വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 23

രോഗംവരുന്നത്‌ എന്തുകൊണ്ട്‌?

രോഗംവരുന്നത്‌ എന്തുകൊണ്ട്‌?

സുഖമില്ലാത്ത ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമോ?— ചിലപ്പോഴൊക്കെ നിങ്ങൾക്കും അസുഖം വരാറുണ്ട്‌. ജലദോഷമോ പനിയോ വയറുവേദനയോ അങ്ങനെ എന്തെങ്കിലും. ഒട്ടും വയ്യാത്ത ആളുകളുമുണ്ട്‌. ഒന്നു നിവർന്നുനിൽക്കാൻപോലും അവർക്ക്‌ മറ്റുള്ളവരുടെ സഹായം വേണം. വയസ്സാകുമ്പോഴാണ്‌ സാധാരണ ഇങ്ങനെ സംഭവിക്കുന്നത്‌.

എല്ലാവർക്കും അസുഖം വരാറുണ്ട്‌. ആളുകൾക്ക്‌ അസുഖം വരുന്നതും പ്രായമാകുന്നതും അവർ മരിക്കുന്നതും എന്തുകൊണ്ടാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?— ഒരിക്കൽ കുറെപ്പേർ ചേർന്ന്‌, നടക്കാൻ വയ്യാത്ത ഒരാളെ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. അസുഖം വരുന്നതും മരിക്കുന്നതും എന്തുകൊണ്ടാണെന്ന്‌ അവിടെ നടന്ന സംഭവം നമ്മളെ പഠിപ്പിക്കുന്നു. എന്താണ്‌ നടന്നതെന്ന്‌ നമുക്കു നോക്കാം.

ഗലീലക്കടലിന്‌ അടുത്തുള്ള ഒരു പട്ടണത്തിലായിരുന്നു സംഭവം. യേശു അവിടെ ഒരു വീട്ടിലുണ്ടെന്ന്‌ അറിഞ്ഞ്‌ ഒരു വലിയ ജനക്കൂട്ടം അവനെ കാണാനായി വന്നു. അവസാനം വീടിനകം ആളുകളെക്കൊണ്ട്‌ നിറഞ്ഞു. വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമില്ലെന്ന അവസ്ഥയായി. എന്നിട്ടും ആളുകൾ വന്നുകൊണ്ടേയിരുന്നു! അപ്പോഴാണ്‌, തളർവാതം വന്ന്‌ നടക്കാൻവയ്യാത്ത ഒരാളെ ചിലർ ചേർന്ന്‌ അങ്ങോട്ടു കൊണ്ടുവന്നത്‌. ഒരു ചെറിയ കട്ടിലിൽ കിടത്തി നാലുപേർ ചേർന്ന്‌ ചുമന്നുകൊണ്ടു വരുകയായിരുന്നു അയാളെ.

സുഖമില്ലാത്ത അയാളെ എന്തിനാണ്‌ അവർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നതെന്ന്‌ അറിയാമോ?— യേശുവിന്‌ അയാളെ സഹായിക്കാൻ പറ്റുമെന്ന്‌ അവർക്ക്‌ ഉറപ്പായിരുന്നു. യേശു വിചാരിച്ചാൽ അയാളുടെ അസുഖം മാറുമെന്ന്‌ അവർ വിശ്വസിച്ചു. വീട്‌ ആളുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ അവർ എങ്ങനെയാണ്‌ അയാളെ യേശുവിന്റെ അടുത്ത്‌ എത്തിച്ചത്‌?—

ഈ പടത്തിൽ നമുക്കത്‌ കാണാം. ആദ്യം അവർ ആ മനുഷ്യനെ മേൽക്കൂരയിൽ എത്തിച്ചു. പരന്ന മേൽക്കൂരയായിരുന്നു അത്‌. എന്നിട്ട്‌ അവർ അതിന്റെ കുറച്ചു ഭാഗം പൊളിച്ചുമാറ്റി, സുഖമില്ലാത്തയാളെ അതിലൂടെ നേരെ താഴേക്കിറക്കി. അവർക്ക്‌ യേശുവിൽ അത്രയ്‌ക്ക്‌ വിശ്വാസമുണ്ടായിരുന്നു!

ഇതു കണ്ട്‌ ആ വീട്ടിൽ കൂടിയിരുന്നവരെല്ലാം അമ്പരന്നുപോയി. അവരുടെ നടുവിലേക്കാണ്‌ തളർവാതം വന്ന ആ മനുഷ്യനെ ഇറക്കിയത്‌. ആ നാല്‌ ആളുകൾ ചെയ്‌തതു കണ്ട്‌ യേശുവിന്‌ ദേഷ്യംവന്നോ?— ഇല്ല. അവരുടെ വിശ്വാസം കണ്ടപ്പോൾ അവന്‌ സന്തോഷമാണ്‌ തോന്നിയത്‌. അവൻ ആ തളർവാതരോഗിയോട്‌, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.

തളർവാതരോഗിയോട്‌ യേശു എന്താണ്‌ പറഞ്ഞത്‌?

യേശു അങ്ങനെ പറഞ്ഞത്‌ ശരിയായില്ലെന്ന്‌ ചിലർക്കു തോന്നി. കാരണം, യേശുവിന്‌ പാപങ്ങൾ ക്ഷമിക്കാൻ കഴിയുമെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. അതുകൊണ്ട്‌, തനിക്ക്‌ അതിനു കഴിയുമെന്നു കാണിക്കാൻ യേശു ആ മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു: “എഴുന്നേറ്റ്‌ കിടക്കയെടുത്തു വീട്ടിലേക്കു പോകുക.”

യേശു അതു പറഞ്ഞ ഉടനെ അയാളുടെ അസുഖംമാറി! അയാൾക്ക്‌ ആരുടെയും സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനുമൊക്കെ പറ്റുമെന്നായി. കണ്ടവർക്കെല്ലാം അത്ഭുതം തോന്നി. ജീവിതത്തിൽ ആദ്യമായിട്ടാണ്‌ അവർ അങ്ങനെയൊരു സംഭവം കാണുന്നത്‌! ആളുകളുടെ രോഗം മാറ്റാൻപോലും കഴിവുള്ള ഈ മഹാനായ അധ്യാപകനെ തന്നതിന്‌ അവർ യഹോവയെ സ്‌തുതിച്ചു.—മർക്കോസ്‌ 2:1-12.

ഈ അത്ഭുതത്തിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിക്കുന്നത്‌?

ഈ അത്ഭുതം നമ്മളെ എന്താണ്‌ പഠിപ്പിക്കുന്നത്‌?— യേശുവിന്‌ പാപങ്ങൾ ക്ഷമിക്കാനും ആളുകളെ സുഖപ്പെടുത്താനും കഴിവുണ്ടെന്ന്‌ ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നു. പക്ഷേ ഇതിൽനിന്ന്‌ പ്രധാനപ്പെട്ട മറ്റൊരു കാര്യംകൂടി നമുക്കു പഠിക്കാൻ കഴിയും: പാപമാണ്‌ ആളുകൾക്കു രോഗംവരാൻ കാരണം.

നമുക്കെല്ലാം അസുഖം വരാറുണ്ട്‌. അപ്പോൾ, നമ്മളെല്ലാം പാപികളാണോ?— അതെ, പാപികളായിട്ടാണ്‌ നമ്മളെല്ലാം ജനിക്കുന്നതെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. അതിന്റെ അർഥമെന്താണെന്ന്‌ അറിയാമോ?— അതായത്‌, ജനിക്കുമ്പോൾത്തന്നെ നമുക്കു കുറവുകളുണ്ട്‌, അല്ലെങ്കിൽ പാപമുണ്ട്‌. തെറ്റു ചെയ്യാൻ ഇഷ്ടമില്ലെങ്കിലും നമ്മൾ ചിലപ്പോൾ തെറ്റു ചെയ്‌തുപോകുന്നത്‌ അതുകൊണ്ടാണ്‌. ആകട്ടെ, നമ്മളെല്ലാം പാപികളായത്‌ എങ്ങനെയാണെന്ന്‌ അറിയാമോ?—

ആദ്യമനുഷ്യനായ ആദാം ദൈവത്തെ അനുസരിക്കാതിരുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഈ ഗതി വന്നത്‌. ദൈവത്തിന്റെ നിയമം അനുസരിക്കാതിരുന്നപ്പോൾ അവൻ പാപം ചെയ്യുകയായിരുന്നു. ആദാമിൽനിന്ന്‌ നമുക്കെല്ലാം ആ പാപം കൈമാറിക്കിട്ടി. അതെങ്ങനെയാണെന്ന്‌ അറിയാമോ? നിങ്ങൾക്കു മനസ്സിലാകുന്ന വിധത്തിൽ അതു പറഞ്ഞുതരാൻ ഞാൻ ശ്രമിക്കാം.

നമ്മൾ എല്ലാവരും പാപികളായിത്തീർന്നത്‌ എങ്ങനെയാണ്‌?

ബ്രഡ്‌ ഉണ്ടാക്കുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരു പ്രത്യേക പാത്രത്തിലാണ്‌ അത്‌ ഉണ്ടാക്കുന്നത്‌. പക്ഷേ ആ പാത്രത്തിന്‌ ചളുക്കമുണ്ടെങ്കിൽ ബ്രഡ്‌ എങ്ങനെയിരിക്കും?— അതിലുണ്ടാക്കുന്ന എല്ലാ ബ്രഡ്ഡിലും ആ പാടുണ്ടായിരിക്കും, ശരിയല്ലേ?—

ആ പാത്രത്തിന്റെ സ്ഥാനത്താണ്‌ ആദാം; നമ്മൾ ബ്രഡ്ഡിന്റെ സ്ഥാനത്താണെന്നു പറയാം. ദൈവത്തിന്റെ നിയമം ലംഘിച്ചപ്പോൾ ആദാം കുറവുള്ളവനായിത്തീർന്നു, ചളുക്കമുള്ള ആ പാത്രംപോലെ. അപ്പോൾപ്പിന്നെ ആദാമിനുണ്ടാകുന്ന കുട്ടികൾ എങ്ങനെയിരിക്കും?— അവർക്കൊക്കെ ആദാമിനെപ്പോലെ കുറവുണ്ടായിരിക്കും, അല്ലേ?

പക്ഷേ, എല്ലാ കുട്ടികളും ജനിക്കുന്നത്‌ നമുക്കു കാണാൻപറ്റുന്ന എന്തെങ്കിലും കുറവുകളോടെയല്ല. എല്ലാവരും കയ്യോ കാലോ ഇല്ലാത്തവരായിട്ടാണോ ജനിക്കുന്നത്‌? അല്ല. എന്നാൽ ഗുരുതരമായ ഒരു കുറവോടെയാണ്‌ എല്ലാവരും ജനിക്കുന്നത്‌. നമ്മൾ രോഗികളാകാനും മരിക്കാനും ആ കുറവു മതി.

ചിലർക്ക്‌ കൂടെക്കൂടെ അസുഖം വരാറുണ്ട്‌. അത്‌ എന്തുകൊണ്ടാണ്‌? അവർ കൂടുതൽ പാപത്തോടെ ജനിക്കുന്നതുകൊണ്ടാണോ?— അല്ല. എല്ലാവർക്കും തുല്യ അളവിലുള്ള പാപമാണുള്ളത്‌. നമ്മളെല്ലാം ജന്മനാതന്നെ കുറവുള്ളവരാണ്‌. അതുകൊണ്ട്‌ ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും അസുഖം വരും. ദൈവത്തിന്റെ നിയമങ്ങളെല്ലാം അനുസരിക്കുന്ന നല്ല മനുഷ്യർക്കുപോലും അസുഖം വരാറുണ്ട്‌.

പാപമെല്ലാം മാറിക്കഴിയുമ്പോൾ നമ്മുടെ ആരോഗ്യം എങ്ങനെയായിരിക്കും?

അപ്പോൾപ്പിന്നെ ചിലർക്ക്‌ മറ്റുള്ളവരെക്കാൾ കൂടുതൽ അസുഖം വരുന്നത്‌ എന്തുകൊണ്ടായിരിക്കും?— അതിനു പല കാരണങ്ങളുണ്ട്‌. അവർക്ക്‌ ആവശ്യത്തിന്‌ ആഹാരം കിട്ടാത്തതായിരിക്കാം ഒരു കാരണം. അല്ലെങ്കിൽ ചിലപ്പോൾ, ശരീരത്തിന്‌ ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നതിനുപകരം കേക്കോ, ചോക്ലേറ്റോ ഒക്കെ ആയിരിക്കാം അവർ കഴിക്കുന്നത്‌; അതും ഒരുപാട്‌ കഴിക്കുന്നുണ്ടാകും. രാത്രിയിൽ ഒത്തിരി വൈകി ഉറങ്ങുന്നതുകൊണ്ട്‌ വേണ്ടത്ര ഉറക്കം കിട്ടാത്തതായിരിക്കാം മറ്റൊരു കാരണം. ഇനി, കുടയൊന്നുമില്ലാതെ മഴയത്ത്‌ ഇറങ്ങിനടക്കുന്നതുകൊണ്ടും ചിലർക്ക്‌ അസുഖം വരാറുണ്ട്‌. വേറെ ചിലർക്കാണെങ്കിൽ, ആരോഗ്യം തീരെക്കുറവാണ്‌; അതുകൊണ്ട്‌ രോഗാണുക്കളെ ചെറുത്തുനിൽക്കാൻ അവരുടെ ശരീരത്തിന്‌ ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവർ എത്ര ശ്രദ്ധിച്ചാലും ഇടയ്‌ക്കിടെ അസുഖം വരും.

ആകട്ടെ, നമുക്കാർക്കും അസുഖം വരാത്ത ഒരു കാലം വരുമോ? പാപമില്ലാത്ത ഒരു കാലം?— ശരീരം തളർന്നുപോയ ആ മനുഷ്യനുവേണ്ടി യേശു എന്താണ്‌ ചെയ്‌തതെന്ന്‌ ഓർക്കുന്നില്ലേ?— യേശു അയാളുടെ പാപങ്ങൾ ക്ഷമിക്കുകയും അയാളെ സുഖപ്പെടുത്തുകയും ചെയ്‌തു. നല്ലവരായി ജീവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുംവേണ്ടി ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന്‌ കാണിച്ചുകൊടുക്കുകയായിരുന്നു യേശു.

പാപം ചെയ്യാൻ നമുക്ക്‌ ഇഷ്ടമില്ലെന്നു കാണിക്കുകയും തെറ്റായ കാര്യങ്ങൾ വെറുക്കുകയും ചെയ്യുകയാണെങ്കിൽ യേശു നമ്മളെയും സുഖപ്പെടുത്തും. ഭാവിയിൽ യേശു, ഇപ്പോൾ നമുക്കുള്ള എല്ലാ കുറവുകളും മാറ്റും. ദൈവരാജ്യത്തിന്റെ രാജാവ്‌ എന്നനിലയ്‌ക്കായിരിക്കും അവൻ അതു ചെയ്യുന്നത്‌. പക്ഷേ, നമ്മുടെ എല്ലാ പാപങ്ങളും യേശു ഒറ്റയടിക്ക്‌ മാറ്റില്ല; കുറെ സമയമെടുത്തായിരിക്കും അതു ചെയ്യുന്നത്‌. നമ്മുടെ പാപങ്ങളെല്ലാം മാറ്റിക്കഴിഞ്ഞാൽ, പിന്നെ ഒരിക്കലും നമുക്ക്‌ രോഗംവരില്ല. എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കും. എത്ര വലിയ അനുഗ്രഹം! അല്ലേ?

പാപം എല്ലാവരെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചു കൂടുതൽ അറിയാൻ ഇയ്യോബ്‌ 14:4; സങ്കീർത്തനം 51:5; റോമർ 3:23; 5:12; 6:23 എന്നീ തിരുവെഴുത്തുകൾ വായിക്കുക.