വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 31

ആശ്വാസം എവിടെനിന്ന്‌?

ആശ്വാസം എവിടെനിന്ന്‌?

നിങ്ങൾക്ക്‌ എപ്പോഴെങ്കിലും സങ്കടംവന്നിട്ടുണ്ടോ? ഒറ്റയ്‌ക്കാണെന്ന്‌ വിഷമം തോന്നിയിട്ടുണ്ടോ?— ആർക്കും നിങ്ങളോട്‌ സ്‌നേഹമില്ലെന്ന്‌ തോന്നിയിട്ടുണ്ടോ?— ചില കുട്ടികൾക്ക്‌ അങ്ങനെ തോന്നാറുണ്ട്‌. പക്ഷേ, ‘ഞാൻ ഒരിക്കലും നിന്നെ മറന്നുകളയില്ല’ എന്ന്‌ ദൈവം നമുക്ക്‌ വാക്കുതരുന്നു. (യെശയ്യാവു 49:15) കേട്ടിട്ടു സന്തോഷം തോന്നുന്നു, അല്ലേ?— അതെ, യഹോവയാം ദൈവത്തിന്‌ നമ്മളെ ഒരുപാട്‌ ഒരുപാട്‌ ഇഷ്ടമാണ്‌!

കൂട്ടംവിട്ടുപോയ ഈ ആട്ടിൻകുട്ടിക്ക്‌ ഇപ്പോൾ എന്തായിരിക്കും തോന്നുന്നത്‌?

‘എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ ചേർത്തുകൊള്ളും’ എന്ന്‌ ഒരു ബൈബിളെഴുത്തുകാരൻ എഴുതി. (സങ്കീർത്തനം 27:10) എത്ര ആശ്വാസം തരുന്നതാണ്‌ ഈ വാക്കുകൾ, അല്ലേ?— ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്‌; ഞാൻ നിന്നെ സഹായിക്കും’ എന്ന്‌ യഹോവ നമ്മളോടു പറയുന്നു.—യെശയ്യാവു 41:10.

പക്ഷേ നമുക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാത്താൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ യഹോവ അത്‌ അനുവദിക്കാറുണ്ട്‌. തന്റെ ആരാധകരെ പരീക്ഷിക്കാൻപോലും യഹോവ സാത്താനെ അനുവദിച്ചേക്കാം. ഒരിക്കൽ പിശാചു കാരണം യേശുവിന്‌ കടുത്ത ഉപദ്രവം സഹിക്കേണ്ടിവന്നു. അപ്പോൾ അവൻ ദൈവത്തോട്‌ ഇങ്ങനെ നിലവിളിച്ചുപറഞ്ഞു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്‌?” (മത്തായി 27:46) കഷ്ടം സഹിക്കുമ്പോഴും യേശുവിന്‌ ഒരു കാര്യം ഉറപ്പായിരുന്നു: യഹോവ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌. (യോഹന്നാൻ 10:17) യേശുവിന്‌ മറ്റൊരുകാര്യംകൂടി അറിയാമായിരുന്നു: തന്റെ ആരാധകരെ പരീക്ഷിക്കാനും അവർക്ക്‌ കഷ്ടങ്ങൾ വരുത്താനും യഹോവ സാത്താനെ അനുവദിക്കുന്നുണ്ടെന്ന കാര്യം. എന്തുകൊണ്ടാണ്‌ ദൈവം ഇത്‌ അനുവദിക്കുന്നതെന്ന്‌ മറ്റൊരു അധ്യായത്തിൽ നമ്മൾ പഠിക്കും.

കുഞ്ഞായിരിക്കുമ്പോൾ എല്ലാവർക്കും പേടിതോന്നാറുണ്ട്‌. നിങ്ങൾ എപ്പോഴെങ്കിലും കൂട്ടം തെറ്റിപ്പോയിട്ടുണ്ടോ?— അപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി? പേടിച്ചുപോയോ?— അങ്ങനെ സംഭവിക്കുമ്പോൾ പല കുട്ടികൾക്കും പേടിതോന്നും. മഹാനായ അധ്യാപകൻ ഒരിക്കൽ അതുപോലുള്ള ഒരു കഥ പറഞ്ഞു. കൂട്ടം തെറ്റിപ്പോയ കുട്ടിയുടെ കഥയല്ല, കൂട്ടം തെറ്റിപ്പോയ ഒരു ചെമ്മരിയാടിന്റെ കഥ.

ചില കാര്യങ്ങളിൽ കുട്ടികൾ ചെമ്മരിയാടുകളെപ്പോലെയാണ്‌. അത്‌ എങ്ങനെയാണ്‌? ചെമ്മരിയാടുകൾക്ക്‌ ഒരുപാട്‌ ശക്തിയോ വലുപ്പമോ ഒന്നുമില്ല. അവയെ പരിപാലിക്കാൻ എപ്പോഴും ഒരാൾ വേണം. ആടുകളുടെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്‌ ഇടയന്മാരാണ്‌.

യേശു കഥ പറഞ്ഞുതുടങ്ങി. ഒരു ഇടയന്‌ നൂറ്‌ ചെമ്മരിയാടുകൾ ഉണ്ടായിരുന്നു. അതിൽ ഒരാട്‌ കൂട്ടം തെറ്റിപ്പോയി. കുന്നിന്‌ അപ്പുറത്തെ കാഴ്‌ചകൾ കാണാൻ മോഹം തോന്നി പോയതായിരിക്കാം അത്‌. പക്ഷേ കുറെക്കഴിഞ്ഞപ്പോഴേക്കും അത്‌ കൂട്ടത്തിൽനിന്ന്‌ വളരെ അകലെയായി. പിന്നീട്‌ എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോഴാണ്‌ ഒറ്റയ്‌ക്കായ വിവരം അത്‌ അറിയുന്നത്‌. ഇപ്പോൾ അതിന്‌ എന്തു തോന്നിക്കാണും?—

ആടിനെ കാണാനില്ലെന്ന്‌ അറിഞ്ഞപ്പോൾ ഇടയൻ എന്തു ചെയ്‌തു? കൂട്ടംതെറ്റിപ്പോയത്‌ ആടിന്റെ കുഴപ്പംകൊണ്ടാണെന്നു പറഞ്ഞ്‌ അയാൾ ഒന്നും ചെയ്യാതിരുന്നോ? അതോ മറ്റ്‌ 99 ആടിനെയും സുരക്ഷിതമായ ഒരു സ്ഥലത്താക്കിയിട്ട്‌ കാണാതെപോയ ഒന്നിനെത്തേടി പോകുമോ? അത്രയൊക്കെ കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കാൻമാത്രം പ്രാധാന്യമുണ്ടോ ഒരാടിന്‌?— നിങ്ങൾ ആ ആടിന്റെ സ്ഥാനത്തായിരുന്നെങ്കിലോ? ഇടയൻ നിങ്ങളെ അന്വേഷിച്ചു കണ്ടുപിടിക്കണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കില്ലായിരുന്നോ?—

ആട്ടിൻകുട്ടിയെ രക്ഷിച്ച ഇടയനെപ്പോലെ ആയിരിക്കുന്നത്‌ ആരാണ്‌?

തന്റെ എല്ലാ ആടുകളെയും ഇടയന്‌ ഇഷ്ടമായിരുന്നു, കാണാതെപോയ ആടിനെയും. അതുകൊണ്ട്‌ അയാൾ അതിനെ അന്വേഷിച്ചുപോയി. ഇടയൻ വരുന്നതു കണ്ടപ്പോൾ ആ ആടിന്‌ എത്ര സന്തോഷം തോന്നിക്കാണും, അല്ലേ? ആട്ടിൻകുട്ടിയെ കണ്ടുകിട്ടിയപ്പോൾ ഇടയനും വലിയ സന്തോഷമായി എന്ന്‌ യേശു പറഞ്ഞു. കൂടെയുണ്ടായിരുന്ന 99 ആടിനെക്കാളും, കാണാതെപോയി കണ്ടുകിട്ടിയ ആ ആടിനെച്ചൊല്ലി അയാൾ സന്തോഷിച്ചു. യേശുവിന്റെ കഥയിലെ ഇടയനെപ്പോലെ നമുക്ക്‌ ഇന്ന്‌ ആരാണുള്ളത്‌? ആ ഇടയനെപ്പോലെ നമ്മളെ പരിപാലിക്കുന്നത്‌ ആരാണ്‌?— സ്വർഗത്തിലുള്ള തന്റെ പിതാവ്‌ അങ്ങനെ ചെയ്യുന്നു എന്ന്‌ യേശു പറഞ്ഞു. യഹോവയാണ്‌ യേശുവിന്റെ പിതാവ്‌.

ദൈവജനത്തിന്റെ ഏറ്റവും വലിയ ഇടയനാണ്‌ യഹോവയാം ദൈവം. തന്നെ ആരാധിക്കുന്ന എല്ലാവരെയും അവന്‌ ഇഷ്ടമാണ്‌, കുട്ടികളായ നിങ്ങളെയും. നമുക്കാർക്കും ഒരു കുഴപ്പവും പറ്റരുതെന്നാണ്‌ അവന്റെ ആഗ്രഹം. ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ ഇത്ര താത്‌പര്യമുണ്ടെന്ന്‌ അറിയുന്നതുതന്നെ ആശ്വാസമല്ലേ?—മത്തായി 18:12-14.

നിങ്ങളുടെ അച്ഛനെയോ മറ്റൊരാളെയോ കാണുന്നതുപോലെ യഹോവയെ ശരിക്കും ഒരു വ്യക്തിയായിട്ടാണോ നിങ്ങൾ കാണുന്നത്‌?

നിങ്ങൾ യഹോവയാം ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?— അവൻ ശരിക്കുമുള്ള ഒരു വ്യക്തിയാണെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ?— നമുക്ക്‌ യഹോവയെ കാണാൻ പറ്റില്ല എന്നത്‌ ശരിയാണ്‌. അവൻ ആത്മരൂപിയായതുകൊണ്ടാണ്‌ നമുക്കു കാണാൻ പറ്റാത്തത്‌. അവന്‌ അദൃശ്യമായ ശരീരമാണുള്ളത്‌. പക്ഷേ അവൻ ശരിക്കുമുള്ള ഒരു വ്യക്തിയാണ്‌. നമുക്ക്‌ അവനെ കാണാൻ പറ്റില്ലെങ്കിലും അവന്‌ നമ്മളെ കാണാൻ പറ്റും. നമുക്ക്‌ സഹായം വേണ്ടത്‌ എപ്പോഴാണെന്ന്‌ അവന്‌ അറിയാം. പ്രാർഥിക്കുമ്പോൾ നമുക്ക്‌ അവനോട്‌ സംസാരിക്കാൻ സാധിക്കും. നമ്മൾ മറ്റുള്ളവരോടു സംസാരിക്കാറില്ലേ, അതുപോലെ. നമ്മൾ അവനോട്‌ സംസാരിക്കുന്നത്‌ അവന്‌ ഇഷ്ടമാണ്‌.

അതുകൊണ്ട്‌, സങ്കടംവരുകയോ ഒറ്റയ്‌ക്കാണെന്നു തോന്നുകയോ ചെയ്‌താൽ നിങ്ങൾ എന്തു ചെയ്യണം?— യഹോവയോട്‌ സംസാരിക്കണം. അവനോട്‌ അടുത്തുചെന്നാൽ അവൻ നിങ്ങളെ ആശ്വസിപ്പിക്കും, സഹായിക്കും. യഹോവ നിങ്ങളെ ഒരുപാട്‌ സ്‌നേഹിക്കുന്നുണ്ടെന്ന്‌ ഓർക്കണം; നിങ്ങൾ ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോൾപ്പോലും അവൻ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്‌. നമുക്ക്‌ ബൈബിൾ തുറന്ന്‌ 23-ാം സങ്കീർത്തനം വായിച്ചാലോ? ഇവിടെ 1-ാം വാക്യത്തിൽ എന്താണ്‌ പറഞ്ഞിരിക്കുന്നതെന്ന്‌ നോക്കൂ: ‘യഹോവ എന്റെ ഇടയനാകുന്നു; എനിക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല. പച്ചയായ പുൽപ്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; ശാന്തമായ ജലാശയങ്ങളിലേക്ക്‌ അവൻ എന്നെ നടത്തുന്നു.’

4-ാം വാക്യത്തിൽ സങ്കീർത്തനക്കാരൻ പറയുന്നത്‌ ശ്രദ്ധിക്കൂ: ‘കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു ആപത്തും ഭയപ്പെടുകയില്ല; നീ എന്നോടൊപ്പമുണ്ടല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.’ യഹോവയെ ആരാധിക്കുന്ന ആളുകൾക്ക്‌ അങ്ങനെയാണ്‌ തോന്നുന്നത്‌. കഷ്ടങ്ങൾ ഉണ്ടാകുമ്പോഴും യഹോവ അവരെ ആശ്വസിപ്പിക്കും. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്‌?—

സ്‌നേഹമുള്ള ഒരു ഇടയൻ തന്റെ ആടുകളെ പരിപാലിക്കുന്നതുപോലെ യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നു. എങ്ങോട്ടാണ്‌ പോകേണ്ടതെന്ന്‌ അവൻ അവർക്കു കാണിച്ചുകൊടുക്കുന്നു; അവർ അനുസരണയോടെ ആ വഴിയേ പോകും. ചുറ്റുപാടും എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും അവർക്കു പേടിക്കേണ്ടതില്ല. ആടുകളെ കടിച്ചുകീറാൻ വരുന്ന മൃഗങ്ങളെയെല്ലാം ഇടയൻ തന്റെ കൈയിലുള്ള കോലുകൊണ്ട്‌ ആട്ടിപ്പായിക്കുകയാണ്‌ പതിവ്‌. ഇടയബാലനായ ദാവീദ്‌ ഒരു സിംഹത്തിന്റെയും കരടിയുടെയും കൈയിൽനിന്ന്‌ തന്റെ ആടുകളെ രക്ഷിച്ചതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (1 ശമൂവേൽ 17:34-36) യഹോവ അതുപോലെ തങ്ങളെ സംരക്ഷിക്കുമെന്ന്‌ അവന്റെ ജനത്തിന്‌ അറിയാം. ദൈവം കൂടെയുള്ളതുകൊണ്ട്‌ അവർക്ക്‌ പേടിക്കേണ്ടതില്ല.

ഒരു ഇടയൻ ആടുകളെ സംരക്ഷിക്കുന്നതുപോലെ, കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ സഹായിക്കാൻ ആർക്കു സാധിക്കും?

യഹോവയ്‌ക്ക്‌ തന്റെ ആടുകളോട്‌ ഒരുപാട്‌ സ്‌നേഹമുണ്ട്‌. വാത്സല്യത്തോടെ അവൻ അവരെ പരിപാലിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ കൈയിൽ എടുത്ത്‌ നെഞ്ചോടു ചേർത്തുപിടിക്കുകയും ചെയ്യും.’—യെശയ്യാവു 40:11.

യഹോവയെക്കുറിച്ച്‌ ഇതൊക്കെ കേട്ടിട്ട്‌ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ?— യഹോവയുടെ ആടുകളുടെ കൂട്ടത്തിൽപ്പെടാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— ചെമ്മരിയാടുകൾ എപ്പോഴും ഇടയനെ അനുസരിക്കും. ഇടയനെ വിട്ട്‌ അവ എങ്ങും പോകില്ല. നിങ്ങളും അങ്ങനെയാണോ? നിങ്ങൾ യഹോവ പറയുന്നത്‌ അനുസരിക്കാറുണ്ടോ?— നിങ്ങൾ അവനെ വിട്ട്‌ എങ്ങും പോകാതെ അവനോട്‌ ചേർന്നു നിൽക്കുമോ?— എങ്കിൽപ്പിന്നെ പേടിക്കാനില്ല. യഹോവ നിങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരിക്കും.

തന്നെ ആരാധിക്കുന്നവരെ യഹോവ സ്‌നേഹത്തോടെ പരിപാലിക്കും. ഇതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ നമുക്ക്‌ വായിക്കാം: സങ്കീർത്തനം 37:25; 55:22; ലൂക്കോസ്‌ 12:29-31.