വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 29

എല്ലാത്തരം പാർട്ടികളും ദൈവത്തിന്‌ ഇഷ്ടമാണോ?

എല്ലാത്തരം പാർട്ടികളും ദൈവത്തിന്‌ ഇഷ്ടമാണോ?

ദൈവത്തിന്‌ ഈ പാർട്ടി ഇഷ്ടപ്പെട്ടത്‌ എന്തുകൊണ്ട്‌?

പാർട്ടികൾക്കു പോകുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— ചിലപ്പോൾ അത്‌ നല്ല രസമായിരിക്കും. നമ്മൾ പാർട്ടികൾക്കു പോകുന്നത്‌ മഹാനായ അധ്യാപകന്‌ ഇഷ്ടമാണോ?— ഒരിക്കൽ അവനും ഒരു പാർട്ടിക്കു പോയി, ഒരു കല്യാണപ്പാർട്ടിക്ക്‌. ചില ശിഷ്യന്മാരും അവനോടൊപ്പം പോയി. നമ്മൾ നല്ല പാർട്ടികൾക്കു പോകുന്നത്‌ യഹോവയ്‌ക്കും ഇഷ്ടമാണ്‌. കാരണം അവൻ ‘സന്തുഷ്ടനായ ദൈവമാണ്‌’ എന്ന്‌ ബൈബിൾ പറയുന്നു.—1 തിമൊഥെയൊസ്‌ 1:11, അടിക്കുറിപ്പ്‌; യോഹന്നാൻ 2:1-11.

ഇസ്രായേല്യർക്കു കടന്നുപോകുന്നതിന്‌ യഹോവ ചെങ്കടലിനു നടുവിലൂടെ ഒരു വഴി ഉണ്ടാക്കിയതിനെക്കുറിച്ച്‌ ഈ പുസ്‌തകത്തിന്റെ 29-ാം പേജിൽ പറയുന്നുണ്ട്‌. ഓർക്കുന്നില്ലേ അത്‌?— അതിനുശേഷം അവർ പാട്ടുപാടി നൃത്തംചെയ്‌ത്‌ യഹോവയ്‌ക്ക്‌ നന്ദി കൊടുത്തു. ഒരു പാർട്ടി പോലെയായിരുന്നു അത്‌. ആളുകളെല്ലാം വളരെ സന്തോഷത്തിലായിരുന്നു; തീർച്ചയായും ദൈവത്തിനും സന്തോഷം തോന്നിയിരിക്കും.—പുറപ്പാടു 15:1, 20, 21.

ഏതാണ്ട്‌ 40 വർഷം കഴിഞ്ഞ്‌ ഇസ്രായേല്യർ മറ്റൊരു വലിയ പാർട്ടിക്കു പോയി. പക്ഷേ യഹോവയെ ആരാധിക്കാത്ത ആളുകളാണ്‌ ആ പാർട്ടി നടത്തിയത്‌. അവർ മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്നു. മാത്രമല്ല, അവർ സ്വന്തം ഭാര്യയോ ഭർത്താവോ അല്ലാത്തവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. അങ്ങനെയുള്ള ആളുകൾ നടത്തുന്ന പാർട്ടിക്കു പോകുന്നത്‌ ശരിയാണോ, നിങ്ങൾക്കെന്തു തോന്നുന്നു?— യഹോവയ്‌ക്ക്‌ അത്‌ ഇഷ്ടമായില്ല; അതിന്റെ പേരിൽ അവൻ ഇസ്രായേല്യരെ ശിക്ഷിച്ചു.—സംഖ്യാപുസ്‌തകം 25:1-9; 1 കൊരിന്ത്യർ 10:8.

രണ്ട്‌ പിറന്നാൾ ആഘോഷങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. അതിലൊന്ന്‌ യേശുവിന്റെ പിറന്നാൾ ആയിരുന്നോ?— ഒരിക്കലുമല്ല. യഹോവയെ ആരാധിക്കാത്ത രണ്ടുപേരുടെ പിറന്നാളായിരുന്നു അത്‌. ഹെരോദാവ്‌ അന്തിപ്പാസ്‌ എന്ന രാജാവിന്റെ പിറന്നാളായിരുന്നു അതിലൊന്ന്‌. യേശു ഗലീലയിൽ ഉണ്ടായിരുന്നപ്പോൾ ഹെരോദാവാണ്‌ ആ പ്രദേശം ഭരിച്ചിരുന്നത്‌.

ഹെരോദാ രാജാവ്‌ മോശമായ ഒരുപാട്‌ കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. അദ്ദേഹം സഹോദരന്റെ ഭാര്യയെ സ്വന്തമാക്കി. ഹെരോദ്യ എന്നായിരുന്നു അവളുടെ പേര്‌. രാജാവ്‌ ചെയ്‌തത്‌ ശരിയല്ലെന്ന്‌ ദൈവത്തിന്റെ ദാസനായ യോഹന്നാൻ സ്‌നാപകൻ, അദ്ദേഹത്തോടു പറഞ്ഞു. ഹെരോദാവിന്‌ അത്‌ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്‌ അദ്ദേഹം യോഹന്നാനെ ജയിലിലാക്കി.—ലൂക്കോസ്‌ 3:19, 20.

അങ്ങനെയിരിക്കെ ഹെരോദാവിന്റെ പിറന്നാൾ വന്നെത്തി. യോഹന്നാൻ അപ്പോഴും ജയിലിലാണ്‌. പ്രമുഖരായ പലരെയും ഹെരോദാവ്‌ പിറന്നാളിന്‌ ക്ഷണിച്ചു. രാജാവ്‌ ഗംഭീരമായ ഒരു സദ്യയൊരുക്കി. അതിഥികളെല്ലാം തിന്നുകുടിച്ച്‌ ആനന്ദിച്ചു. ഹെരോദ്യയുടെ മകളാകട്ടെ അതിഥികളുടെ മുമ്പാകെ നൃത്തം ചെയ്‌തു. എല്ലാവർക്കും നൃത്തം ഇഷ്ടപ്പെട്ടു. അവൾക്ക്‌ എന്തെങ്കിലും സമ്മാനം കൊടുക്കണമെന്ന്‌ രാജാവിന്‌ തോന്നി. ‘ഇഷ്ടമുള്ളത്‌ ചോദിച്ചുകൊള്ളുക. രാജ്യത്തിന്റെ പകുതി ചോദിച്ചാലും ഞാനതു തരും,’ രാജാവ്‌ പറഞ്ഞു.

അവൾ ഇപ്പോൾ എന്തു ചോദിക്കും? പണമോ? ഭംഗിയുള്ള ഉടുപ്പുകളോ? അതോ സ്വന്തമായി ഒരു കൊട്ടാരമോ? എന്തു ചോദിക്കണമെന്ന്‌ അവൾക്ക്‌ അറിയില്ലായിരുന്നു. അതുകൊണ്ട്‌ അവൾ അമ്മയായ ഹെരോദ്യയുടെ അടുക്കൽച്ചെന്ന്‌ “ഞാൻ എന്താണു ചോദിക്കേണ്ടത്‌?” എന്നു ചോദിച്ചു.

യോഹന്നാൻ സ്‌നാപകനോട്‌ പകരംവീട്ടാൻ ഒരവസരം നോക്കിയിരിക്കുകയായിരുന്നു ഹെരോദ്യ. അതുകൊണ്ട്‌ യോഹന്നാന്റെ തല ചോദിക്കാൻ ഹെരോദ്യ മകളോട്‌ പറഞ്ഞു. അവൾ രാജാവിന്റെ അടുക്കൽച്ചെന്ന്‌, ‘ഇപ്പോൾത്തന്നെ യോഹന്നാൻ സ്‌നാപകന്റെ തല ഒരു തളികയിൽ എനിക്കു തരേണം’ എന്നു പറഞ്ഞു.

യോഹന്നാനെ കൊല്ലാൻ ഹെരോദാവിന്‌ ആഗ്രഹമില്ലായിരുന്നു. കാരണം, യോഹന്നാൻ ഒരു നല്ല മനുഷ്യനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. പക്ഷേ, വാക്കുപാലിക്കാതിരുന്നാൽ വിരുന്നുകാർക്ക്‌ എന്തു തോന്നും എന്നോർത്തപ്പോൾ രാജാവ്‌ ധർമസങ്കടത്തിലായി. അങ്ങനെ രാജാവ്‌ യോഹന്നാന്റെ തലവെട്ടിക്കൊണ്ടുവരാൻ ആളയച്ചു. പെട്ടെന്നുതന്നെ അയാൾ തളികയിൽ യോഹന്നാന്റെ തലയുമായി വന്നു. അയാൾ അത്‌ ഹെരോദ്യയുടെ മകളുടെ കൈയിൽക്കൊടുത്തു. അവൾ അത്‌ അമ്മയ്‌ക്കു കൊടുത്തു.—മർക്കോസ്‌ 6:17-29.

ഇനി, മറ്റൊരു പിറന്നാൾ ആഘോഷത്തെക്കുറിച്ചു പറയാം. അന്നും ഇതുപോലൊരു സംഭവമുണ്ടായി. ഈജിപ്‌റ്റിലെ രാജാവിന്റെ പിറന്നാളായിരുന്നു അത്‌. ആ പാർട്ടിയിലും രാജാവ്‌ ഒരാളുടെ തലവെട്ടാൻ ഉത്തരവിട്ടു. അതിനുശേഷം, അയാളുടെ ഉടൽ പക്ഷികൾക്കു തിന്നാനായി മരത്തിൽ തൂക്കി. (ഉല്‌പത്തി 40:19-22) ഈ രണ്ട്‌ പാർട്ടികളും ദൈവത്തിന്‌ ഇഷ്ടപ്പെട്ടുകാണുമോ? എന്തു തോന്നുന്നു?— നിങ്ങൾ ആ പാർട്ടിക്കു പോകുമായിരുന്നോ?—

ഹെരോദാവിന്റെ പിറന്നാൾ ആഘോഷത്തിൽ എന്തു സംഭവിച്ചു?

ബൈബിളിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനൊരു ഉദ്ദേശ്യമുണ്ട്‌. രണ്ടേരണ്ട്‌ പിറന്നാൾ ആഘോഷങ്ങളെക്കുറിച്ചേ അതു പറയുന്നുള്ളൂ. ആ രണ്ട്‌ ആഘോഷങ്ങളിലും ക്രൂരമായ കാര്യങ്ങളാണ്‌ സംഭവിച്ചത്‌. ഇതിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം? പിറന്നാൾ ആഘോഷങ്ങളെക്കുറിച്ച്‌ ദൈവം എന്താണ്‌ വിചാരിക്കുന്നത്‌? നമ്മൾ പിറന്നാൾ ആഘോഷിക്കണം എന്നാണോ ദൈവം പറയുന്നത്‌?—

ഇന്നത്തെ പാർട്ടികളിൽ, ആരുടെയും തലവെട്ടുന്നില്ലായിരിക്കും. പക്ഷേ പിറന്നാൾ ആഘോഷങ്ങൾ തുടങ്ങിവെച്ചത്‌ സത്യദൈവത്തെ ആരാധിക്കാത്ത ആളുകളായിരുന്നു. ബൈബിളിൽ എഴുതിയിരിക്കുന്ന ആ രണ്ട്‌ പിറന്നാൾ ആഘോഷങ്ങളെക്കുറിച്ച്‌ ഒരു കത്തോലിക്കാ എൻസൈക്ലോപീഡിയ എന്താണ്‌ പറയുന്നതെന്നോ? “പാപികളാണ്‌ . . . അവരുടെ ജനനം ഒരു വലിയ കാര്യമായി ആഘോഷിക്കുന്നത്‌.” ആ പാപികളെപ്പോലെയാകാൻ നമുക്ക്‌ ആഗ്രഹമുണ്ടോ?—

മഹാനായ അധ്യാപകൻ തന്റെ പിറന്നാൾ ആഘോഷിച്ചോ?— ഇല്ല. യേശുവിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച്‌ ബൈബിളിൽ ഒരിടത്തും പറയുന്നില്ല. യേശുവിന്റെ ശിഷ്യന്മാരാരും അവന്റെ പിറന്നാൾ ആഘോഷിച്ചില്ല. പക്ഷേ പിന്നീട്‌ ആളുകൾ ഡിസംബർ 25-ന്‌ യേശുവിന്റെ പിറന്നാൾ ആഘോഷിക്കാൻ തുടങ്ങി. അത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?—

സൂര്യന്റെ പിറന്നാൾ ആഘോഷിക്കുന്നതിനുവേണ്ടി റോമാക്കാർ കൊണ്ടാടിയിരുന്ന സാറ്റർനേലിയ ഡിസംബർ 25-ന്‌ ആയിരുന്നു. ആ തീയതിയാണ്‌ പിന്നീട്‌ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നതിനായി തിരഞ്ഞെടുത്തതെന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. ദൈവത്തെ ആരാധിക്കാത്ത ജനങ്ങൾ വിശേഷദിവസമായി ആഘോഷിച്ചിരുന്ന ഒരു ദിവസമാണ്‌ ആളുകൾ യേശുവിന്റെ പിറന്നാളായി തിരഞ്ഞെടുത്തത്‌!

യേശു ഡിസംബറിൽ ജനിച്ചിരിക്കാൻ സാധ്യതയില്ല എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?— കാരണം യേശു ജനിച്ച രാത്രിയിൽ ആട്ടിടയന്മാർ വയലിലായിരുന്നു എന്ന്‌ ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 2:8-12) ആ പ്രദേശത്ത്‌ ഡിസംബർ മാസം നല്ല മഞ്ഞും മഴയുമുള്ള സമയമാണ്‌. അങ്ങനെയൊരു സമയത്ത്‌ ആട്ടിടയന്മാർ വയലിലായിരിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു.

യേശുവിന്റെ പിറന്നാൾ ഡിസംബർ 25-ന്‌ അല്ലെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

ക്രിസ്‌തുമസ്സ്‌ യേശുവിന്റെ പിറന്നാൾ അല്ലെന്ന്‌ പലർക്കും അറിയാം. ദൈവത്തെ ആരാധിക്കാത്തവരുടെ ഒരു വിശേഷദിവസമായിരുന്നു അതെന്നും ആ ആഘോഷം ദൈവത്തിന്‌ ഇഷ്ടമല്ലായിരുന്നു എന്നും അവർക്കറിയാം. പക്ഷേ എന്നിട്ടും പലരും ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നു. ദൈവം അതിനെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്നതൊന്നും അവർക്ക്‌ പ്രശ്‌നമല്ല. പാർട്ടിയിലാണ്‌ അവർക്കു താത്‌പര്യം. പക്ഷേ നമ്മൾ അങ്ങനെയല്ല; യഹോവയെ സന്തോഷിപ്പിക്കാനാണ്‌ നമ്മൾ ആഗ്രഹിക്കുന്നത്‌, അല്ലേ?—

അതുകൊണ്ട്‌ ദൈവത്തിന്‌ ഇഷ്ടമുള്ളതാണെന്ന്‌ ഉറപ്പാക്കിയിട്ടേ നമ്മൾ പാർട്ടികൾക്കു പോകാവൂ. എപ്പോൾ വേണമെങ്കിലും നമുക്കു പാർട്ടികൾ നടത്താം; ഒരു പ്രത്യേക ദിവസത്തിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. നമുക്ക്‌ എപ്പോൾ വേണമെങ്കിലും നല്ല ഭക്ഷണം കഴിക്കുകയും രസമുള്ള കളികളിൽ ഏർപ്പെടുകയും ചെയ്യാം. നിങ്ങൾക്കത്‌ ഇഷ്ടമാണോ?— ഒരു പാർട്ടിനടത്തുന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ ഒരുപക്ഷേ അച്ഛനോടും അമ്മയോടും പറയാനാകും. എന്തൊക്കെ ചെയ്യണമെന്ന്‌ അവരോടൊപ്പമിരുന്ന്‌ ആലോചിക്കുക. അത്‌ എത്ര രസമായിരിക്കും അല്ലേ?— പക്ഷേ ഒരു പാർട്ടി നടത്താൻ തീരുമാനിക്കുന്നതിനുമുമ്പ്‌ അത്‌ ദൈവത്തിന്‌ ഇഷ്ടമാകുമെന്ന്‌ ഉറപ്പുവരുത്തണം.

നമ്മൾ നടത്തുന്ന പാർട്ടികൾ ദൈവത്തിന്‌ ഇഷ്ടമാകുമെന്ന്‌ എങ്ങനെ ഉറപ്പാക്കാം?

ദൈവത്തിന്‌ ഇഷ്ടമുള്ളതു ചെയ്യുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ സദൃശവാക്യങ്ങൾ 12:2; യോഹന്നാൻ 8:29; റോമർ 12:2; 1 യോഹന്നാൻ 3:22 വായിക്കുക.