വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു”

“യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു”

പൗലോ​സും ബർന്നബാ​സും താഴ്‌മയും സ്ഥിരോത്സാഹവും ധൈര്യ​വും പ്രകട​മാ​ക്കി

ആധാരം: പ്രവൃ​ത്തി​കൾ 14:1-28

1, 2. പൗലോ​സും ബർന്നബാ​സും ലുസ്‌ത്ര​യിൽ ആയിരി​ക്കെ എന്തെല്ലാം സംഭവങ്ങൾ അരങ്ങേ​റു​ന്നു?

 ശബ്ദകോ​ലാ​ഹ​ല​ങ്ങ​ളാൽ മുഖരി​ത​മാണ്‌ ലുസ്‌ത്ര. അപരി​ചി​ത​രായ രണ്ടു പേർ ജന്മനാ കാലിനു സ്വാധീ​ന​മി​ല്ലാത്ത ഒരു മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യ​തി​ന്റെ അമ്പരപ്പി​ലാണ്‌ ജനം. ആ മനുഷ്യ​നാ​കട്ടെ സന്തോ​ഷം​കൊണ്ട്‌ തുള്ളി​ച്ചാ​ടു​ക​യാണ്‌. ആ അപരി​ചി​തർ ദേവന്മാ​രാ​ണെ​ന്നു​തന്നെ ആളുകൾ കരുതു​ന്നു. സിയൂ​സി​ന്റെ പുരോ​ഹി​തൻ അവർക്കാ​യി ഇലക്കി​രീ​ടങ്ങൾ കൊണ്ടു​വ​രു​ക​യും കാളകളെ ബലിയർപ്പി​ക്കാൻ ഒരുങ്ങു​ക​യും ചെയ്യുന്നു. അതറിഞ്ഞ്‌ പൗലോ​സും ബർന്നബാ​സും തങ്ങളുടെ വസ്‌ത്രം കീറി​ക്കൊണ്ട്‌ ജനക്കൂ​ട്ട​ത്തി​ന്റെ ഇടയി​ലേക്ക്‌ ഓടി​ച്ചെന്ന്‌ തങ്ങളെ ആരാധി​ക്ക​രു​തെന്ന്‌ അവരോട്‌ അഭ്യർഥി​ക്കു​ന്നു. വളരെ ശ്രമം​ചെ​യ്‌താണ്‌ അവർ ജനത്തെ അതിൽനി​ന്നു പിന്തി​രി​പ്പി​ക്കു​ന്നത്‌.

2 ആ സമയത്താണ്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽനി​ന്നും ഇക്കോ​ന്യ​യിൽനി​ന്നും ഉള്ള ജൂതന്മാർ അവിടെ എത്തുന്നത്‌. അവർ പൗലോ​സി​നും ബർന്നബാ​സി​നും എതിരെ വിഷലി​പ്‌ത​മായ ദൂഷണങ്ങൾ പറഞ്ഞ്‌ ലുസ്‌ത്ര നിവാ​സി​ക​ളു​ടെ മനസ്സു​മാ​റ്റി. അങ്ങനെ, പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും ആരാധി​ക്കാൻ ഒരുങ്ങിയ ജനം നിമി​ഷ​നേ​രം​കൊണ്ട്‌ അവർക്കെ​തി​രെ തിരിഞ്ഞു. അവർ തങ്ങളുടെ കോപം അടങ്ങു​ന്ന​തു​വരെ പൗലോ​സി​നെ കല്ലെറി​ഞ്ഞു; പൗലോസ്‌ ബോധ​ര​ഹി​ത​നാ​യി. മുറി​വേറ്റ്‌ അവശനി​ല​യി​ലായ അദ്ദേഹം മരി​ച്ചെന്നു കരുതി അവർ അദ്ദേഹത്തെ വലിച്ചി​ഴച്ച്‌ പട്ടണത്തി​നു വെളി​യി​ലേക്കു കൊണ്ടു​പോ​യി.

3. ഏതെല്ലാം ചോദ്യ​ങ്ങ​ളാ​യി​രി​ക്കും ഈ അധ്യാ​യ​ത്തിൽ നാം പരിചി​ന്തി​ക്കു​ന്നത്‌?

3 നാടകീ​യ​മായ ഈ സംഭവ​ങ്ങ​ളി​ലേക്കു നയിച്ച​തെ​ന്താണ്‌? ബർന്നബാ​സും പൗലോ​സും ചഞ്ചലചി​ത്ത​രായ ലുസ്‌ത്ര നിവാ​സി​ക​ളും ഉൾപ്പെട്ട ഈ സംഭവ​ങ്ങ​ളിൽനിന്ന്‌ ഇന്നത്തെ രാജ്യ​ഘോ​ഷ​കർക്ക്‌ എന്തെല്ലാം പഠിക്കാ​നാ​കും? ‘യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊണ്ട്‌’ ശുശ്രൂ​ഷ​യിൽ സ്ഥിരോ​ത്സാ​ഹം കാണിച്ച ബർന്നബാ​സി​ന്റെ​യും പൗലോ​സി​ന്റെ​യും മാതൃക ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?—പ്രവൃ. 14:3.

‘വലി​യൊ​രു കൂട്ടം വിശ്വാ​സി​ക​ളാ​യി​ത്തീർന്നു’ (പ്രവൃ. 14:1-7)

4, 5. പൗലോ​സും ബർന്നബാ​സും ഇക്കോ​ന്യ​യി​ലേക്കു പോയത്‌ എന്തു​കൊണ്ട്‌, അവിടെ എന്തു സംഭവി​ച്ചു?

4 ഈ സംഭവ​ത്തിന്‌ കുറച്ചു ദിവസം മുമ്പാ​യി​രു​ന്നു റോമൻ നഗരമായ അന്ത്യോ​ക്യ​യി​ലെ (പിസി​ദ്യ​യി​ലേത്‌) ജൂത എതിരാ​ളി​കൾ പൗലോ​സി​നും ബർന്നബാ​സി​നും എതിരെ ഉപദ്രവം അഴിച്ചു​വി​ടു​ക​യും അവരെ അവി​ടെ​നി​ന്നു പുറത്താ​ക്കു​ക​യും ചെയ്‌തത്‌. എന്നാൽ അവർ ഒട്ടും നിരു​ത്സാ​ഹി​ത​രാ​യില്ല. പകരം, സന്തോ​ഷ​വാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാ​തി​രുന്ന അവിടത്തെ നിവാ​സി​കൾക്കു നേരെ തങ്ങളുടെ “കാലിലെ പൊടി . . . തട്ടിക്ക​ള​ഞ്ഞിട്ട്‌” അവർ അവി​ടെ​നി​ന്നും സമാധാ​ന​ത്തോ​ടെ പോയി. (പ്രവൃ. 13:50-52; മത്താ. 10:14) അവരുടെ ചെയ്‌തി​കൾക്ക്‌ ദൈവം അവരെ ന്യായം​വി​ധി​ക്കട്ടെ എന്നതാ​യി​രു​ന്നു ആ മിഷന​റി​മാ​രു​ടെ മനോ​ഭാ​വം. (പ്രവൃ. 18:5, 6; 20:26) പൗലോ​സും ബർന്നബാ​സും സന്തോ​ഷ​ത്തോ​ടെ തങ്ങളുടെ പ്രസംഗ പര്യടനം തുടർന്നു. അന്ത്യോ​ക്യ​യിൽനിന്ന്‌ ഏതാണ്ട്‌ 150 കിലോ​മീ​റ്റർ തെക്കു​കി​ഴ​ക്കോ​ട്ടു യാത്ര​ചെയ്‌ത അവർ റ്റോറസ്‌, സുൽത്താൻ മലനി​ര​കൾക്കി​ട​യിൽ സ്ഥിതി​ചെ​യ്യുന്ന ഫലഭൂ​യി​ഷ്‌ഠ​മായ ഒരു പീഠഭൂ​മി​യിൽ എത്തി​ച്ചേർന്നു.

5 പൗലോ​സും ബർന്നബാ​സും ആദ്യം പോയത്‌ ഇക്കോ​ന്യ​യി​ലേ​ക്കാണ്‌. റോമൻ സംസ്ഥാ​ന​മായ ഗലാത്യ​യി​ലെ ഒരു പ്രമുഖ പട്ടണമായ അവിടെ ഗ്രീക്ക്‌ സംസ്‌കാ​ര​മാണ്‌ നിലനി​ന്നി​രു​ന്നത്‌. a സമൂഹ​ത്തിൽ വലിയ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന ജൂതന്മാ​രും ജനതക​ളിൽനിന്ന്‌ ജൂതമ​ത​ത്തി​ലേക്കു പരിവർത്ത​നം​ചെയ്‌ത അനേകം ആളുക​ളും അവിടെ താമസി​ച്ചി​രു​ന്നു. തങ്ങളുടെ പതിവ​നു​സ​രിച്ച്‌ പൗലോ​സും ബർന്നബാ​സും അവി​ടെ​യുള്ള സിന​ഗോ​ഗിൽ ചെന്ന്‌ പ്രസം​ഗി​ക്കാൻ തുടങ്ങി. (പ്രവൃ. 13:5, 14) “വലി​യൊ​രു കൂട്ടം ജൂതന്മാ​രും ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അത്ര ഫലപ്ര​ദ​മാ​യാണ്‌ അവർ സംസാ​രി​ച്ചത്‌.”—പ്രവൃ. 14:1.

6. പൗലോ​സും ബർന്നബാ​സും ഫലപ്ര​ദ​രായ അധ്യാ​പ​ക​രാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ എങ്ങനെ അവരെ അനുക​രി​ക്കാം?

6 പൗലോ​സും ബർന്നബാ​സും പ്രസം​ഗി​ച്ച​വി​ധം അത്രമാ​ത്രം ഫലകര​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പൗലോ​സി​ന്റെ തിരു​വെ​ഴു​ത്തു പരിജ്ഞാ​നം അപാര​മാ​യി​രു​ന്നു. യേശു​വാണ്‌ വാഗ്‌ദത്ത മിശിഹ എന്നു തെളി​യി​ക്കു​ന്ന​തിന്‌ പൗലോസ്‌ ചരി​ത്ര​ത്തിൽനി​ന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും മോശ​യു​ടെ നിയമ​ത്തിൽനി​ന്നും ഉള്ള പരാമർശങ്ങൾ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചു. (പ്രവൃ. 13:15-31; 26:22, 23) അതേസ​മയം ആളുക​ളോ​ടുള്ള ആത്മാർഥ​മായ താത്‌പ​ര്യം പ്രതി​ഫ​ലി​ക്കു​ന്ന​താ​യി​രു​ന്നു ബർന്നബാ​സി​ന്റെ പ്രസംഗം. (പ്രവൃ. 4:36, 37; 9:27; 11:23, 24) സ്വന്തം ഗ്രാഹ്യ​ത്തിൽ ആശ്രയി​ക്കാ​തെ അവർ ഇരുവ​രും ‘യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താ​ലാണ്‌’ സംസാ​രി​ച്ചത്‌. പ്രസം​ഗ​വേ​ല​യിൽ നിങ്ങൾക്ക്‌ എങ്ങനെ ഈ മിഷന​റി​മാ​രെ അനുക​രി​ക്കാ​നാ​കും? അതിനാ​യി പിൻവ​രുന്ന കാര്യങ്ങൾ ചെയ്യുക: തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളു​മാ​യി നന്നായി പരിചി​ത​രാ​കുക. ശ്രോ​താ​ക്കൾക്ക്‌ താത്‌പ​ര്യ​ജ​ന​ക​മായ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. ആളുകൾക്ക്‌ ആശ്വാ​സം​പ​ക​രാ​നാ​കുന്ന പ്രാ​യോ​ഗി​ക​മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്കാ​തെ എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ വചനത്തെ ആധാര​മാ​ക്കി പഠിപ്പി​ക്കുക.

7. (എ) സന്തോ​ഷ​വാർത്ത എന്തു ഫലം ഉളവാ​ക്കു​ന്നു? (ബി) നിങ്ങൾ രാജ്യ​സ​ത്യം സ്വീക​രി​ച്ച​തി​ന്റെ​പേ​രിൽ കുടും​ബാം​ഗങ്ങൾ എതിർക്കു​ന്നെ​ങ്കിൽ എന്ത്‌ മനസ്സിൽപ്പി​ടി​ക്കാ​വു​ന്ന​താണ്‌?

7 പൗലോ​സും ബർന്നബാ​സും പറഞ്ഞത്‌ ഇക്കോ​ന്യ​യി​ലുള്ള എല്ലാവർക്കും അത്ര സ്വീകാ​ര്യ​മാ​യി​രു​ന്നില്ല. “വിശ്വ​സി​ക്കാ​തി​രുന്ന ജൂതന്മാർ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ മനസ്സിൽ വിദ്വേ​ഷം കുത്തി​വെച്ച്‌ അവരെ സഹോ​ദ​ര​ന്മാർക്കെ​തി​രെ ഇളക്കി​വി​ട്ടു” എന്ന്‌ ലൂക്കോസ്‌ പറയുന്നു. അതിനാൽ സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി പ്രതി​വാ​ദം ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ പൗലോ​സി​നും ബർന്നബാ​സി​നും തോന്നി. അതു​കൊണ്ട്‌ “യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊണ്ട്‌ കുറെ നാൾ അവി​ടെ​ത്തന്നെ താമസി​ച്ചു.” എന്നാൽ എന്തായി​രു​ന്നു ഫലം? “നഗരത്തി​ലെ ജനത്തിന്‌ ഇടയിൽ ചേരി​തി​രിവ്‌ ഉണ്ടായി. ചിലർ ജൂതന്മാ​രു​ടെ പക്ഷംപി​ടി​ച്ചു; മറ്റുള്ളവർ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 14:2-4) ഇന്നും സന്തോ​ഷ​വാർത്ത സമാന​മായ ഫലങ്ങൾ ഉളവാ​ക്കു​ന്നു. ചിലരു​ടെ കാര്യ​ത്തിൽ അത്‌ ഐക്യ​ത്തിന്‌ ഇടയാ​ക്കു​ന്നെ​ങ്കിൽ മറ്റു ചിലരു​ടെ കാര്യ​ത്തിൽ അത്‌ ഭിന്നത സൃഷ്ടി​ക്കു​ന്നു. (മത്താ. 10:34-36) നിങ്ങൾ രാജ്യ​സ​ത്യ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​ന്റെ​പേ​രിൽ കുടും​ബാം​ഗങ്ങൾ നിങ്ങളെ എതിർക്കു​ന്നു​ണ്ടോ? പലപ്പോ​ഴും അത്തരം പ്രതി​ക​രണം കേട്ടു​കേ​ഴ്‌വി​യു​ടെ​യോ നുണ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യോ ഫലമാ​യി​രി​ക്കാം. എന്നാൽ നിങ്ങൾക്ക്‌ അതിനെ എങ്ങനെ നേരി​ടാ​നാ​കും? നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ. കാലാ​ന്ത​ര​ത്തിൽ, എതിർക്കു​ന്ന​വ​രു​ടെ മനോ​ഭാ​വ​ത്തിന്‌ മാറ്റം​വ​രാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം.—1 പത്രോ. 2:12; 3:1, 2.

8. പൗലോ​സും ബർന്നബാ​സും ഇക്കോന്യ വിട്ട്‌ പോയത്‌ എന്തു​കൊണ്ട്‌, അവരുടെ മാതൃ​ക​യിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു?

8 കുറച്ചു നാളു​കൾക്കു​ശേഷം ഇക്കോ​ന്യ​യി​ലെ എതിരാ​ളി​കൾ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും കല്ലെറി​യാൻ പദ്ധതി​യി​ട്ടു. ഇതേക്കു​റിച്ച്‌ അറിഞ്ഞ ആ മിഷന​റി​മാർ പ്രസം​ഗി​ക്കു​ന്ന​തി​നാ​യി മറ്റു പ്രദേ​ശ​ങ്ങ​ളി​ലേക്കു പോയി. (പ്രവൃ. 14:5-7) ഇന്നും രാജ്യ​ഘോ​ഷകർ സമാന​മാ​യി വിവേ​ക​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. നമ്മെക്കു​റിച്ച്‌ ആരെങ്കി​ലും ആരോ​പണം ഉന്നയി​ക്കു​മ്പോൾ നാം സധൈ​ര്യം മറുപടി കൊടു​ക്കു​മെ​ന്നതു ശരിയാണ്‌. (ഫിലി. 1:7; 1 പത്രോ. 3:13-15) എന്നാൽ ആക്രമ​ണ​ഭീ​ഷണി ഉണ്ടാകു​മ്പോൾ, നമ്മു​ടെ​ത​ന്നെ​യോ സഹവി​ശ്വാ​സി​ക​ളു​ടെ​യോ ജീവൻ അനാവ​ശ്യ​മാ​യി അപകട​ത്തി​ലാ​ക്കാ​ത്ത​വി​ധ​ത്തിൽ നാം പ്രവർത്തി​ക്കും.—സുഭാ. 22:3.

‘ജീവനുള്ള ദൈവ​ത്തി​ലേക്കു തിരി​യുക’ (പ്രവൃ. 14:8-19)

9, 10. ലുസ്‌ത്ര സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌ എവി​ടെ​യാണ്‌, അവിടത്തെ നിവാ​സി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തറി​യാം?

9 പൗലോ​സും ബർന്നബാ​സും അടുത്ത​താ​യി പോയത്‌ ലുസ്‌ത്ര​യി​ലേ​ക്കാണ്‌. ഇക്കോ​ന്യക്ക്‌ തെക്കു​പ​ടി​ഞ്ഞാറ്‌, ഏതാണ്ട്‌ 30 കിലോ​മീ​റ്റർ അകലെ​യാ​യി സ്ഥിതി​ചെ​യ്‌തി​രുന്ന ഒരു റോമൻ അധിനി​വേ​ശ​പ്ര​ദേശം ആയിരു​ന്നു അത്‌. ലുസ്‌ത്ര​യും പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യും തമ്മിൽ അടുത്ത ബന്ധം പുലർത്തി​യി​രു​ന്നു. എന്നാൽ അന്ത്യോ​ക്യ​യി​ലുള്ള അത്രയും ജൂതന്മാർ ലുസ്‌ത്ര​യിൽ ഉണ്ടായി​രു​ന്നില്ല. ലുസ്‌ത്ര​യി​ലു​ള്ളവർ ഗ്രീക്ക്‌ സംസാ​രി​ച്ചി​രി​ക്കാ​നാണ്‌ സാധ്യ​ത​യെ​ങ്കി​ലും അവരുടെ മാതൃ​ഭാഷ ലുക്ക​വോ​ന്യ ആയിരു​ന്നു. ആ പട്ടണത്തിൽ സിന​ഗോഗ്‌ ഇല്ലായി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം, പൗലോ​സും ബർന്നബാ​സും പൊതു​സ്ഥ​ലത്തു പോയാണ്‌ പ്രസം​ഗി​ച്ചത്‌. യരുശ​ലേ​മിൽവെച്ച്‌ പത്രോസ്‌ ജന്മനാ മുടന്ത​നായ ഒരാളെ സുഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ലുസ്‌ത്ര​യിൽ ഇപ്പോൾ പൗലോ​സും ജന്മനാ കാലിനു സ്വാധീ​ന​മി​ല്ലാത്ത ഒരാളെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പ്രവൃ. 14:8-10) അന്ന്‌ പത്രോസ്‌ പ്രവർത്തിച്ച അത്ഭുതം കണ്ട്‌ അനേകർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നി​രു​ന്നു. (പ്രവൃ. 3:1-10) എന്നാൽ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു ലുസ്‌ത്ര​യി​ലെ ജനങ്ങളു​ടെ പ്രതി​ക​രണം.

10 ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ വിവരി​ച്ച​തു​പോ​ലെ കാലിനു സ്വാധീ​ന​മി​ല്ലാത്ത ആ മനുഷ്യൻ എഴു​ന്നേറ്റ്‌ നടക്കാൻ തുടങ്ങി​യ​പ്പോൾ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചി​രുന്ന ലുസ്‌ത്ര​യി​ലെ ജനങ്ങൾ തെറ്റായ ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നു. ബർന്നബാസ്‌ അവരുടെ മുഖ്യ​ദേ​വ​നായ സിയൂസ്‌ ആണെന്നും പൗലോസ്‌, സിയൂ​സി​ന്റെ പുത്ര​നും ദേവന്മാ​രു​ടെ വക്താവും ആയ ഹെർമിസ്‌ ആണെന്നും അവർ ധരിച്ചു. (“ ലുസ്‌ത്ര​യും സിയൂ​സി​ന്റെ​യും ഹെർമി​സി​ന്റെ​യും ആരാധ​ന​യും” എന്ന ചതുരം കാണുക.) എന്നാൽ തങ്ങൾ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌തത്‌ ഏകസത്യ​ദൈ​വ​മായ യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താ​ലാണ്‌, വ്യാജ​ദൈ​വ​ങ്ങ​ളു​ടെ പിന്തു​ണ​യാ​ലല്ല എന്ന്‌ എങ്ങനെ​യും അവരെ ബോധ്യ​പ്പെ​ടു​ത്താൻ പൗലോ​സും ബർന്നബാ​സും പരമാ​വധി ശ്രമിച്ചു.—പ്രവൃ. 14:11-14.

‘ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശ​വും ഭൂമി​യും സൃഷ്ടിച്ച ജീവനുള്ള ദൈവ​ത്തി​ലേക്കു തിരി​യുക.’—പ്രവൃ​ത്തി​കൾ 14:15

11-13. (എ) ലുസ്‌ത്ര നിവാ​സി​ക​ളോട്‌ പൗലോ​സും ബർന്നബാ​സും എന്തു പറഞ്ഞു? (ബി) പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും പ്രസ്‌താ​വ​ന​യിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കുന്ന ഒരു പാഠ​മെന്ത്‌?

11 നാടകീ​യ​മായ സംഭവങ്ങൾ അരങ്ങേ​റിയ ആ സാഹച​ര്യ​ത്തി​ലും ശ്രോ​താ​ക്ക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കും​വി​ധം സംസാ​രി​ക്കാൻ പൗലോ​സും ബർന്നബാ​സും ശ്രമിച്ചു. ഈ സംഭവം രേഖ​പ്പെ​ടു​ത്തു​ക​വഴി ക്രൈ​സ്‌ത​വ​ര​ല്ലാ​ത്ത​വ​രോട്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ഫലപ്ര​ദ​മായ ഒരു മാർഗ​മാണ്‌ ലൂക്കോസ്‌ നമുക്കു കാണി​ച്ചു​ത​രു​ന്നത്‌. പൗലോ​സും ബർന്നബാ​സും സംസാ​രി​ച്ചത്‌ എങ്ങനെ​യെന്ന്‌ ശ്രദ്ധി​ക്കുക: “പുരു​ഷ​ന്മാ​രേ, നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌? ഞങ്ങളും നിങ്ങ​ളെ​പ്പോ​ലുള്ള സാധാ​ര​ണ​മ​നു​ഷ്യ​രാണ്‌. നിങ്ങൾ ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശ​വും ഭൂമി​യും കടലും അവയി​ലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവ​ത്തി​ലേക്കു തിരി​യാൻവേ​ണ്ടി​യാ​ണു ഞങ്ങൾ നിങ്ങ​ളോട്‌ ഈ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌. കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം എല്ലാ ജനതക​ളെ​യും സ്വന്തം ഇഷ്ടം​പോ​ലെ ജീവി​ക്കാൻ അനുവ​ദി​ച്ചു; എന്നാൽ അന്നും ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല. ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങ​ളും നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”—പ്രവൃ. 14:15-17.

12 ചിന്തോ​ദ്ദീ​പ​ക​മായ ആ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും? ഒന്നാമ​താ​യി, ലുസ്‌ത്ര​യി​ലു​ള്ള​വ​രെ​ക്കാൾ തങ്ങൾ ഏതെങ്കി​ലും വിധത്തിൽ ഉന്നതരാ​ണെന്ന്‌ പൗലോ​സും ബർന്നബാ​സും ഒരിക്ക​ലും കരുതി​യില്ല; മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന ഭാവ​ത്തോ​ടെ അവർ ഇടപെ​ട്ടു​മില്ല. പകരം, ജനതക​ളിൽപ്പെട്ട അവരെ​പ്പോ​ലെ​തന്നെ തങ്ങളും ബലഹീ​ന​ത​ക​ളു​ള്ള​വ​രാ​ണെന്ന്‌ അവർ താഴ്‌മ​യോ​ടെ തുറന്നു​പ​റഞ്ഞു. വാസ്‌ത​വ​ത്തിൽ, പൗലോ​സി​നും ബർന്നബാ​സി​നും പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ക​യും അതു​പോ​ലെ​തന്നെ അവർ വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളിൽനിന്ന്‌ മുക്തരാ​കു​ക​യും ചെയ്‌തി​രു​ന്നു. കൂടാതെ, ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള മഹത്തായ പ്രത്യാ​ശ​യും അവർക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ ലുസ്‌ത്ര​യി​ലു​ള്ള​വർക്കും ക്രിസ്‌തു​വി​നെ അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ ഇതേ അനു​ഗ്ര​ഹങ്ങൾ നേടാ​നാ​കു​മെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു.

13 വയലിൽ നാം കണ്ടുമു​ട്ടു​ന്ന​വ​രോ​ടുള്ള നമ്മുടെ മനോ​ഭാ​വം എങ്ങനെ​യു​ള്ള​താണ്‌? അവരെ നമുക്കു തുല്യ​രാ​യാ​ണോ നാം കാണു​ന്നത്‌? ദൈവ​വ​ച​ന​ത്തി​ലെ സത്യം പഠിക്കാൻ നാം ആളുകളെ സഹായി​ക്കു​മ്പോൾ, പൗലോ​സും ബർന്നബാ​സും ചെയ്‌ത​തു​പോ​ലെ, അതിരു​ക​വിഞ്ഞ പ്രശം​സ​യും പുകഴ്‌ച​യും സ്വീക​രി​ക്കാ​തി​രി​ക്കാൻ നാം ശ്രദ്ധി​ക്കു​ന്നു​ണ്ടോ? 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തി​ലും 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തി​ലും പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം വഹിച്ച ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ഇക്കാര്യ​ത്തിൽ നല്ലൊരു മാതൃ​ക​യാണ്‌. വിദഗ്‌ധ​നായ ഒരു ബൈബി​ളു​പ​ദേ​ശ​ക​നാ​യി​രുന്ന അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങളെ​യോ ഞങ്ങൾ എഴുതുന്ന കാര്യ​ങ്ങ​ളെ​യോ ആരും ഭക്ത്യാ​ദ​ര​ങ്ങ​ളോ​ടെ വീക്ഷി​ക്ക​രുത്‌; ഞങ്ങളെ ആരും അഭിവ​ന്ദ്യ​രെ​ന്നോ റബ്ബിമാ​രെ​ന്നോ അഭിസം​ബോ​ധന ചെയ്യാ​നും ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നില്ല.” പൗലോ​സി​നും ബർന്നബാ​സി​നും ഉണ്ടായി​രു​ന്ന​തു​പോ​ലുള്ള താഴ്‌മ​യാണ്‌ റസ്സൽ സഹോ​ദ​രന്റെ ഈ വാക്കു​ക​ളിൽ ദൃശ്യ​മാ​കു​ന്നത്‌. സമാന​മാ​യി, പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​മ്പോൾ നമ്മുടെ ലക്ഷ്യം സ്വന്തം മഹത്ത്വം തേടുക എന്നതല്ല, “ജീവനുള്ള ദൈവ​ത്തി​ലേക്കു” തിരി​യാൻ ആളുകളെ സഹായി​ക്കുക എന്നതാണ്‌.

14-16. ലുസ്‌ത്ര നിവാ​സി​ക​ളോ​ടു പൗലോ​സും ബർന്നബാ​സും പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ നാം പഠിക്കുന്ന രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും പാഠങ്ങൾ എന്തെല്ലാം?

14 അവരുടെ പ്രഭാ​ഷ​ണ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കുന്ന രണ്ടാമത്തെ പാഠം എന്താണ്‌? അവർ ഇരുവ​രും സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ സമീപ​ന​ത്തിൽ മാറ്റം​വ​രു​ത്താൻ തയ്യാറാ​യി. ഇക്കോ​ന്യ​യി​ലുള്ള ജൂത​രെ​യും ജൂതമതം സ്വീക​രി​ച്ച​വ​രെ​യും​പോ​ലെ ആയിരു​ന്നില്ല ലുസ്‌ത്ര​യി​ലെ ആളുകൾ. ഇവർക്ക്‌ തിരു​വെ​ഴു​ത്തു​ക​ളെ​യും ഇസ്രാ​യേൽ ജനതയു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളെ​യും കുറിച്ച്‌ കാര്യ​മായ അറി​വൊ​ന്നും ഉണ്ടായി​രു​ന്നില്ല. എന്നാൽ ഇവരിൽ പലരും കൃഷി തൊഴി​ലാ​ക്കി​യവർ ആയിരു​ന്നു. നല്ല കാലാ​വ​സ്ഥ​യും ഫലഭൂ​യി​ഷ്‌ഠ​മായ കൃഷി​യി​ട​ങ്ങ​ളും കൊണ്ട്‌ അനുഗൃ​ഹീ​ത​മാ​യി​രു​ന്നു ലുസ്‌ത്ര. അതു​കൊ​ണ്ടു​തന്നെ ഫലസമൃ​ദ്ധ​മായ കാലങ്ങൾ ഉൾപ്പെടെ സ്രഷ്ടാ​വി​ന്റെ മഹനീ​യ​ഗു​ണങ്ങൾ വിളി​ച്ചോ​തുന്ന ധാരാളം തെളി​വു​കൾ അവർക്കു കാണാൻ കഴിഞ്ഞി​രു​ന്നു. അതിനാൽ അതിനെ ആസ്‌പ​ദ​മാ​ക്കി ആ മിഷന​റി​മാർ അവരോ​ടു സംസാ​രി​ച്ചു.—റോമ. 1:19, 20.

15 നമുക്കും അവരെ​പ്പോ​ലെ സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ സമീപ​ന​ത്തിൽ മാറ്റം​വ​രു​ത്താൻ കഴിയു​മോ? പല നിലങ്ങ​ളുള്ള ഒരു കൃഷി​ക്കാ​രൻ ഒരേതരം വിത്താണ്‌ തന്റെ വയലു​ക​ളി​ലെ​ല്ലാം വിതയ്‌ക്കു​ന്ന​തെ​ങ്കി​ലും ഓരോ നിലത്തി​ന്റെ​യും സ്വഭാ​വ​മ​നു​സ​രി​ച്ചാ​യി​രി​ക്കും അയാൾ നിലം ഒരുക്കു​ന്നത്‌. വിത്തു വിതയ്‌ക്കാൻ പാകത്തിന്‌ ഇളക്കമുള്ള മണ്ണായി​രി​ക്കും ചില വയലു​ക​ളി​ലേത്‌. മറ്റു വയലു​ക​ളു​ടെ കാര്യ​ത്തിൽ, കൂടുതൽ ശ്രമം​ചെ​യ്‌ത്‌ നിലം ഒരു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. സമാന​മാ​യി, നാം വിതയ്‌ക്കുന്ന വിത്ത്‌ എപ്പോ​ഴും ഒന്നുത​ന്നെ​യാണ്‌—ദൈവ​വ​ച​ന​ത്തി​ലെ രാജ്യ​സ​ന്ദേശം. എന്നിരു​ന്നാ​ലും പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും പോലെ നാമും ആളുക​ളു​ടെ സാഹച​ര്യ​ങ്ങ​ളും മതപശ്ചാ​ത്ത​ല​വും കണക്കി​ലെ​ടു​ക്കു​ക​യും അതിന​നു​സ​രി​ച്ചു രാജ്യ​സ​ന്ദേശം അവതരി​പ്പി​ക്കു​ക​യും വേണം.—ലൂക്കോ. 8:11, 15.

16 പൗലോ​സും ബർന്നബാ​സും ലുസ്‌ത്ര നിവാ​സി​ക​ളും ഉൾപ്പെട്ട വിവര​ണ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കുന്ന മൂന്നാ​മ​തൊ​രു പാഠമുണ്ട്‌. നമ്മൾ എത്രതന്നെ ശ്രമം​ചെ​യ്‌താ​ലും, നാം വിതയ്‌ക്കുന്ന രാജ്യ​വിത്ത്‌ ചില​പ്പോൾ ആളുക​ളു​ടെ ‘ഹൃദയ​ത്തിൽനിന്ന്‌ എടുത്തു​മാ​റ്റ​പ്പെ​ട്ടേ​ക്കാം;’ അല്ലെങ്കിൽ അത്‌ വീഴു​ന്നത്‌ ‘പാറസ്ഥ​ല​ത്താ​യി​രി​ക്കാം.’ (മത്താ. 13:18-21) അങ്ങനെ സംഭവി​ച്ചാ​ലും നിരാ​ശ​പ്പെ​ടേ​ണ്ട​തില്ല. റോമി​ലെ ശിഷ്യ​ന്മാ​രെ പിന്നീ​ടൊ​രി​ക്കൽ പൗലോസ്‌ ഓർമി​പ്പി​ച്ച​തു​പോ​ലെ, ‘ഓരോ​രു​ത്ത​രും (നാം ആരോ​ടൊത്ത്‌ ബൈബിൾ ചർച്ചകൾ നടത്തു​ന്നു​വോ അവർ ഉൾപ്പെടെ) ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌.’—റോമ. 14:12.

‘അവർ യഹോ​വ​യിൽ അവരെ ഭരമേൽപ്പി​ച്ചു’ (പ്രവൃ. 14:20-28)

17. ദർബ്ബെ​യിൽനിന്ന്‌ പൗലോ​സും ബർന്നബാ​സും എങ്ങോ​ട്ടാ​ണു പോയത്‌, എന്തു​കൊണ്ട്‌?

17 ലുസ്‌ത്ര​യി​ലു​ള്ളവർ പൗലോ​സി​നെ കല്ലെറി​യു​ക​യും അദ്ദേഹം മരി​ച്ചെന്നു കരുതി പട്ടണത്തി​നു പുറ​ത്തേക്കു വലിച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ നാം നേരത്തേ കണ്ടല്ലോ. തുടർന്ന്‌ ശിഷ്യ​ന്മാർ ചുറ്റും കൂടി​യ​പ്പോൾ പൗലോസ്‌ എഴു​ന്നേറ്റ്‌ പട്ടണത്തിൽ ചെന്ന്‌ അവിടെ രാത്രി കഴിച്ചു. പിറ്റേന്ന്‌ പൗലോ​സും ബർന്നബാ​സും അവി​ടെ​നിന്ന്‌ 100 കിലോ​മീ​റ്റർ അകലെ​യുള്ള ദർബ്ബെ​യി​ലേക്കു യാത്ര​യാ​യി. ഏതാനും മണിക്കൂർമുമ്പ്‌ കല്ലേ​റേറ്റ്‌ അവശനി​ല​യി​ലായ പൗലോ​സിന്‌ ഈ യാത്ര എത്ര ദുഷ്‌ക​ര​മാ​യി​രു​ന്നി​രി​ക്കണം എന്നൊന്നു ചിന്തിച്ചു നോക്കൂ! എന്നാൽ അതൊ​ന്നും കാര്യ​മാ​ക്കാ​തെ പൗലോ​സും ബർന്നബാ​സും യാത്ര തുടർന്നു. ദർബ്ബെ​യി​ലെ​ത്തിയ അവർ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും “കുറെ പേരെ ശിഷ്യ​രാ​ക്കു​ക​യും” ചെയ്‌തു. അവി​ടെ​നിന്ന്‌ എളുപ്പ​വ​ഴി​യാ​യി നേരെ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്ക്‌—അവിടം ആസ്ഥാന​മാ​ക്കി​യാണ്‌ അവർ പ്രവർത്തി​ച്ചി​രു​ന്നത്‌—പോകു​ന്ന​തി​നു പകരം “അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോ​ക്യ (പിസി​ദ്യ​യി​ലെ) എന്നിവി​ട​ങ്ങ​ളി​ലേക്കു മടങ്ങി​ച്ചെന്നു.” ‘അവി​ടെ​യുള്ള ശിഷ്യ​ന്മാ​രെ വിശ്വാ​സ​ത്തിൽ നിലനിൽക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും’ ആയിരു​ന്നു അവർ അങ്ങനെ ചെയ്‌തത്‌. (പ്രവൃ. 14:20-22) എത്ര വിശിഷ്ട മാതൃക! സ്വന്തം സുഖ​ത്തെ​ക്കാൾ സഭയുടെ താത്‌പ​ര്യ​ങ്ങൾക്ക്‌ അവർ പ്രാധാ​ന്യം കല്പിച്ചു. ഇന്നത്തെ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രും മിഷന​റി​മാ​രും അവരുടെ അതേ മാതൃക പിൻപ​റ്റു​ന്നു.

18. മൂപ്പന്മാ​രെ നിയമി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

18 പൗലോ​സും ബർന്നബാ​സും തങ്ങളുടെ വാക്കു​ക​ളാ​ലും മാതൃ​ക​യാ​ലും ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തി​യ​തി​നു പുറമേ ‘അവർക്കു​വേണ്ടി ഓരോ സഭയി​ലും മൂപ്പന്മാ​രെ നിയമി​ക്കു​ക​യും’ ചെയ്‌തു. ഈ മിഷനറി പര്യട​ന​ത്തി​നാ​യി പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും ‘പരിശു​ദ്ധാ​ത്മാ​വാണ്‌ അയച്ചത്‌.’ എന്നിട്ടും ‘യഹോ​വ​യിൽ അവരെ (മൂപ്പന്മാ​രെ) ഭരമേൽപ്പി​ച്ച​പ്പോൾ’ അവർ ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 13:1-4; 14:23) അതേ മാതൃ​ക​യാണ്‌ ഇന്നത്തെ ക്രിസ്‌തീയ സഭയി​ലും പിൻപ​റ്റു​ന്നത്‌. ഒരു സഹോ​ദ​രനെ സേവന​പ​ദ​വി​യി​ലേക്കു ശുപാർശ​ചെ​യ്യു​ന്ന​തി​നു മുമ്പ്‌ സഭയിലെ മൂപ്പന്മാ​രു​ടെ സംഘം അദ്ദേഹ​ത്തി​ന്റെ തിരു​വെ​ഴു​ത്തു യോഗ്യ​തകൾ പ്രാർഥ​നാ​പൂർവം വിലയി​രു​ത്തു​ന്നു. (1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9; യാക്കോ. 3:17, 18; 1 പത്രോ. 5:2, 3) ഒരാൾ എത്രകാ​ല​മാ​യി വിശ്വാ​സ​ത്തി​ലാണ്‌ എന്നതല്ല അത്തരം നിയമ​ന​ങ്ങൾക്കുള്ള പ്രധാന അടിസ്ഥാ​നം. അദ്ദേഹ​ത്തി​ന്റെ സംസാ​ര​വും നടത്തയും എങ്ങനെ​യു​ള്ള​താണ്‌, അദ്ദേഹ​ത്തിന്‌ എങ്ങനെ​യുള്ള പേരാ​ണു​ള്ളത്‌ എന്നതെ​ല്ലാം കണക്കി​ലെ​ടു​ക്കും; കാരണം അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തിൽ പരിശു​ദ്ധാ​ത്മാവ്‌ ഏതള​വോ​ളം പ്രവർത്തി​ക്കു​ന്നു എന്നതിനു തെളിവു നൽകുന്ന ഘടകങ്ങ​ളാണ്‌ അവ. മേൽവി​ചാ​ര​ക​ന്മാർക്കുള്ള തിരു​വെ​ഴു​ത്തു യോഗ്യ​ത​ക​ളിൽ അദ്ദേഹം എത്തി​ച്ചേ​രു​ന്നു​ണ്ടോ എന്നതിനെ ആശ്രയി​ച്ചാണ്‌ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കു​ന്ന​തിന്‌ അദ്ദേഹം യോഗ്യ​നാ​ണോ എന്നു തീരു​മാ​നി​ക്ക​പ്പെ​ടു​ന്നത്‌. (ഗലാ. 5:22, 23) സഹോ​ദ​ര​ങ്ങളെ സേവന​പ​ദ​വി​ക​ളി​ലേക്കു നിയമി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാണ്‌.—1 തിമൊ​ഥെ​യൊസ്‌ 5:22 താരത​മ്യം ചെയ്യുക.

19. മൂപ്പന്മാർ എന്തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​രാണ്‌, അവർ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും എങ്ങനെ അനുക​രി​ക്കു​ന്നു?

19 സഭയെ എങ്ങനെ പരിപാ​ലി​ക്കു​ന്നു എന്നതു സംബന്ധിച്ച്‌ തങ്ങൾ ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​രാ​ണെന്ന്‌ മൂപ്പന്മാർക്ക്‌ അറിയാം. (എബ്രാ. 13:17) പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും പോലെ ഇന്നത്തെ മൂപ്പന്മാ​രും പ്രസം​ഗ​വേ​ല​യ്‌ക്ക്‌ നേതൃ​ത്വം വഹിക്കു​ന്നു. സഹവി​ശ്വാ​സി​കളെ അവർ വാക്കു​കൾകൊണ്ട്‌ ബലപ്പെ​ടു​ത്തു​ന്നു. സ്വന്തം സുഖസൗ​ക​ര്യ​ങ്ങ​ളെ​ക്കാൾ സഭയുടെ താത്‌പ​ര്യ​ങ്ങൾക്കു മുൻതൂ​ക്കം നൽകാൻ അവർ സദാ സന്നദ്ധരാണ്‌.—ഫിലി. 2:3, 4.

20. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വസ്‌ത സേവന​ത്തെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​കൾ വായി​ക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

20 ഒടുവിൽ പൗലോ​സും ബർന്നബാ​സും സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ “തങ്ങളി​ലൂ​ടെ ദൈവം ചെയ്‌ത പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജനതക​ളിൽപ്പെ​ട്ട​വർക്കു ദൈവം വിശ്വാ​സ​ത്തി​ന്റെ വാതിൽ തുറന്നു​കൊ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും വിവരി​ച്ചു.” (പ്രവൃ. 14:27) നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വസ്‌ത സേവന​ത്തെ​ക്കു​റി​ച്ചും അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ച​തി​നെ​ക്കു​റി​ച്ചും വായി​ക്കു​മ്പോൾ ‘യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കാൻ’ നാമും പ്രോ​ത്സാ​ഹി​ത​രാ​കു​ന്നി​ല്ലേ?