വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

‘ദൈവ​ത്തോ​ടു കൂടെ നടക്കവേ’ നീതി പ്രവർത്തി​ക്കു​ക

‘ദൈവ​ത്തോ​ടു കൂടെ നടക്കവേ’ നീതി പ്രവർത്തി​ക്കു​ക

1-3. (എ) നാം യഹോ​വ​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മുടെ സ്‌നേ​ഹ​വാ​നാ​യ രക്ഷകൻ നമ്മിൽനിന്ന്‌ പകരം എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?

 നിങ്ങൾ യാത്ര ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കപ്പൽ പെട്ടെന്ന്‌ ഒരു അപകട​ത്തിൽപ്പെ​ടു​ന്നു എന്ന്‌ വിചാ​രി​ക്കു​ക. അത്‌ മുങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. രക്ഷപ്പെ​ടാൻ ഒരു വഴിയു​മി​ല്ലെ​ന്നു നിങ്ങൾ വിചാ​രി​ക്കു​ന്ന ആ സമയത്ത്‌ ഒരാൾ വന്ന്‌ നിങ്ങളെ സുരക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാറ്റുന്നു. അപകട​സ്ഥാ​ന​ത്തു​നി​ന്നു നിങ്ങളെ മാറ്റി​യിട്ട്‌ “ഇനി പേടി​ക്കാ​നി​ല്ല” എന്ന്‌ ആ വ്യക്തി പറയു​മ്പോൾ നിങ്ങൾക്ക്‌ എത്ര ആശ്വാസം തോന്നും! അദ്ദേഹ​ത്തോ​ടു നിങ്ങൾക്ക്‌ കടപ്പാടു തോന്നു​ക​യി​ല്ലേ? നിങ്ങളു​ടെ ജീവൻ രക്ഷിച്ച​തിന്‌ നിങ്ങൾ ആ വ്യക്തി​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ തീർച്ച​യാ​യും പറയാൻ കഴിയും.

2 ചില വശങ്ങളിൽ, യഹോവ നമുക്കു​വേ​ണ്ടി ചെയ്‌തി​രി​ക്കു​ന്ന​തി​നെ ഇതു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു. തീർച്ച​യാ​യും നാം അവനോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു. കാരണം, പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനി​ന്നു​ള്ള വിടുതൽ സാധ്യ​മാ​ക്കി​ക്കൊണ്ട്‌ അവൻ മറുവില ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ വില​യേ​റി​യ യാഗത്തിൽ നാം വിശ്വാ​സം പ്രകട​മാ​ക്കു​ന്നി​ട​ത്തോ​ളം കാലം പാപ​മോ​ച​നം സാധ്യ​മാ​ണെ​ന്നും നമ്മുടെ നിത്യ​ഭാ​വി സുരക്ഷി​ത​മാ​ണെ​ന്നും നമുക്ക്‌ അറിയാം. (1 യോഹ​ന്നാൻ 1:7; 4:9) നാം 14-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, മറുവില യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ​യും നീതി​യു​ടെ​യും പരമോ​ന്ന​ത​മാ​യ ഒരു പ്രകട​ന​മാണ്‌. അതി​നോട്‌ നാം എങ്ങനെ പ്രതി​ക​രി​ക്ക​ണം?

3 നമ്മുടെ സ്‌നേ​ഹ​വാ​നാ​യ രക്ഷകൻ നമ്മിൽനിന്ന്‌ പകരം എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു എന്ന്‌ പരിചി​ന്തി​ക്കു​ന്നത്‌ ഉചിത​മാണ്‌. യഹോവ മീഖാ പ്രവാ​ച​കൻ മുഖേന ഇങ്ങനെ പറയുന്നു: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു: ന്യായം [“നീതി,” NW] പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നത്‌?” (മീഖാ 6:8) യഹോവ നമ്മിൽനി​ന്നു തിരികെ ചോദി​ക്കു​ന്ന കാര്യ​ങ്ങ​ളിൽ ഒന്ന്‌ നാം “നീതി പ്രവർത്തി”ക്കണം എന്നതാ​ണെ​ന്നു കാണുക. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാ​നാ​കും?

“യഥാർഥ നീതി” പിന്തു​ട​രു​ക

4. നാം യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മാ​യ മാനദ​ണ്ഡ​ങ്ങൾ അനുസ​രി​ച്ചു ജീവി​ക്കാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാൻ കഴിയും?

4 തെറ്റും ശരിയും സംബന്ധിച്ച തന്റെ മാനദ​ണ്ഡ​ങ്ങൾ അനുസ​രി​ച്ചു നാം ജീവി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അവന്റെ മാനദ​ണ്ഡ​ങ്ങൾ ന്യായ​വും നീതി​യു​മു​ള്ള​താ​ക​യാൽ അവയോട്‌ അനുരൂ​പ​പ്പെ​ടു​മ്പോൾ നാം ന്യായ​വും നീതി​യും പിന്തു​ട​രു​ക​യാണ്‌. “നന്മ ചെയ്‌വാൻ പഠിപ്പിൻ; ന്യായം അന്വേ​ഷി​പ്പിൻ” എന്ന്‌ യെശയ്യാ​വു 1:17 പറയുന്നു. “നീതി അന്വേ​ഷി​പ്പിൻ” എന്ന്‌ ദൈവ​വ​ച​നം നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (സെഫന്യാ​വു 2:3) ‘ദൈ​വേ​ഷ്ട​പ്ര​കാ​രം യഥാർഥ നീതി​യിൽ സൃഷ്ടി​ക്ക​പ്പെട്ട പുതിയ വ്യക്തി​ത്വം ധരിക്കാ​നും’ അതു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എഫെസ്യർ 4:24, NW) യഥാർഥ നീതി—യഥാർഥ ന്യായം—അക്രമ​വും അശുദ്ധി​യും അധാർമി​ക​ത​യും വർജി​ക്കു​ന്നു. കാരണം അവ വിശു​ദ്ധി​യു​ടെ നിലവാ​ര​ങ്ങൾക്കു വിരു​ദ്ധ​മാണ്‌.—സങ്കീർത്ത​നം 11:5, NW; എഫെസ്യർ 5:3-5.

5, 6. (എ) യഹോ​വ​യു​ടെ മാനദ​ണ്ഡ​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടു​ന്നത്‌ നമുക്ക്‌ ഒരു ഭാരമ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) നീതി പിന്തു​ട​രു​ന്നത്‌ തുടർച്ച​യാ​യ ഒരു പ്രക്രിയ ആണെന്നു ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

5 യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മാ​യ മാനദ​ണ്ഡ​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ടു​ന്നത്‌ നമുക്ക്‌ ഒരു ഭാരമാ​ണോ? അല്ല. യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ന്ന ഒരു വ്യക്തി അവന്റെ വ്യവസ്ഥകൾ ഭാരമാ​യി വീക്ഷി​ക്കു​ക​യി​ല്ല. നാം നമ്മുടെ ദൈവ​ത്തെ​യും അവന്റെ വ്യക്തി​ത്വ​ത്തെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌, അവനു പ്രസാ​ദ​ക​ര​മാ​യ വിധത്തിൽ ജീവി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:3) യഹോവ “നീതിയെ ഇഷ്ടപ്പെ​ടു​ന്നു” എന്ന്‌ ഓർക്കുക. (സങ്കീർത്ത​നം 11:7) ദിവ്യ​നീ​തി​യെ യഥാർഥ​മാ​യി അനുക​രി​ക്കാൻ നാം യഹോവ സ്‌നേ​ഹി​ക്കു​ന്ന​തി​നെ സ്‌നേ​ഹി​ക്കു​ക​യും അവൻ വെറു​ക്കു​ന്ന​തി​നെ വെറു​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.—സങ്കീർത്ത​നം 97:10.

6 അപൂർണ മനുഷ്യർക്കു നീതി പിന്തു​ട​രു​ക എളുപ്പമല്ല. നാം പഴയ വ്യക്തി​ത്വ​ത്തെ അതിന്റെ പാപപൂർണ​മാ​യ നടപടി​ക​ളോ​ടെ ഉരിഞ്ഞു​ക​ള​യു​ക​യും പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. പുതിയ വ്യക്തി​ത്വം സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തി​ലൂ​ടെ​യാണ്‌ ‘പുതു​താ​ക്ക​പ്പെ​ടു’ന്നതെന്ന്‌ ബൈബിൾ പറയുന്നു. (കൊ​ലൊ​സ്സ്യർ 3:9, 10, NW) ‘പുതു​താ​ക്ക​പ്പെ​ടു​ക’ എന്ന പ്രയോ​ഗം പുതിയ വ്യക്തി​ത്വം ധരിക്കു​ന്നത്‌ തുടർച്ച​യാ​യ, ഉത്സാഹ​പൂർവ​ക​മാ​യ ശ്രമം ആവശ്യ​മാ​യ, ഒരു പ്രക്രിയ ആണെന്നു സൂചി​പ്പി​ക്കു​ന്നു. ശരി ചെയ്യാൻ നാം എത്ര കഠിന​മാ​യി ശ്രമി​ച്ചാ​ലും, ചില സമയങ്ങ​ളിൽ നമ്മുടെ പാപ​പ്ര​കൃ​തം നിമിത്തം ചിന്തയി​ലും വാക്കി​ലും പ്രവൃ​ത്തി​യി​ലും നാം ഇടറി​പ്പോ​യേ​ക്കാം.—റോമർ 7:14-20; യാക്കോബ്‌ 3:2.

7. നീതി പിന്തു​ട​രാ​നു​ള്ള നമ്മുടെ ശ്രമങ്ങ​ളു​ടെ പരാജ​യ​ത്തെ നാം എങ്ങനെ വീക്ഷി​ക്ക​ണം?

7 നീതി പിന്തു​ട​രാ​നു​ള്ള നമ്മുടെ ശ്രമങ്ങ​ളു​ടെ പരാജ​യ​ത്തെ നാം എങ്ങനെ വീക്ഷി​ക്ക​ണം? തീർച്ച​യാ​യും, പാപത്തി​ന്റെ ഗൗരവം കുറച്ചു​കാ​ണാൻ നാം ആഗ്രഹി​ക്കു​ന്നി​ല്ല. അതേസ​മ​യം, നമ്മുടെ പരാജ​യ​ങ്ങൾ യഹോ​വ​യെ സേവി​ക്കാൻ നമ്മെ അയോ​ഗ്യ​രാ​ക്കു​ന്നു എന്നു വിചാ​രി​ച്ചു​കൊണ്ട്‌ നാം ഒരിക്ക​ലും തോറ്റു പിന്മാ​റു​ക​യും ചെയ്യരുത്‌. ആത്മാർഥ​മാ​യ അനുതാ​പ​മു​ള്ള​വ​രെ തന്റെ പ്രീതി​യി​ലേ​ക്കു പുനഃ​സ്ഥാ​പി​ക്കാൻ നമ്മുടെ കൃപാ​ലു​വാ​യ ദൈവം ക്രമീ​ക​ര​ണം ചെയ്‌തി​ട്ടുണ്ട്‌. “നിങ്ങൾ പാപം ചെയ്യാ​തി​രി​പ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതു​ന്നു” എന്ന അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാ​ന്റെ ആശ്വാ​സ​ദാ​യ​ക​മാ​യ വാക്കുകൾ പരിചി​ന്തി​ക്കു​ക. എന്നാൽ അവൻ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘ഒരുത്തൻ [കൈമാ​റി​ക്കി​ട്ടി​യ അപൂർണ​ത​യു​ടെ ഫലമായി] പാപം ചെയ്‌തു എങ്കിലോ, നീതി​മാ​നാ​യ യേശു​ക്രി​സ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ട്‌.’ (1 യോഹ​ന്നാൻ 2:1) അതേ, നാം പാപപൂർണ​രാ​ണെ​ങ്കി​ലും യഹോ​വ​യെ സ്വീകാ​ര്യ​മാ​യി സേവി​ക്കേ​ണ്ട​തിന്‌ അവൻ നമുക്കാ​യി യേശു​വി​ന്റെ മറുവി​ല​യാ​ഗം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അത്‌ യഹോ​വ​യെ പ്രസാ​ദി​പ്പി​ക്കാ​നാ​യി നമ്മുടെ പരമാ​വ​ധി ചെയ്യാ​നു​ള്ള ആഗ്രഹം നമ്മിൽ ഉളവാ​ക്കു​ന്നി​ല്ലേ?

സുവാർത്ത​യും ദിവ്യ​നീ​തി​യും

8, 9. സുവാർത്താ ഘോഷണം യഹോ​വ​യു​ടെ നീതി​യു​ടെ പ്രകടനം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

8 മറ്റുള്ള​വ​രോ​ടു ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ പൂർണ പങ്കുവ​ഹി​ക്കു​ന്ന​തി​നാൽ നമുക്ക്‌ നീതി പ്രവർത്തി​ക്കാൻ—യഥാർഥ​ത്തിൽ ദിവ്യ​നീ​തി അനുക​രി​ക്കാൻ—കഴിയും. യഹോ​വ​യു​ടെ നീതി​യും സുവാർത്ത​യും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?

9 ആദ്യം മുന്നറി​യി​പ്പു മുഴക്കാ​തെ യഹോവ ഈ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ അറുതി വരുത്തു​ക​യി​ല്ല. അന്ത്യകാ​ല​ത്തു സംഭവി​ക്കാ​നി​രി​ക്കു​ന്ന കാര്യ​ങ്ങ​ളെ കുറി​ച്ചു​ള്ള തന്റെ പ്രവച​ന​ത്തിൽ “സുവി​ശേ​ഷം മുമ്പെ സകലജാ​തി​ക​ളോ​ടും പ്രസം​ഗി​ക്കേ​ണ്ട​താ​കു​ന്നു” എന്ന്‌ യേശു പറഞ്ഞു. (മർക്കൊസ്‌ 13:10; മത്തായി 24:3) “മുമ്പെ” എന്ന പദപ്ര​യോ​ഗം, ലോക​വ്യാ​പക പ്രസം​ഗ​വേ​ല​യെ തുടർന്ന്‌ മറ്റു സംഭവങ്ങൾ നടക്കു​മെ​ന്നു സൂചി​പ്പി​ക്കു​ന്നു. മുൻകൂ​ട്ടി പറഞ്ഞ മഹോ​പ​ദ്ര​വം അതിൽപ്പെ​ടു​ന്നു, അത്‌ ദുഷ്ടന്മാ​രു​ടെ നാശത്തിന്‌ ഇടയാ​ക്കു​ക​യും നീതി​യു​ള്ള ഒരു പുതിയ ലോക​ത്തി​നു വഴി​യൊ​രു​ക്കു​ക​യും ചെയ്യും. (മത്തായി 24:14, 21, 22) തീർച്ച​യാ​യും, ദുഷ്ടന്മാ​രോട്‌ യഹോവ അനീതി കാട്ടുന്നു എന്ന്‌ ആർക്കും ഉചിത​മാ​യി കുറ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. മുന്നറി​യി​പ്പു നൽകാ​നു​ള്ള ക്രമീ​ക​ര​ണം ചെയ്‌തു​കൊണ്ട്‌, തങ്ങളുടെ നടപടി​കൾക്കു മാറ്റം വരുത്താ​നും അങ്ങനെ നാശം ഒഴിവാ​ക്കാ​നും വേണ്ടത്ര സമയം അവൻ അവർക്കു കൊടു​ക്കു​ന്നു.—യോനാ 3:1-10.

മുഖപ​ക്ഷ​മി​ല്ലാ​തെ മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കു​മ്പോൾ നാം ദൈവി​ക​നീ​തി പ്രതിഫലിപ്പിക്കുന്നു

10, 11. സുവാർത്താ പ്രസം​ഗ​ത്തിൽ നമുക്കുള്ള പങ്ക്‌ ദൈവി​ക​നീ​തി​യെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

10 നമ്മുടെ സുവാർത്താ പ്രസംഗം ദൈവിക നീതിയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ? ഒന്നാമ​താ​യി, മറ്റുള്ളവർ രക്ഷ പ്രാപി​ക്കാൻ സഹായി​ക്കു​ന്ന​തി​നു നമ്മളാ​ലാ​വ​തു ചെയ്യു​ന്ന​തു നീതി മാത്ര​മാണ്‌. മുങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന കപ്പലിൽനി​ന്നു രക്ഷപെ​ടു​ത്തു​ന്ന​തി​നെ കുറി​ച്ചു​ള്ള ദൃഷ്ടാന്തം വീണ്ടും പരിചി​ന്തി​ക്കു​ക. ലൈഫ്‌ ബോട്ടിൽ സുരക്ഷി​ത​നാ​യി​രി​ക്കുന്ന നിങ്ങൾ, വെള്ളത്തിൽ മുങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന മറ്റുള്ള​വ​രെ സഹായി​ക്കാൻ തീർച്ച​യാ​യും ആഗ്രഹി​ക്കും. സമാന​മാ​യി, ഈ ദുഷ്ട​ലോ​ക​ത്തി​ലെ “വെള്ള”ത്തിൽ മുങ്ങി​ത്താ​ഴു​ന്ന​വ​രോട്‌ നമുക്ക്‌ ഒരു കടപ്പാ​ടുണ്ട്‌. അനേക​രും നമ്മുടെ സന്ദേശം സ്വീക​രി​ക്കു​ന്നി​ല്ല എന്നതു സത്യം​ത​ന്നെ. എന്നാൽ യഹോവ ക്ഷമ പ്രകട​മാ​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം “മാനസാ​ന്ത​ര​പ്പെ​ടു”വാനും അങ്ങനെ രക്ഷയ്‌ക്കു യോഗ്യ​രാ​കാ​നു​മു​ള്ള അവസരം അവർക്കു കൊടു​ക്കു​ന്ന​തി​നു​ള്ള ഉത്തരവാ​ദി​ത്വം നമുക്കുണ്ട്‌.—2 പത്രൊസ്‌ 3:9.

11 കണ്ടുമു​ട്ടു​ന്ന എല്ലാവ​രോ​ടും സുവാർത്ത പ്രസം​ഗി​ക്കു​ക​വ​ഴി നാം മറ്റൊരു പ്രധാന വിധത്തി​ലും നീതി പ്രകട​മാ​ക്കു​ന്നു—പക്ഷപാ​തി​ത്വം കാട്ടാ​തി​രു​ന്നു​കൊണ്ട്‌. “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മി​ല്ല എന്നും ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വ​നെ അവൻ അംഗീ​ക​രി​ക്കു​ന്നു” എന്നും ഓർക്കുക. (പ്രവൃ​ത്തി​കൾ 10:34, 35) അവന്റെ നീതി അനുക​രി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആളുകളെ മുൻവി​ധി​യോ​ടെ വീക്ഷി​ക്കു​ന്നത്‌ ഒഴിവാ​ക്ക​ണം. വർഗമോ സാമൂ​ഹി​ക​നി​ല​യോ സാമ്പത്തി​ക​സ്ഥി​തി​യോ പരിഗ​ണി​ക്കാ​തെ അവരു​മാ​യി നാം സുവാർത്ത പങ്കു​വെ​ക്ക​ണം. അങ്ങനെ ചെയ്യു​ന്ന​പ​ക്ഷം, ശ്രദ്ധി​ക്കു​ന്ന എല്ലാവർക്കും സുവാർത്ത കേൾക്കാ​നും പ്രതി​ക​രി​ക്കാ​നു​മു​ള്ള അവസരം കൊടു​ക്കു​ക​യാ​യി​രി​ക്കും നാം ചെയ്യു​ന്നത്‌.—റോമർ 10:11-13.

നാം മറ്റുള്ള​വ​രോ​ടു പെരു​മാ​റു​ന്ന വിധം

12, 13. (എ) മറ്റുള്ള​വ​രെ വിധി​ക്കാൻ നാം തിടുക്കം കൂട്ടരു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) “വിധി​ക്കു​ന്ന​തു നിറു​ത്തു​ക” എന്നും “കുറ്റം​വി​ധി​ക്കു​ന്ന​തു നിറു​ത്തു​ക” എന്നുമുള്ള യേശു​വി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ അർഥ​മെന്ത്‌? (അടിക്കു​റി​പ്പും കാണുക.)

12 യഹോവ നമ്മോടു പെരു​മാ​റു​ന്ന​തു​പോ​ലെ മറ്റുള്ള​വ​രോ​ടു പെരു​മാ​റു​ന്ന​തി​നാ​ലും നമുക്ക്‌ നീതി പ്രവർത്തി​ക്കാ​നാ​കും. മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളെ വിമർശി​ച്ചു​കൊ​ണ്ടും അവരുടെ ആന്തരങ്ങളെ ചോദ്യം​ചെ​യ്‌തു​കൊ​ണ്ടും അവരെ വിധി​ക്കാൻ വളരെ എളുപ്പ​മാണ്‌. എന്നാൽ നമ്മുടെ ആന്തരങ്ങ​ളെ​യും കൃത്യ​വി​ലോ​പ​ങ്ങ​ളെ​യും യഹോവ നിഷ്‌ക​രു​ണം സൂക്ഷ്‌മ​പ​രി​ശോ​ധന നടത്താൻ നമ്മിലാ​രാണ്‌ ആഗ്രഹി​ക്കു​ക? യഹോവ നമ്മോട്‌ ആ വിധത്തി​ലല്ല ഇടപെ​ടു​ന്നത്‌. “യഹോവേ, നീ അകൃത്യ​ങ്ങ​ളെ ഓർമ്മ​വെ​ച്ചാൽ കർത്താവേ, ആർ നിലനി​ല്‌ക്കും?” എന്നു സങ്കീർത്ത​ന​ക്കാ​രൻ ചോദി​ക്കു​ക​യു​ണ്ടാ​യി. (സങ്കീർത്ത​നം 130:3) നീതി​മാ​നും കരുണാ​സ​മ്പ​ന്ന​നു​മാ​യ ദൈവം നമ്മുടെ പോരാ​യ്‌മ​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​ത്ത​തിൽ നാം നന്ദിയു​ള്ള​വ​ര​ല്ലേ? (സങ്കീർത്ത​നം 103:8-10) ആ സ്ഥിതിക്ക്‌, നമ്മൾ മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റ​ണം?

13 നാം ദൈവ​ത്തി​ന്റെ നീതി​യു​ടെ കരുണാർദ്ര​മാ​യ സ്വഭാ​വ​ത്തെ വിലമ​തി​ക്കു​ന്നെ​ങ്കിൽ, യഥാർഥ​ത്തിൽ നമ്മെ ബാധി​ക്കാ​ത്ത​തോ പ്രാധാ​ന്യം കുറഞ്ഞ​തോ ആയ കാര്യ​ങ്ങ​ളിൽ മറ്റുള്ള​വ​രെ വിധി​ക്കാൻ നാം ധൃതി​കൂ​ട്ടു​ക​യി​ല്ല. തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “നിങ്ങൾ വിധി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ വിധി​ക്കു​ന്ന​തു നിറു​ത്തു​ക.” (മത്തായി 7:1, NW) ലൂക്കൊ​സി​ന്റെ വിവര​ണ​പ്ര​കാ​രം യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കുറ്റം​വി​ധി​ക്കു​ന്ന​തു നിറു​ത്തു​ക, അപ്പോൾ നിങ്ങളും യാതൊ​രു പ്രകാ​ര​ത്തി​ലും കുറ്റം​വി​ധി​ക്ക​പ്പെ​ടു​ക​യില്ല.” * (ലൂക്കൊസ്‌ 6:37, NW) അപൂർണ മനുഷ്യർക്ക്‌ മറ്റുള്ള​വ​രെ വിധി​ക്കാ​നു​ള്ള പ്രവണത ഉള്ളതായി താൻ മനസ്സി​ലാ​ക്കു​ന്നു​വെന്ന്‌ യേശു വ്യക്തമാ​ക്കി. അവന്റെ ശ്രോ​താ​ക്ക​ളിൽ, മറ്റുള്ള​വ​രെ പരുഷ​മാ​യി വിധി​ക്കു​ന്ന ശീലമു​ണ്ടാ​യി​രു​ന്ന എല്ലാവ​രും അതു നിറു​ത്ത​ണ​മാ​യി​രു​ന്നു.

14. മറ്റുള്ള​വ​രെ ‘വിധി​ക്കു​ന്നത്‌ നിറു​ത്താൻ’ നമുക്ക്‌ ഏതു കാരണ​ങ്ങ​ളുണ്ട്‌?

14 നാം മറ്റുള്ള​വ​രെ വിധി​ക്കു​ന്ന​തു ‘നിറു​ത്തേ​ണ്ടത്‌’ എന്തു​കൊണ്ട്‌? നമ്മുടെ അധികാ​രം പരിമി​ത​മാണ്‌ എന്നതാണ്‌ ഒരു സംഗതി. ശിഷ്യ​നാ​യ യാക്കോബ്‌ നമ്മെ ഓർമി​പ്പി​ക്കു​ന്നു: “നിയമ​ദാ​താ​വും ന്യായാ​ധി​പ​നു​മാ​യി ഒരുവനേ ഉള്ളൂ”—യഹോ​വ​ത​ന്നെ. അതു​കൊണ്ട്‌ യാക്കോബ്‌ വളരെ സ്‌പഷ്ട​മാ​യി ചോദി​ക്കു​ന്നു: “അയല്‌ക്കാ​ര​നെ വിധി​ക്കാൻ നീ ആരാണ്‌?” (യാക്കോബ്‌ 4:12, പി.ഒ.സി. ബൈ.; റോമർ 14:1-4) മാത്ര​വു​മല്ല, നമ്മുടെ പാപ​പ്ര​കൃ​തം നിമിത്തം ന്യായ​ര​ഹി​ത​മാ​യ രീതി​യി​ലാ​യി​രി​ക്കും നാം മറ്റുള്ള​വ​രെ വിധി​ക്കു​ന്നത്‌. മുൻവി​ധി, അഭിമാ​ന​ക്ഷ​തം, അസൂയ, സ്വയനീ​തീ​ക​രണ പ്രവണത എന്നിവ ഉൾപ്പെടെ അനേകം മനോ​ഭാ​വ​ങ്ങൾക്കും ആന്തരങ്ങൾക്കും നാം സഹമനു​ഷ്യ​രെ വീക്ഷി​ക്കു​ന്ന വിധത്തെ വികല​മാ​ക്കാൻ കഴിയും. നമുക്ക്‌ വേറെ​യും പരിമി​തി​കൾ ഉണ്ട്‌. ഇവയെ കുറിച്ചു വിചി​ന്ത​നം ചെയ്യു​ന്നത്‌ മറ്റുള്ള​വ​രിൽ കുറ്റം കണ്ടുപി​ടി​ക്കാ​നു​ള്ള നമ്മുടെ ചായ്‌വി​നെ തടയും. നമുക്കു ഹൃദയ​ങ്ങ​ളെ വിവേ​ചി​ക്കാ​നാ​വി​ല്ല, മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മാ​യ സകല സാഹച​ര്യ​ങ്ങ​ളെ​യും അറിയാ​നും കഴിയില്ല. അപ്പോൾ സഹവി​ശ്വാ​സി​ക​ളിൽ തെറ്റായ ആന്തരങ്ങൾ ആരോ​പി​ക്കാ​നോ ദൈവ​സേ​വ​ന​ത്തി​ലെ അവരുടെ ശ്രമങ്ങളെ വിമർശി​ക്കാ​നോ നമുക്ക്‌ എന്തു കാരണ​മാ​ണു​ള്ളത്‌? നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വീഴ്‌ച​ക​ളിൽ കണ്ണും​ന​ട്ടി​രി​ക്കു​ന്ന​തി​നു പകരം അവരിലെ നന്മ അന്വേ​ഷി​ച്ചു​കൊണ്ട്‌ യഹോ​വ​യെ അനുക​രി​ക്കു​ന്നത്‌ എത്ര ഉചിത​മാ​യി​രി​ക്കും!

15. ദൈവാ​രാ​ധ​ക​രു​ടെ ഇടയിൽ ഏതുതരം സംസാ​ര​ത്തി​നും പെരു​മാ​റ്റ​ത്തി​നും സ്ഥാനമില്ല, എന്തു​കൊണ്ട്‌?

15 നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളെ വിധി​ക്കു​ന്നത്‌ സംബന്ധി​ച്ചെന്ത്‌? സങ്കടക​ര​മെ​ന്നു പറയട്ടെ, ഇന്നത്തെ ലോക​ത്തിൽ, സമാധാ​ന​ത്തി​ന്റെ സങ്കേത​മാ​യി​രി​ക്കേണ്ട സ്ഥലത്ത്‌—ഭവനത്തിൽ—ആണ്‌ ഏറ്റവും രൂക്ഷമായ വിധിക്കൽ പ്രവണത കണ്ടുവ​രു​ന്നത്‌. തങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളെ വാഗ്‌രൂ​പേ​ണ​യോ ശാരീ​രി​ക​മാ​യോ നിരന്തരം പീഡി​പ്പി​ച്ചു​കൊണ്ട്‌ “ശിക്ഷവി​ധി​ക്കു​ന്ന” ദ്രോ​ഹി​ക​ളാ​യ ഭർത്താ​ക്ക​ന്മാ​രെ​യോ ഭാര്യ​മാ​രെ​യോ മാതാ​പി​താ​ക്ക​ളെ​യോ കുറിച്ചു കേൾക്കു​ന്നത്‌ അസാധാ​ര​ണ​മല്ല. എന്നാൽ ദൈവ​ജ​ന​ത്തി​നി​ട​യിൽ ഹീനമായ സംസാരം, കഠിന​മാ​യ കുത്തു​വാക്ക്‌, ശാരീ​രി​ക ഉപദ്രവം എന്നിവ​യ്‌ക്കു സ്ഥാനമില്ല. (എഫെസ്യർ 4:29, 31; 5:32; 6:4) “വിധി​ക്കു​ന്ന​തു നിറു​ത്തു​ക” “കുറ്റം​വി​ധി​ക്കു​ന്ന​തു നിറു​ത്തു​ക” എന്നീ യേശു​വി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ നാം വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും പിൻപ​റ്റേ​ണ്ട​താണ്‌. നീതി പ്രവർത്തി​ക്കു​ന്ന​തിൽ, യഹോവ നമ്മോടു പെരു​മാ​റു​ന്ന​തു​പോ​ലെ മറ്റുള്ള​വ​രോ​ടു പെരു​മാ​റു​ന്നത്‌ ഉൾപ്പെ​ടു​ന്നു​വെന്ന്‌ ഓർമി​ക്കു​ക. നമ്മുടെ ദൈവം ഒരിക്ക​ലും പരുഷ​മോ ക്രൂര​മോ ആയി നമ്മോട്‌ ഇടപെ​ടു​ന്നി​ല്ല. പകരം തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രോട്‌ അവൻ “മഹാ കരുണ​യും മനസ്സലി​വു​മു​ള്ള”വനാണ്‌. (യാക്കോബ്‌ 5:11) നമുക്ക്‌ അനുക​രി​ക്കാൻ പറ്റിയ എത്ര മഹത്തായ മാതൃക!

“നീതി​യോ​ടെ” സേവി​ക്കു​ന്ന മൂപ്പന്മാർ

16, 17. (എ) യഹോവ മൂപ്പന്മാ​രിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു? (ബി) ഒരു പാപി യഥാർഥ അനുതാ​പം പ്രകട​മാ​ക്കാൻ പരാജ​യ​പ്പെ​ടു​മ്പോൾ എന്തു ചെയ്യേ​ണ്ട​തുണ്ട്‌, എന്തു​കൊണ്ട്‌?

16 നീതി പ്രവർത്തി​ക്കാൻ നമു​ക്കെ​ല്ലാം ഉത്തരവാ​ദി​ത്വ​മുണ്ട്‌. എന്നാൽ, ക്രിസ്‌തീ​യ സഭയിലെ മൂപ്പന്മാർ ഈ കാര്യ​ത്തിൽ വിശേ​ഷാൽ ഉത്തരവാ​ദി​ത്വ​മു​ള്ള​വ​രാണ്‌. ‘പ്രഭു​ക്ക​ന്മാ​രെ’ അഥവാ മൂപ്പന്മാ​രെ കുറി​ച്ചു​ള്ള യെശയ്യാ​വി​ന്റെ വർണന ശ്രദ്ധി​ക്കു​ക: “ഒരു രാജാവു നീതി​യോ​ടെ വാഴും; പ്രഭു​ക്ക​ന്മാർ ന്യായ​ത്തോ​ടെ [“നീതി​യോ​ടെ,” NW] അധികാ​രം നടത്തും.” (യെശയ്യാ​വു 32:1) അതേ, മൂപ്പന്മാർ നീതി​നി​ഷ്‌ഠ​മാ​യി സേവി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അവർക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും?

17 നീതി അല്ലെങ്കിൽ ന്യായം സഭയെ ശുദ്ധമാ​യി സൂക്ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു എന്ന്‌ ആത്മീയ യോഗ്യ​ത​യു​ള്ള ഈ പുരു​ഷ​ന്മാർക്കു നന്നായി അറിയാം. ചില സമയങ്ങ​ളിൽ മൂപ്പന്മാർക്ക്‌ ഗൗരവ​മു​ള്ള തെറ്റുകൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന കേസു​ക​ളിൽ വിധി കൽപ്പി​ക്കേ​ണ്ടി​വ​രു​ന്നു. അതു ചെയ്യു​മ്പോൾ, സാധ്യ​മാ​കു​മ്പോ​ഴൊ​ക്കെ​യും ദിവ്യ​നീ​തി​പ്ര​കാ​രം കരുണ കാണി​ക്കേ​ണ്ട​താ​ണെന്ന്‌ അവർ ഓർക്കു​ന്നു. അങ്ങനെ പാപിയെ അനുതാ​പ​ത്തി​ലേ​ക്കു നയിക്കാൻ അവർ ശ്രമി​ക്കു​ന്നു. എന്നാൽ പാപിയെ സഹായി​ക്കാ​നു​ള്ള അത്തരം ശ്രമങ്ങൾ നടത്തി​യി​ട്ടും അയാൾ യഥാർഥ അനുതാ​പം പ്രകട​മാ​ക്കാൻ പരാജ​യ​പ്പെ​ടു​ന്നു എങ്കിലോ? പൂർണ നീതി​യോ​ടെ ഒരു ഉറച്ച നടപടി സ്വീക​രി​ക്കാൻ യഹോ​വ​യു​ടെ വചനം നിർദേ​ശി​ക്കു​ന്നു: “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​വിൻ.” (1 കൊരി​ന്ത്യർ 5:11-13; 2 യോഹ​ന്നാൻ 9-11) അത്തരം നടപടി സ്വീക​രി​ക്കേ​ണ്ടി​വ​രു​മ്പോൾ മൂപ്പന്മാർക്കു ദുഃഖം തോന്നു​ന്നു. എന്നാൽ സഭയുടെ ധാർമി​ക​വും ആത്മീയ​വു​മാ​യ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ അത്‌ ആവശ്യ​മാ​ണെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. അപ്പോൾപ്പോ​ലും, പാപി എന്നെങ്കി​ലും സുബോ​ധം പ്രാപി​ച്ചു സഭയി​ലേ​ക്കു മടങ്ങി​വ​രു​മെന്ന്‌ അവർ പ്രത്യാ​ശി​ക്കു​ന്നു.—ലൂക്കൊസ്‌ 15:17, 18.

18. മറ്റുള്ള​വർക്കു ബൈബി​ള​ധി​ഷ്‌ഠി​ത ബുദ്ധി​യു​പ​ദേ​ശം കൊടു​ക്കു​മ്പോൾ മൂപ്പന്മാർ എന്തു മനസ്സിൽ പിടി​ക്കു​ന്നു?

18 നീതി​യോ​ടെ സേവി​ക്കു​ന്ന​തിൽ ആവശ്യ​മാ​യി വരു​മ്പോൾ ബൈബി​ള​ധി​ഷ്‌ഠി​ത ബുദ്ധി​യു​പ​ദേ​ശം കൊടു​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. തീർച്ച​യാ​യും മൂപ്പന്മാർ മറ്റുള്ള​വ​രി​ലെ കുറവു​കൾ നോക്കി​ന​ട​ക്കു​ന്നി​ല്ല. ഓരോ അവസര​ത്തി​ലും തിരുത്തൽ നൽകാൻ അവർ ഉത്സാഹം കാണി​ക്കു​ന്നു​മി​ല്ല. എന്നാൽ ഒരു സഹവി​ശ്വാ​സി ‘തെററിൽ അകപ്പെ​ട്ടു​പോ​കു​ന്ന’ സന്ദർഭ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ദിവ്യ​നീ​തി ക്രൂര​മോ നിർവി​കാ​ര​മോ അല്ലെന്ന്‌ ഓർക്കു​ന്നത്‌ “അങ്ങനെ​യു​ള​ള​വ​നെ സൌമ്യ​ത​യു​ടെ ആത്മാവിൽ യഥാസ്ഥാ​ന​പ്പെ​ടു”ത്താൻ മൂപ്പന്മാ​രെ പ്രേരി​പ്പി​ക്കും. (ഗലാത്യർ 6:1) അതു​കൊണ്ട്‌ മൂപ്പന്മാർ, തെറ്റു​ചെ​യ്യു​ന്ന വ്യക്തിയെ ശകാരി​ക്കു​ക​യോ അയാൾക്കു നേരെ പരുഷ​മാ​യ വാക്കുകൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്യു​ന്നി​ല്ല. പകരം, സ്‌നേ​ഹ​പൂർവം ബുദ്ധി​യു​പ​ദേ​ശം കൊടു​ക്കു​ന്നു. അത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന വ്യക്തിയെ ശരിയായ ഗതി പിന്തു​ട​രാൻ പ്രോ​ത്സാ​ഹി​പ്പി​ക്കും. ബുദ്ധി​ശൂ​ന്യ​മാ​യ ഒരു പ്രവർത്ത​ന​ഗ​തി​യു​ടെ ഭവിഷ്യ​ത്തു​കൾ എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ വ്യക്തമായ ഭാഷയിൽ ശാസന കൊടു​ക്കു​മ്പോൾപ്പോ​ലും, തെറ്റു​ചെ​യ്‌തി​രി​ക്കുന്ന സഹവി​ശ്വാ​സി യഹോ​വ​യു​ടെ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ഭാഗമാണ്‌ എന്ന വസ്‌തുത മൂപ്പന്മാർ മനസ്സിൽ പിടി​ക്കു​ന്നു. * (ലൂക്കൊസ്‌ 15:7) സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന ബുദ്ധി​യു​പ​ദേ​ശം അല്ലെങ്കിൽ ശാസന തെറ്റു​കാ​ര​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.

19. മൂപ്പന്മാർക്ക്‌ ഏതു തീരു​മാ​ന​ങ്ങൾ എടു​ക്കേ​ണ്ട​തുണ്ട്‌, അവർ തങ്ങളുടെ തീരു​മാ​ന​ങ്ങ​ളെ എന്തിൽ അടിസ്ഥാ​ന​പ്പെ​ടു​ത്ത​ണം?

19 മൂപ്പന്മാർക്ക്‌ മിക്ക​പ്പോ​ഴും തങ്ങളുടെ സഹവി​ശ്വാ​സി​കൾ ഉൾപ്പെ​ടു​ന്ന തീരു​മാ​ന​ങ്ങൾ എടു​ക്കേ​ണ്ടി​വ​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, സഭയിലെ മറ്റു സഹോ​ദ​ര​ന്മാർ മൂപ്പന്മാ​രോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ ആയി ശുപാർശ ചെയ്യ​പ്പെ​ടാൻ യോഗ്യ​രാ​ണോ എന്നു പരിചി​ന്തി​ക്കാൻ ഇടയ്‌ക്കി​ടെ മൂപ്പന്മാർ കൂടി​വ​രു​ന്നു. നിഷ്‌പ​ക്ഷ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മൂപ്പന്മാർക്ക​റി​യാം. തീരു​മാ​ന​ങ്ങൾ എടു​ക്കേ​ണ്ടി വരു​മ്പോൾ വ്യക്തി​പ​ര​മാ​യ തോന്ന​ലു​ക​ളിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം തങ്ങളെ നയിക്കാൻ അവർ ദൈവിക വ്യവസ്ഥ​ക​ളെ അനുവ​ദി​ക്കു​ന്നു. അങ്ങനെ അവർ, “മുൻവി​ധി​യോ പക്‌ഷ​പാ​ത​മോ കൂടാതെ” പ്രവർത്തി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 5:21, പി.ഒ.സി. ബൈ.

20, 21. (എ) മൂപ്പന്മാർ എങ്ങനെ​യു​ള്ള​വർ ആയിരി​ക്കാൻ കഠിന​യ​ത്‌നം ചെയ്യുന്നു, എന്തു​കൊണ്ട്‌? (ബി) “വിഷാ​ദ​മ​ഗ്ന​രെ” സഹായി​ക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാൻ കഴിയും?

20 മൂപ്പന്മാർ മറ്റുവി​ധ​ങ്ങ​ളി​ലും ദിവ്യ​നീ​തി നടപ്പി​ലാ​ക്കു​ന്നു. മൂപ്പന്മാർ “നീതി​യോ​ടെ” സേവി​ക്കും എന്നു മുൻകൂ​ട്ടി പറഞ്ഞ​ശേ​ഷം യെശയ്യാവ്‌ ഇങ്ങനെ തുടർന്നു: “ഓരോ​രു​ത്തൻ കാററി​ന്നു ഒരു മറവും പിശറി​ന്നു ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെ​യും ഇരിക്കും.” (യെശയ്യാ​വു 32:2) തങ്ങളുടെ സഹാരാ​ധ​കർക്ക്‌ ആശ്വാ​സ​ത്തി​ന്റെ​യും നവോ​ന്മേ​ഷ​ത്തി​ന്റെ​യും ഉറവു​ക​ളാ​യി​രി​ക്കാൻ മൂപ്പന്മാർ കഠിന​യ​ത്‌നം ചെയ്യുന്നു.

21 നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന പ്രശ്‌ന​ങ്ങൾ സദാ ഉയർന്നു​വ​രു​ന്ന ഇക്കാലത്ത്‌ അനേകർക്കും പ്രോ​ത്സാ​ഹ​നം ആവശ്യ​മാണ്‌. മൂപ്പന്മാ​രേ, “ഉൾക്കരു​ത്തി​ല്ലാ​ത്ത​വ​രെ (“വിഷാ​ദ​മ​ഗ്ന​രെ,” NW)” സഹായി​ക്കാൻ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും? (1 തെസ്സ​ലൊ​നീ​ക്യർ 5:14) സമാനു​ഭാ​വ​ത്തോ​ടെ അവർ പറയു​ന്ന​തു ശ്രദ്ധി​ക്കു​ക. (യാക്കോബ്‌ 1:19) തങ്ങളുടെ ഹൃദയ​ത്തി​ലെ “ഉത്‌ക​ണ്‌ഠ” അവർക്കു വിശ്വാ​സ​മു​ള്ള ഒരാളു​മാ​യി പങ്കു​വെ​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 12:25, പി.ഒ.സി. ബൈ.) യഹോ​വ​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും തങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും വേണ്ട​പ്പെ​ട്ട​വ​രും വില​പ്പെ​ട്ട​വ​രു​മാ​യി വീക്ഷി​ക്കു​ന്നു​വെ​ന്നും അവർക്കു വീണ്ടും ഉറപ്പു​കൊ​ടു​ക്കു​ക. (1 പത്രൊസ്‌ 1:22; 5:6, 7) അതിനു​പു​റ​മേ, അവരു​മൊ​ത്തും അവർക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാൻ നിങ്ങൾക്കു കഴിയും. തങ്ങൾക്കു​വേ​ണ്ടി ഒരു മൂപ്പൻ ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കു​ന്ന​തു കേൾക്കു​ന്നത്‌ അവർക്ക്‌ വലിയ ആശ്വാ​സ​മാ​യി​രി​ക്കും. (യാക്കോബ്‌ 5:14, 15) വിഷാ​ദ​മ​ഗ്ന​രെ സഹായി​ക്കാ​നു​ള്ള നിങ്ങളു​ടെ സ്‌നേ​ഹ​മ​സൃ​ണ​മാ​യ ശ്രമങ്ങൾ നീതി​യു​ടെ ദൈവം ശ്രദ്ധി​ക്കാ​തി​രി​ക്ക​യി​ല്ല.

മനസ്സു തകർന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോൾ മൂപ്പന്മാർ യഹോ​വ​യു​ടെ നീതി പ്രതിഫലിപ്പിക്കുന്നു

22. നമുക്ക്‌ ഏതു വിധങ്ങ​ളിൽ യഹോ​വ​യു​ടെ നീതി അനുക​രി​ക്കാൻ കഴിയും, ഫലം എന്തായി​രി​ക്കും?

22 യഹോ​വ​യു​ടെ നീതി അനുക​രി​ക്കു​ക​വ​ഴി വാസ്‌ത​വ​മാ​യും നാം അവനോ​ടു പൂർവാ​ധി​കം അടുത്തു ചെല്ലുന്നു! നാം അവന്റെ നീതി​നി​ഷ്‌ഠ​മാ​യ മാനദ​ണ്ഡ​ങ്ങ​ളെ ഉയർത്തി​പ്പി​ടി​ക്കു​മ്പോൾ, ജീവര​ക്ഷാ​ക​ര​മാ​യ സുവാർത്ത മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​മ്പോൾ, മറ്റുള്ള​വ​രു​ടെ തെറ്റുകൾ അന്വേ​ഷി​ക്കാ​തെ അവരുടെ നന്മയിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കു​മ്പോൾ, ദൈവി​ക​നീ​തി പ്രതി​ഫ​ലി​പ്പി​ക്കു​ക​യാ​ണു നാം ചെയ്യു​ന്നത്‌. മൂപ്പന്മാ​രേ, സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​മ്പോൾ, ആത്മിക​വർധന വരുത്തുന്ന തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശം കൊടു​ക്കു​മ്പോൾ, നിഷ്‌പക്ഷ തീരു​മാ​ന​ങ്ങൾ എടുക്കു​മ്പോൾ, മനസ്സു തകർന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോൾ നിങ്ങൾ ദൈവി​ക​നീ​തി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. തന്റെ ജനം തന്നോ​ടു​കൂ​ടെ നടക്കവേ ‘നീതി പ്രവർത്തി​ക്കാൻ’ തങ്ങളുടെ കഴിവി​ന്റെ പരമാ​വ​ധി ശ്രമി​ക്കു​ന്നത്‌ സ്വർഗ​ത്തിൽനി​ന്നു നോക്കി​ക്കാ​ണു​മ്പോൾ അത്‌ യഹോ​വ​യു​ടെ ഹൃദയത്തെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ക്കും!

^ ചില ഭാഷാ​ന്ത​ര​ങ്ങൾ “വിധി​ക്ക​രുത്‌” എന്നും “കുറ്റം​വി​ധി​ക്ക​രുത്‌” എന്നും പറയുന്നു. അത്തരം വിവർത്ത​ന​ങ്ങൾ “വിധിച്ചു തുടങ്ങ​രുത്‌” എന്നും “കുറ്റം​വി​ധി​ച്ചു തുടങ്ങ​രുത്‌” എന്നും അർഥമാ​ക്കു​ന്നു. എന്നാൽ ഈ വാക്യ​ങ്ങ​ളിൽ ബൈബിൾ എഴുത്തു​കാർ, തുടർച്ച​യാ​യ പ്രവർത്ത​ന​ത്തെ കുറി​ക്കു​ന്ന വർത്തമാ​ന​കാ​ല​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ചെയ്‌തു​കൊ​ണ്ടി​രു​ന്ന ഒരു പ്രവർത്ത​നം നിറു​ത്താ​നാണ്‌ യേശു ആ വാക്കു​ക​ളി​ലൂ​ടെ ആവശ്യ​പ്പെ​ട്ടത്‌.

^ മൂപ്പന്മാർ ചില​പ്പോൾ ‘ശാസന​യും ഉദ്‌ബോ​ധ​ന​വും’ നൽകേ​ണ്ട​താണ്‌ എന്ന്‌ 2 തിമൊ​ഥെ​യൊസ്‌ 4:2 (പി.ഒ.സി. ബൈ.) പറയുന്നു. ‘ഉദ്‌ബോ​ധി​പ്പി​ക്കു​ക’ എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഗ്രീക്കു​പ​ദ​ത്തിന്‌ (പാരാ​കാ​ലി​യോ) “പ്രോ​ത്സാ​ഹി​പ്പി​ക്കു​ക” എന്നും അർഥമുണ്ട്‌. ബന്ധപ്പെട്ട ഒരു ഗ്രീക്കു​പ​ദ​മാ​യ പാരക്ലി​റ്റോ​സിന്‌ ഒരു നിയമ​വി​ഷ​യം കൈകാ​ര്യം ചെയ്യുന്ന അഭിഭാ​ഷ​ക​നെ പരാമർശി​ക്കാൻ കഴിയും. അതു​കൊണ്ട്‌, ദൃഢമായ ശാസന കൊടു​ക്കു​മ്പോൾപ്പോ​ലും, ആത്മീയ സഹായം ആവശ്യ​മു​ള്ള​വ​രെ സഹായി​ക്കു​ന്ന വിധത്തി​ലാ​യി​രി​ക്ക​ണം മൂപ്പന്മാർ പ്രവർത്തി​ക്കേ​ണ്ടത്‌.