വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 38

നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബോട്ടിലാണ്‌ നിങ്ങളെന്നു വിചാരിക്കുക. ആരെങ്കിലും നിങ്ങളെ രക്ഷപ്പെടുത്തണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കും, ഇല്ലേ?— പക്ഷേ നിങ്ങളെ രക്ഷിക്കാൻവേണ്ടി ഒരാൾ സ്വന്തം ജീവൻ പണയപ്പെടുത്താൻ തയ്യാറായാലോ?— അതെ, അതാണ്‌ യേശുക്രിസ്‌തു ചെയ്‌തത്‌. 37-ാം അധ്യായത്തിൽ നമ്മൾ പഠിച്ചതുപോലെ, നമ്മളെ രക്ഷിക്കുന്നതിനുവേണ്ടി യേശു സ്വന്തം ജീവൻ മറുവിലയായി നൽകി.

യേശു നമ്മളെ എന്തിൽനിന്നാണ്‌ രക്ഷപ്പെടുത്തുന്നതെന്ന്‌ ഓർക്കുന്നുണ്ടോ? ആദാമിൽനിന്ന്‌ നമുക്കു പകർന്നുകിട്ടിയ പാപത്തിൽനിന്നും മരണത്തിൽനിന്നും. ചിലയാളുകൾ വളരെ മോശമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും അവർക്കുംകൂടി വേണ്ടിയാണ്‌ യേശു മരിച്ചത്‌. ആകട്ടെ, അങ്ങനെയുള്ള മനുഷ്യരെ രക്ഷിക്കാൻ നിങ്ങൾ നിങ്ങളുടെ ജീവൻ പണയപ്പെടുത്തുമോ?—

ബൈബിൾ പറയുന്നു: “നീതിനിഷ്‌ഠനായ ഒരുവനുവേണ്ടി ആരെങ്കിലും മരിക്കുന്നത്‌ അപൂർവം; നന്മപ്രിയനായ ഒരുവനുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തുനിഞ്ഞേക്കാം.” എന്നാൽ യേശുവോ? അവൻ “അഭക്തരായ മനുഷ്യർക്കുവേണ്ടി മരിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. ഈ അഭക്തരായ മനുഷ്യരിൽ, ദൈവത്തെ ആരാധിക്കാത്ത ആളുകളുമുണ്ട്‌! ബൈബിൾ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ക്രിസ്‌തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ (ഇപ്പോഴും തെറ്റുകൾ ചെയ്‌തുകൊണ്ടിരിക്കുന്നവർ ആയിരുന്നിട്ടും) നമുക്കുവേണ്ടി മരിച്ചു.”—റോമർ 5:6-8.

ഒരുകാലത്ത്‌ വളരെ മോശമായ കാര്യങ്ങൾ ചെയ്‌തിരുന്ന, എന്നാൽ പിന്നീട്‌ അപ്പൊസ്‌തലനായിത്തീർന്ന ഒരാളെ ഓർക്കുന്നുണ്ടോ?— ആ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ക്രിസ്‌തുയേശു പാപികളെ രക്ഷിക്കാൻ ലോകത്തിലേക്കു വന്നു. . . . ഈ പാപികളിൽ ഞാൻ ഒന്നാമൻ.” പൗലോസാണ്‌ ആ അപ്പൊസ്‌തലൻ. താൻ ‘ഒരുകാലത്ത്‌ ബുദ്ധിഹീനൻ’ ആയിരുന്നെന്നും അതുകൊണ്ട്‌ ‘മോശമായ കാര്യങ്ങൾ’ ചെയ്‌താണ്‌ ജീവിച്ചതെന്നും അവൻ പറഞ്ഞു.—1 തിമൊഥെയൊസ്‌ 1:15; തീത്തൊസ്‌ 3:3.

അതുപോലുള്ള ആളുകൾക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ ഭൂമിയിലേക്ക്‌ അയച്ച ദൈവത്തിന്‌ ആളുകളോട്‌ എത്രമാത്രം സ്‌നേഹമുണ്ടായിരിക്കണം! നമുക്ക്‌ ഇപ്പോൾ ബൈബിൾ തുറന്ന്‌ യോഹന്നാൻ 3-ാം അധ്യായത്തിന്റെ 16-ാം വാക്യം വായിക്കാം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ (എന്നുവെച്ചാൽ, ഭൂമിയിലുള്ള ആളുകളെ) അത്രമേൽ സ്‌നേഹിച്ചു.”

നമുക്കുവേണ്ടി ജീവൻ കൊടുത്തപ്പോൾ യേശു എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചു?

പിതാവിന്‌ നമ്മളോടുള്ള അതേ സ്‌നേഹം തനിക്കുമുണ്ടെന്ന്‌ യേശു കാണിച്ചുതന്നു. അറസ്റ്റു ചെയ്യപ്പെട്ട രാത്രിയിൽ യേശു അനുഭവിച്ച ചില കഷ്ടങ്ങളെക്കുറിച്ച്‌ 30-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. അത്‌ ഓർക്കുന്നില്ലേ? യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ അവനെ വിചാരണ ചെയ്‌തു. യേശുവിനെക്കുറിച്ച്‌ നുണകൾ പറയാൻ കള്ളസാക്ഷികളെ കൊണ്ടുവന്നു. ആളുകൾ കൈചുരുട്ടി അവനെ ഇടിച്ചു. യേശുവിനെ അറിയില്ലെന്ന്‌ പത്രോസ്‌ പറഞ്ഞത്‌ അപ്പോഴാണ്‌. നമ്മൾ ആ സ്ഥലത്തുണ്ടെന്ന്‌ സങ്കൽപ്പിക്കുക. അവിടെ നടക്കുന്നത്‌ നിങ്ങൾ കാണുന്നുണ്ടോ?

നേരം പുലർന്നു. രാത്രി മുഴുവൻ യേശു ഉറങ്ങിയിട്ടില്ല. രാത്രിയിൽ നടത്തുന്ന വിചാരണയെ നിയമം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട്‌ പെട്ടെന്നുതന്നെ പുരോഹിതന്മാർ യഹൂദ ഹൈക്കോടതിയായ സൻഹെദ്രിം വിളിച്ചുകൂട്ടുന്നു. യേശുവിനെ വീണ്ടും വിചാരണ ചെയ്യുന്നു. അങ്ങനെ ഒരിക്കൽക്കൂടെ അവർ യേശുവിനെതിരെ കുറ്റമാരോപിക്കുന്നു; ദൈവത്തെ ധിക്കരിച്ചെന്ന കുറ്റം.

അതിനുശേഷം പുരോഹിതന്മാർ യേശുവിനെ പിടിച്ചുകെട്ടി, റോമൻ ഗവർണറായ പീലാത്തൊസിന്റെ അടുക്കലേക്ക്‌ കൊണ്ടുപോകുന്നു. എന്നിട്ട്‌ അവർ പീലാത്തൊസിനോട്‌: ‘ഇവൻ ഗവണ്മെന്റിന്റെ ശത്രുവാണ്‌. ഇവനെ കൊന്നുകളയണം.’ പക്ഷേ, പുരോഹിതന്മാർ കള്ളം പറയുകയാണെന്ന്‌ പീലാത്തൊസിനു മനസ്സിലായി. അതുകൊണ്ട്‌ പീലാത്തൊസ്‌ അവരോട്‌: ‘ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. അതുകൊണ്ട്‌ ഞാൻ ഇവനെ വിട്ടയയ്‌ക്കും.’ എന്നാൽ പുരോഹിതന്മാരും മറ്റുള്ളവരും ഇങ്ങനെ ആക്രോശിക്കുന്നു: ‘പാടില്ല! ഇവനെ കൊല്ലണം!’

താൻ യേശുവിനെ വിട്ടയയ്‌ക്കാൻ പോകുകയാണെന്ന്‌ പീലാത്തൊസ്‌ വീണ്ടും ജനങ്ങളോടു പറയുന്നു. പക്ഷേ പുരോഹിതന്മാർ ആളുകളെക്കൊണ്ട്‌ ഇങ്ങനെ പറയിക്കുന്നു: ‘അവനെ വിട്ടയച്ചാൽ നീയും ഗവണ്മെന്റിന്‌ എതിരാണ്‌! അവനെ കൊന്നുകളയുക!’ ജനക്കൂട്ടം ബഹളംവെക്കാൻ തുടങ്ങുന്നു. അപ്പോൾ പീലാത്തൊസ്‌ എന്തു ചെയ്‌തെന്ന്‌ അറിയാമോ?—

പീലാത്തൊസ്‌ അവരുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുന്നു. ആദ്യം അവൻ യേശുവിനെ ചാട്ടകൊണ്ട്‌ അടിപ്പിക്കുന്നു. അതിനുശേഷം, കൊല്ലുന്നതിനുവേണ്ടി അവനെ പട്ടാളക്കാരുടെ കൈയിൽ ഏൽപ്പിക്കുന്നു. അവർ ഒരു മുൾക്കിരീടം യേശുവിന്റെ തലയിൽ വെച്ചുകൊടുത്തിട്ട്‌ അവനെ നമസ്‌കരിച്ചുകൊണ്ട്‌ അവനെ കളിയാക്കുന്നു. എന്നിട്ട്‌ ഒരു വലിയ സ്‌തംഭം, എന്നുവെച്ചാൽ മരത്തടി കൊടുത്തിട്ട്‌ അത്‌ ചുമന്നുകൊണ്ട്‌ പട്ടണത്തിനു പുറത്തുള്ള തലയോടിടം എന്ന സ്ഥലത്തേക്ക്‌ പോകാൻ ആവശ്യപ്പെടുന്നു. അവിടെവെച്ച്‌ അവർ യേശുവിന്റെ കൈയും കാലും സ്‌തംഭത്തിൽ ചേർത്തുവെച്ച്‌ ആണിയടിക്കുന്നു. അതിനുശേഷം അവർ ആ സ്‌തംഭം നേരെ നിറുത്തുന്നു. ഇപ്പോൾ യേശു അതിൽ തൂങ്ങിക്കിടക്കുകയാണ്‌. രക്തം വാർന്നൊലിക്കുന്നുണ്ട്‌. കഠോരമായ വേദന!

ഉടനെതന്നെ യേശു മരിക്കുന്നില്ല. അവൻ സ്‌തംഭത്തിൽ കിടക്കുകയാണ്‌. മുഖ്യപുരോഹിതന്മാർ അവനെ കളിയാക്കുന്നു. “നീ ദൈവപുത്രനാണെങ്കിൽ സ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവാ” എന്നു പറഞ്ഞ്‌ അതുവഴി കടന്നുപോകുന്നവരും അവനെ പരിഹസിക്കുന്നു. പക്ഷേ, എന്തു ചെയ്യാനാണ്‌ പിതാവ്‌ തന്നെ അയച്ചിരിക്കുന്നതെന്ന്‌ യേശുവിന്‌ നന്നായി അറിയാം. അതെ, നമുക്ക്‌ നിത്യജീവൻ കിട്ടണമെങ്കിൽ താൻ തന്റെ ജീവൻ കൊടുക്കണമെന്ന്‌ യേശുവിന്‌ അറിയാം. ഒടുവിൽ വൈകുന്നേരം ഏതാണ്ട്‌ മൂന്നുമണി ആയപ്പോൾ പിതാവിനോട്‌ നിലവിളിച്ചുകൊണ്ട്‌ യേശു ജീവൻ വെടിയുന്നു.—മത്തായി 26:36–27:50; മർക്കോസ്‌ 15:1; ലൂക്കോസ്‌ 22:39–23:46; യോഹന്നാൻ 18:1–19:30.

ആദാം ചെയ്‌തതിന്‌ നേർവിപരീതമാണ്‌ യേശു ചെയ്‌തത്‌! ആദാമിന്‌ ദൈവത്തോട്‌ സ്‌നേഹമുണ്ടായിരുന്നില്ല. അവൻ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചു. ആദാമിന്‌ നമ്മളോടും സ്‌നേഹമില്ലായിരുന്നു. അവൻ പാപം ചെയ്‌തതുകൊണ്ടാണ്‌ നമ്മളെല്ലാം പാപികളായി ജനിച്ചത്‌. പക്ഷേ യേശു ദൈവത്തെയും നമ്മളെയും സ്‌നേഹിച്ചു. അവൻ എപ്പോഴും ദൈവത്തെ അനുസരിച്ചു. മാത്രമല്ല, ആദാം നമുക്കു വരുത്തിവെച്ച കുഴപ്പങ്ങൾ തീർക്കുന്നതിനുവേണ്ടി യേശു സ്വന്തം ജീവൻ കൊടുത്തു.

യേശുവിനോട്‌ സ്‌നേഹമുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

യേശു ചെയ്‌തത്‌ എത്ര വലിയ കാര്യമാണ്‌, അല്ലേ? നിങ്ങൾക്ക്‌ യേശുവിനോട്‌ നന്ദി തോന്നുന്നില്ലേ?— പ്രാർഥിക്കുമ്പോൾ, യേശുവിനെ തന്നതിന്‌ നിങ്ങൾ ദൈവത്തിന്‌ നന്ദി പറയാറുണ്ടോ?— ക്രിസ്‌തു തനിക്കുവേണ്ടി ചെയ്‌തതിനെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലന്‌ വലിയ നന്ദിയുണ്ടായിരുന്നു. ദൈവപുത്രൻ ‘എന്നെ സ്‌നേഹിച്ചു, എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു’ എന്ന്‌ പൗലോസ്‌ എഴുതി. (ഗലാത്യർ 2:20) യേശു മരിച്ചത്‌ നമുക്കുംകൂടി വേണ്ടിയാണ്‌, നമുക്ക്‌ ഓരോരുത്തർക്കുംവേണ്ടി. നമുക്ക്‌ നിത്യജീവൻ കിട്ടാൻവേണ്ടിയാണ്‌ യേശു തന്റെ പൂർണ ജീവൻ ബലികഴിച്ചത്‌! യേശുവിനെ സ്‌നേഹിക്കാനുള്ള ഏറ്റവും വലിയ കാരണം അതാണ്‌.

കൊരിന്ത്യ നഗരത്തിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.” ക്രിസ്‌തുവിന്റെ സ്‌നേഹം നമ്മളെ എന്തു ചെയ്യാൻ നിർബന്ധിക്കണം? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?— പൗലോസിന്റെ ഉത്തരം ശ്രദ്ധിക്കുക: ‘എല്ലാവരും ക്രിസ്‌തുവിനുവേണ്ടി ജീവിക്കേണ്ടതിന്‌ ക്രിസ്‌തു എല്ലാവർക്കുംവേണ്ടി മരിച്ചു. അതുകൊണ്ട്‌ അവർ സ്വന്തം ഇഷ്ടം അനുസരിച്ച്‌ ജീവിക്കരുത്‌.’2 കൊരിന്ത്യർ 5:14, 15.

ക്രിസ്‌തുവിനെ സന്തോഷിപ്പിക്കാനാണ്‌ ജീവിക്കുന്നതെന്ന്‌ കാണിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?— അവനെക്കുറിച്ച്‌ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോട്‌ പറയുന്നതാണ്‌ ഒരു വിധം. ഇനി വേറൊരു കാര്യം ശ്രദ്ധിക്കുക: നിങ്ങൾ വീട്ടിൽ തനിച്ചാണ്‌. നിങ്ങൾ എന്താണ്‌ ചെയ്യുന്നതെന്ന്‌ അച്ഛനോ അമ്മയ്‌ക്കോ മറ്റേതെങ്കിലും മനുഷ്യർക്കോ കാണാൻ പറ്റില്ല. പക്ഷേ യേശുവിന്‌ ഇഷ്ടമില്ലെന്ന്‌ അറിയാവുന്ന ടിവി പരിപാടികളോ ഇന്റർനെറ്റ്‌ സൈറ്റുകളോ നിങ്ങൾ കണ്ടുകൊണ്ടിരിക്കുമോ?— ഒന്നോർക്കണം: യേശു ഇന്ന്‌ ജീവിച്ചിരിപ്പുണ്ട്‌; നമ്മൾ ചെയ്യുന്നതെല്ലാം അവനു കാണാം.

നമ്മൾ ചെയ്യുന്നതെല്ലാം ആർ കാണുന്നുണ്ട്‌?

നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടതിന്‌ മറ്റൊരു കാരണമുണ്ട്‌: കാരണം യഹോവ അങ്ങനെ ചെയ്യുന്നു. “പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു” എന്ന്‌ യേശു ഒരിക്കൽ പറയുകയുണ്ടായി. ദൈവം എന്തുകൊണ്ടാണ്‌ യേശുവിനെ സ്‌നേഹിക്കുന്നത്‌? നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?— ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കാൻവേണ്ടി മരിക്കാൻ യേശു തയ്യാറായി. (യോഹന്നാൻ 10:17) അതുകൊണ്ട്‌ ബൈബിൾ പറയുന്നതുപോലെ നമുക്കു ചെയ്യാം: “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ. ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ; അവൻ നിങ്ങൾക്കുവേണ്ടി . . . തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തുവല്ലോ.”—എഫെസ്യർ 5:1, 2.

യേശുവിനോടും അവൻ നമുക്കുവേണ്ടി ചെയ്‌തതിനോടും ഉള്ള നന്ദി വർധിപ്പിക്കാൻ യോഹന്നാൻ 3:35; 15:9, 10; 1 യോഹന്നാൻ 5:11, 12 എന്നീ തിരുവെഴുത്തുകൾ വായിക്കുക.