വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 31

“ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും”

“ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും”

1-3. (എ) മാതാ​പി​താ​ക്ക​ളും അവരുടെ കുഞ്ഞും തമ്മിലുള്ള ഇടപെടൽ നിരീ​ക്ഷി​ക്കു​ന്ന​തി​നാൽ മനുഷ്യ​സ്വ​ഭാ​വ​ത്തെ കുറിച്ചു നമുക്ക്‌ എന്തു പഠിക്കാ​നാ​കും? (ബി) ആരെങ്കി​ലും നമ്മോടു സ്‌നേഹം കാണി​ക്കു​മ്പോൾ അതി​നോ​ടു​ള്ള നമ്മുടെ സ്വാഭാ​വി​ക പ്രതി​ക​ര​ണം എന്താണ്‌, നമുക്കു നമ്മോ​ടു​ത​ന്നെ പ്രധാ​ന​പ്പെട്ട ഏതു ചോദ്യം ചോദി​ക്കാൻ കഴിയും?

 തങ്ങളുടെ കുഞ്ഞിന്റെ പുഞ്ചിരി കാണാൻ ഇഷ്ടമി​ല്ലാ​ത്ത മാതാ​പി​താ​ക്കൾ ഉണ്ടോ? തങ്ങളുടെ മുഖം കുഞ്ഞിന്റെ മുഖ​ത്തോട്‌ അടുപ്പിച്ച്‌, ഭാവ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ കൊഞ്ചിച്ച്‌ അവർ അതിനെ ചിരി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു. താമസി​യാ​തെ ആ കുഞ്ഞി​ക്ക​വി​ളിൽ നുണക്കു​ഴി തെളി​യു​ന്നു, ചുണ്ടിൽ പാൽപ്പു​ഞ്ചി​രി വിരി​യു​ന്നു. ആ പുഞ്ചി​രി​യിൽ തെളി​യു​ന്നത്‌ സ്‌നേ​ഹ​മാണ്‌—മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​ത്തോ​ടു​ള്ള പ്രതി​ക​ര​ണ​മാ​യി കുഞ്ഞ്‌ നടത്തുന്ന ആദ്യത്തെ സ്‌നേ​ഹ​പ്ര​ക​ട​നം.

2 ഒരു കുഞ്ഞിന്റെ ചിരി മനുഷ്യ​സ്വ​ഭാ​വം സംബന്ധിച്ച്‌ പ്രാധാ​ന്യ​മു​ള്ള ഒരു സംഗതി നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. സ്‌നേ​ഹ​ത്തോ​ടു​ള്ള നമ്മുടെ സ്വാഭാ​വി​ക പ്രതി​ക​ര​ണം സ്‌നേ​ഹ​മാണ്‌. കാരണം ആ വിധത്തി​ലാണ്‌ നാം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (സങ്കീർത്ത​നം 22:9) നാം വളരു​മ്പോൾ സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്കാ​നു​ള്ള പ്രാപ്‌തി​യിൽ നാം പക്വത പ്രാപി​ക്കു​ന്നു. നിങ്ങൾ കുട്ടി​യാ​യി​രി​ക്കെ, നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും ബന്ധുക്ക​ളും കൂട്ടു​കാ​രും നിങ്ങ​ളോ​ടു സ്‌നേഹം പ്രകടി​പ്പി​ച്ചത്‌ ഒരുപക്ഷേ നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും. നിങ്ങളു​ടെ ഹൃദയ​ത്തിൽ ഒരു ഊഷ്‌മള വികാരം നാമ്പെ​ടു​ത്തു, അതു വളർന്ന്‌ നിങ്ങളെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കാൻ തുടങ്ങി. നിങ്ങൾ തിരിച്ചു നിങ്ങളു​ടെ സ്‌നേഹം പ്രകട​മാ​ക്കി. സമാന​മാ​യ ഒരു പ്രക്രിയ യഹോ​വ​യാം ദൈവ​വു​മാ​യു​ള്ള നിങ്ങളു​ടെ ബന്ധത്തിൽ സംഭവി​ക്കു​ന്നു​ണ്ടോ?

3 “അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടു നാം സ്‌നേ​ഹി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 4:19) യഹോ​വ​യാം ദൈവം നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി തന്റെ ശക്തിയും നീതി​യും ജ്ഞാനവും സ്‌നേ​ഹ​നിർഭ​ര​മാ​യ വിധത്തിൽ വിനി​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി ഈ പുസ്‌ത​ക​ത്തി​ന്റെ 1 മുതൽ 3 വരെയുള്ള ഭാഗങ്ങ​ളിൽ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യു​ണ്ടാ​യി. 4-ാം ഭാഗത്തിൽ അവൻ മനുഷ്യ​വർഗ​ത്തോ​ടും​—വ്യക്തി​പ​ര​മാ​യി നിങ്ങ​ളോ​ടും​—ശ്രദ്ധേ​യ​മാ​യ വിധങ്ങ​ളിൽ നേരിട്ടു തന്റെ സ്‌നേഹം പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടു. ഇപ്പോൾ ഒരു ചോദ്യം ഉദിക്കു​ന്നു. യഥാർഥ​ത്തിൽ, അതു നിങ്ങൾ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട ചോദ്യ​മാണ്‌: ‘യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു ഞാൻ എങ്ങനെ പ്രതി​ക​രി​ക്കും?’

ദൈവത്തെ സ്‌നേ​ഹി​ക്കു​ക എന്നതിന്റെ അർഥം

4. ദൈവത്തെ സ്‌നേ​ഹി​ക്കു​ക എന്നതിന്റെ അർഥം സംബന്ധിച്ച്‌ ആളുകൾ ഏതു വിധത്തിൽ ആശയക്കു​ഴ​പ്പ​ത്തിൽ ആയിരി​ക്കു​ന്നു?

4 സ്‌നേ​ഹ​ത്തിന്‌ മറ്റുള്ള​വ​രി​ലെ ഏറ്റവും നല്ല ഗുണങ്ങൾ പുറത്തു​കൊ​ണ്ടു​വ​രാ​നുള്ള വമ്പിച്ച ശക്തിയു​ണ്ടെന്ന്‌ സ്‌നേ​ഹ​ത്തി​ന്റെ ഉറവി​ട​മാ​യ യഹോ​വ​യ്‌ക്കു നന്നായി അറിയാം. അതു​കൊണ്ട്‌ അവിശ്വ​സ്‌ത​രാ​യ മനുഷ്യ​വർഗം തന്നോടു നിരന്തരം മത്സരി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെങ്കി​ലും ചില മനുഷ്യർ തന്റെ സ്‌നേ​ഹ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​മെന്ന ബോധ്യം ദൈവ​ത്തി​നു​ണ്ടാ​യി​രു​ന്നു. തീർച്ച​യാ​യും ദശലക്ഷങ്ങൾ അതി​നോ​ടു പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു. എന്നാൽ, സങ്കടക​ര​മെ​ന്നു പറയട്ടെ, ഈ ദുഷിച്ച ലോക​ത്തി​ലെ മതങ്ങൾ, ദൈവത്തെ സ്‌നേ​ഹി​ക്കു​ക എന്നതിന്റെ അർഥം സംബന്ധിച്ച്‌ ആളുകളെ ആശയക്കു​ഴ​പ്പ​ത്തിൽ ആക്കിയി​രി​ക്കു​ക​യാണ്‌. തങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ അനേക​രും പറയുന്നു. എന്നാൽ അത്തരം സ്‌നേഹം വാക്കു​ക​ളാൽ പ്രകടി​പ്പി​ക്കേണ്ട ഒരു വികാരം മാത്ര​മാ​ണെന്ന്‌ അവർ വിചാ​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്തി​ന്റെ തുടക്കം ആ വിധത്തിൽ ആയിരി​ക്കാം, ഒരു കുഞ്ഞ്‌ മാതാ​പി​താ​ക്ക​ളോ​ടുള്ള തന്റെ സ്‌നേഹം ആദ്യം ഒരു ചിരി​യാൽ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ. എന്നാൽ മുതിർന്ന​വ​രു​ടെ, സ്‌നേ​ഹ​ത്തിൽ അതില​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

5. ബൈബിൾ ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്തെ എങ്ങനെ നിർവ​ചി​ക്കു​ന്നു, ആ നിർവ​ച​നം നമുക്ക്‌ ആകർഷ​ക​മാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 തന്നെ സ്‌നേ​ഹി​ക്കു​ക എന്നതിന്റെ അർഥം എന്താ​ണെന്ന്‌ യഹോവ വിവരി​ക്കു​ന്നു. അവന്റെ വചനം ഇങ്ങനെ പറയുന്നു: “അവന്റെ കല്‌പ​ന​ക​ളെ പ്രമാ​ണി​ക്കു​ന്ന​ത​ല്ലോ ദൈവ​ത്തോ​ടു​ള്ള സ്‌നേഹം.” അതേ, ദൈവ​ത്തോ​ടു​ള്ള സ്‌നേഹം പ്രവൃ​ത്തി​യി​ലൂ​ടെ പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌. അനുസ​രി​ക്കു​ക എന്നതു പലർക്കും ഇഷ്ടമുള്ള കാര്യമല്ല എന്നത്‌ ശരിയാണ്‌. എന്നാൽ അതേ വാക്യം ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “അവന്റെ കലപ്‌ന​കൾ ഭാരമു​ള്ള​വ​യല്ല.” (1 യോഹ​ന്നാൻ 5:3) യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും നമ്മെ ഞെരു​ക്കാ​നല്ല, മറിച്ച്‌ നമുക്കു പ്രയോ​ജ​നം ചെയ്യാൻ ഉദ്ദേശി​ച്ചു​ള്ള​താണ്‌. (യെശയ്യാ​വു 48:17, 18) ദൈവ​വ​ച​ന​ത്തിൽ നിറയെ, ദൈവ​ത്തോട്‌ അടുത്തു ചെല്ലാൻ നമ്മെ സഹായി​ക്കു​ന്ന തത്ത്വങ്ങൾ ഉണ്ട്‌. ഏതുവി​ധ​ത്തിൽ? ദൈവ​ത്തോ​ടു​ള്ള നമ്മുടെ ബന്ധത്തിന്റെ മൂന്നു വശങ്ങൾ നമുക്കു പുനര​വ​ലോ​ക​നം ചെയ്യാം. ഇവയിൽ ആശയവി​നി​മ​യം, ആരാധന, അനുക​ര​ണം എന്നിവ ഉൾപ്പെ​ടു​ന്നു.

യഹോ​വ​യു​മാ​യി ആശയവി​നി​മ​യം നടത്തൽ

6-8. (എ) നമുക്ക്‌ യഹോ​വ​യെ എന്തു മുഖേന ശ്രദ്ധി​ക്കാ​നാ​കും? (ബി) തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​മ്പോൾ അവയെ നമുക്ക്‌ എങ്ങനെ ജീവസ്സു​റ്റ​താ​ക്കാം?

6 “ദൈവ​വു​മാ​യി ഒരു സംഭാ​ഷ​ണം നടത്തു​ന്ന​തി​നെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പി​ക്കാ​നാ​കു​മോ?” എന്ന ചോദ്യം ചോദി​ച്ചു​കൊ​ണ്ടാണ്‌ 1-ാം അധ്യായം തുടങ്ങി​യത്‌. ഇത്‌ സാങ്കൽപ്പി​ക​മാ​യ ഒരു ആശയമ​ല്ലെ​ന്നു നാം കണ്ടു. മോശെ, ഫലത്തിൽ അത്തര​മൊ​രു സംഭാ​ഷ​ണം നടത്തി. നമ്മെ സംബന്ധി​ച്ചെന്ത്‌? ദൂതന്മാ​രെ അയച്ചു​കൊണ്ട്‌ ദൈവം ഇപ്പോൾ മനുഷ്യ​രു​മാ​യി സംഭാ​ഷ​ണം നടത്തു​ന്നി​ല്ല. എന്നാൽ ഇന്നു നമ്മോട്‌ ആശയവി​നി​മ​യം നടത്താൻ യഹോ​വ​യ്‌ക്ക്‌ വിശി​ഷ്ട​മാ​യ മാർഗ​മുണ്ട്‌. നമുക്ക്‌ എങ്ങനെ യഹോ​വ​യെ ശ്രദ്ധി​ക്കാൻ കഴിയും?

7 “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ” യഹോ​വ​യു​ടെ വചനമായ ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ അവനെ ശ്രദ്ധി​ക്കാൻ കഴിയും. (2 തിമൊ​ഥെ​യൊസ്‌ 3:16) അത്തരം വായന “രാപ്പകൽ” നടത്താൻ സങ്കീർത്ത​ന​ക്കാ​രൻ യഹോ​വ​യു​ടെ ദാസന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (സങ്കീർത്ത​നം 1:1, 2) അങ്ങനെ ചെയ്യു​ന്ന​തിന്‌ നമ്മുടെ ഭാഗത്തു ഗണ്യമായ ശ്രമം ആവശ്യ​മാണ്‌. എന്നാൽ അത്തരം ശ്രമങ്ങ​ളെ​ല്ലാം തക്ക മൂല്യ​മു​ള്ള​താണ്‌. 18-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ബൈബിൾ നമ്മുടെ സ്വർഗീയ പിതാ​വിൽനി​ന്നു നമുക്കു കിട്ടിയ വില​യേ​റി​യ ഒരു കത്തു​പോ​ലെ​യാണ്‌. അതു​കൊണ്ട്‌ അതിന്റെ വായന യാന്ത്രി​ക​മാ​യ ഒന്നായി​രി​ക്ക​രുത്‌. തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​മ്പോൾ നാം അതിനെ ജീവസ്സു​റ്റ​താ​ക്ക​ണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

8 ബൈബി​ളി​ലെ വിവര​ണ​ങ്ങൾ വായി​ക്കു​മ്പോൾ അവ ഭാവന​യിൽ കാണാൻ ശ്രമി​ക്കു​ക. അവയിലെ കഥാപാ​ത്ര​ങ്ങൾ യഥാർഥ ആളുക​ളാ​യി​രു​ന്നു എന്നതു മനസ്സിൽ പിടി​ക്കു​ക. അവരുടെ പശ്ചാത്ത​ല​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും ആന്തരങ്ങ​ളും ഗ്രഹി​ക്കാൻ ശ്രമി​ക്കു​ക. പിന്നെ, നിങ്ങൾ വായി​ക്കു​ന്ന​തി​നെ കുറിച്ച്‌ ആഴത്തിൽ ചിന്തി​ച്ചു​കൊ​ണ്ടു സ്വയം ചോദി​ക്കു​ക, ‘ഈ വിവരണം യഹോ​വ​യെ കുറിച്ച്‌ എന്നെ എന്തു പഠിപ്പി​ക്കു​ന്നു? ഈ ഭാഗത്ത്‌ അവന്റെ ഏതു ഗുണമാ​ണു പ്രകട​മാ​യി​രി​ക്കു​ന്നത്‌? ഞാൻ ഏതു തത്ത്വം മനസ്സി​ലാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു, എനിക്ക്‌ അത്‌ ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാൻ കഴിയും?’ വായി​ക്കു​ക, ധ്യാനി​ക്കു​ക, എന്നിട്ട്‌ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ക. അങ്ങനെ ചെയ്യു​മ്പോൾ ദൈവ​വ​ച​നം നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ജീവനു​ള്ള​താ​യി​രി​ക്കും.—സങ്കീർത്ത​നം 77:12; യാക്കോബ്‌ 1:23-25.

9. “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ” ആരാണ്‌, ആ “അടിമ” പറയുന്ന കാര്യങ്ങൾ ശ്രദ്ധാ​പൂർവം കേൾക്കു​ന്ന​തു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ” മുഖാ​ന്ത​ര​വും യഹോവ നമ്മോടു സംസാ​രി​ക്കു​ന്നു. യേശു മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, ദുഷ്‌ക​ര​മാ​യ ഈ അവസാന നാളു​ക​ളിൽ “തക്കസമ​യത്ത്‌” ആത്മീയ “ആഹാരം” പ്രദാനം ചെയ്യാൻ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ കൂട്ടം നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മത്തായി 24:45-47, NW) ബൈബി​ളി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം സമ്പാദി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്ന സാഹി​ത്യ​ങ്ങൾ വായി​ക്കു​മ്പോ​ഴും ക്രിസ്‌തീ​യ യോഗ​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും ഹാജരാ​കു​മ്പോ​ഴും നാം ആ അടിമ​യാൽ ആത്മീയ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ക​യാണ്‌. ആ അടിമ​യു​ടെ യജമാനൻ ക്രിസ്‌തു​വാണ്‌. അതു​കൊണ്ട്‌ “നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നു സൂക്ഷി​ച്ചു​കൊൾവിൻ” എന്ന യേശു​വി​ന്റെ വാക്കുകൾ നാം ജ്ഞാനപൂർവം പിൻപ​റ്റു​ന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (ലൂക്കൊസ്‌ 8:18) വിശ്വ​സ്‌ത അടിമ പറയു​ന്ന​തു നാം ശ്രദ്ധാ​പൂർവം കേൾക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ നമ്മോട്‌ ആശയവി​നി​മ​യം നടത്താ​നു​ള്ള യഹോ​വ​യു​ടെ മാർഗ​ങ്ങ​ളി​ലൊ​ന്നാണ്‌ അതെന്നു നാം അംഗീ​ക​രി​ക്കു​ന്നു.

10-12. (എ) പ്രാർഥന യഹോ​വ​യിൽനി​ന്നു​ള്ള അത്ഭുത​ക​ര​മാ​യ ഒരു ദാനം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യ്‌ക്കു പ്രസാ​ദ​ക​ര​മാ​യ ഒരു വിധത്തിൽ നമുക്ക്‌ എങ്ങനെ പ്രാർഥി​ക്കാൻ കഴിയും, അവൻ നമ്മുടെ പ്രാർഥ​ന​ക​ളെ വിലമ​തി​ക്കു​ന്നു​വെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 എന്നാൽ ദൈവ​വു​മാ​യി ആശയവി​നി​മ​യം നടത്തു​ന്ന​തു സംബന്ധി​ച്ചെന്ത്‌? നമുക്കു യഹോ​വ​യോ​ടു സംസാ​രി​ക്കാ​നാ​കു​മോ? അത്‌ ഭയാദ​ര​വു​ണർത്തു​ന്ന ഒരു ആശയമാണ്‌. വ്യക്തി​പ​ര​മാ​യ ചില പ്രശ്‌ന​ങ്ങ​ളെ കുറിച്ച്‌ നിങ്ങളു​ടെ ദേശത്തെ ഏറ്റവും ഉന്നത സ്ഥാനത്തി​രി​ക്കു​ന്ന അധികാ​രി​യോ​ടു സംസാ​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ന്നു കരുതുക. കാര്യങ്ങൾ ബോധി​പ്പി​ക്കാൻ സാധി​ക്ക​ത്ത​ക്ക​വി​ധം അദ്ദേഹത്തെ നേരിൽ കാണാ​നു​ള്ള സാധ്യത എത്ര​ത്തോ​ള​മാണ്‌? ചില​പ്പോൾ, അതിനു ശ്രമി​ക്കു​ന്ന​തു​ത​ന്നെ അപകട​ക​ര​മാ​ണെ​ന്നു വന്നേക്കാം! എസ്ഥേറി​ന്റെ​യും മൊർദ്ദെ​ഖാ​യി​യു​ടെ​യും നാളിൽ, ഒരു രാജകീയ ക്ഷണമി​ല്ലാ​തെ പേർഷ്യൻ ചക്രവർത്തി​യെ സമീപി​ച്ചാൽ അയാൾ വധശി​ക്ഷ​യ്‌ക്ക്‌ അർഹനാ​കു​മാ​യി​രു​ന്നു. (എസ്ഥേർ 4:10, 11) ഇനി പരമാ​ധി​കാ​രി​യാം കർത്താ​വി​ന്റെ മുമ്പാകെ ചെല്ലു​ന്ന​തി​നെ കുറിച്ചു സങ്കൽപ്പി​ക്കു​ക, അവനോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ, മനുഷ്യ​രി​ലെ അതിശ​ക്തർപോ​ലും “വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ”യാണ്‌. (യെശയ്യാ​വു 40:22) അവനെ സമീപി​ക്കാൻ നാം ഭയപ്പെ​ടേ​ണ്ട​തു​ണ്ടോ? തീർച്ച​യാ​യും വേണ്ട.

11 മനുഷ്യർക്കു തന്നെ സമീപി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ തുറന്ന അതേസ​മ​യം ലളിത​മാ​യ ഒരു സംവി​ധാ​നം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു—പ്രാർഥന. ഒരു കൊച്ചു​കു​ട്ടി​ക്കു​പോ​ലും വിശ്വാ​സ​ത്തോ​ടെ, യേശു​വി​ന്റെ നാമത്തിൽ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയും. (യോഹ​ന്നാൻ 14:6; എബ്രായർ 11:6) അതേസ​മ​യം, പ്രാർഥന ഏറ്റവും സങ്കീർണ​മാ​യ, ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തക​ളും വിചാ​ര​ങ്ങ​ളും​—വാക്കു​ക​ളാൽ പ്രകാ​ശി​പ്പി​ക്കാൻ പ്രയാ​സ​മാ​യ വേദനാ​ജ​ന​ക​മാ​യ കാര്യങ്ങൾ പോലും—അറിയി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. (റോമർ 8:26) വാചാ​ല​മാ​യ, ദീർഘിച്ച പ്രാർഥ​ന​ക​ളി​ലൂ​ടെ യഹോ​വ​യിൽ മതിപ്പു​ള​വാ​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​മി​ല്ല. (മത്തായി 6:7, 8) എന്നാൽ, എത്ര നേര​ത്തേക്ക്‌ അല്ലെങ്കിൽ എത്ര കൂടെ​ക്കൂ​ടെ പ്രാർഥി​ക്ക​ണം എന്നതിന്‌ യഹോവ പരിധി വെക്കു​ന്നി​ല്ല. അവന്റെ വചനം, “ഇടവി​ടാ​തെ പ്രാർത്ഥി”ക്കാൻ പോലും നമ്മെ ക്ഷണിക്കു​ന്നു.—1 തെസ്സ​ലൊ​നീ​ക്യർ 5:17.

12 ‘പ്രാർഥന കേൾക്കു​ന്ന​വൻ’ എന്നു യഹോ​വ​യെ മാത്രമേ വിളി​ച്ചി​ട്ടു​ള്ളു എന്ന്‌ ഓർക്കുക. അവൻ യഥാർഥ സമാനു​ഭാ​വ​ത്തോ​ടെ ശ്രദ്ധി​ക്കു​ന്നു. (സങ്കീർത്ത​നം 65:2) അവൻ തന്റെ വിശ്വ​സ്‌ത ദാസന്മാ​രു​ടെ പ്രാർഥ​ന​കൾ കേവലം കേൾക്കു​ന്നു എന്നേയു​ള്ളോ? അല്ല, അവൻ യഥാർഥ​ത്തിൽ അവയിൽ സന്തോഷം കണ്ടെത്തു​ന്നു. അവന്റെ വചനം അങ്ങനെ​യു​ള്ള പ്രാർഥ​ന​ക​ളെ ധൂപവർഗ​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​ന്നു. ധൂപവർഗം കത്തിക്കു​മ്പോൾ സൗരഭ്യ​വാ​സ​ന​യു​ള്ള പുക മുകളി​ലേക്ക്‌ ഉയരുന്നു. (സങ്കീർത്ത​നം 141:2; വെളി​പ്പാ​ടു 5:8; 8:4) മുകളി​ലേക്ക്‌ ഉയരുന്ന, നമ്മുടെ ആത്മാർഥ​മാ​യ പ്രാർഥ​ന​ക​ളും അതു​പോ​ലെ പരമാ​ധി​കാ​രി​യാം കർത്താ​വി​നെ പ്രസാ​ദി​പ്പി​ക്കു​ന്നു എന്നറി​യു​ന്നത്‌ ആശ്വാ​സ​ക​ര​മ​ല്ലേ? അതു​കൊണ്ട്‌ യഹോ​വ​യോട്‌ അടുക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, താഴ്‌മ​യോ​ടെ കൂടെ​ക്കൂ​ടെ, ദിവസ​വും അവനോ​ടു പ്രാർഥി​ക്കു​ക. നിങ്ങളു​ടെ ഹൃദയം അവന്റെ മുമ്പാകെ പകരുക, യാതൊ​ന്നും മറച്ചു​വെ​ക്ക​രുത്‌. (സങ്കീർത്ത​നം 62:8) നിങ്ങളു​ടെ ആശങ്കക​ളും സന്തോ​ഷ​ങ്ങ​ളും കൃതജ്ഞ​ത​യും സ്‌തു​തി​യു​മെ​ല്ലാം നിങ്ങളു​ടെ സ്വർഗീയ പിതാ​വു​മാ​യി പങ്കു​വെ​ക്കു​ക. അങ്ങനെ ചെയ്യു​മ്പോൾ, നിങ്ങളും അവനു​മാ​യു​ള്ള ബന്ധം ശക്തമാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും.

യഹോ​വ​യെ ആരാധി​ക്കൽ

13, 14. യഹോ​വ​യെ ആരാധി​ക്കു​ക എന്നതിന്റെ അർഥ​മെന്ത്‌, നാം അങ്ങനെ ചെയ്യു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 യഹോ​വ​യാം ദൈവ​വു​മാ​യു​ള്ള നമ്മുടെ ആശയവി​നി​മ​യം ഒരു സുഹൃ​ത്തു​മാ​യോ ബന്ധുവു​മാ​യോ ഉള്ള ആശയവി​നി​മ​യം പോ​ലെ​യല്ല. നാം യഥാർഥ​ത്തിൽ യഹോ​വ​യെ ആരാധി​ക്കു​ക​യാണ്‌, അവന്‌ തികച്ചും അർഹമായ, ഭക്ത്യാ​ദ​രവ്‌ നാം അവനു കൊടു​ക്കു​ക​യാണ്‌. സത്യാ​രാ​ധ​ന​യാണ്‌ നമ്മുടെ ജീവി​ത​ത്തി​ലെ ഏറ്റവും മുഖ്യ സംഗതി. ആരാധ​ന​യി​ലൂ​ടെ​യാ​ണു നാം മുഴു​ദേ​ഹി​യോ​ടു​കൂ​ടിയ നമ്മുടെ സ്‌നേ​ഹ​വും ഭക്തിയും യഹോ​വ​യോ​ടു പ്രകട​മാ​ക്കു​ന്നത്‌. സത്യാ​രാ​ധന സ്വർഗ​ത്തി​ലും ഭൂമി​യി​ലു​മു​ള്ള യഹോ​വ​യു​ടെ വിശ്വ​സ്‌ത സൃഷ്ടി​ക​ളെ​യെ​ല്ലാം ഏകീക​രി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാൻ ദർശന​ത്തിൽ ഒരു ദൂതൻ ഈ കൽപ്പന വിളം​ബ​രം ചെയ്യു​ന്നത്‌ കേൾക്കു​ക​യു​ണ്ടാ​യി: “ആകാശ​ത്തെ​യും ഭൂമി​യെ​യും സമു​ദ്ര​ത്തെ​യും നീരു​റ​വ​ക​ളെ​യും സൃഷ്ടി​ച്ച​വ​നെ ആരാധി​ക്കു​വിൻ.”—വെളി​പ്പാ​ടു 14:7, പി.ഒ.സി. ബൈ.

14 നാം യഹോ​വ​യെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നാം ചർച്ച​ചെ​യ്‌ത പരിശു​ദ്ധി, ശക്തി, ആത്മനി​യ​ന്ത്ര​ണം, നീതി, ധൈര്യം, കരുണ, ജ്ഞാനം, താഴ്‌മ, സ്‌നേഹം, അനുകമ്പ, വിശ്വ​സ്‌തത, നന്മ എന്നിങ്ങ​നെ​യു​ള്ള ഗുണങ്ങളെ കുറിച്ചു ചിന്തി​ക്കു​ക. മൂല്യ​വ​ത്താ​യ ഈ ഓരോ ഗുണവും ശ്രേഷ്‌ഠ​മാ​യ വിധത്തിൽ യഹോവ പ്രകട​മാ​ക്കു​ന്നു. നാം അവന്റെ ഗുണങ്ങ​ളു​ടെ ആകെത്തുക ഗ്രഹി​ക്കാൻ ശ്രമി​ക്കു​മ്പോൾ അവൻ ആദരണീ​യ​നും ശ്രേഷ്‌ഠ​നു​മാ​യ ഒരു വ്യക്തി മാത്ര​മ​ല്ലെ​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. അവൻ നമ്മെക്കാൾ അത്യന്തം മഹത്ത്വ​മാർന്ന​വ​നും അങ്ങേയറ്റം ഉന്നതനു​മാണ്‌. (യെശയ്യാ​വു 55:9) യഹോവ ഉചിത​മാ​യും നമ്മുടെ പരമാ​ധി​കാ​രി​യാണ്‌ എന്നതിനു സംശയ​മി​ല്ല, അവൻ തീർച്ച​യാ​യും നമ്മുടെ ആരാധന അർഹി​ക്കു​ന്നു. എന്നാൽ നാം എങ്ങനെ​യാണ്‌ യഹോ​വ​യെ ആരാധി​ക്കേ​ണ്ടത്‌?

15. നമുക്ക്‌ യഹോ​വ​യെ ‘ആത്മാവി​ലും സത്യത്തി​ലും’ ആരാധി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ, ക്രിസ്‌തീ​യ യോഗങ്ങൾ നമുക്ക്‌ എന്തിനുള്ള അവസരം നൽകുന്നു?

15 “ദൈവം ആത്മാവാണ്‌. അവിടു​ത്തെ ആരാധി​ക്കു​ന്ന​വർ ആത്മാവി​ലും സത്യത്തി​ലു​മാണ്‌ ആരാധി​ക്കേ​ണ്ടത്‌” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 4:24, പി.ഒ.സി. ബൈ.) അതിന്റെ അർഥം ആത്മാവി​നാൽ നയിക്ക​പ്പെട്ട്‌, വിശ്വാ​സ​വും സ്‌നേ​ഹ​വും നിറഞ്ഞ ഒരു ഹൃദയ​ത്തോ​ടെ യഹോ​വ​യെ ആരാധി​ക്കു​ക എന്നാണ്‌. സത്യത്തിന്‌—ദൈവ​വ​ച​ന​ത്തിൽ കാണുന്ന സൂക്ഷ്‌മ പരിജ്ഞാ​ന​ത്തിന്‌—ചേർച്ച​യിൽ ആരാധി​ക്കു​ക എന്നും അതിന്‌ അർഥമുണ്ട്‌. സഹാരാ​ധ​ക​രു​മാ​യി കൂടി​വ​രു​മ്പോ​ഴൊ​ക്കെ​യും ‘ആത്മാവി​ലും സത്യത്തി​ലും’ യഹോ​വ​യെ ആരാധി​ക്കാ​നു​ള്ള വില​യേ​റി​യ അവസരം നമുക്കുണ്ട്‌. (എബ്രായർ 10:24, 25) നാം യഹോ​വ​യ്‌ക്കു സ്‌തുതി പാടു​മ്പോ​ഴും ഒത്തൊ​രു​മിച്ച്‌ അവനോ​ടു പ്രാർഥി​ക്കു​മ്പോ​ഴും അവന്റെ വചനത്തി​ന്റെ ചർച്ചയിൽ പങ്കെടു​ക്കു​ക​യും അതു ശ്രദ്ധി​ക്കു​ക​യും ചെയ്യു​മ്പോ​ഴും നാം നിർമ​ലാ​രാ​ധ​ന​യി​ലൂ​ടെ അവനോ​ടു​ള്ള സ്‌നേഹം പ്രകട​മാ​ക്കു​ന്നു.

ക്രിസ്‌തീയയോഗങ്ങൾ യഹോ​വ​യെ ആരാധി​ക്കാ​നു​ള്ള ആഹ്ലാദ​ക​ര​മാ​യ അവസരങ്ങളാണ്‌

16. സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്ന ഏറ്റവും വലിയ കൽപ്പന​ക​ളിൽ ഒന്ന്‌ ഏത്‌, നാം അതനു​സ​രി​ക്കാൻ പ്രചോ​ദി​ത​രാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

16 യഹോ​വ​യെ കുറിച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ അവനെ പരസ്യ​മാ​യി സ്‌തു​തി​ക്കു​മ്പോ​ഴും നാം അവനെ ആരാധി​ക്കു​ക​യാണ്‌. (എബ്രായർ 13:15) യഥാർഥ​ത്തിൽ, സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്ന ഏറ്റവും വലിയ കൽപ്പന​ക​ളിൽ ഒന്നാണ്‌ യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ക എന്നത്‌. (മത്തായി 24:14) യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നാം തികഞ്ഞ ആത്മാർഥ​ത​യോ​ടെ അത്‌ അനുസ​രി​ക്കു​ന്നു. “ഈ ലോക​ത്തി​ന്റെ ദൈവ”മായ പിശാ​ചാ​യ സാത്താൻ, യഹോ​വ​യെ കുറിച്ചു ഹീനമായ നുണകൾ പ്രചരി​പ്പി​ച്ചു​കൊണ്ട്‌ “അവിശ്വാ​സി​ക​ളു​ടെ മനസ്സു കുരു​ടാ​ക്കി”യിരി​ക്കു​ന്നു എന്ന വസ്‌തുത പരിഗ​ണി​ക്കു​മ്പോൾ, അത്തരം ദൂഷണം വ്യാജ​മാ​ണെ​ന്നു തെളി​യി​ച്ചു​കൊണ്ട്‌ നമ്മുടെ ദൈവ​ത്തി​നു​വേ​ണ്ടി സാക്ഷി​ക​ളാ​യി സേവി​ക്കാൻ നാം വാഞ്‌ഛി​ക്കു​ന്നി​ല്ലേ? (2 കൊരി​ന്ത്യർ 4:4; യെശയ്യാ​വു 43:10-12) യഹോ​വ​യു​ടെ അത്ഭുത​ക​ര​മാ​യ ഗുണങ്ങളെ കുറിച്ചു നാം വിചി​ന്ത​നം ചെയ്യു​മ്പോൾ, അവനെ കുറിച്ചു മറ്റുള്ള​വ​രോ​ടു പറയാ​നു​ള്ള ഒരു ആഗ്രഹം നമ്മിൽ ഉടലെ​ടു​ക്കു​ന്ന​താ​യി നമുക്ക്‌ അനുഭ​വ​പ്പെ​ടു​ന്നി​ല്ലേ? നാം ചെയ്യു​ന്ന​തു​പോ​ലെ, നമ്മുടെ സ്വർഗീയ പിതാ​വി​നെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും മറ്റുള്ള​വ​രെ സഹായി​ക്കു​ന്ന​തി​നെ​ക്കാൾ മഹത്തായ ഒരു പദവി വേറെ​യി​ല്ല.

17. യഹോ​വ​യു​ടെ ആരാധ​ന​യിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, നാം നിർമ​ല​ത​യോ​ടെ അവനെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 യഹോ​വ​യെ ആരാധി​ക്കു​ന്ന​തിൽ അതിലു​മ​ധി​കം ഉൾപ്പെ​ടു​ന്നു. അത്‌ നമ്മുടെ ജീവി​ത​ത്തി​ന്റെ സമസ്‌ത തലങ്ങ​ളെ​യും സ്വാധീ​നി​ക്ക​ണം. (കൊ​ലൊ​സ്സ്യർ 3:23) നാം വാസ്‌ത​വ​മാ​യും യഹോ​വ​യെ നമ്മുടെ പരമാ​ധി​കാ​ര കർത്താ​വാ​യി സ്വീക​രി​ക്കു​ന്നെ​ങ്കിൽ, സകലത്തി​ലും​—നമ്മുടെ കുടുംബ ജീവി​ത​ത്തി​ലും ലൗകിക ജോലി​യി​ലും മറ്റുള്ള​വ​രു​മാ​യു​ള്ള ഇടപെ​ട​ലു​ക​ളി​ലും സ്വകാര്യ സമയങ്ങ​ളി​ലും​—അവന്റെ ഇഷ്ടം ചെയ്യാൻ നാം ശ്രമി​ക്കും. നാം യഹോ​വ​യെ ‘പൂർണ​ഹൃ​ദ​യ​ത്തോ​ടെ,’ നിർമ​ല​ത​യോ​ടു​കൂ​ടെ സേവി​ക്കാൻ യത്‌നി​ക്കും. (1 ദിനവൃ​ത്താ​ന്തം 28:9) അത്തരം ആരാധന ഒരു വിഭജിത ഹൃദയ​ത്തിന്‌ അല്ലെങ്കിൽ കപടജീ​വി​ത​ത്തിന്‌—രഹസ്യ​ത്തിൽ ഗുരു​ത​ര​മാ​യ പാപങ്ങൾ ചെയ്യു​ക​യും അതേസ​മ​യം യഹോ​വ​യെ സേവി​ക്കു​ന്ന​താ​യി ഭാവി​ക്കു​ക​യും ചെയ്യുന്ന കപടഗ​തിക്ക്‌—ഇടം നൽകു​ന്നി​ല്ല. നിർമലത അത്തരം കപടഭാ​വം അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു; സ്‌നേഹം അതിനെ വെറു​ക്ക​ത്ത​ക്ക​താ​ക്കു​ന്നു. ദൈവിക ഭയവും സഹായ​ക​മാണ്‌. ബൈബിൾ അത്തരം ഭയാദ​ര​വി​നെ അല്ലെങ്കിൽ ഭക്തിയെ യഹോ​വ​യു​മാ​യു​ള്ള നമ്മുടെ തുടർച്ച​യാ​യ സഖിത്വ​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​ന്നു.—സങ്കീർത്ത​നം 25:14.

യഹോ​വ​യെ അനുക​രി​ക്കൽ

18, 19. വെറും അപൂർണ മനുഷ്യർക്ക്‌ യഹോ​വ​യാം ദൈവത്തെ അനുക​രി​ക്കാ​നാ​കും എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

18 ഈ പുസ്‌ത​ക​ത്തി​ന്റെ ഓരോ ഭാഗവും ഉപസം​ഹ​രി​ച്ചി​രി​ക്കു​ന്നത്‌ ‘പ്രിയ​മ​ക്കൾ എന്നപോ​ലെ ദൈവത്തെ അനുകരി’ക്കുന്നത്‌ എങ്ങനെ​യെന്ന ഒരു അധ്യാ​യ​ത്തോ​ടെ​യാണ്‌. (എഫെസ്യർ 5:1) നാം അപൂർണ​രാ​ണെ​ങ്കി​ലും യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കു​ക​യും നീതി നടപ്പാ​ക്കു​ക​യും ജ്ഞാനപൂർവം പ്രവർത്തി​ക്കു​ക​യും സ്‌നേഹം പ്രകട​മാ​ക്കു​ക​യും ചെയ്യുന്ന പൂർണ​ത​യു​ള്ള വിധത്തെ നമുക്ക്‌ യഥാർഥ​മാ​യും അനുക​രി​ക്കാൻ കഴിയും. സർവശ​ക്ത​നെ അനുക​രി​ക്കു​ക യഥാർഥ​ത്തിൽ സാധ്യ​മാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ എന്തെല്ലാം ആയിത്തീ​രേ​ണ്ട​തു​ണ്ടോ യഹോവ അതെല്ലാം ആയിത്തീ​രു​ന്നു എന്ന്‌ അവന്റെ നാമത്തി​ന്റെ അർഥം നമ്മെ പഠിപ്പി​ക്കു​ന്നു എന്ന്‌ ഓർക്കുക. ആ പ്രാപ്‌തി നമ്മിൽ ഉചിത​മാ​യി ഭയാദ​ര​വു​ണർത്തു​ന്നു. എന്നാൽ യഹോ​വ​യെ അനുക​രി​ക്കു​ക നമ്മെ സംബന്ധിച്ച്‌ അസാധ്യ​മാ​ണോ? അല്ല.

19 നമ്മൾ ദൈവ​ത്തി​ന്റെ സ്വരൂ​പ​ത്തിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​രാണ്‌. (ഉല്‌പത്തി 1:26) അതു​കൊണ്ട്‌, മനുഷ്യർ ഭൂമി​യി​ലെ മറ്റ്‌ ഏതു ജീവി​ക​ളിൽനി​ന്നും വ്യത്യ​സ്‌ത​രാണ്‌. നാം വെറും സഹജ ജ്ഞാനത്താ​ലോ ജനിതക ഘടനയാ​ലോ പരിസ്ഥി​തി ഘടകങ്ങ​ളാ​ലോ നിയ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​വരല്ല. യഹോവ നമുക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന വില​യേ​റി​യ ദാനം നൽകി​യി​ട്ടുണ്ട്‌. പരിമി​തി​ക​ളും അപൂർണ​ത​ക​ളും ഉണ്ടെങ്കി​ലും നാം എന്തായി​ത്തീ​ര​ണ​മെന്ന്‌ തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാത​ന്ത്ര്യം നമുക്കുണ്ട്‌. ശക്തി ശരിയാ​യി ഉപയോ​ഗി​ക്കു​ന്ന, സ്‌നേ​ഹ​വും ജ്ഞാനവും നീതി​യു​മു​ള്ള ഒരാളാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​ത്താൽ, നിങ്ങൾക്ക്‌ അപ്രകാ​രം ആയിത്തീ​രാൻ കഴിയും! അത്‌ നിങ്ങൾക്കു കൈവ​രു​ത്തു​ന്ന നന്മയെ കുറിച്ചു ചിന്തി​ക്കു​ക.

20. യഹോ​വ​യെ അനുക​രി​ക്കു​മ്പോൾ നമുക്ക്‌ എന്തു പ്രയോ​ജ​ന​ങ്ങൾ ലഭിക്കു​ന്നു?

20 നിങ്ങളു​ടെ സ്വർഗീയ പിതാ​വി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ച്ചു​കൊണ്ട്‌ നിങ്ങൾ അവനെ പ്രസാ​ദി​പ്പി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 27:11) നിങ്ങൾക്കു യഹോ​വ​യെ ‘പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാൻ’ പോലും കഴിയും, എന്തെന്നാൽ അവൻ നിങ്ങളു​ടെ പരിമി​തി​കൾ മനസ്സി​ലാ​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:9, 10) നിങ്ങളു​ടെ പ്രിയ​പി​താ​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ സദ്‌ഗു​ണ​ങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിൽ തുടരു​മ്പോൾ നിങ്ങൾ ഒരു മഹത്തായ പദവി​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും. ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട ഈ അന്ധകാര ലോക​ത്തിൽ നിങ്ങൾ ഒരു പ്രകാ​ശ​വാ​ഹ​കൻ ആയിരി​ക്കും. (മത്തായി 5:1, 2, 14) ഭൂമി​യി​ലെ​ങ്ങും യഹോ​വ​യു​ടെ മഹത്ത്വ​മാർന്ന വ്യക്തി​ത്വ​ത്തി​ന്റെ പ്രതി​ഫ​ല​ന​ങ്ങൾ പരത്തു​ന്ന​തിൽ നിങ്ങൾക്ക്‌ ഒരു പങ്കുണ്ടാ​യി​രി​ക്കും. എത്ര വലിയ ബഹുമതി!

“ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും”

യഹോ​വ​യോ​ടു കൂടുതൽ അടുത്തു ചെല്ലാൻ നിങ്ങൾക്കു കഴിയുമാറാകട്ടെ

21, 22. യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ മുമ്പാകെ ഏത്‌ അനന്തയാ​ത്ര കിടക്കു​ന്നു?

21 യാക്കോബ്‌ 4:8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ലളിത​മാ​യ ഉദ്‌ബോ​ധ​നം ഒരു ലക്ഷ്യം മാത്രമല്ല. അത്‌ ഒരു യാത്ര​യാണ്‌. നാം വിശ്വ​സ്‌തർ ആയിരി​ക്കു​ന്നി​ട​ത്തോ​ളം കാലം, ആ യാത്ര അവസാ​നി​ക്കി​ല്ല. നാം യഹോ​വ​യോട്‌ കൂടുതൽ അടുത്തു​ചെ​ന്നു​കൊ​ണ്ടി​രി​ക്കും. അവനെ കുറിച്ച്‌ അനേക​മ​നേ​കം കാര്യങ്ങൾ നമുക്ക്‌ പഠിക്കാ​നു​ണ്ടാ​യി​രി​ക്കും. ഈ പുസ്‌ത​ക​ത്തി​ലൂ​ടെ യഹോ​വ​യെ കുറിച്ച്‌ അറി​യേ​ണ്ട​തെ​ല്ലാം നാം പഠിച്ചു കഴിഞ്ഞു​വെന്ന്‌ ഒരിക്ക​ലും ധരിക്ക​രുത്‌. എന്തിന്‌, നമ്മുടെ ദൈവത്തെ കുറിച്ചു ബൈബിൾ പറയു​ന്ന​തെ​ല്ലാം പരിഗ​ണി​ക്കു​മ്പോൾ, വാസ്‌ത​വ​ത്തിൽ നാം ചർച്ച തുടങ്ങി​യി​ട്ടു​പോ​ലു​മില്ല! ബൈബിൾപോ​ലും യഹോ​വ​യെ കുറിച്ച്‌ അറിയാ​നു​ള്ള സകലവും നമ്മോടു പറയു​ന്നി​ല്ല. യേശു തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ല​ത്തു ചെയ്‌ത​തെ​ല്ലാം എഴുതു​ക​യാ​ണെ​ങ്കിൽ “എഴുതിയ പുസ്‌ത​ക​ങ്ങൾ ലോക​ത്തിൽ തന്നേയും ഒതുങ്ങു​ക​യി​ല്ല” എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാ​നു തോന്നി. (യോഹ​ന്നാൻ 21:25) പുത്രനെ സംബന്ധിച്ച്‌ അങ്ങനെ പറയാ​മെ​ങ്കിൽ പിതാ​വി​നെ സംബന്ധിച്ച്‌ അത്‌ എത്രയ​ധി​കം സത്യമാ​യി​രി​ക്കും!

22 നിത്യ​മാ​യി ജീവി​ക്കു​മ്പോൾ പോലും യഹോ​വ​യെ കുറി​ച്ചു​ള്ള സകലതും നാം പഠിച്ചു​തീ​രി​ല്ല. (സഭാ​പ്ര​സം​ഗി 3:11) അപ്പോൾ നമ്മുടെ മുമ്പാ​കെ​യു​ള്ള പ്രതീ​ക്ഷ​യെ കുറിച്ചു ചിന്തി​ക്കു​ക. നൂറു​ക​ണ​ക്കിന്‌, ആയിര​ക്ക​ണ​ക്കിന്‌, ദശലക്ഷ​ക്ക​ണ​ക്കിന്‌, ശതകോ​ടി​ക്ക​ണ​ക്കി​നു വർഷം​ത​ന്നെ ജീവിച്ചു കഴിയു​മ്പോൾ യഹോ​വ​യെ ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ എത്രയോ മെച്ചമാ​യി നാം അറിയും. എന്നാൽ അപ്പോ​ഴും അസംഖ്യം അത്ഭുത കാര്യങ്ങൾ ഇനിയും പഠിക്കാ​നു​ണ്ടെന്ന്‌ നമുക്കു തോന്നും. കൂടുതൽ പഠിക്കാൻ നാം ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ “ദൈവ​ത്തോ​ടു അടുത്തി​രി​ക്കു​ന്ന​തു എനിക്കു നല്ലത്‌” എന്നു പാടിയ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ വിചാ​രി​ക്കാൻ നമുക്ക്‌ എല്ലായ്‌പോ​ഴും കാരണ​മു​ണ്ടാ​യി​രി​ക്കും. (സങ്കീർത്ത​നം 73:28) നിത്യ​ജീ​വി​തം സങ്കൽപ്പി​ക്കാൻ പോലും കഴിയാ​ത്ത​വി​ധം അർഥവ​ത്തും വൈവി​ധ്യ​മാർന്ന​തും ആയിരി​ക്കും​—നാം യഹോ​വ​യോട്‌ കൂടുതൽ കൂടുതൽ അടുത്തു​കൊ​ണ്ടി​രി​ക്കും എന്നതാ​യി​രി​ക്കും അതിന്റെ ഏറ്റവും പ്രതി​ഫ​ല​ദാ​യ​ക​മാ​യ സവി​ശേ​ഷത.

23. നിങ്ങൾ എന്തു ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു?

23 മുഴു ഹൃദയ​ത്തോ​ടും ആത്മാ​വോ​ടും മനസ്സോ​ടും ശക്തി​യോ​ടും കൂടെ യഹോ​വ​യെ സ്‌നേ​ഹി​ച്ചു​കൊണ്ട്‌ അവന്റെ സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയു​മാ​റാ​ക​ട്ടെ. (മർക്കൊസ്‌ 12:29, 30) നിങ്ങളു​ടെ സ്‌നേഹം വിശ്വ​സ്‌ത​വും അചഞ്ചല​വു​മാ​യി​രി​ക്കട്ടെ. അനുദിന ജീവി​ത​ത്തിൽ നിങ്ങൾ എടുക്കുന്ന ചെറു​തും വലുതു​മാ​യ തീരു​മാ​ന​ങ്ങ​ളെ​ല്ലാം ഒരേ മാർഗ​ദർശക തത്ത്വത്തെ പ്രതി​ഫ​ലി​പ്പി​ക്ക​ട്ടെ—നിങ്ങളു​ടെ സ്വർഗീയ പിതാ​വു​മാ​യു​ള്ള ഏറെ ബലിഷ്‌ഠ​മാ​യ ബന്ധത്തി​ലേ​ക്കു നയിക്കുന്ന പാത നിങ്ങൾ എല്ലായ്‌പോ​ഴും തിര​ഞ്ഞെ​ടു​ക്കും എന്ന തത്ത്വ​ത്തെ​ത്ത​ന്നെ. സർവോ​പ​രി, യഹോ​വ​യോ​ടു കൂടുതൽ അടുത്തു ചെല്ലാൻ നിങ്ങൾക്കു കഴിയട്ടെ, അവനും നിങ്ങ​ളോ​ടു കൂടുതൽ അടുത്തു​വ​ര​ട്ടെ—അതേ, അനന്തത​യി​ലെ​ങ്ങും!