വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 46

ലോകം വീണ്ടും വെള്ളത്താൽ നശിക്കുമോ?

ലോകം വീണ്ടും വെള്ളത്താൽ നശിക്കുമോ?

ആരെങ്കിലും ലോകാവസാനത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ നിങ്ങൾ കേട്ടിട്ടുണ്ടോ?— ഇന്ന്‌ പലരും അതിനെക്കുറിച്ച്‌ പറയാറുണ്ട്‌. ബോംബിട്ട്‌ മനുഷ്യർതന്നെ ഭൂമിയെ നശിപ്പിക്കുമെന്നാണ്‌ ചിലർ വിചാരിക്കുന്നത്‌. ഇത്ര മനോഹരമായ നമ്മുടെ ഭൂമിയെ നശിപ്പിക്കാൻ ദൈവം മനുഷ്യരെ അനുവദിക്കുമെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?—

ലോകാവസാനത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. അതിനെപ്പറ്റി നമ്മൾ പഠിച്ചു. ‘ലോകം നീങ്ങിപ്പോകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) നിങ്ങൾക്ക്‌ എന്തു തോന്നുന്നു, ലോകാവസാനം എന്നു പറഞ്ഞാൽ ഭൂമിയുടെ അവസാനം എന്നാണോ?— അല്ല. ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ ‘ആളുകൾക്ക്‌ താമസിക്കാൻ’ ആണെന്ന്‌ ബൈബിൾ പറയുന്നു. (യെശയ്യാവു 45:18) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന്‌ സങ്കീർത്തനം 37:29 പറയുന്നു. അതുകൊണ്ടുതന്നെ ഭൂമി എന്നേക്കും നിലനിൽക്കും എന്നും ബൈബിൾ പറയുന്നു.—സങ്കീർത്തനം 104:5; സഭാപ്രസംഗി 1:4.

ലോകാവസാനം ഭൂമിയുടെ അവസാനമല്ലെങ്കിൽ പിന്നെന്താണ്‌?— അത്‌ അറിയാൻ ഒരു വഴിയുണ്ട്‌. നോഹയുടെ കാലത്ത്‌ സംഭവിച്ചത്‌ എന്താണെന്ന്‌ ശ്രദ്ധിച്ചു പഠിക്കുക. “പ്രളയമുണ്ടായപ്പോൾ അന്നത്തെ ലോകം ആ വെള്ളത്താൽ നശിച്ചു” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—2 പത്രോസ്‌ 3:6.

നോഹയുടെ കാലത്തുണ്ടായ ആ മഹാപ്രളയത്തിൽനിന്ന്‌ ആരെങ്കിലും രക്ഷപ്പെട്ടോ?— “ഭക്തികെട്ടവരുടെ ലോകത്തെ ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ അവൻ (ദൈവം) നീതിപ്രസംഗിയായ നോഹയെ വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു” എന്ന്‌ ബൈബിൾ പറയുന്നു.—2 പത്രോസ്‌ 2:5.

നോഹയുടെ കാലത്ത്‌ ദൈവം നശിപ്പിച്ച ലോകം ഏതാണ്‌?

അന്ന്‌ ജലപ്രളയത്തിൽ നശിച്ചുപോയ ലോകം ഏതാണ്‌? ഭൂമിയാണോ അതോ ദുഷ്ടന്മാരായ മനുഷ്യരാണോ?— ‘ഭക്തികെട്ട മനുഷ്യരുടെ ലോകമാണ്‌’ നശിപ്പിക്കപ്പെട്ടതെന്ന്‌ ബൈബിൾ പറയുന്നു. നോഹയെ ബൈബിൾ എന്താണ്‌ വിളിക്കുന്നതെന്ന്‌ ശ്രദ്ധിച്ചോ? “നീതിപ്രസംഗി” എന്ന്‌. അവൻ എന്തിനെക്കുറിച്ചായിരിക്കും പ്രസംഗിച്ചത്‌?— “അന്നത്തെ ലോകം” അവസാനിക്കുമെന്ന്‌ ആളുകളെ അറിയിക്കുകയായിരുന്നു അവൻ.

ആ പ്രളയത്തെക്കുറിച്ച്‌ യേശു ഒരിക്കൽ തന്റെ ശിഷ്യന്മാരോട്‌ സംസാരിച്ചു. നാശംവരുന്നതിനുമുമ്പ്‌ ആളുകൾ എന്തു ചെയ്യുകയായിരുന്നെന്ന്‌ അവൻ പറഞ്ഞു: ‘ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു. ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും നീക്കിക്കളയുന്നതുവരെ അവർ ഗൗനിച്ചതേയില്ല.’ ഈ ലോകം അവസാനിക്കുന്നതിനു മുമ്പും ആളുകൾ അങ്ങനെതന്നെ ആയിരിക്കുമെന്ന്‌ യേശു തുടർന്നു പറഞ്ഞു.—മത്തായി 24:37-39.

യേശുവിന്റെ വാക്കുകൾ എന്താണ്‌ കാണിക്കുന്നത്‌? പ്രളയത്തിനുമുമ്പ്‌ ആളുകൾ ചെയ്‌തുകൊണ്ടിരുന്നതിൽനിന്ന്‌ നമുക്കു ചില പാഠങ്ങൾ പഠിക്കാനാകും എന്ന്‌. അവർ എന്താണ്‌ ചെയ്‌തതെന്ന്‌ 10-ാമത്തെ അധ്യായത്തിൽ പഠിച്ചത്‌ ഓർക്കുന്നുണ്ടോ?— ചിലർ ദുഷ്ടന്മാരായിരുന്നു. അവർ മറ്റുള്ളവരെ ഉപദ്രവിച്ചിരുന്നു. പലരും നോഹ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ലെന്ന്‌ യേശു പറഞ്ഞു.

ദുഷ്ടമനുഷ്യരെ ജലപ്രളയം വരുത്തി നശിപ്പിക്കുമെന്ന്‌ യഹോവ നോഹയോടു പറഞ്ഞു. ഭൂമി മുഴുവൻ, എന്തിന്‌, മലകൾപോലും വെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നു. അതുകൊണ്ട്‌, ഒരു വലിയ പെട്ടകം പണിയാൻ യഹോവ നോഹയോട്‌ ആവശ്യപ്പെട്ടു. നീളമുള്ള ഒരു വലിയ പെട്ടിപോലെയായിരുന്നു ആ പെട്ടകം, 238-ാം പേജിലെ ചിത്രത്തിൽ കാണുന്നതുപോലെ.

നോഹയ്‌ക്കും കുടുംബത്തിനും മൃഗങ്ങൾക്കും എല്ലാം സുരക്ഷിതമായി കഴിയാൻവേണ്ടും വലുതായിരിക്കണം പെട്ടകമെന്ന്‌ ദൈവം നോഹയോടു പറഞ്ഞു. പെട്ടകം പണിയാൻ നോഹയ്‌ക്കും കുടുംബത്തിനും നന്നായി അധ്വാനിക്കേണ്ടിവന്നു. വലിയ മരങ്ങൾ വെട്ടി തടിയാക്കി അവർ പണി തുടങ്ങി. വളരെ വലിയ ആ പെട്ടകം പണിയാൻ ഒരുപാട്‌ വർഷങ്ങൾ വേണ്ടിവന്നു.

പെട്ടകം പണിയുന്നതിനോടൊപ്പംതന്നെ നോഹ മറ്റൊരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. എന്തായിരുന്നെന്ന്‌ ഓർക്കുന്നുണ്ടോ?— അവൻ പ്രസംഗിച്ചു, വരാൻപോകുന്ന പ്രളയത്തെക്കുറിച്ച്‌ ആളുകളെ അറിയിച്ചു. ആരെങ്കിലും അത്‌ ശ്രദ്ധിച്ചോ? നോഹയുടെ വീട്ടുകാരൊഴികെ വേറെയാരും ശ്രദ്ധിച്ചില്ല. മറ്റ്‌ കാര്യങ്ങളൊക്കെ ചെയ്യുന്നതിലായിരുന്നു ബാക്കിയുള്ളവരുടെ ശ്രദ്ധമുഴുവനും. അവർ എന്തു ചെയ്യുകയായിരുന്നു എന്നാണ്‌ യേശു പറഞ്ഞത്‌?— തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ഒക്കെ ചെയ്യുന്നതിലായിരുന്നു അവർക്കു താത്‌പര്യം. തങ്ങൾ ചെയ്യുന്നത്‌ തെറ്റാണെന്ന്‌ അവർ കരുതിയിരുന്നില്ല. പക്ഷേ, നോഹ പറഞ്ഞത്‌ കേൾക്കാൻ അവർക്കു സമയമുണ്ടായിരുന്നില്ല! അതുകൊണ്ട്‌ അവർക്ക്‌ എന്തു സംഭവിച്ചു?

നോഹയും കുടുംബവും കയറിക്കഴിഞ്ഞപ്പോൾ യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. പ്രളയം വരുമെന്ന്‌ പെട്ടകത്തിനു പുറത്തുള്ള ആളുകൾ അപ്പോഴും വിശ്വസിച്ചില്ല. പക്ഷേ പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ആകാശത്തുനിന്ന്‌ മഴ പെയ്യാൻ തുടങ്ങി! സാധാരണ മഴയല്ല, കോരിച്ചൊരിയുന്ന മഴ! പെയ്‌തിറങ്ങിയ വെള്ളം വലിയ പുഴകളായി. എവിടെയും വെള്ളത്തിന്റെ ഇരമ്പൽ മാത്രം. കൂറ്റൻ മരങ്ങൾ കടപുഴകിവീണു. ചെറിയ ചരൽക്കല്ലുകളെ എന്നപോലെ വെള്ളം വലിയ പാറകളെ ഒഴുക്കിക്കൊണ്ടുപോയി. ആകട്ടെ, പെട്ടകത്തിനു പുറത്തുള്ള ആളുകളുടെ കാര്യമോ?— ‘ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും നീക്കിക്കളഞ്ഞു’ എന്ന്‌ യേശു പറഞ്ഞു. അതെ, പെട്ടകത്തിനു പുറത്തുള്ള എല്ലാവരും മുങ്ങിമരിച്ചു. എന്തായിരുന്നു കാരണം?— യേശു പറഞ്ഞത്‌ ഓർക്കുന്നില്ലേ? അവർ നോഹ പറഞ്ഞത്‌ ‘ഗൗനിച്ചില്ല.’ അതെ, അവൻ പറഞ്ഞതൊന്നും അവർ ശ്രദ്ധിച്ചില്ല!—മത്തായി 24:39; ഉല്‌പത്തി 6:5-7.

കളിച്ച്‌ ഉല്ലസിച്ചു മാത്രം നടക്കുന്നതിന്റെ കുഴപ്പമെന്താണ്‌?

അതിൽനിന്ന്‌ നമുക്കൊരു പാഠം പഠിക്കാനുണ്ടെന്ന്‌ യേശു പറഞ്ഞില്ലേ? എന്തു പാഠമാണത്‌?— ദുഷ്ടന്മാരായതുകൊണ്ടു മാത്രമല്ല ദൈവം അവരെ നശിപ്പിച്ചത്‌. ദൈവത്തെക്കുറിച്ചോ ദൈവം ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചോ പഠിക്കാൻ പറ്റാത്തത്ര തിരക്കായിരുന്നു പലർക്കും. അവരെപ്പോലെ ആകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം, അല്ലേ?—

വീണ്ടുമൊരു പ്രളയം വരുത്തി ദൈവം ഈ ലോകത്തെ നശിപ്പിക്കുമെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?— അങ്ങനെ ചെയ്യില്ലെന്ന്‌ ദൈവം ഉറപ്പുതന്നിട്ടുണ്ട്‌. യഹോവ പറഞ്ഞു: ‘ഞാൻ എന്റെ മഴവില്ല്‌ മേഘത്തിൽ വെക്കുന്നു; അത്‌ ഒരു അടയാളമായിരിക്കും.’ ‘ഇനി സകലജഡത്തെയും നശിപ്പിക്കാൻ വെള്ളം ഒരു പ്രളയമായി തീരുകയില്ല’ എന്നതിന്റെ അടയാളമായിരിക്കും മഴവില്ല്‌ എന്ന്‌ ദൈവം പറഞ്ഞു.—ഉല്‌പത്തി 9:11-17.

അതുകൊണ്ട്‌, ലോകത്തെ നശിപ്പിക്കാൻ ഇനി ഒരിക്കലും ദൈവം പ്രളയം വരുത്തില്ലെന്ന്‌ ഉറപ്പ്‌. പക്ഷേ നമ്മൾ പഠിച്ചതുപോലെ, ലോകാവസാനം വരുമെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. ദൈവം ഈ ലോകം നശിപ്പിക്കുമ്പോൾ ആരെയായിരിക്കും അവൻ രക്ഷിക്കുക?— ദൈവത്തെക്കുറിച്ച്‌ പഠിക്കുന്നതിനു പകരം മറ്റു കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ ആയിരിക്കുമോ? എപ്പോഴും തിരക്കാണെന്നു പറഞ്ഞ്‌ ബൈബിൾ പഠിക്കാത്തവരെയാണോ? നിങ്ങൾക്ക്‌ എന്തു തോന്നുന്നു?—

ദൈവം രക്ഷിക്കുന്നവരുടെ കൂട്ടത്തിൽപ്പെടാനാണ്‌ നമ്മൾക്ക്‌ ഇഷ്ടം, ശരിയല്ലേ?— നമ്മുടെ കുടുംബം നോഹയുടേതുപോലെ ആണെങ്കിൽ ദൈവം നമ്മുടെ കുടുംബത്തെയും രക്ഷിക്കും. എത്ര സന്തോഷമുള്ള കാര്യമാണത്‌, അല്ലേ?— ലോകാവസാനത്തിൽ നശിക്കാതിരിക്കണമെങ്കിൽ, ദൈവം ഈ ലോകത്തെ നശിപ്പിച്ച്‌ ഒരു പുതിയ ലോകം കൊണ്ടുവരുന്നത്‌ എങ്ങനെയായിരിക്കുമെന്ന്‌ നമ്മൾ മനസ്സിലാക്കണം. അതിനെക്കുറിച്ചാണ്‌ നമ്മൾ ഇനി പഠിക്കാൻ പോകുന്നത്‌.

ദൈവം അത്‌ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ ദാനീയേൽ 2-ാം അധ്യായത്തിന്റെ 44-ാം വാക്യം പറയുന്നു. നമ്മുടെ കാലത്തെക്കുറിച്ചാണ്‌ ഈ തിരുവെഴുത്തു പറയുന്നത്‌. ‘ഈ രാജാക്കന്മാരുടെ കാലത്ത്‌ സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം (ഗവണ്മെന്റ്‌) സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്ക്‌ ഏൽപ്പിക്കപ്പെടുകയില്ല; അത്‌ ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.’

ഈ പറഞ്ഞതിന്റെ അർഥം നിങ്ങൾക്ക്‌ മനസ്സിലായോ?— ദൈവത്തിന്റെ ഗവണ്മെന്റ്‌ ഭൂമിയിലെ എല്ലാ ഗവണ്മെന്റുകളെയും നശിപ്പിച്ചുകളയുമെന്ന്‌ ബൈബിൾ പറയുന്നു. എന്തായിരിക്കും കാരണം?— ദൈവം തിരഞ്ഞെടുത്തിരിക്കുന്ന രാജാവിനെ അനുസരിക്കാൻ അവർ കൂട്ടാക്കുന്നില്ല. ആ രാജാവ്‌ ആരാണ്‌?— യേശുക്രിസ്‌തു!

രാജാവായ യേശുക്രിസ്‌തു അർമഗെദോനിൽ ഈ ലോകത്തെ നശിപ്പിക്കും

ഏതു ഗവണ്മെന്റ്‌ ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം യഹോവയാം ദൈവത്തിനാണുള്ളത്‌. യഹോവ തന്റെ പുത്രനായ യേശുവിനെയാണ്‌ രാജാവായി തിരഞ്ഞെടുത്തത്‌. പെട്ടെന്നുതന്നെ ദൈവത്തിന്റെ ഈ രാജാവ്‌ ലോകത്തിലെ എല്ലാ ഗവണ്മെന്റുകളെയും നശിപ്പിക്കാൻ മുൻകൈയെടുക്കും. വെളിപാട്‌ 19-ാം അധ്യായത്തിന്റെ 11 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ യേശു അതു ചെയ്യുന്നതിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഈ ചിത്രത്തിൽ കാണുന്നില്ലേ, അതുപോലെ. എല്ലാ ഗവണ്മെന്റുകളെയും നശിപ്പിക്കുന്ന ദൈവത്തിന്റെ ആ യുദ്ധത്തെ ബൈബിൾ വിളിക്കുന്നത്‌ എന്താണെന്നോ? ഹർമ്മഗെദ്ദോൻ അല്ലെങ്കിൽ അർമഗെദോൻ.

അതെ, തന്റെ രാജ്യം മനുഷ്യരുടെ ഗവണ്മെന്റുകളെ നശിപ്പിക്കുമെന്ന്‌ ദൈവം പറയുന്നു. പക്ഷേ, നമ്മൾ അതു ചെയ്യണമെന്ന്‌ അവൻ പറയുന്നുണ്ടോ?— ഇല്ല. ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ എന്നാണ്‌ ബൈബിൾ അർമഗെദോനെപ്പറ്റി പറയുന്നത്‌. (വെളിപാട്‌ 16:14, 16) അർമഗെദോൻ ദൈവത്തിന്റെ യുദ്ധമാണ്‌. സ്വർഗീയ സൈന്യത്തെയാണ്‌ അവൻ അതിനുവേണ്ടി ഉപയോഗിക്കുന്നത്‌. യേശുക്രിസ്‌തുവായിരിക്കും ആ സൈന്യത്തിന്റെ തലവൻ. അർമഗെദോൻ വരാനുള്ള സമയമായോ? അത്‌ എങ്ങനെ കണ്ടുപിടിക്കാമെന്ന്‌ നമ്മൾ ഇനി പഠിക്കുന്നതായിരിക്കും.

ദൈവം ദുഷ്ടന്മാരെ നശിപ്പിക്കുകയും തന്നെ ആരാധിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ അറിയാൻ നമുക്ക്‌ ഈ തിരുവെഴുത്തുകൾ വായിക്കാം: സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവു 26:20, 21; യിരെമ്യാവു 25:31-33; മത്തായി 24:21, 22.