വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 28

ആരെ അനുസരിക്കണം?

ആരെ അനുസരിക്കണം?

ആരെയാണ്‌ അനുസരിക്കേണ്ടതെന്ന്‌ ചിലപ്പോഴൊക്കെ നമുക്കു സംശയം തോന്നും. അച്ഛനോ അമ്മയോ ഒരു കാര്യം ചെയ്യാൻ നിങ്ങളോടു പറഞ്ഞേക്കാം. എന്നാൽ നേരെ വിപരീതമായ ഒരു കാര്യമായിരിക്കാം ടീച്ചർ പറയുന്നത്‌. അങ്ങനെവന്നാൽ നിങ്ങൾ ആരെ അനുസരിക്കണം?—

ഈ പുസ്‌തകത്തിന്റെ ഏഴാമത്തെ അധ്യായത്തിൽ എഫെസ്യർ 6-ന്റെ 1 മുതൽ 3 വരെയുള്ള വാക്യങ്ങൾ കൊടുത്തിരുന്നു. കുട്ടികൾ അച്ഛനമ്മമാരെ അനുസരിക്കണം എന്നാണ്‌ അവിടെ പറയുന്നത്‌. “നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കുവിൻ” എന്ന്‌ അവിടെ നമ്മൾ വായിക്കുന്നു. “കർത്താവിൽ അനുസരിക്കുവിൻ” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം മനസ്സിലായോ?— ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കാൻ അച്ഛനമ്മമാർ പറയുമ്പോൾ കുട്ടികൾ അവരെ അനുസരിക്കണം എന്നാണ്‌ അതിന്റെ അർഥം.

എന്നാൽ യഹോവയിൽ വിശ്വസിക്കാത്ത ചിലയാളുകളുണ്ട്‌. പരീക്ഷയിൽ കോപ്പിയടിക്കുകയോ കടയിൽനിന്ന്‌ എന്തെങ്കിലും സാധനം കട്ടെടുക്കുകയോ ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന്‌ അവർ പറഞ്ഞാലോ? അതുകേട്ട്‌ ഒരു കുട്ടി കോപ്പിയടിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നത്‌ ശരിയായിരിക്കുമോ?—

താൻ ഉണ്ടാക്കിയ സ്വർണപ്രതിമയെ വണങ്ങണമെന്ന്‌ നെബൂഖദ്‌നേസർ രാജാവ്‌ ഉത്തരവിട്ടത്‌ ഓർക്കുന്നില്ലേ? പക്ഷേ ശദ്രക്കും മേശക്കും അബേദ്‌നെഗോവും അതനുസരിച്ചില്ല. എന്തായിരുന്നു കാരണം?— കാരണം, യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ബൈബിൾ പറയുന്നുണ്ട്‌.—പുറപ്പാടു 20:3; മത്തായി 4:10.

പത്രോസ്‌ കയ്യഫാവിനോട്‌ എന്താണ്‌ പറയുന്നത്‌?

യേശുവിന്റെ മരണത്തിനുശേഷം അപ്പൊസ്‌തലന്മാരെ സൻഹെദ്രിമിന്റെ മുമ്പിൽ ഹാജരാക്കി. യഹൂദന്മാരുടെ ഏറ്റവും വലിയ കോടതിയായിരുന്നു സൻഹെദ്രിം. അവിടെവെച്ച്‌, മഹാപുരോഹിതനായ കയ്യഫാവ്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: ‘യേശുവിന്റെ നാമത്തിൽ ഇനി പഠിപ്പിക്കരുതെന്ന്‌ ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചതല്ലേ? എന്നിട്ടും നിങ്ങളിതാ യെരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു.’ അപ്പൊസ്‌തലന്മാർ എന്തുകൊണ്ടാണ്‌ സൻഹെദ്രിമിനെ അനുസരിക്കാതിരുന്നത്‌?— എല്ലാ അപ്പൊസ്‌തലന്മാർക്കുംവേണ്ടി പത്രോസാണ്‌ സംസാരിച്ചത്‌. അവൻ കയ്യഫാവിനോട്‌, ‘ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അധിപതിയായി അനുസരിക്കേണ്ടത്‌’ എന്നു പറഞ്ഞു.—പ്രവൃത്തികൾ 5:27-29.

അക്കാലത്ത്‌ യഹൂദ മതനേതാക്കന്മാർക്ക്‌ വലിയ അധികാരമുണ്ടായിരുന്നു. പക്ഷേ അവരുടെ ദേശം റോമാക്കാരുടെ കീഴിലായിരുന്നു. റോമൻഗവണ്മെന്റിന്റെ തലവനെ കൈസർ എന്നാണ്‌ വിളിച്ചിരുന്നത്‌. കൈസർ ഭരിക്കുന്നത്‌ യഹൂദന്മാർക്ക്‌ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഗവണ്മെന്റ്‌ അവർക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്‌തിരുന്നു. ഇന്നും ഗവണ്മെന്റുകൾ ജനങ്ങൾക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്‌. അതിൽ ചിലത്‌ എന്തൊക്കെയാണെന്ന്‌ പറയാമോ?—

റോഡുകൾ ഉണ്ടാക്കുന്നതും പൊതുജനങ്ങളെ സേവിക്കുന്ന പോലീസുകാർക്കും ഫയർഫോഴ്‌സുകാർക്കും ഒക്കെ ശമ്പളം കൊടുക്കുന്നതും ഗവണ്മെന്റാണ്‌. സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയും ഗവണ്മെന്റിന്റെ സേവനങ്ങളിൽപ്പെടും. പക്ഷേ ഇതിനൊക്കെ പണം വേണം. ആ പണം ഗവണ്മെന്റിന്‌ എവിടെനിന്നാണ്‌ കിട്ടുന്നത്‌?— ആളുകളിൽനിന്ന്‌. ആളുകൾ ഗവണ്മെന്റിനു കൊടുക്കുന്ന ഈ പണത്തിനാണ്‌ നികുതി എന്നു പറയുന്നത്‌.

യേശു ഭൂമിയിലായിരുന്ന സമയത്ത്‌ പല യഹൂദന്മാർക്കും, റോമൻഗവണ്മെന്റിന്‌ നികുതി കൊടുക്കുന്നത്‌ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട്‌ ഒരിക്കൽ പുരോഹിതന്മാർ യേശുവിനെ കുടുക്കാനായി ഒരു പദ്ധതിയൊരുക്കി. അവർ ചില ആളുകളെ കൂലിക്കെടുത്തു. ആ ആളുകൾ യേശുവിനോട്‌, ‘നമ്മൾ കൈസർക്കു നികുതി കൊടുക്കേണ്ടതുണ്ടോ?’ എന്നു ചോദിച്ചു. യേശുവിനെ കുടുക്കാനാണ്‌ അവർ അങ്ങനെ ചോദിച്ചത്‌. ‘നികുതി കൊടുക്കണം’ എന്ന്‌ യേശു പറഞ്ഞാൽ യഹൂദന്മാരിൽ പലർക്കും അത്‌ ഇഷ്ടപ്പെടില്ല. ഇനി, ‘കൊടുക്കേണ്ട’ എന്നു പറഞ്ഞാലോ? അതു തെറ്റാകുമായിരുന്നു.

അതുകൊണ്ട്‌, യേശു എന്തു ചെയ്‌തു? ഒരു നാണയം കൊണ്ടുവരാൻ അവൻ അവരോട്‌ പറഞ്ഞു. അതു കൊണ്ടുവന്നപ്പോൾ, ‘ഇതിലെ ചിത്രവും പേരും ആരുടേതാണ്‌’ എന്ന്‌ അവൻ അവരോട്‌ ചോദിച്ചു. “കൈസറുടേത്‌,” അവർ മറുപടി പറഞ്ഞു. “എങ്കിൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന്‌ യേശു പറഞ്ഞു.—ലൂക്കോസ്‌ 20:19-26.

ഈ ആളുകളുടെ കുടുക്കുചോദ്യത്തിന്‌ യേശു എന്ത്‌ ഉത്തരംകൊടുത്തു?

യേശു പറഞ്ഞതിൽ ആർക്കും ഒരു തെറ്റും കാണാനായില്ല. നാണയങ്ങളും മറ്റും പുറത്തിറക്കുന്നത്‌ കൈസറാണ്‌. അപ്പോൾ, കൈസർ ചെയ്യുന്ന സേവനങ്ങൾക്കു പകരമായി ആ പണം കൊടുക്കുന്നത്‌ ശരിയായ ഒരു കാര്യമാണ്‌. നമുക്കുവേണ്ടി സേവനങ്ങൾ ചെയ്യുന്ന ഗവണ്മെന്റിന്‌ നികുതി കൊടുക്കണം എന്ന്‌ പഠിപ്പിക്കുകയായിരുന്നു യേശു.

ഇപ്പോൾ നിങ്ങൾക്ക്‌ നികുതി കൊടുക്കാനുള്ള പ്രായമായിട്ടില്ല. എന്നാൽ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. എന്താണെന്നു പറയാമോ?— ഗവണ്മെന്റിന്റെ നിയമങ്ങൾ അനുസരിക്കുക. ‘ഉന്നതാധികാരങ്ങൾക്ക്‌ കീഴ്‌പെട്ടിരിക്കാൻ’ ബൈബിൾ പറയുന്നു. ഉന്നതാധികാരങ്ങൾ എന്നുവെച്ചാൽ എന്താണെന്ന്‌ അറിയാമോ? ഗവണ്മെന്റ്‌ അധികാരികൾ. അതെ, ഗവണ്മെന്റിന്റെ നിയമങ്ങൾ അനുസരിക്കണമെന്ന്‌ നമ്മളോട്‌ പറയുന്നത്‌ ദൈവമാണ്‌.—റോമർ 13:1, 2.

കടലാസോ മറ്റ്‌ ചപ്പുചവറുകളോ റോഡിൽ വലിച്ചെറിയരുതെന്ന്‌ ചില സ്ഥലങ്ങളിൽ നിയമമുണ്ട്‌. അങ്ങനെയുള്ള നിയമങ്ങൾ നിങ്ങൾ അനുസരിക്കണോ?— അനുസരിക്കണമെന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. ഇനി, പോലീസുകാർ പറയുന്നത്‌ അനുസരിക്കണോ?— ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നവരാണ്‌ പോലീസുകാർ. അവർക്ക്‌ ശമ്പളം കൊടുക്കുന്നത്‌ ഗവണ്മെന്റാണ്‌. അപ്പോൾ പോലീസുകാരെ അനുസരിക്കുന്നത്‌ ഗവണ്മെന്റിനെ അനുസരിക്കുന്നതുപോലെയാണ്‌.

ഒരു ഉദാഹരണം നോക്കാം. റോഡ്‌ മുറിച്ചുകടക്കാൻ നിൽക്കുകയാണ്‌ നിങ്ങൾ. അപ്പോഴാണ്‌, ‘ഇപ്പോൾ കടക്കരുത്‌’ എന്ന്‌ പോലീസുകാരൻ കൈകൊണ്ട്‌ കാണിക്കുന്നത്‌. നിങ്ങൾ എന്തു ചെയ്യും?— പോലീസുകാരൻ പറഞ്ഞതു ശ്രദ്ധിക്കാതെ മറ്റുള്ളവർ റോഡ്‌ മുറിച്ചുകടക്കുകയാണ്‌. അത്‌ കണ്ട്‌ നിങ്ങളും അതുപോലെ ചെയ്യണോ?— പാടില്ല. എല്ലാവരും റോഡ്‌ മുറിച്ചുകടന്നാലും, പോലീസുകാരൻ പറയാതെ നിങ്ങൾ അങ്ങനെ ചെയ്യരുത്‌. അനുസരിക്കണമെന്ന്‌ നിങ്ങളോടു പറയുന്നത്‌ ദൈവമാണ്‌.

അടുത്ത്‌ എവിടെയെങ്കിലും ഒരു പ്രശ്‌നമുണ്ടാകുമ്പോൾ, “ആരും വീട്ടിൽനിന്ന്‌ പുറത്തിറങ്ങരുത്‌” എന്ന്‌ പോലീസുകാർ ചിലപ്പോൾ പറയാറുണ്ട്‌. ഒന്നാലോചിച്ചുനോക്കൂ, പുറത്ത്‌ ബഹളം നടക്കുകയാണ്‌. അത്‌ എന്താണെന്ന്‌ അറിയാഞ്ഞിട്ട്‌ നിങ്ങൾക്ക്‌ ഇരിപ്പുറയ്‌ക്കുന്നില്ല. കാര്യം അറിയാൻ നിങ്ങൾ പുറത്തിറങ്ങുമോ?— അങ്ങനെ ചെയ്‌താൽ നിങ്ങൾ ‘ഉന്നതാധികാരങ്ങളെ’ അനുസരിക്കുകയാണെന്ന്‌ പറയാനാകുമോ?—

പല സ്ഥലങ്ങളിലും ഗവണ്മെന്റുവക സ്‌കൂളുകളുണ്ട്‌. അവിടത്തെ ടീച്ചർമാർക്ക്‌ ശമ്പളം കൊടുക്കുന്നതും ഗവണ്മെന്റാണ്‌. അങ്ങനെയെങ്കിൽ, ടീച്ചർമാർ പറയുന്നത്‌ നിങ്ങൾ അനുസരിക്കണമെന്ന്‌ ദൈവം പ്രതീക്ഷിക്കുന്നുണ്ടോ? എന്തു തോന്നുന്നു?— പോലീസുകാർക്ക്‌ ശമ്പളം കൊടുക്കുന്നതുപോലെ, ടീച്ചർമാർക്ക്‌ ശമ്പളം കൊടുക്കുന്നതും ഗവണ്മെന്റുതന്നെയാണ്‌. അതുകൊണ്ട്‌ അവരെയൊക്കെ അനുസരിക്കുന്നത്‌ ഗവണ്മെന്റിനെ അനുസരിക്കുന്നതുപോലെയാണ്‌.

പോലീസുകാർ പറയുന്നത്‌ നമ്മൾ അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പക്ഷേ എന്തിനെയെങ്കിലും വണങ്ങാൻ ടീച്ചർ നിങ്ങളോട്‌ ആവശ്യപ്പെട്ടാലോ? നിങ്ങൾ എന്തു ചെയ്യും?— രാജാവ്‌ പറഞ്ഞിട്ടുപോലും ആ മൂന്ന്‌ എബ്രായ യുവാക്കൾ പ്രതിമയെ വണങ്ങിയില്ല. എന്തുകൊണ്ടാണെന്ന്‌ ഓർക്കുന്നുണ്ടോ?— കാരണം, ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ അവർക്ക്‌ ആഗ്രഹമില്ലായിരുന്നു.

ചരിത്രകാരനായ വിൽ ഡ്യൂറന്റ്‌ ആദ്യകാലത്തെ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ പറഞ്ഞത്‌ എന്താണെന്നോ? ‘അവർ ഏറ്റവും അധികം അനുസരിച്ചത്‌ കൈസറിനെയായിരുന്നില്ല’ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌; പകരം യഹോവയെ ആയിരുന്നു! അതെ, ദൈവം പറയുന്ന കാര്യങ്ങൾക്കാണ്‌ നമ്മൾ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്‌.

ദൈവം പറഞ്ഞിട്ടാണ്‌ നമ്മൾ ഗവണ്മെന്റിനെ അനുസരിക്കുന്നത്‌. പക്ഷേ, ചെയ്യരുതെന്ന്‌ ദൈവം പറയുന്ന എന്തെങ്കിലും ചെയ്യാൻ ഗവണ്മെന്റ്‌ ആവശ്യപ്പെട്ടാലോ? അപ്പോൾ നമ്മൾ എന്തു ചെയ്യും?— ‘ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അധിപതിയായി അനുസരിക്കേണ്ടത്‌’ എന്ന്‌ അപ്പൊസ്‌തലന്മാർ മഹാപുരോഹിതനോടു പറഞ്ഞത്‌ ഓർക്കുന്നില്ലേ? അങ്ങനെതന്നെ നമ്മളും പറയണം.—പ്രവൃത്തികൾ 5:29.

നിയമങ്ങൾ അനുസരിക്കണമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നുണ്ട്‌. അത്‌ അറിയാൻ മത്തായി 5:41; തീത്തൊസ്‌ 3:1; 1 പത്രോസ്‌ 2:12-14 എന്നീ തിരുവെഴുത്തുകൾ വായിക്കുക.