വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 33

യേശുവിന്‌ നമ്മളെ സംരക്ഷിക്കാൻ കഴിയും!

യേശുവിന്‌ നമ്മളെ സംരക്ഷിക്കാൻ കഴിയും!

യേശുവിനെ നിങ്ങൾ ആരായിട്ടാണ്‌ കാണുന്നത്‌—ശക്തനായ രാജാവായിട്ടാണോ അതോ ഒരു ശിശുവായിട്ടാണോ?

കുഞ്ഞുന്നാളിൽ ദൈവം തന്നെ സംരക്ഷിച്ചത്‌ എങ്ങനെയെന്ന്‌ വളർന്നുവന്നപ്പോൾ യേശു മനസ്സിലാക്കി. അത്‌ അറിഞ്ഞപ്പോൾ അവൻ ദൈവത്തിന്‌ നന്ദി പറഞ്ഞുകാണും, അല്ലേ?— തന്റെ ജീവൻ രക്ഷിക്കാൻ മറിയയും യോസേഫും ഈജിപ്‌റ്റിലേക്ക്‌ പോയ വിവരം അറിഞ്ഞപ്പോൾ അവൻ അവരോട്‌ എന്തു പറഞ്ഞുകാണും?—

യേശു ഇന്നൊരു ശിശുവല്ല. ഒരിക്കൽ ഭൂമിയിൽ ജീവിച്ചിരുന്നെങ്കിലും ഇന്നവൻ ഭൂമിയിലില്ല. പക്ഷേ ചിലയാളുകൾ ഇന്നും അവനെ പുൽക്കൂട്ടിൽ കിടക്കുന്ന വെറുമൊരു ശിശുവായിട്ടാണ്‌ കരുതുന്നത്‌. അതിനെപ്പറ്റി നിങ്ങൾക്ക്‌ അറിയാമോ?— അതുകൊണ്ടാണ്‌ ക്രിസ്‌തുമസ്സ്‌ക്കാലത്ത്‌ പല സ്ഥലങ്ങളിലും ആളുകൾ ഉണ്ണിയേശുവിന്റെ ചിത്രങ്ങൾ വെക്കുന്നത്‌.

യേശു ഇപ്പോൾ ഭൂമിയിൽ ഇല്ലെങ്കിലും അവൻ ജീവനോടെയിരിക്കുന്നു എന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?— മരിച്ചുപോയ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഇന്നവൻ സ്വർഗത്തിൽ രാജാവാണ്‌, ശക്തനായ ഒരു രാജാവ്‌. തന്നെ അനുസരിക്കുന്നവരെ സംരക്ഷിക്കാൻ ഇന്ന്‌ അവന്‌ എന്തു ചെയ്യാൻ കഴിയും, പറയാമോ?— തന്നെ സ്‌നേഹിക്കുന്നവരെ രക്ഷിക്കാൻ തനിക്കു കഴിയുമെന്ന്‌ ഭൂമിയിലായിരുന്നപ്പോൾ യേശു കാണിച്ചുതന്നു. ഒരിക്കൽ ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു അവൻ. അപ്പോൾ എന്തു സംഭവിച്ചെന്നോ?

സമയം സന്ധ്യയായി. പകൽ മുഴുവൻ യേശു ഗലീലക്കടൽക്കരയിൽ പഠിപ്പിക്കുകയായിരുന്നു. ഏകദേശം 20 കിലോമീറ്റർ നീളവും 12 കിലോമീറ്റർ വീതിയുമുള്ള ഒരു വലിയ തടാകമാണ്‌ ഗലീലക്കടൽ. “നമുക്കു തടാകത്തിന്റെ മറുകരയ്‌ക്കു പോകാം” എന്ന്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു. അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി അക്കരയ്‌ക്ക്‌ തുഴഞ്ഞു. യേശുവിന്‌ നല്ല ക്ഷീണമുണ്ടായിരുന്നു. അവൻ വള്ളത്തിന്റെ പുറകിൽ ഒരു തലയിണയിൽ തലവെച്ച്‌ കിടന്നു. ക്ഷീണംകൊണ്ട്‌ പെട്ടെന്നുതന്നെ അവൻ ഉറങ്ങിപ്പോയി.

കാറ്റിനോടും തിരമാലകളോടും യേശു എന്താണ്‌ പറയുന്നത്‌?

ശിഷ്യന്മാർ ഉറങ്ങാതെ വള്ളം തുഴഞ്ഞു. തടാകം ശാന്തമായിരുന്നു. പക്ഷേ പെട്ടെന്ന്‌ ശക്തമായ ഒരു കൊടുങ്കാറ്റ്‌ വീശാൻ തുടങ്ങി. അതിന്റെ ശക്തി കൂടിക്കൂടി വന്നു. കൂറ്റൻ തിരമാലകൾ വള്ളത്തിന്മേൽ ആഞ്ഞടിച്ചു. അതിലേക്കു വെള്ളം അടിച്ചുകയറാൻ തുടങ്ങി.

വള്ളം മുങ്ങിപ്പോകുമോ എന്ന്‌ ശിഷ്യന്മാർ പേടിച്ചു. പക്ഷേ യേശു ഇതൊന്നും അറിഞ്ഞിട്ടില്ല. അവൻ നല്ല ഉറക്കത്തിലാണ്‌. ശിഷ്യന്മാർ അവനെ വിളിച്ചുണർത്തി: ‘ഗുരോ, ഗുരോ, ഉടനെ എന്തെങ്കിലും ചെയ്യണം. അല്ലെങ്കിൽ ഈ കൊടുങ്കാറ്റിൽപ്പെട്ട്‌ നമ്മൾ നശിച്ചുപോകും.’ അതുകേട്ട്‌ യേശു ഉണർന്നു. അവൻ കാറ്റിനോടും കടലിനോടും, “അടങ്ങുക! ശാന്തമാകുക!” എന്നു കൽപ്പിച്ചു.

ഉടനെ കാറ്റ്‌ ശമിച്ചു, തടാകം ശാന്തമായി. അത്‌ കണ്ട്‌ ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. മുമ്പൊരിക്കലും ഇതുപോലെ ഒരു അത്ഭുതം അവർ കണ്ടിട്ടില്ല. ‘ഇവൻ ആരാണ്‌? കാറ്റിനോടും വെള്ളത്തോടുംപോലും ഇവൻ കൽപ്പിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു,’ അവർ തമ്മിൽ തമ്മിൽ പറഞ്ഞു.—ലൂക്കോസ്‌ 8:22-25; മർക്കോസ്‌ 4:35-41.

യേശു ആരാണെന്നാണ്‌ നിങ്ങൾ പഠിച്ചിരിക്കുന്നത്‌?— ഇത്ര വലിയ ശക്തി അവന്‌ എവിടെനിന്നാണ്‌ കിട്ടിയത്‌?— യേശു ഒരു സാധാരണ മനുഷ്യനായിരുന്നില്ല. അതുകൊണ്ടുതന്നെ, അവൻ കൂടെയുള്ളപ്പോൾ ശിഷ്യന്മാർക്ക്‌ പേടിക്കേണ്ട കാര്യമില്ലായിരുന്നു. മറ്റൊരു മനുഷ്യനും ചെയ്യാൻ കഴിയാത്ത അത്ഭുതങ്ങൾ അവന്‌ ചെയ്യാൻ കഴിയുമായിരുന്നു. മറ്റൊരിക്കൽ ഇതുപോലെ കടലിൽ ഒരു കൊടുങ്കാറ്റുണ്ടായി. അപ്പോൾ യേശു എന്തു ചെയ്‌തെന്നോ? നമുക്കു നോക്കാം.

ഒരു വൈകുന്നേരമാണ്‌ സംഭവം നടക്കുന്നത്‌. വള്ളത്തിൽ കയറി തനിക്കു മുമ്പായി കടലിന്‌ അക്കരയ്‌ക്ക്‌ പോകാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. അതു പറഞ്ഞിട്ട്‌ അവൻ തനിച്ച്‌ ഒരു മലയിലേക്ക്‌ കയറിപ്പോയി. ശാന്തമായ ഒരു സ്ഥലമായിരുന്നു അത്‌; പിതാവായ യഹോവയാം ദൈവത്തോട്‌ പ്രാർഥിക്കാൻ പറ്റിയ സ്ഥലം.

ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്‌ക്ക്‌ യാത്രയായി. പെട്ടെന്നാണ്‌ കാറ്റ്‌ വീശാൻ തുടങ്ങിയത്‌. അത്‌ കൂടുതൽ കൂടുതൽ ശക്തമാകുകയാണ്‌. രാത്രിയായി. ശിഷ്യന്മാർ വള്ളത്തിന്റെ പായ്‌ ചുരുട്ടിവെച്ചിട്ട്‌ തുഴകൊണ്ട്‌ തുഴയാൻ തുടങ്ങി. എതിർദിശയിൽ കാറ്റ്‌ ശക്തമായി വീശുന്നതുകൊണ്ട്‌ വള്ളം മുന്നോട്ടു നീങ്ങുന്നില്ല. കൂറ്റൻ തിരമാലകളിൽപ്പെട്ട്‌ വള്ളം ആടിയുലഞ്ഞു. വെള്ളം അതിലേക്ക്‌ അടിച്ചുകയറുകയാണ്‌. വള്ളം കരയ്‌ക്കെത്തിക്കാൻ അവർ ഒരുപാട്‌ ശ്രമിച്ചു. ഒരു രക്ഷയുമില്ല.

യേശു അപ്പോഴും മലമുകളിൽ ആയിരുന്നു. കുറെ നേരം അവൻ അവിടെയിരുന്ന്‌ പ്രാർഥിച്ചു. അപ്പോഴാണ്‌, കടലിൽ കൂറ്റൻ തിരമാലകൾ ഉയരുന്നത്‌ അവൻ കണ്ടത്‌. ശിഷ്യന്മാർ അപകടത്തിലാണെന്ന്‌ അവന്‌ മനസ്സിലായി. പെട്ടെന്ന്‌ അവൻ മലയിറങ്ങി കടൽക്കരയിലെത്തി. ശിഷ്യന്മാരെ രക്ഷിക്കാനായി അവൻ അവരുടെ അടുത്തേക്ക്‌ നടന്നു; തീരത്തുകൂടെയല്ല, ഇളകി മറിയുന്ന കടലിനു മുകളിലൂടെ!

നിങ്ങളാണ്‌ വെള്ളത്തിനു മുകളിലൂടെ നടക്കാൻ ശ്രമിച്ചിരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?— മുങ്ങിപ്പോകുമായിരുന്നു. മരിച്ചുപോകാൻ അതു മതി. പക്ഷേ യേശു നമ്മളെപ്പോലെയല്ല; അവന്‌ അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവുണ്ട്‌. വള്ളത്തിന്‌ അടുത്തെത്താൻ യേശുവിന്‌ കുറെ ദൂരം നടക്കണമായിരുന്നു. അതുകൊണ്ട്‌ നേരംവെളുക്കാറായപ്പോഴാണ്‌ യേശു ശിഷ്യന്മാരുടെ അടുത്തെത്തുന്നത്‌. അവർ നോക്കുമ്പോൾ ആരോ വെള്ളത്തിനു മുകളിലൂടെ നടന്നുവരുന്നു! അവർക്ക്‌ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ പേടിച്ചുവിറച്ച്‌ നിലവിളിക്കാൻ തുടങ്ങി. അപ്പോൾ യേശു, ‘ധൈര്യമായിരിക്കൂ, ഇതു ഞാനാണ്‌; ഭയപ്പെടേണ്ട’ എന്നു പറഞ്ഞ്‌ അവരെ ആശ്വസിപ്പിച്ചു.

യേശു എന്തിനാണ്‌ അത്ഭുതങ്ങൾ ചെയ്‌തത്‌?

യേശു വള്ളത്തിൽ കയറിയ ഉടനെ കൊടുങ്കാറ്റ്‌ ശമിച്ചു. ശിഷ്യന്മാർക്ക്‌ വീണ്ടും അത്ഭുതമായി. “നീ സത്യമായും ദൈവപുത്രനാകുന്നു” എന്നു പറഞ്ഞ്‌ അവർ അവനെ നമസ്‌കരിച്ചു.—മത്തായി 14:22-33; യോഹന്നാൻ 6:16-21.

യേശു ഈ ചെയ്‌തതൊക്കെ കാണാൻ അന്ന്‌ നമ്മളുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു, അല്ലേ?— യേശു എന്തിനാണ്‌ ഈ അത്ഭുതങ്ങൾ ചെയ്‌തതെന്ന്‌ അറിയാമോ?— യേശുവിന്‌ ശിഷ്യന്മാരെ വലിയ ഇഷ്ടമായിരുന്നു; അവരെ രക്ഷിക്കാൻ അവൻ ആഗ്രഹിച്ചു. അതുകൊണ്ടാണ്‌ അവൻ ഇതെല്ലാം ചെയ്‌തത്‌. കൂടാതെ, തനിക്ക്‌ വലിയ ശക്തിയുണ്ടെന്നും ഭാവിയിൽ ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കുമ്പോൾ താൻ ആ ശക്തി ഉപയോഗിക്കുമെന്നും അവൻ അതിലൂടെ കാണിച്ചു.

യേശു തന്റെ അനുയായികളെ ഇന്ന്‌ എങ്ങനെയാണ്‌ സംരക്ഷിക്കുന്നത്‌?

ഇന്നും തന്റെ അനുയായികളെ സംരക്ഷിക്കാൻ യേശു പലപ്പോഴും ശക്തി ഉപയോഗിക്കാറുണ്ട്‌. എങ്ങനെ? അവർ ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോട്‌ പറയുന്നത്‌ നിറുത്താനാണല്ലോ സാത്താൻ ശ്രമിക്കുന്നത്‌. പക്ഷേ അത്തരം സാഹചര്യങ്ങളിൽ യേശു തന്റെ അനുയായികളെ സഹായിക്കാറുണ്ട്‌. എന്നുവെച്ച്‌, അവർക്ക്‌ രോഗം വരാതിരിക്കാനോ രോഗം വന്നാൽ സുഖപ്പെടുത്താനോ ഇന്ന്‌ യേശു ശക്തി ഉപയോഗിക്കുന്നില്ല. യേശുവിന്റെ അപ്പൊസ്‌തലന്മാർപോലും മരിച്ചുപോയി. യോഹന്നാന്റെ ചേട്ടനായ യാക്കോബിനെ ശത്രുക്കൾ കൊന്നുകളഞ്ഞു. യോഹന്നാനെ അവർ തടവിലാക്കി.—പ്രവൃത്തികൾ 12:2; വെളിപാട്‌ 1:9.

ഇന്നു നമ്മുടെ കാര്യവും അങ്ങനെതന്നെയാണ്‌. യഹോവയെ സേവിക്കുന്നവർക്കും അല്ലാത്തവർക്കും രോഗം വരുന്നുണ്ട്‌, മരിക്കുന്നുണ്ട്‌. പക്ഷേ, പെട്ടെന്നുതന്നെ ഈ അവസ്ഥ മാറും. യേശു ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കുമ്പോൾ പിന്നെ ആർക്കും ഒന്നിനെയും പേടിക്കേണ്ടിവരില്ല. കാരണം അന്ന്‌, തന്നെ അനുസരിക്കുന്നവർക്കുവേണ്ടി യേശു തന്റെ ശക്തി ഉപയോഗിക്കും.—യെശയ്യാവു 9:6, 7.

ദൈവരാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്ന യേശുവിന്‌ വലിയ അധികാരവും ശക്തിയും ഉണ്ടെന്നു കാണിക്കുന്ന തിരുവെഴുത്തുകളാണ്‌ ദാനീയേൽ 7:13, 14; മത്തായി 28:18; എഫെസ്യർ 1:20-22 എന്നിവ.