വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴമേ!’

‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴമേ!’

1, 2. ഏഴാം ദിവസത്തെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നു, ആ ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ ദിവ്യ​ജ്ഞാ​നം പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

 എത്ര ദുഃഖ​ക​രം! ആറാം സൃഷ്ടി​ദി​വ​സ​ത്തി​നു മകുടം ചാർത്തിയ മനുഷ്യ​വർഗം തങ്ങളുടെ ഉത്‌കൃഷ്ട സ്ഥാനത്തു​നി​ന്നു നിപതി​ച്ചു. മനുഷ്യ​വർഗം ഉൾപ്പെടെ “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും” യഹോവ ‘വളരെ നല്ലത്‌’ (NW) എന്ന്‌ പരാമർശി​ച്ചി​രു​ന്നു. (ഉല്‌പത്തി 1:31) എന്നാൽ ഏഴാം ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ ആദാമും ഹവ്വായും ദൈവ​ത്തോ​ടു മത്സരി​ക്കു​ന്ന​തിൽ സാത്താ​നോ​ടൊ​പ്പം ചേരാൻ തീരു​മാ​നി​ച്ചു. അവർ പാപത്തി​ന്റെ​യും അപൂർണ​ത​യു​ടെ​യും മരണത്തി​ന്റെ​യും പിടി​യി​ല​മർന്നു.

2 ഏഴാം ദിവസത്തെ കുറി​ച്ചു​ള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം ആശയറ്റ​വി​ധം പാളി​പ്പോ​യ​താ​യി കാണ​പ്പെ​ട്ടി​രി​ക്കാം. അതിനു മുമ്പത്തെ ആറു ദിവസ​ത്തെ​പ്പോ​ലെ, ആ ദിവസ​ത്തി​നും ആയിര​ക്ക​ണ​ക്കി​നു വർഷത്തെ ദൈർഘ്യം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. യഹോവ അതിനെ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ച്ചി​രു​ന്നു, ആ ദിവസ​ത്തി​ന്റെ ഒടുവിൽ മുഴു​ഭൂ​മി​യും പൂർണ​ത​യു​ള്ള മാനവ​കു​ടും​ബ​ത്തെ​ക്കൊ​ണ്ടു നിറഞ്ഞ ഒരു പറുദീസ ആയിത്തീ​രു​മാ​യി​രു​ന്നു. (ഉല്‌പത്തി 1:28; 2:3) എന്നാൽ വിപത്‌ക​ര​മാ​യ ആ മത്സരത്തെ തുടർന്ന്‌ അങ്ങനെ​യൊ​രു സംഗതി എങ്ങനെ നിവൃ​ത്തി​യേ​റും? ദൈവം എന്തു ചെയ്യും? യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ ശ്രദ്ധേ​യ​മാ​യ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു ഇത്‌—ഒരുപക്ഷേ ഏറ്റവും വലിയ പരി​ശോ​ധന.

3, 4. (എ) ഏദെനി​ലെ മത്സര​ത്തോ​ടു​ള്ള യഹോ​വ​യു​ടെ പ്രതി​ക​ര​ണം അവന്റെ ജ്ഞാനത്തി​ന്റെ ഭയാദ​ര​ജ​ന​ക​മാ​യ ഒരു തെളി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ ജ്ഞാനത്തെ കുറിച്ചു പഠിക്കവേ ഏതു സത്യം മനസ്സിൽ പിടി​ക്കാൻ താഴ്‌മ നമ്മെ പ്രേരി​പ്പി​ക്ക​ണം?

3 യഹോവ സത്വരം പ്രതി​ക​രി​ച്ചു. അവൻ ഏദെനിൽ മത്സരി​കൾക്കു ശിക്ഷ വിധിച്ചു. അതേസ​മ​യം അവൻ അത്ഭുത​ക​ര​മാ​യ ഒന്നിന്റെ ഒരു പൂർവ​ദർശ​നം നൽകി: അവർ തുടക്ക​മി​ട്ടി​രു​ന്ന പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം വരുത്താ​നു​ള്ള അവന്റെ ഉദ്ദേശ്യ​ത്തി​ന്റെ​ത​ന്നെ. (ഉല്‌പത്തി 3:15) യഹോ​വ​യു​ടെ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടിയ ഉദ്ദേശ്യം ഏദെൻ മുതൽ മാനുഷ ചരി​ത്ര​ത്തി​ന്റെ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലൂ​ടെ വിദൂ​ര​ഭാ​വി​യി​ലേക്കു വ്യാപി​ക്കു​ന്നു. അത്‌ അങ്ങേയറ്റം ലളിത​മാണ്‌, മഹത്തര​മാണ്‌; ബൈബിൾ വായി​ക്കു​ന്ന ഒരു വ്യക്തിക്ക്‌ അതേക്കു​റി​ച്ചു പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തന്റെ ആയുഷ്‌കാ​ലം​ത​ന്നെ പ്രതി​ഫ​ല​ദാ​യ​ക​മാ​യി ചെലവ​ഴി​ക്കാൻ കഴിയ​ത്ത​ക്ക​വി​ധം അത്‌ അതിഗ​ഹ​ന​വു​മാണ്‌. യഹോ​വ​യു​ടെ ഉദ്ദേശ്യം വിജയി​ക്കും എന്നതു തീർച്ച​യാണ്‌. അതു സകല ദുഷ്ടത​യ്‌ക്കും പാപത്തി​നും മരണത്തി​നും അറുതി​വ​രു​ത്തും. അതു വിശ്വ​സ്‌ത മനുഷ്യ​വർഗ​ത്തെ പൂർണ​ത​യി​ലേ​ക്കു കൊണ്ടു​വ​രും. ഇതെല്ലാം ഏഴാം ദിവസം അവസാ​നി​ക്കു​ന്ന​തി​നു മുമ്പു സംഭവി​ക്കും; എന്തൊക്കെ ഉണ്ടായാ​ലും, യഹോവ കൃത്യ​സ​മ​യ​ത്തു​ത​ന്നെ ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറ​വേ​റ്റി​യി​രി​ക്കും!

4 അത്തരം ജ്ഞാനം ഭയാദ​ര​വു​ണർത്തു​ന്നു, ഇല്ലേ? ‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴമേ’ എന്ന്‌ എഴുതാൻ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ പ്രേരി​ത​നാ​യി. (റോമർ 11:33) ഈ ദിവ്യ​ഗു​ണ​ത്തി​ന്റെ വിവിധ വശങ്ങളെ കുറിച്ചു പഠിക്കവേ ഒരു സുപ്ര​ധാ​ന സത്യം മനസ്സിൽ പിടി​ക്കാൻ താഴ്‌മ നമ്മെ പ്രേരി​പ്പി​ക്ക​ണം—അതായത്‌ യഹോ​വ​യു​ടെ മഹത്തായ ജ്ഞാനത്തി​ന്റെ ഒരംശം മാത്രം ഗ്രഹി​ക്കാ​നേ നമുക്കു കഴിയൂ. (ഇയ്യോബ്‌ 26:14) ആദ്യം നമുക്ക്‌ ഭയാദ​ര​ജ​ന​ക​മാ​യ ഈ ഗുണത്തി​ന്റെ നിർവ​ച​നം നോക്കാം.

ദിവ്യ​ജ്ഞാ​നം എന്താണ്‌?

5, 6. അറിവും ജ്ഞാനവും തമ്മിലുള്ള ബന്ധമെന്ത്‌, യഹോ​വ​യു​ടെ അറിവ്‌ എത്ര വിപു​ല​മാണ്‌?

5 ജ്ഞാനവും അറിവും ഒന്നുത​ന്നെ​യല്ല. കമ്പ്യൂ​ട്ട​റു​കൾക്ക്‌ വമ്പിച്ച അളവിൽ അറിവു ശേഖരി​ച്ചു​വെ​ക്കാൻ കഴിയും, എന്നാൽ ആരെങ്കി​ലും അത്തരം യന്ത്രങ്ങളെ ജ്ഞാനമു​ള്ള​വ​യെ​ന്നു വിളി​ക്കു​മെ​ന്നു സങ്കൽപ്പി​ക്കാ​നാ​വി​ല്ല. എന്നിരു​ന്നാ​ലും അറിവും ജ്ഞാനവും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 10:14) ഉദാഹ​ര​ണ​ത്തിന്‌, ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​നുള്ള ചികിത്സ സംബന്ധി​ച്ചു നിങ്ങൾക്കു ജ്ഞാനപൂർവ​ക​മാ​യ ബുദ്ധി​യു​പ​ദേ​ശം ആവശ്യ​മാ​ണെ​ങ്കിൽ വൈദ്യ​ശാ​സ്‌ത്ര​ത്തെ കുറിച്ച്‌ യാതൊ​ന്നും അറിയി​ല്ലാ​ത്ത ഒരാളു​മാ​യി നിങ്ങൾ ആലോചന കഴിക്കു​മോ? തീർച്ച​യാ​യു​മി​ല്ല! അതു​കൊണ്ട്‌ യഥാർഥ ജ്ഞാനത്തിന്‌ സൂക്ഷ്‌മ​മാ​യ അറിവ്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

6 യഹോ​വ​യ്‌ക്ക്‌ അതിരറ്റ അറിവി​ന്റെ ശേഖര​മുണ്ട്‌. ‘നിത്യ​ത​യു​ടെ രാജാവ്‌’ എന്ന നിലയിൽ അവൻ മാത്ര​മാണ്‌ എന്നേക്കും ജീവി​ച്ചി​രു​ന്നി​ട്ടു​ള്ളത്‌. (1 തിമൊ​ഥെ​യൊസ്‌ 1:17) ആ അസംഖ്യം യുഗങ്ങ​ളി​ലെ​ല്ലാം അവന്‌ സകല​ത്തെ​ക്കു​റി​ച്ചും അറിവു​ണ്ടാ​യി​രു​ന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്നു മറഞ്ഞി​രി​ക്കു​ന്ന ഒരു സൃഷ്ടി​യു​മി​ല്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്ന​തു​മാ​യി കിടക്കു​ന്നു; അവനു​മാ​യി​ട്ടാ​കു​ന്നു നമുക്കു കാര്യ​മു​ള്ള​തു.” (എബ്രായർ 4:13; സദൃശ​വാ​ക്യ​ങ്ങൾ 15:3) സ്രഷ്ടാവ്‌ എന്ന നിലയിൽ തന്റെ സകല സൃഷ്ടി​ക​ളെ കുറി​ച്ചും യഹോ​വ​യ്‌ക്കു പൂർണ ഗ്രാഹ്യ​മുണ്ട്‌. ആരംഭം മുതലുള്ള സകല മാനുഷ പ്രവർത്ത​ന​ത്തെ​യും അവൻ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. അവൻ ഓരോ മനുഷ്യ ഹൃദയ​ത്തെ​യും പരി​ശോ​ധി​ക്കു​ന്നു, ഒന്നും അവന്റെ ദൃഷ്ടി​യിൽനി​ന്നു മറഞ്ഞി​രി​ക്കു​ന്നി​ല്ല. (1 ദിനവൃ​ത്താ​ന്തം 28:9) സ്വതന്ത്ര ഇച്ഛാശ​ക്തി​യോ​ടെ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന നാം ജീവി​ത​ത്തിൽ ജ്ഞാനപൂർവ​ക​മാ​യ തീരു​മാ​ന​ങ്ങൾ എടുക്കു​ന്ന​തു കാണു​മ്പോൾ അവൻ സന്തോ​ഷി​ക്കു​ന്നു. “പ്രാർത്ഥന കേൾക്കു​ന്ന​വൻ” എന്ന നിലയിൽ അവൻ ഒരേ സമയത്ത്‌ അസംഖ്യം മൊഴി​കൾ ശ്രദ്ധി​ക്കു​ന്നു! (സങ്കീർത്ത​നം 65:2) യഹോ​വ​യു​ടെ ഓർമ​ശ​ക്തി പൂർണ​മാണ്‌ എന്നത്‌ എടുത്തു​പ​റ​യേ​ണ്ട​തി​ല്ല.

7, 8. യഹോവ ഗ്രാഹ്യ​വും വിവേ​ച​നാ​ശ​ക്തി​യും ജ്ഞാനവും പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

7 യഹോ​വ​യ്‌ക്ക്‌ അറിവു മാത്രമല്ല ഉള്ളത്‌. അവൻ വസ്‌തു​ത​കൾ എങ്ങനെ പരസ്‌പ​രം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു കാണു​ക​യും വിശദാം​ശ​ങ്ങൾക്കു ശ്രദ്ധനൽകി​ക്കൊണ്ട്‌ സംഗതി​യു​ടെ ആകമാ​ന​ചി​ത്രം തിരി​ച്ച​റി​യു​ക​യും ചെയ്യുന്നു. അവൻ നന്മയും തിന്മയും, പ്രധാ​ന​വും അപ്രധാ​ന​വും തമ്മിൽ വേർതി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു വിലയി​രു​ത്തു​ക​യും വിധി​ക്കു​ക​യും ചെയ്യുന്നു. അവൻ ബാഹ്യ​മാ​യ കാര്യങ്ങൾ മാത്രം നോക്കാ​തെ ഹൃദയത്തെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്നു. (1 ശമൂവേൽ 16:7) അങ്ങനെ, യഹോവ അറിവി​നെ​ക്കാൾ മികച്ച ഗുണങ്ങ​ളാ​യ ഗ്രാഹ്യ​വും വിവേ​ച​നാ​ശ​ക്തി​യും പ്രകട​മാ​ക്കു​ന്നു. എന്നാൽ ജ്ഞാനം അതിലു​മൊ​ക്കെ ശ്രേഷ്‌ഠ​മാണ്‌.

8 അറിവി​നെ​യും വിവേ​ച​ന​യെ​യും ഗ്രാഹ്യ​ത്തെ​യും സമന്വ​യി​പ്പിച്ച്‌ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രു​ന്ന ഗുണമാണ്‌ ജ്ഞാനം. യഥാർഥ​ത്തിൽ, “ജ്ഞാനം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂല ബൈബിൾപ​ദ​ങ്ങ​ളിൽ ചിലതിന്‌ “ഫലപ്ര​ദ​മാ​യ പ്രവർത്ത​നം” എന്നോ “പ്രാ​യോ​ഗി​ക​ജ്ഞാ​നം” എന്നോ ഉള്ള അർഥമുണ്ട്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ജ്ഞാനം കേവലം സിദ്ധാ​ന്ത​പ​ര​മല്ല. അതു പ്രാ​യോ​ഗി​ക​മാണ്‌, വിജയ​പ്ര​ദ​മാണ്‌. തന്റെ വിപു​ല​മാ​യ അറിവും അഗാധ​മാ​യ ഗ്രാഹ്യ​വും ഉപയോ​ഗിച്ച്‌ യഹോവ എല്ലായ്‌പോ​ഴും സാധ്യ​മാ​കു​ന്ന​തി​ലേ​ക്കും ഏറ്റവും നല്ല തീരു​മാ​ന​ങ്ങൾ എടുക്കു​ക​യും ഏറ്റവും നല്ല പ്രവർത്ത​ന​ഗ​തി​യാൽ അവ നടപ്പി​ലാ​ക്കു​ക​യും ചെയ്യുന്നു. അതാണ്‌ യഥാർഥ ജ്ഞാനം! “ജ്ഞാനമോ തന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന യേശു​വി​ന്റെ പ്രസ്‌താ​വ​ന​യു​ടെ സത്യതയെ യഹോവ തെളി​യി​ക്കു​ന്നു. (മത്തായി 11:19) അഖിലാ​ണ്ഡ​ത്തി​ലെ​ങ്ങു​മുള്ള യഹോ​വ​യു​ടെ കരവേ​ല​കൾ അവന്റെ ജ്ഞാനത്തി​നു ശക്തമായ സാക്ഷ്യം നൽകുന്നു.

ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ തെളി​വു​കൾ

9, 10. (എ) യഹോവ ഏതുതരം ജ്ഞാനം പ്രകട​മാ​ക്കു​ന്നു, അവൻ അത്‌ എങ്ങനെ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു? (ബി) കോശം യഹോ​വ​യു​ടെ ജ്ഞാനത്തി​നു തെളിവു നൽകു​ന്നത്‌ എങ്ങനെ?

9 അതിമ​നോ​ഹ​ര​മാ​യ കരകൗശല വസ്‌തു​ക്കൾ ഉണ്ടാക്കുന്ന ഒരു വ്യക്തി​യു​ടെ ചാതു​ര്യം നിങ്ങളെ അത്ഭുത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? അതു മതിപ്പു​ള​വാ​ക്കു​ന്ന​ത​രം ജ്ഞാനമാണ്‌. (പുറപ്പാ​ടു 31:1-3) അത്തരം ജ്ഞാനത്തി​ന്റെ ആത്യന്തിക ഉറവ്‌ യഹോ​വ​ത​ന്നെ​യാണ്‌. ദാവീദ്‌ രാജാവ്‌ യഹോ​വ​യെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു; നിന്റെ പ്രവൃ​ത്തി​കൾ അത്ഭുത​ക​ര​മാ​കു​ന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയു​ന്നു.” (സങ്കീർത്ത​നം 139:14) തീർച്ച​യാ​യും, മനുഷ്യ​ശ​രീ​ര​ത്തെ കുറിച്ച്‌ നാം എത്രയ​ധി​കം പഠിക്കു​ന്നു​വോ യഹോ​വ​യു​ടെ ജ്ഞാനത്തെ കുറിച്ച്‌ നമുക്ക്‌ അത്രയ​ധി​കം ഭയാദ​ര​വു തോന്നു​ന്നു.

10 ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ ഒരൊറ്റ കോശ​മാ​യി​ട്ടാ​ണു തുടക്ക​മി​ട്ടത്‌—നിങ്ങളു​ടെ മാതാ​വിൽനി​ന്നു​ളള ഒരു അണ്ഡകോ​ശം പിതാ​വിൽനി​ന്നു​ള്ള ബീജ​കോ​ശ​വു​മാ​യി ചേർന്നു. പെട്ടെ​ന്നു​ത​ന്നെ ആ കോശം വിഭജി​ക്കാൻ തുടങ്ങി. അവസാന ഉത്‌പ​ന്ന​മാ​യ നിങ്ങൾ ഏതാണ്ടു 100  ലക്ഷം കോടി കോശങ്ങൾ ചേർന്ന്‌ ഉണ്ടായി​രി​ക്കു​ന്ന​താണ്‌. അവ ചെറു​താണ്‌. ശരാശരി വലുപ്പ​മു​ള്ള 10,000 കോശങ്ങൾ ഒരു സൂചി​മു​ന​യിൽ ഒതുങ്ങും. എന്നിരു​ന്നാ​ലും ഓരോ​ന്നും അതിസ​ങ്കീർണ​മാ​യ സൃഷ്ടി​യാണ്‌. കോശം ഏതു മനുഷ്യ​നിർമി​ത യന്ത്ര​ത്തെ​ക്കാ​ളും ഫാക്ടറി​യെ​ക്കാ​ളും സങ്കീർണ​മാണ്‌. ഒരു കോശം കോട്ട​കെ​ട്ടി സംരക്ഷി​ച്ചി​രി​ക്കു​ന്ന ഒരു നഗരം പോ​ലെ​യാ​ണെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു—നിയ​ന്ത്രി​ത പ്രവേശന, നിർഗമന, കവാട​ങ്ങ​ളും ഗതാഗത സംവി​ധാ​ന​വും വാർത്താ​വി​നി​മയ ശൃംഖ​ല​യും വൈദ്യു​തി ഉത്‌പാ​ദന നിലയ​ങ്ങ​ളും നിർമാ​ണ​ശാ​ല​ക​ളും മാലി​ന്യ​നിർമാർജന, പുനഃ​ചം​ക്ര​മണ സൗകര്യ​ങ്ങ​ളും പ്രതി​രോ​ധ സംവി​ധാ​ന​ങ്ങ​ളും മർമത്തിൽ ഒരുതരം കേന്ദ്ര​ഭ​ര​ണ​കൂ​ടം​പോ​ലു​മുള്ള ഒന്ന്‌. കൂടാതെ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ ഒരു കോശ​ത്തിന്‌ അതിന്റെ ഒരു പൂർണ പകർപ്പു നിർമി​ക്കാൻ കഴിയും.

11, 12. (എ) വികാസം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ഭ്രൂണ​ത്തിൽ കോശ​വി​ഭേ​ദ​നം നടക്കാൻ ഇടയാ​ക്കു​ന്നത്‌ എന്ത്‌, ഇത്‌ സങ്കീർത്ത​നം 139:16-നോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) നാം ‘അതിശ​യ​ക​ര​മാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു’ എന്ന്‌ മനുഷ്യ മസ്‌തി​ഷ്‌കം ഏതു വിധങ്ങ​ളിൽ പ്രകട​മാ​ക്കു​ന്നു?

11 തീർച്ച​യാ​യും എല്ലാ കോശ​ങ്ങ​ളും ഒരു​പോ​ലെ​യല്ല. ഒരു ഭ്രൂണ​ത്തി​ന്റെ കോശങ്ങൾ വിഭജി​ക്കു​മ്പോൾ അവ വ്യത്യ​സ്‌ത ധർമങ്ങൾ നിർവ​ഹി​ക്കേണ്ട വ്യത്യ​സ്‌ത​ത​രം കോശങ്ങൾ ആയിത്തീ​രു​ന്നു. ചിലതു നാഡീ​കോ​ശ​ങ്ങൾ ആയിരി​ക്കും; മറ്റു ചിലത്‌ അസ്ഥി, മാംസ​പേ​ശി, രക്തം, അല്ലെങ്കിൽ നേത്രം എന്നിവ​യു​ടെ കോശങ്ങൾ ആയിരി​ക്കും. അങ്ങനെ​യു​ള്ള വിഭേ​ദ​ന​മെ​ല്ലാം കോശ​ത്തി​ലെ ജനിതക ബ്ലൂപ്രി​ന്റു​ക​ളു​ടെ “ലൈ​ബ്ര​റി”യിൽ—ഡിഎൻഎ-യിൽ—പ്രോ​ഗ്രാം ചെയ്‌തി​ട്ടുണ്ട്‌. രസാവ​ഹ​മാ​യി, നിശ്വ​സ്‌ത​ത​യിൻ കീഴിൽ ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പിണ്ഡാ​കാ​ര​മാ​യി​രു​ന്ന​പ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെ​ല്ലാം നിന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രു​ന്നു.”—സങ്കീർത്ത​നം 139:16.

12 ചില ശരീര​ഭാ​ഗ​ങ്ങൾ അത്യന്തം സങ്കീർണ​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, മനുഷ്യ മസ്‌തി​ഷ്‌ക​ത്തെ കുറിച്ചു ചിന്തി​ക്കു​ക. അഖിലാ​ണ്ഡ​ത്തിൽ ഇതുവരെ കണ്ടുപി​ടി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും സങ്കീർണ​മാ​യ വസ്‌തു എന്നു ചിലർ അതിനെ വിളി​ച്ചി​രി​ക്കു​ന്നു. അതിൽ ഏതാണ്ട്‌ 10,000 കോടി നാഡീ​കോ​ശ​ങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു—നമ്മുടെ താരാ​പം​ക്തി​യി​ലെ നക്ഷത്ര​ങ്ങ​ളു​ടെ എണ്ണത്തോ​ളം. ആ കോശ​ങ്ങ​ളിൽ ഓരോ​ന്നും മറ്റു കോശ​ങ്ങ​ളു​മാ​യി ആയിര​ക്ക​ണ​ക്കി​നു കണക്ഷനു​ക​ളാൽ ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​നു ലോക​ത്തി​ലെ മുഴു ഗ്രന്ഥശാ​ല​ക​ളി​ലെ​യും വിവരങ്ങൾ ഉൾക്കൊ​ള്ളാൻ കഴിയു​മെ​ന്നും അതിന്റെ സംഭര​ണ​ശേ​ഷി വാസ്‌ത​വ​ത്തിൽ അളവറ്റ​താ​യി​രി​ക്കാ​മെ​ന്നും ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു. ‘അതിശ​യ​ക​ര​മാ​യി സൃഷ്ടി​ക്ക​പ്പെട്ട’ ഈ അവയവത്തെ കുറിച്ചു പതിറ്റാ​ണ്ടു​ക​ളോ​ളം പഠനം നടത്തി​യാ​ലും അതിന്റെ പ്രവർത്ത​നം പൂർണ​മാ​യി പഠിക്കാൻ തങ്ങൾക്കു കഴിയി​ല്ലെ​ന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ സമ്മതി​ക്കു​ന്നു.

13, 14. (എ) ഉറുമ്പു​ക​ളും മറ്റുജീ​വി​ക​ളും ‘സഹജ ജ്ഞാനമു​ള്ളവ’ ആണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു, അത്‌ അവയുടെ സ്രഷ്ടാ​വി​നെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) ചിലന്തി​വല പോ​ലെ​യു​ള്ള സൃഷ്ടികൾ “ജ്ഞാന​ത്തോ​ടെ” ഉണ്ടാക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

13 എന്നിരു​ന്നാ​ലും, മനുഷ്യർ യഹോ​വ​യു​ടെ സൃഷ്ടി​പ​ര​മാ​യ ജ്ഞാനത്തി​നു​ള്ള ഒരു ദൃഷ്ടാന്തം മാത്ര​മാണ്‌. സങ്കീർത്ത​നം 104:24 പറയുന്നു: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു; ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു.” നമുക്കു ചുറ്റു​മു​ള്ള സകല സൃഷ്ടി​യി​ലും യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഉറുമ്പ്‌ ‘സഹജജ്ഞാ​ന​മു​ള്ള’ ജീവി​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 30:24, NW) ഉറുമ്പിൻ കോള​നി​കൾ വളരെ മികച്ച രീതി​യിൽ സംഘടി​ത​മാണ്‌. ചില ഉറുമ്പു കോള​നി​കൾ ആഫിഡു​കൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന പ്രാണി​ക​ളെ വളർത്തു​മൃ​ഗ​ങ്ങ​ളെ പോലെ പോറ്റി​വ​ളർത്തി അവയിൽനി​ന്നു പോഷണം സ്വീക​രി​ക്കു​ന്നു. മറ്റ്‌ ഉറുമ്പു​കൾ കർഷകരെ പോലെ കുമിൾ നട്ടുവ​ളർത്തി “വിളവ്‌” എടുക്കു​ന്നു. ശ്രദ്ധേ​യ​മാ​യ കാര്യങ്ങൾ സഹജമാ​യി​ത്ത​ന്നെ ചെയ്യാൻ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​ട്ടു​ള്ള മറ്റനേകം ജീവി​ക​ളു​മുണ്ട്‌. മനുഷ്യ​ന്റെ അതിനൂ​തന വിമാ​ന​ങ്ങൾക്കു നടത്താൻ കഴിയാത്ത വ്യോ​മാ​ഭ്യാ​സ​ങ്ങൾ കാഴ്‌ച​വെ​ക്കാൻ ഈച്ചകൾക്കു കഴിയും. ദേശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ കാര്യ​മോ? നക്ഷത്ര​ങ്ങ​ളു​ടെ​യോ ഭൂമി​യു​ടെ കാന്തിക മണ്ഡലത്തി​ന്റെ​യോ ഒരു ആന്തരിക ഭൂപട​ത്തി​ന്റെ​ത​ന്നെ​യോ സഹായ​ത്താ​ലാണ്‌ അവ സഞ്ചരി​ക്കു​ന്നത്‌. ഈ ജീവി​ക​ളിൽ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന സങ്കീർണ പ്രവർത്ത​ന​ങ്ങൾ പഠിക്കാ​നാ​യി ജീവശാ​സ്‌ത്ര​ജ്ഞർ വർഷങ്ങൾ ചെലവ​ഴി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ അതു പ്രോ​ഗ്രാം ചെയ്‌തി​രി​ക്കു​ന്ന വ്യക്തി എത്ര ജ്ഞാനി​യാ​യി​രി​ക്ക​ണം!

14 യഹോ​വ​യു​ടെ സൃഷ്ടി​പ​ര​മാ​യ ജ്ഞാനത്തിൽനി​ന്നു ശാസ്‌ത്ര​ജ്ഞർ വളരെ​യ​ധി​കം പഠിച്ചി​ട്ടുണ്ട്‌. പ്രകൃ​തി​യിൽ കാണുന്ന രൂപകൽപ്പ​ന​ക​ളെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്ന ഒരു എഞ്ചിനീ​യ​റിങ്‌ ശാഖ പോലു​മുണ്ട്‌, ബയോ​മി​മെ​റ്റി​ക്‌സ്‌ എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ചിലന്തി​വ​ല​യു​ടെ ഭംഗി​യിൽ അത്ഭുതം​കൂ​റി നിങ്ങൾ നോക്കി​നി​ന്നി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ ഒരു എഞ്ചിനീ​യർ അതിനെ രൂപകൽപ്പ​ന​യി​ലെ വിസ്‌മ​യ​മാ​യി​ട്ടാ​യി​രി​ക്കും കാണു​ന്നത്‌. ദുർബ​ല​മെ​ന്നു തോന്നുന്ന അതിലെ ചില ഇഴകൾ ആനുപാ​തി​ക​മാ​യി നോക്കി​യാൽ ഉരുക്കി​നെ​ക്കാൾ ബലിഷ്‌ഠ​മാണ്‌, വെടി​യു​ണ്ട​യേൽക്കാ​ത്ത വസ്‌ത്ര​ത്തി​ന്റെ ഇഴക​ളെ​ക്കാൾ ശക്തം. അവ എത്ര ശക്തമാണ്‌? മത്സ്യബ​ന്ധ​ന​ബോ​ട്ടിൽ ഉപയോ​ഗി​ക്കു​ന്ന വലയുടെ അത്രയും വലിപ്പ​പ്പെ​ടു​ത്തി​യ ഒരു ചിലന്തി​വ​ല​യെ കുറിച്ചു സങ്കൽപ്പി​ക്കു​ക. അത്തര​മൊ​രു വലയ്‌ക്ക്‌ പറന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒരു യാത്രാ​വി​മാ​ന​ത്തെ പിടി​ച്ചു​നി​റു​ത്താൻ കഴിയും! അതേ, യഹോവ എല്ലാ വസ്‌തു​ക്ക​ളെ​യും “ജ്ഞാന​ത്തോ​ടെ” നിർമി​ച്ചി​രി​ക്കു​ന്നു.

ഭൂമി​യി​ല ജീവി​ക​ളെ ‘സഹജ ജ്ഞാനമു​ള്ളവ’ ആയിരി​ക്കാൻ പ്രോ​ഗ്രാം ചെയ്‌തത്‌ ആർ?

ദിവ്യ​ജ്ഞാ​നം—ഭൗമേതര മണ്ഡലത്തി​ലും

15, 16. (എ) നക്ഷത്ര​നി​ബി​ഡ​മാ​യ ആകാശം യഹോ​വ​യു​ടെ ജ്ഞാനത്തിന്‌ എന്തു തെളിവു നൽകുന്നു? (ബി) അസംഖ്യം ദൂതന്മാ​രു​ടെ അത്യുന്നത മേധാവി എന്ന നിലയി​ലു​ള്ള സ്ഥാനം യഹോ​വ​യെന്ന ഭരണാ​ധി​കാ​രി​യു​ടെ ജ്ഞാനത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

15 അഖിലാ​ണ്ഡ​ത്തിൽ ഉടനീ​ള​മു​ള്ള യഹോ​വ​യു​ടെ കരവേ​ല​ക​ളിൽ അവന്റെ ജ്ഞാനം പ്രകട​മാണ്‌. അഞ്ചാം അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച​ചെ​യ്‌ത നക്ഷത്ര​നി​ബി​ഡ​മാ​യ ആകാശം അടുക്കും ചിട്ടയു​മി​ല്ലാ​തെ ബാഹ്യാ​കാ​ശ​ത്തിൽ ചിതറി​ക്കി​ട​ക്കു​ക​യല്ല. “ആകാശ​ത്തി​ലെ നിയമ​ങ്ങ​ളെ” സംബന്ധിച്ച യഹോ​വ​യു​ടെ ജ്ഞാനത്താൽ ആകാശം മനോ​ഹ​ര​വും നിശ്ചി​ത​ഘ​ട​ന​യോ​ടു​കൂ​ടി​യ​തു​മായ ഗാലക്‌സി​ക​ളാ​യും ഗാലക്‌സി​കൾ ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളാ​യും ഗാലക്‌സി​സ​മൂ​ഹ​ങ്ങൾ ഗാലക്‌സി​സ​മൂ​ഹ​സ​ഞ്ച​യ​ങ്ങ​ളാ​യും ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ഇയ്യോബ്‌ 38:33) യഹോവ ആകാശ​ഗോ​ള​ങ്ങ​ളെ ‘സൈന്യം’ എന്നു പരാമർശി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല! (യെശയ്യാ​വു 40:26) എന്നാൽ അതി​നെ​ക്കാൾ വ്യക്തമാ​യി യഹോ​വ​യു​ടെ ജ്ഞാനം വിളി​ച്ചോ​തു​ന്ന മറ്റൊരു സൈന്യ​മുണ്ട്‌.

16 നാം 4-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, കോടി​ക്ക​ണ​ക്കിന്‌ ആത്മജീ​വി​ക​ളു​ടെ ഒരു മഹാ​സൈ​ന്യ​ത്തി​ന്റെ അത്യുന്നത മേധാവി എന്ന തന്റെ സ്ഥാനം നിമിത്തം ദൈവം “സൈന്യ​ങ്ങ​ളു​ടെ യഹോവ” എന്ന സ്ഥാന​പ്പേര്‌ വഹിക്കു​ന്നു. ഇതു യഹോ​വ​യു​ടെ ശക്തിയു​ടെ തെളി​വാണ്‌. എന്നാൽ അവന്റെ ജ്ഞാനം ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഇതു പരിചി​ന്തി​ക്കു​ക: യഹോ​വ​യും യേശു​വും ഒരിക്ക​ലും അലസരാ​യി​രി​ക്കു​ന്നി​ല്ല. (യോഹ​ന്നാൻ 5:17) അപ്പോൾ, അത്യു​ന്ന​ത​ന്റെ ദൂതശു​ശ്രൂ​ഷ​ക​രും എപ്പോ​ഴും തിരക്കു​ള്ള​വ​രാ​ണെന്ന്‌ ന്യായ​മാ​യും അനുമാ​നി​ക്കാൻ കഴിയും. ദൂതന്മാർ മനുഷ്യ​രാ​യ നമ്മെക്കാൾ ശ്രേഷ്‌ഠ​രാണ്‌, നമ്മെക്കാൾ ബുദ്ധി​യും ശക്തിയു​മു​ള്ള​വ​രാണ്‌. (എബ്രായർ 1:7, പി.ഒ.സി. ബൈ.; 2:7) എന്നിരു​ന്നാ​ലും, ശതകോ​ടി​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി യഹോവ ആ ദൂതന്മാ​രെ​യെ​ല്ലാം സംതൃ​പ്‌തി​ദാ​യ​ക​മായ വേല ചെയ്യു​ന്ന​തിൽ—“അവന്റെ ആജ്ഞ അനുസ​രി​ക്കു”ന്നതിലും “അവന്റെ ഇഷ്ടം ചെയ്യു”ന്നതിലും—സന്തോ​ഷ​പൂർവം തിര​ക്കോ​ടെ മുഴു​കി​യി​രി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. (സങ്കീർത്ത​നം 103:20, 21) ഈ ഭരണാ​ധി​പ​ന്റെ ജ്ഞാനം എത്ര ഭയാദ​ര​ജ​ന​ക​മാണ്‌!

യഹോവ “ഏകജ്ഞാനി”

17, 18. യഹോവ “ഏകജ്ഞാനി” ആണെന്നു ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌, അവന്റെ ജ്ഞാനം നമ്മെ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 അങ്ങനെ​യു​ള്ള തെളി​വു​ക​ളു​ടെ വീക്ഷണ​ത്തിൽ, ബൈബിൾ യഹോ​വ​യു​ടെ ജ്ഞാനത്തിന്‌ അതി​ശ്രേ​ഷ്‌ഠത കൽപ്പി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നു​ണ്ടോ? ദൃഷ്ടാ​ന്ത​ത്തിന്‌, യഹോവ “ഏകജ്ഞാനി”യാണെന്നു ബൈബിൾ പറയുന്നു. (റോമർ 16:26) കാരണം പൂർണ​മാ​യ അർഥത്തിൽ ജ്ഞാനമു​ള്ളത്‌ യഹോ​വ​യ്‌ക്കു മാത്ര​മാണ്‌. യഥാർഥ ജ്ഞാനത്തി​ന്റെ​യെ​ല്ലാം ഉറവ്‌ അവനാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:6) യേശു യഹോ​വ​യു​ടെ സൃഷ്ടി​ക​ളിൽ ഏറ്റവും ജ്ഞാനി​യാ​യി​രു​ന്നി​ട്ടും സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്കാ​തെ തന്റെ പിതാവ്‌ കൽപ്പിച്ച വിധത്തിൽ അവൻ സംസാ​രി​ച്ചത്‌ അതു​കൊ​ണ്ടാണ്‌.—യോഹ​ന്നാൻ 12:48-50.

18 അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ അതുല്യ​ത​യെ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യെ​ന്നു കാണുക: “ഹാ, ദൈവ​ത്തി​ന്റെ ധനം, ജ്ഞാനം, അറിവു എന്നിവ​യു​ടെ ആഴമേ! അവന്റെ ന്യായ​വി​ധി​കൾ എത്ര അപ്ര​മേ​യ​വും അവന്റെ വഴികൾ എത്ര അഗോ​ച​ര​വും ആകുന്നു.” (റോമർ 11:33) വാക്യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ഹാ, എന്ന ഉദ്‌ഘോ​ഷം ശക്തമായ വികാ​ര​ത്തെ—ആഴമായ ഭയാദ​ര​വി​നെ—സൂചി​പ്പി​ക്കു​ന്നു. “ആഴം” എന്നതിന്‌ പൗലൊസ്‌ തിര​ഞ്ഞെ​ടു​ത്ത ഗ്രീക്കു​പ​ദം “അഗാധം” എന്നതിന്റെ മൂലപ​ദ​വു​മാ​യി അടുത്തു ബന്ധമു​ള്ള​താണ്‌. അതു​കൊണ്ട്‌ അവന്റെ വാക്കുകൾ ഉജ്ജ്വല​മാ​യ ഒരു മനോ​ചി​ത്രം ഉളവാ​ക്കു​ന്നു. യഹോ​വ​യു​ടെ ജ്ഞാനത്തെ കുറിച്ചു വിചി​ന്ത​നം ചെയ്യു​ന്നത്‌, അതിരി​ല്ലാ​ത്ത, അടിത്ത​ട്ടി​ല്ലാ​ത്ത ഒരു ഗർത്തത്തി​ലേക്ക്‌, നമുക്ക്‌ ഒരിക്ക​ലും ഗ്രഹി​ക്കാൻ കഴിയാ​ത്ത​ത്ര ആഴവും പരപ്പു​മു​ള്ള ഒരു മേഖല​യി​ലേക്ക്‌, എത്തി​നോ​ക്കു​ന്ന​തു പോ​ലെ​യാണ്‌. അതിനെ കൃത്യ​മാ​യി വിവരി​ക്കാ​നോ വർണി​ക്കാ​നോ കഴിയി​ല്ലെ​ന്നു മാത്രമല്ല, അതിന്റെ വിപുലത മനസ്സി​ലാ​ക്കാൻ പോലും നമുക്ക്‌ ഒരിക്ക​ലും സാധി​ക്കു​ക​യി​ല്ല. (സങ്കീർത്ത​നം 92:5) ഈ ആശയം നമ്മിൽ താഴ്‌മ ഉളവാ​ക്കു​ന്നി​ല്ലേ?

19, 20. (എ) കഴുകൻ ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഉചിത​മാ​യ പ്രതീ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഭാവി​യി​ലേ​ക്കു നോക്കാ​നു​ള്ള തന്റെ പ്രാപ്‌തി യഹോവ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

19 മറ്റൊ​രർഥ​ത്തി​ലും യഹോവ “ഏകജ്ഞാനി” ആണ്‌: അവനു​മാ​ത്ര​മേ ഭാവി​യി​ലേക്ക്‌ ചൂഴ്‌ന്നു​നോ​ക്കാൻ കഴിയു​ക​യു​ള്ളൂ. ദിവ്യ​ജ്ഞാ​ന​ത്തെ പ്രതീ​ക​പ്പെ​ടു​ത്താൻ യഹോവ ദീർഘ​ദൃ​ഷ്ടി​യു​ള്ള കഴുകനെ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഓർക്കുക. ഒരു കഴുകന്‌ വെറും 5 കിലോ തൂക്കം മാത്ര​മാ​യി​രി​ക്കാം ഉള്ളത്‌, എന്നാൽ അതിന്റെ കണ്ണുകൾ പൂർണ വളർച്ച​യെ​ത്തി​യ ഒരു മനുഷ്യ​ന്റേ​തി​നെ​ക്കാൾ വലുതാണ്‌. കഴുകന്റെ കാഴ്‌ച​ശ​ക്തി അപാര​മാണ്‌, കിലോ​മീ​റ്റ​റു​കൾ ഉയരത്തിൽനി​ന്നു​പോ​ലും തീരെ ചെറിയ ഇരയെ കണ്ടെത്താൻ അതിനു കഴിയു​ന്നു! “അതിന്റെ കണ്ണു ദൂര​ത്തേ​ക്കു കാണുന്നു” എന്ന്‌ യഹോ​വ​ത​ന്നെ ഒരിക്കൽ കഴുകനെ കുറിച്ചു പറഞ്ഞു. (ഇയ്യോബ്‌ 39:29) സമാന​മാ​യ ഒരു അർഥത്തിൽ, യഹോ​വ​യ്‌ക്ക്‌ “ദൂര​ത്തേ​ക്കു”—ഭാവി​യി​ലേ​ക്കു—നോക്കാൻ കഴിയും!

20 ഇതിന്റെ സത്യത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്ന അനേകം തെളി​വു​കൾ ബൈബി​ളിൽ ഉണ്ട്‌. നൂറു​ക​ണ​ക്കി​നു പ്രവച​ന​ങ്ങൾ അഥവാ മുന്നമേ എഴുതി​യി​രി​ക്കു​ന്ന ചരിത്രം ഇതിൽ പെടുന്നു. യുദ്ധങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളും ലോക​ശ​ക്തി​ക​ളു​ടെ ഉയർച്ച​യും വീഴ്‌ച​യും മാത്രമല്ല, സൈനിക മേധാ​വി​ക​ളു​ടെ പ്രത്യേക യുദ്ധത​ന്ത്ര​ങ്ങൾപോ​ലും ബൈബി​ളിൽ മുൻകൂ​ട്ടി പറയ​പ്പെ​ട്ടു—ചില​പ്പോൾ നൂറു​ക​ണ​ക്കി​നു വർഷം മുമ്പു​ത​ന്നെ.—യെശയ്യാ​വു 44:25-45:4; ദാനീ​യേൽ 8:2-8, 20-22.

21, 22. (എ) നിങ്ങൾ ജീവി​ത​ത്തിൽ നടത്തുന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ​ല്ലാം യഹോവ മുൻകൂ​ട്ടി കണ്ടിരി​ക്കു​ന്നു എന്നു നിഗമനം ചെയ്യാൻ അടിസ്ഥാ​നം ഇല്ലാത്തത്‌ എന്തു​കൊണ്ട്‌? ദൃഷ്ടാ​ന്ത​ത്താൽ വിശദ​മാ​ക്കു​ക. (ബി) യഹോ​വ​യു​ടെ ജ്ഞാനം നിർവി​കാ​ര​മോ സ്‌നേ​ഹ​ര​ഹി​ത​മോ അല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

21 എന്നിരു​ന്നാ​ലും നിങ്ങൾ ജീവി​ത​ത്തിൽ നടത്താ​നി​രി​ക്കു​ന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ ദൈവം മുൻകൂ​ട്ടി കണ്ടിരി​ക്കു​ന്നു എന്ന്‌ ഇതിന്‌ അർഥമു​ണ്ടോ? മുൻനിർണ​യം എന്ന ആശയത്തിൽ വിശ്വ​സി​ക്കു​ന്ന ചിലർ ഉത്തരം ഉവ്വ്‌ എന്നാ​ണെ​ന്നു ശഠിക്കു​ന്നു. എന്നിരു​ന്നാ​ലും അത്തര​മൊ​രു ആശയം യഥാർഥ​ത്തിൽ യഹോ​വ​യു​ടെ ജ്ഞാനത്തെ അവമതി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌, കാരണം ഭാവി​യി​ലേ​ക്കു നോക്കാ​നു​ള്ള അവന്റെ പ്രാപ്‌തി​യെ അവനു നിയ​ന്ത്രി​ക്കാ​നാ​വി​ല്ലെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾക്കു ശ്രുതി​മ​ധു​ര​മാ​യി പാടാ​നു​ള്ള കഴിവ്‌ ഉണ്ടെന്നി​രി​ക്ക​ട്ടെ, അപ്പോൾ ഗത്യന്ത​ര​മി​ല്ലാ​തെ നിങ്ങൾ എപ്പോ​ഴും പാടി​ക്കൊ​ണ്ടി​രി​ക്ക​ണ​മോ? ആ ആശയം മൗഢ്യ​മാണ്‌! അതു​പോ​ലെ യഹോ​വ​യ്‌ക്ക്‌ ഭാവി മുൻകൂ​ട്ടി അറിയാ​നു​ള്ള പ്രാപ്‌തി​യുണ്ട്‌, എന്നാൽ എല്ലായ്‌പോ​ഴും അവൻ അത്‌ ഉപയോ​ഗി​ക്കു​ന്നി​ല്ല. അങ്ങനെ ചെയ്യു​ന്നത്‌ യഹോവ നമുക്ക്‌ എന്നേക്കു​മാ​യി നൽകി​യി​രി​ക്കു​ന്ന വില​യേ​റി​യ ദാനമായ നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലുള്ള ഒരു കടന്നു​ക​യ​റ്റ​മാ​യി​രി​ക്കാം.—ആവർത്ത​ന​പു​സ്‌ത​കം 30:19, 20.

22 മുൻനിർണ​യം എന്ന ആശയം​ത​ന്നെ യഹോ​വ​യു​ടെ ജ്ഞാനം നിർവി​കാ​ര​വും സ്‌നേ​ഹ​ര​ഹി​ത​വും സമാനു​ഭാ​വ​മോ സഹാനു​ഭൂ​തി​യോ ഇല്ലാത്ത​തും ആണെന്നു സൂചി​പ്പി​ക്കു​ന്നു എന്നതാണ്‌ അതിലും കഷ്ടം. എന്നാൽ ഇതു തീർച്ച​യാ​യും സത്യമല്ല. യഹോവ “ഹൃദയ​ത്തിൽ ജ്ഞാനി”യാണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (ഇയ്യോബ്‌ 9:4, NW) അവന്‌ അക്ഷരാർഥ​ത്തിൽ ഒരു ഹൃദയം ഉണ്ടെന്നല്ല, എന്നാൽ ആ പദം ആന്തരിക വ്യക്തി​ത്വ​ത്തോ​ടു​ള്ള ബന്ധത്തിൽ ബൈബിൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നു, അതിൽ സ്‌നേഹം പോലുള്ള പ്രേര​ക​ഘ​ട​ക​ങ്ങ​ളും വികാ​ര​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ജ്ഞാനം, അവന്റെ മറ്റു ഗുണങ്ങ​ളെ​പ്പോ​ലെ, സ്‌നേ​ഹ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു.—1 യോഹ​ന്നാൻ 4:8.

23. യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ ശ്രേഷ്‌ഠത എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്ക​ണം?

23 സ്വാഭാ​വി​ക​മാ​യും യഹോ​വ​യു​ടെ ജ്ഞാനം പൂർണ​മാ​യി വിശ്വാ​സ​യോ​ഗ്യ​മാണ്‌. അതു നമ്മുടെ സ്വന്തം ജ്ഞാന​ത്തെ​ക്കാൾ വളരെ ഉയർന്ന​താ​ക​യാൽ ദൈവ​വ​ച​നം നമ്മെ സ്‌നേ​ഹ​പൂർവം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക; സ്വന്ത വിവേ​ക​ത്തിൽ ഊന്നരു​തു. നിന്റെ എല്ലാവ​ഴി​ക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്റെ പാതകളെ നേരെ​യാ​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) സർവജ്ഞാ​നി​യാ​യ ദൈവ​ത്തോട്‌ ഏറെ അടു​ക്കേ​ണ്ട​തിന്‌ നമുക്ക്‌ ഇപ്പോൾ യഹോ​വ​യു​ടെ ജ്ഞാനത്തി​ലേക്ക്‌ ഒന്ന്‌ എത്തി​നോ​ക്കാം.