വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 1

യേശു മഹാനായ അധ്യാപകനായിരുന്നത്‌ എന്തുകൊണ്ട്‌?

യേശു മഹാനായ അധ്യാപകനായിരുന്നത്‌ എന്തുകൊണ്ട്‌?

രണ്ടായിരം വർഷങ്ങൾക്കുമുമ്പ്‌, എന്നുവെച്ചാൽ, ടെലിവിഷനോ കമ്പ്യൂട്ടറോ ഇന്റർനെറ്റോ വിമാനങ്ങളോ വാഹനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത്‌, വിശിഷ്ടനായ ഒരു കുഞ്ഞ്‌ ജനിച്ചു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായിത്തീർന്നു അവൻ.

ആ ശിശുവിന്റെ പേര്‌ യേശു എന്നായിരുന്നു. വളർന്നുവന്നപ്പോൾ, ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും ബുദ്ധിശാലിയായിത്തീർന്നു അവൻ; ഏറ്റവും നല്ല അധ്യാപകനും. വിഷമംപിടിച്ച കാര്യങ്ങൾ ആളുകൾക്ക്‌ മനസ്സിലാകുന്ന വിധത്തിൽ അവൻ പറഞ്ഞുകൊടുക്കുമായിരുന്നു.

ആളുകളെ കാണാൻ കഴിഞ്ഞിടത്തൊക്കെ യേശു അവരെ പഠിപ്പിച്ചു. കടൽത്തീരത്തുവെച്ചും വള്ളത്തിലിരുന്നും വീടുകളിൽച്ചെന്നും യാത്രയ്‌ക്കിടയിലും അവൻ പഠിപ്പിച്ചു. ബസ്സിലും ട്രെയിനിലും കാറിലും ഒന്നും ആയിരുന്നില്ല യേശുവിന്റെ യാത്രകൾ. ആളുകളെ പഠിപ്പിക്കാനായി ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ നടന്നുപോകുകയായിരുന്നു അവന്റെ പതിവ്‌.

മറ്റാളുകളിൽനിന്ന്‌ നമ്മൾ പലതും പഠിക്കാറുണ്ട്‌. എന്നാൽ യേശു എന്ന മഹാനായ അധ്യാപകനിൽനിന്ന്‌ അതിനെക്കാളൊക്കെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്ക്‌ പഠിക്കാനാകും. യേശുവിന്റെ വാക്കുകൾ ബൈബിളിലാണ്‌ ഉള്ളത്‌. ബൈബിളിൽനിന്ന്‌ ആ വാക്കുകൾ വായിക്കുമ്പോൾ, അത്‌ യേശു നേരിട്ട്‌ നമ്മളോടു സംസാരിക്കുന്നതുപോലെയാണ്‌.

യേശു മഹാനായ അധ്യാപകനായത്‌ എങ്ങനെയാണ്‌? യേശുവിനെ ഒരു അധ്യാപകൻ പഠിപ്പിച്ചിരുന്നു എന്നതാണ്‌ ഒരു കാരണം. ശ്രദ്ധിച്ചു കേൾക്കുന്നതുകൊണ്ട്‌ വളരെ പ്രയോജനങ്ങളുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. ആരെയാണ്‌ യേശു ശ്രദ്ധിച്ചത്‌? ആരാണ്‌ അവനെ പഠിപ്പിച്ചത്‌?— അവന്റെ പിതാവ്‌. ദൈവമാണ്‌ യേശുവിന്റെ പിതാവ്‌.

മനുഷ്യനായി ഭൂമിയിൽ വരുന്നതിനുമുമ്പ്‌ യേശു ദൈവത്തിന്റെ കൂടെ സ്വർഗത്തിലായിരുന്നു. ഭൂമിയിൽ ജനിക്കുന്നതിനുമുമ്പ്‌ മറ്റാരും സ്വർഗത്തിൽ ജീവിച്ചിട്ടില്ല; അതുകൊണ്ടുതന്നെ മറ്റെല്ലാ മനുഷ്യരിൽനിന്നും വ്യത്യസ്‌തനായിരുന്നു യേശു. തന്റെ സ്വർഗീയ പിതാവ്‌ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുന്ന ഒരു നല്ല പുത്രനായിരുന്നു യേശു. അതുകൊണ്ട്‌ സ്വർഗത്തിൽവെച്ച്‌ പിതാവിൽനിന്നു പഠിച്ചത്‌ ഇവിടെ ഭൂമിയിൽ മറ്റുള്ളവരെ പഠിപ്പിക്കാൻ യേശുവിന്‌ കഴിഞ്ഞു. അച്ഛനും അമ്മയും പറയുന്നത്‌ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്കും യേശുവിനെപ്പോലെയാകാം.

യേശുവിന്‌ ആളുകളോട്‌ സ്‌നേഹമുണ്ടായിരുന്നു; അതാണ്‌ അവനെ മഹാനായ അധ്യാപകനാക്കിയ മറ്റൊരു കാര്യം. ദൈവത്തെക്കുറിച്ച്‌ പഠിക്കുന്നതിന്‌ ആളുകളെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു. വലിയവരെ മാത്രമല്ല കുട്ടികളെയും അവന്‌ ഇഷ്ടമായിരുന്നു. കുട്ടികൾക്കും അവനെ വലിയ ഇഷ്ടമായിരുന്നു. എന്തുകൊണ്ടാണെന്നോ? യേശു കുട്ടികൾ പറയുന്നത്‌ കേൾക്കുകയും അവരോടു സംസാരിക്കുകയും ചെയ്യുമായിരുന്നു.

കുട്ടികൾ യേശുവിനെ ഇഷ്ടപ്പെടാൻ കാരണമെന്ത്‌?

ഒരിക്കൽ, ചിലർ അവരുടെ കുട്ടികളെയുംകൊണ്ട്‌ യേശുവിനെ കാണാൻ വന്നു. എന്നാൽ കുട്ടികളോടൊന്നും സംസാരിക്കാൻ യേശുവിന്‌ സമയമില്ലെന്ന്‌ അവന്റെ കൂട്ടുകാർ വിചാരിച്ചു. അതുകൊണ്ട്‌ അവർ അവരോടു തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. അപ്പോൾ യേശു എന്തു പറഞ്ഞെന്ന്‌ അറിയാമോ?— “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌” എന്നാണ്‌ യേശു പറഞ്ഞത്‌. അതെ, കൊച്ചുകുട്ടികൾ തന്റെ അടുക്കൽ വരുന്നത്‌ യേശുവിന്‌ ഇഷ്ടമായിരുന്നു. വലിയ ബുദ്ധിശാലിയും മഹാനും ആയിരുന്നെങ്കിലും കൊച്ചുകുട്ടികളെ പഠിപ്പിക്കാൻ യേശു സമയം കണ്ടെത്തി.—മർക്കോസ്‌ 10:13, 14.

യേശു കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും അവർ പറയുന്നത്‌ കേൾക്കുകയും ചെയ്‌തത്‌ എന്തുകൊണ്ടാണ്‌? തന്റെ പിതാവിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ അവരെ സന്തോഷിപ്പിക്കാൻ അവന്‌ ഇഷ്ടമായിരുന്നു എന്നതാണ്‌ ഒരു കാരണം. നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാകും?— ദൈവത്തെക്കുറിച്ചു നിങ്ങൾ പഠിച്ച കാര്യങ്ങൾ അവരോട്‌ പറഞ്ഞുകൊണ്ട്‌.

ഒരിക്കൽ യേശുവിന്‌ അവന്റെ കൂട്ടുകാരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിക്കണമായിരുന്നു. അവൻ എന്തു ചെയ്‌തെന്നോ? ഒരു കൊച്ചുകുട്ടിയെ വിളിച്ച്‌ അവരുടെ നടുവിൽ നിറുത്തി. എന്നിട്ട്‌ തന്റെ ആ ശിഷ്യന്മാരോട്‌, അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തി ആ കൊച്ചുകുട്ടിയെപ്പോലെ ആകാൻ യേശു ഉപദേശിച്ചു.

പ്രായമുള്ളവർക്കും വലിയ കുട്ടികൾക്കും ഒരു കൊച്ചുകുട്ടിയിൽനിന്ന്‌ എന്തു പഠിക്കാം?

അങ്ങനെ പറഞ്ഞപ്പോൾ യേശു ശരിക്കും എന്താണ്‌ ഉദ്ദേശിച്ചത്‌? പ്രായമുള്ളവർക്കും വലിയ കുട്ടികൾക്കും എങ്ങനെ ഒരു കൊച്ചുകുട്ടിയെപ്പോലെ ആകാൻ പറ്റും?— വലിയവരുടെ അത്ര അറിവില്ലാത്തതുകൊണ്ട്‌ കൊച്ചുകുട്ടികൾക്ക്‌ മറ്റുള്ളവരിൽനിന്ന്‌ കേൾക്കാനും പഠിക്കാനുമൊക്കെ ഇഷ്ടമായിരിക്കും. തന്റെ ശിഷ്യന്മാർ അതുപോലെ താഴ്‌മയുള്ളവർ ആയിരിക്കണം എന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. നമുക്കെല്ലാം മറ്റുള്ളവരിൽനിന്ന്‌ പലതും പഠിക്കാനുണ്ട്‌. നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്‌: നമുക്ക്‌ അറിയാവുന്നതിനെക്കാളൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ യേശു പഠിപ്പിച്ചത്‌.—മത്തായി 18:1-5.

യേശുവിനെ മഹാനായ അധ്യാപകനാക്കിയ മറ്റൊരു കാര്യം, രസകരമായ വിധത്തിൽ പഠിപ്പിക്കാൻ അവന്‌ അറിയാമായിരുന്നു എന്നതാണ്‌. ആളുകൾക്ക്‌ മനസ്സിലാകുന്ന വിധത്തിൽ അവൻ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. പൂക്കളെയും പക്ഷികളെയും പോലെ എല്ലാവർക്കും പരിചയമുള്ള കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ അവൻ ദൈവത്തെ അറിയാൻ ആളുകളെ സഹായിച്ചത്‌.

ഒരു ദിവസം യേശു ഒരു മലഞ്ചെരിവിൽ നിൽക്കുമ്പോൾ കുറെ ആളുകൾ അവന്റെ അടുക്കൽ വന്നു. ഈ ചിത്രത്തിൽ കാണുന്നതുപോലെ, അവിടെ ഇരുന്നുകൊണ്ട്‌ യേശു ഒരു പ്രസംഗം നടത്തി. ഈ പ്രസംഗത്തെയാണ്‌ ഗിരിപ്രഭാഷണം എന്നു വിളിക്കുന്നത്‌. അവൻ പറഞ്ഞു: ‘ആകാശത്തിലെ പക്ഷികളെ നോക്കൂ. അവ വിതയ്‌ക്കുന്നില്ല, കളപ്പുരകളിൽ കൂട്ടിവെക്കുന്നുമില്ല; എങ്കിലും സ്വർഗത്തിലെ ദൈവം അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാളൊക്കെ വിലപ്പെട്ടവരല്ലേ നിങ്ങൾ?’

എന്തു പഠിപ്പിക്കാനാണ്‌ യേശു പൂക്കളുടെയും പക്ഷികളുടെയും കാര്യം പറഞ്ഞത്‌?

യേശു തുടർന്നു: ‘വയലിലെ ലില്ലിപ്പൂക്കളെ നോക്കി പഠിക്കൂ: അവ അധ്വാനിക്കുന്നില്ല; എങ്കിലും വളരുന്നു. എത്ര ഭംഗിയാണ്‌ അവയെ കാണാൻ! ധനികനായ ശലോമോൻ രാജാവിനുപോലും ഈ ലില്ലികളെപ്പോലെ അണിഞ്ഞൊരുങ്ങാൻ ആകുമായിരുന്നില്ല. വയലിലെ ഈ പൂക്കളെ ദൈവം ഇങ്ങനെ ഒരുക്കുന്നു എങ്കിൽ, നിങ്ങൾക്കായി എത്രയധികം കരുതും!’—മത്തായി 6:25-33.

യേശു പഠിപ്പിച്ച പാഠം മനസ്സിലായോ?— കഴിക്കാനുള്ള ആഹാരവും ഇടാനുള്ള ഉടുപ്പും എവിടെനിന്നു കിട്ടും എന്നോർത്ത്‌ നമ്മൾ വിഷമിക്കുന്നതു കാണാൻ യേശുവിന്‌ ഇഷ്ടമില്ല. അവയെല്ലാം നമുക്കു വേണ്ടതാണെന്ന്‌ ദൈവത്തിന്‌ അറിയാം. ആഹാരത്തിനും വസ്‌ത്രത്തിനുമായി ജോലിചെയ്യേണ്ട എന്നാണോ യേശു പറഞ്ഞത്‌? അല്ല. നമ്മൾ ദൈവത്തിന്റെ കാര്യങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കണം എന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. നമ്മൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നമുക്ക്‌ ആവശ്യത്തിന്‌ ആഹാരവും വസ്‌ത്രവും കിട്ടുന്നുണ്ടെന്ന്‌ ദൈവം ഉറപ്പുവരുത്തും. നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?—

യേശു പ്രസംഗിച്ചുതീർന്നപ്പോൾ ആളുകൾക്ക്‌ എന്തു തോന്നിക്കാണും?— അവൻ പഠിപ്പിച്ച കാര്യങ്ങൾ കേട്ട്‌ അവർ അതിശയിച്ചുപോയി എന്നു ബൈബിൾ പറയുന്നു. യേശു പറയുന്നതു കേട്ടിരിക്കാൻ നല്ല രസമായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങൾ, ശരിയായതു ചെയ്യാൻ അവരെ സഹായിച്ചു.—മത്തായി 7:28.

അതുകൊണ്ട്‌ നമ്മളും യേശുവിൽനിന്ന്‌ പഠിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. അതിന്‌ നമുക്ക്‌ എന്തു ചെയ്യാൻ പറ്റും?— അവൻ പറഞ്ഞ കാര്യങ്ങൾ ഒരു പുസ്‌തകത്തിൽ എഴുതിവെച്ചിട്ടുണ്ട്‌. ആ പുസ്‌തകം ഏതാണെന്ന്‌ പറയാമോ?— വിശുദ്ധ ബൈബിളാണ്‌ ആ പുസ്‌തകം. അതുകൊണ്ട്‌ ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കുകയാണെങ്കിൽ, യേശു പറഞ്ഞത്‌ നമുക്ക്‌ കേൾക്കാനാകും. ശരിക്കും പറഞ്ഞാൽ, യേശു പറയുന്നതു ശ്രദ്ധിക്കാൻ ദൈവംതന്നെ നമ്മളോടു പറയുന്നുണ്ട്‌. അതിനെക്കുറിച്ച്‌ രസകരമായ ഒരു കഥ ബൈബിളിലുണ്ട്‌.

ഒരു ദിവസം യേശു മൂന്നു കൂട്ടുകാരെയും കൂട്ടി ഒരു മലയിലേക്കുപോയി. പത്രോസും യാക്കോബും യോഹന്നാനും ആയിരുന്നു ആ കൂട്ടുകാർ. അവരെപ്പറ്റി കൂടുതൽ കാര്യങ്ങൾ നമ്മൾ പിന്നെ പഠിക്കും. മലയുടെ മുകളിൽ എത്തിയപ്പോൾ എന്തു സംഭവിച്ചെന്നോ? യേശുവിന്റെ മുഖം ശോഭിക്കുന്നത്‌ അവർ കണ്ടു. ഈ ചിത്രത്തിൽ കാണുന്നതുപോലെ, അവന്റെ വസ്‌ത്രം വെട്ടിത്തിളങ്ങി.

“ഇവൻ എന്റെ പ്രിയപുത്രൻ . . . ഇവനു ശ്രദ്ധകൊടുക്കുവിൻ”

പിന്നെ യേശുവും കൂട്ടുകാരും സ്വർഗത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു. അതിങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനു ശ്രദ്ധകൊടുക്കുവിൻ.” (മത്തായി 17:1-5) അത്‌ ആരുടെ ശബ്ദമായിരുന്നെന്ന്‌ അറിയാമോ?— ദൈവത്തിന്റെ ശബ്ദം! അതെ, തന്റെ പുത്രനെ ശ്രദ്ധിക്കാൻ ദൈവംതന്നെയാണ്‌ അവരോടു പറഞ്ഞത്‌.

നമ്മുടെ കാര്യമോ? നമ്മൾ അവന്റെ പുത്രനെ ശ്രദ്ധിക്കുമോ?— ശ്രദ്ധിക്കണമെന്നാണ്‌ ദൈവം പറഞ്ഞിരിക്കുന്നത്‌. അത്‌ എങ്ങനെ ചെയ്യാമെന്നാണ്‌ നമ്മൾ പഠിച്ചത്‌?—

ദൈവപുത്രനെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വായിച്ചുകൊണ്ട്‌ നമുക്ക്‌ അവനെ ശ്രദ്ധിക്കാനാകും. നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും മഹാനായ അധ്യാപകന്‌ നമ്മോടു പറയാനുണ്ട്‌. ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന ആ കാര്യങ്ങൾ പഠിക്കാൻ നല്ല രസമായിരിക്കും. നിങ്ങൾ പഠിക്കുന്ന ആ നല്ല കാര്യങ്ങൾ കൂട്ടുകാരോടു പറയുമ്പോൾ നിങ്ങൾക്ക്‌ ഒരുപാട്‌ സന്തോഷം തോന്നും!

യേശുവിനെ ശ്രദ്ധിക്കുന്നതുകൊണ്ടുള്ള മറ്റു ചില പ്രയോജനങ്ങൾ അറിയാൻ നമുക്ക്‌ ബൈബിൾ തുറന്ന്‌ യോഹന്നാൻ 3:16; 8:28-30; പ്രവൃത്തികൾ 4:12 എന്നീ തിരുവെഴുത്തുകൾ വായിക്കാം.