വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 28

“നീ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ”

“നീ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ”

1, 2. ദാവീദ്‌ രാജാവ്‌ പലപ്പോ​ഴും വിശ്വാ​സ​വ​ഞ്ച​ന​യ്‌ക്ക്‌ ഇരയാ​യി​ട്ടുണ്ട്‌ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

 ദാവീദ്‌ രാജാവ്‌ വിശ്വാ​സ​വ​ഞ്ച​ന​യ്‌ക്ക്‌ ഇരയാ​കു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ട​ല്ലാ​യി​രു​ന്നു. ഒരു ഘട്ടത്തിൽ, അവന്റെ സ്വന്തം ജനതയിൽപ്പെ​ട്ട​വർത​ന്നെ അവനെ​തി​രെ ഗൂഢാ​ലോ​ച​ന​കൾ നടത്തു​ക​യും അവന്റെ വാഴ്‌ച സംഘർഷ​പൂ​രി​തം ആയിത്തീ​രു​ക​യും ചെയ്‌തു. കൂടാതെ, ദാവീ​ദി​ന്റെ അടുത്ത സഹകാ​രി​ക​ളാ​യി​രി​ക്കേ​ണ്ട​വർതന്നെ അവനോ​ടു വിശ്വാ​സ​വ​ഞ്ചന കാട്ടി. ദാവീ​ദി​ന്റെ ആദ്യഭാ​ര്യ​യാ​യ മീഖളി​ന്റെ കാര്യ​മെ​ടു​ക്കു​ക. ആദ്യ​മൊ​ക്കെ അവൾ “ദാവീ​ദി​നെ സ്‌നേഹി”ച്ചിരുന്നു, രാജകീയ കർത്തവ്യ​ങ്ങ​ളിൽ അവനെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നിരു​ന്നാ​ലും പിൽക്കാ​ലത്ത്‌ അവൾ “തന്റെ ഹൃദയ​ത്തിൽ അവനെ നിന്ദി​ച്ചു​തു​ട​ങ്ങി,” ‘നിസ്സാ​ര​ന്മാ​രിൽ ഒരുത്തനെ’പ്പോലെ പെരു​മാ​റി എന്നു പറഞ്ഞ്‌ ദാവീ​ദി​നെ ആക്ഷേപി​ക്കു​ക​പോ​ലും ചെയ്‌തു.—1 ശമൂവേൽ 18:20; 2 ശമൂവേൽ 6:16, 20.

2 ഇനി ദാവീ​ദി​ന്റെ സ്വകാര്യ ഉപദേ​ശ​ക​നാ​യി​രു​ന്ന അഹീ​ഥോ​ഫെ​ലി​നെ കുറിച്ചു ചിന്തി​ക്കു​ക. അയാളു​ടെ ഉപദേശം യഹോ​വ​യിൽനി​ന്നു നേരി​ട്ടു​ള്ള അരുള​പ്പാ​ടു​പോ​ലെ കരുതി ദാവീദ്‌ വിലമ​തി​ച്ചി​രു​ന്നു. എന്നാൽ ദാവീദ്‌ വിശ്വ​സ്‌ത​നാ​യി കരുതിയ ഈ ഉറ്റമി​ത്രം കാല​ക്ര​മ​ത്തിൽ വഞ്ചകനാ​യി മാറു​ക​യും ദാവീ​ദി​നെ​തി​രാ​യ ഒരു സംഘടിത മത്സരത്തിൽ ഉൾപ്പെ​ടു​ക​യും ചെയ്‌തു. മത്സരത്തി​ന്റെ ചരടു​വ​ലി​ച്ചത്‌ ആരായി​രു​ന്നു? ദാവീ​ദി​ന്റെ സ്വന്തം പുത്ര​നാ​യ അബ്‌ശാ​ലോം! അവസര​വാ​ദി​യും തന്ത്രശാ​ലി​യും ആയിരുന്ന അബ്‌ശാ​ലോം തന്നെത്തന്നെ ഒരു ബദൽരാ​ജാ​വാ​യി അവരോ​ധി​ച്ചു​കൊണ്ട്‌ “യിസ്രാ​യേ​ല്യ​രു​ടെ ഹൃദയം വശീക​രി​ച്ചു​ക​ള​ഞ്ഞു.” അബ്‌ശാ​ലോ​മി​ന്റെ മത്സരം ശക്തമാ​യ​തി​നെ തുടർന്ന്‌ ദാവീ​ദി​നു പ്രാണ​ര​ക്ഷാർഥം അവി​ടെ​നിന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വ​ന്നു.—2 ശമൂവേൽ 15:1-6, 12-17.

3. ദാവീ​ദിന്‌ എന്തു ബോധ്യ​മു​ണ്ടാ​യി​രു​ന്നു?

3 ദാവീ​ദി​നോ​ടു വിശ്വ​സ്‌തത പുലർത്തി​യ ആരും ഇല്ലായി​രു​ന്നു എന്നാണോ? അനർഥ​ങ്ങ​ളു​ടെ ആ കാലഘ​ട്ട​ത്തിൽ ഉടനീളം തന്നോടു വിശ്വ​സ്‌തത പുലർത്തു​ന്ന ഒരാൾ ഉണ്ടെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ആരായി​രു​ന്നു അത്‌? യഹോ​വ​യാം ദൈവം​ത​ന്നെ. “വിശ്വ​സ്‌ത​നോട്‌ അവിടു​ന്നു വിശ്വ​സ്‌തത പുലർത്തു​ന്നു” എന്ന്‌ ദാവീദ്‌ യഹോ​വ​യെ കുറിച്ചു പറഞ്ഞു. (2 ശമൂവേൽ 22:26, പി.ഒ.സി. ബൈ.) എന്താണു വിശ്വ​സ്‌തത? യഹോവ ഈ ഗുണത്തി​ന്റെ ഏറ്റവും ശ്രേഷ്‌ഠ​മാ​യ മാതൃക ആയിരി​ക്കു​ന്നത്‌ എങ്ങനെ?

എന്താണു വിശ്വ​സ്‌തത?

4, 5. (എ) എന്താണു “വിശ്വ​സ്‌തത”? (ബി) ജീവനി​ല്ലാ​ത്ത വസ്‌തു​ക്കൾ പ്രകട​മാ​ക്കു​ന്ന ആശ്രയ​യോ​ഗ്യ​ത വ്യക്തികൾ പ്രകട​മാ​ക്കു​ന്ന വിശ്വ​സ്‌ത​ത​യിൽനിന്ന്‌ വ്യത്യ​സ്‌തം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

4 എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം “വിശ്വ​സ്‌തത” എന്ന പദം, ഒരു സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ സ്‌നേ​ഹ​പൂർവം പറ്റിനിൽക്കു​ന്ന​തും ആ സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ ബന്ധപ്പെട്ട ഉദ്ദേശ്യം സാധി​ക്കു​ന്ന​തു​വ​രെ വിട്ടു​പോ​കാ​ത്ത​തു​മായ ദയയെ അർഥമാ​ക്കു​ന്നു. വിശ്വ​സ്‌ത​നാ​യ ഒരു വ്യക്തി സ്‌നേ​ഹ​സ​മ്പ​ന്ന​നു​മാ​യി​രി​ക്കും. രസാവ​ഹ​മാ​യി, സങ്കീർത്ത​ന​ക്കാ​രൻ ചന്ദ്രനെ “ആകാശ​ത്തി​ലെ വിശ്വ​സ്‌ത​സാ​ക്ഷി” എന്ന്‌ വിളി​ക്കു​ക​യു​ണ്ടാ​യി. (സങ്കീർത്ത​നം 89:37) ചന്ദ്രൻ രാത്രി​യിൽ ക്രമമാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാണ്‌ അവൻ അതിനെ അപ്രകാ​രം വിശേ​ഷി​പ്പി​ച്ചത്‌. ഈ അർഥത്തിൽ ചന്ദ്രൻ ആശ്രയ​യോ​ഗ്യ​ത പ്രകട​മാ​ക്കു​ന്നു. എന്നാൽ ഒരു വ്യക്തി വിശ്വ​സ്‌തത കാണി​ക്കു​ന്ന അതേ അർഥത്തിൽ ചന്ദ്രൻ വിശ്വ​സ്‌തത കാണി​ക്കു​ന്ന​താ​യി പറയാൻ സാധി​ക്കി​ല്ല. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഒരു വ്യക്തി പ്രകട​മാ​ക്കു​ന്ന വിശ്വ​സ്‌തത സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളി​വാണ്‌—അതു നിർജീവ വസ്‌തു​ക്കൾക്കു പ്രകട​മാ​ക്കാൻ കഴിയാത്ത ഒന്നാണ്‌.

ചന്ദ്രനെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി​യെന്നു വിളി​ച്ചി​രി​ക്കു​ന്നു, എന്നാൽ ബുദ്ധി​ശ​ക്തി​യു​ള്ള ജീവി​കൾക്കു മാത്രമേ യഥാർഥ​ത്തിൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ത​യെ പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയൂ

5 തിരു​വെ​ഴു​ത്തിൽ ദ്യോ​തി​പ്പി​ക്കു​ന്ന​പ്ര​കാ​രം, വിശ്വ​സ്‌തത ഊഷ്‌മ​ള​മാണ്‌. അതിന്റെ പ്രകട​നം​ത​ന്നെ ഈ ഗുണം പ്രകട​മാ​ക്കു​ന്ന വ്യക്തി​ക്കും അതിന്റെ പ്രയോ​ജ​നം അനുഭ​വി​ക്കു​ന്ന വ്യക്തി​ക്കും ഇടയിൽ ഒരു ബന്ധം സ്ഥിതി​ചെ​യ്യു​ന്നു എന്നു സൂചി​പ്പി​ക്കു​ന്നു. അത്തരം വിശ്വ​സ്‌തത അസ്ഥിരമല്ല. കാറ്റത്ത്‌ ഗതിമാ​റി​പ്പോ​കു​ന്ന തിരമാ​ല​കൾപോ​ലെയല്ല അത്‌. മറിച്ച്‌, ഏറ്റവും പ്രയാ​സ​ക​ര​മാ​യ പ്രതി​ബ​ന്ധ​ങ്ങ​ളെ പോലും തരണം ചെയ്യാ​നു​ള്ള സ്ഥിരത​യും കരുത്തും അതിനുണ്ട്‌.

6. (എ) മനുഷ്യ​രു​ടെ ഇടയിൽ വിശ്വ​സ്‌തത എത്ര​ത്തോ​ളം അപൂർവ​മാണ്‌, ബൈബിൾ ഇതു സംബന്ധിച്ച്‌ എന്തു സൂചന നൽകുന്നു? (ബി) വിശ്വ​സ്‌ത​ത​യിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പഠിക്കാ​നു​ള്ള ഏറ്റവും നല്ല മാർഗം എന്ത്‌, എന്തു​കൊണ്ട്‌?

6 അത്തരം വിശ്വ​സ്‌തത ഇന്ന്‌ അപൂർവ​മാണ്‌ എന്നതു ശരിതന്നെ. അടുത്ത ചങ്ങാതി​മാ​രാ​യി​രി​ക്കെ “പരസ്‌പ​രം പിച്ചി​ച്ചീ​ന്താൻ ചായ്‌വു” കാണി​ക്കു​ന്ന​വ​രെ ഇന്ന്‌ എവി​ടെ​യും കാണാം. തങ്ങളുടെ വിവാഹ ഇണകളെ ഉപേക്ഷി​ക്കു​ന്ന​വ​രെ കുറിച്ച്‌ നാം ധാരാളം കേൾക്കു​ന്നുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 18:24, NW; മലാഖി 2:14-16) വഞ്ചനാ​പ​ര​മാ​യ പ്രവൃ​ത്തി​കൾ വളരെ സാധാ​ര​ണ​മാ​യ​തു​കൊണ്ട്‌, “ഭക്തിമാൻ [“വിശ്വ​സ്‌തൻ,” NW] ഭൂമി​യിൽനി​ന്നു നശിച്ചു​പോ​യി” എന്ന്‌ മീഖാ പ്രവാ​ച​ക​ന്റെ വാക്കു​ക​ളോ​ടു നമ്മളും യോജി​ച്ചേ​ക്കാം. (മീഖാ 7:2) മനുഷ്യർ വിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മിക്ക​പ്പോ​ഴും പരാജ​യ​പ്പെ​ടു​ന്നെ​ങ്കി​ലും, അതുല്യ​മാ​യ വിധത്തിൽ യഹോവ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. വിശ്വ​സ്‌ത​ത​യിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നു​ള്ള ഏറ്റവും നല്ല മാർഗം യഹോവ തന്റെ സ്‌നേ​ഹ​ത്തി​ന്റെ ഈ മഹത്തായ വശം പ്രകട​മാ​ക്കു​ന്ന വിധം പരി​ശോ​ധി​ക്കു​ക​യാണ്‌.

യഹോ​വ​യു​ടെ അതുല്യ​മാ​യ വിശ്വ​സ്‌തത

7, 8. യഹോവ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

7 “നീ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ” എന്നു യഹോ​വ​യെ കുറിച്ച്‌ ബൈബിൾ പറയുന്നു. (വെളി​പ്പാ​ടു 15:4, NW) അത്‌ എങ്ങനെ? ചില സമയങ്ങ​ളിൽ മനുഷ്യ​രും ദൂതന്മാ​രും ശ്രദ്ധേ​യ​മാ​യ വിശ്വ​സ്‌തത പുലർത്തി​യി​ട്ടി​ല്ലേ? (ഇയ്യോബ്‌ 1:1; വെളി​പ്പാ​ടു 4:8) യേശു​ക്രി​സ്‌തു​വോ? അവൻ ദൈവ​ത്തോട്‌ അങ്ങേയറ്റം വിശ്വ​സ്‌തത പുലർത്തി​യി​ല്ലേ? (സങ്കീർത്ത​നം 16:10, NW) അപ്പോൾ യഹോവ മാത്ര​മാണ്‌ വിശ്വ​സ്‌തൻ എന്ന്‌ എങ്ങനെ പറയാൻ കഴിയും?

8 ആദ്യം​ത​ന്നെ വിശ്വ​സ്‌തത സ്‌നേ​ഹ​ത്തി​ന്റെ ഒരു വശം ആണെന്ന്‌ ഓർക്കുക. “ദൈവം സ്‌നേഹം” ആകയാൽ—അവൻ ഈ ഗുണത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വം ആകയാൽ—യഹോ​വ​യെ​ക്കാൾ തിക​വോ​ടെ ആർക്കാണ്‌ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ കഴിയുക? (1 യോഹ​ന്നാൻ 4:8) ദൂതന്മാ​രും മനുഷ്യ​രും ദൈവ​ത്തി​ന്റെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ച്ചേ​ക്കാം എന്നതു ശരിയാണ്‌, എന്നാൽ യഹോ​വ​യ്‌ക്കു മാത്രമേ അതി​ശ്രേ​ഷ്‌ഠ​മാ​യ അളവിൽ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ കഴിയു​ക​യു​ള്ളൂ. ‘നാളു​ക​ളിൽ പുരാ​ത​നൻ’ എന്ന നിലയിൽ, ഭൗമി​ക​മോ ആത്മീയ​മോ ആയ ഏതു സൃഷ്ടി​യെ​ക്കാ​ളു​മ​ധി​കം കാലം അവൻ വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. (ദാനീ​യേൽ 7:9, NW) അതു​കൊണ്ട്‌, യഹോവ വിശ്വ​സ്‌ത​ത​യു​ടെ മകു​ടോ​ദാ​ഹ​ര​ണ​മാണ്‌. ഒരു സൃഷ്ടി​ക്കും കിടനിൽക്കാൻ കഴിയാത്ത വിധത്തിൽ അവൻ ഈ ഗുണം പ്രകട​മാ​ക്കു​ന്നു. ചില ദൃഷ്ടാ​ന്ത​ങ്ങൾ പരിചി​ന്തി​ക്കു​ക.

9. യഹോവ തന്റെ “സകല പ്രവൃ​ത്തി​ക​ളി​ലും ദയാലു [“വിശ്വ​സ്‌തൻ,” NW]” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോവ ‘തന്റെ സകല പ്രവൃ​ത്തി​ക​ളി​ലും ദയാലു [“വിശ്വ​സ്‌തൻ,” NW] ആകുന്നു.’ (സങ്കീർത്ത​നം 145:17) ഏതുവി​ധ​ത്തിൽ? 136-ാം സങ്കീർത്ത​നം ഉത്തരം നൽകുന്നു. ചെങ്കട​ലി​ലൂ​ടെ​യു​ള്ള ഇസ്രാ​യേ​ല്യ​രു​ടെ വിടുതൽ ഉൾപ്പെടെ യഹോ​വ​യു​ടെ നിരവധി രക്ഷാ​പ്ര​വൃ​ത്തി​ക​ളെ കുറിച്ച്‌ അവിടെ പരാമർശി​ച്ചി​രി​ക്കു​ന്നു. ഈ സങ്കീർത്ത​ന​ത്തി​ലെ ഓരോ വാക്യ​വും “അവന്റെ സ്‌നേ​ഹ​ദയ [അല്ലെങ്കിൽ വിശ്വ​സ്‌തത] അനിശ്ചി​ത​കാ​ല​ത്തേ​ക്കു​ള്ളത്‌” (NW) എന്ന്‌ ഊന്നി​പ്പ​റ​യു​ന്നു. 289-ാം പേജിലെ ധ്യാനി​ക്കു​ന്ന​തി​നു​ള്ള ചോദ്യ​ങ്ങ​ളിൽ ഈ സങ്കീർത്ത​നം ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ആ വാക്യങ്ങൾ വായി​ക്കു​മ്പോൾ, യഹോവ തന്റെ ജനത്തോ​ടു സ്‌നേ​ഹ​ദയ പ്രകട​മാ​ക്കി​യി​രി​ക്കുന്ന അനേകം വിധങ്ങൾ നിങ്ങളിൽ തീർച്ച​യാ​യും മതിപ്പു​ള​വാ​ക്കും. അതേ, സഹായ​ത്തി​നാ​യു​ള്ള തന്റെ വിശ്വ​സ്‌ത ദാസന്മാ​രു​ടെ നിലവി​ളി​കൾ കേട്ടു​കൊ​ണ്ടും തക്കസമ​യ​ത്തു നടപടി എടുത്തു​കൊ​ണ്ടും യഹോവ അവരോ​ടു വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. (സങ്കീർത്ത​നം 34:6) അവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നി​ട​ത്തോ​ളം​കാ​ലം, അവരോ​ടു​ള്ള അവന്റെ വിശ്വ​സ്‌ത​മാ​യ സ്‌നേ​ഹ​ത്തിന്‌ യാതൊ​രു ഇളക്കവും സംഭവി​ക്കി​ല്ല.

10. യഹോവ തന്റെ നിലവാ​ര​ങ്ങ​ളോ​ടു​ള്ള ബന്ധത്തിൽ എങ്ങനെ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു?

10 ഇതിനു​പു​റ​മേ, തന്റെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനി​ന്നു​കൊണ്ട്‌ യഹോവ തന്റെ ദാസന്മാ​രോ​ടു​ള്ള വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. വെറും തോന്ന​ലി​നാ​ലോ വികാ​ര​ങ്ങ​ളാ​ലോ നയിക്ക​പ്പെ​ടു​ന്ന ചഞ്ചലചി​ത്ത​രാ​യ ചില മനുഷ്യ​രിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി യഹോവ ശരിയും തെറ്റും സംബന്ധിച്ച തന്റെ വീക്ഷണ​ത്തിൽനി​ന്നു വ്യതി​ച​ലി​ക്കു​ന്നി​ല്ല. സഹസ്രാ​ബ്ദ​ങ്ങ​ളിൽ ഉടനീളം ആത്മവിദ്യ, വിഗ്ര​ഹാ​രാ​ധന, കൊല​പാ​ത​കം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച അവന്റെ വീക്ഷണം മാറ്റമി​ല്ലാ​തെ തുടർന്നി​രി​ക്കു​ന്നു. “നിങ്ങളു​ടെ വാർദ്‌ധ​ക്യം​വ​രെ​യും ഞാൻ അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും” എന്ന്‌ തന്റെ പ്രവാ​ച​ക​നാ​യ യെശയ്യാ​വു മുഖാ​ന്ത​രം അവൻ അരുളി​ച്ചെ​യ്‌തു. (യെശയ്യാ​വു 46:4, പി.ഒ.സി. ബൈ.) അതു​കൊണ്ട്‌, ദൈവ​വ​ച​ന​ത്തിൽ കാണുന്ന വ്യക്തമായ ധാർമിക മാർഗ​നിർദേ​ശം അനുസ​രി​ക്കു​ന്നത്‌ പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തും എന്നതു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—യെശയ്യാ​വു 48:17-19.

11. യഹോവ തന്റെ വാഗ്‌ദത്ത വചന​ത്തോ​ടു വിശ്വ​സ്‌ത​നാണ്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌?

11 തന്റെ വാഗ്‌ദാ​ന​ങ്ങൾ പാലി​ച്ചു​കൊ​ണ്ടും യഹോവ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. അവൻ മുൻകൂ​ട്ടി പറയു​ന്ന​തെ​ല്ലാം നിവൃ​ത്തി​യേ​റു​ന്നു. അതു​കൊണ്ട്‌ യഹോവ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടു​ന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്ക​ലേ​ക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ള​തു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 55:11) തന്റെ വാക്കു​പാ​ലി​ച്ചു​കൊണ്ട്‌ യഹോവ തന്റെ ജനത്തോ​ടു വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. താൻ നിവർത്തി​ക്കാൻ ഉദ്ദേശി​ക്കു​ന്നി​ല്ലാ​ത്ത എന്തി​നെ​ങ്കി​ലും​വേ​ണ്ടി അവർ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കാൻ അവൻ ഇടയാ​ക്കു​ന്നി​ല്ല. ഈ കാര്യ​ത്തി​ലെ യഹോ​വ​യു​ടെ കീർത്തി പിൻവ​രു​ന്ന​പ്ര​കാ​രം പറയാൻ അവന്റെ ദാസനായ യോശു​വ​യെ പ്രേരി​പ്പി​ച്ചു: “യഹോവ യിസ്രാ​യേൽഗൃ​ഹ​ത്തോ​ടു അരുളി​ച്ചെ​യ്‌ത വാഗ്‌ദാ​ന​ങ്ങ​ളിൽ ഒന്നും വൃഥാ​വാ​കാ​തെ സകലവും നിവൃ​ത്തി​യാ​യി.” (യോശുവ 21:45) അതു​കൊണ്ട്‌ തന്റെ വാഗ്‌ദാ​ന​ങ്ങൾ പാലി​ക്കു​ന്ന​തി​ലു​ള്ള യഹോ​വ​യു​ടെ ഭാഗത്തെ ഏതെങ്കി​ലും പരാജയം നിമിത്തം നാം ഒരിക്ക​ലും നിരാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ലെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—യെശയ്യാ​വു 49:23; റോമർ 5:5.

12, 13. യഹോ​വ​യു​ടെ സ്‌നേ​ഹ​ദയ “അനിശ്ചി​ത​കാ​ല​ത്തേ​ക്കു​ള്ളത്‌” എന്നു പറയാൻ കഴിയു​ന്നത്‌ ഏതുവി​ധ​ങ്ങ​ളിൽ?

12 നേരത്തേ കണ്ടതു​പോ​ലെ, യഹോ​വ​യു​ടെ സ്‌നേ​ഹ​ദയ “അനിശ്ചി​ത​കാ​ല​ത്തേ​ക്കു​ള്ളത്‌” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്ത​നം 136:1, NW) ഇതു സത്യമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? യഹോവ പാപങ്ങളെ എന്നേക്കു​മാ​യി ക്ഷമിക്കു​ന്നു എന്നതാണ്‌ ഒരു സംഗതി. 26-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌ത​പ്ര​കാ​രം, ഒരു വ്യക്തി ചെയ്‌തു​പോ​യ തെറ്റുകൾ ക്ഷമിച്ച​ശേ​ഷം യഹോവ അത്‌ പിന്നീ​ടൊ​രി​ക്കൽ കുത്തി​പ്പൊ​ക്കു​ന്നി​ല്ല. “എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജ​സ്സു ഇല്ലാത്ത​വ​രാ​യി”ത്തീർന്ന​തി​നാൽ, യഹോ​വ​യു​ടെ സ്‌നേ​ഹ​ദയ അനിശ്ചി​ത​കാ​ല​ത്തോ​ളം നിലനിൽക്കു​ന്ന​തിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും നന്ദിയു​ള്ള​വർ ആയിരി​ക്കാം.—റോമർ 3:23.

13 എന്നാൽ മറ്റൊ​രർഥ​ത്തി​ലും യഹോ​വ​യു​ടെ സ്‌നേ​ഹ​ദയ അനിശ്ചി​ത​കാ​ല​ത്തേക്ക്‌ ഉള്ളതാ​ണെ​ന്നു പറയാൻ കഴിയും. നീതി​മാൻ “ആററരി​ക​ത്തു നട്ടിരി​ക്കു​ന്ന​തും തക്കകാ​ല​ത്തു ഫലം കായ്‌ക്കു​ന്ന​തും ഇല വാടാ​ത്ത​തു​മാ​യ വൃക്ഷം​പോ​ലെ ഇരിക്കും; അവൻ ചെയ്യു​ന്ന​തൊ​ക്കെ​യും സാധി​ക്കും” എന്ന്‌ യഹോ​വ​യു​ടെ വചനം പറയുന്നു. (സങ്കീർത്ത​നം 1:3) ഒരിക്ക​ലും ഇല വാടാത്ത ഒരു വൃക്ഷത്തെ കുറിച്ചു സങ്കൽപ്പി​ക്കു​ക! നാം ദൈവ​വ​ച​ന​ത്തിൽ യഥാർഥ ഉല്ലാസം കണ്ടെത്തു​ന്നെ​ങ്കിൽ, നമ്മുടെ ജീവിതം സുദീർഘ​വും സമാധാ​ന​പ​ര​വും സംതൃ​പ്‌തി​ദാ​യ​ക​വും ആയിരി​ക്കും. യഹോവ വിശ്വ​സ്‌ത​ത​യോ​ടെ തന്റെ വിശ്വ​സ്‌ത ദാസന്മാർക്കു നൽകുന്ന അനു​ഗ്ര​ഹ​ങ്ങൾ നിലനിൽക്കു​ന്ന​വ​യാണ്‌. തീർച്ച​യാ​യും, യഹോവ ആനയി​ക്കു​ന്ന നീതി​യു​ള്ള പുതി​യ​ലോ​ക​ത്തിൽ അനുസ​ര​ണ​മു​ള്ള മനുഷ്യ​വർഗം നിത്യ​ത​യി​ലു​ട​നീ​ളം അവന്റെ സ്‌നേ​ഹ​ദയ അനുഭ​വി​ച്ച​റി​യും.—വെളി​പ്പാ​ടു 21:3-5.

യഹോവ ‘തന്റെ വിശ്വ​സ്‌ത​രെ ഉപേക്ഷി​ക്കു​ക​യി​ല്ല’

14. യഹോവ തന്റെ ദാസന്മാ​രു​ടെ വിശ്വ​സ്‌ത​ത​യോട്‌ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

14 യഹോവ കൂടെ​ക്കൂ​ടെ തന്റെ വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. അവൻ തന്റെ വിശ്വ​സ്‌ത ദാസന്മാ​രോ​ടു കാട്ടുന്ന വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരിക്ക​ലും മങ്ങലേൽക്കു​ക​യി​ല്ല. കാരണം അവൻ പൂർണ​മാ​യ അർഥത്തിൽ സ്ഥിരത​യു​ള്ള​വ​നാണ്‌. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല. യഹോവ ന്യായ​പ്രി​യ​നാ​കു​ന്നു; തന്റെ വിശു​ദ്ധ​ന്മാ​രെ [“വിശ്വ​സ്‌ത​രെ,” NW] ഉപേക്ഷി​ക്കു​ന്ന​തു​മി​ല്ല.” (സങ്കീർത്ത​നം 37:25, 28) സ്രഷ്ടാ​വെന്ന നിലയിൽ യഹോവ നമ്മുടെ ആരാധന അർഹി​ക്കു​ന്നു എന്നതു ശരിതന്നെ. (വെളി​പ്പാ​ടു 4:11) എന്നിരു​ന്നാ​ലും, യഹോവ വിശ്വ​സ്‌ത​നാ​ക​യാൽ, നമ്മുടെ വിശ്വ​സ്‌ത പ്രവർത്ത​ന​ങ്ങ​ളെ അവൻ വിലമ​തി​ക്കു​ന്നു.—മലാഖി 3:16, 17.

15. ഇസ്രാ​യേ​ലു​മാ​യു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ അവന്റെ വിശ്വ​സ്‌ത​ത​യെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു വിശദീ​ക​രി​ക്കു​ക.

15 തന്റെ ജനം അരിഷ്ട​ത​യിൽ ആയിരി​ക്കു​മ്പോ​ഴെ​ല്ലാം അവരുടെ സഹായ​ത്തി​നെ​ത്താൻ സ്‌നേ​ഹ​ദയ യഹോ​വ​യെ പ്രേരി​പ്പി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ നമ്മോടു പറയുന്നു: “അവൻ തന്റെ ഭക്തന്മാ​രു​ടെ [“വിശ്വ​സ്‌ത​രു​ടെ,” NW] പ്രാണ​ങ്ങ​ളെ കാക്കുന്നു; ദുഷ്ടന്മാ​രു​ടെ കയ്യിൽനി​ന്നു അവരെ വിടു​വി​ക്കു​ന്നു.” (സങ്കീർത്ത​നം 97:10) ഇസ്രാ​യേൽ ജനതയു​മാ​യു​ള്ള അവന്റെ ഇടപെ​ട​ലു​ക​ളെ കുറിച്ചു ചിന്തി​ക്കു​ക. ചെങ്കട​ലി​ലൂ​ടെ​യു​ള്ള അവരുടെ വിടു​ത​ലി​നു​ശേ​ഷം ഇസ്രാ​യേ​ല്യർ യഹോ​വ​യ്‌ക്കു​ള്ള ഗീതത്തിൽ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “നീ വീണ്ടെ​ടു​ത്തി​രി​ക്കു​ന്ന ജനത്തെ നീ നിന്റെ സ്‌നേ​ഹ​ദ​യ​യിൽ [അല്ലെങ്കിൽ “വിശ്വ​സ്‌ത സ്‌നേ​ഹ​ത്തിൽ,” അടിക്കു​റിപ്പ്‌] നയിച്ചി​രി​ക്കു​ന്നു.” (പുറപ്പാ​ടു 15:13, NW) ചെങ്കട​ലി​ലെ വിടുതൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകടനം ആയിരു​ന്നു. അതു​കൊണ്ട്‌ മോശെ ഇസ്രാ​യേ​ല്യ​രെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സംഖ്യ​യിൽ സകലജാ​തി​ക​ളെ​ക്കാ​ളും പെരു​പ്പ​മു​ള്ള​വ​രാ​ക​കൊ​ണ്ടല്ല യഹോവ നിങ്ങളെ പ്രിയ​പ്പെ​ട്ടു തിര​ഞ്ഞെ​ടു​ത്ത​തു; നിങ്ങൾ സകലജാ​തി​ക​ളെ​ക്കാ​ളും കുറഞ്ഞ​വ​ര​ല്ലോ ആയിരു​ന്ന​തു. യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രോ​ടു താൻ ചെയ്‌ത സത്യം പാലി​ക്കു​ന്ന​തു​കൊ​ണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറ​പ്പെ​ടു​വി​ച്ചു അടിമ​വീ​ടാ​യ മിസ്ര​യീ​മി​ലെ രാജാ​വാ​യ ഫറവോ​ന്റെ കയ്യിൽനി​ന്നു വീണ്ടെ​ടു​ത്തത്‌.”—ആവർത്ത​ന​പു​സ്‌ത​കം 7:7, 8.

16, 17. (എ) ഇസ്രാ​യേ​ല്യർ ഞെട്ടി​ക്കു​ന്ന ഏത്‌ നന്ദിയി​ല്ലാ​യ്‌മ പ്രകട​മാ​ക്കി, എന്നിരു​ന്നാ​ലും യഹോവ അവരോട്‌ അനുകമ്പ കാണി​ച്ചത്‌ എങ്ങനെ? (ബി) ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും ‘ഉപശാ​ന്തി​യി​ല്ലാ’താകും​വ​ണ്ണം പ്രവർത്തി​ച്ചത്‌ എങ്ങനെ, ഇതു നമുക്ക്‌ എന്തു മുന്നറി​യി​പ്പിൻ ദൃഷ്ടാന്തം നൽകുന്നു?

16 തീർച്ച​യാ​യും, ഒരു ജനതയെന്ന നിലയിൽ ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യോ​ടു നന്ദി പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടു, അവരുടെ വിടു​ത​ലി​നു​ശേ​ഷം “അവർ അവനോ​ടു പാപം ചെയ്‌തു; അത്യു​ന്ന​ത​നോ​ടു മരുഭൂ​മി​യിൽവെ​ച്ചു മത്സരി​ച്ചു​കൊ​ണ്ടി​രു​ന്നു.” (സങ്കീർത്ത​നം 78:17) നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം അവർ വീണ്ടും വീണ്ടും മത്സരി​ക്കു​ക​യും യഹോ​വ​യെ ഉപേക്ഷിച്ച്‌ ഹീനമായ പുറജാ​തീ​യ ആചാര​ങ്ങ​ളി​ലേ​ക്കും വ്യാജ​ദൈ​വ​ങ്ങ​ളി​ലേ​ക്കും തിരി​യു​ക​യും ചെയ്‌തു. എന്നിട്ടും യഹോവ തന്റെ ഉടമ്പടി ലംഘി​ച്ചി​ല്ല. പകരം, പ്രവാ​ച​ക​നാ​യ യിരെ​മ്യാവ്‌ മുഖാ​ന്ത​രം യഹോവ തന്റെ ജനത്തോട്‌ അപേക്ഷി​ച്ചു: “വിശ്വാ​സ​ത്യാ​ഗി​നി​യായ യിസ്രാ​യേ​ലേ, മടങ്ങി​വ​രി​ക. . . . ഞാൻ നിങ്ങ​ളോ​ടു കോപം​കാ​ണി​ക്ക​യി​ല്ല; ഞാൻ കരുണ​യു​ള്ള​വൻ [“വിശ്വ​സ്‌തൻ,” NW].” (യിരെ​മ്യാ​വു 3:12) എന്നാൽ 25-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും മാറ്റം​വ​രു​ത്താൻ പ്രേരി​ത​രാ​യി​ല്ല. തീർച്ച​യാ​യും, “അവരോ ദൈവ​ത്തി​ന്റെ ദൂതന്മാ​രെ പരിഹ​സി​ച്ചു അവന്റെ വാക്കു​ക​ളെ നിരസി​ച്ചു . . . അവന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദി​ച്ചു​ക​ള​ഞ്ഞു.” ഫലമെ​ന്താ​യി​രു​ന്നു? ഒടുവിൽ, “ഉപശാ​ന്തി​യി​ല്ലാ​താ​കും​വണ്ണം യഹോ​വ​യു​ടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലി”ച്ചു.—2 ദിനവൃ​ത്താ​ന്തം 36:15, 16.

17 നാം ഇതിൽനിന്ന്‌ എന്തു പഠിക്കു​ന്നു? യഹോവ അന്ധമായി വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നി​ല്ല, നമുക്ക്‌ അവന്റെ വിശ്വ​സ്‌ത​ത​യെ മുത​ലെ​ടു​ക്കാ​നു​മാ​വില്ല. യഹോവ ‘സ്‌നേ​ഹ​ദയ സമൃദ്ധ​മാ​യി ഉള്ളവൻ’ ആണെന്ന​തും അടിസ്ഥാ​ന​മു​ള്ള​പ്പോൾ കരുണ കാണി​ക്കാൻ അവൻ സന്തോ​ഷ​മു​ള്ള​വ​നാണ്‌ എന്നതും സത്യം​ത​ന്നെ. എന്നാൽ ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ നേരെ​യാ​ക്കാൻ കഴിയാ​ത്ത​വി​ധം ദുഷ്ടനാ​ണെ​ന്നു തെളി​യു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? അങ്ങനെ​യു​ള്ള സന്ദർഭ​ത്തിൽ യഹോവ തന്റെ നീതി​നി​ഷ്‌ഠ​മാ​യ സ്വന്തം നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ക​യും അയാളെ പ്രതി​കൂ​ല​മാ​യി ന്യായം​വി​ധി​ക്കു​ക​യും ചെയ്യുന്നു. മോ​ശെ​യോ​ടു പറയ​പ്പെ​ട്ട​തു​പോ​ലെ “യാതൊ​രു പ്രകാ​ര​ത്തി​ലും [യഹോവ] ശിക്ഷയിൽനിന്ന്‌ ഒഴിവു​നൽകു​ക​യി​ല്ല.”—പുറപ്പാ​ടു 34:6, 7, NW.

18, 19. (എ) യഹോവ ദുഷ്ടന്മാ​രെ ശിക്ഷി​ക്കു​ന്നത്‌ വിശ്വ​സ്‌ത​ത​യു​ടെ ഒരു പ്രകടനം ആയിരി​ക്കു​ന്നത്‌ എങ്ങനെ? (ബി) മരണ​ത്തോ​ളം പീഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള തന്റെ ദാസന്മാ​രോ​ടു യഹോവ ഏതു വിധത്തിൽ വിശ്വ​സ്‌തത പ്രകട​മാ​ക്കും?

18 ദൈവം ദുഷ്ടന്മാർക്കു കൊടു​ക്കു​ന്ന ശിക്ഷ അതിൽത്ത​ന്നെ വിശ്വ​സ്‌ത​ത​യു​ടേ​തായ ഒരു പ്രവൃ​ത്തി​യാണ്‌. എങ്ങനെ? വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ യഹോവ ഏഴു ദൂതന്മാർക്കു കൊടു​ക്കു​ന്ന കൽപ്പന​ക​ളിൽ ഒരു സൂചന കാണുന്നു: “നിങ്ങൾ പോയി ക്രോ​ധ​ക​ല​ശം ഏഴും ഭൂമി​യിൽ ഒഴിച്ചു​ക​ള​വിൻ.” മൂന്നാ​മ​ത്തെ ദൂതൻ തന്റെ കലശം “നദിക​ളി​ലും നീരു​റ​വു​ക​ളി​ലും” ഒഴിച്ച​പ്പോൾ അവ രക്തമായി. അപ്പോൾ ദൂതൻ യഹോ​വ​യോട്‌ ഇങ്ങനെ പറയു​ന്ന​താ​യി നാം വായി​ക്കു​ന്നു: “ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നു​മാ​യി പരിശു​ദ്ധ​നാ​യു​ള്ളോ​വേ [“വിശ്വ​സ്‌ത​നാ​യ​വ​നേ,” NW] നീ ഇങ്ങനെ ന്യായം വിധി​ച്ച​തു​കൊ​ണ്ടു നീതി​മാൻ ആകുന്നു. വിശു​ദ്ധ​ന്മാ​രു​ടെ​യും പ്രവാ​ച​ക​ന്മാ​രു​ടെ​യും രക്തം അവർ ചിന്നി​ച്ച​തു​കൊ​ണ്ടു നീ അവർക്കു രക്തം കുടി​പ്പാൻ കൊടു​ത്തു; അതിന്നു അവർ യോഗ്യർ തന്നേ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—വെളി​പ്പാ​ടു 16:1-6.

മരണ​ത്തോ​ളം വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​ട്ടു​ള്ള​വരെ യഹോവ വിശ്വ​സ്‌ത​ത​യോ​ടെ ഓർക്കു​ക​യും അവരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ക​യും ചെയ്യും

19 ന്യായ​വി​ധി സന്ദേശം അറിയി​ക്കു​ന്ന​തി​നി​ട​യ്‌ക്ക്‌, ദൂതൻ യഹോ​വ​യെ ‘വിശ്വ​സ്‌ത​നാ​യ​വൻ’ എന്നു പരാമർശി​ക്കു​ന്ന​തു ശ്രദ്ധി​ക്കു​ക. ഈ പരാമർശം ഉചിത​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ക​വ​ഴി യഹോവ തന്റെ ദാസന്മാ​രോ​ടു വിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌, അവരിൽ അനേക​രും മരണ​ത്തോ​ളം പീഡി​പ്പി​ക്ക​പ്പെ​ട്ട​വ​രാണ്‌. യഹോവ വിശ്വ​സ്‌ത​ത​യോ​ടെ അത്തരം ആളുകളെ തന്റെ ഓർമ​യിൽ സൂക്ഷി​ക്കു​ന്നു. മരണത്തിൽ നിദ്ര​കൊ​ള്ളു​ന്ന വിശ്വ​സ്‌ത​രാ​യ ഈ വ്യക്തി​ക​ളെ വീണ്ടും കാണാൻ അവൻ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു. ഒരു പുനരു​ത്ഥാ​ന​ത്താൽ അവർക്കു പ്രതി​ഫ​ലം കൊടു​ക്കു​ക എന്നതാണ്‌ അവന്റെ ഉദ്ദേശ്യ​മെ​ന്നു ബൈബിൾ സ്ഥിരീ​ക​രി​ക്കു​ന്നു. (ഇയ്യോബ്‌ 14:14, 15) തന്റെ ഈ വിശ്വ​സ്‌ത ദാസന്മാർ ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്നി​ല്ല എന്നതു​കൊണ്ട്‌ യഹോവ അവരെ മറക്കു​ന്നി​ല്ല. മറിച്ച്‌, അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം അവർ ‘എല്ലാവ​രും ജീവി​ച്ചി​രി​ക്കു​ന്നു.’ (ലൂക്കൊസ്‌ 20:37, 38) തന്റെ ഓർമ​യി​ലു​ള്ള​വ​രെ ജീവനി​ലേ​ക്കു തിരികെ വരുത്താ​നു​ള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം അവന്റെ വിശ്വ​സ്‌ത​ത​യു​ടെ ശക്തമായ തെളി​വാണ്‌.

ബെർണാർഡ്‌ ല്യോ​മ​സും (ഇടത്ത്‌) വോൾഫ്‌ഗാങ്‌ കുസ്സ​റോ​യും (മധ്യത്തിൽ) നാസി​ക​ളാൽ വധിക്ക​പ്പെ​ട്ടു

മോസസ്‌ ന്യാമൂ​സൂ​വാ​യെ (വലത്ത്‌) ഒരു രാഷ്‌ട്രീ​യ സംഘം കുന്തം​കൊ​ണ്ടു കുത്തി​ക്കൊ​ന്നു

യഹോ​വ​യു​ടെ വിശ്വ​സ്‌ത സ്‌നേഹം രക്ഷയുടെ വഴി തുറക്കു​ന്നു

20. ‘കരുണാ​പാ​ത്ര​ങ്ങൾ’ ആരാണ്‌, യഹോവ അവരോ​ടു വിശ്വ​സ്‌തത കാണി​ക്കു​ന്നത്‌ എങ്ങനെ?

20 ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോവ വിശ്വ​സ്‌ത മനുഷ്യ​രോട്‌ ശ്രദ്ധേ​യ​മാ​യ വിശ്വ​സ്‌തത കാണി​ച്ചി​ട്ടുണ്ട്‌. ആയിര​ക്ക​ണ​ക്കി​നു വർഷമാ​യി യഹോവ ‘നാശ​യോ​ഗ്യ​മാ​യ കോപ​പാ​ത്ര​ങ്ങ​ളെ വളരെ ദീർഘ​ക്ഷ​മ​യോ​ടെ സഹിച്ചി​രി​ക്കു​ന്നു.’ എന്തിനു​വേ​ണ്ടി? ‘തേജസ്സി​ന്നാ​യി മുന്നൊ​രു​ക്കി​യ കരുണാ​പാ​ത്ര​ങ്ങ​ളിൽ തന്റെ തേജസ്സി​ന്റെ ധനം വെളി​പ്പെ​ടു​ത്തു​വാൻ.’ (റോമർ 9:22, 23) ഈ ‘കരുണാ​പാ​ത്ര​ങ്ങൾ’ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ അവന്റെ രാജ്യ​ത്തിൽ കൂട്ടവ​കാ​ശി​ക​ളാ​യി​രി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം ചെയ്യ​പ്പെ​ടു​ന്ന നീതി​സ്‌നേ​ഹി​ക​ളാണ്‌. (മത്തായി 19:28) ഈ കരുണാ​പാ​ത്ര​ങ്ങൾക്ക്‌ രക്ഷയുടെ മാർഗം തുറന്നു​കൊ​ടു​ത്തു​കൊണ്ട്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു വിശ്വ​സ്‌തത പാലിച്ചു. കാരണം യഹോവ അവനു​മാ​യി ഇങ്ങനെ​യൊ​രു ഉടമ്പടി ചെയ്‌തി​രു​ന്നു: “നീ എന്റെ വാക്കു അനുസ​രി​ച്ച​തു​കൊ​ണ്ടു നിന്റെ സന്തതി മുഖാ​ന്ത​രം ഭൂമി​യി​ലു​ള്ള സകലജാ​തി​ക​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.”—ഉല്‌പത്തി 22:18.

യഹോവ വിശ്വ​സ്‌ത​നാ​യ​തു​കൊണ്ട്‌ അവന്റെ സകല വിശ്വ​സ്‌ത​ദാ​സ​ന്മാർക്കും ആശ്രയ​യോ​ഗ്യ​മാ​യ ഒരു ഭാവി പ്രത്യാശയുണ്ട്‌

21. (എ) “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കു​ക​യെന്ന പ്രത്യാ​ശ​യു​ള്ള “ഒരു മഹാപു​രു​ഷാ​ര”ത്തോടു യഹോവ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹോ​വ​യു​ടെ വിശ്വ​സ്‌തത എന്തു​ചെ​യ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു?

21 “മഹോ​പ​ദ്രവ”ത്തിൽനിന്ന്‌ (NW) പുറത്തു​വന്ന്‌ ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നു​ള്ള പ്രതീക്ഷ പുലർത്തു​ന്ന “ഒരു മഹാപു​രു​ഷാ​ര”ത്തോടും യഹോവ സമാന​മാ​യ വിശ്വ​സ്‌തത കാണി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 10, 14) തന്റെ ദാസന്മാർ അപൂർണ​രാ​ണെ​ങ്കി​ലും, ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നു​ള്ള അവസരം യഹോവ വിശ്വ​സ്‌ത​മാ​യി അവർക്കു പ്രദാനം ചെയ്യുന്നു. അവൻ അതു ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌? യഹോ​വ​യു​ടെ വിശ്വ​സ്‌ത​ത​യു​ടെ ഏറ്റവും വലിയ പ്രകട​ന​മാ​യ മറുവില മുഖാ​ന്ത​രം. (യോഹ​ന്നാൻ 3:16; റോമർ 5:8) നീതി​ക്കു​വേ​ണ്ടി വിശക്കു​ന്ന​വ​രെ യഹോ​വ​യു​ടെ വിശ്വ​സ്‌തത ‘ആകർഷി​ക്കു​ന്നു.’ (യിരെ​മ്യാ​വു 31:3, NW) യഹോവ കാണി​ച്ചി​രി​ക്കു​ന്ന​തും ഇനി കാണി​ക്കാ​നി​രി​ക്കു​ന്ന​തു​മായ അഗാധ​മാ​യ വിശ്വ​സ്‌തത നിങ്ങളെ അവനി​ലേക്ക്‌ അടുപ്പി​ച്ചി​രി​ക്കു​ന്ന​താ​യി തോന്നു​ന്നി​ല്ലേ? ദൈവ​ത്തോട്‌ അടുക്കാൻ നാം ആഗ്രഹി​ക്കു​ന്ന​തി​നാൽ, അവനെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നു​ള്ള നമ്മുടെ തീരു​മാ​ന​ത്തെ ബലിഷ്‌ഠ​മാ​ക്കി​ക്കൊണ്ട്‌ അവന്റെ സ്‌നേ​ഹ​ത്തോ​ടു നമുക്കു പ്രതി​ക​രി​ക്കാം.