വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 2

സ്‌നേഹനിധിയായ ദൈവത്തിൽനിന്ന്‌ ഒരു കത്ത്‌

സ്‌നേഹനിധിയായ ദൈവത്തിൽനിന്ന്‌ ഒരു കത്ത്‌

നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകം ഏതാണ്‌?— മൃഗങ്ങളെക്കുറിച്ചുള്ള പുസ്‌തകമാണ്‌ ചില കുട്ടികൾക്ക്‌ ഇഷ്ടം. വേറെ ചിലർക്കാണെങ്കിൽ, നിറയെ പടങ്ങളുള്ള പുസ്‌തകമാണ്‌ ഇഷ്ടം. ആ പുസ്‌തകങ്ങൾ വായിക്കാൻ നല്ല രസമായിരിക്കും.

എന്നാൽ ദൈവത്തെക്കുറിച്ചു പറയുന്ന പുസ്‌തകങ്ങളാണ്‌ ലോകത്തിലെ ഏറ്റവും നല്ല പുസ്‌തകങ്ങൾ. അക്കൂട്ടത്തിൽ ഏറ്റവും നല്ല പുസ്‌തകം ഏതാണെന്ന്‌ അറിയാമോ?— ബൈബിൾ.

ബൈബിൾ ഇത്ര നല്ല പുസ്‌തകമാണെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?— കാരണം ദൈവമാണ്‌ ആ പുസ്‌തകം നമുക്കു തന്നത്‌. ദൈവത്തെക്കുറിച്ചും അവൻ നമുക്കുവേണ്ടി ചെയ്യാൻപോകുന്ന നല്ല കാര്യങ്ങളെക്കുറിച്ചും അതു നമ്മളോടു പറയുന്നു. ദൈവത്തെ സന്തോഷിപ്പിക്കാൻ നമ്മൾ എന്തു ചെയ്യണമെന്നും അതു പറയുന്നുണ്ട്‌. അത്‌ ദൈവത്തിൽനിന്നുള്ള ഒരു കത്തുപോലെയാണ്‌.

ദൈവത്തിനു വേണമെങ്കിൽ ബൈബിൾ മുഴുവനും സ്വർഗത്തിൽവെച്ച്‌ എഴുതിയിട്ട്‌ മനുഷ്യർക്ക്‌ അയച്ചുതരാമായിരുന്നു. പക്ഷേ, ദൈവം അങ്ങനെ ചെയ്‌തില്ല. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ദൈവത്തിൽനിന്നുള്ളതാണ്‌; പക്ഷേ ബൈബിൾ എഴുതാൻ, തന്നെ ആരാധിക്കുന്ന മനുഷ്യരെയാണ്‌ ദൈവം ഉപയോഗിച്ചത്‌.

എങ്ങനെയായിരിക്കും ദൈവം അതു ചെയ്‌തത്‌?— ഒരു ഉദാഹരണം പറയാം. റേഡിയോയിലൂടെ, ദൂരെയുള്ള ആളുകളുടെ ശബ്ദം നമ്മൾ കേൾക്കാറില്ലേ? ടിവിയിലൂടെയാണെങ്കിൽ, മറ്റ്‌ രാജ്യങ്ങളിലുള്ള ആളുകളെ കാണാനും അവർ പറയുന്നതു കേൾക്കാനും കഴിയും.

ആളുകൾ ബഹിരാകാശ പേടകത്തിൽ കയറി അങ്ങു ദൂരെ ചന്ദ്രനിൽ പോകുകയും അവിടെനിന്ന്‌ ഭൂമിയിലേക്ക്‌ സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്യാറുണ്ട്‌. അതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?— മനുഷ്യരായ നമുക്ക്‌ അതു പറ്റുമെങ്കിൽ സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക്‌ സന്ദേശങ്ങൾ അയയ്‌ക്കാൻ ദൈവത്തിനു കഴിയില്ലേ?— തീർച്ചയായും കഴിയും! മനുഷ്യർ റേഡിയോയും ടിവിയും കണ്ടുപിടിക്കുന്നതിന്‌ വളരെക്കാലം മുമ്പേ ദൈവം അതു ചെയ്‌തു.

ദൈവത്തിന്‌ ദൂരെനിന്ന്‌ നമ്മളോടു സംസാരിക്കാൻ പറ്റുമെന്ന്‌ നമുക്കെങ്ങനെ അറിയാം?

ദൈവം സംസാരിക്കുന്നതു നേരിട്ടു കേട്ട ഒരാളാണ്‌ മോശ. അവൻ ദൈവത്തെ കണ്ടില്ല; പക്ഷേ, ദൈവത്തിന്റെ ശബ്ദം കേട്ടു. ഇതു നടന്നപ്പോൾ ലക്ഷക്കണക്കിന്‌ ആളുകൾ അവിടെ ഉണ്ടായിരുന്നു. അന്ന്‌ ഒരു പർവതം മുഴുവൻ കുലുങ്ങി, ഇടിയും മിന്നലും ഉണ്ടായി. ദൈവമാണ്‌ അതിന്റെ പിന്നിൽ പ്രവർത്തിച്ചത്‌. ദൈവം മോശയോടു സംസാരിച്ചെന്ന്‌ അവർക്കു മനസ്സിലായി; പക്ഷേ, അവർ പേടിച്ചുപോയി. ‘ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്‌ ദൈവം ഞങ്ങളോടു സംസാരിക്കരുതേ’ എന്ന്‌ അവർ മോശയോടു പറഞ്ഞു. ദൈവം പറഞ്ഞ കാര്യങ്ങൾ പിന്നീട്‌ മോശ എഴുതിവെച്ചു. ബൈബിൾ വായിക്കുമ്പോൾ നമുക്കത്‌ കാണാനാകും.—പുറപ്പാടു 20:18-21.

ബൈബിളിലെ ആദ്യത്തെ അഞ്ചുപുസ്‌തകങ്ങൾ മോശയാണ്‌ എഴുതിയത്‌. പക്ഷേ ബൈബിളിലെ എല്ലാ പുസ്‌തകങ്ങളും മോശ എഴുതിയതല്ല. ബൈബിളെഴുതാൻ ഏതാണ്ട്‌ 40 പേരെ ദൈവം ഉപയോഗിച്ചിട്ടുണ്ട്‌. വളരെക്കാലംമുമ്പ്‌ ജീവിച്ചിരുന്ന ഈ മനുഷ്യർ ബൈബിൾ എഴുതിത്തീർക്കാൻ ഒരുപാടു വർഷങ്ങളെടുത്തു; ഒരുപാടെന്നു പറഞ്ഞാൽ, ഏതാണ്ട്‌ 1,600 വർഷം! ഇവരിൽ ചിലർ തമ്മിൽ കണ്ടിട്ടുപോലുമില്ല; എന്നിട്ടും, അവർ എഴുതിയ കാര്യങ്ങൾക്ക്‌ എന്തൊരു യോജിപ്പാണെന്നോ!

ഈ ബൈബിളെഴുത്തുകാരുടെ പേരു പറയാമോ?

ബൈബിൾ എഴുതിയ ചിലർ പേരുകേട്ടവരായിരുന്നു. മോശയുടെ കാര്യംതന്നെ നോക്കൂ. ആട്ടിടയനായിരുന്നെങ്കിലും പിന്നീട്‌ അവൻ ഇസ്രായേലിന്റെ നേതാവായിത്തീർന്നു. ബുദ്ധിശാലിയും ധനികനുമായിരുന്ന ശലോമോൻ രാജാവായിരുന്നു മറ്റൊരാൾ. പക്ഷേ, ബൈബിൾ എഴുതിയ എല്ലാവരും ഇതുപോലെ പ്രശസ്‌തരല്ലായിരുന്നു. അത്തിക്കായ്‌കൾ പഴുപ്പിക്കുന്ന ഒരു സാധാരണ ജോലിയായിരുന്നു ആമോസിന്‌.

ഒരു ഡോക്‌ടറും ബൈബിളെഴുതിയിട്ടുണ്ട്‌. അതാരാണെന്ന്‌ പറയാമോ?— ലൂക്കോസ്‌. ആളുകളിൽനിന്ന്‌ നികുതി പിരിക്കുന്ന ജോലിയായിരുന്നു മറ്റൊരാൾക്ക്‌; മത്തായി എന്നായിരുന്നു പേര്‌. യഹൂദനിയമങ്ങളെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്ന വക്കീലായിരുന്നു മറ്റൊരാൾ. ബൈബിളിലെ ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ അവനാണ്‌ എഴുതിയത്‌. അതാരാണ്‌?— പൗലോസ്‌. യേശുവിന്റെ ശിഷ്യന്മാരായ പത്രോസും യോഹന്നാനും ബൈബിൾ എഴുതിയിട്ടുണ്ട്‌. അവർ മീൻപിടിത്തക്കാരായിരുന്നു.

ബൈബിൾ എഴുത്തുകാരായ മിക്കവരും, ദൈവം ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. കാര്യങ്ങൾ നടക്കുന്നതിനുമുമ്പേ എങ്ങനെയാണ്‌ അവരത്‌ അറിഞ്ഞത്‌?— ദൈവമാണ്‌ അവരെ അത്‌ അറിയിച്ചത്‌. നടക്കാൻപോകുന്ന കാര്യങ്ങൾ അവൻ അവരോടു പറഞ്ഞു.

യേശു ഭൂമിയിൽ വന്നപ്പോഴേക്കും ബൈബിളിന്റെ കൂടുതൽ ഭാഗവും എഴുതിക്കഴിഞ്ഞിരുന്നു. ഭൂമിയിൽ വരുന്നതിനുമുമ്പ്‌ അവൻ സ്വർഗത്തിലുണ്ടായിരുന്നു എന്നത്‌ ഓർക്കുന്നില്ലേ? ബൈബിളിന്റെ കാര്യത്തിൽ ദൈവം ചെയ്‌തതെല്ലാം യേശുവിന്‌ അറിയാമായിരുന്നു. ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്ന്‌ യേശു വിശ്വസിച്ചിരുന്നോ?— വിശ്വസിച്ചിരുന്നു.

ദൈവത്തിന്റെ പ്രവൃത്തികളെപ്പറ്റി ആളുകളോടു പറയുമ്പോൾ യേശു ബൈബിളിൽനിന്ന്‌ വായിച്ചുകേൾപ്പിക്കുമായിരുന്നു. ചിലപ്പോഴൊക്കെ, ബൈബിൾവാക്യങ്ങൾ അവൻ ഓർമയിൽനിന്നു പറഞ്ഞു. ദൈവത്തിൽനിന്നുള്ള ധാരാളം വിവരങ്ങൾ യേശു നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌. ‘അവനിൽനിന്നു കേട്ടതുതന്നെ ഞാൻ ലോകത്തെ അറിയിക്കുന്നു’ എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു. (യോഹന്നാൻ 8:26) ദൈവത്തോടൊപ്പം സ്വർഗത്തിൽ ഉണ്ടായിരുന്നതിനാൽ യേശു ദൈവത്തിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ കേട്ടിരുന്നു. യേശുവിന്റെ വാക്കുകൾ എവിടെയാണ്‌ നമ്മൾ കാണുന്നത്‌?— ബൈബിളിൽ. നമുക്ക്‌ വായിക്കാൻവേണ്ടിയാണ്‌ അതെല്ലാം ബൈബിളിൽ എഴുതിയിരിക്കുന്നത്‌.

ബൈബിളെഴുത്തുകാർ, അവർ സാധാരണ ഉപയോഗിച്ചിരുന്ന ഭാഷയിലാണ്‌ ബൈബിൾ എഴുതിയത്‌. അതുകൊണ്ടാണ്‌, ബൈബിളിന്റെ കൂടുതൽ ഭാഗവും ഹീബ്രൂഭാഷയിലും ചില ഭാഗങ്ങൾ അരാമ്യഭാഷയിലും ബാക്കിയുള്ളവ ഗ്രീക്കിലും എഴുതിയിരിക്കുന്നത്‌. ഇന്നുള്ള പലർക്കും ആ ഭാഷകൾ അറിയാത്തതിനാൽ ബൈബിൾ മറ്റുഭാഷകളിലേക്ക്‌ പകർത്തിയെഴുതിയിട്ടുണ്ട്‌. ഇന്ന്‌, മുഴുബൈബിളോ അതിന്റെ ഭാഗങ്ങളോ 2,260-ലധികം ഭാഷകളിൽ വായിക്കാൻ കിട്ടും. അത്ഭുതംതന്നെ, അല്ലേ? ദൈവം തന്നിരിക്കുന്ന ബൈബിൾ എല്ലാ ആളുകൾക്കുമുള്ളതാണ്‌. ഇത്രയധികം ഭാഷകളിലേക്കു മാറ്റിയെഴുതിയിട്ടും അതിലെ സന്ദേശത്തിന്‌ ഒരു മാറ്റവുമില്ല, ഇന്നും അത്‌ ദൈവത്തിന്റേതുതന്നെയാണ്‌.

നമുക്കു പ്രയോജനമുള്ള കാര്യങ്ങളാണ്‌ ബൈബിളിൽ പറഞ്ഞിരിക്കുന്നത്‌. വളരെക്കാലംമുമ്പ്‌ എഴുതിയതാണെങ്കിലും, ഇന്നു നടക്കുന്ന കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്‌. മാത്രമല്ല, ദൈവം ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളും അതിലുണ്ട്‌. അതൊക്കെ കേട്ടാൽ ആരും അതിശയിച്ചുപോകും! നമുക്ക്‌ കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെപ്പറ്റിയും ബൈബിൾ പറയുന്നുണ്ട്‌.

ബൈബിൾ വായിച്ചാൽ എന്തെല്ലാം പഠിക്കാം?

നമ്മൾ എങ്ങനെ ജീവിക്കുന്നതാണ്‌ ദൈവത്തിനിഷ്ടം എന്നും ബൈബിളിൽ കാണാം. എന്താണ്‌ ശരി, എന്താണ്‌ തെറ്റ്‌ എന്ന്‌ അതു നമുക്കു കാണിച്ചുതരുന്നു. നമ്മളെല്ലാം അത്‌ മനസ്സിലാക്കണം. തെറ്റ്‌ ചെയ്‌ത ആളുകൾക്ക്‌ എന്തു സംഭവിച്ചു എന്ന്‌ ബൈബിളിൽ എഴുതിയിട്ടുണ്ട്‌. എന്തിനാണെന്നോ? അത്‌ നമുക്കു സംഭവിക്കാതിരിക്കാൻ. കൂടാതെ, നല്ലതു ചെയ്‌ത ആളുകളെക്കുറിച്ചും അതുകൊണ്ട്‌ അവർക്കു കിട്ടിയ പ്രയോജനങ്ങളെക്കുറിച്ചും അതു പറയുന്നുണ്ട്‌. നമുക്ക്‌ നന്മവരാനാണ്‌ ഇതെല്ലാം എഴുതിയിരിക്കുന്നത്‌.

പക്ഷേ ബൈബിളിൽനിന്ന്‌ കൂടുതൽ പ്രയോജനം കിട്ടണമെങ്കിൽ, ഒരു ചോദ്യത്തിന്റെ ഉത്തരം നമ്മൾ അറിയണം. ചോദ്യം ഇതാണ്‌: ബൈബിൾ ആരു തന്നതാണ്‌? ഉത്തരം പറയാമോ?— ദൈവം തന്നതാണ്‌. അപ്പോൾ, ബുദ്ധിശാലികളാണെങ്കിൽ നമ്മൾ എന്തു ചെയ്യും?— ദൈവം പറയുന്നതു കേൾക്കും; അവൻ പറയുന്നതുപോലെ ജീവിക്കും.

അതുകൊണ്ട്‌ നമ്മൾ ഒരുമിച്ച്‌ ബൈബിൾ വായിക്കണം. നമുക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള ആരെങ്കിലും ഒരു കത്ത്‌ അയച്ചാൽ നമ്മൾ അതു പലതവണ വായിക്കും, അല്ലേ? ബൈബിളിന്റെ കാര്യത്തിലും നമ്മൾ അതുതന്നെ ചെയ്യണം. കാരണം, നമ്മളോട്‌ ഒരുപാട്‌ സ്‌നേഹമുള്ള നമ്മുടെ ദൈവമാണ്‌ ആ കത്ത്‌ അയച്ചിരിക്കുന്നത്‌.

നമ്മുടെ പ്രയോജനത്തിനായി എഴുതിയിരിക്കുന്ന ദൈവത്തിന്റെ വചനമാണ്‌ ബൈബിളെന്നു മനസ്സിലാക്കാൻ ഈ വാക്യങ്ങൾകൂടെ വായിക്കുക: റോമർ 15:4; 2 തിമൊഥെയൊസ്‌ 3:16, 17; 2 പത്രോസ്‌ 1:20, 21.