വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ആരെങ്കിലും നിങ്ങളോട്‌ മോശമായി പെരുമാറിയിട്ടുണ്ടോ?— എന്താണ്‌ അയാൾ ചെയ്‌തത്‌? നിങ്ങളെ ദ്രോഹിച്ചോ? അതോ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞോ?— ആരെങ്കിലും അങ്ങനെ പെരുമാറിയാൽ നിങ്ങൾ പകരംവീട്ടണോ?—

തങ്ങളെ ഉപദ്രവിക്കുന്നവരോട്‌ പകരംവീട്ടുന്നവരാണ്‌ മിക്കവരും. പക്ഷേ നമ്മളോട്‌ ആരെങ്കിലും തെറ്റുചെയ്‌താൽ, അവരോട്‌ ക്ഷമിക്കണം എന്നാണ്‌ യേശു പഠിപ്പിച്ചത്‌. (മത്തായി 6:12) എന്നാൽ പിന്നെയും പിന്നെയും ഒരാൾ നമ്മളെ ഉപദ്രവിച്ചാലോ? എത്ര പ്രാവശ്യം നമ്മൾ അയാളോട്‌ ക്ഷമിക്കണം?—

പത്രോസിനും അത്‌ അറിയണമെന്നുണ്ടായിരുന്നു. അതുകൊണ്ട്‌ ഒരുദിവസം അവൻ യേശുവിനോട്‌, ‘ആരെങ്കിലും എന്നോടു തെറ്റുചെയ്‌താൽ ഞാൻ എത്ര തവണ ക്ഷമിക്കണം, ഏഴുതവണ മതിയോ?’ എന്നു ചോദിച്ചു. ഏഴുതവണ ക്ഷമിച്ചാൽ പോരായിരുന്നു. അതുകൊണ്ട്‌ യേശു എന്തു പറഞ്ഞെന്നോ? ഒരാൾ എഴുപത്തേഴു തവണ നിങ്ങളോട്‌ തെറ്റു ചെയ്‌താൽ, ആ ‘എഴുപത്തേഴു തവണയും ക്ഷമിക്കണം.’

ക്ഷമിക്കുന്നതിനെക്കുറിച്ച്‌ പത്രോസ്‌ എന്തു ചോദ്യമാണ്‌ ചോദിച്ചത്‌?

ഒന്നാലോചിച്ചു നോക്കൂ, എഴുപത്തേഴു തവണ! അത്രയൊക്കെ തെറ്റുകൾ ആര്‌ ഓർത്തിരിക്കാൻ, അല്ലേ? അപ്പോൾ യേശു ഉദ്ദേശിച്ചത്‌ ഇതാണ്‌: മറ്റുള്ളവർ നമ്മളോട്‌ എത്ര പ്രാവശ്യം തെറ്റുചെയ്യുന്നു എന്ന്‌ ഓർത്തുവെക്കാൻ ശ്രമിക്കരുത്‌. അവർ ക്ഷമചോദിക്കുമ്പോൾ നമ്മൾ ക്ഷമിക്കണം.

ക്ഷമിക്കുന്നത്‌ എത്ര പ്രധാനമാണെന്ന്‌ തന്റെ ശിഷ്യന്മാർ മനസ്സിലാക്കണമെന്ന്‌ യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌ പത്രോസിന്റെ ചോദ്യത്തിന്‌ ഉത്തരം കൊടുത്തശേഷം യേശു ശിഷ്യന്മാരോട്‌ ഒരു കഥ പറഞ്ഞു. എന്താ, ആ കഥ കേൾക്കണമെന്നുണ്ടോ?—

ഒരിടത്ത്‌ ഒരു നല്ല രാജാവുണ്ടായിരുന്നു. ദയാലുവായിരുന്നു അദ്ദേഹം. തന്റെ അടിമകൾക്ക്‌ പണത്തിന്‌ ആവശ്യം വരുമ്പോഴൊക്കെ അദ്ദേഹം അവരെ സഹായിച്ചിരുന്നു. അങ്ങനെയിരിക്കെ, അടിമകളെല്ലാം രാജാവിന്‌ പണം തിരിച്ചുകൊടുക്കേണ്ട ദിവസം വന്നു. ആറുകോടി വെള്ളിനാണയം കടപ്പെട്ടിരുന്ന ഒരു അടിമയും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ഒന്നാലോചിച്ചു നോക്കൂ, ആറുകോടി വെള്ളിനാണയം! എത്ര വലിയ തുക, അല്ലേ?

കടം വീട്ടാൻ കൂടുതൽ സമയം വേണമെന്ന്‌ അടിമ അപേക്ഷിച്ചപ്പോൾ രാജാവ്‌ എന്തു ചെയ്‌തു?

രാജാവ്‌ കൊടുത്ത പണമെല്ലാം ആ അടിമ ചെലവാക്കിക്കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ തിരിച്ചുകൊടുക്കാൻ ഒരു മാർഗവുമില്ല. അതുകൊണ്ട്‌ രാജാവ്‌ ഒരു ഉത്തരവിട്ടു. അടിമയെയും അയാളുടെ ഭാര്യയെയും മക്കളെയും, എന്നുവേണ്ട അയാൾക്കുള്ളതെല്ലാം വിൽക്കുക! അങ്ങനെയാകുമ്പോൾ വിറ്റുകിട്ടുന്ന പണംകൊണ്ട്‌ കടം വീട്ടാം. ഇതു കേട്ടപ്പോൾ ആ അടിമയ്‌ക്ക്‌ എന്തു തോന്നിക്കാണും?—

അടിമ രാജാവിനോട്‌ താണുകേണപേക്ഷിച്ചു: ‘തിരുമനസ്സേ, അടിയന്‌ കുറച്ചുകൂടി സമയം തരണം. കടമെല്ലാം അടിയൻ വീട്ടിക്കൊള്ളാം.’ രാജാവിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?— എന്തായാലും, രാജാവിന്റെ മനസ്സലിഞ്ഞു. പണം തിരിച്ചുകൊടുക്കേണ്ടതില്ലെന്ന്‌ അദ്ദേഹം അടിമയോട്‌ പറഞ്ഞു. ആറുകോടി വെള്ളിനാണയങ്ങളിൽ ഒന്നുപോലും തിരിച്ചുകൊടുക്കേണ്ടെന്ന്‌ രാജാവ്‌ പറഞ്ഞപ്പോൾ ആ അടിമയ്‌ക്കുണ്ടായ സന്തോഷം ഒന്നോർത്തുനോക്കൂ!

പക്ഷേ അതിനുശേഷം ആ അടിമ എന്തു ചെയ്‌തെന്നോ? തന്റെ കൈയിൽനിന്ന്‌ വെറും നൂറ്‌ വെള്ളിനാണയങ്ങൾ കടംവാങ്ങിയിരുന്ന മറ്റൊരു അടിമയെ അവൻ കണ്ടു. അവൻ ആ അടിമയുടെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ട്‌, ‘എനിക്ക്‌ തരാനുള്ള നൂറ്‌ വെള്ളിനാണയം ഉടനെ തന്നുതീർക്കണം’ എന്നു പറഞ്ഞു. രാജാവിൽനിന്ന്‌ വലിയൊരു തുക ഇളച്ചുകിട്ടിയ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന്‌ സ്വപ്‌നത്തിൽപ്പോലും നമുക്ക്‌ ചിന്തിക്കാനാകില്ല, അല്ലേ?—

തനിക്ക്‌ പണം തരാനുണ്ടായിരുന്ന അടിമയോട്‌ ഒന്നാമത്തെ അടിമ എങ്ങനെയാണ്‌ പെരുമാറിയത്‌?

രണ്ടാമത്തെ അടിമയുടെ കൈയിൽ പണമില്ലായിരുന്നു. നൂറ്‌ വെള്ളിനാണയം ഉടനെ കൊടുത്തുതീർക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ അയാൾ ഒന്നാമത്തെ അടിമയുടെ കാൽക്കൽ വീണ്‌ ഇങ്ങനെ യാചിച്ചു: ‘എനിക്ക്‌ കുറച്ചുകൂടി സമയം തരണം. കടമെല്ലാം ഞാൻ തന്നുതീർത്തുകൊള്ളാം.’ ഒന്നാമത്തെ അടിമ ഇപ്പോൾ എന്തു ചെയ്യണമായിരുന്നു?— നിങ്ങളാണെങ്കിൽ എന്തു ചെയ്യുമായിരുന്നു?—

രാജാവിനെപ്പോലെ ദയയുള്ളവനായിരുന്നില്ല ഈ അടിമ. പണം ഉടൻ തിരിച്ചുകിട്ടണമെന്ന്‌ അയാൾ വാശിപിടിച്ചു. അതു കിട്ടാതെയായപ്പോൾ അയാൾ രണ്ടാമത്തെ അടിമയെ ജയിലിലാക്കി. നടന്നതെല്ലാം മറ്റ്‌ അടിമകൾ കാണുന്നുണ്ടായിരുന്നു. അവർക്കത്‌ സഹിച്ചില്ല. ജയിലിലായ അടിമയോട്‌ അവർക്ക്‌ കനിവുതോന്നി. അവർ രാജാവിനെ കണ്ട്‌ വിവരം ധരിപ്പിച്ചു.

സംഭവമറിഞ്ഞ രാജാവിന്‌ കോപം അടക്കാനായില്ല. അദ്ദേഹം ദുഷ്ടനായ ആ അടിമയെ വിളിച്ചിട്ട്‌ പറഞ്ഞു: ‘ദുഷ്ടനായ അടിമേ, നിന്റെ കടങ്ങളൊക്കെ ഞാൻ ഇളച്ചുതന്നില്ലേ? അപ്പോൾ, നിന്റെ കടക്കാരനോട്‌ നീയും ക്ഷമിക്കേണ്ടതല്ലേ?’

ദുഷ്ടനായ അടിമയെ രാജാവ്‌ എന്തു ചെയ്‌തു?

ദുഷ്ട അടിമ രാജാവിന്റെ ദയയിൽനിന്ന്‌ പാഠം പഠിക്കേണ്ടതായിരുന്നു. പക്ഷേ, അവൻ അതു ചെയ്‌തില്ല. അതുകൊണ്ട്‌ ആറുകോടി വെള്ളിനാണയം കൊടുത്തുതീർക്കുന്നതുവരെ അയാളെ ജയിലിലടയ്‌ക്കാൻ രാജാവ്‌ ഉത്തരവിട്ടു. ജയിലിലായിരിക്കുമ്പോൾ എന്തായാലും ജോലിചെയ്‌ത്‌ കടംവീട്ടാൻ പറ്റില്ലല്ലോ! അതുകൊണ്ട്‌ മരിക്കുന്നതുവരെ അയാൾക്ക്‌ ജയിലിൽ കിടക്കേണ്ടിവന്നു.

കഥ പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ എന്റെ സ്വർഗീയപിതാവ്‌ നിങ്ങളോടും ഇങ്ങനെതന്നെ ചെയ്യും.’—മത്തായി 18:21-35.

നമ്മളെല്ലാവരും ദൈവത്തോട്‌ വളരെയേറെ കടപ്പെട്ടിരിക്കുന്നു. സത്യത്തിൽ, നമ്മുടെ ജീവൻപോലും ദൈവം തന്നതാണ്‌! ദൈവത്തിന്‌ നമ്മൾ കൊടുത്തുതീർക്കാനുള്ളതു വെച്ചുനോക്കുമ്പോൾ മറ്റുള്ളവർ നമുക്കു തരാനുള്ളത്‌ ഒന്നുമല്ല. മറ്റുള്ളവരുടെ കടങ്ങൾ വളരെ നിസ്സാരമാണെന്നർഥം, ആ നൂറ്‌ വെള്ളിനാണയങ്ങൾപോലെ. എന്നാൽ, നമ്മൾ ചെയ്യുന്ന തെറ്റുകൾ കാരണം ദൈവത്തോടുള്ള നമ്മുടെ കടം വളരെ വലുതാണ്‌, ഒന്നാമത്തെ അടിമ രാജാവിനു കൊടുക്കേണ്ടിയിരുന്ന ആറുകോടി വെള്ളിനാണയങ്ങൾപോലെ.

വളരെ ദയാലുവാണ്‌ നമ്മുടെ ദൈവം. നമ്മൾ തെറ്റ്‌ ചെയ്‌താലും അവൻ ക്ഷമിക്കുന്നു. നമ്മുടെ ജീവൻ കൊടുത്തുകൊണ്ട്‌ കടംവീട്ടാൻ ദൈവം ഒരിക്കലും ആവശ്യപ്പെടില്ല. പക്ഷേ, ഒരു കാര്യം നമ്മൾ ഓർക്കണം: നമ്മളോടു തെറ്റു ചെയ്യുന്നവരോട്‌ നമ്മൾ ക്ഷമിച്ചാൽ മാത്രമേ ദൈവം നമ്മളോടു ക്ഷമിക്കുകയുള്ളൂ. എത്ര വിലയേറിയ പാഠം, അല്ലേ?—

ആരെങ്കിലും ക്ഷമ ചോദിച്ചാൽ നിങ്ങൾ എന്തു ചെയ്യും?

ആരെങ്കിലും നിങ്ങളോടു മോശമായി പെരുമാറിയിട്ട്‌ ‘സോറി’ പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ അയാളോടു ക്ഷമിക്കുമോ?— പിന്നെയും പിന്നെയും അയാൾ തെറ്റു ചെയ്‌താലോ? അപ്പോഴും നിങ്ങൾ ക്ഷമിക്കുമോ?—

നിങ്ങൾ ആരോടെങ്കിലും ക്ഷമചോദിക്കുമ്പോൾ അയാൾ ക്ഷമിക്കണമെന്നാണ്‌ നിങ്ങളുടെ ആഗ്രഹം, അല്ലേ?— അപ്പോൾ നമ്മളും അതുതന്നെ ചെയ്യണം. ക്ഷമിച്ചുവെന്ന്‌ വെറുതെ പറഞ്ഞാൽ പോരാ, ശരിക്കും ക്ഷമിക്കണം. അങ്ങനെ ചെയ്യുമ്പോൾ, മഹാനായ അധ്യാപകന്റെ ശിഷ്യന്മാരാണെന്നു കാണിക്കുകയായിരിക്കും നമ്മൾ.

ക്ഷമിക്കുന്നത്‌ എത്ര പ്രധാനമാണെന്നു മനസ്സിലാക്കാൻ സദൃശവാക്യങ്ങൾ 19:11; മത്തായി 6:14, 15; ലൂക്കോസ്‌ 17:3, 4 എന്നീ തിരുവെഴുത്തുകൾകൂടി വായിക്കാം.