വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 25

“നമ്മുടെ ദൈവ​ത്തി​ന്റെ ആർദാ​നു​കമ്പ”

“നമ്മുടെ ദൈവ​ത്തി​ന്റെ ആർദാ​നു​കമ്പ”

1, 2. (എ) ഒരമ്മ തന്റെ കുഞ്ഞിന്റെ കരച്ചി​ലി​നോ​ടു സ്വാഭാ​വി​ക​മാ​യി എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? (ബി) ഏതു വികാരം ഒരു മാതാ​വി​ന്റെ അനുക​മ്പ​യെ​ക്കാൾപ്പോ​ലും ശക്തമാണ്‌?

 അർധരാ​ത്രി ഒരു കുഞ്ഞ്‌ ഞെട്ടി​യു​ണർന്നു കരയുന്നു. ഉടനെ അതിന്റെ അമ്മയും ഉണരുന്നു. കുഞ്ഞ്‌ ജനിച്ച​തിൽപ്പി​ന്നെ അവൾക്കു മുമ്പ​ത്തെ​പ്പോ​ലെ ഉറങ്ങാൻ കഴിഞ്ഞി​ട്ടി​ല്ല. തന്റെ കുഞ്ഞിന്റെ ഓരോ കരച്ചി​ലും വേർതി​രി​ച്ച​റി​യാൻ അവൾ പഠിച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ കുഞ്ഞ്‌ പാലി​നാ​ണോ എടുത്തു​കൊ​ണ്ടു നടക്കാ​നാ​ണോ അല്ലെങ്കിൽ മറ്റെ​ന്തെ​ങ്കി​ലും ആവശ്യ​ത്തി​നാ​ണോ കരയു​ന്നത്‌ എന്ന്‌ മിക്ക​പ്പോ​ഴും അവൾക്കു പറയാൻ കഴിയും. കരച്ചി​ലി​ന്റെ കാരണം എന്തുതന്നെ ആയാലും അമ്മ പ്രതി​ക​രി​ക്കു​ന്നു. കുഞ്ഞിന്റെ ആവശ്യത്തെ അവഗണി​ക്കാൻ അവൾക്കാ​വി​ല്ല.

2 മനുഷ്യർക്കു പരിചി​ത​മാ​യ ഏറ്റവും ആർദ്ര​മാ​യ വികാ​ര​ങ്ങ​ളിൽ ഒന്നാണ്‌ ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോ​ടു തോന്നുന്ന ആർദ്രാ​നു​കമ്പ. എന്നിരു​ന്നാ​ലും, നമ്മുടെ ദൈവ​മാ​യ യഹോ​വ​യു​ടെ ആർദ്രാ​നു​കമ്പ അതിലു​മൊ​ക്കെ വളരെ ശക്തമാണ്‌. പ്രിയ​ങ്ക​ര​മാ​യ ഈ ഗുണത്തെ കുറിച്ചു പരിചി​ന്തി​ക്കു​ന്നത്‌ യഹോ​വ​യോ​ടു കൂടുതൽ അടുത്തു ചെല്ലാൻ നമ്മെ സഹായി​ക്കും. അതു​കൊണ്ട്‌, അനുകമ്പ എന്താ​ണെ​ന്നും നമ്മുടെ ദൈവം അത്‌ എങ്ങനെ പ്രകട​മാ​ക്കു​ന്നു എന്നും നമുക്കു നോക്കാം.

അനുകമ്പ എന്താണ്‌?

3. “കരുണ കാണി​ക്കു​ക” അല്ലെങ്കിൽ “അലിവു തോന്നുക” എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന എബ്രായ ക്രിയ​യു​ടെ അർഥ​മെന്ത്‌?

3 ബൈബി​ളിൽ, അനുക​മ്പ​യും കരുണ​യും തമ്മിൽ ഒരു അടുത്ത ബന്ധമുണ്ട്‌. ആർദ്രാ​നു​കമ്പ എന്ന്‌ അർഥം ദ്യോ​തി​പ്പി​ക്കു​ന്ന ഒട്ടനവധി എബ്രായ, ഗ്രീക്ക്‌ പദങ്ങൾ ഉണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, രാഹാം എന്ന എബ്രായ ക്രിയയെ കുറിച്ചു പരിചി​ന്തി​ക്കു​ക. അത്‌ മിക്ക​പ്പോ​ഴും, “കരുണ കാണി​ക്കു​ക” അല്ലെങ്കിൽ “അലിവു തോന്നുക” എന്നിങ്ങനെ വിവർത്ത​നം ചെയ്യ​പ്പെ​ടു​ന്നു. ഒരു പരാമർശ​കൃ​തി വിശദീ​ക​രി​ക്കു​ന്ന പ്രകാരം രാഹാം എന്ന ക്രിയ, “നമുക്കു പ്രിയ​പ്പെ​ട്ട​വ​രു​ടെ​യോ നമ്മുടെ സഹായം ആവശ്യ​മു​ള്ള​വ​രു​ടെ​യോ ബലഹീ​ന​ത​യോ കഷ്ടപ്പാ​ടോ കാണു​മ്പോൾ നമ്മിൽ ഉണ്ടാകുന്ന ആർദ്ര​വും ആഴമേ​റി​യ​തു​മാ​യ അനുക​മ്പ​യെ കുറി​ക്കു​ന്നു.” യഹോവ തന്നോ​ടു​ള്ള ബന്ധത്തിൽ ഉപയോ​ഗി​ക്കു​ന്ന ഈ എബ്രാ​യ​പ​ദം, “ഗർഭാ​ശ​യം” എന്നതി​നു​ള്ള പദവു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, “മാതൃ​തു​ല്യ​മാ​യ അനുകമ്പ” എന്നും അതിനെ വർണി​ക്കാൻ കഴിയും. *പുറപ്പാ​ടു 33:19; യിരെ​മ്യാ​വു 33:26.

‘ഒരു സ്‌ത്രീ താൻ പ്രസവിച്ച മകനെ മറക്കു​മോ’

4, 5. യഹോ​വ​യു​ടെ അനുക​മ്പ​യെ കുറിച്ചു പഠിപ്പി​ക്കാൻ, ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോ​ടു തോന്നുന്ന വികാ​ര​ങ്ങ​ളെ ബൈബിൾ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

4 ഒരു അമ്മയ്‌ക്ക്‌ അവളുടെ കുഞ്ഞി​നോ​ടു​ള്ള വികാ​ര​ങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ അനുക​മ്പ​യു​ടെ അർഥത്തെ കുറിച്ചു ബൈബിൾ നമ്മെ പഠിപ്പി​ക്കു​ന്നത്‌. യെശയ്യാ​വു 49:15-ൽ നാം വായി​ക്കു​ന്നു: “ഒരു സ്‌ത്രീക്ക്‌ അവളുടെ മുലകു​ടി​ക്കു​ന്ന കുട്ടിയെ മറക്കാ​നാ​വു​മോ, താൻ പ്രസവിച്ച മകനോട്‌ അവൾ അനുകമ്പ [രാഹാം] കാട്ടാ​തി​രി​ക്ക​ണ​മോ? ഉവ്വ്‌, അവർ മറന്നേ​ക്കാം, എങ്കിലും ഞാൻ നിങ്ങളെ മറക്കു​ക​യി​ല്ല.” (ദി ആംപ്ലി​ഫൈഡ്‌ ബൈബിൾ) ഹൃദയ​സ്‌പർശി​യാ​യ ആ വർണന യഹോ​വ​യ്‌ക്കു തന്റെ ജനത്തോ​ടു​ള്ള അനുക​മ്പ​യു​ടെ ആഴം വ്യക്തമാ​ക്കു​ന്നു. എങ്ങനെ?

5 തന്റെ കുഞ്ഞിനു പാലു​കൊ​ടു​ക്കാ​നും പരിപാ​ലി​ക്കാ​നും ഒരു മാതാവു മറന്നേ​ക്കു​മെ​ന്നു സങ്കൽപ്പി​ക്കു​ക പ്രയാ​സ​മാണ്‌. ഒരു ശിശു തികച്ചും നിസ്സഹാ​യ​മാ​യ അവസ്ഥയി​ലാണ്‌; രാവും പകലും അതിന്‌ അമ്മയുടെ ശ്രദ്ധയും പരിലാ​ള​ന​യും ആവശ്യ​മാണ്‌. എന്നാൽ സങ്കടക​ര​മെ​ന്നു പറയട്ടെ, അമ്മമാർ കുഞ്ഞു​ങ്ങ​ളെ അവഗണി​ക്കു​ന്നത്‌ അസാധാ​രണ സംഗതി​യൊ​ന്നു​മല്ല, വിശേ​ഷിച്ച്‌ “സ്വാഭാ​വി​ക​പ്രി​യ”ത്തിന്റെ (NW) അഭാവം വളരെ​യ​ധി​കം പ്രകട​മാ​യി​ത്തീർന്നി​രി​ക്കുന്ന ഈ ‘ദുർഘ​ട​സ​മ​യ​ങ്ങ​ളിൽ.’ (2 തിമൊ​ഥെ​യൊസ്‌ 3:1, 3) “എങ്കിലും ഞാൻ നിങ്ങളെ മറക്കു​ക​യി​ല്ല” എന്ന്‌ യഹോവ അരുളി​ച്ചെ​യ്യു​ന്നു. യഹോ​വ​യ്‌ക്കു തന്റെ ദാസന്മാ​രോ​ടു​ള്ള ആർദ്രാ​നു​കമ്പ ഒരിക്ക​ലും അവസാ​നി​ക്കു​ന്നി​ല്ല. നമുക്കു സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും ആർദ്ര​മാ​യ സ്വാഭാ​വി​ക വികാ​ര​ത്തെ​ക്കാൾ—ഒരു മാതാ​വി​നു സ്വാഭാ​വി​ക​മാ​യി തന്റെ കുഞ്ഞി​നോ​ടു തോന്നുന്ന അനുക​മ്പ​യെ​ക്കാൾ—വളരെ​യേ​റെ ശക്തമാണ്‌ അത്‌. ഒരു ഭാഷ്യ​കാ​രൻ യെശയ്യാ​വു 49:15-നെ കുറിച്ച്‌ പിൻവ​രു​ന്ന പ്രകാരം പറഞ്ഞതിൽ ഒട്ടും അതിശ​യി​ക്കാ​നി​ല്ല: “ഇത്‌ ദൈവ​സ്‌നേ​ഹ​ത്തെ കുറി​ച്ചു​ള്ള, പഴയനി​യ​മ​ത്തി​ലെ ഏറ്റവും ശക്തമായ വർണന​യാ​ണെ​ന്നു പറയാ​നാ​കും.”

6. അപൂർണ മനുഷ്യ​രിൽ പലരും ആർദ്രാ​നു​ക​മ്പ​യെ ഏതു വിധത്തിൽ വീക്ഷി​ച്ചി​രി​ക്കു​ന്നു, എന്നാൽ യഹോവ നമുക്ക്‌ എന്തിനെ കുറിച്ച്‌ ഉറപ്പു​നൽകു​ന്നു?

6 ആർദ്രാ​നു​കമ്പ ദൗർബ​ല്യ​ത്തി​ന്റെ ഒരു ലക്ഷണമാ​ണോ? അപൂർണ മനുഷ്യ​രിൽ പലരും അങ്ങനെ കരുതു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “ദയ മനസ്സിന്റെ ഒരു ദൗർബ​ല്യ​മാണ്‌” എന്ന്‌ യേശു​വി​ന്റെ സമകാ​ലി​ക​രിൽ ഒരുവ​നും ഒരു പ്രമുഖ ധിഷണാ​ശാ​ലി​യു​മാ​യി​രുന്ന റോമൻ തത്ത്വചി​ന്ത​കൻ സെനിക പഠിപ്പി​ച്ചു. നിർവി​കാ​ര​മാ​യ ശാന്തത​യ്‌ക്ക്‌ ഊന്നൽ നൽകുന്ന സ്റ്റോയിക്‌ തത്ത്വശാ​സ്‌ത്ര​ത്തി​ന്റെ ഒരു വക്താവാ​യി​രു​ന്നു സെനിക. ഒരു ജ്ഞാനിക്ക്‌ അരിഷ്ടരെ സഹായി​ക്കാ​വു​ന്ന​താണ്‌, എന്നാൽ അയാൾക്ക്‌ മനസ്സലി​വു തോന്ന​രുത്‌, കാരണം അത്തരം വികാരം അയാളു​ടെ പ്രശാന്തത കവർന്നു​ക​ള​യും എന്നായി​രു​ന്നു സെനി​ക​യു​ടെ പക്ഷം. സ്വാർഥ​പ​ര​മാ​യ ആ ജീവിത വീക്ഷണം ഹൃദയം​ഗ​മ​മാ​യ അനുക​മ്പ​യ്‌ക്ക്‌ ഇടംനൽകി​യി​ല്ല. എന്നാൽ യഹോവ ഇതിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​നാണ്‌! താൻ ‘അനുക​മ്പാ​ലു​വും ദയാമ​യ​നു​മാണ്‌’ എന്ന്‌ തന്റെ വചനത്തി​ലൂ​ടെ യഹോവ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (യാക്കോബ്‌ 5:11, ഓശാന ബൈ.) നാം കാണാൻ പോകു​ന്ന​തു​പോ​ലെ അനുകമ്പ ഒരു ദൗർബ​ല്യ​മല്ല, പിന്നെ​യോ ശക്തവും മർമ​പ്ര​ധാ​ന​വു​മാ​യ ഒരു ഗുണമാണ്‌. സ്‌നേ​ഹ​നി​ധി​യാ​യ ഒരു പിതാ​വി​നെ​പ്പോ​ലെ യഹോവ അതു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നമുക്കു പരി​ശോ​ധി​ക്കാം.

യഹോവ ഒരു ജനത​യോട്‌ അനുകമ്പ കാണി​ക്കു​ന്നു

7, 8. ഇസ്രാ​യേ​ല്യർ പുരാതന ഈജി​പ്‌തിൽ ഏതു വിധത്തിൽ കഷ്ടപ്പെട്ടു, യഹോവ അവരുടെ കഷ്ടപ്പാ​ടി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

7 യഹോവ ഇസ്രാ​യേൽ ജനത​യോട്‌ ഇടപെട്ട വിധത്തിൽ അവന്റെ അനുകമ്പ വ്യക്തമാ​യി കാണാം. പൊ.യു.മു. 16-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ദശലക്ഷ​ക്ക​ണ​ക്കിന്‌ ഇസ്രാ​യേ​ല്യർ പുരാതന ഈജി​പ്‌തിൽ അടിമ​ക​ളാ​ക്ക​പ്പെ​ട്ടു. അവർ അവിടെ കടുത്ത യാതനകൾ അനുഭ​വി​ച്ചു. ഈജി​പ്‌തു​കാർ ‘കുമ്മാ​യ​വും ഇഷ്‌ടി​ക​യും കൊണ്ടുള്ള കഠിനാ​ദ്‌ധ്വാ​ന​ത്താൽ അവരുടെ ജീവിതം ക്ലേശപൂർണ​മാ​ക്കി.’ (പുറപ്പാ​ടു 1:11, 14, പി.ഒ.സി. ബൈ.) ഇസ്രാ​യേ​ല്യർ തങ്ങളുടെ ക്ലേശത്തിൽ യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി നിലവി​ളി​ച്ചു. ആർദ്രാ​നു​ക​മ്പ​യു​ള്ള ദൈവം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

8 സഹായ​ത്തി​നാ​യു​ള്ള അവരുടെ നിലവി​ളി യഹോ​വ​യു​ടെ ഹൃദയത്തെ സ്‌പർശി​ച്ചു. അവൻ പറഞ്ഞു: ‘മിസ്ര​യീ​മി​ലു​ള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴി​യ​വി​ചാ​ര​ക​ന്മാർ നിമി​ത്ത​മു​ള്ള അവരുടെ നിലവി​ളി​യും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയു​ന്നു.’ (പുറപ്പാ​ടു 3:7) തന്റെ ജനത്തിന്റെ കഷ്ടത കാണു​ക​യും അവരുടെ നിലവി​ളി കേൾക്കു​ക​യും ചെയ്‌ത​പ്പോൾ അവന്‌ അവരോ​ടു സമാനു​ഭാ​വം തോന്നു​ക​ത​ന്നെ ചെയ്‌തു. ഈ പുസ്‌ത​ക​ത്തി​ന്റെ 24-ാം അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, യഹോവ സമാനു​ഭാ​വ​മു​ള്ള ഒരു ദൈവ​മാണ്‌. സമാനു​ഭാ​വം—മറ്റുള്ള​വ​രു​ടെ വേദന​യിൽ ഒപ്പം വേദനി​ക്കാ​നു​ള്ള പ്രാപ്‌തി—അനുക​മ്പ​യോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യ്‌ക്കു തന്റെ ജനത്തോട്‌ അനുകമ്പ തോന്നുക മാത്രമല്ല ചെയ്‌തത്‌; അവർക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ അവൻ പ്രേരി​ത​നാ​യി. “തന്റെ സ്‌നേ​ഹ​ത്തി​ലും കനിവി​ലും [“അനുക​മ്പ​യി​ലും,” NW] അവൻ അവരെ വീണ്ടെ​ടു​ത്തു” എന്ന്‌ യെശയ്യാ​വു 63:9 പറയുന്നു. തന്റെ “ബലമുള്ള കൈ”യാൽ യഹോവ ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനി​ന്നു വിടു​വി​ച്ചു. (ആവർത്ത​ന​പു​സ്‌ത​കം 4:34) അതിനു​ശേ​ഷം, അവൻ അവർക്ക്‌ അത്ഭുത​ക​ര​മാ​യി ഭക്ഷണം കൊടു​ക്കു​ക​യും ഫലസമൃ​ദ്ധ​മാ​യ ഒരു ദേശം അവർക്കു സ്വന്തമാ​യി നൽകു​ക​യും ചെയ്‌തു.

9, 10. (എ) ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്തു താമസ​മാ​ക്കി​യ​ശേ​ഷം യഹോവ അവരെ ആവർത്തി​ച്ചു വിടു​വി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) യിഫ്‌താ​ഹി​ന്റെ നാളു​ക​ളിൽ യഹോവ ഇസ്രാ​യേ​ല്യ​രെ ഏത്‌ ഞെരു​ക്ക​ത്തിൽനി​ന്നു വിടു​വി​ച്ചു, അങ്ങനെ ചെയ്യാൻ അവനെ പ്രേരി​പ്പി​ച്ച​തെന്ത്‌?

9 യഹോ​വ​യു​ടെ അനുകമ്പ അവിടം​കൊണ്ട്‌ അവസാ​നി​ച്ചി​ല്ല. വാഗ്‌ദ​ത്ത​ദേ​ശ​ത്തു താമസ​മാ​ക്കി​യ​പ്പോൾ, ഇസ്രാ​യേൽ ആവർത്തിച്ച്‌ അവിശ്വ​സ്‌ത​മാ​യ ഗതിയി​ലേ​ക്കു വഴുതി​പ്പോ​കു​ക​യും തത്‌ഫ​ല​മാ​യി കഷ്ടപ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അപ്പോ​ഴൊ​ക്കെ ജനം സുബോ​ധം പ്രാപി​ച്ചു യഹോ​വ​യെ വിളി​ച്ച​പേ​ക്ഷി​ക്കു​മാ​യി​രു​ന്നു. വീണ്ടും വീണ്ടും അവൻ അവരെ വിടു​വി​ച്ചു. കാരണം? അവന്‌ ‘തന്റെ ജനത്തോട്‌ സഹതാപം [“അനുകമ്പ,” NW] തോന്നി.’—2 ദിനവൃ​ത്താ​ന്തം 36:15; ന്യായാ​ധി​പ​ന്മാർ 2:11-16.

10 യിഫ്‌താ​ഹി​ന്റെ നാളിൽ എന്തു സംഭവി​ച്ചെ​ന്നു പരിചി​ന്തി​ക്കു​ക. ഇസ്രാ​യേ​ല്യർ വ്യാജ​ദൈ​വ​ങ്ങ​ളെ സേവി​ക്കു​ന്ന​തി​ലേ​ക്കു തിരി​ഞ്ഞ​തി​നാൽ 18 വർഷം അമ്മോ​ന്യ​രാൽ ഞെരു​ക്ക​പ്പെ​ടു​ന്ന​തി​നു യഹോവ അവരെ അനുവ​ദി​ച്ചു. ഒടുവിൽ, ഇസ്രാ​യേ​ല്യർ അനുത​പി​ച്ചു. ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “അവർ തങ്ങളുടെ ഇടയിൽനി​ന്നു അന്യ​ദൈ​വ​ങ്ങ​ളെ നീക്കി​ക്ക​ള​ഞ്ഞു. യഹോ​വ​യെ സേവിച്ചു; യിസ്രാ​യേ​ലി​ന്റെ അരിഷ്ട​ത​യിൽ അവന്നു സഹതാപം [“അനുകമ്പ,” NW] തോന്നി.” * (ന്യായാ​ധി​പ​ന്മാർ 10:6-16) അവന്റെ ജനം യഥാർഥ അനുതാ​പം പ്രകട​മാ​ക്കി​യ​പ്പോൾ, അവർ കഷ്ടപ്പെ​ടു​ന്ന​തു നോക്കി​യി​രി​ക്കാൻ യഹോ​വ​യ്‌ക്കാ​യി​ല്ല. അതു​കൊണ്ട്‌ ആർദ്രാ​നു​ക​മ്പ​യു​ള്ള ദൈവം, യിസ്രാ​യേ​ല്യ​രെ അവരുടെ ശത്രു​ക്ക​ളു​ടെ കൈക​ളിൽനി​ന്നു വിടു​വി​ക്കാൻ യിഫ്‌താ​ഹി​നെ ബലപ്പെ​ടു​ത്തി.—ന്യായാ​ധി​പ​ന്മാർ 11:30-33.

11. ഇസ്രാ​യേ​ല്യ​രോ​ടു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നാം അനുക​മ്പ​യെ കുറിച്ച്‌ എന്തു പഠിക്കു​ന്നു?

11 ഇസ്രാ​യേൽ ജനതയു​മാ​യു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ ആർദ്രാ​നു​ക​മ്പ​യെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? ഒരു സംഗതി, ആളുകൾ അനുഭ​വി​ക്കു​ന്ന ദുരി​ത​ങ്ങ​ളെ കുറി​ച്ചു​ള്ള സഹതാ​പ​ത്തെ​ക്കാൾ കവിഞ്ഞ​താണ്‌ അത്‌ എന്നു നാം കാണുന്നു. ആർദ്രാ​നു​കമ്പ നിമിത്തം തന്റെ കുഞ്ഞിന്റെ കരച്ചി​ലി​നോ​ടു പ്രതി​ക​രി​ക്കു​ന്ന അമ്മയെ സംബന്ധിച്ച ദൃഷ്ടാന്തം ഓർക്കുക. സമാന​മാ​യി യഹോവ തന്റെ ജനത്തിന്റെ നിലവി​ളി​യെ അവഗണി​ക്കു​ന്നി​ല്ല. അവരുടെ ദുരി​ത​ത്തിന്‌ ആശ്വാസം വരുത്താൻ അവന്റെ ആർദ്രാ​നു​കമ്പ അവനെ പ്രേരി​പ്പി​ക്കു​ന്നു. അതിനു പുറമേ, യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇടപെട്ട വിധം അനുകമ്പ ഒരു ദൗർബ​ല്യ​മല്ല എന്നു നമ്മെ പഠിപ്പി​ക്കു​ന്നു. കാരണം, ഈ ആർദ്ര​ഗു​ണം തന്റെ ജനത്തി​നു​വേ​ണ്ടി ശക്തവും നിർണാ​യ​ക​വു​മാ​യ നടപടി സ്വീക​രി​ക്കാൻ അവനെ പ്രേരി​പ്പി​ച്ചു. എന്നാൽ തന്റെ ദാസന്മാ​രോട്‌ ഒരു കൂട്ട​മെ​ന്ന​നി​ല​യിൽ മാത്ര​മാ​ണോ യഹോവ അനുകമ്പ കാണി​ക്കു​ന്നത്‌?

വ്യക്തി​ക​ളോ​ടു​ള്ള യഹോ​വ​യു​ടെ അനുകമ്പ

12. വ്യക്തി​ക​ളോ​ടു​ള്ള യഹോ​വ​യു​ടെ അനുക​മ്പ​യെ ന്യായ​പ്ര​മാ​ണം എങ്ങനെ പ്രതി​ഫ​ലി​പ്പി​ച്ചു?

12 ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം കൊടുത്ത ന്യായ​പ്ര​മാ​ണം വ്യക്തി​ക​ളോ​ടു​ള്ള അവന്റെ അനുക​മ്പ​യെ പ്രതി​ഫ​ലി​പ്പി​ച്ചു. ദൃഷ്ടാ​ന്ത​ത്തിന്‌, ദരി​ദ്ര​രി​ലു​ള്ള അവന്റെ താത്‌പ​ര്യ​ത്തെ കുറിച്ചു ചിന്തി​ക്കു​ക. അപ്രതീ​ക്ഷി​ത സാഹച​ര്യ​ങ്ങൾ ഒരു ഇസ്രാ​യേ​ല്യ​നെ ദാരി​ദ്ര്യ​ത്തി​ലേ​ക്കു തള്ളിവി​ട്ടേ​ക്കാ​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. ദരി​ദ്ര​രോട്‌ എങ്ങനെ പെരു​മാ​റ​ണ​മാ​യി​രു​ന്നു? യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കർശന​മാ​യി ഇങ്ങനെ കൽപ്പിച്ചു: “ദരി​ദ്ര​നാ​യ സഹോ​ദ​ര​ന്റെ നേരെ നിന്റെ ഹൃദയം കഠിന​മാ​ക്കാ​തെ​യും കൈ അടെക്കാ​തെ​യും, . . . നീ അവന്നു കൊടു​ത്തേ​മ​തി​യാ​വു; കൊടു​ക്കു​മ്പോൾ ഹൃദയ​ത്തിൽ വ്യസനം തോന്ന​രു​തു; നിന്റെ ദൈവ​മാ​യ യഹോവ നിന്റെ സകല​പ്ര​വൃ​ത്തി​ക​ളി​ലും സകല​പ്ര​യ​ത്‌ന​ത്തി​ലും അതുനി​മി​ത്തം നിന്നെ അനു​ഗ്ര​ഹി​ക്കും.” (ആവർത്ത​ന​പു​സ്‌ത​കം 15:7, 10) ഇസ്രാ​യേ​ല്യർ തങ്ങളുടെ വയലു​ക​ളു​ടെ അരികു കൊയ്യു​ക​യോ കാലാ പെറു​ക്കു​ക​യോ ചെയ്യരു​തെന്ന്‌ യഹോവ തുടർന്നു കൽപ്പിച്ചു. അതു സാധു​ക്കൾക്കു വേണ്ടി​യു​ള്ള​താ​യി​രു​ന്നു. (ലേവ്യ​പു​സ്‌ത​കം 23:22; രൂത്ത്‌ 2:2-7) തങ്ങളുടെ ഇടയിലെ ദരി​ദ്രർക്കു വേണ്ടി​യു​ള്ള ഈ കനിവാർന്ന നിയമം ജനത അനുസ​രി​ച്ച​പ്പോൾ ഇസ്രാ​യേ​ലി​ലെ ഞെരു​ക്ക​മു​ള്ള വ്യക്തി​കൾക്ക്‌ ആഹാര​ത്തി​നു യാചി​ക്കേ​ണ്ടി​വ​ന്നി​ല്ല. അത്‌ യഹോ​വ​യു​ടെ ആർദ്രാ​നു​ക​മ്പ​യു​ടെ ഒരു പ്രതി​ഫ​ല​ന​മാ​യി​രു​ന്നി​ല്ലേ?

13, 14. (എ) വ്യക്തി​ക​ളെന്ന നിലയിൽ യഹോ​വ​യ്‌ക്ക്‌ നമ്മിൽ ആഴമായ താത്‌പ​ര്യ​മു​ണ്ടെ​ന്നു ദാവീ​ദി​ന്റെ വാക്കുകൾ ഉറപ്പു നൽകു​ന്നത്‌ എങ്ങനെ? (ബി) “ഹൃദയം നുറു​ങ്ങി​യ​വർക്കു” അല്ലെങ്കിൽ ‘മനസ്സു തകർന്ന​വർക്കു’ യഹോവ സമീപ​സ്ഥ​നാ​ണെന്ന്‌ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ കഴിയും?

13 ഇന്ന്‌, നമ്മുടെ സ്‌നേ​ഹ​നി​ധി​യാ​യ ദൈവം വ്യക്തി​ക​ളെന്ന നിലയിൽ നമ്മിലും ആഴമായ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു. നാം അനുഭ​വി​ച്ചേ​ക്കാ​വു​ന്ന ഏതു കഷ്ടപ്പാ​ടി​നെ കുറി​ച്ചും അവനു വ്യക്തമാ​യി അറിയാ​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. സങ്കീർത്ത​ന​ക്കാ​ര​നാ​യ ദാവീദ്‌ ഇങ്ങനെ എഴുതി: “യഹോ​വ​യു​ടെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലും അവന്റെ ചെവി അവരുടെ നിലവി​ളി​ക്കും തുറന്നി​രി​ക്കു​ന്നു. ഹൃദയം നുറു​ങ്ങി​യ​വർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന​വ​രെ അവൻ രക്ഷിക്കു​ന്നു.” (സങ്കീർത്ത​നം 34:15, 18) ഈ ഭാഗത്തു വർണി​ച്ചി​രി​ക്കു​ന്ന​വ​രെ സംബന്ധിച്ച്‌ ഒരു ബൈബിൾ ഭാഷ്യ​കാ​രൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “പാപഭാ​ര​ത്താൽ ഹൃദയം നുറു​ങ്ങി​യും മനസ്സു തകർന്നു​മി​രി​ക്കു​ന്ന​വ​രാണ്‌ അവർ, അവർക്ക്‌ ആത്മാഭി​മാ​നം നഷ്ടമാ​യി​രി​ക്കു​ന്നു; സ്വന്ത ദൃഷ്ടി​യിൽ അവർ മൂല്യ​മി​ല്ലാ​ത്ത​വർ അഥവാ വില​കെ​ട്ട​വർ ആണ്‌.” യഹോവ അകലെ​യാ​ണെ​ന്നും തങ്ങളെ​ക്കു​റിച്ച്‌ അവൻ കരുതേണ്ട ആവശ്യ​മി​ല്ലാ​ത്ത​വി​ധം തങ്ങൾ തീർത്തും നിസ്സാ​ര​രാ​ണെ​ന്നും അങ്ങനെ​യു​ള്ള​വർ വിചാ​രി​ച്ചേ​ക്കാം. എന്നാൽ വാസ്‌ത​വം അതല്ല. തങ്ങൾ വില​കെ​ട്ട​വ​രാ​ണെന്ന തോന്ന​ലു​മാ​യി മല്ലിടു​ന്ന​വ​രെ യഹോവ ഉപേക്ഷി​ക്കു​ന്നി​ല്ലെ​ന്നു ദാവീ​ദി​ന്റെ വാക്കുകൾ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. അങ്ങനെ​യു​ള്ള സമയങ്ങ​ളിൽ നമുക്ക്‌ അവനെ എന്നത്തേ​തി​ലും അധികം ആവശ്യ​മാ​ണെന്ന്‌ അനുക​മ്പ​യു​ള്ള നമ്മുടെ ദൈവം അറിയു​ന്നു, അവൻ സമീപ​സ്ഥ​നു​മാണ്‌.

14 ഐക്യ​നാ​ടു​ക​ളി​ലെ ഒരു അനുഭവം പരിചി​ന്തി​ക്കു​ക. ചുമയും ശ്വാസ​ത​ട​സ്സ​വും കലശലാ​യ​തി​നെ തുടർന്ന്‌ തന്റെ രണ്ടു വയസ്സുള്ള മകനെ​യും​കൊണ്ട്‌ ഒരമ്മ ആശുപ​ത്രി​യിൽ പാഞ്ഞെത്തി. കുട്ടിയെ പരി​ശോ​ധി​ച്ച​തി​നു ശേഷം, അന്നു രാത്രി അവനെ അവിടെ കിട​ത്തേ​ണ്ടി വരു​മെന്ന്‌ ഡോക്ടർമാർ അമ്മയോ​ടു പറഞ്ഞു. ആ അമ്മ എവി​ടെ​യാ​ണു രാത്രി ചെലവ​ഴി​ച്ചത്‌? തന്റെ കുഞ്ഞിന്റെ കിടക്ക​യു​ടെ തൊട്ട​രി​കിൽ, ഒരു കസേര​യിൽ. സുഖമി​ല്ലാ​തെ കിടക്കുന്ന തന്റെ കുഞ്ഞിന്റെ അരികി​ല​ല്ലാ​തെ അവൾ പിന്നെ മറ്റെവി​ടെ ആയിരി​ക്കാ​നാണ്‌? നമ്മുടെ സ്‌നേ​ഹ​നി​ധി​യാ​യ സ്വർഗീയ പിതാ​വിൽനിന്ന്‌ ഇതിലും കൂടുതൽ നമുക്ക്‌ ഉറപ്പാ​യും പ്രതീ​ക്ഷി​ക്കാൻ കഴിയും! അവന്റെ പ്രതി​ച്ഛാ​യ​യി​ലാണ്‌ നാം സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌! (ഉല്‌പത്തി 1:26) നമ്മുടെ ‘ഹൃദയം നുറു​ങ്ങി​യി​രി​ക്കു​മ്പോൾ, മനസ്സ്‌ തകർന്നി​രി​ക്കു​മ്പോൾ’ സ്‌നേ​ഹ​നി​ധി​യാ​യ ഒരു പിതാ​വി​നെ​യോ മാതാ​വി​നെ​യോ പോലെ, ഏതു സമയത്തും സഹായി​ക്കാ​നു​ള്ള മനസ്സു​മാ​യി അനുക​മ്പ​യോ​ടെ യഹോവ നമ്മുടെ “സമീപ”ത്തുത​ന്നെ​യു​ണ്ടാ​യി​രി​ക്കും എന്ന്‌ സങ്കീർത്ത​നം 34:18-ലെ ഹൃദയ​സ്‌പർശി​യാ​യ വാക്കുകൾ നമുക്ക്‌ ഉറപ്പേ​കു​ന്നു.

15. വ്യക്തി​ക​ളെന്ന നിലയിൽ നമ്മെ യഹോവ ഏതുവി​ധ​ങ്ങ​ളിൽ സഹായി​ക്കു​ന്നു?

15 അപ്പോൾ യഹോവ നമ്മെ വ്യക്തി​ക​ളെന്ന നിലയിൽ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അവൻ അവശ്യം നമ്മുടെ ദുരി​ത​കാ​ര​ണം നീക്കം​ചെ​യ്യു​ന്നി​ല്ല. എന്നാൽ സഹായ​ത്തി​നാ​യി തന്നോടു നിലവി​ളി​ക്കു​ന്ന​വർക്കു​വേണ്ടി സമൃദ്ധ​മാ​യ കരുത​ലു​കൾ അവൻ ചെയ്‌തി​ട്ടുണ്ട്‌. അവന്റെ വചനമായ ബൈബിൾ ഫലപ്ര​ദ​മാ​യ പ്രാ​യോ​ഗി​ക ബുദ്ധി​യു​പ​ദേ​ശം നൽകുന്നു. സഭയിൽ, യഹോവ ആത്മീയ​മാ​യി യോഗ്യ​ത​യു​ള്ള മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ചി​രി​ക്കു​ന്നു, സഹാരാ​ധ​ക​രെ സഹായി​ക്കു​ന്ന​തിൽ അവർ അവന്റെ അനുക​മ്പ​യെ പ്രതി​ഫ​ലി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു. (യാക്കോബ്‌ 5:14, 15) ‘പ്രാർത്ഥന കേൾക്കു​ന്ന​വൻ’ എന്ന നിലയിൽ അവൻ “തന്നോടു യാചി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ” കൊടു​ക്കു​ന്നു. (സങ്കീർത്ത​നം 65:2; ലൂക്കൊസ്‌ 11:13) സകല പ്രശ്‌ന​ങ്ങ​ളും നീക്കം ചെയ്യാൻ ദൈവ​രാ​ജ്യം നടപടി​യെ​ടു​ക്കു​ന്ന​തു​വരെ സഹിച്ചു​നിൽക്കു​ന്ന​തിന്‌ ആവശ്യ​മാ​യ “അത്യന്ത​ശ​ക്തി” നമ്മിൽ നിറയ്‌ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നു കഴിയും. (2 കൊരി​ന്ത്യർ 4:7) ഈ കരുത​ലു​ക​ളെ​പ്ര​തി നാം നന്ദിയു​ള്ള​വ​ര​ല്ലേ? അവ യഹോ​വ​യു​ടെ ആർദ്രാ​നു​ക​മ്പ​യു​ടെ പ്രകട​ന​ങ്ങ​ളാ​ണെ​ന്നു നമുക്കു മറക്കാ​തി​രി​ക്കാം.

16. യഹോ​വ​യു​ടെ അനുക​മ്പ​യു​ടെ ഏറ്റവും വലിയ ഉദാഹ​ര​ണ​മെന്ത്‌, വ്യക്തി​ക​ളെന്ന നിലയിൽ അത്‌ നമുക്കാ​യി എന്തു ചെയ്യുന്നു?

16 തീർച്ച​യാ​യും, യഹോ​വ​യു​ടെ ആർദ്രാ​നു​ക​മ്പ​യു​ടെ ഏറ്റവും വലിയ ഉദാഹ​ര​ണം അവന്‌ ഏറ്റവും പ്രിയ​ങ്ക​ര​നാ​യ​വ​നെ നമുക്കു​വേ​ണ്ടി ഒരു മറുവി​ല​യാ​യി നൽകി​യ​താണ്‌. അത്‌ യഹോ​വ​യു​ടെ ഭാഗത്തെ സ്‌നേ​ഹ​നിർഭ​ര​മാ​യ ഒരു ത്യാഗ​മാ​യി​രു​ന്നു, അതു നമുക്കു രക്ഷയ്‌ക്കു​ള്ള മാർഗം പ്രദാനം ചെയ്‌തു. മറുവില എന്ന കരുതൽ നമുക്കു വ്യക്തി​പ​ര​മാ​യി പ്രയോ​ജ​നം ചെയ്യുന്നു എന്ന്‌ ഓർക്കുക. സമുചി​ത​മാ​യി, യോഹ​ന്നാൻ സ്‌നാ​പ​ക​ന്റെ പിതാ​വാ​യ സെഖര്യാവ്‌ ഈ ദാനം “നമ്മുടെ ദൈവ​ത്തി​ന്റെ ആർദ്രാ​നു​കമ്പ”യെ മഹിമ​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ മുൻകൂ​ട്ടി പറഞ്ഞു.—ലൂക്കൊസ്‌ 1:78, NW.

യഹോവ അനുകമ്പ പിൻവ​ലി​ക്കു​മ്പോൾ

17-19. (എ) യഹോ​വ​യു​ടെ അനുക​മ്പ​യ്‌ക്കു പരിധി​യുണ്ട്‌ എന്നു ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു? (ബി) തന്റെ ജനത്തോട്‌ യഹോ​വ​യ്‌ക്ക്‌ അനുകമ്പ തോന്നാത്ത ഒരു ഘട്ടത്തി​ലേ​ക്കു കാര്യങ്ങൾ നീങ്ങി​യത്‌ എങ്ങനെ?

17 യഹോ​വ​യു​ടെ ആർദ്രാ​നു​ക​മ്പ​യ്‌ക്ക്‌ അതിരു​കൾ ഇല്ലെന്നാ​ണോ? തീർച്ച​യാ​യും അല്ല. തന്റെ നീതി​യു​ള്ള വഴികളെ എതിർക്കു​ന്ന വ്യക്തി​ക​ളു​ടെ കാര്യ​ത്തിൽ യഹോവ ഉചിത​മാ​യി “അനുകമ്പ” പിൻവ​ലി​ക്കു​ന്നു​വെന്ന്‌ ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. (എബ്രായർ 10:28, NW) അവൻ അങ്ങനെ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു കാണാൻ ഇസ്രാ​യേൽ ജനതയു​ടെ ദൃഷ്ടാന്തം ഓർക്കുക.

18 യഹോവ ഇസ്രാ​യേ​ല്യ​രെ അവരുടെ ശത്രു​ക്ക​ളിൽനിന്ന്‌ ആവർത്തി​ച്ചു വിടു​വി​ച്ചെ​ങ്കി​ലും അവന്റെ അനുകമ്പ അതിന്റെ പരിധി​യി​ലെ​ത്തി. ശാഠ്യ​ക്കാ​രാ​യ ഈ ജനം വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെട്ടു, തങ്ങളുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളെ യഹോ​വ​യു​ടെ ആലയത്തി​ലേ​ക്കു കൊണ്ടു​വ​രി​ക​പോ​ലും ചെയ്‌തു. (യെഹെ​സ്‌കേൽ 5:11; 8:17, 18) കൂടാതെ, ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “അവരോ ദൈവ​ത്തി​ന്റെ ദൂതന്മാ​രെ പരിഹ​സി​ച്ചു അവന്റെ വാക്കു​ക​ളെ നിരസി​ച്ചു ഉപശാ​ന്തി​യി​ല്ലാ​താ​കും​വണ്ണം യഹോ​വ​യു​ടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലി​ക്കു​വോ​ളം അവന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദി​ച്ചു​ക​ള​ഞ്ഞു.” (2 ദിനവൃ​ത്താ​ന്തം 36:16) ഇസ്രാ​യേ​ല്യർ മേലാൽ അനുകമ്പ അർഹി​ക്കു​ന്നി​ല്ല എന്നൊരു ഘട്ടത്തി​ലെ​ത്തി. അപ്പോൾ, യഹോ​വ​യു​ടെ ധാർമി​ക​രോ​ഷം ജ്വലിച്ചു. ഫലമെ​ന്താ​യി​രു​ന്നു?

19 യഹോ​വ​യ്‌ക്കു മേലാൽ തന്റെ ജനത്തോട്‌ അനുകമ്പ പ്രകട​മാ​ക്കാൻ കഴിഞ്ഞില്ല. “അവരെ നശിപ്പി​ക്ക​യ​ല്ലാ​തെ ഞാൻ അവരോ​ടു കനിവോ ക്ഷമയോ കരുണ​യോ കാണി​ക്ക​യി​ല്ല.” (യിരെ​മ്യാ​വു 13:14) അങ്ങനെ, യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ക്ക​പ്പെ​ട്ടു, ഇസ്രാ​യേ​ല്യർ ബാബി​ലോ​നിൽ അടിമ​ത്ത​ത്തി​ലാ​യി. പാപി​ക​ളാ​യ മനുഷ്യർ, ദിവ്യാ​നു​ക​മ്പ​യ്‌ക്ക്‌ ഒട്ടും അർഹര​ല്ലാ​ത്ത അളവോ​ളം മത്സരി​ക​ളാ​കു​ന്നത്‌ എത്ര സങ്കടക​ര​മാണ്‌!—വിലാ​പ​ങ്ങൾ 2:21, NW.

20, 21. (എ) നമ്മുടെ നാളിൽ ദിവ്യാ​നു​കമ്പ അതിന്റെ പരിധി​യിൽ എത്തു​മ്പോൾ എന്തു സംഭവി​ക്കും? (ബി) അടുത്ത അധ്യാ​യ​ത്തിൽ യഹോ​വ​യു​ടെ അനുക​മ്പാ​പൂർവ​ക​മാ​യ ഏത്‌ കരുതൽ ചർച്ച ചെയ്യ​പ്പെ​ടും?

20 ഇക്കാലത്തെ സംബന്ധി​ച്ചെന്ത്‌? യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടി​ല്ല. അനുകമ്പ നിമിത്തം അവൻ നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം “രാജ്യ​ത്തി​ന്റെ ഈ സുവി​ശേ​ഷം” പ്രസം​ഗി​ക്കാൻ തന്റെ സാക്ഷി​ക​ളെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു. (മത്തായി 24:14) നീതി​ഹൃ​ദ​യ​മു​ള്ള ആളുകൾ അതിനു ശ്രദ്ധ നൽകാൻ തയ്യാറാ​കു​മ്പോൾ രാജ്യ​സ​ന്ദേ​ശം ഗ്രഹി​ക്കാൻ യഹോവ അവരെ സഹായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 16:14) എന്നാൽ ഈ വേല എന്നേക്കും തുടരു​ക​യി​ല്ല. സകല ദുരി​ത​വും കഷ്ടപ്പാ​ടും സഹിതം ഈ ദുഷ്ട​ലോ​കം അനിശ്ചി​ത​മാ​യി തുടരാൻ അനുവ​ദി​ക്കു​ന്നത്‌ യഹോ​വ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം അനുകമ്പ ആയിരി​ക്കു​ക​യി​ല്ല. ദിവ്യാ​നു​കമ്പ അതിന്റെ പരിധി​യി​ലെ​ത്തു​മ്പോൾ ഈ വ്യവസ്ഥി​തി​യു​ടെ​മേൽ ന്യായ​വി​ധി നടത്താൻ യഹോവ വരുന്ന​താ​യി​രി​ക്കും. അപ്പോൾപ്പോ​ലും, അവൻ അനുക​മ്പ​യോ​ടെ—തന്റെ “വിശു​ദ്ധ​നാ​മ”ത്തോടും തന്റെ അർപ്പിത ദാസന്മാ​രോ​ടു​മു​ള്ള അനുക​മ്പ​യോ​ടെ—ആയിരി​ക്കും പ്രവർത്തി​ക്കു​ന്നത്‌. (യെഹെ​സ്‌കേൽ 36:20-23) യഹോവ ദുഷ്ടത നീക്കം​ചെ​യ്യു​ക​യും നീതി​യു​ള്ള ഒരു പുതി​യ​ലോ​കം ആനയി​ക്കു​ക​യും ചെയ്യും. ദുഷ്ടന്മാ​രെ സംബന്ധിച്ച്‌ യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു:“ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാ​തെ​യും ഞാൻ കരുണ കാണി​ക്കാ​തെ​യും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടു​ക്കും.”—യെഹെ​സ്‌കേൽ 9:10.

21 അന്നുവരെ യഹോ​വ​യ്‌ക്ക്‌ തന്റെ ജനത്തോ​ടു കരുണ തോന്നും, നാശത്തെ അഭിമു​ഖീ​ക​രി​ക്കു​ന്ന​വ​രോ​ടു​പോ​ലും. ആത്മാർഥ അനുതാ​പ​മു​ള്ള പാപി​ക​ളാ​യ മനുഷ്യർക്ക്‌ യഹോ​വ​യു​ടെ ഏറ്റവും കനിവാർന്ന ദാനങ്ങ​ളി​ലൊ​ന്നാ​യ പാപക്ഷ​മ​യിൽനി​ന്നു പ്രയോ​ജ​നം അനുഭ​വി​ക്കാൻ കഴിയും. അടുത്ത അധ്യാ​യ​ത്തിൽ, യഹോവ എത്ര തികഞ്ഞ അളവി​ലാണ്‌ പാപങ്ങൾ ക്ഷമിക്കു​ന്നത്‌ എന്നു വ്യക്തമാ​ക്കു​ന്ന ചില ദൃഷ്ടാ​ന്ത​ങ്ങൾ നാം ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

^ എന്നാൽ സങ്കീർത്ത​നം 103:13-ൽ രാഹാം എന്ന എബ്രായ ക്രിയ ഒരു പിതാവു മക്കളോ​ടു കാട്ടുന്ന കരുണയെ അഥവാ അനുക​മ്പ​യെ സൂചി​പ്പി​ക്കു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌.

^ എബ്രായയിൽ, ‘യിസ്രാ​യേ​ലി​ന്റെ അരിഷ്ട​ത​യിൽ അവന്‌ അനുകമ്പ തോന്നി’ എന്ന വാക്യം അക്ഷരാർഥ​ത്തിൽ “അവൻ ഞെരു​ങ്ങി​പ്പോ​യി; അവന്റെ ക്ഷമ നശിച്ചു” എന്നു വിവർത്ത​നം ചെയ്യ​പ്പെ​ടു​ന്നു. ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ ഇപ്രകാ​രം വായി​ക്കു​ന്നു: “ഇസ്രാ​യേ​ലി​ന്റെ ദുരവസ്ഥ കണ്ടുനിൽക്കാൻ മേലാൽ അവനു കഴിഞ്ഞില്ല.” താനാക്ക്‌വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ പരിഭാഷ (ഇംഗ്ലീഷ്‌) അത്‌ ഇങ്ങനെ വിവർത്ത​നം ചെയ്യുന്നു: “ഇസ്രാ​യേ​ലി​ന്റെ അരിഷ്ട​ത​കൾ അവനു സഹിക്കാൻ കഴിഞ്ഞില്ല.”