വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 10

എന്താണ്‌ കുടും​ബാ​രാ​ധന?

എന്താണ്‌ കുടും​ബാ​രാ​ധന?

ദക്ഷിണ കൊറിയ

ബ്രസീൽ

ഓസ്‌ട്രേലിയ

ഗിനി

കുടും​ബ​ത്തി​ന്‍റെ ആത്മീയത ശക്തമാ​ക്കാ​നും കുടും​ബാം​ഗങ്ങൾ തമ്മിലുള്ള ഇഴയടു​പ്പം വർധി​പ്പി​ക്കാ​നും വേണ്ടി കുടും​ബം ഒരുമി​ച്ചു സമയം ചെലവ​ഴി​ക്ക​ണ​മെന്നു പുരാ​ത​ന​കാ​ലം മുതലേ യഹോവ ആഗ്രഹി​ച്ചി​രു​ന്നു. (ആവർത്തനം 6:6, 7) അതു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ആഴ്‌ച​യിൽ ഒരിക്കൽ ഒരു നിശ്ചി​ത​സ​മയം കുടും​ബം ഒത്തൊ​രു​മി​ച്ചുള്ള ആരാധ​ന​യ്‌ക്കു​വേണ്ടി നീക്കി​വെ​ക്കു​ന്നത്‌. അങ്ങനെ ഓരോ കുടും​ബാം​ഗ​ത്തി​ന്‍റെ​യും പ്രശ്‌നങ്ങൾ വിലയി​രു​ത്തി ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള പ്രാ​യോ​ഗി​ക​മായ പോം​വ​ഴി​കൾ, പിരി​മു​റു​ക്ക​മി​ല്ലാത്ത ഒരു അന്തരീ​ക്ഷ​ത്തിൽ ഒരുമി​ച്ചി​രുന്ന് ചർച്ച ചെയ്യാ​നാ​കു​ന്നു. നിങ്ങൾ ഒറ്റയ്‌ക്കാ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിഷയ​ത്തെ​ക്കു​റിച്ച് ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി പഠിച്ചു​കൊണ്ട് ദൈവ​ത്തോ​ടൊത്ത്‌ സമയം ചെലവ​ഴി​ക്കാൻ നിങ്ങൾക്കു കഴിയും.

യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നുള്ള ഒരു സമയം. “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 4:8) യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ച്ചുള്ള വിശദാം​ശങ്ങൾ ബൈബി​ളിൽനിന്ന് മനസ്സി​ലാ​ക്കു​മ്പോൾ ആ ദൈവത്തെ അടുത്ത്‌ അറിയാൻ നമുക്കു കഴിയും. ഒരുമി​ച്ചി​രുന്ന് ബൈബിൾ വായി​ച്ചു​കൊണ്ട് കുടും​ബാ​രാ​ധന തുടങ്ങാ​വു​ന്ന​താണ്‌. ജീവിത-സേവന യോഗ​ത്തി​നു​വേണ്ടി ഓരോ ആഴ്‌ച​യും വായി​ക്കാൻ തന്നിരി​ക്കുന്ന ബൈബിൾഭാ​ഗം വായി​ക്കാ​വു​ന്ന​താണ്‌. വായി​ക്കാ​നുള്ള ഭാഗം കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും വീതിച്ച് കൊടു​ക്കാം. തുടർന്ന്, ആ ഭാഗത്തു​നിന്ന് പഠിച്ച കാര്യങ്ങൾ എല്ലാവർക്കും​കൂ​ടി ചർച്ച ചെയ്യാം.

കുടും​ബാം​ഗ​ങ്ങൾ തമ്മിൽ കൂടുതൽ അടുക്കാ​നുള്ള ഒരു സമയം. കുടും​ബം ഒരുമിച്ച് ബൈബിൾ പഠിക്കു​മ്പോൾ ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലും മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും തമ്മിലും ഉള്ള ബന്ധം കൂടുതൽ ശക്തമാ​കും. കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കുന്ന, സന്തോ​ഷ​വും സമാധാ​ന​വും നിറഞ്ഞ ഒരു വേളയാ​യി​രി​ക്കണം അത്‌. കുട്ടി​ക​ളു​ടെ പ്രായ​ത്തി​ന​നു​സ​രി​ച്ചുള്ള പ്രാ​യോ​ഗി​ക​മായ വിഷയങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ ശ്രദ്ധി​ക്കണം. വീക്ഷാ​ഗോ​പു​ര​ത്തി​ലെ​യോ ഉണരുക!-യിലെ​യോ പംക്തി​ക​ളോ jw.org വെബ്‌​സൈ​റ്റിൽനി​ന്നുള്ള വിവര​ങ്ങ​ളോ അതിനു​വേണ്ടി ഉപയോ​ഗി​ക്കാം. സ്‌കൂ​ളിൽ കുട്ടികൾ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും അവ എങ്ങനെ കൈകാ​ര്യം ചെയ്യാം എന്നതി​നെ​ക്കു​റി​ച്ചും ചർച്ച ചെയ്യാ​വു​ന്ന​താണ്‌. അതല്ലെ​ങ്കിൽ JW പ്രക്ഷേപണത്തിൽ (tv.pr418.com) വന്ന ഏതെങ്കി​ലും പരിപാ​ടി കാണാം. യോഗ​ങ്ങ​ളിൽ പാടാ​നുള്ള പാട്ട് പാടി പരിശീ​ലി​ക്കു​ന്ന​തും കുടും​ബാ​രാ​ധന കൂടുതൽ രസകര​മാ​ക്കും. കുടും​ബാ​രാ​ധ​ന​യ്‌ക്കു ശേഷം അൽപ്പം ലഘുഭ​ക്ഷ​ണ​വു​മാ​കാം.

യഹോ​വ​യെ ആരാധി​ക്കാൻ എല്ലാ ആഴ്‌ച​യും കുടും​ബം ഒരുമിച്ച് ഇങ്ങനെ സമയം ചെലവ​ഴി​ക്കു​മ്പോൾ, ദൈവ​വ​ചനം വായി​ക്കു​ന്ന​തും പഠിക്കു​ന്ന​തും ആനന്ദം പകരുന്ന ഒരു അനുഭ​വ​മാ​യി​ത്തീ​രും. നിങ്ങളു​ടെ ശ്രമങ്ങളെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.​—സങ്കീർത്തനം 1:1-3.

  • യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബാ​രാ​ധ​ന​യ്‌ക്കു​വേണ്ടി സമയം നീക്കി​വെ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • കുടും​ബാ​രാ​ധന എല്ലാവ​രും ആസ്വദി​ക്കു​ന്നു​ണ്ടെന്ന് ഉറപ്പാ​ക്കാൻ മാതാ​പി​താ​ക്കൾക്ക് എന്തു ചെയ്യാ​നാ​കും?