വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 45

ദൈവരാജ്യം എന്താണ്‌? നമുക്ക്‌ അത്‌ ഇഷ്ടമാണെന്ന്‌ എങ്ങനെ കാണിക്കാം?

ദൈവരാജ്യം എന്താണ്‌? നമുക്ക്‌ അത്‌ ഇഷ്ടമാണെന്ന്‌ എങ്ങനെ കാണിക്കാം?

യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥന നിങ്ങൾ ഓർക്കുന്നുണ്ടോ?— ഇല്ലെങ്കിൽ നമുക്കൊരുമിച്ച്‌ മത്തായി 6-ന്റെ 9 മുതൽ 13 വരെയുള്ള ഭാഗം വായിച്ചു നോക്കാം. ‘സ്വർഗസ്ഥനായ പിതാവേ’ എന്ന്‌ അറിയപ്പെടുന്ന ഈ പ്രാർഥനയിൽ, “നിന്റെ രാജ്യം വരേണമേ” എന്നു പറയുന്നുണ്ട്‌. ആകട്ടെ, ദൈവത്തിന്റെ രാജ്യം എന്താണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?—

ഒരു ദേശത്തിന്റെ ഭരണാധികാരിയെ ആണല്ലോ നമ്മൾ രാജാവ്‌ എന്നു പറയുന്നത്‌. അദ്ദേഹത്തിന്റെ ഗവണ്മെന്റിനെയാണ്‌ രാജ്യം എന്നു വിളിക്കുന്നത്‌. ചില രാജ്യങ്ങളിൽ പ്രസിഡന്റാണ്‌ രാഷ്‌ട്രത്തലവൻ. ദൈവത്തിന്റെ ഗവണ്മെന്റിന്റെ ഭരണാധികാരിയെ എന്താണ്‌ വിളിക്കുന്നതെന്ന്‌ അറിയാമോ?— രാജാവ്‌. ദൈവത്തിന്റെ ഗവണ്മെന്റാണ്‌ ദൈവരാജ്യം.

ദൈവരാജ്യത്തിന്റെ രാജാവായി യഹോവയാം ദൈവം ആരെയാണ്‌ തിരഞ്ഞെടുത്തതെന്ന്‌ അറിയാമോ?— പുത്രനായ യേശുക്രിസ്‌തുവിനെ. മനുഷ്യർ തിരഞ്ഞെടുക്കുന്ന ആരെക്കാളും നല്ല ഭരണാധികാരിയാണ്‌ യേശു. അത്‌ എന്തുകൊണ്ടായിരിക്കും?— കാരണം, യേശുവിന്‌ തന്റെ പിതാവായ യഹോവയോട്‌ സ്‌നേഹമുണ്ട്‌. അതുകൊണ്ട്‌ യേശു എപ്പോഴും നല്ല കാര്യങ്ങൾ മാത്രമേ ചെയ്യൂ.

യേശു ബേത്ത്‌ലെഹെമിൽ ജനിക്കുന്നതിന്‌ വളരെക്കാലം മുമ്പുതന്നെ അവന്റെ ജനനത്തെക്കുറിച്ച്‌ ബൈബിൾ പറഞ്ഞിരുന്നു. ദൈവം അവനെയായിരിക്കും രാജാവായി തിരഞ്ഞെടുക്കുന്നതെന്നും അത്‌ പറഞ്ഞിരുന്നു. യെശയ്യാവു 9:6, 7-ലാണ്‌ അതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്‌. നമുക്കിപ്പോൾ അത്‌ വായിക്കാം: ‘നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്‌ സമാധാനപ്രഭു (“സമാധാനത്തിന്റെ രാജകുമാരൻ,” NW) എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർധനയ്‌ക്കും സമാധാനത്തിനും അവസാനം ഉണ്ടാകില്ല.’

ദൈവരാജ്യത്തിന്റെ രാജാവിനെ “രാജകുമാരൻ” എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— രാജാവിന്റെ മകനാണല്ലോ രാജകുമാരൻ. മഹാരാജാവായ യഹോവയുടെ മകനാണ്‌ യേശു. പക്ഷേ, യഹോവ യേശുവിനെ തന്റെ രാജ്യത്തിന്റെ രാജാവാക്കിയിരിക്കുകയാണ്‌. ആ രാജ്യം ആയിരം വർഷക്കാലം ഭൂമിയെ ഭരിക്കും. (വെളിപാട്‌ 20:6) സ്‌നാനമേറ്റതിനുശേഷം യേശു, ‘സ്വർഗരാജ്യം അടുത്തിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.’—മത്തായി 4:17.

ദൈവരാജ്യം അടുത്തിരിക്കുന്നു എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ടായിരിക്കും?— കാരണം, പിന്നീട്‌ സ്വർഗത്തിലിരുന്ന്‌ ഭരിക്കേണ്ട രാജാവ്‌ അവരുടെ കൂടെയുണ്ടായിരുന്നു! “ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഉണ്ട്‌” എന്ന്‌ അവൻ പറഞ്ഞതും അതുകൊണ്ടാണ്‌. (ലൂക്കോസ്‌ 17:21) ഒന്നാലോചിച്ചുനോക്കൂ: യഹോവയുടെ രാജാവ്‌ നിങ്ങളുടെ തൊട്ടടുത്ത്‌, നിങ്ങൾക്കു തൊടാവുന്ന അത്ര അടുത്ത്‌ ഉണ്ടായിരിക്കുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമല്ലേ?—

ഏത്‌ പ്രധാനപ്പെട്ട വേല ചെയ്യാനാണ്‌ യേശു ഭൂമിയിലേക്കു വന്നതെന്ന്‌ ഇപ്പോൾ മനസ്സിലായോ?— യേശുതന്നെ അതിനുള്ള ഉത്തരം പറഞ്ഞു: ‘മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌.’ (ലൂക്കോസ്‌ 4:43) പക്ഷേ എല്ലായിടത്തും പ്രസംഗിക്കാൻ തനിക്ക്‌ സാധിക്കില്ലെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ എന്തു ചെയ്‌തെന്ന്‌ അറിയാമോ?—

എന്തിനുവേണ്ടിയാണ്‌ യേശു ഭൂമിയിലേക്കു വന്നത്‌?

പ്രസംഗിക്കാൻ പോയപ്പോൾ യേശു മറ്റുള്ളവരെയും കൂടെക്കൊണ്ടുപോയി. എന്നിട്ട്‌, പ്രസംഗിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ അവർക്കു കാണിച്ചുകൊടുത്തു. അപ്പൊസ്‌തലന്മാരായി തിരഞ്ഞെടുത്ത 12 പേരെയാണ്‌ യേശു ആദ്യം പഠിപ്പിച്ചത്‌. (മത്തായി 10:5, 7) പക്ഷേ അവരെ മാത്രമാണോ യേശു പ്രസംഗിക്കാൻ പഠിപ്പിച്ചത്‌? അല്ല. മറ്റുള്ളവരെയും പഠിപ്പിച്ചെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. പിന്നീട്‌ അവൻ 70 ശിഷ്യന്മാരെ ഈരണ്ടുപേരായി പ്രസംഗിക്കാൻ അയയ്‌ക്കുകയുണ്ടായി. അവർ എന്താണ്‌ പ്രസംഗിച്ചത്‌?— ‘ദൈവരാജ്യം നിങ്ങളുടെ അടുത്തെത്തിയിരിക്കുന്നു എന്ന്‌ ആളുകളോട്‌ പറയുക’ എന്ന്‌ യേശു ശിഷ്യന്മാർക്ക്‌ നിർദേശം കൊടുത്തിരുന്നു. (ലൂക്കോസ്‌ 10:9) അങ്ങനെ ആളുകൾ ദൈവരാജ്യത്തെക്കുറിച്ച്‌ മനസ്സിലാക്കി.

പണ്ട്‌ ഇസ്രായേലിൽ പുതുതായി രാജാവാകുന്നവർ കഴുതക്കുട്ടിയുടെ പുറത്തുകയറി നഗരം ചുറ്റുമായിരുന്നു. പ്രജകൾക്കെല്ലാം പുതിയ രാജാവിനെ കാണാനായിരുന്നു അത്‌. യെരുശലേമിലേക്ക്‌ അവസാനമായി വന്നപ്പോൾ യേശുവും അതാണ്‌ ചെയ്‌തത്‌. കാരണം, യേശു ദൈവരാജ്യത്തിന്റെ രാജാവാകാൻ പോകുകയാണ്‌. ആകട്ടെ, യേശു തങ്ങളുടെ രാജാവാകുന്നത്‌ ആളുകൾക്ക്‌ ഇഷ്ടമായിരുന്നോ?—

അവൻ പോകുമ്പോൾ ആളുകൾ അവരുടെ മേലങ്കി അഴിച്ച്‌ അവനു മുമ്പിലായി വഴിയിൽ വിരിക്കുന്നു. മറ്റു ചിലർ മരച്ചില്ലകൾ വെട്ടിയെടുത്ത്‌ വഴിയിൽ വിരിക്കുന്നു. യേശു തങ്ങളുടെ രാജാവാകുന്നത്‌ ഇഷ്ടമാണെന്നു കാണിക്കാനാണ്‌ അവർ ഇതു ചെയ്യുന്നത്‌. “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!” എന്ന്‌ അവർ വിളിച്ചുപറയുന്നുണ്ട്‌. പക്ഷേ ചിലർക്ക്‌ ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. ചില മതനേതാക്കന്മാർ, ‘മിണ്ടാതിരിക്കാൻ നിന്റെ ശിഷ്യന്മാരോട്‌ കൽപ്പിക്കുക’ എന്ന്‌ യേശുവിനോട്‌ പറയുന്നു.—ലൂക്കോസ്‌ 19:28-40.

യേശുവിനെ രാജാവായി വേണമെന്നു പറഞ്ഞ ആളുകൾ പിന്നെ മാറ്റിപ്പറഞ്ഞത്‌ എന്തുകൊണ്ട്‌?

വെറും അഞ്ചു ദിവസം കഴിഞ്ഞ്‌ യേശുവിനെ അറസ്റ്റുചെയ്‌ത്‌, ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അരമനയിൽ ഹാജരാക്കുന്നു. താൻ രാജാവാണെന്ന്‌ യേശു അവകാശപ്പെടുന്നെന്നും അതുകൊണ്ടുതന്നെ അവൻ റോമൻ ഗവണ്മെന്റിന്‌ എതിരാണെന്നും ശത്രുക്കൾ ആരോപിക്കുന്നു. പീലാത്തൊസ്‌ അതേപ്പറ്റി യേശുവിനോട്‌ ചോദിക്കുന്നു. ഗവണ്മെന്റിന്റെ അധികാരം പിടിച്ചെടുക്കാനല്ല താൻ വന്നിരിക്കുന്നതെന്ന്‌ യേശു വ്യക്തമാക്കുന്നു. അവൻ പീലാത്തൊസിനോട്‌, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു പറയുന്നു.—യോഹന്നാൻ 18:36.

പീലാത്തൊസ്‌ പുറത്തു ചെന്ന്‌, താൻ യേശുവിൽ ഒരു കുറ്റവും കാണുന്നില്ലെന്ന്‌ ജനങ്ങളോട്‌ പറയുന്നു. പക്ഷേ ഇപ്പോൾ അവരുടെ ഭാവം മാറി. അവർക്ക്‌ യേശുവിനെ രാജാവായി വേണ്ട. അവനെ വെറുതെ വിടാനും അവർക്ക്‌ ഇഷ്ടമില്ല. (യോഹന്നാൻ 18:37-40) പീലാത്തൊസ്‌ വീണ്ടും യേശുവിനോട്‌ സംസാരിക്കുന്നു. യേശു തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ അവന്‌ ഉറപ്പായി. അതുകൊണ്ട്‌ യേശുവിനെ പുറത്ത്‌ ജനങ്ങളുടെ അടുത്തു കൊണ്ടുവന്നിട്ട്‌ അവൻ ഇങ്ങനെ പറയുന്നു: “ഇതാ, നിങ്ങളുടെ രാജാവ്‌!” പക്ഷേ ജനങ്ങളാകട്ടെ, ‘അവനെ കൊന്നുകളയുക! അവനെ കൊന്നുകളയുക! അവനെ സ്‌തംഭത്തിൽ തറയ്‌ക്കുക!” എന്ന്‌ ആക്രോശിക്കുന്നു.

‘ഞാൻ നിങ്ങളുടെ രാജാവിനെ സ്‌തംഭത്തിൽ തറയ്‌ക്കണമെന്നാണോ നിങ്ങൾ പറയുന്നത്‌,’ പീലാത്തൊസ്‌ ചോദിക്കുന്നു. “ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” മുഖ്യപുരോഹിതന്മാർ മറുപടി പറയുന്നു. ഒന്നാലോചിച്ചു നോക്കൂ: ആ ദുഷ്ടപുരോഹിതന്മാർ കാരണം ജനങ്ങൾ യേശുവിന്‌ എതിരായി!—യോഹന്നാൻ 19:1-16.

ഇന്നും കാര്യങ്ങൾ അങ്ങനെയൊക്കെത്തന്നെയാണ്‌. മിക്ക ആളുകൾക്കും രാജാവായി യേശുവിനെ വേണ്ട. ദൈവത്തിൽ വിശ്വാസമുണ്ടെന്ന്‌ അവർ പറയും. പക്ഷേ ദൈവവും ക്രിസ്‌തുവും പറയുന്നതുപോലെ ജീവിക്കാൻ അവർക്കിഷ്ടമില്ല. അവർക്ക്‌ അവരുടെ സ്വന്തം ഗവണ്മെന്റുവേണം, ഈ ഭൂമിയിൽത്തന്നെ.

നമ്മൾ ഇക്കാര്യത്തിൽ എങ്ങനെയാണ്‌? ദൈവരാജ്യത്തെക്കുറിച്ചും അതിലൂടെ ദൈവം ചെയ്യാൻ പോകുന്ന അത്ഭുത കാര്യങ്ങളെക്കുറിച്ചും പഠിക്കുമ്പോൾ നമുക്ക്‌ ദൈവത്തോട്‌ എന്തു തോന്നും?— സ്‌നേഹം തോന്നും, അല്ലേ?— അങ്ങനെയെങ്കിൽ, ദൈവത്തോട്‌ സ്‌നേഹമുണ്ടെന്നും ദൈവരാജ്യം ഭരിക്കുന്നതാണ്‌ നമുക്കിഷ്ടം എന്നും കാണിക്കാൻ നമ്മൾ എന്തു ചെയ്യണം?—

യേശു സ്‌നാനമേറ്റത്‌ എന്തുകൊണ്ട്‌? അതിനെ അംഗീകരിച്ചെന്ന്‌ ദൈവം എങ്ങനെ കാണിച്ചു?

യേശു ചെയ്‌തതുപോലെ ചെയ്യണം. ആകട്ടെ, യഹോവയോട്‌ സ്‌നേഹമുണ്ടെന്ന്‌ കാണിക്കാൻ യേശു എന്താണ്‌ ചെയ്‌തത്‌?— ‘ഞാൻ എപ്പോഴും അവന്‌ ഇഷ്ടമുള്ളത്‌ ചെയ്യുന്നു’ എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 8:29) അതെ, ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും’ ‘അവന്റെ വേല പൂർത്തിയാക്കാനുമാണ്‌’ യേശു ഭൂമിയിലേക്കു വന്നത്‌. (എബ്രായർ 10:7; യോഹന്നാൻ 4:34) പ്രസംഗവേല തുടങ്ങുന്നതിനുമുമ്പ്‌ യേശു എന്താണ്‌ ചെയ്‌തത്‌?

യോർദാൻ നദിയിൽ സ്‌നാനമേൽക്കുന്നതിനായി യേശു സ്‌നാപകയോഹന്നാന്റെ അടുത്തേക്ക്‌ പോയി. രണ്ടുപേരും വെള്ളത്തിലിറങ്ങി. യോഹന്നാൻ യേശുവിനെ വെള്ളത്തിൽ മുക്കി. എന്നിട്ട്‌ ചിത്രത്തിൽ കാണുന്നതുപോലെ വെള്ളത്തിൽനിന്ന്‌ ഉയർത്തി. യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തിയത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?—

എപ്പോഴൊക്കെ നമുക്ക്‌ ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയാനാകും?

യേശു പറഞ്ഞിട്ടാണ്‌ യോഹന്നാൻ അതു ചെയ്‌തത്‌. പക്ഷേ യേശു സ്‌നാനപ്പെടണമെന്ന്‌ ദൈവം ആഗ്രഹിച്ചിരുന്നെന്ന്‌ നമുക്കെങ്ങനെ അറിയാം?— കാരണം, യേശു സ്‌നാനമേറ്റ ഉടനെ സ്വർഗത്തിൽനിന്ന്‌ ദൈവത്തിന്റെ ശബ്ദം കേട്ടു എന്ന്‌ ബൈബിൾ പറയുന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നാണ്‌ ദൈവം പറഞ്ഞത്‌. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒരു പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ വന്നെന്നും നമുക്ക്‌ അറിയാം. അതുകൊണ്ട്‌ സ്‌നാനമേറ്റപ്പോൾ, ജീവിതകാലം മുഴുവൻ, എന്നുവെച്ചാൽ എല്ലാക്കാലത്തും യഹോവയുടെ ഇഷ്ടംചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്ന്‌ കാണിക്കുകയായിരുന്നു യേശു.—മർക്കോസ്‌ 1:9-11.

ഇപ്പോൾ നിങ്ങൾ കുട്ടിയാണ്‌. എന്നാൽ വലുതാകുമ്പോൾ എന്തു ചെയ്യാനാണ്‌ നിങ്ങൾക്കിഷ്ടം?— യേശുവിനെപ്പോലെ നിങ്ങളും സ്‌നാനപ്പെടുമോ?— നിങ്ങൾ അങ്ങനെ ചെയ്യേണ്ടതുണ്ട്‌. കാരണം, ‘നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ അവൻ ഒരു മാതൃക വെച്ചിരിക്കുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (1 പത്രോസ്‌ 2:21) നിങ്ങൾ സ്‌നാനപ്പെടുന്നെങ്കിൽ അതിന്റെ അർഥമെന്താണ്‌? ദൈവരാജ്യം ഭരിക്കുന്നതാണ്‌ നിങ്ങൾക്ക്‌ ഇഷ്ടമെന്ന്‌ കാണിക്കുകയായിരിക്കും നിങ്ങൾ. പക്ഷേ സ്‌നാനപ്പെട്ടാൽ മാത്രം പോരാ.

യേശു പഠിപ്പിച്ചതൊക്കെ നമ്മൾ അനുസരിക്കണം. നമ്മൾ ‘ലോകത്തിന്റെ ഭാഗമായിരിക്കാൻ’ പാടില്ലെന്ന്‌ യേശു പറഞ്ഞു. ഈ ലോകത്തിന്റെ കാര്യങ്ങളിലൊക്കെ ഇടപെട്ടുനടന്നാൽ നമ്മൾ യേശുവിനെ അനുസരിക്കുകയാണെന്ന്‌ പറയാൻ പറ്റുമോ? യേശുവും അപ്പൊസ്‌തലന്മാരും അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെട്ടില്ല. (യോഹന്നാൻ 17:14) പകരം അവർ എന്താണ്‌ ചെയ്‌തത്‌?— അവർ ദൈവരാജ്യത്തെക്കുറിച്ച്‌ ആളുകളോട്‌ പറഞ്ഞു. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു അത്‌. നമുക്കും അങ്ങനെ ചെയ്യാൻ സാധിക്കുമോ?— സാധിക്കും. ദൈവരാജ്യം വരാൻവേണ്ടി നമ്മൾ പ്രാർഥിക്കുന്നത്‌ ആത്മാർഥമായിട്ടാണെങ്കിൽ നമ്മൾ അങ്ങനെ ചെയ്യും.

ദൈവരാജ്യം വരാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെന്ന്‌ കാണിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ചു പറയുന്ന മത്തായി 6:24-33; 24:14; 1 യോഹന്നാൻ 2:15-17; 5:3 എന്നീ തിരുവെഴുത്തുകൾ വായിക്കുക.