വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 27

നിങ്ങളുടെ ദൈവം ആരാണ്‌?

നിങ്ങളുടെ ദൈവം ആരാണ്‌?

നിങ്ങളുടെ ദൈവം ആരാണ്‌? ആ ചോദ്യം പ്രധാനപ്പെട്ടതായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?— കാരണം ആളുകൾ പല ദൈവങ്ങളെ ആരാധിക്കുന്നുണ്ട്‌. (1 കൊരിന്ത്യർ 8:5) ഒരിക്കൽ, ജന്മനാ മുടന്തനായ ഒരാളെ അപ്പൊസ്‌തലനായ പൗലോസ്‌ സുഖപ്പെടുത്തുകയുണ്ടായി. യഹോവയുടെ ശക്തികൊണ്ടാണ്‌ അവനത്‌ ചെയ്‌തത്‌. പക്ഷേ ആളുകൾ അത്‌ കണ്ട്‌ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു” എന്നു വിളിച്ചു പറഞ്ഞു. എന്നിട്ട്‌ അവർ പൗലോസിനെയും കൂട്ടുകാരനായ ബർന്നബാസിനെയും പൂജിക്കാൻ ഒരുങ്ങി. അവർ പൗലോസിനെ ഹെർമിസ്‌ എന്നും ബർന്നബാസിനെ സിയൂസ്‌ എന്നും വിളിച്ചു. ഗ്രീക്കുകാരുടെ ദേവന്മാരായിരുന്നു ഹെർമിസും സിയൂസും.

പക്ഷേ തങ്ങളെ ആരാധിക്കാൻ പൗലോസും ബർന്നബാസും സമ്മതിച്ചില്ല. അവർ ആൾക്കൂട്ടത്തിനിടയിലേക്ക്‌ ഓടിച്ചെന്ന്‌ ഇങ്ങനെ പറഞ്ഞു: ‘യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനു പകരം ജീവനുള്ള ദൈവത്തിലേക്ക്‌ തിരിയുവിൻ.’ (പ്രവൃത്തികൾ 14:8-15) എല്ലാം ഉണ്ടാക്കിയ ആ ‘ജീവനുള്ള ദൈവം’ ആരാണ്‌?— ‘സർവഭൂമിക്കുംമീതെ അത്യുന്നതനായ’ യഹോവയാണത്‌. ‘ഏകസത്യദൈവം’ എന്നാണ്‌ യേശു യഹോവയെ വിളിച്ചത്‌. അങ്ങനെയെങ്കിൽ നമ്മൾ ആരെ മാത്രമേ ആരാധിക്കാവൂ?— യഹോവയെ മാത്രം!—സങ്കീർത്തനം 83:18; യോഹന്നാൻ 17:3; വെളിപാട്‌ 4:11.

ആളുകൾ തങ്ങളെ ആരാധിക്കാൻ പൗലോസും ബർന്നബാസും സമ്മതിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

പക്ഷേ മിക്കയാളുകളും “ഏകസത്യദൈവ”ത്തെയല്ല ആരാധിക്കുന്നത്‌. തടിയോ കല്ലോ ലോഹങ്ങളോ കൊണ്ട്‌ ഉണ്ടാക്കിയ ദൈവങ്ങളെയാണ്‌ അവർ ആരാധിക്കുന്നത്‌. (പുറപ്പാടു 32:3-7; ലേവ്യപുസ്‌തകം 26:1; യെശയ്യാവു 44:14-17) പ്രശസ്‌തരായ ആളുകളെയും സിനിമാതാരങ്ങളെയും ആരാധിക്കുന്നവരുമുണ്ട്‌. പക്ഷേ അതൊക്കെ ശരിയാണോ?—

“ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. (2 കൊരിന്ത്യർ 4:4) ഈ ലോകത്തിന്റെ ദൈവം ആരാണ്‌?— പിശാചായ സാത്താൻ! ആളുകളെയും വസ്‌തുക്കളെയും ആരാധിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കാൻ അവന്‌ കഴിഞ്ഞിട്ടുണ്ട്‌.

തന്നെ കുമ്പിട്ട്‌ ആരാധിക്കാൻ സാത്താൻ ആവശ്യപ്പെട്ടപ്പോൾ യേശു അവനോട്‌ എന്താണ്‌ പറഞ്ഞത്‌?— ‘നിന്റെ ദൈവമായ യഹോവയെയാണ്‌ നീ ആരാധിക്കേണ്ടത്‌; അവനെ മാത്രമേ സേവിക്കാവൂ.’ (മത്തായി 4:10) അതെ, യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന്‌ യേശു വ്യക്തമായി കാണിച്ചുകൊടുത്തു. യഹോവയെയാണ്‌ ആരാധിക്കേണ്ടതെന്ന്‌ അറിയാമായിരുന്ന മൂന്നു ചെറുപ്പക്കാരെക്കുറിച്ച്‌ കേൾക്കണോ? അവരുടെ പേരാണ്‌ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ.

ദൈവത്തിന്റെ ജനമായ ഇസ്രായേല്യരിൽപ്പെട്ടവരായിരുന്നു അവർ. ബാബിലോണിലേക്ക്‌ തടവുകാരായി പിടിച്ചുകൊണ്ടുപോയതായിരുന്നു അവരെ. ഒരിക്കൽ, അവിടത്തെ രാജാവായ നെബൂഖദ്‌നേസർ സ്വർണംകൊണ്ടുള്ള ഒരു കൂറ്റൻ പ്രതിമയുണ്ടാക്കി. ഒരു കൽപ്പനയും പുറപ്പെടുവിച്ചു. വാദ്യമേളം കേൾക്കുമ്പോൾ എല്ലാവരും ആ പ്രതിമയ്‌ക്കു മുന്നിൽ നമസ്‌കരിക്കണം! ‘ആരെങ്കിലും പ്രതിമയെ നമസ്‌കരിക്കാതിരുന്നാൽ, അവനെ കത്തുന്ന തീച്ചൂളയിൽ ഇട്ടുകളയും,’ രാജാവ്‌ അറിയിച്ചു. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?—

ഇവർ പ്രതിമയെ നമസ്‌കരിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

സാധാരണ, ശദ്രക്കും മേശക്കും അബേദ്‌നെഗോവും രാജാവിന്റെ കൽപ്പനകൾ അനുസരിച്ചിരുന്നു. പക്ഷേ ഇത്തവണ അവർ അനുസരിച്ചില്ല. കാരണം എന്താണെന്ന്‌ അറിയാമോ?— ‘ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്ക്‌ ഉണ്ടാകരുത്‌. ഒരു വിഗ്രഹം ഉണ്ടാക്കുകയോ അതിനെ നമസ്‌കരിക്കുകയോ ചെയ്യരുത്‌’ എന്ന്‌ ദൈവം കൽപ്പിച്ചിരുന്നു. (പുറപ്പാടു 20:3-5) അതുകൊണ്ട്‌ രാജാവു പറഞ്ഞതു കേൾക്കുന്നതിനു പകരം അവർ യഹോവയെ അനുസരിച്ചു.

രാജാവിന്‌ കോപം അടക്കാനായില്ല. അവരെ ഉടനെ തന്റെ മുമ്പിൽ ഹാജരാക്കാൻ അദ്ദേഹം ഉത്തരവിട്ടു. രാജാവ്‌ അവരോട്‌: ‘നിങ്ങൾ എന്റെ ദേവന്മാരെ നമസ്‌കരിക്കില്ലെന്ന്‌ കേട്ടത്‌ ശരിതന്നെയോ? ഒരവസരം കൂടെ നിങ്ങൾക്കു തരുന്നു. ഇപ്പോൾ വാദ്യനാദം കേൾക്കുമ്പോൾ, ഞാൻ ഉണ്ടാക്കിയ പ്രതിമയെ വീണ്‌ നമസ്‌കരിക്കുക. ഇല്ലെങ്കിൽ, നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും. നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാൻ പറ്റുന്ന ആ ദേവൻ ആരെന്ന്‌ ഞാനൊന്നു കാണട്ടെ!’

ആ ചെറുപ്പക്കാർ എന്തു ചെയ്‌തു? അവരുടെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?— അവർ രാജാവിനോട്‌ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്‌ ഞങ്ങളെ വിടുവിക്കാൻ കഴിയും. ഇനി, വിടുവിച്ചില്ലെങ്കിൽപ്പോലും രാജാവിന്റെ ദേവന്മാരെ ഞങ്ങൾ സേവിക്കില്ല. രാജാവ്‌ ഉണ്ടാക്കിയ സ്വർണപ്രതിമയെ നമസ്‌കരിക്കുകയുമില്ല.’

രാജാവ്‌ കോപംകൊണ്ടു വിറച്ചു. ‘ആരവിടെ! ചൂളയുടെ ചൂട്‌ ഏഴ്‌ ഇരട്ടി വർധിപ്പിക്കട്ടെ!’ രാജാവ്‌ ആക്രോശിച്ചു. ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും പിടിച്ചുകെട്ടി തീച്ചൂളയിലേക്ക്‌ എറിയാൻ രാജാവ്‌ ഭടന്മാരിൽ ശക്തന്മാരായ ചിലരോട്‌ ആജ്ഞാപിച്ചു. പക്ഷേ എന്തു സംഭവിച്ചെന്നോ? ചൂളയിൽനിന്നുള്ള ചൂടുകൊണ്ട്‌ ആ ഭടന്മാർ വെന്തുമരിച്ചു! എന്നാൽ ആ മൂന്ന്‌ ചെറുപ്പക്കാരുടെ കാര്യമോ?

ശദ്രക്കും മേശക്കും അബേദ്‌നെഗോവും തീയുടെ ഒത്തനടുവിലാണ്‌ ചെന്നു വീണത്‌. പക്ഷേ അത്ഭുതമെന്നു പറയട്ടെ, അവരുടെ കെട്ടുകൾ അഴിഞ്ഞു. അവർക്ക്‌ ഒന്നും പറ്റിയില്ല! അതെങ്ങനെ സംഭവിച്ചു?— തീച്ചൂളയിലേക്കു നോക്കിയ രാജാവ്‌ ആ കാഴ്‌ച കണ്ട്‌ ഭയന്നുപോയി. ‘നമ്മൾ മൂന്നുപേരെ അല്ലയോ തീച്ചൂളയിൽ ഇട്ടത്‌?’ രാജാവ്‌ ചോദിച്ചു. ‘അതെ തിരുമനസ്സേ’ ഭൃത്യന്മാർ ഉത്തരം പറഞ്ഞു.

യഹോവ തന്റെ ദാസന്മാരെ തീച്ചൂളയിൽനിന്ന്‌ രക്ഷിച്ചതെങ്ങനെ?

രാജാവ്‌ അവരോട്‌: ‘പക്ഷേ നാലുപേർ തീയിലൂടെ നടക്കുന്നതാണല്ലോ നാം കാണുന്നത്‌; അവർക്ക്‌ ഒന്നും സംഭവിക്കുന്നതുമില്ല.’ ആ നാലാമത്തെ ആൾ ആരായിരുന്നെന്നോ?— യഹോവയുടെ ദൂതൻ. ആ ദൂതനാണ്‌ ഒരു പരിക്കും പറ്റാതെ ആ ചെറുപ്പക്കാരെ രക്ഷിച്ചത്‌.

അതു കണ്ട്‌ രാജാവ്‌ ചൂളയുടെ വാതിൽക്കൽ വന്ന്‌, “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്‌നെഗോവേ, പുറത്തുവരുവിൻ” എന്നു വിളിച്ചുപറഞ്ഞു. അവർ പുറത്തുവന്നു. അവർക്കൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ കണ്ട്‌ എല്ലാവർക്കും അത്ഭുതമായി. അവർക്ക്‌ തീയുടെ മണംപോലും ഏറ്റിട്ടില്ലായിരുന്നു. രാജാവ്‌ ഇങ്ങനെ പറഞ്ഞു: ‘ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും ദൈവം വാഴ്‌ത്തപ്പെട്ടവൻ; തന്നെയല്ലാതെ വേറൊരു ദൈവത്തെയും നമസ്‌കരിക്കാതിരുന്ന തന്റെ ദാസന്മാരെ അവൻ സ്വന്തദൂതനെ അയച്ച്‌ വിടുവിച്ചുവല്ലോ.’—ദാനീയേൽ 3-ാം അധ്യായം.

ഇന്ന്‌ ആളുകൾ എന്തിനെയൊക്കെ ആരാധിക്കാറുണ്ട്‌?

ഈ സംഭവത്തിൽനിന്ന്‌ നമുക്കൊരു പാഠം പഠിക്കാനുണ്ട്‌. ഇന്നും ആളുകൾ പ്രതിമകളെയും രൂപങ്ങളെയും ഒക്കെ ആരാധിക്കാറുണ്ട്‌. ഒരു എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “കുരിശുപോലെതന്നെ പതാകയും വിശുദ്ധമാണ്‌.” തടിയോ കല്ലോ ലോഹമോ തുണിയോ കൊണ്ട്‌ രൂപങ്ങളും പ്രതിമകളും ഒക്കെ ഉണ്ടാക്കാറുണ്ട്‌. എന്നാൽ ആദ്യകാലത്തെ ക്രിസ്‌തുശിഷ്യന്മാർ റോമൻ ചക്രവർത്തിയെ ആരാധിച്ചിരുന്നില്ല. ഇന്ന്‌ ചിലർ “പതാകയെ വന്ദിക്കുകയോ പ്രതിജ്ഞ ചൊല്ലുകയോ ചെയ്യാത്തതുപോലെയാണ്‌” അത്‌ എന്ന്‌ ഡാനിയൽ പി. മനിക്‌സ്‌ എന്ന ചരിത്രകാരൻ പറയുന്നു.

ഒരു വിഗ്രഹം എന്തുകൊണ്ട്‌ ഉണ്ടാക്കിയതാണെങ്കിലും ദൈവം അതിനെ എങ്ങനെയായിരിക്കും കാണുന്നത്‌?— യഹോവയുടെ ഒരു ദാസൻ അതിനെ വണങ്ങുന്നത്‌ ശരിയായിരിക്കുമോ?— അല്ല. ശദ്രക്കും മേശക്കും അബേദ്‌നെഗോവും അങ്ങനെ ചെയ്‌തില്ല. യഹോവ അതിൽ സംപ്രീതനായി. നിങ്ങൾക്ക്‌ എങ്ങനെ അവരെപ്പോലെയാകാം?—

യഹോവയെ ആരാധിക്കുന്നവർ മറ്റാരെയും, മറ്റൊന്നിനെയും സേവിക്കരുത്‌. ഇതിനെക്കുറിച്ച്‌ പറയുന്ന യോശുവ 24:14, 15, 19-22; യെശയ്യാവു 42:8; 1 യോഹന്നാൻ 5:21; വെളിപാട്‌ 19:10 എന്നീ തിരുവെഴുത്തുകൾ വായിക്കുക.