമ്പത്തി​ക​മാ​യി സഹായി​ച്ചു​കൊ​ണ്ടും അവരുടെ ദുരവ​സ്ഥ​യെ മുത​ലെ​ടു​ക്കു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​നി​ന്നു​കൊ​ണ്ടും ഇസ്രാ​യേ​ല്യർ അവരോ​ടും സ്‌നേഹം പ്രകടി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. ചുമട്ടു​മൃ​ഗ​ങ്ങ​ളോ​ടു പോലും ദയയോ​ടും പരിഗ​ണ​ന​യോ​ടും കൂടെ പെരു​മാ​റ​ണ​മെന്ന്‌ അവരോ​ടു നിർദേ​ശി​ക്ക​പ്പെ​ട്ടു.—പുറപ്പാ​ടു 23:6; ലേവ്യ​പു​സ്‌ത​കം 19:14, 33, 34; ആവർത്ത​ന​പു​സ്‌ത​കം 22:4, 10; 24:17, 18.

23. സങ്കീർത്ത​നം 119-ന്റെ എഴുത്തു​കാ​രൻ എന്തു ചെയ്യാൻ പ്രേരി​ത​നാ​യി, നമുക്ക്‌ എന്തു തീരു​മാ​ന​മെ​ടു​ക്കാം?

23 വേറെ ഏതു ജനത ഇത്തര​മൊ​രു നിയമ​സം​ഹി​ത​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌? “നിന്റെ ന്യായ​പ്ര​മാ​ണം എനിക്കു എത്രയോ പ്രിയം” എന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി​യ​തിൽ അതിശ​യ​മി​ല്ല. എന്നിരു​ന്നാ​ലും അവന്റെ സ്‌നേഹം കേവലം ഒരു വികാ​ര​മ​ല്ലാ​യി​രു​ന്നു. അത്‌ അവനെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ച്ചു. കാരണം അവൻ ആ നിയമം അനുസ​രി​ച്ചു ജീവി​ക്കാൻ കഠിന​മാ​യി യത്‌നി​ച്ചു. തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഇടവി​ടാ​തെ [നിന്റെ നിയമം] എന്റെ ധ്യാന​മാ​കു​ന്നു.” (സങ്കീർത്ത​നം 119:11, 97) അതേ, യഹോ​വ​യു​ടെ നിയമങ്ങൾ പഠിക്കാൻ അവൻ ക്രമമാ​യി സമയം ചെലവ​ഴി​ച്ചു. അങ്ങനെ ചെയ്‌ത​പ്പോൾ അവയോ​ടു​ള്ള അവന്റെ പ്രിയം വർധിച്ചു എന്നതിനു സംശയ​മി​ല്ല, ഒപ്പം, നിയമ​ദാ​താ​വാ​യ യഹോ​വ​യാം ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​വും. ദിവ്യ​നി​യ​മം പഠിക്കു​ന്ന​തിൽ തുടരവേ, വലിയ നിയമ​ദാ​താ​വും നീതി​യു​ടെ ദൈവ​വു​മാ​യ യഹോ​വ​യോ​ടു നിങ്ങളും പൂർവാ​ധി​കം അടുത്തു ചെല്ലു​മാ​റാ​ക​ട്ടെ.

^ ഉദാഹരണത്തിന്‌, മനുഷ്യ​വി​സർജ്യം കുഴി​ച്ചു​മൂ​ട​ണ​മെ​ന്നും രോഗി​ക​ളെ മാറ്റി​പ്പാർപ്പി​ക്ക​ണ​മെ​ന്നും ശവത്തെ തൊടുന്ന ഏതൊ​രു​വ​നും തന്റെ ദേഹം കഴുക​ണ​മെ​ന്നും അനുശാ​സി​ക്കു​ന്ന നിയമങ്ങൾ ന്യായ​പ്ര​മാ​ണ​ത്തിൽ അടങ്ങി​യി​രു​ന്നു. എന്നാൽ ആ അറിവ്‌ മറ്റു ജനതക​ളു​ടെ നിയമ​ങ്ങ​ളു​ടെ ഭാഗമാ​യത്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷമാണ്‌.—ലേവ്യ​പു​സ്‌ത​കം 13:4-8; സംഖ്യാ​പു​സ്‌ത​കം 19:11-13, 17-19; ആവർത്ത​ന​പു​സ്‌ത​കം 23:13, 14.

^ കനാന്യ ക്ഷേത്ര​ങ്ങ​ളിൽ ലൈം​ഗി​ക വേഴ്‌ച​കൾക്കാ​യി പ്രത്യേക മുറി​കൾത​ന്നെ ഉണ്ടായി​രു​ന്നു. എന്നാൽ മോ​ശൈക ന്യായ​പ്ര​മാ​ണ പ്രകാരം അശുദ്ധാ​വ​സ്ഥ​യിൽ ആയിരി​ക്കു​ന്ന​വർക്ക്‌ ആലയത്തിൽ പ്രവേ​ശി​ക്കാൻപോ​ലും അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അങ്ങനെ ലൈം​ഗി​ക ബന്ധങ്ങൾ അശുദ്ധി​യു​ടെ ഒരു സമയഘട്ടം കൈവ​രു​ത്തി​യി​രു​ന്ന​തി​നാൽ ആർക്കും ലൈം​ഗി​ക​ത​യെ യഹോ​വ​യു​ടെ ആരാധ​ന​യു​ടെ ഒരു ഭാഗമാ​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല.

^ ന്യായപ്രമാണത്തിന്റെ ഒരു പ്രമുഖ ഉദ്ദേശ്യം പ്രബോ​ധ​ന​മാ​യി​രു​ന്നു. “നിയമം” എന്നതിന്റെ എബ്രായ പദമായ തോറാ​യു​ടെ അർഥം “പ്രബോ​ധ​നം” എന്നാ​ണെന്ന്‌ എൻ​സൈ​ക്ലോ​പീ​ഡി​യാ ജൂഡാ​യി​ക്കാ പറയുന്നു.

^ ന്യായപ്രമാണം നിശി​ത​മാ​യി ഇങ്ങനെ ചോദി​ച്ചു: “നീ പറമ്പിലെ വൃക്ഷത്തെ നിരോ​ധി​പ്പാൻ അതു മനുഷ്യ​നാ​കു​ന്നു​വോ?” (ആവർത്ത​ന​പു​സ്‌ത​കം 20:19) ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു യഹൂദ​പ​ണ്ഡി​ത​നാ​യ ഫൈലോ ഈ നിയമത്തെ പരാമർശി​ച്ചു​കൊണ്ട്‌, “മനുഷ്യർക്കെ​തി​രെ ഉയരുന്ന കോപം യാതൊ​രു തിന്മയും തൊട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാത്ത വസ്‌തു​ക്ക​ളു​ടെ​മേൽ ചൊരി​യു​ന്നത്‌ അന്യാ​യ​മാ​ണെന്ന്‌” ദൈവം വിചാ​രി​ക്കു​ന്ന​താ​യി വിശദ​മാ​ക്കി.