വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

യഹോവ ‘അനേകർക്കു​വേ​ണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

യഹോവ ‘അനേകർക്കു​വേ​ണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

1, 2. മനുഷ്യ​വർഗ​ത്തി​ന്റെ അവസ്ഥയെ ബൈബിൾ വർണി​ക്കു​ന്നത്‌ എങ്ങനെ, ഏക പോം​വ​ഴി എന്താണ്‌?

 “സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈററു​നോ​വോ​ടി​രി​ക്കു​ന്നു.” (റോമർ 8:22) അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ നമ്മുടെ ശോച​നീ​യാ​വ​സ്ഥ​യെ വർണി​ക്കു​ന്നത്‌ അങ്ങനെ​യാണ്‌. മാനുഷ കാഴ്‌ച​പ്പാ​ടിൽനി​ന്നു നോക്കു​മ്പോൾ, കഷ്ടപ്പാ​ടിൽനി​ന്നും പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചനം ഇല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യ്‌ക്കു മാനുഷ പരിമി​തി​കൾ ഇല്ല. (സംഖ്യാ​പു​സ്‌ത​കം 23:19) നീതി​യു​ടെ ദൈവം നമ്മുടെ അരിഷ്ട​ത​യ്‌ക്ക്‌ ഒരു പോം​വ​ഴി പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. അത്‌ മറുവില എന്നു വിളി​ക്ക​പ്പെ​ടു​ന്നു.

2 യഹോവ മനുഷ്യ​വർഗ​ത്തി​നു നൽകി​യി​രി​ക്കു​ന്ന ഏറ്റവും വലിയ ദാനമാണ്‌ മറുവില. അത്‌ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മു​ള്ള വിടുതൽ സാധ്യ​മാ​ക്കു​ന്നു. (എഫെസ്യർ 1:7) സ്വർഗ​ത്തി​ലേ​താ​യാ​ലും ഒരു പറുദീ​സാ​ഭൂ​മി​യി​ലേ​താ​യാ​ലും നിത്യ​ജീ​വ​ന്റെ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​നം അതാണ്‌. (ലൂക്കൊസ്‌ 23:43; യോഹ​ന്നാൻ 3:16; 1 പത്രൊസ്‌ 1:4) എന്നാൽ കൃത്യ​മാ​യി മറുവില എന്താണ്‌? യഹോ​വ​യു​ടെ അതി​ശ്രേ​ഷ്‌ഠ നീതിയെ കുറിച്ച്‌ അത്‌ നമ്മെ എങ്ങനെ പഠിപ്പി​ക്കു​ന്നു?

മറുവി​ല​യു​ടെ ആവശ്യം ഉയർന്നു​വന്ന വിധം

3. (എ) മറുവില ആവശ്യ​മാ​യി​വ​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആദാമി​ന്റെ സന്തതി​ക​ളു​ടെ മേലുള്ള മരണശി​ക്ഷ​യിൽ ഇളവു​വ​രു​ത്താൻ ദൈവ​ത്തി​നു കഴിയാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

3 ആദാമി​ന്റെ പാപം നിമി​ത്ത​മാണ്‌ മറുവില ആവശ്യ​മാ​യി​വ​ന്നത്‌. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ക​വ​ഴി ആദാം അവന്റെ സന്തതി​കൾക്കു രോഗം, ദുഃഖം, വേദന, മരണം എന്നിവ കൈമാ​റി. (ഉല്‌പത്തി 2:17; റോമർ 8:20) വികാ​ര​ത്തിന്‌ അടി​പ്പെ​ട്ടു​കൊണ്ട്‌ മരണശി​ക്ഷ​യിൽ ഇളവു​വ​രു​ത്താൻ ദൈവ​ത്തി​നു കഴിയു​മാ​യി​രു​ന്നി​ല്ല. അങ്ങനെ ചെയ്യു​ന്നത്‌ “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ” എന്ന അവന്റെ സ്വന്തം നിയമത്തെ അവഗണി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രി​ക്കും. (റോമർ 6:23) യഹോവ നീതി​യു​ടെ സ്വന്തം പ്രമാ​ണ​ങ്ങ​ളെ അസാധു​വാ​ക്കി​യാൽ അത്‌, അഖിലാ​ണ്ഡ​ത്തി​ലെ​ങ്ങും കുഴപ്പ​വും നിയമ​രാ​ഹി​ത്യ​വും കൊടി​കു​ത്തി​വാ​ഴാൻ ഇടയാ​ക്കു​മാ​യി​രു​ന്നു.

4, 5. (എ) സാത്താൻ ദൈവ​ത്തി​നെ​തി​രെ ദൂഷണം പറഞ്ഞത്‌ എങ്ങനെ, ആ വെല്ലു​വി​ളി​കൾക്ക്‌ ഉത്തരം കൊടു​ക്കാൻ യഹോവ ബാധ്യ​സ്ഥ​നാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ വിശ്വ​സ്‌ത ദാസന്മാ​രെ സംബന്ധിച്ച്‌ സാത്താൻ എന്ത്‌ ആരോ​പ​ണം കൊണ്ടു​വ​ന്നു?

4 നമ്മൾ 12-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഏദെനി​ലെ മത്സരം അതിലും വലിയ വിവാ​ദ​വി​ഷ​യ​ങ്ങൾ ഉയർത്തി. സാത്താൻ ദൈവ​ത്തി​ന്റെ സത്‌പേ​രി​ന്മേൽ നിന്ദ വരുത്തി. ഫലത്തിൽ, യഹോവ ഒരു നുണയ​നും തന്റെ സൃഷ്ടി​കൾക്കു സ്വാത​ന്ത്ര്യം നിഷേ​ധി​ക്കു​ന്ന ഒരു ക്രൂര സ്വേച്ഛാ​ധി​കാ​രി​യു​മാ​ണെന്ന്‌ അവൻ ആരോ​പി​ച്ചു. (ഉല്‌പത്തി 3:1-5) നീതി​യു​ള്ള മനുഷ്യ​രെ​ക്കൊണ്ട്‌ ഭൂമിയെ നിറയ്‌ക്കു​ക എന്ന ദൈ​വോ​ദ്ദേ​ശ്യം പാളി​പ്പോ​യെന്ന പ്രതീതി ഉളവാ​ക്കി​ക്കൊണ്ട്‌ സാത്താൻ ദൈവത്തെ കഴിവി​ല്ലാ​ത്ത ഒരുവ​നാ​യി ചിത്രീ​ക​രി​ച്ചു. (ഉല്‌പത്തി 1:28; യെശയ്യാ​വു 55:10, 11) യഹോവ ഈ വെല്ലു​വി​ളി​കൾക്ക്‌ ഉത്തരം കൊടു​ക്കാ​തെ വിട്ടി​രു​ന്നെ​ങ്കിൽ ബുദ്ധി​ശ​ക്തി​യു​ള്ള സൃഷ്ടി​ക​ളിൽ അനേകർക്ക്‌ അവന്റെ ഭരണാ​ധി​പ​ത്യ​ത്തി​ലു​ള്ള വിശ്വാ​സം ഒരളവു​വ​രെ നഷ്ടപ്പെ​ടു​മാ​യി​രു​ന്നു.

5 യഹോ​വ​യു​ടെ വിശ്വ​സ്‌ത ദാസന്മാ​രെ കുറി​ച്ചും സാത്താൻ ദൂഷണം പറഞ്ഞു, സ്വാർഥ ലക്ഷ്യങ്ങ​ളോ​ടെ​യാണ്‌ അവർ യഹോ​വ​യെ സേവി​ക്കു​ന്ന​തെ​ന്നും പരി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​പക്ഷം ആരും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യി​ല്ലെ​ന്നും അവൻ ആരോ​പി​ച്ചു. (ഇയ്യോബ്‌ 1:9-11) ഈ വിവാ​ദ​വി​ഷ​യ​ങ്ങൾ മാനുഷ ദുരവ​സ്ഥ​യെ​ക്കാൾ വളരെ​യ​ധി​കം പ്രാധാ​ന്യം അർഹി​ക്കു​ന്ന​വ​യാ​യി​രു​ന്നു. ഉചിത​മാ​യും, സാത്താന്റെ ദൂഷണ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കാൻ താൻ ബാധ്യ​സ്ഥ​നാ​ണെന്ന്‌ യഹോ​വ​യ്‌ക്കു തോന്നി. എന്നാൽ ഈ വിവാ​ദ​വി​ഷ​യ​ങ്ങൾക്കു തീർപ്പു കൽപ്പി​ക്കാ​നും മനുഷ്യ​വർഗ​ത്തെ രക്ഷിക്കാ​നും ദൈവ​ത്തിന്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

മറുവില—ഒരു തുല്യത

6. മനുഷ്യ​വർഗ​ത്തെ രക്ഷിക്കാ​നു​ള്ള ദൈവ​ത്തി​ന്റെ മാർഗത്തെ വർണി​ക്കാൻ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന ചില പദപ്ര​യോ​ഗ​ങ്ങൾ ഏവ?

6 യഹോ​വ​യു​ടെ പരിഹാ​ര​മാർഗം അത്യന്തം കരുണാ​പൂർവ​ക​വും നീതി​നി​ഷ്‌ഠ​വു​മാ​യി​രു​ന്നു—യാതൊ​രു മനുഷ്യ​നും ഒരിക്ക​ലും നിരൂ​പി​ക്കാൻ കഴിയാത്ത ഒന്നുതന്നെ. എന്നിരു​ന്നാ​ലും അത്‌ അങ്ങേയറ്റം ലളിത​വു​മാ​യി​രു​ന്നു. വിലയ്‌ക്കു​വാ​ങ്ങൽ, നിരപ്പി​ക്കൽ, വീണ്ടെ​ടുപ്പ്‌, പ്രായ​ശ്ചി​ത്തം വരുത്തൽ എന്നൊക്കെ അത്‌ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്ത​നം 49:8; ദാനീ​യേൽ 9:24; ഗലാത്യർ 3:13; കൊ​ലൊ​സ്സ്യർ 1:20; എബ്രായർ 2:17) എന്നാൽ കാര്യ​ങ്ങ​ളെ ഒരുപക്ഷേ ഏറ്റവും നന്നായി വർണി​ക്കു​ന്ന പദപ്ര​യോ​ഗം യേശു​ത​ന്നെ ഉപയോ​ഗി​ച്ച​താ​യി​രി​ക്കാം. “മനുഷ്യ​പു​ത്രൻ ശുശ്രൂഷ ചെയ്യി​പ്പാ​നല്ല ശുശ്രൂ​ഷി​പ്പാ​നും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി [ഗ്രീക്ക്‌, ലീ​ട്രോൺ] കൊടു​പ്പാ​നും വന്നതു​പോ​ലെ തന്നേ എന്നു [അവൻ] പറഞ്ഞു.”—മത്തായി 20:28.

7, 8. (എ) തിരു​വെ​ഴു​ത്തു​ക​ളിൽ “മറുവില” എന്ന പദത്തിന്റെ അർഥ​മെന്ത്‌? (ബി) മറുവി​ല​യിൽ തുല്യത ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ ഏതുവി​ധ​ത്തിൽ?

7 മറുവില എന്നാൽ എന്താണ്‌? ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന ഗ്രീക്കു​പ​ദം “അഴിച്ചു​വി​ടു​ക, വിട്ടയ​യ്‌ക്കു​ക” എന്നീ അർഥങ്ങ​ളു​ള്ള ഒരു ക്രിയ​യിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​താണ്‌. യുദ്ധത്ത​ട​വു​കാ​രു​ടെ മോച​ന​ത്തി​നാ​യി കൊടു​ക്കു​ന്ന പണത്തെ കുറി​ക്കാ​നാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നത്‌. അപ്പോൾ, അടിസ്ഥാ​ന​പ​ര​മാ​യി മറുവി​ല​യെ, എന്തെങ്കി​ലും തിരികെ വാങ്ങാൻ കൊടു​ക്കു​ന്ന ഒന്ന്‌ എന്നു നിർവ​ചി​ക്കാൻ കഴിയും. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ മറുവില എന്നതി​നു​ള്ള പദം (കോഫർ) “മറയ്‌ക്കു​ക” എന്നർഥ​മു​ള്ള ഒരു ക്രിയ​യിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പെട്ടക​ത്തി​ന്റെ അകത്തും പുറത്തും കീൽ “തേക്കണം” (“മറയ്‌ക്ക​ണം” എന്നർഥം വരുന്ന, കോഫർ എന്ന പദത്തിന്റെ ഒരു രൂപം) എന്ന്‌ യഹോവ നോഹ​യോ​ടു പറയു​ക​യു​ണ്ടാ​യി. (ഉല്‌പത്തി 6:14) മറുവില നൽകുക എന്നതിന്‌ പാപങ്ങളെ മറയ്‌ക്കു​ക എന്നും അർഥമു​ണ്ടെ​ന്നു മനസ്സി​ലാ​ക്കാൻ ഇതു നമ്മെ സഹായി​ക്കു​ന്നു.—സങ്കീർത്ത​നം 65:3, NW.

8 പുതി​യ​നി​യമ വേദശാ​സ്‌ത്ര​നി​ഘ​ണ്ടു (ഇംഗ്ലീഷ്‌) ഈ പദം (കോഫർ) “എല്ലായ്‌പോ​ഴും ഒരു തുല്യ​ത​യെ സൂചി​പ്പി​ക്കു​ന്ന”തായി പറയുന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിയമ​പെ​ട്ട​ക​ത്തി​ന്റെ മൂടിക്ക്‌ പെട്ടക​ത്തി​ന്റേ​തിന്‌ തുല്യ​മാ​യ ആകൃതി ആയിരു​ന്നു. അതു​പോ​ലെ, പാപത്തി​നു മറുവില കൊടു​ക്കാൻ അല്ലെങ്കിൽ പാപത്തെ മറയ്‌ക്കാൻ, പാപം വരുത്തിയ നഷ്ടത്തിനു തുല്യ​മാ​യ അഥവാ പൂർണ​മാ​യി അതിനെ മറയ്‌ക്കു​ന്ന ഒരു വില കൊടു​ക്ക​പ്പെ​ട​ണം. അതു​കൊണ്ട്‌ ഇസ്രാ​യേ​ലി​നു​ള്ള ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലി​ന്നു​പ​ക​രം കാൽ.”—ആവർത്ത​ന​പു​സ്‌ത​കം 19:21.

9. വിശ്വാ​സ​മു​ള്ള മനുഷ്യർ മൃഗയാ​ഗ​ങ്ങൾ അർപ്പി​ച്ചത്‌ എന്തു​കൊണ്ട്‌? യഹോവ അത്തരം യാഗങ്ങളെ എങ്ങനെ വീക്ഷിച്ചു?

9 ഹാബെ​ലി​ന്റെ കാലം മുതൽ, വിശ്വ​സ്‌ത​രാ​യ മനുഷ്യർ ദൈവ​ത്തി​നു മൃഗബ​ലി​കൾ അർപ്പിച്ചു. അങ്ങനെ തങ്ങളുടെ പാപാ​വ​സ്ഥ​യെ​യും ആ അവസ്ഥയിൽനി​ന്നു വീണ്ടെ​ടു​ക്ക​പ്പെ​ടേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​യും സംബന്ധിച്ച്‌ തങ്ങൾ ബോധ​വാ​ന്മാ​രാ​ണെന്ന്‌ അവർ പ്രകട​മാ​ക്കി. തന്റെ “സന്തതി” മുഖാ​ന്ത​രം നൽകു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന വിമോ​ച​ന​ത്തി​ലും അവർ വിശ്വാ​സം പ്രകട​മാ​ക്കി. (ഉല്‌പത്തി 3:15; 4:1-4; ലേവ്യ​പു​സ്‌ത​കം 17:11; എബ്രായർ 11:4) അങ്ങനെ​യു​ള്ള യാഗങ്ങളെ ദൈവം പ്രീതി​യോ​ടെ വീക്ഷി​ക്കു​ക​യും ആ ആരാധ​കർക്ക്‌ തന്റെ മുമ്പാകെ ഒരു നല്ല നില അനുവ​ദി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും മൃഗയാ​ഗ​ങ്ങൾ, ഒരു പ്രതീകം മാത്ര​മാ​യി​രു​ന്നു. മൃഗങ്ങൾക്ക്‌ യഥാർഥ​ത്തിൽ മനുഷ്യ​ന്റെ പാപത്തെ മറയ്‌ക്കാൻ കഴിയില്ല, കാരണം അവ മനുഷ്യ​രെ​ക്കാൾ താഴ്‌ന്ന​വ​യാണ്‌. (സങ്കീർത്ത​നം 8:4-8) അതു​കൊണ്ട്‌, “കാളക​ളു​ടെ​യും ആട്ടു​കൊ​റ​റ​ന്മാ​രു​ടെ​യും രക്തത്തിന്നു പാപങ്ങളെ നീക്കു​വാൻ കഴിയു​ന്ന​തല്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 10:1-4) അങ്ങനെ​യു​ള്ള യാഗങ്ങൾ യഥാർഥ മറുവി​ല​യാ​ഗ​ത്തി​ന്റെ മുൻനി​ഴൽ മാത്ര​മാ​യി​രു​ന്നു.

“ഒരു തത്തുല്യ മറുവില”

10. (എ) മറുവി​ല​യാ​യി​ത്തീ​രുന്ന ആൾ ആരോടു തുല്യ​നാ​യി​രി​ക്ക​ണം, എന്തു​കൊണ്ട്‌? (ബി) ഒരു മനുഷ്യ​ബ​ലി മാത്രം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 ‘ആദാമിൽ എല്ലാവ​രും മരിക്കു​ന്നു’ എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ പറഞ്ഞു. (1 കൊരി​ന്ത്യർ 15:22) ആകയാൽ മറുവി​ല​യിൽ ആദാമി​നോ​ടു കൃത്യ​മാ​യി തുല്യ​നാ​യ​വ​ന്റെ—ഒരു പൂർണ മനുഷ്യ​ന്റെ—മരണം ഉൾപ്പെ​ട​ണ​മാ​യി​രു​ന്നു. (റോമർ 5:14) മറ്റു യാതൊ​രു സൃഷ്ടി​കൾക്കും നീതി​യു​ടെ ത്രാസ്സി​നെ സമനി​ല​യിൽ നിറു​ത്താ​നാ​കു​മാ​യി​രു​ന്നില്ല. ആദാമ്യ മരണശി​ക്ഷാ​വി​ധി​യിൻ കീഴി​ല​ല്ലാ​ത്ത ഒരു പൂർണ മനുഷ്യ​നു മാത്രമേ ആദാമി​ന്റേ​തി​നു തുല്യ​മാ​യ ഒരു ജീവൻ—“തത്തുല്യ മറുവില”—നൽകാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. (1 തിമൊ​ഥെ​യൊസ്‌ 2:6, NW) ആദാമി​ന്റെ ഓരോ സന്തതി​ക്കും​വേ​ണ്ടി ഓരോ വ്യക്തി ബലി​ചെ​യ്യ​പ്പെ​ടേണ്ട ആവശ്യ​മി​ല്ല. അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഏകമനു​ഷ്യ​നാൽ [ആദാമി​നാൽ] പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (റോമർ 5:12) ‘[ഒരു] മനുഷ്യൻ മൂലം മരണം ഉണ്ടാക​യാൽ’ ‘[ഒരു] മനുഷ്യൻമൂ​ലം’ ദൈവം മനുഷ്യ​വർഗ​ത്തി​ന്റെ വീണ്ടെ​ടു​പ്പും ഏർപ്പെ​ടു​ത്തി. (1 കൊരി​ന്ത്യർ 15:21) എങ്ങനെ?

‘സകലർക്കും വേണ്ടി​യു​ള്ള ഒരു തത്തുല്യ മറുവില’

11. (എ) മറുവി​ല​യാ​യി​ത്തീ​രുന്ന ആൾ ‘എല്ലാവർക്കും​വേ​ണ്ടി മരണം ആസ്വദി​ക്കു​ന്നത്‌’ എങ്ങനെ? (ബി) ആദാമി​നും ഹവ്വായ്‌ക്കും മറുവി​ല​യിൽനി​ന്നു പ്രയോ​ജ​നം ലഭിക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (അടിക്കു​റിപ്പ്‌ കാണുക.)

11 ഒരു പൂർണ മനുഷ്യൻ സ്വമേ​ധ​യാ തന്റെ ജീവൻ ബലി​ചെ​യ്യാൻ യഹോവ ക്രമീ​ക​ര​ണം ചെയ്‌തു. റോമർ 6:23 അനുസ​രിച്ച്‌, “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ.” മറുവില കൊടു​ക്കു​ന്ന​യാൾ തന്റെ ജീവനെ ബലി​ചെ​യ്യു​ന്ന​തി​നാൽ ‘എല്ലാവർക്കും വേണ്ടി മരിക്കു​ന്നു.’ മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, ആദാമി​ന്റെ പാപത്തി​നു​ള്ള ശിക്ഷ യേശു ഏറ്റുവാ​ങ്ങു​മാ​യി​രു​ന്നു. (എബ്രായർ 2:9; 2 കൊരി​ന്ത്യർ 5:21; 1 പത്രൊസ്‌ 2:24) നിയമ​പ​ര​മാ​യ അർഥത്തിൽ ഇത്‌ വലിയ ഫലങ്ങൾ കൈവ​രു​ത്തു​മാ​യി​രു​ന്നു. ആദാമി​ന്റെ സന്തതി​ക​ളിൽ അനുസ​ര​ണ​മു​ള്ള വ്യക്തി​ക​ളു​ടെ മരണശിക്ഷ നീക്കം ചെയ്‌തു​കൊണ്ട്‌ മറുവില പാപത്തി​ന്റെ നശീക​ര​ണ​ശ​ക്തി​യെ അതിന്റെ ഉറവി​ങ്കൽത്ത​ന്നെ ഇല്ലായ്‌മ ചെയ്യും. *റോമർ 5:16.

12. ഒരു കടം വീട്ടു​ന്നത്‌ അനേകർക്കു പ്രയോ​ജ​നം ചെയ്‌തേ​ക്കാ​വു​ന്നത്‌ എങ്ങനെ​യെ​ന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ക.

12 ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ വസിക്കുന്ന പട്ടണത്തി​ലെ മിക്കവ​രും ഒരു വലിയ ഫാക്‌ടറി​യിൽ ജോലി ചെയ്യു​ന്ന​വ​രാ​ണെ​ന്നു സങ്കൽപ്പി​ക്കു​ക. നിങ്ങളും നിങ്ങളു​ടെ അയൽക്കാ​രും നല്ല ശമ്പളം വാങ്ങു​ന്ന​വ​രും സുഖജീ​വി​തം നയിക്കു​ന്ന​വ​രു​മാണ്‌. എന്നാൽ ഒരു ദിവസം ഫാക്‌ടറി അടച്ചു​പൂ​ട്ടേ​ണ്ടി വരുന്നു. എന്തിന്‌? ഫാക്‌ടറി മാനേജർ അഴിമ​തി​ക്കാ​ര​നാ​യി, ബിസി​നസ്‌ തകർന്നു. പെട്ടെന്നു ജോലി നഷ്ടപ്പെട്ട നിങ്ങളും അയൽക്കാ​രും അഹോ​വൃ​ത്തി​ക്കു​പോ​ലും വകയി​ല്ലാ​ത്ത​വ​രാ​യി. ആ ഒരു മനുഷ്യ​ന്റെ അഴിമതി നിമിത്തം ഭാര്യാ​ഭർത്താ​ക്ക​ന്മാ​രും കുട്ടി​ക​ളും വായ്‌പ കൊടു​ത്ത​വ​രു​മെ​ല്ലാം കഷ്ടപ്പെ​ടു​ക​യാണ്‌. ഒരു പോം​വ​ഴി ഉണ്ടോ? ഉവ്വ്‌! ധനിക​നാ​യ ഒരു ഗുണകാം​ക്ഷി പ്രശ്‌ന​ത്തിൽ ഇടപെ​ടാൻ തീരു​മാ​നി​ക്കു​ന്നു. കമ്പനി​യു​ടെ മൂല്യത്തെ കുറിച്ച്‌ അയാൾക്കു ബോധ​മുണ്ട്‌. അവിടത്തെ തൊഴി​ലാ​ളി​ക​ളോ​ടും അവരുടെ കുടും​ബ​ങ്ങ​ളോ​ടും അയാൾക്കു സഹതാ​പ​മുണ്ട്‌. അതിനാൽ കമ്പനി​യു​ടെ കടം വീട്ടാ​നും ഫാക്‌ടറി വീണ്ടും തുറക്കാ​നും അയാൾ ക്രമീ​ക​ര​ണം ചെയ്യുന്നു. ഒരു കടം വീട്ടി​യത്‌ അനേകം തൊഴി​ലാ​ളി​കൾക്കും അവരുടെ കുടും​ബ​ങ്ങൾക്കും കടം കൊടു​ത്ത​വർക്കും ആശ്വാസം കൈവ​രു​ത്തു​ന്നു. സമാന​മാ​യി, ആദാം വരുത്തി​വെച്ച കടം വീട്ടി​യത്‌ അസംഖ്യം പേർക്ക്‌ പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തു​ന്നു.

മറുവില പ്രദാനം ചെയ്യു​ന്നത്‌ ആരാണ്‌?

13, 14. (എ) യഹോവ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി മറുവില പ്രദാനം ചെയ്‌തത്‌ എങ്ങനെ? (ബി) മറുവില കൊടു​ക്കു​ന്നത്‌ ആർക്ക്‌, അത്തര​മൊ​രു കൊടു​ക്കൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 “ലോക​ത്തി​ന്റെ പാപം ചുമക്കുന്ന . . . കുഞ്ഞാ”ടിനെ പ്രദാനം ചെയ്യാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ. (യോഹ​ന്നാൻ 1:29) എന്നാൽ മനുഷ്യ​വർഗ​ത്തെ രക്ഷിക്കാൻ ഏതെങ്കി​ലു​മൊ​രു ദൂതനെ അല്ല ദൈവം അയച്ചത്‌. പകരം, യഹോ​വ​യു​ടെ ദാസന്മാർക്കെ​തി​രാ​യ സാത്താന്റെ വ്യാജാ​രോ​പ​ണ​ത്തിന്‌ ആത്യന്തി​ക​വും നിർണാ​യ​ക​വു​മാ​യ ഉത്തരം കൊടു​ക്കാൻ കഴിയുന്ന ഏകനെ​യാണ്‌. അതേ, ‘തന്റെ പ്രമോദ’മായി​രു​ന്ന ഏകജാത പുത്രനെ അയച്ചു​കൊണ്ട്‌ യഹോവ മഹത്തായ ത്യാഗം ചെയ്‌തു. (സദൃശ​വാ​ക്യ​ങ്ങൾ 8:30) ദൈവ​പു​ത്രൻ മനസ്സോ​ടെ തന്റെ സ്വർഗീയ പ്രകൃതം വെടിഞ്ഞ്‌ “തന്നെത്തന്നെ ശൂന്യ​നാ​ക്കി.” (ഫിലി​പ്പി​യർ 2:7, പി.ഒ.സി. ബൈ.) യഹോവ തന്റെ ഏകജാ​ത​നാ​യ സ്വർഗീയ പുത്രന്റെ ജീവനും വ്യക്തിത്വ സവി​ശേ​ഷ​ത​ക​ളും മറിയ എന്നു പേരുള്ള ഒരു യഹൂദ കന്യക​യു​ടെ ഗർഭപാ​ത്ര​ത്തി​ലേ​ക്കു മാറ്റി. (ലൂക്കൊസ്‌ 1:27, 35) ഒരു മനുഷ്യ​നെന്ന നിലയിൽ, അവൻ യേശു എന്നു വിളി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അതേസ​മ​യം, അവനെ രണ്ടാമത്തെ ആദാം എന്നു വിളി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. കാരണം, അവൻ ആദാമി​നോ​ടു പൂർണ​മാ​യും തുല്യ​നാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 15:45, 47) അങ്ങനെ യേശു​വിന്‌ പാപി​ക​ളാ​യ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ഒരു മറുവി​ല​യാ​യി തന്നെത്തന്നെ ബലിയർപ്പി​ക്കാൻ കഴിഞ്ഞു.

14 മറുവില ആർക്കാണു കൊടു​ക്കു​ന്നത്‌? മറുവില “ദൈവ​ത്തി​നു” കൊടു​ക്കു​ന്നു​വെ​ന്നു സങ്കീർത്ത​നം 49:8 കൃത്യ​മാ​യി പറയുന്നു. എന്നാൽ മറുവില ഏർപ്പെ​ടു​ത്തു​ന്ന​തു​ത​ന്നെ യഹോ​വ​യ​ല്ലേ? അതേ, എന്നാൽ ഇത്‌ മറുവി​ല​യെ അർഥശൂ​ന്യ​വും യാന്ത്രി​ക​വു​മാ​യ ഒരു കൈമാ​റ്റ​മാ​ക്കു​ന്നി​ല്ല. ഒരു പോക്ക​റ്റിൽനി​ന്നു പണമെ​ടുത്ത്‌ മറ്റേ പോക്ക​റ്റിൽ ഇടുന്ന​തു​പോ​ലെ​യു​ള്ള ഒന്നല്ല അത്‌. മറുവില ഒരു ഭൗതിക കൈമാ​റ്റ​മല്ല, പിന്നെ​യോ നിയമ​പ​ര​മാ​യ ഒരു നടപടി​യാ​ണെ​ന്നു മനസ്സി​ലാ​ക്ക​ണം. തനിക്കു​ത​ന്നെ വലിയ നഷ്ടം വരുത്തി​ക്കൊ​ണ്ടു​പോ​ലും മറുവില ഏർപ്പെ​ടു​ത്തു​ക​വ​ഴി യഹോവ പൂർണ​ത​യു​ള്ള സ്വന്തം നീതി​യോ​ടു​ള്ള അചഞ്ചല​മാ​യ പറ്റിനിൽപ്പി​നെ സ്ഥിരീ​ക​രി​ച്ചു.—ഉല്‌പത്തി 22:7, 8, 11-13; എബ്രായർ 11:17; യാക്കോബ്‌ 1:17.

15. യേശു കഷ്ടപ്പെ​ടു​ക​യും മരിക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

15 പൊ.യു. 33-ലെ വസന്തത്തിൽ യേശു​ക്രി​സ്‌തു, മറുവില കൊടു​ക്കു​ന്ന​തി​ലേ​ക്കു നയിച്ച വേദനാ​ക​ര​മാ​യ മരണത്തിന്‌ മനസ്സോ​ടെ വിധേ​യ​നാ​യി. വ്യാജാ​രോ​പ​ണ​ങ്ങ​ളു​ടെ പേരിൽ അറസ്റ്റു ചെയ്യ​പ്പെ​ടാ​നും കുറ്റവാ​ളി​യെ പോലെ വധസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെ​ടാ​നും അവൻ സ്വയം അനുവ​ദി​ച്ചു. യേശു ഇത്രയ​ധി​കം കഷ്ടപ്പെ​ടേ​ണ്ടത്‌ യഥാർഥ​ത്തിൽ ആവശ്യ​മാ​യി​രു​ന്നോ? ഉവ്വ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ദാ​സ​ന്മാ​രു​ടെ നിർമലത സംബന്ധിച്ച വിവാ​ദ​വി​ഷ​യ​ത്തി​നു തീർപ്പു കൽപ്പി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. യേശു ശിശു​വാ​യി​രു​ന്ന​പ്പോൾ ഹെരോ​ദാ​വി​നാൽ വധിക്ക​പ്പെ​ടാൻ ദൈവം അനുവ​ദി​ച്ചി​ല്ല. (മത്തായി 2:13-18) എന്നാൽ മുതിർന്ന ഒരു വ്യക്തി ആയിത്തീർന്ന​പ്പോൾ, വിവാ​ദ​വി​ഷ​യ​ത്തെ സംബന്ധിച്ച പൂർണ​ഗ്രാ​ഹ്യ​ത്തോ​ടെ സാത്താന്റെ ആക്രമ​ണ​ങ്ങ​ളു​ടെ ആഘാതത്തെ ചെറു​ത്തു​നിൽക്കാൻ അവൻ പ്രാപ്‌ത​നാ​യി​രു​ന്നു. * അതിനീ​ച​മാ​യ പെരു​മാ​റ്റ​ങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും ‘പവി​ത്ര​നും നിർദ്ദോ​ഷ​നും നിർമ്മ​ല​നും പാപി​ക​ളോ​ടു വേറി​ട്ട​വ​നും’ ആയി നില​കൊ​ള്ളു​ക​വ​ഴി പരി​ശോ​ധ​ന​ക​ളിൻ കീഴിൽ വിശ്വ​സ്‌ത​രാ​യി​രി​ക്കുന്ന ദാസന്മാർ യഹോ​വ​യ്‌ക്കു​ണ്ടെന്ന്‌ യേശു അസന്ദി​ഗ്‌ധ​മാ​യി തെളി​യി​ച്ചു. (എബ്രായർ 7:26) തന്റെ മരണത്തി​നു തൊട്ടു​മു​മ്പ​ത്തെ നിമി​ഷ​ത്തിൽ യേശു വിജയാ​ഹ്ലാ​ദ​ത്തോ​ടെ “നിവൃ​ത്തി​യാ​യി” എന്ന്‌ ഉദ്‌ഘോ​ഷി​ച്ച​തിൽ അതിശ​യ​മി​ല്ല.”—യോഹ​ന്നാൻ 19:30.

അവന്റെ വീണ്ടെ​ടു​പ്പു​വേല പൂർത്തീ​ക​രി​ക്കു​ന്നു

16, 17. (എ) യേശു തന്റെ വീണ്ടെ​ടു​പ്പു​വേല തുടർന്നത്‌ എങ്ങനെ? (ബി) യേശു “നമുക്കു​വേ​ണ്ടി ദൈവ​സ​ന്നി​ധി​യിൽ” പ്രത്യ​ക്ഷ​പ്പെ​ടേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

16 യേശു തന്റെ വീണ്ടെ​ടു​പ്പു​വേല പൂർത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നില്ല. യേശു​വി​ന്റെ മരണ​ശേ​ഷം മൂന്നാം ദിവസം യഹോവ അവനെ മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർപ്പി​ച്ചു. (പ്രവൃ​ത്തി​കൾ 3:15; 10:40) ഈ സുപ്ര​ധാ​ന പ്രവൃ​ത്തി​യാൽ, യഹോവ തന്റെ പുത്രന്റെ വിശ്വ​സ്‌ത സേവന​ത്തി​നു പ്രതി​ഫ​ലം കൊടു​ക്കു​ക മാത്രമല്ല, ദൈവ​ത്തി​ന്റെ മഹാപു​രോ​ഹി​ത​നെന്ന നിലയിൽ തന്റെ വീണ്ടെ​ടു​പ്പു​വേല പൂർത്തീ​ക​രി​ക്കാ​നു​ള്ള അവസരം കൊടു​ക്കു​ക​യും ചെയ്‌തു. (റോമർ 1:4, 5; 1 കൊരി​ന്ത്യർ 15:3-8) അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ക്രിസ്‌തു​വോ . . . മഹാപു​രോ​ഹി​ത​നാ​യി വന്നിട്ടു . . . ആട്ടു​കൊ​റ​റ​ന്മാ​രു​ടെ​യും പശുക്കി​ടാ​ക്ക​ളു​ടെ​യും രക്തത്താലല്ല, സ്വന്തര​ക്ത​ത്താൽ തന്നേ ഒരിക്ക​ലാ​യി​ട്ടു വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പ്രവേ​ശി​ച്ചു എന്നേക്കു​മു​ള്ളോ​രു വീണ്ടെ​ടു​പ്പു സാധി​പ്പി​ച്ചു. ക്രിസ്‌തു വാസ്‌ത​വ​മാ​യ​തി​ന്റെ പ്രതി​ബിം​ബ​മാ​യി കൈപ്പ​ണി​യാ​യ വിശുദ്ധ മന്ദിര​ത്തി​ലേ​ക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവ​സ​ന്നി​ധി​യിൽ പ്രത്യ​ക്ഷ​നാ​വാൻ സ്വർഗ്ഗ​ത്തി​ലേ​ക്ക​ത്രേ പ്രവേ​ശി​ച്ചത്‌.”—എബ്രായർ 9:11, 12, 24.

17 ക്രിസ്‌തു​വി​നു തന്റെ അക്ഷരീയ രക്തം സ്വർഗ​ത്തി​ലേ​ക്കു കൊണ്ടു​പോ​കാൻ കഴിയു​മാ​യി​രു​ന്നി​ല്ല. (1 കൊരി​ന്ത്യർ 15:50) പകരം, ആ രക്തം പ്രതീ​ക​പ്പെ​ടു​ത്തി​യ​തി​നെ, ബലിയാ​യി അർപ്പിച്ച തന്റെ പൂർണ മനുഷ്യ​ജീ​വ​ന്റെ നിയമ​പ​ര​മാ​യ മൂല്യം, അവൻ കൊണ്ടു​പോ​യി. അനന്തരം, പാപി​ക​ളാ​യ മനുഷ്യ​വർഗ​ത്തി​നു വേണ്ടി​യു​ള്ള ഒരു മറുവി​ല​യാ​യി ആ ജീവന്റെ മൂല്യം അവൻ ഔപചാ​രി​ക​മാ​യി അർപ്പിച്ചു. യഹോവ ആ ബലി സ്വീക​രി​ച്ചോ? ഉവ്വ്‌, ഇതു യെരൂ​ശ​ലേ​മിൽ 120 ശിഷ്യ​ന്മാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാ​വു പകരപ്പെട്ട പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ തെളിഞ്ഞു. (പ്രവൃ​ത്തി​കൾ 2:1-4) അതു വളരെ ആവേശ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, അന്നു മറുവില അത്ഭുത​ക​ര​മാ​യ പ്രയോ​ജ​ന​ങ്ങൾ നൽകി​ത്തു​ട​ങ്ങി​യ​തേ ഉണ്ടായി​രു​ന്നു​ള്ളൂ.

മറുവി​ല​യു​ടെ പ്രയോ​ജ​ന​ങ്ങൾ

18, 19. (എ) ക്രിസ്‌തു​വി​ന്റെ രക്തത്താൽ സാധ്യ​മാ​ക്ക​പ്പെട്ട നിരപ്പി​ക്ക​ലിൽനിന്ന്‌ ഏതു രണ്ടു കൂട്ടങ്ങൾക്കു പ്രയോ​ജ​നം കിട്ടുന്നു? (ബി) “മഹാപു​രു​ഷാ​ര”ത്തിൽ പെട്ടവർക്കു മറുവി​ല​യിൽനിന്ന്‌ ഇപ്പോ​ഴും ഭാവി​യി​ലും എന്തു പ്രയോ​ജ​ന​ങ്ങൾ ലഭിക്കു​ന്നു?

18 ദണ്ഡനസ്‌തം​ഭ​ത്തിൽ ചൊരി​യ​പ്പെട്ട യേശു​വി​ന്റെ രക്തം മുഖാ​ന്ത​രം സമാധാ​ന​മു​ണ്ടാ​ക്കി​ക്കൊണ്ട്‌ ക്രിസ്‌തു​വി​ലൂ​ടെ മറ്റെല്ലാ​വ​രെ​യും തന്നോ​ടു​ത​ന്നെ നിരപ്പി​ക്കു​ന്നത്‌ ഉചിത​മാ​ണെ​ന്നു ദൈവം കണ്ടതായി പൗലൊസ്‌ കൊ​ലൊ​സ്സ്യർക്കു​ള്ള തന്റെ ലേഖന​ത്തിൽ വിശദീ​ക​രി​ക്കു​ന്നു. ഈ നിരപ്പി​ക്ക​ലിൽ രണ്ടു വ്യതി​രി​ക്ത കൂട്ടങ്ങൾ, അതായത്‌ “സ്വർഗ്ഗ​ത്തി​ലു​ള്ള”തും “ഭൂമി​യി​ലു​ള്ള”തും ഉൾപ്പെ​ടു​ന്നു​വെന്ന്‌ പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:19, 20; എഫെസ്യർ 1:10) ഒന്നാമത്തെ കൂട്ടത്തി​ലു​ള്ളത്‌ ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ സ്വർഗീയ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാ​നും ഭൂമി​മേൽ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാ​നു​മു​ള്ള പ്രത്യാശ നൽക​പ്പെ​ട്ടി​രി​ക്കു​ന്ന 1,44,000 ക്രിസ്‌ത്യാ​നി​ക​ളാണ്‌. (വെളി​പ്പാ​ടു 5:9, 10; 7:4; 14:1-3) അവരി​ലൂ​ടെ മറുവി​ല​യു​ടെ പ്രയോ​ജ​ന​ങ്ങൾ ഒരു ആയിരം വർഷത്തെ കാലഘ​ട്ടം​കൊണ്ട്‌ അനുസ​ര​ണ​മു​ള്ള മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ക്രമേണ ഉപയോ​ഗി​ക്ക​പ്പെ​ടും.—1 കൊരി​ന്ത്യർ 15:24-26; വെളി​പ്പാ​ടു 20:6; 21:3-5.

19 “ഭൂമി​യി​ലു​ളള”ത്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ പൂർണ​ത​യു​ള്ള ജീവൻ ആസ്വദി​ക്കാൻ പ്രത്യാ​ശി​ക്കു​ന്ന വ്യക്തി​ക​ളാണ്‌. വെളി​പ്പാ​ടു 7:9-17 അവരെ വരാനി​രി​ക്കു​ന്ന “മഹോ​പ​ദ്രവ”ത്തെ [NW] അതിജീ​വി​ക്കു​ന്ന “ഒരു മഹാപു​രു​ഷാ​ര”മെന്നു വർണി​ക്കു​ന്നു. എന്നാൽ മറുവി​ല​യു​ടെ പ്രയോ​ജ​ന​ങ്ങൾ ആസ്വദി​ക്കു​ന്ന​തിന്‌ അവർ അന്നുവരെ കാത്തി​രി​ക്കേ​ണ്ട​തി​ല്ല. അവർ ഇപ്പോൾത്ത​ന്നെ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.” മറുവി​ല​യിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ ഇപ്പോൾത്ത​ന്നെ ആ സ്‌നേ​ഹ​നിർഭ​ര​മാ​യ കരുത​ലിൽനിന്ന്‌ ആത്മീയ പ്രയോ​ജ​ന​ങ്ങൾ ലഭിക്കു​ന്നുണ്ട്‌. ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തർ എന്ന നിലയിൽ അവർ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു! (യാക്കോബ്‌ 2:23) യേശു​വി​ന്റെ ബലിയു​ടെ ഫലമായി, അവർക്ക്‌ ‘ധൈര്യ​ത്തോ​ടെ കൃപാ​സ​ന​ത്തി​ന്നു അടുത്തു ചെല്ലാൻ’ സാധി​ക്കും. (എബ്രായർ 4:14-16) പിഴവു​കൾ സംഭവി​ക്കു​മ്പോൾ അവർക്ക്‌ യഥാർഥ ക്ഷമ ലഭിക്കു​ന്നു. (എഫെസ്യർ 1:7) അപൂർണ​രാ​ണെ​ങ്കി​ലും അവർ ഒരു ശുദ്ധ മനഃസാ​ക്ഷി ആസ്വദി​ക്കു​ന്നു. (എബ്രായർ 9:9; 10:22; 1 പത്രൊസ്‌ 3:21) അങ്ങനെ ദൈവ​വു​മാ​യു​ള്ള അനുര​ഞ്‌ജ​നം ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്ന ഒന്നല്ല, പിന്നെ​യോ നിലവി​ലു​ള്ള ഒരു യാഥാർഥ്യ​മാണ്‌! (2 കൊരി​ന്ത്യർ 5:19, 20) സഹസ്രാബ്ദ ഭരണകാ​ലത്ത്‌, അവർ ക്രമേണ “ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു”വിക്ക​പ്പെ​ടു​ക​യും ഒടുവിൽ ‘ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കു​ന്ന സ്വാത​ന്ത്ര്യം’ ആസ്വദി​ക്കു​ക​യും ചെയ്യും.—റോമർ 8:20.

20. മറുവി​ല​യെ കുറിച്ചു ധ്യാനി​ക്കു​ന്നത്‌ നിങ്ങളെ വ്യക്തി​പ​ര​മാ​യി എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

20 മറുവി​ല​യ്‌ക്കാ​യി ‘യേശു​ക്രി​സ്‌തു മുഖാ​ന്ത​രം ദൈവ​ത്തി​നു നന്ദി’ പറയാം! (റോമർ 7:25, NW) തത്ത്വത്തിൽ ലളിത​മാ​യ ഒരു ക്രമീ​ക​ര​ണ​മാ​ണെ​ങ്കി​ലും മറുവില നമ്മിൽ ഭയാദ​ര​വു ജനിപ്പി​ക്കു​ന്നു. (റോമർ 11:33) മറുവി​ല​യെ കുറിച്ചു കൃതജ്ഞ​ത​യോ​ടെ ധ്യാനി​ക്കു​മ്പോൾ അതു നമ്മുടെ ഹൃദയ​ങ്ങ​ളെ സ്‌പർശി​ക്കു​ക​യും നീതി​യു​ടെ ദൈവ​ത്തോ​ടു നമ്മെ പൂർവാ​ധി​കം അടുപ്പി​ക്കു​ക​യും ചെയ്യുന്നു. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ, യഹോ​വ​യെ ‘നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടു​ന്ന​വൻ’ എന്ന നിലയിൽ സ്‌തു​തി​ക്കാൻ നമുക്കു സകല കാരണ​വു​മുണ്ട്‌.—സങ്കീർത്ത​നം 33:5.

^ ആദാമിനും ഹവ്വായ്‌ക്കും മറുവി​ല​യിൽനി​ന്നു പ്രയോ​ജ​നം ലഭിക്കു​ക​യി​ല്ലാ​യി​രു​ന്നു. മോ​ശൈക ന്യായ​പ്ര​മാ​ണം ഒരു മനഃപൂർവ കൊല​പാ​ത​കി​യെ സംബന്ധിച്ച്‌ ഈ തത്ത്വം പ്രസ്‌താ​വി​ച്ചു: “മരണ​യോ​ഗ്യ​നാ​യ കുലപാ​ത​ക​ന്റെ ജീവന്നു​വേ​ണ്ടി നിങ്ങൾ വീണ്ടെ​ടു​പ്പു​വി​ല വാങ്ങരുത്‌.” (സംഖ്യാ​പു​സ്‌ത​കം 35:31) ആദാമും ഹവ്വായും മനഃപൂർവം, പൂർണ അറി​വോ​ടെ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​തി​നാൽ അവർ മരണത്തിന്‌ അർഹരാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. അങ്ങനെ അവർ തങ്ങളുടെ നിത്യ​ജീ​വ​ന്റെ പ്രതീക്ഷ നഷ്ടപ്പെ​ടു​ത്തി.

^ ആദാമിന്റെ പാപം മനുഷ്യ​വർഗ​ത്തി​ന്റെ​മേൽ വരുത്തി​വെച്ച ദോഷങ്ങൾ ഇല്ലായ്‌മ ചെയ്യാൻ യേശു പൂർണ​ത​യു​ള്ള ഒരു കുട്ടി​യാ​യി​ട്ടല്ല, പിന്നെ​യോ ഒരു പൂർണ മനുഷ്യ​നാ​യി മരി​ക്കേ​ണ്ടി​യി​രു​ന്നു. ആദാമി​ന്റേത്‌ മനഃപൂർവ പാപമാ​യി​രു​ന്നു, തന്റെ പ്രവൃ​ത്തി​യു​ടെ ഗൗരവ​ത്തെ​യും പരിണ​ത​ഫ​ല​ങ്ങ​ളെ​യും കുറി​ച്ചു​ള്ള പൂർണ അറി​വോ​ടെ​യാണ്‌ അവൻ അതു ചെയ്‌തത്‌. അതു​കൊണ്ട്‌ “ഒടുക്കത്തെ ആദാം” ആയിത്തീ​രു​ന്ന​തി​നും ആ പാപം മറയ്‌ക്കു​ന്ന​തി​നും​വേണ്ടി യേശു​വിന്‌ യഹോ​വ​യോ​ടു​ള്ള നിർമലത പാലി​ക്കാൻ പരിപ​ക്വ​മാ​യ, അറി​വോ​ടെ​യു​ള്ള തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​യി​രു​ന്നു. (1 കൊരി​ന്ത്യർ 15:45, 47) അങ്ങനെ യേശു​വി​ന്റെ ബലിമ​ര​ണം ഉൾപ്പെ​ടെ​യു​ള്ള മുഴു​വി​ശ്വ​സ്‌ത ജീവി​ത​ഗ​തി​യും “നീതീ​ക​ര​ണ​ത്തി​ന്റെ ഒരൊറ്റ പ്രവൃത്തി”യായി ഉതകി.—റോമർ 5:18, 19, NW.