വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

ദൈവത്തിന്‌ ഒരു പേരുണ്ട്‌!

ദൈവത്തിന്‌ ഒരു പേരുണ്ട്‌!

ആരെയെങ്കിലും പരിചയപ്പെടണമെന്നു കരുതുക. ആദ്യം നിങ്ങൾ എന്തു ചോദിക്കും?— അയാളുടെ പേര്‌ ചോദിക്കും. നമുക്കെല്ലാവർക്കും പേരുണ്ട്‌. ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചിട്ട്‌ ദൈവം അവന്‌ ആദാം എന്നു പേരിട്ടു. ആദാമിന്റെ ഭാര്യയുടെ പേര്‌ ഹവ്വാ എന്നായിരുന്നു.

പക്ഷേ ആളുകൾക്കു മാത്രമല്ല പേരുള്ളത്‌. വേറെ എന്തിനൊക്കെയാണ്‌ പേരുള്ളത്‌? വീട്ടിൽ വളർത്തുന്ന പൂച്ചക്കുഞ്ഞിനും പട്ടിക്കുട്ടിക്കുമൊക്കെ നമ്മൾ പേരിടാറുണ്ട്‌, അല്ലേ?— അതെ, പേരിന്‌ വലിയ പ്രാധാന്യമുണ്ട്‌.

രാത്രിയിൽ ആകാശത്ത്‌ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കണ്ടിട്ടില്ലേ? ആ നക്ഷത്രങ്ങൾക്കും പേരുണ്ടോ?— ഉണ്ട്‌, ഓരോ നക്ഷത്രത്തിനും ദൈവം പേരിട്ടിട്ടുണ്ട്‌. “അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്തനം 147:4.

നക്ഷത്രങ്ങൾക്കൊക്കെ പേരുണ്ട്‌ എന്ന കാര്യം നിങ്ങൾക്ക്‌ അറിയാമായിരുന്നോ?

ലോകത്തിൽവെച്ച്‌ ഏറ്റവും വലിയ ആൾ ആരാണെന്ന്‌ അറിയാമോ?— ദൈവം. ദൈവത്തിന്‌ പേരുണ്ടോ, എന്തു തോന്നുന്നു?— ദൈവത്തിന്‌ പേരുണ്ടെന്നാണ്‌ യേശു പറഞ്ഞത്‌. ‘ഞാൻ നിന്റെ പേര്‌ എന്റെ ശിഷ്യന്മാരെ അറിയിച്ചിരിക്കുന്നു’ എന്ന്‌ ദൈവത്തോടു പ്രാർഥിച്ചപ്പോൾ യേശു ഒരിക്കൽ പറയുകയുണ്ടായി. (യോഹന്നാൻ 17:26) ദൈവത്തിന്റെ പേര്‌ എന്താണെന്ന്‌ അറിയാമോ?— ദൈവംതന്നെ അത്‌ നമ്മോടു പറഞ്ഞിട്ടുണ്ട്‌. ‘ഞാൻ യഹോവ, അതുതന്നേ എന്റെ നാമം’ എന്ന്‌ ദൈവം പറയുന്നു. അതെ, യഹോവ എന്നാണ്‌ ദൈവത്തിന്റെ പേര്‌.—യെശയ്യാവു 42:8.

മറ്റുള്ളവർക്ക്‌ നിങ്ങളുടെ പേര്‌ ഓർമയുണ്ടെന്ന്‌ അറിയുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?— സന്തോഷം തോന്നും, അല്ലേ?— എല്ലാവരും തന്റെ പേര്‌ അറിയണം എന്ന്‌ യഹോവയ്‌ക്കും ആഗ്രഹമുണ്ട്‌. അതുകൊണ്ട്‌ ദൈവത്തെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ നമ്മൾ യഹോവ എന്ന പേര്‌ ഉപയോഗിക്കണം. ആളുകളോടു സംസാരിച്ചപ്പോൾ യേശുവും ദൈവത്തിന്റെ പേര്‌ ഉപയോഗിച്ചു. ‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടെ സ്‌നേഹിക്കണം’ എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു.—മർക്കോസ്‌ 12:30.

“യഹോവ” എന്ന പേര്‌ വളരെ പ്രധാനപ്പെട്ടതാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ആ പേര്‌ ഉപയോഗിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. ദൈവത്തിന്റെ നാമത്തിനുവേണ്ടി പ്രാർഥിക്കാനും യേശു അവരെ പഠിപ്പിച്ചു. തന്റെ പേര്‌ എല്ലാവരും മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

തന്റെ പേര്‌ എത്ര പ്രധാനമാണെന്ന്‌ വളരെക്കാലം മുമ്പുതന്നെ ദൈവം മോശയോടു പറഞ്ഞിരുന്നു. മോശ ഒരു ഇസ്രായേല്യനായിരുന്നു. ഇസ്രായേൽ എന്നൊരാളുടെ മക്കളായിരുന്നു ഇസ്രായേല്യർ. ഈജിപ്‌റ്റ്‌ എന്ന ദേശത്താണ്‌ അവർ താമസിച്ചിരുന്നത്‌. ആ നാട്ടുകാരെ ഈജിപ്‌റ്റുകാർ എന്നാണു വിളിച്ചിരുന്നത്‌. ഈജിപ്‌റ്റുകാർ, ഇസ്രായേല്യരെ അടിമകളാക്കിയെന്നു മാത്രമല്ല അവരോട്‌ യാതൊരു ദയയും കാണിച്ചില്ല. മോശ ഒരിക്കൽ ഒരു ഇസ്രായേല്യനെ സഹായിക്കാൻ ശ്രമിച്ചു. ഈജിപ്‌റ്റിലെ രാജാവായ ഫറവോൻ ഇതറിഞ്ഞു. മോശയോടു കോപം തോന്നിയ രാജാവ്‌ അവനെ കൊല്ലാൻ തീരുമാനിച്ചു! വിവരം അറിഞ്ഞ്‌ മോശ ഈജിപ്‌റ്റിൽനിന്ന്‌ ഓടിപ്പോയി.

മിദ്യാൻ എന്ന നാട്ടിലേക്കാണ്‌ മോശ പോയത്‌. അവിടെവെച്ചാണ്‌ അവൻ വിവാഹംകഴിച്ചത്‌. ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു അവന്‌. അങ്ങനെയിരിക്കെ, ഒരു ദിവസം ഒരു മലയുടെ അടുത്ത്‌ ആടുകളെ മേയിക്കുമ്പോൾ മോശ ഒരു അത്ഭുതം കണ്ടു. ഒരു മുൾച്ചെടിക്ക്‌ തീപിടിച്ചിരിക്കുന്നു, പക്ഷേ അത്‌ കത്തിപ്പോകുന്നില്ല! സംഭവിക്കുന്നത്‌ എന്താണെന്ന്‌ ശരിക്കും കാണാനായി മോശ അടുത്തുചെന്നു.

അപ്പോൾ എന്തുണ്ടായെന്ന്‌ അറിയാമോ?— മുൾച്ചെടിയുടെ നടുവിൽനിന്ന്‌ ഒരു ശബ്ദം! ‘മോശേ, മോശേ’ എന്നാരോ വിളിക്കുന്നു! ആരായിരുന്നു അത്‌?— ദൈവം! കുറെ ജോലികൾ ദൈവം മോശയെ ഏൽപ്പിച്ചു. ദൈവം പറഞ്ഞത്‌ എന്താണെന്നോ? ‘നീ എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്‌റ്റിൽനിന്ന്‌ വിടുവിക്കേണ്ടതിന്‌ ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്‌ക്കും.’ ഇതുചെയ്യാൻ അവനെ സഹായിക്കാമെന്ന്‌ ദൈവം വാക്കുകൊടുത്തു.

കത്തുന്ന മുൾച്ചെടിയുടെ അടുത്തുവെച്ച്‌ ഏതു പ്രധാനപ്പെട്ട കാര്യമാണ്‌ മോശ മനസ്സിലാക്കിയത്‌?

അപ്പോൾ മോശ ദൈവത്തോട്‌, ‘ഞാൻ ഈജിപ്‌റ്റിൽ ഇസ്രായേൽമക്കളുടെ അടുക്കൽച്ചെന്ന്‌ ദൈവം എന്നെ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, “അവന്റെ പേരെന്താണ്‌” എന്ന്‌ അവർ എന്നോടു ചോദിക്കും; അപ്പോൾ ഞാൻ എന്തു പറയണം’ എന്ന്‌ ചോദിച്ചു. ദൈവം എന്തു പറഞ്ഞു? ‘യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമം ആകുന്നു’ എന്ന്‌ ഇസ്രായേൽമക്കളോട്‌ പറയാൻ ദൈവം മോശയോട്‌ ആവശ്യപ്പെടുന്നു. (പുറപ്പാടു 3:1-15) ദൈവത്തിന്റെ പേര്‌ എല്ലാക്കാലത്തും യഹോവ എന്നായിരിക്കും എന്നല്ലേ ഇതു കാണിക്കുന്നത്‌? ദൈവം ഒരിക്കലും ആ പേര്‌ മാറ്റില്ല. എന്നും ആ പേരിൽ അറിയപ്പെടാനാണ്‌ ദൈവത്തിനിഷ്ടം.

തന്റെ പേര്‌ എല്ലാവരും അറിയാൻ ചെങ്കടലിൽവെച്ച്‌ ദൈവം എന്തു ചെയ്‌തു?

മോശ ഈജിപ്‌റ്റിലേക്ക്‌ തിരിച്ചുപോയി. യഹോവ ഭൂമിയുടെ മുഴുവൻ ദൈവമാണെന്ന്‌ അന്ന്‌ ഈജിപ്‌റ്റുകാർക്ക്‌ അറിയില്ലായിരുന്നു; ഇസ്രായേല്യരുടെ ഏതോ ഒരു ദൈവം എന്നേ അവർ കരുതിയുള്ളൂ. അതുകൊണ്ട്‌, ‘എന്റെ നാമം ഞാൻ സർവഭൂമിയിലും അറിയിക്കാൻ പോകുകയാണ്‌’ എന്ന്‌ യഹോവ ഈജിപ്‌റ്റിലെ രാജാവിനോടു പറയുന്നു. (പുറപ്പാടു 9:16) പറഞ്ഞതുപോലെതന്നെ യഹോവ ചെയ്‌തു. എങ്ങനെയാണെന്ന്‌ അറിയാമോ?—

മോശയെ ഉപയോഗിച്ച്‌ യഹോവ ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്ന്‌ വിടുവിച്ചു. അവർ ചെങ്കടലിനടുത്ത്‌ എത്തിയപ്പോൾ യഹോവ കടലിന്‌ നടുവിലൂടെ ഒരു വഴി ഉണ്ടാക്കി. ആ ഉണങ്ങിയ നിലത്തുകൂടെ ഇസ്രായേല്യർ കടൽ കുറുകെ കടക്കാൻ തുടങ്ങി. അതു കണ്ട്‌ ഫറവോനും സൈന്യവും അവരെ പിന്തുടർന്നു. പക്ഷേ എന്തു സംഭവിച്ചെന്നോ? അതുവരെ മതിലുപോലെ ഇരുവശങ്ങളിലും ഉയർന്നുനിന്നിരുന്ന വെള്ളം ഈജിപ്‌റ്റുകാരെ മൂടിക്കളഞ്ഞു. ആരും രക്ഷപ്പെട്ടില്ല!

ചെങ്കടലിൽ യഹോവ ചെയ്‌ത അത്ഭുതം പെട്ടെന്നുതന്നെ മാലോകരെല്ലാം അറിഞ്ഞു. അത്‌ നമുക്കെങ്ങനെ അറിയാം?— ഏതാണ്ട്‌ 40 വർഷങ്ങൾക്കുശേഷം ഇസ്രായേല്യർ കനാനിൽ എത്തി. ആ ദേശം അവർക്ക്‌ കൊടുക്കുമെന്ന്‌ ദൈവം മുമ്പേ അവരോട്‌ പറഞ്ഞിരുന്നു. അവിടെവെച്ച്‌ രാഹാബ്‌ എന്ന സ്‌ത്രീ രണ്ട്‌ ഇസ്രായേല്യപുരുഷന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചെന്ന്‌ ഞങ്ങൾ കേട്ടിട്ടുണ്ട്‌.’—യോശുവ 2:10.

അന്നത്തെ ഈജിപ്‌റ്റുകാരെപ്പോലെയാണ്‌ ഇന്ന്‌ മിക്ക ആളുകളും. യഹോവ മുഴുഭൂമിയുടെയും ദൈവമാണെന്ന്‌ അവർ വിശ്വസിക്കുന്നില്ല. അതുകൊണ്ട്‌, തന്റെ ആളുകൾ തന്റെ നാമത്തെക്കുറിച്ചു മറ്റുള്ളവരോടു പറയണമെന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. യേശുവും അതാണു ചെയ്‌തത്‌. ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാറായപ്പോൾ ഒരു പ്രാർഥനയിൽ യേശു യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു.”—യോഹന്നാൻ 17:26.

യേശു ദൈവത്തിന്റെ പേര്‌ എല്ലാവരെയും അറിയിച്ചു. ബൈബിളിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ കാണിച്ചുകൊടുക്കാൻ നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്കും യേശുവിനെപ്പോലെയാകണമെന്ന്‌ ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ മറ്റുള്ളവരോടു പറയണം. പലർക്കും അത്‌ അറിയില്ല എന്ന്‌ അപ്പോൾ നിങ്ങൾക്കു മനസ്സിലാകും. സങ്കീർത്തനം 83:18-ൽ എന്താണു പറയുന്നതെന്ന്‌ നിങ്ങൾക്ക്‌ അവരെ കാണിച്ചുകൊടുക്കാം. നമുക്ക്‌ ബൈബിൾ തുറന്ന്‌ ആ ഭാഗം ഒരുമിച്ചു വായിച്ചാലോ? “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”

ഇതു വായിച്ചിട്ട്‌ എന്തു മനസ്സിലായി?— യഹോവ എന്ന പേരിന്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ ഈ വാക്യം നമ്മളെ പഠിപ്പിക്കുന്നു. യേശുവിന്റെ പിതാവിന്റെ പേരാണത്‌. നാം കാണുന്നതെല്ലാം സൃഷ്ടിച്ച, സർവശക്തനായ ദൈവത്തിന്റെ പേര്‌. യഹോവയാം ദൈവത്തെ മുഴുഹൃദയത്തോടെ സ്‌നേഹിക്കണം എന്ന്‌ യേശു പറഞ്ഞത്‌ ഓർക്കുന്നില്ലേ? നിങ്ങൾക്ക്‌ യഹോവയോടു സ്‌നേഹമുണ്ടോ?—

യഹോവയോടു സ്‌നേഹമുണ്ടെന്നു കാണിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?— ദൈവത്തെക്കുറിച്ചു മനസ്സിലാക്കുന്നതാണ്‌ ഒരു മാർഗം; ഒരു കൂട്ടുകാരനോട്‌ അടുക്കുന്നതുപോലെ ദൈവത്തോട്‌ അടുക്കണം. ദൈവത്തിന്റെ പേര്‌ എന്താണെന്ന്‌ മറ്റുള്ളവരോടു പറയുന്നതാണ്‌ മറ്റൊരു മാർഗം. യഹോവ എന്ന പേര്‌ ബൈബിളിൽനിന്നുതന്നെ അവരെ കാണിച്ചുകൊടുക്കാനാകും. ദൈവം സൃഷ്ടിച്ചിരിക്കുന്ന അത്ഭുതകരമായ സംഗതികളെക്കുറിച്ചും അവൻ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചും അവരോടു പറയാവുന്നതാണ്‌. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ദൈവത്തിനു വലിയ സന്തോഷമാകും. കാരണം, എല്ലാവരും തന്നെക്കുറിച്ച്‌ അറിയണമെന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ട്‌ നമുക്ക്‌ അങ്ങനെ ചെയ്യാം, അല്ലേ?—

നമ്മൾ യഹോവയെക്കുറിച്ചു പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നില്ല. മഹാനായ അധ്യാപകൻ പറഞ്ഞിട്ടുപോലും പലരും ശ്രദ്ധിച്ചില്ല. പക്ഷേ അതുകൊണ്ടൊന്നും, യഹോവയെക്കുറിച്ചു സംസാരിക്കുന്നത്‌ അവൻ നിറുത്തിക്കളഞ്ഞില്ല.

യഹോവയെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ നമുക്കും യേശുവിനെപ്പോലെ ആയിരിക്കാം. അപ്പോൾ യഹോവയ്‌ക്ക്‌ സന്തോഷമാകും, തീർച്ച. കാരണം, നമ്മൾ യഹോവയെക്കുറിച്ചു പറയുമ്പോൾ നമുക്ക്‌ ആ പേര്‌ ഇഷ്ടമാണെന്നാണ്‌ അതിനർഥം.

ദൈവത്തിന്റെ പേരിന്റെ പ്രാധാന്യം കാണിക്കുന്ന മറ്റു ചില തിരുവെഴുത്തുകൾ നമുക്കു വായിക്കാം: യെശയ്യാവു 12:4, 5; മത്തായി 6:9; യോഹന്നാൻ 17:6; റോമർ 10:13.