വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 1

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

‘എങ്ങനെയാ ഞാൻ ഉണ്ടായത്‌?’ കുട്ടി​യാ​യി​രു​ന്ന​പ്പോൾ നിങ്ങൾ അമ്മയോ​ടോ അച്ഛനോ​ടോ അങ്ങനെ ചോദി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്തായി​രു​ന്നു അപ്പോൾ അവരുടെ പ്രതി​ക​രണം? ഒന്നുകിൽ അവർ ആ ചോദ്യം കേട്ടി​ല്ലെന്നു നടിച്ചി​രി​ക്കും; അല്ലെങ്കിൽ എന്തെങ്കി​ലു​മൊ​ക്കെ പറഞ്ഞ്‌ ഒഴിഞ്ഞു​മാ​റി​യി​രി​ക്കും. അതുമ​ല്ലെ​ങ്കിൽ വിചി​ത്ര​മായ ചില കഥക​ളൊ​ക്കെ പറഞ്ഞു​കേൾപ്പി​ച്ചി​രി​ക്കും. എന്നാൽ പിന്നീട്‌ നിങ്ങൾക്കു മനസ്സി​ലാ​യി അതി​ലൊ​ന്നും വാസ്‌ത​വ​മി​ല്ലാ​യി​രു​ന്നു​വെന്ന്‌. അതെ, മുതിർന്നു​വ​രു​ന്ന​തോ​ടെ ഏതൊരു കുട്ടി​യും ലൈം​ഗി​ക​പ്ര​ത്യു​ത്‌പാ​ദ​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കും.

കുഞ്ഞുങ്ങൾ എങ്ങനെ​യാണ്‌ ഉണ്ടാകു​ന്ന​തെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ വിമുഖത കാണി​ക്കുന്ന മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ​ത​ന്നെ​യാണ്‌ ഇന്നത്തെ പല ശാസ്‌ത്ര​ജ്ഞ​രും. അതിലും പ്രാധാ​ന്യ​മേ​റിയ ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌, അതായത്‌ ജീവൻ എങ്ങനെ ഉണ്ടായി എന്നതി​നെ​ക്കു​റിച്ച്‌ ചർച്ച​ചെ​യ്യാൻ അവർക്കു മടിയാണ്‌. എന്നാൽ ആ ചോദ്യ​ത്തിന്‌ വിശ്വ​സ​നീ​യ​മായ ഉത്തരം ലഭിക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌; കാരണം, ഒരുവന്റെ ജീവി​ത​വീ​ക്ഷ​ണ​ത്തെ​ത്തന്നെ അതിനു ശക്തമായി സ്വാധീ​നി​ക്കാ​നാ​കും. അങ്ങനെ​യെ​ങ്കിൽ, ജീവൻ ഉത്ഭവി​ച്ചത്‌ എങ്ങനെ​യാണ്‌?

ബീജസം​യോ​ഗം നടന്ന മനുഷ്യാ​ണ്ഡ​കോ​ശം, ഏതാണ്ട്‌ 800 മടങ്ങ്‌ വലുപ്പ​ത്തിൽ കാണിച്ചിരിക്കുന്നു

പല ശാസ്‌ത്ര​ജ്ഞ​രും പറയു​ന്നത്‌: കോടാ​നു​കോ​ടി വർഷങ്ങൾക്കു​മുമ്പ്‌, സമു​ദ്ര​ത്തി​ന്റെ അഗാധ​ങ്ങ​ളിൽ എവി​ടെ​യെ​ങ്കി​ലും അല്ലെങ്കിൽ വേലി​യേ​റ്റ​ത്തി​ന്റെ ഫലമായി സമു​ദ്ര​ജലം വന്നുനി​റഞ്ഞ ഒരു കുഴി​യിൽ (tidal pool) ജീവൻ ആവിർഭ​വി​ച്ചു എന്നാണ്‌ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കുന്ന പലരും പറയു​ന്നത്‌. അത്തര​മൊ​രു സ്ഥലത്ത്‌ രാസപ​ദാർഥങ്ങൾ ആകസ്‌മി​ക​മാ​യി കൂടി​ച്ചേർന്ന്‌ കുമി​ള​രൂ​പം​പ്രാ​പിച്ച്‌, സങ്കീർണ​മായ തന്മാ​ത്രകൾ ഉണ്ടാകു​ക​യും അവ സ്വയം ഇരട്ടി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു​വെന്ന്‌ അവർ കരുതു​ന്നു. അങ്ങനെ ആദ്യമാ​യി രൂപം​കൊണ്ട ഒന്നോ അതില​ധി​ക​മോ ‘ലഘു’ കോശ​ങ്ങ​ളിൽനി​ന്നാണ്‌ ഇന്നു ഭൂമി​യിൽ കാണുന്ന ജീവജാ​ല​ങ്ങ​ളെ​ല്ലാം ഉണ്ടായ​തെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു.

എന്നാൽ പരിണാ​മത്തെ പിന്താ​ങ്ങുന്ന മറ്റുചില ശാസ്‌ത്രജ്ഞർ ഈ വാദ​ത്തോട്‌ വിയോ​ജി​ക്കു​ന്നു. ആദിമ കോശങ്ങൾ അല്ലെങ്കിൽ അവയുടെ മുഖ്യ​ഘ​ട​ക​ങ്ങ​ളെ​ങ്കി​ലും ബഹിരാ​കാ​ശ​ത്തു​നി​ന്നു ഭൂമി​യിൽ എത്തി​ച്ചേർന്ന​താ​യി​രി​ക്കാ​മെന്ന്‌ അവർ അനുമാ​നി​ക്കു​ന്നു. അജൈവ തന്മാ​ത്ര​ക​ളിൽനിന്ന്‌ ജീവൻ ഉത്ഭവി​ക്കു​മെന്നു തെളി​യി​ക്കാൻ എത്ര ശ്രമി​ച്ചി​ട്ടും ശാസ്‌ത്ര​ജ്ഞർക്കു കഴിഞ്ഞി​ട്ടില്ല എന്നതാണ്‌ അതിന്‌ അവർ പറയുന്ന കാരണം. അവരുടെ ഈ വിഷമ​സ​ന്ധി​യെ വെളി​പ്പെ​ടു​ത്തു​ന്ന​താണ്‌ ജീവശാ​സ്‌ത്ര പ്രൊ​ഫ​സ​റായ അലക്‌സാ​ണ്ട്രെ മെനെഷ്‌ 2008-ൽ നടത്തിയ ഒരു പ്രസ്‌താ​വന. കഴിഞ്ഞ 50-ലധികം വർഷത്തെ കാര്യ​മെ​ടു​ത്താൽ, “ഒരു തന്മാ​ത്രീയ സൂപ്പിൽനിന്ന്‌ ജീവൻ തനിയെ ഉരുത്തി​രി​ഞ്ഞു​വെന്ന അനുമാ​നത്തെ പിന്താ​ങ്ങുന്ന വസ്‌തു​നി​ഷ്‌ഠ​മായ യാതൊ​രു തെളി​വും ലഭിച്ചി​ട്ടി​ല്ലെ​ന്നും അങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലേക്കു നയിക്കുന്ന എടുത്തു​പ​റ​യത്തക്ക ശാസ്‌ത്രീയ മുന്നേ​റ്റ​ങ്ങ​ളൊ​ന്നും ഇതുവരെ ഉണ്ടായി​ട്ടി​ല്ലെ​ന്നും” അദ്ദേഹം പറയു​ക​യു​ണ്ടാ​യി.1

തെളിവുകൾ വെളി​പ്പെ​ടു​ത്തു​ന്നത്‌: കുഞ്ഞുങ്ങൾ എങ്ങനെ​യാണ്‌ ഉണ്ടാകു​ന്നത്‌ എന്നതു സംബന്ധിച്ച്‌ ആളുകൾക്ക്‌ വ്യക്തമായ ഒരു ധാരണ​യുണ്ട്‌. അസ്‌തി​ത്വ​ത്തിൽ ഉള്ള ഒരു ജീവനിൽനി​ന്നു മാത്രമേ പുതി​യൊ​രു ജീവൻ നാമ്പെ​ടു​ക്കു​ക​യു​ള്ളൂ. എന്നാൽ യുഗങ്ങൾക്കു​മുമ്പ്‌ എന്നോ ഒരിക്കൽ, ഈ അടിസ്ഥാ​ന​ത​ത്ത്വം ലംഘി​ക്ക​പ്പെ​ടു​ക​യും അങ്ങനെ അജൈവ രാസപ​ദാർഥ​ങ്ങ​ളിൽനിന്ന്‌ ജീവൻ ആകസ്‌മി​ക​മാ​യി ഉളവാ​കു​ക​യും ചെയ്‌തി​രി​ക്കു​മോ? അങ്ങനെ സംഭവി​ക്കാ​നുള്ള സാധ്യത എത്ര​ത്തോ​ള​മുണ്ട്‌?

ഒരു കോശ​ത്തി​ന്റെ നിലനിൽപ്പിന്‌ സങ്കീർണ​മായ മൂന്നു​തരം തന്മാ​ത്ര​ക​ളെ​ങ്കി​ലും—ഡിഎൻഎ (ഡീഓ​ക്‌സി​റൈ​ബോ ന്യൂക്ലിക്‌ ആസിഡ്‌), ആർഎൻഎ (റൈബോ ന്യൂക്ലിക്‌ ആസിഡ്‌), പ്രോ​ട്ടീൻ—ഒരുമി​ച്ചു പ്രവർത്തി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌. രാസപ​ദാർഥ​ങ്ങ​ളു​ടെ ഒരു മിശ്രി​ത​ത്തിൽനിന്ന്‌ ഒരു സമ്പൂർണ ജൈവ​കോ​ശം പെട്ടെന്ന്‌ യാദൃ​ച്ഛി​ക​മാ​യി രൂപ​പ്പെ​ട്ടു​വെന്ന്‌ ശാസ്‌ത്ര​ജ്ഞ​രിൽ അധിക​മാ​രും ഇന്നു വിശ്വ​സി​ക്കു​ന്നില്ല. ഇനി, ആർഎൻഎ-യോ പ്രോ​ട്ടീ​നോ യാദൃ​ച്ഛി​ക​മാ​യി ഉണ്ടാകാ​നുള്ള സാധ്യത എത്ര​ത്തോ​ള​മുണ്ട്‌? *

സ്റ്റാൻലി മില്ലർ, 1953

1953-ൽ സ്റ്റാൻലി എൽ. മില്ലർ നടത്തിയ ഒരു പരീക്ഷ​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌, ജീവൻ ആകസ്‌മി​ക​മാ​യി ഉണ്ടാകാൻ സാധ്യ​ത​യു​ണ്ടെന്ന്‌ പല ശാസ്‌ത്ര​ജ്ഞ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. ആദ്യകാല ഭൗമാ​ന്ത​രീ​ക്ഷത്തെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​താ​യി കരുത​പ്പെട്ട ഒരു വാതക​മി​ശ്രി​ത​ത്തി​ലൂ​ടെ വൈദ്യു​ത​സ്‌ഫു​ലിം​ഗം കടത്തി​വി​ട്ടു​കൊണ്ട്‌ പ്രോ​ട്ടീ​ന്റെ നിർമാ​ണ​ഘ​ട​ക​ങ്ങ​ളായ അമിനോ ആസിഡു​കൾ ഉണ്ടാക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. പിന്നീട്‌ ഉൽക്കാ​ശി​ല​ക​ളി​ലും അമിനോ ആസിഡു​കൾ കണ്ടെത്തു​ക​യു​ണ്ടാ​യി. എന്നാൽ ജീവന്റെ അടിസ്ഥാന നിർമാ​ണ​ഘ​ട​ക​ങ്ങ​ളെ​ല്ലാം ആകസ്‌മി​ക​മാ​യി ഉണ്ടായ​താ​ണെന്ന്‌ ഈ കണ്ടെത്ത​ലു​കൾ തെളി​യി​ക്കു​ന്നു​ണ്ടോ?

“മില്ലർ നടത്തി​യ​തു​പോ​ലുള്ള പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ജീവന്റെ എല്ലാ നിർമാ​ണ​ഘ​ട​ക​ങ്ങ​ളും നിഷ്‌പ്ര​യാ​സം ഉത്‌പാ​ദി​പ്പി​ക്കാ​മെ​ന്നും അവ എല്ലാം ഉൽക്കാ​ശി​ല​ക​ളിൽ കാണ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ആണ്‌ ചില എഴുത്തു​കാർ കരുതു​ന്നത്‌. എന്നാൽ വാസ്‌തവം അതല്ല” എന്ന്‌ ന്യൂ​യോർക്ക്‌ സർവക​ലാ​ശാ​ല​യിൽനി​ന്നു വിരമിച്ച രസതന്ത്ര പ്രൊ​ഫ​സ​റായ റോബർട്ട്‌ ഷാപി​റോ പറയുന്നു.2 *

ആർഎൻഎ തന്മാ​ത്ര​യു​ടെ കാര്യം എടുക്കുക. ന്യൂക്ലി​യോ​ടൈ​ഡു​കൾ എന്നറി​യ​പ്പെ​ടുന്ന, താരത​മ്യേന ചെറിയ തന്മാ​ത്ര​ക​ളാ​ലാണ്‌ അതു നിർമി​ത​മാ​യി​രി​ക്കു​ന്നത്‌. അമിനോ ആസിഡിൽനിന്ന്‌ വ്യത്യ​സ്‌ത​വും അതി​നെ​ക്കാൾ അൽപ്പം​കൂ​ടെ​മാ​ത്രം സങ്കീർണ​വു​മായ തന്മാ​ത്ര​യാണ്‌ ന്യൂക്ലി​യോ​ടൈഡ്‌. “ഏതെങ്കി​ലും തരത്തി​ലുള്ള ന്യൂക്ലി​യോ​ടൈ​ഡു​കൾ സ്‌ഫു​ലിം​ഗം കടത്തി​വി​ട്ടു​കൊ​ണ്ടുള്ള പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ നിർമി​ക്കാൻ കഴിഞ്ഞ​താ​യി റിപ്പോർട്ടു​ചെ​യ്യ​പ്പെ​ട്ടി​ട്ടില്ല; അതു​പോ​ലെ ഉൽക്കാ​ശി​ല​ക​ളിൽ അവയെ കണ്ടെത്താ​നും കഴിഞ്ഞി​ട്ടില്ല,” എന്ന്‌ ഷാപി​റോ പറയുന്നു.3 രാസഘ​ട​കങ്ങൾ എങ്ങനെ​യൊ​ക്കെ​യോ കൂടി​ച്ചേർന്ന്‌, സ്വയം വിഘടി​ക്കാൻ ശേഷി​യുള്ള ആർഎൻഎ തന്മാത്ര രൂപം​കൊ​ള്ളാ​നുള്ള സാധ്യത “ഒട്ടും ഇല്ലെന്നു​തന്നെ പറയാം; ഈ പ്രപഞ്ച​ത്തി​ന്റെ ഏതെങ്കി​ലും ഒരു കോണിൽ ഒരിക്ക​ലെ​ങ്കി​ലും അങ്ങനെ​യൊ​ന്നു സംഭവി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അതിനെ അപൂർവ​ങ്ങ​ളിൽ അപൂർവ​മായ ഭാഗ്യം എന്നേ പറയാ​നാ​വൂ” എന്നാണ്‌ അദ്ദേഹം പറയു​ന്നത്‌.4

പ്രോ​ട്ടീ​ന്റെ നിർമാ​ണ​ത്തിന്‌ ആർഎൻഎ (1) ആവശ്യ​മാണ്‌. ആർഎൻഎ-യുടെ നിർമാ​ണ​ത്തിന്‌ പ്രോ​ട്ടീ​നും (2) വേണം. ഇവയിൽ ഏതെങ്കി​ലും ഒന്നു​പോ​ലും ആകസ്‌മി​ക​മാ​യി ഉണ്ടാകാൻ സാധ്യ​ത​യില്ല; അപ്പോൾപ്പി​ന്നെ അവ രണ്ടും ആകസ്‌മി​ക​മാ​യി എങ്ങനെ ഉണ്ടാകാ​നാണ്‌? റൈ​ബോ​സോ​മി​നെ​ക്കു​റിച്ച്‌ (3) 2-ാം ഭാഗത്ത്‌ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും.

ഇനി, പ്രോ​ട്ടീൻ തന്മാ​ത്ര​യു​ടെ കാര്യ​മോ? 50 മുതൽ ആയിര​ക്ക​ണ​ക്കി​നു​വരെ അമിനോ ആസിഡു​കൾ അങ്ങേയറ്റം നിയത​മായ ക്രമത്തിൽ കൂടി​ച്ചേർന്നാണ്‌ അവ രൂപം​കൊ​ള്ളു​ന്നത്‌. ‘ലഘു’വെന്നു പറയ​പ്പെ​ടുന്ന ഒരു കോശ​ത്തി​ലെ ഒരു സാധാരണ നിർവാ​ഹക പ്രോ​ട്ടീ​നിൽ 200 അമിനോ ആസിഡു​ക​ളാ​ണു​ള്ളത്‌. വെറും 100 അമിനോ ആസിഡു​ക​ളുള്ള ഒരു പ്രോ​ട്ടീൻ തന്മാ​ത്ര​പോ​ലും ആകസ്‌മി​ക​മാ​യി രൂപ​പ്പെ​ടാ​നുള്ള സാധ്യത ഏതാണ്ട്‌ സഹസ്ര​ല​ക്ഷം​കോ​ടി​യിൽ ഒന്നുമാ​ത്ര​മാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ‘ലഘു’വെന്നു വിശേ​ഷി​പ്പി​ക്കുന്ന കോശ​ങ്ങ​ളിൽപ്പോ​ലും ആയിര​ക്ക​ണ​ക്കിന്‌ വ്യത്യ​സ്‌ത​തരം പ്രോ​ട്ടീ​നു​ക​ളാണ്‌ ഉള്ളതെന്ന്‌ ഓർക്കുക!

പരീക്ഷണശാലയിൽ സങ്കീർണ​മായ തന്മാ​ത്രകൾ നിർമി​ക്കാൻ വിദഗ്‌ധ​നായ ഒരു ശാസ്‌ത്രജ്ഞൻ ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ, അവയെ​ക്കാൾ അനേക മടങ്ങ്‌ സങ്കീർണ​മായ കോശ​ങ്ങ​ളി​ലെ തന്മാ​ത്രകൾ ആകസ്‌മി​ക​മാ​യി ഉണ്ടാകുക സാധ്യ​മാ​ണോ?

പരിണാ​മ​സി​ദ്ധാ​ന്തത്തെ പിന്തു​ണ​യ്‌ക്കുന്ന ഗവേഷ​ക​നായ ഹ്യൂബർട്ട്‌ പി. യോക്കി ഒരു പടികൂ​ടി കടന്ന്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ജീവൻ ആവിർഭ​വിച്ച പ്രക്രി​യ​യിൽ ‘പ്രോ​ട്ടീ​നു​കൾ ആദ്യം’ ഉണ്ടാകു​ക​യെ​ന്നത്‌ തികച്ചും അസംഭ​വ്യ​മാണ്‌.”5 പ്രോ​ട്ടീ​ന്റെ നിർമാ​ണ​ത്തിന്‌ ആർഎൻഎ ആവശ്യ​മാണ്‌; ആർഎൻഎ ഉണ്ടാക​ണ​മെ​ങ്കിൽ പ്രോ​ട്ടീ​നും വേണം. ഒരേ സ്ഥലത്ത്‌ ഒരേ സമയത്ത്‌ പ്രോ​ട്ടീൻ തന്മാ​ത്ര​ക​ളും ആർഎൻഎ തന്മാ​ത്ര​ക​ളും ആകസ്‌മി​ക​മാ​യി ഉണ്ടാകാ​നുള്ള സാധ്യത ഒട്ടും ഇല്ലെങ്കി​ലും അവ അങ്ങനെ ഉണ്ടാ​യെ​ന്നു​ത​ന്നെ​യി​രി​ക്കട്ടെ, അവ സഹകരി​ച്ചു പ്രവർത്തിച്ച്‌ സ്വയം വിഘടി​ക്കാൻ കഴിയുന്ന, സ്വന്തമാ​യി നിലനിൽപ്പുള്ള ഒരു ജൈവ​രൂ​പം ഉണ്ടാകാ​നുള്ള സാധ്യത എത്ര​ത്തോ​ള​മുണ്ട്‌? അതേക്കു​റിച്ച്‌ നാസയു​ടെ അസ്‌​ട്രോ​ബ​യോ​ളജി ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. കാരൾ ക്ലീലൻഡ്‌ പറയുന്നു: “ആകസ്‌മി​ക​മാ​യി (കുറെ പ്രോ​ട്ടീൻ തന്മാ​ത്ര​ക​ളും ആർഎൻഎ തന്മാ​ത്ര​ക​ളും സഹകരി​ച്ചു പ്രവർത്തിച്ച്‌) അങ്ങനെ സംഭവി​ക്കാ​നുള്ള സാധ്യത തീരെ​യി​ല്ലെ​ന്നു​തന്നെ പറയാം.” * “എന്നിട്ടും, ആദിമ​കാ​ലത്ത്‌ ആർഎൻഎ-യും പ്രോ​ട്ടീ​നും ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്ക്‌ എങ്ങനെ ഉണ്ടായി എന്നതിന്‌ ഒരു വിശദീ​ക​രണം ലഭിച്ചാൽ അവ സഹകരി​ച്ചു പ്രവർത്തി​ക്കാൻ തുടങ്ങി​യത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടാ​വി​ല്ലെന്ന്‌ മിക്ക ഗവേഷ​ക​രും അനുമാ​നി​ക്കു​ന്ന​താ​യി തോന്നു​ന്നു” എന്ന്‌ അവർ തുടരു​ന്നു. ജീവന്റെ അടിസ്ഥാ​ന​ഘ​ട​ക​ങ്ങ​ളായ ഈ തന്മാ​ത്രകൾ ആകസ്‌മി​ക​മാ​യി ഉണ്ടായതു സംബന്ധിച്ച്‌ നിരവധി സിദ്ധാ​ന്തങ്ങൾ നിലവി​ലു​ണ്ടെ​ങ്കി​ലും അവയെ​ക്കു​റിച്ച്‌ ഡോ. കാരൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അത്‌ എങ്ങനെ സംഭവി​ച്ചു എന്നതിന്‌ തൃപ്‌തി​ക​ര​മായ വിശദീ​ക​രണം തരാൻ അവയിൽ ഒന്നിനു​പോ​ലും കഴിഞ്ഞി​ട്ടില്ല.”6

ജീവനി​ല്ലാത്ത ഒരു യന്ത്രമ​നു​ഷ്യ​നെ ഉണ്ടാക്കി അതിനെ പ്രോ​ഗ്രാം​ചെ​യ്യു​ന്ന​തി​നു പിന്നിൽ ഒരു ബുദ്ധി​കേ​ന്ദ്രം പ്രവർത്തി​ക്ക​ണ​മെ​ങ്കിൽ ജീവനുള്ള ഒരു കോശം സൃഷ്ടി​ക്കു​ന്ന​തി​നു പിന്നിൽ അത്‌ എത്രയ​ധി​കം ആവശ്യ​മാണ്‌? അപ്പോൾപ്പി​ന്നെ മനുഷ്യ​നെ സൃഷ്ടി​ക്കു​ന്ന​കാ​ര്യം പറയാ​നു​ണ്ടോ?

ഈ വസ്‌തു​ത​ക​ളു​ടെ പ്രസക്തി എന്ത്‌? ജീവൻ ആവിർഭ​വി​ച്ചത്‌ ആകസ്‌മി​ക​മാ​യാ​ണെന്നു കരുതുന്ന ഗവേഷകർ നേരി​ടുന്ന വിഷമ​സ​ന്ധി​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക: ജീവ​കോ​ശ​ങ്ങ​ളി​ലുള്ള ചില അമിനോ ആസിഡു​കൾ അവർ ഉൽക്കാ​ശി​ല​ക​ളിൽ കണ്ടെത്തി. ഇനി, അവയെ​ക്കാ​ളേറെ സങ്കീർണ​മായ മറ്റു തന്മാ​ത്രകൾ പരീക്ഷ​ണ​ശാ​ല​ക​ളിൽ ആസൂ​ത്രി​ത​മായ പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ നിർമി​ക്കാ​നു​മാ​യി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഒരു കോശം നിർമി​ക്കാൻ ആവശ്യ​മായ എല്ലാ ഘടകങ്ങ​ളും ആത്യന്തി​ക​മാ​യി ഉണ്ടാക്കി​യെ​ടു​ക്കാ​നാ​കും എന്നാണ്‌ അവർ പ്രതീ​ക്ഷി​ക്കു​ന്നത്‌. അവർ ഈ ചെയ്യു​ന്ന​തി​നെ, ഒരു ശാസ്‌ത്രജ്ഞൻ പ്രകൃ​തി​യി​ലെ ചില മൂലകങ്ങൾ എടുത്ത്‌ അവയെ സ്റ്റീൽ, പ്ലാസ്റ്റിക്‌, വയർ, സിലിക്കൺ എന്നിവ​യൊ​ക്കെ​യാ​ക്കി മാറ്റി ഒരു യന്ത്രമ​നു​ഷ്യ​നെ നിർമി​ക്കു​ന്ന​തി​നോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌. സ്വന്തം പകർപ്പു​കൾ ഉണ്ടാക്കാ​നാ​കും​വി​ധം അദ്ദേഹം അതിനെ പ്രോ​ഗ്രാം​ചെ​യ്യു​ന്നു. എന്നാൽ അതിലൂ​ടെ അദ്ദേഹം എന്തായി​രി​ക്കും തെളി​യി​ക്കു​ന്നത്‌? ബുദ്ധി​മാ​നായ ഒരു വ്യക്തിക്ക്‌ അതിവി​ദ​ഗ്‌ധ​മാ​യി പ്രവർത്തി​ക്കുന്ന ഒരു യന്ത്രം നിർമി​ക്കാ​നാ​കും എന്നുമാ​ത്രം.

സമാന​മാ​യി, ശാസ്‌ത്ര​ജ്ഞർക്ക്‌ എന്നെങ്കി​ലും ഒരു കോശം നിർമി​ക്കാ​നാ​യാൽ അത്‌ വലി​യൊ​രു നേട്ടം​ത​ന്നെ​യാ​യി​രി​ക്കു​മെ​ങ്കി​ലും എന്തായി​രി​ക്കും അതിലൂ​ടെ തെളി​യി​ക്ക​പ്പെ​ടു​ന്നത്‌? ഒരു കോശ​ത്തിന്‌ ആകസ്‌മി​ക​മാ​യി ഉണ്ടാകാ​നാ​കും എന്നായി​രി​ക്കു​മോ? അതോ നേർവി​പ​രീ​ത​മായ ഒരു വസ്‌തു​ത​യാ​യി​രി​ക്കു​മോ?

നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? ഇന്നുവ​രെ​യുള്ള ശാസ്‌ത്രീയ തെളി​വു​ക​ളെ​ല്ലാം സൂചി​പ്പി​ക്കു​ന്നത്‌ അസ്‌തി​ത്വ​ത്തിൽ ഉള്ള ജീവനിൽനി​ന്നു​മാ​ത്രമേ പുതി​യൊ​രു ജീവന്‌ ഉളവാ​കാ​നാ​കൂ എന്നാണ്‌. അജൈവ രാസപ​ദാർഥ​ങ്ങ​ളിൽനിന്ന്‌ ഒരു ‘ലഘു’ ജീവ​കോ​ശം​പോ​ലും ആകസ്‌മി​ക​മാ​യി ഉളവായി എന്നു വിശ്വ​സി​ക്കു​ന്നെ​ങ്കിൽ, അത്‌ തെളി​വു​ക​ളു​ടെ പിൻബ​ല​മി​ല്ലാത്ത ഒരുകാ​ര്യം കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ​യാ​യിരി​ക്കും.

മേൽപ്പറഞ്ഞ വസ്‌തു​ത​ക​ളെ​ല്ലാം പരിചി​ന്തി​ച്ച​ശേഷം, ജീവൻ ആകസ്‌മി​ക​മാ​യി ഉണ്ടായി എന്ന്‌ വെറുതെ കണ്ണുമ​ടച്ചു വിശ്വ​സി​ക്കാൻ നിങ്ങൾ തയ്യാറാ​കു​മോ? എന്നാൽ അതിന്‌ ഉത്തരം പറയു​ന്ന​തി​നു​മുമ്പ്‌ ഒരു കോശത്തെ നമു​ക്കൊന്ന്‌ അടുത്തു പരി​ശോ​ധി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌, ജീവന്റെ ഉത്ഭവം സംബന്ധിച്ച്‌ ചില ശാസ്‌ത്രജ്ഞർ മുമ്പോ​ട്ടു​വെ​ച്ചി​രി​ക്കുന്ന സിദ്ധാ​ന്തങ്ങൾ യുക്തി​സ​ഹ​മാ​ണോ, അതോ ഒരു കുഞ്ഞിന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ചില മാതാ​പി​താ​ക്കൾ പറയാ​റുള്ള കഥകൾപോ​ലെ കഴമ്പി​ല്ലാ​ത്ത​വ​യാ​ണോ എന്നു വിവേ​ചി​ച്ച​റി​യാൻ നിങ്ങളെ സഹായി​ക്കും.

^ ഡിഎൻഎ ആകസ്‌മി​ക​മാ​യി ഉണ്ടാകാ​നുള്ള സാധ്യത എത്രമാ​ത്ര​മുണ്ട്‌ എന്നതി​നെ​ക്കു​റിച്ച്‌ “നിർദേ​ശങ്ങൾ എവി​ടെ​നി​ന്നു വന്നു?” എന്ന 3-ാം ഭാഗത്ത്‌ ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും.

^ ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​താണ്‌ എന്നതി​നോട്‌ പ്രൊ​ഫസർ ഷാപി​റോ യോജി​ക്കു​ന്നില്ല. ഇന്നും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത ചില പ്രക്രി​യ​ക​ളി​ലൂ​ടെ ജീവൻ ആകസ്‌മി​ക​മാ​യി ആവിർഭ​വി​ച്ചു​വെ​ന്നാണ്‌ അദ്ദേഹം വിശ്വ​സി​ക്കു​ന്നത്‌. ഇംഗ്ലണ്ടി​ലെ മാഞ്ചെസ്റ്റർ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രജ്ഞർ പരീക്ഷ​ണ​ശാ​ല​യിൽ ചില ന്യൂക്ലി​യോ​ടൈ​ഡു​കൾ ഉണ്ടാക്കി​യ​താ​യി 2009-ൽ റിപ്പോർട്ടു ചെയ്യ​പ്പെട്ടു. എന്നാൽ “ആർഎൻഎ ഉണ്ടാകു​ന്ന​തിന്‌ ന്യായ​മാ​യും ആവശ്യ​മെന്ന്‌ ഞാൻ കരുതുന്ന ഒരു വിധത്തി​ലല്ല” ഈ ന്യൂക്ലി​യോ​ടൈ​ഡു​കൾ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എന്ന്‌ ഷാപി​റോ പറയുന്നു.

^ ഡോ. ക്ലീലൻഡ്‌ ഒരു സൃഷ്ടി​വാ​ദി​യല്ല. ഇന്നും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത ചില പ്രക്രി​യ​ക​ളി​ലൂ​ടെ ജീവൻ ആകസ്‌മി​ക​മാ​യി ആവിർഭ​വി​ച്ച​താ​ണെ​ന്നാണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌.