വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 41

ദൈവത്തെ സന്തോഷിപ്പിക്കുന്ന കുട്ടികൾ

ദൈവത്തെ സന്തോഷിപ്പിക്കുന്ന കുട്ടികൾ

ഭൂമിയിൽ യഹോവയെ ഏറ്റവും അധികം സന്തോഷിപ്പിച്ചിട്ടുള്ള കുട്ടി ആരാണെന്ന്‌ അറിയാമോ?— അവന്റെ പുത്രനായ യേശു. തന്റെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കാൻ യേശു എന്തെല്ലാം ചെയ്‌തെന്ന്‌ നമുക്ക്‌ നോക്കാം.

യേശുവും കുടുംബവും എല്ലാ വർഷവും പെസഹാ ആഘോഷിക്കാൻ യെരുശലേമിൽ പോകുമായിരുന്നു. യെരുശലേമിലായിരുന്നു യഹോവയുടെ ആലയം. ‘എന്റെ പിതാവിന്റെ ഭവനം’ എന്നാണ്‌ യേശു മനോഹരമായ ആ ആലയത്തെ വിളിച്ചിരുന്നത്‌. അവിടെനിന്ന്‌ യേശുവിന്റെ വീട്ടിലേക്ക്‌ മൂന്നു ദിവസത്തെ ദൂരമുണ്ടായിരുന്നു.

ഒരിക്കൽ, യേശുവിന്റെ കുടുംബം പെസഹാ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. അന്ന്‌ യേശുവിന്‌ 12 വയസ്സ്‌. ഒരു സ്ഥലത്തെത്തിയപ്പോൾ, രാത്രി കഴിച്ചുകൂട്ടുന്നതിനായി അവർ യാത്ര നിറുത്തി. അപ്പോഴാണ്‌ മറിയയും യോസേഫും ഒരു കാര്യം മനസ്സിലാക്കിയത്‌. ബന്ധുക്കളുടെയോ പരിചയക്കാരുടെയോ കൂട്ടത്തിൽ യേശു ഇല്ല. അതെ, യേശുവിനെ കാണാനില്ല! ഉടനെതന്നെ മറിയയും യോസേഫും യേശുവിനെ അന്വേഷിച്ച്‌ യെരുശലേമിലേക്കു മടങ്ങുന്നു. യേശു എവിടെയായിരിക്കും? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?—

അവർ ഒടുവിൽ യേശുവിനെ കണ്ടെത്തി. അവൻ ആലയത്തിൽ ഉണ്ടായിരുന്നു. അവിടെ ഉപദേഷ്ടാക്കൾ പറയുന്നത്‌ കേൾക്കുകയും അവരോട്‌ ചോദ്യങ്ങൾ ചോദിക്കുകയുമായിരുന്നു അവൻ. അവരും അവനോട്‌ ചോദ്യങ്ങൾ ചോദിച്ചു. അവയ്‌ക്കെല്ലാം അവന്‌ ഉത്തരമുണ്ടായിരുന്നു. അവന്റെ ഉത്തരങ്ങൾ കേട്ട്‌ അവർ അതിശയിച്ചു. യേശു ദൈവത്തെ സന്തോഷിപ്പിച്ചത്‌ എങ്ങനെയാണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു മനസ്സിലായോ?—

യേശുവിനെ കണ്ടെത്തിയപ്പോഴാണ്‌ മറിയയ്‌ക്കും യോസേഫിനും ആശ്വാസമായത്‌. പക്ഷേ ആലയത്തിലായിരുന്നപ്പോൾ യേശുവിന്‌ പേടിയൊന്നും തോന്നിയില്ല. അത്‌ ഒരു നല്ല സ്ഥലമാണെന്നും അവിടെ തനിക്ക്‌ ഒരു കുഴപ്പവും പറ്റില്ലെന്നും അവന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ തന്റെ മാതാപിതാക്കളോട്‌ ഇങ്ങനെ ചോദിക്കുന്നു: “ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാണെന്നു നിങ്ങൾക്ക്‌ അറിയില്ലയോ?” ആ ആലയം ദൈവത്തിന്റെ ഭവനമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവിടെയായിരിക്കുന്നത്‌ യേശുവിന്‌ വലിയ ഇഷ്ടമായിരുന്നു.

മറിയയും യോസേഫും യേശുവിനെയുംകൂട്ടി നസറെത്തിലെ വീട്ടിലേക്ക്‌ മടങ്ങി. പിന്നീടുള്ള കാലം യേശു എങ്ങനെയാണ്‌ മാതാപിതാക്കളോട്‌ പെരുമാറിയതെന്ന്‌ അറിയാമോ?— യേശു “അവർക്കു കീഴ്‌പെട്ടിരുന്നു” എന്ന്‌ ബൈബിൾ പറയുന്നു. കീഴ്‌പെട്ടിരുന്നു എന്നു പറഞ്ഞാൽ എന്താണെന്ന്‌ മനസ്സിലായോ?— അവൻ അനുസരണയുള്ള കുട്ടിയായി ജീവിച്ചു എന്നാണ്‌ അതിന്റെ അർഥം. അതെ, മാതാപിതാക്കൾ പറഞ്ഞതൊക്കെ യേശു ചെയ്‌തു. കിണറ്റിൽനിന്ന്‌ വെള്ളം കോരിക്കൊണ്ടുവരുന്നതുപോലുള്ള വീട്ടുജോലികൾ ചെയ്യാൻ പറഞ്ഞാൽ അതും അവൻ ചെയ്യുമായിരുന്നു.—ലൂക്കോസ്‌ 2:41-52.

കുട്ടിയായിരുന്നപ്പോൾ യേശു യഹോവയെ സന്തോഷിപ്പിച്ചത്‌ എങ്ങനെ?

ഒന്നോർത്തുനോക്കൂ: പൂർണനായിരുന്നിട്ടും യേശു തന്റെ അപൂർണരായ മാതാപിതാക്കളെ അനുസരിച്ചു! അത്‌ ദൈവത്തെ സന്തോഷിപ്പിച്ചോ?— തീർച്ചയായും. കാരണം, ‘അമ്മയപ്പന്മാരെ അനുസരിക്കുവിൻ’ എന്നാണ്‌ ദൈവത്തിന്റെ വചനം കുട്ടികളോട്‌ പറയുന്നത്‌. (എഫെസ്യർ 6:1) യേശു ചെയ്‌തതുപോലെ, അച്ഛനെയും അമ്മയെയും അനുസരിക്കുന്നെങ്കിൽ നിങ്ങൾക്കും ദൈവത്തെ സന്തോഷിപ്പിക്കാനാകും.

ദൈവത്തെ സന്തോഷിപ്പിക്കാൻ മറ്റൊരു മാർഗമുണ്ട്‌: അവനെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയുക. ‘ഇതൊക്കെ കുട്ടികൾ ചെയ്യേണ്ട കാര്യമല്ല’ എന്ന്‌ ചിലർ പറഞ്ഞേക്കാം. ഒരിക്കൽ കുറെ ആൺകുട്ടികൾ അങ്ങനെ ചെയ്‌തപ്പോൾ ചിലർ അവരെ തടയാൻ ശ്രമിച്ചു. അപ്പോൾ യേശു എന്താണ്‌ പറഞ്ഞതെന്നോ? ‘“ശിശുക്കളുടെ വായിൽനിന്നു ദൈവം പുകഴ്‌ച ഒരുക്കിയിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ വായിച്ചിട്ടില്ലയോ?’ (മത്തായി 21:15, 16) അതുകൊണ്ട്‌ നമുക്ക്‌ എല്ലാവർക്കും, യഹോവ ആരാണെന്നും അവൻ എത്ര നല്ല ദൈവമാണെന്നും മറ്റുള്ളവരോട്‌ പറയാൻ സാധിക്കും, നമുക്ക്‌ അതിന്‌ ആഗ്രഹമുണ്ടായിരിക്കണമെന്നു മാത്രം. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ദൈവത്തിന്‌ സന്തോഷമാകും.

ദൈവത്തെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയണമെങ്കിൽ ആദ്യം നമ്മൾതന്നെ അവനെക്കുറിച്ച്‌ പഠിക്കണം. എവിടെയാണ്‌ നമ്മൾ അത്‌ പഠിക്കുന്നത്‌?— വീട്ടിൽവെച്ച്‌ ബൈബിൾ പഠിക്കുമ്പോൾ നമ്മൾ ദൈവത്തെക്കുറിച്ച്‌ മനസ്സിലാക്കും. പക്ഷേ, ദൈവത്തിന്റെ ജനം ബൈബിൾ പഠിക്കാൻ കൂടിവരുന്ന സ്ഥലത്താണ്‌ നമ്മൾ ദൈവത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കുന്നത്‌. പക്ഷേ, ദൈവത്തിന്റെ ജനം ആരാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാൻ പറ്റും?—

മീറ്റിങ്ങുകൾക്കു കൂടിവരുമ്പോൾ ഈ ആളുകൾ എന്താണ്‌ ചെയ്യാറുള്ളത്‌? ശരിക്കും, ബൈബിളിൽ പറയുന്ന കാര്യങ്ങളാണോ അവർ പഠിപ്പിക്കുന്നത്‌? അവർ ബൈബിൾ വായിക്കുകയും അതേക്കുറിച്ച്‌ ചർച്ചചെയ്യുകയും ചെയ്യുന്നുണ്ടോ? അങ്ങനെയാണ്‌ നമ്മൾ ദൈവം പറയുന്നത്‌ ശ്രദ്ധിക്കുന്നത്‌, ശരിയല്ലേ?— ക്രിസ്‌തീയ മീറ്റിങ്ങുകൾ എന്നു പറയുമ്പോൾ, ദൈവം പറയുന്ന കാര്യങ്ങളായിരിക്കണം അവിടെ കേൾക്കുന്നത്‌, അല്ലേ?— പക്ഷേ, ബൈബിൾ പറയുന്നതുപോലെയൊന്നും ജീവിക്കേണ്ട കാര്യമില്ല എന്നാണ്‌ ആ ആളുകൾ പറയുന്നതെങ്കിലോ? അവർ ദൈവത്തിന്റെ ജനമായിരിക്കുമോ? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?—

ഇനി, ദൈവത്തിന്റെ ജനത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റു ചില കാര്യങ്ങൾ നോക്കാം. ദൈവത്തിന്റെ ജനം ‘അവന്റെ നാമത്തിനായുള്ള ഒരു ജനം’ ആണെന്ന്‌ ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 15:14) ദൈവത്തിന്റെ പേര്‌ യഹോവ എന്നാണല്ലോ? അതുകൊണ്ട്‌, ‘യഹോവയാണോ നിങ്ങളുടെ ദൈവം’ എന്ന്‌ നമുക്ക്‌ ആളുകളോട്‌ ചോദിക്കാം. ‘അല്ല’ എന്ന്‌ അവർ പറയുന്നെങ്കിൽ അവർ ദൈവത്തിന്റെ ജനമല്ല. ദൈവത്തിന്റെ ജനം ദൈവരാജ്യത്തെക്കുറിച്ചും മറ്റുള്ളവരോട്‌ പറയും. ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട്‌, ദൈവത്തോട്‌ സ്‌നേഹമുണ്ടെന്ന്‌ അവർ കാണിക്കും.—1 യോഹന്നാൻ 5:3.

ഇക്കാര്യങ്ങളെല്ലാം ചെയ്യുന്ന ആളുകളെ നിങ്ങൾക്ക്‌ അറിയാമെങ്കിൽ നിങ്ങളും അവരോടൊപ്പം ചേർന്ന്‌ ദൈവത്തെ ആരാധിക്കണം. അത്തരം മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയുകയും വേണം. ദൈവത്തിന്റെ ഭവനത്തിൽ ആയിരുന്നപ്പോൾ യേശുവും അതല്ലേ ചെയ്‌തത്‌? ഇങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കും ദൈവത്തെ സന്തോഷിപ്പിക്കാം, യേശുവിനെപ്പോലെ.

ദൈവത്തെ സന്തോഷിപ്പിച്ച മറ്റു കുട്ടികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. അവരെക്കുറിച്ച്‌ നിങ്ങൾ കേട്ടിട്ടുണ്ടോ?— തിമൊഥെയൊസ്‌ അങ്ങനെയുള്ളൊരു കുട്ടിയായിരുന്നു. അവന്റെ പിതാവ്‌ യഹോവയെ ആരാധിച്ചിരുന്ന ആളല്ലായിരുന്നു. പക്ഷേ അവന്റെ അമ്മ യൂനിക്കയും വലിയമ്മ ലോവീസും യഹോവയുടെ ആരാധകരായിരുന്നു. അവർ പറയുന്നത്‌ തിമൊഥെയൊസ്‌ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. അങ്ങനെയാണ്‌ അവൻ യഹോവയെക്കുറിച്ച്‌ പഠിച്ചത്‌.

പിതാവ്‌ യഹോവയെ ആരാധിച്ചിരുന്നില്ലെങ്കിലും തിമൊഥെയൊസ്‌ എന്തു ചെയ്യാൻ ആഗ്രഹിച്ചു?

പൗലോസ്‌ അപ്പൊസ്‌തലൻ ഒരിക്കൽ തിമൊഥെയൊസിന്റെ നാട്ടിൽ വന്നു. അപ്പോഴേക്കും തിമൊഥെയൊസ്‌ വളർന്ന്‌ വലുതായിരുന്നു. ദൈവത്തിന്റെ വേല ചെയ്യാനുള്ള അവന്റെ ആഗ്രഹം പൗലോസ്‌ ശ്രദ്ധിച്ചു. അതുകൊണ്ട്‌, തന്നോടൊപ്പം പോരാൻ പൗലോസ്‌ അവനെ വിളിക്കുന്നു. പൗലോസിനോടൊപ്പം പോയാൽ അവന്‌ ദൈവത്തിന്റെ വേല കൂടുതൽ ചെയ്യാനാകുമായിരുന്നു. അങ്ങനെ, പൗലോസും തിമൊഥെയൊസും പല സ്ഥലങ്ങളും സന്ദർശിച്ച്‌ ദൈവരാജ്യത്തെയും യേശുവിനെയും കുറിച്ച്‌ ആളുകളെ പഠിപ്പിച്ചു.—പ്രവൃത്തികൾ 16:1-5; 2 തിമൊഥെയൊസ്‌ 1:5; 3:14, 15.

ദൈവത്തെ സന്തോഷിപ്പിച്ച ആൺകുട്ടികളെക്കുറിച്ചു മാത്രമാണോ ബൈബിൾ പറയുന്നത്‌?— അല്ല. അങ്ങനെ ചെയ്‌ത ഒരു ഇസ്രായേല്യ പെൺകുട്ടിയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. സിറിയയും ഇസ്രായേലും ശത്രുക്കളായിരുന്ന കാലം. ഒരിക്കൽ സിറിയക്കാർ ഇസ്രായേല്യരുമായി യുദ്ധംചെയ്‌ത്‌ ജനങ്ങളെ തടവുകാരായി പിടിച്ചുകൊണ്ടുപോയി. അങ്ങനെ കൊണ്ടുപോയവരുടെ കൂട്ടത്തിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നു. നയമാൻ എന്ന സൈന്യാധിപന്റെ വീട്ടിലേക്കാണ്‌ അവളെ കൊണ്ടുപോയത്‌. അവിടെ അവൾ നയമാന്റെ ഭാര്യയുടെ ദാസിയായി.

നയമാൻ ഒരു കുഷ്‌ഠരോഗിയായിരുന്നു. പല വൈദ്യന്മാരെ കണ്ടെങ്കിലും ആർക്കും അയാളുടെ അസുഖം ഭേദമാക്കാൻ കഴിഞ്ഞില്ല. എന്നാൽ ദൈവത്തിന്റെ ഒരു പ്രവാചകന്‌ നയമാന്റെ അസുഖം മാറ്റാൻ കഴിയുമെന്ന്‌ ആ ഇസ്രായേല്യ പെൺകുട്ടിക്ക്‌ ഉറപ്പായിരുന്നു. പക്ഷേ നയമാനും ഭാര്യയും യഹോവയെ ആരാധിച്ചിരുന്നില്ല എന്നോർക്കണം. ഇപ്പോൾ, ആ പെൺകുട്ടി എന്തു ചെയ്യും? തനിക്ക്‌ അറിയാവുന്ന കാര്യം അവൾ അവരോട്‌ പറയുമോ? നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?—

ഈ കുട്ടി യഹോവയെ സന്തോഷിപ്പിച്ചത്‌ എങ്ങനെ?

എന്തായാലും, ആ പെൺകുട്ടി യജമാനത്തിയോട്‌ ഇങ്ങനെ പറഞ്ഞു: ‘യജമാനൻ ഇസ്രായേലിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നാൽ അവൻ യജമാനന്റെ കുഷ്‌ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു.’ അവളുടെ വാക്കുകേട്ട്‌ നയമാൻ യഹോവയുടെ പ്രവാചകനെ കാണാൻപോയി. പ്രവാചകൻ പറഞ്ഞതുപോലെ ചെയ്‌തപ്പോൾ നയമാന്റെ കുഷ്‌ഠം മാറി. അതോടെ നയമാൻ സത്യദൈവത്തെ ആരാധിക്കാൻ തുടങ്ങി.—2 രാജാക്കന്മാർ 5:1-15.

നിങ്ങൾ ആ പെൺകുട്ടിയെപ്പോലെയാണോ? യഹോവയെയും അവന്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെയും കുറിച്ച്‌ മനസ്സിലാക്കുന്നതിന്‌ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— ആരെയാണ്‌ നിങ്ങൾക്ക്‌ സഹായിക്കാനാകുക?— സഹായം ആവശ്യമാണെന്ന്‌ ആദ്യമൊന്നും അവർക്ക്‌ തോന്നാനിടയില്ല. പക്ഷേ യഹോവ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ അവരോട്‌ പറയാനാകും. ചിലപ്പോൾ അവർ ശ്രദ്ധിക്കും. എന്തായാലും, ദൈവത്തിന്‌ സന്തോഷമാകും എന്നു തീർച്ച.

സന്തോഷത്തോടെ യഹോവയെ ആരാധിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തിരുവെഴുത്തുകളാണ്‌ സങ്കീർത്തനം 122:1; 148:12, 13; സഭാപ്രസംഗി 12:1; 1 തിമൊഥെയൊസ്‌ 4:12; എബ്രായർ 10:23-25 എന്നിവ.