വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 25

മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്ക്‌ നല്ലവരാകാൻ പറ്റുമോ?

മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്ക്‌ നല്ലവരാകാൻ പറ്റുമോ?

എല്ലാവരും നല്ല കാര്യങ്ങൾ ചെയ്‌തിരുന്നെങ്കിൽ എത്ര നന്നായിരുന്നു, അല്ലേ?— പക്ഷേ, എപ്പോഴും നല്ല കാര്യങ്ങൾമാത്രം ചെയ്യുന്ന ആരുമില്ല. നന്മ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നമ്മളെല്ലാം ഇടയ്‌ക്കൊക്കെ തെറ്റുചെയ്യുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?— കാരണം, നമ്മളെല്ലാം പാപികളായിട്ടാണ്‌ ജനിക്കുന്നത്‌. പക്ഷേ, വലിയ തെറ്റുകൾ ചെയ്‌തുകൂട്ടുന്ന ചില ആളുകളുണ്ട്‌. മറ്റാളുകളെ അവർക്ക്‌ ഭയങ്കര വെറുപ്പാണ്‌. അറിഞ്ഞുകൊണ്ട്‌ അവർ മറ്റുള്ളവരെ ഉപദ്രവിക്കും. അങ്ങനെയുള്ളവർക്ക്‌ നല്ലവരായിമാറാൻ പറ്റുമോ?—

കുറെപ്പേർ ചേർന്ന്‌, യേശുവിന്റെ ശിഷ്യനായ സ്‌തെഫാനൊസിനെ കല്ലെറിയുന്നതു കണ്ടില്ലേ? അവരുടെ മേലങ്കികൾ സൂക്ഷിച്ചുകൊണ്ട്‌ ഒരാൾ അവിടെ നിൽക്കുന്നതു കണ്ടോ? അയാളാണ്‌ ശൗൽ. അത്‌ അയാളുടെ എബ്രായ പേരാണ്‌. റോമൻ പേര്‌ പൗലോസ്‌ എന്നാണ്‌. സ്‌തെഫാനൊസിനെ കൊല്ലുന്നത്‌ സന്തോഷത്തോടെ കണ്ടുനിൽക്കുകയാണ്‌ അയാൾ. എന്തൊരു ക്രൂരത, അല്ലേ? ശൗൽ എന്തിനാണ്‌ ഇങ്ങനെ ചെയ്‌തത്‌?

പരീശമതത്തിൽപ്പെട്ട ആളാണ്‌ ശൗൽ. ഒരു യഹൂദ മതവിഭാഗമാണത്‌. ദൈവവചനം കൈയിലുണ്ടെങ്കിലും മതനേതാക്കന്മാരുടെ ഉപദേശങ്ങൾക്കാണ്‌ അവർ പ്രാധാന്യംകൊടുക്കുന്നത്‌. ശൗൽ തെറ്റുചെയ്യാൻ കാരണം അതാണ്‌.

യെരുശലേമിൽവെച്ച്‌ സ്‌തെഫാനൊസിനെ അറസ്റ്റുചെയ്യുമ്പോൾ ശൗൽ അവിടെയുണ്ട്‌. അറസ്റ്റിനുശേഷം സ്‌തെഫാനൊസിനെ കോടതിയിൽ ഹാജരാക്കുന്നു. അവിടത്തെ ചില ന്യായാധിപന്മാർ പരീശന്മാരാണ്‌. ആളുകൾ തന്നെക്കുറിച്ച്‌ മോശമായ പല കാര്യങ്ങൾ പറഞ്ഞിട്ടും സ്‌തെഫാനൊസിന്‌ ഒരു കുലുക്കവുമില്ല. ധൈര്യത്തോടെ അവൻ ന്യായാധിപന്മാർക്ക്‌ യഹോവയാം ദൈവത്തെയും യേശുവിനെയും കുറിച്ച്‌ നല്ലൊരു സാക്ഷ്യംകൊടുക്കുന്നു.

പക്ഷേ സ്‌തെഫാനൊസ്‌ പറഞ്ഞ കാര്യങ്ങൾ ന്യായാധിപന്മാർക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല. നേരത്തേതന്നെ അവർക്ക്‌ യേശുവിനെക്കുറിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ അറിയാമായിരുന്നു. ശരിക്കും പറഞ്ഞാൽ, കുറച്ചു നാളുകൾക്കുമുമ്പ്‌ അവർതന്നെയാണ്‌ യേശുവിനെ കൊല്ലാൻ കൂട്ടുനിന്നത്‌! പക്ഷേ യഹോവ യേശുവിനെ ഉയിർപ്പിച്ചു. പിന്നീട്‌ അവൻ സ്വർഗത്തിലേക്ക്‌ പോകുകയും ചെയ്‌തു. ഇത്രയുമായപ്പോൾ അവർ അവരുടെ ചീത്തസ്വഭാവം മാറ്റേണ്ടതായിരുന്നു. പക്ഷേ അവർ അതു ചെയ്‌തില്ല. പകരം അവർ യേശുവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കാൻ തുടങ്ങി.

ന്യായാധിപന്മാർ സ്‌തെഫാനൊസിനെ പിടികൂടി നഗരത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവിടെ അവർ അവനെ നിലത്തു തള്ളിയിട്ടിട്ട്‌ കല്ലെറിയാൻ തുടങ്ങി. ഈ പടത്തിൽ കാണുന്നതുപോലെ ശൗൽ ഇതെല്ലാം കണ്ടുകൊണ്ട്‌ നിൽക്കുകയാണ്‌. സ്‌തെഫാനൊസിനെ കൊല്ലുന്നതിൽ അവൻ ഒരുതെറ്റും കാണുന്നില്ല.

സ്‌തെഫാനൊസിനെ കൊല്ലാൻ ശൗൽ കൂട്ടുനിന്നത്‌ എന്തുകൊണ്ട്‌?

ശൗലിന്‌ എന്തുകൊണ്ടാണ്‌ അങ്ങനെ തോന്നിയത്‌?— പരീശമതത്തിലാണ്‌ അവൻ ജനിച്ചത്‌, പരീശനായിട്ടാണ്‌ വളർന്നതും. പരീശന്മാർ പഠിപ്പിക്കുന്നതാണ്‌ ശരി എന്നായിരുന്നു അവന്റെ വിശ്വാസം. പരീശനേതാക്കന്മാരെപ്പോലെ ആകാൻ അവൻ ആഗ്രഹിച്ചിട്ടുണ്ടാകണം. അതുകൊണ്ട്‌ അവർ ചെയ്യുന്നതൊക്കെ അവനും ചെയ്യാൻ തുടങ്ങി.—പ്രവൃത്തികൾ 7:54-60.

സ്‌തെഫാനൊസ്‌ മരിച്ചതിനുശേഷം ശൗൽ എന്തു ചെയ്‌തെന്ന്‌ അറിയാമോ?— യേശുവിന്റെ ബാക്കി ശിഷ്യന്മാരെക്കൂടി വകവരുത്താനായിരുന്നു പിന്നെ അവന്റെ ശ്രമം! അവൻ അവരുടെ വീടുകളിൽ പോയി സ്‌ത്രീകളെയും പുരുഷന്മാരെയുമൊക്കെ വലിച്ചിഴച്ചുകൊണ്ടുവന്ന്‌ തടവിലാക്കി. ശിഷ്യന്മാരിൽ പലർക്കും യെരുശലേം വിട്ടുപോകേണ്ടിവന്നു. പക്ഷേ അപ്പോഴും അവർ യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതു നിറുത്തിക്കളഞ്ഞില്ല.—പ്രവൃത്തികൾ 8:1-4.

അതോടെ ശൗലിന്‌ ശിഷ്യന്മാരോടുള്ള വെറുപ്പു കൂടി. അതുകൊണ്ട്‌ അവൻ മഹാപുരോഹിതനായ കയ്യഫാവിനെ കാണാൻപോകുന്നു. എന്തിനാണെന്നോ? ദമസ്‌കൊസിലുള്ള ക്രിസ്‌ത്യാനികളെ അറസ്റ്റുചെയ്യുന്നതിന്‌ അനുമതി വാങ്ങാൻ. അവരെ തടവുകാരാക്കി യെരുശലേമിലേക്കു കൊണ്ടുവന്ന്‌ ശിക്ഷിക്കാനാണ്‌ അവന്റെ പരിപാടി. പക്ഷേ അവൻ ദമസ്‌കൊസിലേക്കു പോകുന്ന വഴിക്ക്‌ ഒരു അത്ഭുതം സംഭവിച്ചു.

ഇവിടെ ശൗലിനോട്‌ സംസാരിക്കുന്നത്‌ ആരാണ്‌? അവൻ ശൗലിനോട്‌ എന്താണ്‌ ആവശ്യപ്പെടുന്നത്‌?

ആകാശത്തുനിന്ന്‌ ഒരു വെളിച്ചം അവനു ചുറ്റും മിന്നി. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നത്‌ എന്തിനാണ്‌?’ എന്നൊരു ശബ്ദവും കേട്ടു. യേശു സ്വർഗത്തിൽനിന്ന്‌ സംസാരിച്ചതായിരുന്നു അത്‌! വെളിച്ചത്തിന്റെ ശോഭയിൽ ശൗലിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. അതുകൊണ്ട്‌ അവന്റെ കൂടെയുണ്ടായിരുന്നവർ അവനെ കൈക്കുപിടിച്ച്‌ ദമസ്‌കൊസിലേക്കു കൊണ്ടുപോയി.

ഈ സംഭവംനടന്ന്‌ മൂന്നു ദിവസം കഴിഞ്ഞപ്പോൾ, ദമസ്‌കൊസിലുള്ള ഒരു ശിഷ്യന്‌ ഒരു വെളിപാടുണ്ടായി. അനന്യാസ്‌ എന്നായിരുന്നു ആ ശിഷ്യന്റെ പേര്‌. ശൗലിനെ ചെന്നുകണ്ട്‌ അവന്റെ കാഴ്‌ച തിരികെക്കൊടുക്കണമെന്നും അവനോടു സംസാരിക്കണമെന്നും ആ ദർശനത്തിൽ യേശു അനന്യാസിനോടു പറഞ്ഞു. അനന്യാസ്‌ അങ്ങനെ ചെയ്‌തു. അവൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ചുകേട്ട ശൗൽ യേശുവിൽ വിശ്വസിച്ചു. അപ്പോൾ അവനു കാഴ്‌ച തിരിച്ചുകിട്ടി. അതോടെ ശൗൽ പഴയ സ്വഭാവമെല്ലാം ഉപേക്ഷിച്ച്‌ നല്ലൊരു മനുഷ്യനായിമാറി, വിശ്വസ്‌തനായ ഒരു ദൈവദാസൻ.—പ്രവൃത്തികൾ 9:1-22.

ശൗൽ തെറ്റായ കാര്യങ്ങൾ ചെയ്‌തിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലായോ?— തെറ്റായ കാര്യങ്ങളാണ്‌ അവനെ പഠിപ്പിച്ചിരുന്നത്‌. ദൈവത്തോട്‌ വിശ്വസ്‌തരല്ലാഞ്ഞ ആളുകളെയാണ്‌ അവൻ മാതൃകയാക്കിയത്‌. മാത്രമല്ല, ദൈവത്തിന്റെ വചനത്തെക്കാൾ മനുഷ്യരുടെ ഉപദേശങ്ങൾക്ക്‌ പ്രാധാന്യംകൊടുത്തിരുന്ന ഒരു മതത്തിലെ അംഗമായിരുന്നു അവൻ. മറ്റു പരീശന്മാർ ദൈവത്തിന്‌ എതിരായി നിന്നപ്പോഴും ശൗൽ എന്തുകൊണ്ടാണ്‌ ജീവിതത്തിൽ മാറ്റംവരുത്തി നന്മചെയ്യാൻ തുടങ്ങിയത്‌?— കാരണം, ശൗലിന്‌ സത്യത്തോട്‌ വെറുപ്പൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ശരി എന്താണെന്നു കാണിച്ചുകൊടുത്തപ്പോൾ അതു ചെയ്യാൻ അവൻ ഒരുക്കമായിരുന്നു.

ഈ ശൗൽ പിന്നീട്‌ ആരായിത്തീർന്നെന്ന്‌ അറിയാമോ?— അവൻ യേശുവിന്റെ ഒരു അപ്പൊസ്‌തലനായിത്തീർന്നു, പൗലോസ്‌ എന്ന പേരിൽ. മാത്രമല്ല, ബൈബിളിൽ ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ എഴുതിയിരിക്കുന്നത്‌ പൗലോസാണ്‌.

തെറ്റുചെയ്യുന്ന പലർക്കും ശൗലിനെപ്പോലെ നല്ലവരാകാൻ പറ്റും. പക്ഷേ അത്‌ അത്ര എളുപ്പമല്ല. കാരണം എന്താണെന്നോ? ആളുകളെക്കൊണ്ട്‌ തെറ്റായ കാര്യങ്ങൾ ചെയ്യിക്കാൻ കിണഞ്ഞുശ്രമിക്കുന്ന ഒരാളുണ്ട്‌. അതാരാണെന്ന്‌ അറിയാമോ?— അതാരാണെന്ന്‌ യേശു പറയുകയുണ്ടായി. ദമസ്‌കൊസിലേക്കുള്ള വഴിയിൽവെച്ച്‌ ശൗലിനു പ്രത്യക്ഷപ്പെട്ടപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘ആളുകളുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിലേക്കും തിരിക്കാനും ഞാൻ നിന്നെ അയയ്‌ക്കുന്നു.’—പ്രവൃത്തികൾ 26:17, 18.

അതെ, പിശാചായ സാത്താനാണ്‌ എല്ലാവരെക്കൊണ്ടും തെറ്റുചെയ്യിക്കാൻ ശ്രമിക്കുന്നത്‌. ശരിചെയ്യാൻ ചിലപ്പോഴൊക്കെ നിങ്ങൾക്ക്‌ ബുദ്ധിമുട്ടു തോന്നാറുണ്ടോ?— എല്ലാവർക്കും അങ്ങനെ തോന്നാറുണ്ട്‌. അതിന്റെ ഒരു കാരണം സാത്താനാണ്‌. എന്നാൽ, ശരിചെയ്യുന്നത്‌ ബുദ്ധിമുട്ടായിരിക്കുന്നതിന്‌ മറ്റൊരു കാരണവുമുണ്ട്‌. അത്‌ എന്താണെന്ന്‌ അറിയാമോ?— നമ്മൾ ജനിക്കുന്നതുതന്നെ പാപികളായിട്ടാണ്‌.

അതുകൊണ്ടാണ്‌, ശരിചെയ്യുന്നതിനെക്കാൾ തെറ്റുചെയ്യുന്നത്‌ എളുപ്പമായി നമുക്കു തോന്നുന്നത്‌. അപ്പോൾ നമ്മൾ എന്താണ്‌ ചെയ്യേണ്ടത്‌?— ശരിചെയ്യാൻ നമ്മൾ എപ്പോഴും ശ്രമിക്കണം; ചെറിയ ശ്രമം പോരാ, കഠിനമായി ശ്രമിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ, യേശു നമ്മളെ സഹായിക്കുമെന്ന്‌ തീർച്ച. കാരണം അവൻ നമ്മളെ സ്‌നേഹിക്കുന്നു.

തെറ്റായ ജീവിതംനയിച്ചിട്ട്‌ പിന്നീട്‌ നല്ലവരായിത്തീർന്ന ആളുകളോട്‌ ഭൂമിയിലായിരുന്നപ്പോൾ യേശു സ്‌നേഹം കാണിച്ചു. തെറ്റായ വഴികൾ ഉപേക്ഷിക്കുന്നത്‌ അവർക്ക്‌ എത്ര ബുദ്ധിമുട്ടായിരുന്നെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. പല പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്‌ത്രീകൾ അന്നുണ്ടായിരുന്നു. അത്‌ തെറ്റായിരുന്നു. ഈ സ്‌ത്രീകളെ വേശ്യകൾ എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌.

മോശമായ കാര്യങ്ങൾ ചെയ്‌തിരുന്ന ഈ സ്‌ത്രീയോട്‌ യേശു ക്ഷമിച്ചത്‌ എന്തുകൊണ്ട്‌?

ഒരിക്കൽ അങ്ങനെയുള്ള ഒരു സ്‌ത്രീ യേശുവിനെക്കുറിച്ച്‌ കേട്ടിട്ട്‌ അവനെ കാണാൻവന്നു. അപ്പോൾ യേശു ഒരു പരീശന്റെ വീട്ടിലായിരുന്നു. അവൾ കണ്ണീരുകൊണ്ട്‌ യേശുവിന്റെ കാൽ കഴുകി തലമുടികൊണ്ട്‌ തുടച്ചിട്ട്‌ അവന്റെ കാലിൽ സുഗന്ധതൈലം പൂശി. ചെയ്‌തുപോയ തെറ്റുകളെക്കുറിച്ച്‌ അവൾക്ക്‌ വലിയ വിഷമമുണ്ടായിരുന്നു. അതുകൊണ്ട്‌ യേശു അവളോടു ക്ഷമിച്ചു. പക്ഷേ ആ സ്‌ത്രീ ക്ഷമ അർഹിക്കുന്നില്ലെന്നാണ്‌ പരീശനു തോന്നിയത്‌.—ലൂക്കോസ്‌ 7:36-50.

മറ്റൊരിക്കൽ യേശു ചില പരീശന്മാരോട്‌ എന്തു പറഞ്ഞെന്ന്‌ അറിയാമോ?— ‘വേശ്യകൾ നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിലേക്കു പോകുന്നു’ എന്ന്‌ അവൻ പറഞ്ഞു. (മത്തായി 21:31) യേശു എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌? ആ സ്‌ത്രീകൾ യേശുവിൽ വിശ്വസിക്കുകയും നല്ലവരായിത്തീരുകയും ചെയ്‌തു. പക്ഷേ പരീശന്മാർ അപ്പോഴും യേശുവിന്റെ ശിഷ്യന്മാരെ ഉപദ്രവിച്ചുകൊണ്ടിരുന്നു.

അതുകൊണ്ട്‌ നമ്മൾ ചെയ്യുന്ന ഒരു കാര്യം തെറ്റാണെന്ന്‌ ബൈബിളിൽനിന്നു മനസ്സിലാക്കുമ്പോൾ അതു മാറ്റാൻ നമ്മൾ തയ്യാറാകണം. നമ്മൾ എന്തു ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കുമ്പോൾ ഉത്സാഹത്തോടെ അതു ചെയ്യണം. അപ്പോൾ യഹോവയ്‌ക്കു സന്തോഷമാകും; അവൻ നമുക്ക്‌ നിത്യജീവൻ സമ്മാനമായി തരുകയും ചെയ്യും.

തെറ്റുചെയ്യുന്നത്‌ ഒഴിവാക്കാൻ ഈ തിരുവെഴുത്തുകൾ നമ്മളെ സഹായിക്കും: സങ്കീർത്തനം 119:9-11; സദൃശവാക്യങ്ങൾ 3:5-7; 12:15.