വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 47

അർമഗെദോൻ വരാറായി എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

അർമഗെദോൻ വരാറായി എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

അടയാളം എന്നു പറഞ്ഞാൽ എന്താണെന്ന്‌ നിങ്ങൾക്ക്‌ അറിയാം, അല്ലേ?— ഇനി ഒരിക്കലും ലോകത്തെ ജലപ്രളയത്താൽ നശിപ്പിക്കില്ലെന്നു കാണിക്കാൻ ദൈവം ഒരു അടയാളം കൊടുത്തതിനെപ്പറ്റി 46-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. പിന്നീട്‌ യേശുവിനോട്‌ അപ്പൊസ്‌തലന്മാർ ഒരു അടയാളം ചോദിച്ചു. യേശുവിന്റെ സാന്നിധ്യവും ലോകാവസാനവും എപ്പോഴായിരിക്കും എന്നു മനസ്സിലാക്കാനാണ്‌ അവർ അടയാളം ചോദിച്ചത്‌.—മത്തായി 24:3.

സ്വർഗത്തിലിരിക്കുന്ന യേശുവിനെ മനുഷ്യർക്ക്‌ കാണാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ, യേശു രാജാവായി ഭരിക്കാൻ തുടങ്ങിയെന്ന്‌ ആളുകൾക്ക്‌ മനസ്സിലാകണമെങ്കിൽ ഒരു അടയാളം വേണമായിരുന്നു. അതുകൊണ്ട്‌ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ യേശു ശിഷ്യന്മാരോട്‌ പറഞ്ഞു. അതു സംഭവിക്കുന്നുണ്ടോ എന്നറിയാൻ അവർ ശ്രദ്ധയോടിരിക്കണമായിരുന്നു. അതു സംഭവിക്കുമ്പോൾ യേശുവിന്റെ സാന്നിധ്യം ആരംഭിച്ചെന്നും അവൻ സ്വർഗത്തിൽ രാജാവായി ഭരണം തുടങ്ങിയെന്നും മനസ്സിലാക്കാമായിരുന്നു.

ശ്രദ്ധയോടിരിക്കേണ്ടതിന്റെ പ്രാധാന്യം ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഇങ്ങനെ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റെല്ലാ വൃക്ഷങ്ങളെയും നോക്കുവിൻ: അവ തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നെന്നു നിങ്ങൾ അറിയുന്നുവല്ലോ.” വൃക്ഷങ്ങൾ തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു മനസ്സിലാകും. അതുപോലെ, യേശു പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ അർമഗെദോൻ അടുത്തിരിക്കുന്നു എന്ന്‌ മനസ്സിലാക്കാം.—ലൂക്കോസ്‌ 21:29, 30.

അത്തിമരത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ യേശു എന്തു പാഠമാണ്‌ പഠിപ്പിച്ചത്‌?

ഈ പേജിലും അടുത്ത പേജിലും കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കണ്ടോ? ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നതിന്റെ അടയാളമായി യേശു പറഞ്ഞ സംഭവങ്ങളാണ്‌ അവ. ഈ കാര്യങ്ങളെല്ലാം സംഭവിക്കുമ്പോൾ, ക്രിസ്‌തു രാജാവായ ദൈവരാജ്യം മറ്റെല്ലാ ഗവണ്മെന്റുകളെയും തകർത്തുകളയും. അതിനെക്കുറിച്ച്‌ നമ്മൾ 46-ാം അധ്യായത്തിൽ പഠിച്ചിരുന്നു.

ഇതിനു മുമ്പുള്ള രണ്ടു പേജുകളിലെ ചിത്രങ്ങളെക്കുറിച്ചാണ്‌ നമ്മൾ ഇനി പഠിക്കാൻപോകുന്നത്‌. ഈ ചിത്രത്തിൽ കാണുന്ന കാര്യങ്ങളെപ്പറ്റി മത്തായി 24:6-14-ലും ലൂക്കോസ്‌ 21:9-11-ലും പറയുന്നുണ്ട്‌. ഓരോ ചിത്രത്തിനും നമ്പർ ഇട്ടിട്ടുണ്ട്‌. ഓരോ ചിത്രത്തെയുംകുറിച്ചു പറയുന്ന ഖണ്ഡികയുടെ തുടക്കത്തിലും അതേ നമ്പർ കാണാം. അടയാളമായി യേശു പറഞ്ഞ ആ സംഭവങ്ങളെല്ലാം ഇന്നു നടക്കുന്നുണ്ടോ എന്ന്‌ നമുക്കു നോക്കാം.

(1) യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കും; . . . ജനത ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും.” യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിങ്ങൾ കേൾക്കാറുണ്ടോ?— 1914 മുതൽ 1918 വരെയുള്ള കാലത്ത്‌ ഒന്നാം ലോകമഹായുദ്ധം നടന്നു; രണ്ടാം ലോകമഹായുദ്ധം 1939 മുതൽ 1945 വരെ നീണ്ടുനിന്നു. അതിനുമുമ്പ്‌ ലോകയുദ്ധങ്ങൾ ഉണ്ടായിട്ടില്ല! ഇന്നാണെങ്കിൽ എവിടെ നോക്കിയാലും യുദ്ധങ്ങളാണ്‌. ടിവിയിലും റേഡിയോയിലും പത്രത്തിലുമൊക്കെ മിക്കവാറും എല്ലാ ദിവസവുംതന്നെ നമ്മൾ യുദ്ധത്തെക്കുറിച്ച്‌ കേൾക്കുകയും വായിക്കുകയും ചെയ്യുന്നു.

(2) ‘ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും’ എന്നും യേശു പറഞ്ഞു. ഇന്ന്‌ എല്ലാവർക്കുമൊന്നും ആവശ്യത്തിന്‌ ആഹാരം കിട്ടുന്നില്ല. നിങ്ങൾക്ക്‌ അത്‌ അറിയാമായിരിക്കും. ആഹാരം കിട്ടാതെ ആയിരക്കണക്കിന്‌ ആളുകളാണ്‌ ദിവസവും മരിക്കുന്നത്‌.

(3) ‘ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ മഹാവ്യാധികൾ ഉണ്ടാകും’ എന്നാണ്‌ യേശു അടുത്തതായി പറഞ്ഞത്‌. മഹാവ്യാധി എന്നു പറഞ്ഞാൽ എന്താണെന്ന്‌ അറിയാമോ?— അനേകം ആളുകളെ കൊന്നൊടുക്കുന്ന രോഗങ്ങളെയാണ്‌ മഹാവ്യാധികൾ എന്നു പറയുന്നത്‌. അങ്ങനെയുള്ള ഒരു മഹാവ്യാധിയായിരുന്നു സ്‌പാനിഷ്‌ ഫ്‌ളൂ. വെറും ഒരു വർഷംകൊണ്ട്‌ ഏതാണ്ട്‌ 200 ലക്ഷം ആളുകളാണ്‌ ആ രോഗം വന്ന്‌ മരിച്ചത്‌. ഇന്നു പക്ഷേ, എയ്‌ഡ്‌സ്‌ വന്ന്‌ മരിക്കുന്ന ആളുകളുടെ എണ്ണം അതിനെക്കാൾ കൂടുതലായിരിക്കും. ഇനി, ഹൃദ്രോഗവും കാൻസറും പോലുള്ള രോഗങ്ങൾ വന്ന്‌ വർഷന്തോറും അനേകായിരങ്ങൾ മരിക്കുന്നുണ്ട്‌.

(4) ‘ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും.’ അതാണ്‌ യേശു പറഞ്ഞ മറ്റൊരു സംഭവം. ഭൂകമ്പം എന്നു പറഞ്ഞാൽ എന്താണെന്ന്‌ അറിയാമോ?— നിങ്ങൾ ചവിട്ടിനിൽക്കുന്ന നിലം കുലുങ്ങും, വീടുകൾ തകർന്നുവീഴും. പലപ്പോഴും ഭൂകമ്പത്തിൽ ആളുകൾ മരിക്കാറുണ്ട്‌. 1914 മുതൽ എല്ലാ വർഷവും ഒരുപാട്‌ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്‌. ആകട്ടെ, ഭൂകമ്പങ്ങളെക്കുറിച്ച്‌ നിങ്ങൾ കേട്ടിട്ടുണ്ടോ?—

(5) യേശു പറഞ്ഞ മറ്റൊരു സംഭവം ‘കൂടിക്കൂടിവരുന്ന ദുഷ്ടതയാണ്‌.’ ഇന്ന്‌ മോഷണവും അക്രമവുമൊക്കെ പെരുകിയിരിക്കുന്നത്‌ അതുകൊണ്ടാണ്‌. എപ്പോഴാണ്‌ വീട്ടിൽ കള്ളൻ കയറുന്നതെന്ന പേടിയിലാണ്‌ മിക്കവരും. ലോകം മുഴുവൻ ഇത്രയധികം കുറ്റകൃത്യങ്ങളും അക്രമങ്ങളും ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല.

(6) മറ്റൊരു പ്രധാനപ്പെട്ട സംഭവത്തെക്കുറിച്ചും യേശു പറയുകയുണ്ടായി: ‘രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.’ (മത്തായി 24:14) “ഈ സുവിശേഷം” നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, അതേക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയണം. അങ്ങനെ സുവിശേഷം എല്ലാവരെയും അറിയിക്കുന്നതിൽ നിങ്ങൾക്കും പങ്കെടുക്കാൻ പറ്റും.

യേശു പറഞ്ഞ ഈ സംഭവങ്ങളെല്ലാം എല്ലാക്കാലത്തും നടന്നിട്ടുണ്ടല്ലോ എന്ന്‌ ചിലർ പറഞ്ഞേക്കാം. പക്ഷേ ഈ എല്ലാ സംഭവങ്ങളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നത്‌ ഇത്‌ ആദ്യമായിട്ടാണ്‌, അതും ഒരേസമയത്തുതന്നെ. യേശു പറഞ്ഞ അടയാളത്തിന്റെ അർഥം ഇപ്പോൾ മനസ്സിലായോ?— ഈ കാര്യങ്ങളെല്ലാം നടക്കുന്നതു കാണുമ്പോൾ, ഇന്നത്തെ ദുഷ്ടലോകം മാറി ദൈവത്തിന്റെ പുതിയ ലോകം വരാൻപോകുന്നു എന്ന്‌ മനസ്സിലാക്കണം.

ശിഷ്യന്മാർക്ക്‌ ഈ അടയാളം കൊടുത്തപ്പോൾ യേശു മഞ്ഞുകാലത്തെപ്പറ്റിയും പറയുകയുണ്ടായി. ‘നിങ്ങളുടെ ഓടിപ്പോക്ക്‌ മഞ്ഞുകാലത്ത്‌ ആകാതിരിക്കാൻ പ്രാർഥിക്കുവിൻ.’ (മത്തായി 24:20) അങ്ങനെ പറഞ്ഞപ്പോൾ യേശു എന്തായിരിക്കും ഉദ്ദേശിച്ചത്‌?—

മഞ്ഞുകാലത്ത്‌ ഒരു ദുരന്തം വന്നിട്ട്‌ ഒരാൾക്ക്‌ ഓടിപ്പോകേണ്ടിവരുന്നത്‌ എന്തൊരു ബുദ്ധിമുട്ടാണ്‌. അങ്ങനെയുള്ള കാലാവസ്ഥയിൽ യാത്രചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്തു സംഭവിക്കാൻ സാധ്യതയുണ്ട്‌?— ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടാൽത്തന്നെ അത്‌ അയാൾ ഒരുപാട്‌ കഷ്ടങ്ങൾ സഹിച്ചിട്ടായിരിക്കും. മറ്റു കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കിൽ അയാൾക്കു നേരത്തെ യാത്ര തുടങ്ങാൻ പറ്റിയില്ലെന്നു കരുതുക. അതുകൊണ്ട്‌ യാത്രയ്‌ക്കിടെ മഞ്ഞുകാറ്റിൽപ്പെട്ട്‌ അയാൾ മരിച്ചുപോയാൽ അത്‌ എത്ര കഷ്ടമായിരിക്കും, അല്ലേ?—

മഞ്ഞുകാലത്ത്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ യേശു എന്തു പാഠമാണ്‌ പഠിപ്പിച്ചത്‌?

ഓടിപ്പോകുന്നതിന്‌ മഞ്ഞുകാലംവരെ കാത്തിരിക്കരുതെന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ ഉദ്ദേശിച്ചത്‌?— അർമഗെദോൻ വരാറായെന്ന്‌ നമുക്ക്‌ അറിയാം. അതിനാൽ, ദൈവത്തെ ആരാധിച്ചുകൊണ്ട്‌ അവനോട്‌ സ്‌നേഹമുണ്ടെന്നു കാണിക്കാൻ നമ്മൾ ഒട്ടും വൈകിക്കൂടാ. അതാണ്‌ യേശു ഉദ്ദേശിച്ചത്‌. വൈകിയാലോ? പിന്നെ രക്ഷപ്പെടാൻ സമയംകിട്ടിയെന്നുവരില്ല. നോഹ പറഞ്ഞതു കേട്ടിട്ടും പെട്ടകത്തിൽ കയറാതെ ജലപ്രളയത്തിൽ നശിച്ചുപോയ ആ ആളുകളില്ലേ? അവരെപ്പോലെയാകും നമ്മളും.

മഹായുദ്ധമായ അർമഗെദോൻ കഴിഞ്ഞാൽ പിന്നെ ഭൂമി എങ്ങനെയായിരിക്കും എന്നാണ്‌ നമ്മൾ അടുത്തതായി പഠിക്കാൻ പോകുന്നത്‌. ഇപ്പോൾ തന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്കുവേണ്ടി ദൈവം എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന്‌ നമ്മൾ പഠിക്കും.

അർമഗെദോൻ വരാറായെന്നു കാണിക്കുന്ന മറ്റു തിരുവെഴുത്തുകളാണ്‌ 2 തിമൊഥെയൊസ്‌ 3:1-5-ഉം 2 പത്രോസ്‌ 3:3, 4-ഉം.