വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

യേശുവിന്റെ ശിഷ്യന്മാർ

യേശുവിന്റെ ശിഷ്യന്മാർ

ഇതാരാണ്‌? ഇയാൾ എങ്ങനെയാണ്‌ യേശുവിന്റെ ശിഷ്യനായിത്തീർന്നത്‌?

ദൈവത്തിന്റെ ഏറ്റവും നല്ല ദാസൻ ആരാണ്‌?— യേശുക്രിസ്‌തു. നമുക്ക്‌ യേശുവിനെപ്പോലെയാകാൻ സാധിക്കുമോ?— നമ്മൾ യേശുവിനെപ്പോലെ ജീവിക്കുന്നതിനുവേണ്ടി അവൻ ഒരു മാതൃക വെച്ചിരിക്കുന്നു എന്ന്‌ ബൈബിൾ പറയുന്നു. മാത്രമല്ല, നമ്മളെല്ലാം തന്റെ ശിഷ്യന്മാരായിത്തീരണം എന്ന്‌ യേശു ആഗ്രഹിക്കുകയും ചെയ്യുന്നു.

യേശുവിന്റെ ശിഷ്യനാകുക എന്നു പറഞ്ഞാൽ എന്താണെന്ന്‌ അറിയാമോ?— അതിനായി നമ്മൾ പലതും ചെയ്യേണ്ടതുണ്ട്‌. ആദ്യം, യേശു പറഞ്ഞിട്ടുള്ള കാര്യങ്ങൾ പഠിക്കണം. പക്ഷേ, അതുമാത്രം പോരാ. അവൻ പറയുന്നതു വിശ്വസിക്കുകയും വേണം. വിശ്വസിച്ചാൽ നമ്മൾ എന്തു ചെയ്യും? അവൻ പറയുന്നതെല്ലാം അനുസരിക്കും.

യേശുവിൽ വിശ്വസിക്കുന്നുണ്ടെന്ന്‌ പലരും പറയാറുണ്ട്‌. പക്ഷേ, അവരെല്ലാം യേശുവിന്റെ ശിഷ്യന്മാരാണോ, എന്തു തോന്നുന്നു?— അല്ല, മിക്കവരും അല്ല. അവർ പള്ളിയിൽ പോകുന്നുണ്ടാകും. പക്ഷേ, യേശു പറഞ്ഞ കാര്യങ്ങൾ പഠിക്കാനൊന്നും അവർ കൂട്ടാക്കാറില്ല. യേശു നമുക്കായി ഒരു മാതൃകവെച്ചതിനെക്കുറിച്ച്‌ നേരത്തേ പറഞ്ഞില്ലേ? ആ മാതൃക അനുസരിക്കുന്നവർ മാത്രമാണ്‌ യേശുവിന്റെ ശിഷ്യന്മാർ.

യേശു ഭൂമിയിലായിരുന്നപ്പോൾ അവന്റെ ശിഷ്യന്മാരായിത്തീർന്ന ചിലരെക്കുറിച്ച്‌ നമുക്കിനി പഠിക്കാം. യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാരിൽ ഒരാളാണ്‌ ഫിലിപ്പോസ്‌. അവൻ കൂട്ടുകാരനായ നഥനയേലിനെ തേടിപ്പിടിച്ച്‌ യേശുവിനെക്കുറിച്ചു പറയുന്നു. നഥനയേലിന്റെ മറ്റൊരു പേരാണ്‌ ബർത്തൊലൊമായി. ഈ ചിത്രത്തിൽ, അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നത്‌ നഥനയേലാണ്‌. നഥനയേൽ തന്റെ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘ഇതാ, സാക്ഷാൽ ഇസ്രായേല്യൻ; ഇവനിൽ ഒരു കള്ളത്തരവും ഇല്ല.’ നഥനയേൽ അതിശയിച്ചുപോയി. “എന്നെ എങ്ങനെ അറിയാം” എന്ന്‌ അവൻ യേശുവിനോടു ചോദിച്ചു.

തന്റെ ശിഷ്യന്മാരാകാൻ യേശു ആരെയാണ്‌ വിളിക്കുന്നത്‌?

“ഫിലിപ്പോസ്‌ നിന്നെ വിളിക്കുന്നതിനുമുമ്പ്‌, നീ ആ അത്തിയുടെ ചുവട്ടിലായിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു” എന്ന്‌ യേശു പറഞ്ഞു. താൻ എവിടെയായിരുന്നെന്ന്‌ ഇത്ര കൃത്യമായി യേശു പറയുന്നതു കേട്ടപ്പോൾ നഥനയേലിന്‌ വിശ്വസിക്കാനായില്ല. അവൻ ഇങ്ങനെ പറഞ്ഞു: “നീ ദൈവപുത്രൻതന്നെ; ഇസ്രായേലിന്റെ രാജാവ്‌.”—യോഹന്നാൻ 1:49.

യൂദാ ഈസ്‌കര്യോത്താ, യൂദാ (മറ്റൊരു പേരാണ്‌ തദ്ദായി), ശിമോൻ

ഫിലിപ്പോസും നഥനയേലും ശിഷ്യന്മാരാകുന്നതിന്റെ തലേദിവസം മറ്റു ചിലർ യേശുവിന്റെ ശിഷ്യന്മാരായിത്തീർന്നിരുന്നു. അന്ത്രെയാസ്‌, അവന്റെ ചേട്ടനായ പത്രോസ്‌, യോഹന്നാൻ എന്നിവരായിരുന്നു അവർ. ആ സമയത്തുതന്നെയായിരിക്കണം യോഹന്നാന്റെ ചേട്ടനായ യാക്കോബ്‌ യേശുവിന്റെ ശിഷ്യനായത്‌. (യോഹന്നാൻ 1:35-51) എന്നാൽ പിന്നീട്‌ അവർ തങ്ങളുടെ പഴയ ജോലിയിലേക്ക്‌, എന്നുവെച്ചാൽ മീൻപിടിത്തത്തിലേക്ക്‌ തിരിച്ചുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടന്നുപോകുമ്പോൾ, പത്രോസും അന്ത്രെയാസും വല വീശുന്നത്‌ കണ്ടു. “എന്നെ അനുഗമിക്കുവിൻ” എന്ന്‌ യേശു അവരോട്‌ പറഞ്ഞു.

യാക്കോബ്‌ (അൽഫായിയുടെ മകൻ), തോമസ്‌, മത്തായി

കുറച്ചുകൂടെ മുന്നോട്ടുപോയപ്പോൾ യേശു യാക്കോബിനെയും യോഹന്നാനെയും കണ്ടു. അപ്പന്റെകൂടെ വള്ളത്തിലിരുന്ന്‌ വല നന്നാക്കുകയായിരുന്നു അവർ. അവരോടും തന്നെ അനുഗമിക്കാൻ യേശു പറഞ്ഞു. യേശു നിങ്ങളെ വിളിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ഉടനെതന്നെ യേശുവിനോടൊപ്പം പോകുമായിരുന്നോ?— ആ ആളുകൾക്ക്‌ യേശു ആരാണെന്ന്‌ അറിയാമായിരുന്നു. അവനെ ദൈവം അയച്ചതാണെന്നും അവർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ പെട്ടെന്നുതന്നെ അവർ അവരുടെ ജോലി ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.—മത്തായി 4:18-22.

നഥനയേൽ, ഫിലിപ്പോസ്‌, യോഹന്നാൻ

യേശുവിന്റെ അനുഗാമികളായെന്നുവെച്ച്‌ ഈ ആളുകൾ പിന്നീട്‌ തെറ്റൊന്നും ചെയ്‌തില്ലെന്നാണോ?— അല്ല. കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി ഒരിക്കൽ അവർ തർക്കിച്ചത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. പക്ഷേ പിന്നീട്‌, യേശു പറഞ്ഞതുകേട്ട്‌ സ്വഭാവത്തിന്‌ മാറ്റംവരുത്താൻ അവർ തയ്യാറായി. അതുപോലെ മാറ്റംവരുത്താൻ തയ്യാറാണെങ്കിൽ നമുക്കും യേശുവിന്റെ ശിഷ്യന്മാരാകാം.

യാക്കോബ്‌ (യോഹന്നാന്റെ സഹോദരൻ), അന്ത്രയോസ്‌, പത്രോസ്‌

തന്റെ ശിഷ്യന്മാരാകാൻ യേശു എല്ലാത്തരം ആളുകളെയും ക്ഷണിച്ചു. ഒരിക്കൽ, ധനികനായ ഒരു ഭരണാധികാരി യേശുവിന്റെ അടുത്തുചെന്ന്‌, നിത്യജീവൻ കിട്ടാൻ എന്തു ചെയ്യണമെന്ന്‌ ചോദിച്ചു. ദൈവത്തിന്റെ കൽപ്പനകൾ ചെറുപ്പംമുതലേ താൻ അനുസരിക്കുന്നുണ്ടെന്ന്‌ അയാൾ യേശുവിനോടു പറഞ്ഞു. അപ്പോൾ യേശു അവനോട്‌, “വന്ന്‌ എന്നെ അനുഗമിക്കുക” എന്ന്‌ പറഞ്ഞു. അയാൾ എന്തു ചെയ്‌തെന്ന്‌ അറിയാമോ?—

യേശുവിന്റെ ശിഷ്യനായിത്തീരുന്നതാണ്‌ പണത്തെക്കാൾ പ്രധാനം എന്നു മനസ്സിലാക്കിയതോടെ അയാൾക്ക്‌ വലിയ വിഷമമായി. അയാൾ യേശുവിനെ അനുഗമിച്ചില്ല; കാരണം അയാൾക്ക്‌ ദൈവത്തെക്കാൾ സ്‌നേഹം പണത്തോടായിരുന്നു.—ലൂക്കോസ്‌ 18:18-25.

ഏതാണ്ട്‌ ഒന്നരവർഷത്തെ പ്രസംഗ പ്രവർത്തനത്തിനുശേഷം, യേശു തന്റെ ശിഷ്യന്മാരിൽനിന്ന്‌ 12 പേരെ തിരഞ്ഞെടുത്ത്‌ അപ്പൊസ്‌തലന്മാരാക്കി. അപ്പൊസ്‌തലന്മാർ എന്നുവെച്ചാൽ ആരാണെന്നോ? ഒരു പ്രത്യേക ജോലിക്കായി യേശു അയച്ചവരാണ്‌ അവർ. അവരുടെ പേര്‌ അറിയാമോ?— ആ പേരുകൾ പഠിക്കാൻ പറ്റുമോ എന്ന്‌ നമുക്കു നോക്കാം. ആദ്യം ഈ പടത്തിൽനോക്കി അവരുടെ പേരുകൾ പറയാം. അതിനുശേഷം കാണാതെ പറയാൻ പറ്റുമോ എന്ന്‌ നോക്കാം.

പ്രസംഗപ്രവർത്തനത്തിലായിരിക്കെ യേശുവിനെ സഹായിച്ച ഈ സ്‌ത്രീകൾ ആരാണ്‌?

കുറെ നാളുകൾ കഴിഞ്ഞപ്പോൾ 12 പേരിൽ ഒരാൾ ദുഷ്ടനായിത്തീർന്നു. അത്‌ ആരായിരുന്നെന്നോ? യൂദാ ഈസ്‌കര്യോത്താ. അതേത്തുടർന്ന്‌ യൂദായ്‌ക്കുപകരം മറ്റൊരാളെ അപ്പൊസ്‌തലനായി തിരഞ്ഞെടുത്തു. ആരായിരുന്നു അത്‌?— മത്ഥിയാസ്‌. പിന്നീട്‌ പൗലോസും ബർന്നബാസും അപ്പൊസ്‌തലന്മാരായി; 12 അപ്പൊസ്‌തലന്മാരെ കൂടാതെയായിരുന്നു അത്‌.—പ്രവൃത്തികൾ 1:23-26; 14:14.

യേശുവിന്‌ കുട്ടികളെ ഇഷ്ടമായിരുന്നെന്ന്‌ ഒന്നാം അധ്യായത്തിൽ നമ്മൾ പഠിച്ചില്ലേ? എന്തുകൊണ്ടാണ്‌ യേശു കുട്ടികളുടെ കാര്യത്തിൽ താത്‌പര്യം കാണിച്ചത്‌?— കാരണം, അവർക്കും തന്റെ ശിഷ്യന്മാരാകാൻ പറ്റുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. മഹാനായ അധ്യാപകനെപ്പറ്റി കുട്ടികൾ പറയുമ്പോൾ വലിയവർ ശ്രദ്ധിച്ചു കേൾക്കാറുണ്ട്‌. അവനെക്കുറിച്ച്‌ കൂടുതൽ പഠിക്കാൻപോലും അവർ താത്‌പര്യം കാണിച്ചേക്കാം.

യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരുടെ കൂട്ടത്തിൽ അനേകം സ്‌ത്രീകളും ഉണ്ടായിരുന്നു. യേശു മറ്റു പട്ടണങ്ങളിൽ പ്രസംഗിക്കാൻ പോകുമ്പോൾ അവരിൽ ചിലർ അവനോടൊപ്പം പോകുമായിരുന്നു. മഗ്‌ദലന മറിയയും യോഹന്നയും സൂസന്നയും അങ്ങനെ ചെയ്യാറുണ്ടായിരുന്നു. വസ്‌ത്രം അലക്കാനും ഭക്ഷണം ഉണ്ടാക്കാനും ഒക്കെ അവർ യേശുവിനെ സഹായിച്ചിട്ടുണ്ടാകും.—ലൂക്കോസ്‌ 8:1-3.

യേശുവിന്റെ ശിഷ്യനാകാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— പക്ഷേ യേശുവിന്റെ ശിഷ്യനാണെന്നു പറഞ്ഞതുകൊണ്ടുമാത്രം അങ്ങനെയാവില്ല. പിന്നെയോ, നമ്മൾ ശിഷ്യന്മാരെപ്പോലെ പെരുമാറണം. മീറ്റിങ്ങുകൾക്ക്‌ പോകുമ്പോൾ മാത്രമല്ല, എപ്പോഴും അങ്ങനെയായിരിക്കണം. എവിടെയൊക്കെ നമ്മൾ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ പെരുമാറണമെന്ന്‌ പറയാമോ?—

വീട്ടിൽ നമ്മൾ അങ്ങനെയായിരിക്കണം. സ്‌കൂളിലും നമ്മൾ അങ്ങനെ പെരുമാറണം. ഒരു കാര്യം മറക്കരുത്‌: ശരിക്കും യേശുവിന്റെ ശിഷ്യനായിരിക്കണമെങ്കിൽ, എല്ലാ സമയത്തും എല്ലാ ദിവസവും നമ്മൾ യേശുവിനെപ്പോലെ പെരുമാറണം, നമ്മൾ എവിടെയായിരുന്നാലും.

എവിടെയൊക്കെ നമ്മൾ യേശുവിന്റെ ശിഷ്യന്മാരാണെന്നു കാണിക്കണം?

യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ച്‌ പറയുന്ന, മത്തായി 28:19, 20; ലൂക്കോസ്‌ 6:13-16; യോഹന്നാൻ 8:31, 32; 1 പത്രോസ്‌ 2:21 എന്നീ തിരുവെഴുത്തുകൾ വായിക്കുക.