വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 18

നിങ്ങൾ നന്ദി പറയാറുണ്ടോ?

നിങ്ങൾ നന്ദി പറയാറുണ്ടോ?

നിങ്ങൾ ഇന്ന്‌ എന്തെങ്കിലും കഴിച്ചോ?— അത്‌ ആരാണ്‌ ഉണ്ടാക്കിയത്‌?— ചിലപ്പോൾ അമ്മയായിരിക്കും അല്ലെങ്കിൽ മറ്റാരെങ്കിലും ആയിരിക്കും, അല്ലേ? അപ്പോൾപ്പിന്നെ ആഹാരം തന്നതിന്‌ നമ്മൾ എന്തിനാണ്‌ ദൈവത്തിന്‌ നന്ദി പറയുന്നത്‌?— കാരണം, ദൈവമാണ്‌ ചെടികളും മരങ്ങളും ഒക്കെ ഉണ്ടാക്കിയത്‌, അതിൽനിന്നാണ്‌ നമുക്ക്‌ ആഹാരം കിട്ടുന്നത്‌. പക്ഷേ, ദൈവത്തിനുമാത്രം നന്ദി പറഞ്ഞാൽ പോരാ. ആഹാരം ഉണ്ടാക്കുന്നവർക്കും അത്‌ വിളമ്പിത്തരുന്നവർക്കും നമ്മൾ നന്ദി പറയണം.

മറ്റുള്ളവർ നമുക്കുവേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ ‘താങ്ക്‌യൂ’ പറയാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്‌, ശരിയല്ലേ? മഹാനായ അധ്യാപകൻ ഭൂമിയിൽ ആയിരുന്നപ്പോഴും അങ്ങനെയൊരു സംഭവം ഉണ്ടായി. കുറെപ്പേർ നന്ദി പറയാൻ മറന്നുപോയി. കുഷ്‌ഠരോഗികളായിരുന്നു അവർ.

കുഷ്‌ഠരോഗികളെപ്പറ്റി കേട്ടിട്ടുണ്ടോ?— കുഷ്‌ഠം എന്ന രോഗം ഉള്ളവരാണ്‌ കുഷ്‌ഠരോഗികൾ. അത്‌ വന്നാൽ വിരലുകളൊക്കെ ദ്രവിച്ച്‌ ശരീരം വിരൂപമാകും. യേശുവിന്റെ കാലത്ത്‌, കുഷ്‌ഠരോഗികൾ മറ്റുള്ളവരിൽനിന്നെല്ലാം അകന്ന്‌ താമസിക്കണമായിരുന്നു. ആരെങ്കിലും ദൂരെനിന്നു വരുന്നതു കണ്ടാൽ, ഈ അസുഖമുള്ളവർ ‘അശുദ്ധൻ, അശുദ്ധൻ’ എന്നു വിളിച്ചുപറയണമായിരുന്നു. മറ്റുള്ളവർ അടുത്തുവന്നിട്ട്‌ അവർക്കുംകൂടെ രോഗം വരാതിരിക്കാനായിരുന്നു അത്‌.

യേശുവിന്‌ കുഷ്‌ഠരോഗികളോട്‌ ദയ തോന്നിയിരുന്നു. ഒരിക്കൽ യെരുശലേമിലേക്ക്‌ പോകുകയായിരുന്നു യേശു. ഒരു കൊച്ചുപട്ടണത്തിലൂടെ അവന്‌ കടന്നുപോകണമായിരുന്നു. പട്ടണത്തിനടുത്ത്‌ എത്തിയപ്പോൾ പത്ത്‌ കുഷ്‌ഠരോഗികൾ അവനെ കാണാൻ വന്നു. ദൈവത്തിന്റെ ശക്തികൊണ്ട്‌ എല്ലാത്തരം അസുഖങ്ങളും മാറ്റാൻ യേശുവിന്‌ സാധിക്കുമെന്ന്‌ അവർ കേട്ടിരുന്നു.

യേശുവിന്റെ അടുത്തേക്ക്‌ വരാതെ ആ കുഷ്‌ഠരോഗികൾ ദൂരെ മാറിനിന്നു. പക്ഷേ യേശുവിന്‌ തങ്ങളുടെ രോഗം മാറ്റാൻ കഴിയുമെന്ന്‌ അവർക്ക്‌ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട്‌ യേശുവിനെ ദൂരെ കണ്ടപ്പോൾത്തന്നെ അവർ, ‘യേശുവേ, ഗുരോ, ഞങ്ങളെ സഹായിക്കേണമേ’ എന്ന്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

സുഖമില്ലാത്തവരെ കാണുമ്പോൾ നിങ്ങൾക്ക്‌ വിഷമം തോന്നാറുണ്ടോ?— യേശുവിന്‌ അങ്ങനെ തോന്നിയിരുന്നു. കുഷ്‌ഠരോഗിയായി ജീവിക്കേണ്ടിവരുന്നത്‌ എത്ര കഷ്ടമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ കുഷ്‌ഠരോഗികൾ സഹായം ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ‘പുരോഹിതന്മാർ നിങ്ങളെ കാണേണ്ടതിന്‌ അവരുടെ അടുത്തേക്കു പോകുക.’—ലൂക്കോസ്‌ 17:11-14.

എന്തു ചെയ്യാനാണ്‌ യേശു ഈ കുഷ്‌ഠരോഗികളോടു പറയുന്നത്‌?

യേശു എന്തിനാണ്‌ പുരോഹിതന്മാരുടെ അടുത്തുപോകാൻ അവരോട്‌ പറഞ്ഞത്‌? യഹോവ തന്റെ ജനത്തിന്‌ ഒരു നിയമം കൊടുത്തിട്ടുണ്ടായിരുന്നു. ഒരാളുടെ കുഷ്‌ഠം മാറിയാൽ അയാൾ ദൈവത്തിന്റെ പുരോഹിതനെ ചെന്നു കാണണം എന്നായിരുന്നു നിയമം. അസുഖം മാറിയെന്ന്‌ പുരോഹിതൻ ഉറപ്പുവരുത്തും. പിന്നെ, അയാൾക്ക്‌ മറ്റുള്ളവരോടൊപ്പം താമസിക്കാം.—ലേവ്യപുസ്‌തകം 13:16, 17.

എന്നാൽ ഇവിടെ ഈ കുഷ്‌ഠരോഗികളുടെ അസുഖം മാറിയിട്ടില്ലായിരുന്നു. രോഗം മാറിയിട്ടില്ലെന്നുപറഞ്ഞ്‌ അവർ പുരോഹിതന്റെ അടുക്കൽ പോകാതിരുന്നോ?— ഇല്ല. യേശു പറഞ്ഞതുകേട്ട്‌ അപ്പോൾത്തന്നെ അവർ പോയി. യേശു രോഗം മാറ്റുമെന്ന്‌ അവർക്ക്‌ നന്നായി അറിയാമായിരുന്നു. പിന്നീട്‌ എന്തു സംഭവിച്ചെന്നോ?

പുരോഹിതനെ കാണാൻ പോകുന്നവഴിക്കുതന്നെ അവരുടെ അസുഖം മാറി! അവരുടെ ശരീരം പഴയപടിയായി. അതെ, അവർ യേശുവിൽ വിശ്വസിച്ചതിന്‌ ഫലമുണ്ടായി. അസുഖം മാറിയപ്പോൾ അവർക്ക്‌ എത്ര സന്തോഷം തോന്നിക്കാണും! ആകട്ടെ, നന്ദിയുള്ളവർ ആണെങ്കിൽ അവർ ഇപ്പോൾ എന്തു ചെയ്യണമായിരുന്നു? അവരുടെ സ്ഥാനത്ത്‌ നിങ്ങൾ ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?—

ഈ കുഷ്‌ഠരോഗി എന്തു ചെയ്യാൻ മറന്നില്ല?

അവരിൽ ഒരാൾ യേശുവിനെ കാണാൻ മടങ്ങിവന്നു. അയാൾ യഹോവയെ സ്‌തുതിക്കാൻ തുടങ്ങി. അയാൾ ചെയ്‌തത്‌ ശരിയായിരുന്നു; കാരണം, ദൈവം കൊടുത്ത ശക്തികൊണ്ടാണ്‌ യേശു സുഖപ്പെടുത്തിയത്‌. യേശുവിനോടും അയാൾക്ക്‌ നന്ദിയുണ്ടായിരുന്നു. അത്ര വലിയൊരു കാര്യമാണല്ലോ യേശു ചെയ്‌തത്‌. അതുകൊണ്ട്‌ അയാൾ യേശുവിന്റെ കാൽക്കൽ വീണ്‌ നന്ദി പറഞ്ഞു.

എന്നാൽ ബാക്കി ഒൻപതുപേരോ? യേശു ഇങ്ങനെ ചോദിച്ചു: ‘പത്തുപേരെയല്ലേ സുഖപ്പെടുത്തിയത്‌? മറ്റ്‌ ഒൻപതുപേർ എവിടെ? മടങ്ങിവന്ന്‌ ദൈവത്തെ മഹത്ത്വപ്പെടുത്താൻ ഈ ഒരാൾക്ക്‌ മാത്രമേ തോന്നിയുള്ളോ?’

അതെ, പത്തുപേരിൽ ഒരാൾ മാത്രമാണ്‌ ദൈവത്തെ സ്‌തുതിക്കുകയും മടങ്ങിവന്ന്‌ യേശുവിന്‌ നന്ദി പറയുകയും ചെയ്‌തത്‌. അയാളാകട്ടെ, മറ്റൊരു ദേശക്കാരനായിരുന്നു. ഒരു ശമര്യക്കാരൻ. മറ്റ്‌ ഒൻപതുപേരും ദൈവത്തിനോ യേശുവിനോ നന്ദി പറയാൻ കൂട്ടാക്കിയില്ല.—ലൂക്കോസ്‌ 17:15-19.

നിങ്ങൾ അവരിൽ ആരെപ്പോലെയാണ്‌? ആ ശമര്യക്കാരനെപ്പോലെ ആകാനാണ്‌ നമുക്കിഷ്ടം, അല്ലേ?— അതുകൊണ്ട്‌ ആരെങ്കിലും ഒരു സഹായം ചെയ്‌താൽ നമ്മൾ എന്തു പറയണം?— മറക്കാതെ ‘താങ്ക്‌യൂ’ പറയണം. പലരും അത്‌ പറയാൻ ഓർക്കാറില്ല. പക്ഷേ ‘താങ്ക്‌യൂ’ പറയുന്നത്‌ എത്ര നല്ല ശീലമാണെന്നോ! നമ്മൾ അങ്ങനെ ചെയ്യുമ്പോൾ യഹോവയാം ദൈവത്തിനും യേശുവിനും വലിയ സന്തോഷമാകും.

യേശുവിന്റെ അടുക്കൽ മടങ്ങിവന്ന കുഷ്‌ഠരോഗിയെപ്പോലെ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി ഒരുപാട്‌ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌, ശരിയല്ലേ? ഒരു ഉദാഹരണം പറയാം. നിങ്ങൾക്ക്‌ എപ്പോഴെങ്കിലും അസുഖം വന്നിട്ടുണ്ടോ?— എന്തായാലും, ആ പത്ത്‌ കുഷ്‌ഠരോഗികൾക്കു വന്നതുപോലുള്ള അത്ര വലിയ അസുഖം നിങ്ങൾക്കു വന്നിട്ടുണ്ടാവില്ല. പക്ഷേ ജലദോഷമോ പനിയോ വയറുവേദനയോ ഒക്കെ വന്നിട്ടുണ്ടാകും. അപ്പോൾ ആരെങ്കിലും നിങ്ങൾക്കു മരുന്നു തരുകയോ നിങ്ങളുടെ കാര്യങ്ങൾ നോക്കുകയോ ചെയ്‌തിട്ടില്ലേ?— ഒടുവിൽ, അസുഖം മാറിയപ്പോൾ നിങ്ങൾക്കു സന്തോഷം തോന്നിയില്ലേ?—

തന്നെ സുഖപ്പെടുത്തിയതിന്‌ ആ ശമര്യക്കാരൻ യേശുവിനോട്‌ നന്ദി പറഞ്ഞു. യേശുവിന്‌ അപ്പോൾ എത്ര സന്തോഷം തോന്നിയെന്നോ! നിങ്ങളുടെ അച്ഛനോ അമ്മയോ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നന്ദി പറഞ്ഞാൽ അവർക്കും സന്തോഷം തോന്നും, അല്ലേ?— തീർച്ചയായും.

‘താങ്ക്‌യൂ’ പറയുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അച്ഛനും അമ്മയും മാത്രമല്ല നിങ്ങൾക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാറുള്ളത്‌, അല്ലേ? ചിലർ എല്ലാ ദിവസവും നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടാകാം. ഒരുപക്ഷേ, അത്‌ അവരുടെ ജോലിയായിരിക്കും. സന്തോഷത്തോടെ ആയിരിക്കും അവരത്‌ ചെയ്യുന്നതും. എന്നാൽ അതിനൊക്കെ നന്ദി പറയാൻ നിങ്ങൾ ഓർക്കാറുണ്ടോ? നിങ്ങളുടെ ടീച്ചറിനെക്കുറിച്ചുതന്നെ ഒന്നാലോചിച്ചു നോക്കൂ. സ്‌കൂൾ പാഠങ്ങൾ പഠിക്കാൻ ടീച്ചർ നിങ്ങളെ സഹായിക്കുന്നു. അതിനുവേണ്ടി ടീച്ചർ എത്ര കഷ്ടപ്പെടുന്നുണ്ടെന്നോ! അത്‌ അവരുടെ ജോലിയാണെന്നതു ശരിതന്നെ. എന്നാൽ നിങ്ങളെ പഠിപ്പിക്കുന്നതിന്‌ നന്ദി പറയുകയാണെങ്കിൽ ടീച്ചറിന്‌ എത്ര സന്തോഷമാകും!

ചിലപ്പോൾ എന്തെങ്കിലും ചെറിയ കാര്യങ്ങളായിരിക്കും മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി ചെയ്യുന്നത്‌. നിങ്ങളുടെ പുസ്‌തകമോ പേനയോ താഴെ വീണപ്പോൾ ആരെങ്കിലും അത്‌ എടുത്തു തന്നിട്ടുണ്ടാകും. ഇങ്ങനെയുള്ള കൊച്ചുകൊച്ചു കാര്യങ്ങൾക്കുപോലും നമ്മൾ ‘താങ്ക്‌യൂ’ പറയണം.

ഇവിടെ ഭൂമിയിലുള്ളവരോട്‌ നന്ദി പറയാൻ നമ്മൾ ഓർക്കുന്നെങ്കിൽ സ്വർഗത്തിലുള്ള നമ്മുടെ പിതാവിനോടും നന്ദി പറയാൻ നമ്മൾ ഓർക്കും. യഹോവയ്‌ക്കു നന്ദി പറയാൻ എത്രയെത്ര കാരണങ്ങളാണ്‌ നമുക്കുള്ളത്‌! അവൻ നമുക്കു ജീവൻ തന്നു; സന്തോഷത്തോടെ ജീവിക്കാൻ ആവശ്യമായതെല്ലാം തരുന്നു. അതുകൊണ്ട്‌ നമ്മൾ ദിവസവും ദൈവത്തിന്‌ എത്രമാത്രം നന്ദി പറയണം!

നന്ദിയുള്ളവർ ആയിരിക്കുന്നതിനെക്കുറിച്ച്‌ സങ്കീർത്തനം 92:1, 3; എഫെസ്യർ 5:20; കൊലോസ്യർ 3:17; 1 തെസ്സലോനിക്യർ 5:18 എന്നീ തിരുവെഴുത്തുകളിൽനിന്നു വായിക്കുക.