വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 44

ദൈവത്തെ സ്‌നേഹിക്കുന്നവരായിരിക്കണം നമ്മുടെ കൂട്ടുകാർ

ദൈവത്തെ സ്‌നേഹിക്കുന്നവരായിരിക്കണം നമ്മുടെ കൂട്ടുകാർ

ചിലരുടെ കൂടെയായിരിക്കാനും അവരോട്‌ സംസാരിക്കാനുമൊക്കെ നമുക്ക്‌ ഇഷ്ടമാണ്‌. അവരെയാണ്‌ നമ്മൾ കൂട്ടുകാർ എന്ന്‌ വിളിക്കുന്നത്‌. പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്‌: കൂട്ടുകാർ എപ്പോഴും നല്ലവരായിരിക്കണം. അങ്ങനെയെങ്കിൽ, കൂട്ടുകാരനാക്കാൻ പറ്റിയ ഏറ്റവും നല്ലയാൾ ആരാണെന്നാണ്‌ നിങ്ങൾ വിചാരിക്കുന്നത്‌?— യഹോവയാം ദൈവം.

ശരിക്കും നമുക്ക്‌ ദൈവത്തിന്റെ കൂട്ടുകാരാകാൻ പറ്റുമോ?— വളരെക്കാലം മുമ്പ്‌ ജീവിച്ചിരുന്ന അബ്രാഹാം എന്നൊരാൾ ‘യഹോവയുടെ കൂട്ടുകാരൻ’ ആയിരുന്നെന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 2:23) അബ്രാഹാം ദൈവത്തിന്റെ കൂട്ടുകാരനായത്‌ എങ്ങനെയാണെന്ന്‌ അറിയാമോ?— അബ്രാഹാം ദൈവത്തെ അനുസരിച്ചു എന്ന്‌ ബൈബിൾ പറയുന്നു. ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴും അവൻ അനുസരിച്ചു. അതുകൊണ്ട്‌, യഹോവയുടെ കൂട്ടുകാരാകാൻ നമ്മൾ അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണം, അബ്രാഹാമിനെയും മഹാനായ അധ്യാപകനെയും പോലെ.—ഉല്‌പത്തി 22:1-14; യോഹന്നാൻ 8:28, 29; എബ്രായർ 11:8, 17-19.

അബ്രാഹാമിനെ ‘യഹോവയുടെ കൂട്ടുകാരൻ’ എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌?

‘ഞാൻ കൽപ്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ കൂട്ടുകാരായിരിക്കും’ എന്ന്‌ യേശു അപ്പൊസ്‌തലന്മാരോടു പറഞ്ഞു. (യോഹന്നാൻ 15:14) യഹോവ പറഞ്ഞ കാര്യങ്ങളാണല്ലോ യേശു പറഞ്ഞത്‌. അതുകൊണ്ട്‌, ദൈവം പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നവരാണ്‌ തന്റെ കൂട്ടുകാർ എന്നാണ്‌ യേശു പറഞ്ഞതിന്റെ അർഥം. അതെ, യേശുവിന്റെ കൂട്ടുകാരെല്ലാം യഹോവയെ സ്‌നേഹിക്കുന്നവരായിരുന്നു.

അപ്പൊസ്‌തലന്മാർ യേശുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു. 75-ാം പേജിൽ അവരുടെ ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്‌. യേശുവിനോടൊപ്പം അവർ യാത്രചെയ്‌തു, പ്രസംഗവേലയിൽ അവനെ സഹായിച്ചു. യേശു കൂടുതൽ സമയവും ചെലവഴിച്ചത്‌ അവരോടൊപ്പമായിരുന്നു. അവർ ഒരുമിച്ച്‌ ആഹാരം കഴിച്ചു, ദൈവത്തെക്കുറിച്ച്‌ സംസാരിച്ചു, മറ്റു കാര്യങ്ങളും ഒരുമിച്ച്‌ ചെയ്‌തു. യേശുവിന്‌ വേറെയും കൂട്ടുകാരുണ്ടായിരുന്നു. അവൻ അവരോടൊപ്പം താമസിക്കുമായിരുന്നു. അത്‌ യേശുവിനും അവർക്കും സന്തോഷമുള്ള കാര്യമായിരുന്നു.

യെരുശലേം നഗരത്തിനു പുറത്തുള്ള ഒരു ചെറിയ പട്ടണമായിരുന്നു ബെഥാന്യ. അവിടെ യേശുവിന്‌ താമസിക്കാൻ ഇഷ്ടമുള്ള ഒരു വീടുണ്ടായിരുന്നു. ഏതു വീടാണെന്ന്‌ ഓർക്കുന്നുണ്ടോ?— മാർത്തയും മറിയയും അവരുടെ സഹോദരൻ ലാസറും താമസിച്ചിരുന്ന വീട്‌. കൂട്ടുകാരൻ എന്നാണ്‌ യേശു ലാസറിനെപ്പറ്റി പറഞ്ഞത്‌. (യോഹന്നാൻ 11:1, 5, 11) ഈ കുടുംബം യഹോവയെ സ്‌നേഹിക്കുകയും അവനെ ആരാധിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌ യേശുവിന്‌ അവരോട്‌ വലിയ സ്‌നേഹമായിരുന്നു, അവരുടെകൂടെ താമസിക്കാനും അവന്‌ ഇഷ്ടമായിരുന്നു.

യെരുശലേമിൽ പോകുമ്പോഴൊക്കെ യേശു ഇവരോടൊപ്പം താമസിച്ചത്‌ എന്തുകൊണ്ട്‌? നിങ്ങൾക്ക്‌ അവരുടെ പേര്‌ അറിയാമോ?

ദൈവത്തെ ആരാധിക്കാത്ത ആളുകളോട്‌ യേശു യാതൊരു ദയയും കാണിച്ചില്ലെന്നാണോ? അല്ല. അവരോടും അവൻ ദയ കാണിച്ചു. അവൻ അവരുടെ വീട്ടിൽ പോകുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്‌തു. അതുകൊണ്ടുതന്നെ, ‘നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’ എന്നാണ്‌ ചിലർ യേശുവിനെ വിളിച്ചിരുന്നത്‌. (മത്തായി 11:19) പക്ഷേ അവർ ജീവിച്ചിരുന്നവിധം ഇഷ്ടമായതുകൊണ്ടല്ല യേശു അവരുടെ വീട്ടിൽ പോയത്‌; യഹോവയെക്കുറിച്ച്‌ അവർക്ക്‌ പറഞ്ഞുകൊടുക്കുന്നതിനു വേണ്ടിയാണ്‌. മോശമായ ജീവിതം ഉപേക്ഷിക്കാനും ദൈവത്തെ ആരാധിക്കാനും അവരെ സഹായിക്കാനാണ്‌ യേശു ശ്രമിച്ചത്‌.

സക്കായി എന്തിനാണ്‌ ഈ മരത്തിൽ കയറിയത്‌?

യെരീഹോ പട്ടണത്തിലാണ്‌ ഈ സംഭവം നടക്കുന്നത്‌. യേശു യെരീഹോയിലൂടെ യെരുശലേമിലേക്കു പോകുകയാണ്‌. ഒരു വലിയ ജനക്കൂട്ടം യേശുവിനോടൊപ്പമുണ്ട്‌. സക്കായി എന്നൊരാളും ആ കൂട്ടത്തിലുണ്ട്‌. യേശുവിനെ ഒന്നു കാണണമെന്ന്‌ അയാൾക്ക്‌ അതിയായ ആഗ്രഹമുണ്ട്‌. പക്ഷേ പൊക്കം തീരെ കുറവായിരുന്ന അയാൾക്ക്‌ ആൾക്കൂട്ടംമൂലം യേശുവിനെ കാണാൻ ബുദ്ധിമുട്ടാണ്‌. യേശുവിനെ കാണാൻ സക്കായി ഒരു വിദ്യ കണ്ടുപിടിച്ചു. അവൻ ഓടിപ്പോയി, യേശു വരുന്ന വഴിയിലുള്ള ഒരു മരത്തിന്റെ മുകളിൽ കയറി. അവിടെ ഇരുന്നാൽ, യേശു വരുന്നത്‌ നന്നായി കാണാം.

മരത്തിനു ചുവട്ടിലെത്തിയപ്പോൾ യേശു മുകളിലേക്ക്‌ നോക്കി സക്കായിയോട്‌, ‘വേഗം ഇറങ്ങിവരൂ. ഞാൻ ഇന്ന്‌ നിന്റെ വീട്ടിലാണ്‌ താമസിക്കുന്നത്‌’ എന്നു പറഞ്ഞു. തെറ്റായ മാർഗത്തിലൂടെ പണമുണ്ടാക്കി ധനികനായ ഒരാളായിരുന്നു സക്കായി. യേശു എന്തിനാണ്‌ അങ്ങനെയുള്ള ഒരാളുടെ വീട്ടിൽ പോയത്‌?—

ദൈവത്തെക്കുറിച്ച്‌ സക്കായിക്കു പറഞ്ഞുകൊടുക്കാനാണ്‌ യേശു അയാളുടെ വീട്ടിൽ പോയത്‌; അല്ലാതെ, അയാൾ ചെയ്‌തിരുന്ന കാര്യങ്ങൾ ഇഷ്ടമായതുകൊണ്ടല്ല. തന്നെ ഒന്നു കാണാൻ അയാൾ എത്ര കഷ്ടപ്പെട്ടെന്ന്‌ യേശു കണ്ടതാണ്‌. അതുകൊണ്ട്‌, താൻ പറയുന്ന കാര്യങ്ങൾ സക്കായി ശ്രദ്ധിക്കാൻ സാധ്യതയുണ്ടെന്ന്‌ യേശുവിന്‌ തോന്നി. എങ്ങനെ ജീവിക്കാനാണ്‌ ദൈവം ആളുകളോട്‌ പറയുന്നതെന്ന്‌ അയാളെ പഠിപ്പിക്കാൻ പറ്റിയ അവസരമായിരുന്നു അത്‌.

യേശു സക്കായിയുടെ വീട്ടിൽ പോയത്‌ എന്തുകൊണ്ട്‌? എന്തു ചെയ്യാമെന്ന്‌ സക്കായി യേശുവിന്‌ വാക്കുകൊടുക്കുന്നു?

പിന്നെ എന്തു സംഭവിച്ചു?— യേശു പഠിപ്പിച്ച കാര്യങ്ങൾ സക്കായിക്ക്‌ ഇഷ്ടമായി. ആളുകളെ പറ്റിച്ചാണല്ലോ താൻ പണമുണ്ടാക്കിയത്‌ എന്നോർത്തപ്പോൾ സക്കായിക്ക്‌ വലിയ സങ്കടം തോന്നി. തനിക്ക്‌ അവകാശപ്പെടാത്ത ആ പണം തിരിച്ചുകൊടുക്കാമെന്ന്‌ സക്കായി യേശുവിന്‌ വാക്കുകൊടുക്കുന്നു. പിന്നീട്‌ അയാൾ യേശുവിന്റെ ശിഷ്യനായി. അതിനുശേഷമാണ്‌ സക്കായി യേശുവിന്റെ കൂട്ടുകാരനായത്‌.—ലൂക്കോസ്‌ 19:1-10.

നമ്മൾ യേശുവിനെപ്പോലെയാണെങ്കിൽ, നമ്മുടെ കൂട്ടുകാരല്ലാത്തവരുടെ വീട്ടിൽ പോകുമോ?— പോകും. പക്ഷേ അവർ ജീവിക്കുന്നവിധം ഇഷ്ടമായതുകൊണ്ടല്ല നമ്മൾ അവിടെ പോകുന്നത്‌. അവരുടെകൂടെ ചേർന്ന്‌ നമ്മൾ തെറ്റായ കാര്യങ്ങൾ ചെയ്യുകയുമില്ല. ദൈവത്തെക്കുറിച്ച്‌ അവരോടു പറയാനാണ്‌ നമ്മൾ അവരുടെ വീട്ടിൽ പോകുന്നത്‌.

പക്ഷേ നമ്മുടെ അടുത്ത കൂട്ടുകാരുടെ കാര്യം അങ്ങനെയല്ല. അവരുടെകൂടെ ഒരുപാട്‌ സമയം ചെലവഴിക്കാൻ നമുക്ക്‌ ഇഷ്ടമാണ്‌. പക്ഷേ, ദൈവത്തിന്‌ അവരെ ഇഷ്ടമാണെങ്കിലേ അവർ നല്ല കൂട്ടുകാരാണെന്നു പറയാൻ പറ്റൂ. ചിലർക്ക്‌ യഹോവ ആരാണെന്നുപോലും അറിയില്ല. അവർക്ക്‌ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ നമുക്ക്‌ പറഞ്ഞുകൊടുക്കാനാകും. പിന്നീട്‌, നമ്മളെപ്പോലെ അവരും യഹോവയെ സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ നമുക്ക്‌ അവരെ കൂട്ടുകാരാക്കാം.

ഒരാൾ നല്ല കൂട്ടുകാരനായിരിക്കുമോയെന്ന്‌ അറിയാൻ മറ്റൊരു വഴിയുണ്ട്‌. അയാൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. അയാൾ മറ്റുള്ളവരോട്‌ ദയയില്ലാതെ പെരുമാറിയിട്ട്‌ അതേപ്പറ്റിപ്പറഞ്ഞ്‌ ചിരിക്കാറുണ്ടോ? അത്‌ തെറ്റാണ്‌, അല്ലേ?— എപ്പോഴും എന്തെങ്കിലും കുഴപ്പത്തിൽ ചെന്നുചാടുന്ന ആളാണോ അയാൾ? അയാളുടെകൂടെ നടന്ന്‌ കുഴപ്പത്തിലാകാൻ നിങ്ങൾക്ക്‌ ഇഷ്ടമുണ്ടോ?— ഇനി, കരുതിക്കൂട്ടി മോശമായ എന്തെങ്കിലും ചെയ്‌തിട്ട്‌ പിടിക്കപ്പെടാത്തതുകൊണ്ട്‌ താൻ മിടുക്കനാണെന്നു കരുതുന്ന ആളാണോ അയാൾ? പിടിക്കപ്പെട്ടില്ലെന്നുവെച്ച്‌ അയാൾ ചെയ്‌തത്‌ ദൈവം കണ്ടില്ലെന്നു വരുമോ?— ഇങ്ങനെയുള്ള ആളുകളെ കൂട്ടുകാരാക്കുന്നത്‌ നല്ലതാണെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ?—

നിങ്ങളുടെ ബൈബിൾ ഒന്നെടുക്കാമോ? കൂട്ടുകെട്ടിന്‌ നമ്മളെ എങ്ങനെ ബാധിക്കാൻ പറ്റുമെന്ന്‌ അതു പറയുന്നുണ്ട്‌. 1 കൊരിന്ത്യർ 15-ാം അധ്യായത്തിന്റെ 33-ാം വാക്യത്തിലാണത്‌. ആ വാക്യം എടുത്തോ?— അത്‌ ഇങ്ങനെ വായിക്കുന്നു: ‘വഴിതെറ്റിക്കപ്പെടരുത്‌. ദുഷിച്ച കൂട്ടുകെട്ട്‌ നല്ല ശീലങ്ങൾ ഇല്ലാതാക്കുന്നു.’ ഇതിന്റെ അർഥം, ചീത്ത ആളുകളുമായി കൂട്ടുകൂടി നടന്നാൽ നമ്മളും ചീത്തയാകും എന്നാണ്‌. എന്നാൽ, നല്ല കൂട്ടുകാരാണ്‌ ഉള്ളതെങ്കിലോ? നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ അവർ സഹായിക്കും.

നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനം യഹോവയ്‌ക്കാണെന്ന കാര്യം ഒരിക്കലും മറന്നുപോകരുത്‌. അവനുമായുള്ള സൗഹൃദം ഇല്ലാതാക്കാൻ നമുക്ക്‌ ഇഷ്ടമില്ല, അല്ലേ?— അതുകൊണ്ട്‌ ദൈവത്തെ സ്‌നേഹിക്കുന്നവരെമാത്രം കൂട്ടുകാരാക്കാൻ നമ്മൾ ശ്രദ്ധിക്കണം.

നല്ല കൂട്ടുകാർ ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ അറിയാൻ സങ്കീർത്തനം 119:115; സദൃശവാക്യങ്ങൾ 13:20; 2 തിമൊഥെയൊസ്‌ 2:22; 1 യോഹന്നാൻ 2:15 എന്നീ തിരുവെഴുത്തുകൾ സഹായിക്കും.