ദൈവത്തിന്റെ ഇഷ്ടം എന്താണ്?
പറുദീസയായിത്തീരുന്ന ഭൂമിയിൽ നമ്മളെല്ലാം സന്തോഷത്തോടെയും സമാധാനത്തോടെയും എന്നെന്നും ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു!
‘ഇതു വല്ലതും നടക്കുമോ’ എന്നായിരിക്കാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ദൈവത്തിന്റെ രാജ്യം ഇതു സാധ്യമാക്കുമെന്നു ബൈബിൾ പറയുന്നു. ആ രാജ്യത്തെയും നമ്മളെപ്പറ്റിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച് എല്ലാവരും മനസ്സിലാക്കണമെന്നതാണു ദൈവത്തിന്റെ ഇഷ്ടം.—സങ്കീർത്തനം 37:11, 29; യശയ്യ 9:7.
ദൈവം നമ്മുടെ നന്മ ആഗ്രഹിക്കുന്നു.
ഒരു നല്ല അപ്പൻ മക്കൾക്ക് ഏറ്റവും നല്ലതു വന്നുകാണാൻ ആഗ്രഹിക്കും. അതുപോലെ, നമ്മൾ എന്നെന്നും സന്തോഷത്തോടെയിരിക്കണം എന്നാണ് നമ്മുടെ സ്വർഗീയ പിതാവിന്റെയും ആഗ്രഹം. (യശയ്യ 48:17, 18) “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും” എന്നു ദൈവം ഉറപ്പുതരുന്നു.—1 യോഹന്നാൻ 2:17.
നമ്മൾ ദൈവത്തിന്റെ വഴികളിൽ നടക്കാൻ ദൈവം ആഗ്രഹിക്കുന്നു.
‘നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കാൻവേണ്ടി’ സ്രഷ്ടാവ് “തന്‍റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും.” (യശയ്യ 2:2, 3) തന്‍റെ ഇഷ്ടം ഭൂമിയിലെങ്ങും അറിയിക്കാൻ ദൈവം “തന്‍റെ പേരിനായി ഒരു ജനത്തെ” കൂട്ടിവരുത്തിയിട്ടുണ്ട്.—പ്രവൃത്തികൾ 15:14.
നമ്മൾ ഐക്യത്തിൽ ദൈവത്തെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
യഹോവയെ ആരാധിക്കുന്നത് ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്നു. അവർ യഥാർഥസ്നേഹത്തിൽ ഐക്യത്തോടെ കഴിയുന്നു. (യോഹന്നാൻ 13:35) ഒരേ മനസ്സോടെ ദൈവത്തെ ആരാധിക്കാൻ ലോകമെങ്ങുമുള്ള ആളുകളെ ഇന്ന് ആരാണ് പഠിപ്പിക്കുന്നത്? ഈ ലഘുപത്രികയിൽനിന്ന് അതിനുള്ള ഉത്തരം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.