വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

യഹോവ തന്റെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്തു​ന്നു

യഹോവ തന്റെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്തു​ന്നു

മുഖ്യവിഷയം

യഹോവ തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ, തന്നോടു ഭയാദ​ര​വു​ള്ള​വർക്കു മാത്രം പടിപ​ടി​യാ​യി വെളി​പ്പെ​ടു​ത്തിക്കൊടു​ക്കു​ന്നു

1, 2. മനുഷ്യ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ എങ്ങനെ​യാ​ണു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

 കരുത​ലുള്ള മാതാ​പി​താ​ക്കൾ, കുടും​ബ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചർച്ചക​ളിൽ കുട്ടി​ക​ളെ​യും ഉൾപ്പെ​ടു​ത്താ​റുണ്ട്‌. പക്ഷേ അവരോട്‌ എത്ര​ത്തോ​ളം കാര്യങ്ങൾ പറയണ​മെന്ന്‌ അവർ ശ്രദ്ധി​ച്ചാ​ണു തീരു​മാ​നി​ക്കാറ്‌. കുട്ടി​കൾക്ക്‌ അവരുടെ പക്വത​യ​നു​സ​രിച്ച്‌ ഉൾക്കൊ​ള്ളാ​നാ​കുന്ന കാര്യങ്ങൾ മാത്രമേ അവർ വെളി​പ്പെ​ടു​ത്തൂ.

2 അതു​പോ​ലെ​തന്നെ യഹോ​വ​യും മനുഷ്യ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യം പടിപ​ടി​യാ​യാ​ണു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പക്ഷേ അതിന്‌ ഏറ്റവും പറ്റിയ​തെന്നു തോന്നിയ സമയത്ത്‌ മാത്ര​മാണ്‌ യഹോവ അതു ചെയ്‌തി​ട്ടു​ള്ളത്‌. ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോവ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യാ​ണെന്നു നമുക്കു ഹ്രസ്വ​മാ​യൊന്ന്‌ അവലോ​കനം ചെയ്യാം.

എന്തിന്‌ ഒരു ദൈവ​രാ​ജ്യം?

3, 4. യഹോവ മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ഗതി മുൻകൂ​ട്ടി തീരു​മാ​നി​ച്ചു​വെ​ച്ചി​രു​ന്നോ? വിശദീ​ക​രി​ക്കുക.

3 തുടക്ക​ത്തിൽ മിശി​ഹൈ​ക​രാ​ജ്യം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല. എന്തു​കൊണ്ട്‌? കാരണം, മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ഗതി യഹോവ മുൻകൂ​ട്ടി തീരു​മാ​നി​ച്ചു​വെ​ച്ചി​രു​ന്നില്ല. സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കഴി​വോ​ടെ​യാ​ണ​ല്ലോ യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചത്‌. മനുഷ്യ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യ​ത്തെ​പ്പറ്റി ആദാമി​നോ​ടും ഹവ്വയോ​ടും യഹോവ പറഞ്ഞത്‌ ഇതായി​രു​ന്നു: ‘നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കുക.’ (ഉൽപ. 1:28) ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള തന്റെ നിലവാ​ര​ങ്ങളെ അവർ ആദരി​ക്ക​ണ​മെ​ന്നും യഹോവ ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ഉൽപ. 2:16, 17) വേണ​മെ​ങ്കിൽ ആദാമി​നും ഹവ്വയ്‌ക്കും വിശ്വസ്‌ത​രാ​യി​രി​ക്കാൻ തീരു​മാ​നി​ക്കാ​മാ​യി​രു​ന്നു. അവരു​ടെ​യും അവരുടെ പിൻത​ല​മു​റ​ക്കാ​രു​ടെ​യും തീരു​മാ​നം അതായി​രു​ന്നെ​ങ്കിൽ, ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കാൻ ക്രിസ്‌തു ഭരിക്കുന്ന ഒരു ദൈവ​രാ​ജ്യ​ത്തി​ന്റെ ആവശ്യം വരില്ലാ​യി​രു​ന്നു; ഈ സമയം​കൊണ്ട്‌ ഭൂമി മുഴുവൻ, യഹോ​വയെ ആരാധി​ക്കുന്ന പൂർണ​മ​നു​ഷ്യ​രെ​ക്കൊണ്ട്‌ നിറയു​ക​യും ചെയ്‌തേനേ.

4 സാത്താ​നും ആദാമും ഹവ്വയും തന്നെ ധിക്കരി​ച്ചെന്ന കാരണ​ത്താൽ, പൂർണ​ത​യുള്ള മനുഷ്യ​കു​ടും​ബ​ത്തെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാ​നുള്ള തന്റെ ഉദ്ദേശ്യം യഹോവ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല. പകരം അതു നിറ​വേ​റ്റാ​നുള്ള തന്റെ രീതിക്ക്‌, ആവശ്യാ​നു​സ​രണം യഹോവ ചില മാറ്റങ്ങൾ വരുത്തി. ലക്ഷ്യസ്ഥാ​നത്ത്‌ എത്താൻ ഒരു പ്രത്യേക പാളത്തി​ലൂ​ടെ മാത്രം ഓടുന്ന ഒരു തീവണ്ടി​പോ​ലെയല്ല യഹോ​വ​യു​ടെ ഉദ്ദേശ്യം. മറ്റുള്ളവർ എന്തെങ്കി​ലും ചെയ്‌താൽ പാളം തെറ്റുന്ന ഒരു തീവണ്ടി​പോ​ലെ​യു​മല്ല അത്‌. ഒരിക്കൽ യഹോവ തന്റെ ഉദ്ദേശ്യം പ്രഖ്യാ​പി​ച്ചാൽ പ്രപഞ്ച​ത്തി​ലെ ഒരു ശക്തിക്കും അതു തടുക്കാ​നാ​കില്ല. (യശയ്യ 55:11 വായി​ക്കുക.) ഏതെങ്കി​ലും വെല്ലു​വി​ളി ഒരു പാളത്തിൽ തടസ്സം സൃഷ്ടി​ക്കു​മെന്നു വന്നാൽ യഹോവ മറ്റൊ​ന്നി​ലൂ​ടെ മുന്നോ​ട്ടു നീങ്ങും. a (പുറ. 3:14, 15) ഉചിത​മെന്നു തോന്നുന്ന സമയത്ത്‌, തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാ​നുള്ള പുതിയ രീതി​യെ​ക്കു​റിച്ച്‌ യഹോവ തന്റെ വിശ്വസ്‌ത​സേ​വ​കരെ അറിയി​ക്കു​ക​യും ചെയ്യും.

5. ഏദെനി​ലെ ധിക്കാ​ര​ത്തി​നുള്ള യഹോ​വ​യു​ടെ മറുപടി എന്തായി​രു​ന്നു?

5 ഏദെനി​ലെ ധിക്കാ​ര​ത്തി​നു മറുപ​ടി​യാ​യി, ദൈവ​രാ​ജ്യം സ്ഥാപി​ക്കുന്ന കാര്യം​കൂ​ടെ യഹോവ തന്റെ ഉദ്ദേശ്യ​ത്തിൽ ഉൾപ്പെ​ടു​ത്തി. (മത്താ. 25:34) മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഒരു കറുത്ത അധ്യാ​യ​മാ​യി​രു​ന്നു അത്‌. എങ്കിലും, മനുഷ്യ​കു​ടും​ബത്തെ പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നും അധികാ​രം തട്ടി​യെ​ടു​ക്കാ​നുള്ള സാത്താന്റെ പാഴ്‌ശ്രമം വരുത്തിയ മുറിവ്‌ ഉണക്കാ​നും വേണ്ടി താൻ ഉപയോ​ഗി​ക്കാൻപോ​കുന്ന ഉപാധി​യെ​ക്കു​റിച്ച്‌ യഹോവ അപ്പോൾമു​തൽ കൂടു​തൽക്കൂ​ടു​തൽ വിശദാം​ശങ്ങൾ വെളി​പ്പെ​ടു​ത്തി​ത്തു​ടങ്ങി. (ഉൽപ. 3:14-19) എങ്കിലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളെ​ല്ലാം യഹോവ ഒറ്റയടി​ക്കു വെളി​പ്പെ​ടു​ത്തി​യില്ല.

യഹോവ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ വെളി​പ്പെ​ടു​ത്തി​ത്തു​ട​ങ്ങു​ന്നു

6. യഹോവ ഏതു കാര്യം വാഗ്‌ദാ​നം ചെയ്‌തു, പക്ഷേ എന്തു വെളി​പ്പെ​ടു​ത്തി​യില്ല?

6 ഒരു “സന്തതി” സാത്താനെ തകർക്കു​മെന്ന കാര്യം യഹോവ ആദ്യത്തെ പ്രവച​ന​ത്തി​ലൂ​ടെ​ത്തന്നെ വാഗ്‌ദാ​നം ചെയ്‌തു. (ഉൽപത്തി 3:15 വായി​ക്കുക.) പക്ഷേ ആ സന്തതി​യെ​യോ സർപ്പത്തി​ന്റെ സന്തതി​യെ​യോ തിരി​ച്ച​റി​യാ​നുള്ള അടയാ​ള​ങ്ങ​ളൊ​ന്നും യഹോവ അന്നു വെളി​പ്പെ​ടു​ത്തി​യില്ല. ശരിക്കും പറഞ്ഞാൽ, അടുത്ത 2,000 വർഷ​ത്തോ​ളം യഹോവ അത്തരം വിശദാം​ശ​ങ്ങ​ളൊ​ന്നും വെളി​പ്പെ​ടു​ത്തി​യില്ല. b

7. അബ്രാ​ഹാ​മി​നെ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌, അതിൽനിന്ന്‌ നമുക്ക്‌ ഏതു പ്രധാ​ന​പ്പെട്ട പാഠം പഠിക്കാം?

7 കാലം കടന്നു​പോ​യി. വാഗ്‌ദാ​നം ചെയ്‌ത സന്തതി ആരിലൂ​ടെ​യാ​യി​രി​ക്കും വരുക? യഹോവ അതിനാ​യി അബ്രാ​ഹാ​മി​നെ തിര​ഞ്ഞെ​ടു​ത്തു. തന്റെ ‘വാക്കു കേട്ടനു​സ​രി​ച്ച​തു​കൊ​ണ്ടാണ്‌’ യഹോവ അബ്രാ​ഹാ​മി​നെ തിര​ഞ്ഞെ​ടു​ത്തത്‌. (ഉൽപ. 22:18) അതിൽനിന്ന്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിക്കാ​നുണ്ട്‌. തന്നോടു ഭയാദ​ര​വു​ള്ള​വ​രോ​ടു മാത്രമേ യഹോവ തന്റെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്താ​റു​ള്ളൂ.സങ്കീർത്തനം 25:14 വായി​ക്കുക.

8, 9. വാഗ്‌ദ​ത്ത​സ​ന്ത​തി​യെ​ക്കു​റി​ച്ചുള്ള ഏതെല്ലാം കാര്യ​ങ്ങ​ളാണ്‌ യഹോവ അബ്രാ​ഹാ​മി​നോ​ടും യാക്കോ​ബി​നോ​ടും വെളി​പ്പെ​ടു​ത്തി​യത്‌?

8 യഹോവ ഒരു ദൂതനി​ലൂ​ടെ തന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​നോ​ടു സംസാ​രി​ച്ച​പ്പോൾ, വാഗ്‌ദ​ത്ത​സ​ന്ത​തി​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ഈ വിവരം ആദ്യമാ​യി വെളി​പ്പെ​ടു​ത്തി: ആ സന്തതി ഒരു മനുഷ്യ​നാ​യി​രി​ക്കും. (ഉൽപ. 22:15-17; യാക്കോ. 2:23) പക്ഷേ ഈ മനുഷ്യൻ സർപ്പത്തെ തകർക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? ആരാണു സർപ്പം? ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം പിന്നീടു വെളി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

9 വാഗ്‌ദ​ത്ത​സ​ന്തതി വരുന്നത്‌ അബ്രാ​ഹാ​മി​ന്റെ കൊച്ചു​മ​ക​നായ യാക്കോ​ബി​ലൂ​ടെ​യാ​യി​രി​ക്ക​ണ​മെന്ന്‌ യഹോവ തീരു​മാ​നി​ച്ചു. ദൈവ​ത്തിൽ വലിയ വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ച്ച​വ​നാ​യി​രു​ന്നു യാക്കോബ്‌. (ഉൽപ. 28:13-22) വാഗ്‌ദാ​നം ചെയ്‌ത സന്തതി യാക്കോ​ബി​ന്റെ മകനായ യഹൂദ​യി​ലൂ​ടെ​യാ​യി​രി​ക്കും വരുന്ന​തെന്ന്‌ യഹോവ യാക്കോ​ബി​ലൂ​ടെ വെളി​പ്പെ​ടു​ത്തി. യഹൂദ​യു​ടെ വംശക്കാ​ര​നായ ഈ വ്യക്തിക്കു രാജാ​ധി​കാ​ര​ത്തി​ന്റെ പ്രതീ​ക​മായ “ചെങ്കോൽ” ലഭിക്കു​മെ​ന്നും “ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും” എന്നും യാക്കോബ്‌ പ്രവചി​ച്ചു. (ഉൽപ. 49:1, 10) ആ പ്രഖ്യാ​പ​ന​ത്തി​ലൂ​ടെ, ഈ വാഗ്‌ദ​ത്ത​സ​ന്തതി ഒരു ഭരണാ​ധി​കാ​രി അഥവാ രാജാവ്‌ ആകു​മെ​ന്നുള്ള സൂചന​യാണ്‌ യഹോവ തന്നത്‌.

10, 11. യഹോവ ദാവീ​ദി​നോ​ടും ദാനി​യേ​ലി​നോ​ടും തന്റെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്താ​നുള്ള കാരണം എന്താണ്‌?

10 യഹൂദ​യു​ടെ കാലത്തി​നും 650 വർഷങ്ങൾക്കു ശേഷം യഹോവ, തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ യഹൂദ​യു​ടെ വംശത്തിൽപ്പെട്ട ദാവീദ്‌ രാജാ​വി​നോ​ടു വെളി​പ്പെ​ടു​ത്തി. തന്റെ ‘മനസ്സിന്‌ ഇണങ്ങിയ ഒരാൾ’ എന്നാണ്‌ യഹോവ ദാവീ​ദി​നെ വിശേ​ഷി​പ്പി​ച്ചത്‌. (1 ശമു. 13:14; 17:12; പ്രവൃ. 13:22) ദാവീ​ദി​നു തന്നോടു ഭയാദ​ര​വു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യഹോവ ദാവീ​ദു​മാ​യി ഒരു ഉടമ്പടി ചെയ്യാൻ തീരു​മാ​നി​ച്ചു. ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​രിൽ ഒരാൾ എന്നേക്കും ഭരണം നടത്തു​മെന്നു ദൈവം ദാവീ​ദി​നു വാക്കു കൊടു​ത്തു.—2 ശമു. 7:8, 12-16.

11 പിന്നെ​യും ഏകദേശം 500 വർഷം കടന്നു​പോ​യി. ആ അഭിഷി​ക്തൻ അഥവാ മിശിഹ ഭൂമി​യിൽ പ്രത്യ​ക്ഷ​നാ​കുന്ന കൃത്യ​മായ വർഷം, യഹോവ ദാനി​യേൽ പ്രവാ​ച​കനെ ഉപയോ​ഗിച്ച്‌ വെളി​പ്പെ​ടു​ത്തി. (ദാനി. 9:25) യഹോവ ദാനി​യേ​ലി​നെ ‘വളരെ പ്രിയ​പ്പെ​ട്ട​വ​നാ​യാ​ണു’ കണ്ടത്‌. എന്തു​കൊണ്ട്‌? കാരണം, ദാനി​യേ​ലിന്‌ യഹോ​വ​യോട്‌ ആഴമായ ആദരവു​ണ്ടാ​യി​രു​ന്നു. ദൈവത്തെ നിരന്തരം സേവി​ച്ചി​രു​ന്ന​യാ​ളാ​യി​രു​ന്നു അദ്ദേഹം.—ദാനി. 6:16; 9:22, 23.

12. എന്തു ചെയ്യാ​നാ​ണു ദാനി​യേ​ലി​നോ​ടു പറഞ്ഞത്‌, എന്തു​കൊണ്ട്‌?

12 വാഗ്‌ദ​ത്ത​സ​ന്ത​തി​യായ മിശി​ഹാ​യെ​ക്കു​റി​ച്ചുള്ള ധാരാളം വിശദാം​ശങ്ങൾ രേഖ​പ്പെ​ടു​ത്താൻ യഹോവ ദാനി​യേ​ലി​നെ​പ്പോ​ലുള്ള വിശ്വസ്‌ത​പ്ര​വാ​ച​ക​ന്മാ​രെ ഉപയോ​ഗി​ച്ചെ​ന്നതു ശരിയാണ്‌. എങ്കിലും തങ്ങളെ​ക്കൊണ്ട്‌ ദൈവം എഴുതിച്ച കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം ആ ദൈവ​സേ​വ​കർക്കു​തന്നെ മുഴു​വ​നാ​യി മനസ്സി​ലാ​കാ​നുള്ള യഹോ​വ​യു​ടെ സമയം അതുവരെ വന്നിട്ടി​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഒരു ദിവ്യ​ദർശനം നൽകി​യ​ശേഷം, ആ പ്രവചനം യഹോവ നിയമിച്ച സമയമാ​കു​ന്ന​തു​വരെ മുദ്ര​യിട്ട്‌ വെക്കാ​നാ​ണു ദാനി​യേ​ലി​നോ​ടു പറഞ്ഞത്‌. ഭാവി​യിൽ ആ സമയമാ​കു​മ്പോൾ, ‘ശരിയായ അറിവ്‌ സമൃദ്ധ​മാ​കു​മാ​യി​രു​ന്നു.’—ദാനി. 12:4.

മിശിഹൈകരാജ്യത്തെക്കുറിച്ചുള്ള വിശദാം​ശങ്ങൾ രേഖ​പ്പെ​ടു​ത്താൻ ദാനി​യേ​ലി​നെ​പ്പോ​ലുള്ള വിശ്വസ്‌ത​മ​നു​ഷ്യ​രെ യഹോവ ഉപയോ​ഗി​ച്ചു

ദൈ​വോ​ദ്ദേ​ശ്യം വ്യക്തമാ​ക്കു​ന്ന​തിൽ യേശു​വി​ന്റെ പങ്ക്‌

13. (എ) വാഗ്‌ദ​ത്ത​സ​ന്തതി ആരായി​രു​ന്നു? (ബി) ഉൽപത്തി 3:15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തി​ന്റെ അർഥം യേശു വ്യക്തമാ​ക്കി​യത്‌ എങ്ങനെ?

13 ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽ വരാനി​രുന്ന ആ ഭാവി​രാ​ജാവ്‌, ആ വാഗ്‌ദ​ത്ത​സ​ന്തതി, യേശു​ത​ന്നെ​യാ​ണെന്ന്‌ യഹോവ വ്യക്തമാ​ക്കി. (ലൂക്കോ. 1:30-33; 3:21, 22) യേശു ശുശ്രൂഷ ആരംഭി​ച്ച​പ്പോൾ ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചുള്ള മനുഷ്യ​രു​ടെ അറിവി​ന്മേൽ ഒരു സൂര്യൻ ഉദിച്ചു​യർന്നെ​ന്നു​തന്നെ പറയാം. (മത്താ. 4:13-17) ഉദാഹ​ര​ണ​ത്തിന്‌, പിശാ​ചി​നെ “കൊല​പാ​തകി” എന്നും ‘നുണയു​ടെ അപ്പൻ’ എന്നും യേശു വിളി​ച്ച​തോ​ടെ ഉൽപത്തി 3:14, 15 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ‘സർപ്പം’ ആരാ​ണെ​ന്നത്‌ ഒരു സംശയ​ത്തി​നും ഇടയി​ല്ലാ​തെ വ്യക്തമാ​യി. (യോഹ. 8:44) അതു​പോ​ലെ, ‘പഴയ പാമ്പ്‌’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തും ‘പിശാച്‌ എന്നും സാത്താൻ എന്നും അറിയ​പ്പെ​ടു​ന്ന​വ​നെ​യാ​ണെന്നു’ യോഹ​ന്നാ​നു കാണി​ച്ചു​കൊ​ടുത്ത ദിവ്യ​ദർശ​ന​ത്തിൽ യേശു വെളി​പ്പെ​ടു​ത്തി. c (വെളി​പാട്‌ 1:1; 12:9 വായി​ക്കുക.) വാഗ്‌ദ​ത്ത​സ​ന്ത​തി​യായ താൻ ഒടുവിൽ ഏദെനി​ലെ പ്രവചനം നിറ​വേറ്റി സാത്താനെ തകർത്ത്‌ ഇല്ലാതാ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും യേശു അതേ വെളി​പാ​ടിൽ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു.—വെളി. 20:7-10.

14-16. യേശു വെളി​പ്പെ​ടു​ത്തിയ സത്യങ്ങ​ളു​ടെ പ്രാധാ​ന്യം മുഴു​വ​നാ​യി മനസ്സി​ലാ​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാർക്ക്‌ എപ്പോ​ഴും കഴിഞ്ഞി​രു​ന്നോ? വിശദീ​ക​രി​ക്കുക.

14 ഈ പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ സംസാ​രി​ച്ചു. പക്ഷേ ശിഷ്യ​ന്മാർക്ക്‌ അറിയാൻ ആഗ്രഹ​മു​ണ്ടാ​യി​രുന്ന എല്ലാ കാര്യ​ങ്ങ​ളും യേശു എപ്പോ​ഴും വെളി​പ്പെ​ടു​ത്തി​യില്ല. യേശു സൂക്ഷ്‌മ​മായ വിശദാം​ശങ്ങൾ നൽകി​യ​പ്പോൾപ്പോ​ലും തങ്ങളുടെ യജമാനൻ വെളി​പ്പെ​ടു​ത്തിയ സത്യങ്ങ​ളു​ടെ പ്രാധാ​ന്യം യേശു​വി​ന്റെ അനുഗാ​മി​കൾക്കു മുഴു​വ​നാ​യി മനസ്സി​ലാ​യതു കുറെ കാലം കഴിഞ്ഞി​ട്ടാണ്‌. ചില​പ്പോ​ഴൊ​ക്കെ അതിനു നൂറ്റാ​ണ്ടു​കൾപോ​ലു​മെ​ടു​ത്തു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

15 ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വി​നെ സഹായി​ക്കുന്ന സഹഭര​ണാ​ധി​കാ​രി​കളെ ഭൂമി​യിൽനിന്ന്‌ എടുത്ത്‌ സ്വർഗ​ത്തി​ലെ ആത്മസൃ​ഷ്ടി​ക​ളെന്ന നിലയി​ലുള്ള ജീവനി​ലേക്ക്‌ ഉയിർപ്പി​ക്കു​മെന്ന്‌ എ.ഡി. 33-ൽ യേശു വ്യക്തമാ​ക്കി​യി​രു​ന്നു. പക്ഷേ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ഈ വെളി​പ്പെ​ടു​ത്തൽ അത്ര പെട്ടെ​ന്നൊ​ന്നും മനസ്സി​ലാ​യില്ല. (ദാനി. 7:18; യോഹ. 14:2-5) താൻ സ്വർഗാ​രോ​ഹണം ചെയ്‌ത്‌ കുറെ​യ​ധി​കം കാലം കഴിഞ്ഞി​ട്ടേ ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ക​യു​ള്ളൂ എന്നും അതേ വർഷം​തന്നെ യേശു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സൂചി​പ്പി​ച്ചി​രു​ന്നു. (മത്താ. 25:14, 19; ലൂക്കോ. 19:11, 12) വളരെ പ്രധാ​ന​പ്പെട്ട ഈ കാര്യ​വും ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യില്ല. അതു​കൊ​ണ്ടാ​ണു പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നോട്‌ അവർ പിന്നീട്‌ ഇങ്ങനെ ചോദി​ച്ചത്‌: “അങ്ങ്‌ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഇപ്പോ​ഴാ​ണോ?” പക്ഷേ ആ സമയത്ത്‌ യേശു കൂടുതൽ വിശദീ​ക​ര​ണ​ങ്ങൾക്കു മുതിർന്നില്ല. (പ്രവൃ. 1:6, 7) തന്റെ സഹഭര​ണാ​ധി​കാ​രി​ക​ളായ ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തിൽ’ ഉൾപ്പെ​ടാത്ത “വേറെ ആടുക​ളും” ഉണ്ടായി​രി​ക്കു​മെ​ന്നും യേശു പഠിപ്പി​ച്ചി​രു​ന്നു. (യോഹ. 10:16; ലൂക്കോ. 12:32) പക്ഷേ 1914-ൽ ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യി ഏറെ നാളു​കൾക്കു ശേഷം മാത്ര​മാണ്‌ ഈ രണ്ടു കൂട്ടങ്ങ​ളിൽ ആരെല്ലാം ഉൾപ്പെ​ടു​മെന്നു ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു വ്യക്തമാ​യി മനസ്സി​ലാ​യത്‌.

16 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​നു വേണ​മെ​ങ്കിൽ തന്റെ ശിഷ്യ​ന്മാ​രോ​ടു ധാരാളം കാര്യങ്ങൾ പറയാ​മാ​യി​രു​ന്നു. പക്ഷേ അവർക്ക്‌ അതൊ​ന്നും ഉൾക്കൊ​ള്ളാൻ പറ്റി​ല്ലെന്നു യേശു മനസ്സി​ലാ​ക്കി. (യോഹ. 16:12) ഒന്നാം നൂറ്റാ​ണ്ടിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ധാരാളം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​ക്കി​ട്ടി എന്നതിനു സംശയ​മില്ല. എങ്കിലും, അതി​നെ​ക്കു​റി​ച്ചുള്ള അറിവ്‌ സമൃദ്ധ​മാ​കാ​നുള്ള സമയം അപ്പോ​ഴും വന്നിട്ടി​ല്ലാ​യി​രു​ന്നു.

‘അവസാ​ന​കാ​ലത്ത്‌’ ശരിയായ അറിവ്‌ സമൃദ്ധ​മാ​കു​ന്നു

17. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മൾ എന്തു ചെയ്യണം, പക്ഷേ അതു മാത്രം മതിയോ?

17 ‘അവസാ​ന​കാ​ലത്ത്‌’ പലരും ‘ഓടി​ന​ട​ക്കു​മെ​ന്നും’ അന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചുള്ള “ശരിയായ അറിവ്‌” സമൃദ്ധ​മാ​കു​മെ​ന്നും യഹോവ ദാനി​യേ​ലിന്‌ ഉറപ്പു​കൊ​ടു​ത്തു. (ദാനി. 12:4) അത്തരം അറിവ്‌ നേടാൻ ഒരു വ്യക്തി കഠിന​മാ​യി ശ്രമി​ക്കണം. ഒരു ആധികാ​രി​ക​ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌, ‘ഓടി​ന​ട​ക്കുക’ എന്ന എബ്രാ​യ​ക്രി​യ​യു​ടെ ഒരു വകഭേ​ദ​ത്തിന്‌, ഒരാൾ വളരെ ശ്രദ്ധ​യോ​ടെ​യും വിശദ​മാ​യും ഒരു പുസ്‌തകം പരി​ശോ​ധി​ക്കു​ന്ന​തി​നെ അർഥമാ​ക്കാ​നാ​കും. എന്നാൽ നമ്മൾ ബൈബിൾ എത്രതന്നെ വിശദ​മാ​യി പരി​ശോ​ധി​ച്ചാ​ലും ശരി, യഹോവ അനുവ​ദി​ക്കാ​ത്തി​ട​ത്തോ​ളം നമുക്കു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ ശരിയാ​യി മനസ്സി​ലാ​ക്കാൻ കഴിയില്ല എന്നതാണു സത്യം.മത്തായി 13:11 വായി​ക്കുക.

18. യഹോ​വ​യോ​ടു ഭയാദ​ര​വു​ള്ളവർ വിശ്വാ​സ​വും താഴ്‌മ​യും കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

18 1914-നു മുമ്പുള്ള വർഷങ്ങ​ളിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പടിപ​ടി​യാ​യി വെളി​പ്പെ​ടു​ത്തിയ യഹോവ അവസാ​ന​കാ​ല​ത്തും അതുതന്നെ ചെയ്യു​ന്നുണ്ട്‌. ഈ പുസ്‌ത​ക​ത്തി​ന്റെ നാലും അഞ്ചും അധ്യാ​യ​ങ്ങ​ളിൽ കാണാൻപോ​കു​ന്ന​തു​പോ​ലെ, കഴിഞ്ഞ 100 വർഷത്തി​നി​ടെ പല സന്ദർഭ​ങ്ങ​ളി​ലും ദൈവ​ജ​ന​ത്തിന്‌, തങ്ങൾ ഗ്രഹി​ച്ചു​വെച്ച കാര്യ​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അവർക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യി​ല്ലെ​ന്നാ​ണോ ഇതു സൂചി​പ്പി​ക്കു​ന്നത്‌? ഒരിക്ക​ലു​മല്ല! യഹോവ അവരെ പിന്തു​ണയ്‌ക്കു​ന്നുണ്ട്‌. എന്തു​കൊണ്ട്‌? കാരണം യഹോ​വ​യോ​ടു ഭയാദ​ര​വുള്ള അവർ, യഹോവ ഇഷ്ടപ്പെ​ടുന്ന ഗുണങ്ങ​ളായ വിശ്വാ​സ​വും താഴ്‌മ​യും കാണി​ച്ചി​രി​ക്കു​ന്നു. (എബ്രാ. 11:6; യാക്കോ. 4:6) ദൈവ​വ​ച​ന​ത്തി​ലെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റു​മെന്ന വിശ്വാ​സ​മു​ള്ള​വ​രാണ്‌ യഹോ​വ​യു​ടെ ദാസന്മാർ. ആ വാഗ്‌ദാ​നങ്ങൾ കൃത്യ​മാ​യി എങ്ങനെ നിറ​വേ​റു​മെന്ന കാര്യ​ത്തിൽ തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യെന്ന്‌ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവർ താഴ്‌മ​യും കാണി​ക്കു​ന്നു. 1925 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ ഈ അഭി​പ്രാ​യം അവരുടെ താഴ്‌മ​യാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌: “കർത്താവ്‌ പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാ​നി​ക്കാ​നുള്ള അധികാ​രം കർത്താ​വി​നു​ത​ന്നെ​യാ​ണെന്നു നമുക്ക്‌ അറിയാം. തന്റേതായ രീതി​യിൽ, തന്റേതായ സമയത്ത്‌ കർത്താവ്‌ തന്റെ വചനം തന്റെ ജനത്തിനു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെയ്യും.”

‘തന്റേതായ രീതി​യിൽ, തന്റേതായ സമയത്ത്‌ കർത്താവ്‌ തന്റെ വചനം തന്റെ ജനത്തിനു വെളി​പ്പെ​ടു​ത്തിക്കൊടു​ക്കും’

19. ഇന്ന്‌ എന്തു മനസ്സി​ലാ​ക്കാൻ യഹോവ നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

19 1914-ൽ ദൈവ​രാ​ജ്യം സ്ഥാപി​ത​മായ സമയത്ത്‌, അതുമാ​യി ബന്ധപ്പെട്ട പ്രവച​നങ്ങൾ എങ്ങനെ നിറ​വേ​റു​മെന്ന കാര്യ​ത്തിൽ ദൈവ​ജ​ന​ത്തി​നു ഭാഗി​ക​മായ അറിവേ ഉണ്ടായി​രു​ന്നു​ള്ളൂ. (1 കൊരി. 13:9, 10, 12) ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണാ​നുള്ള വ്യഗ്രത കാരണം ചില​പ്പോ​ഴൊ​ക്കെ നമ്മൾ പല കാര്യ​ങ്ങ​ളും തെറ്റായി നിഗമനം ചെയ്‌തി​ട്ടുണ്ട്‌. കഴിഞ്ഞ ഖണ്ഡിക​യിൽ പറഞ്ഞ വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന മറ്റൊരു വാചകം എത്ര ശരിയാ​ണെന്നു കാലം തെളി​യി​ച്ചി​രി​ക്കു​ന്നു. ആ ലേഖനം പറഞ്ഞത്‌ ഇതാണ്‌: “ഒരു പ്രവചനം നിറ​വേ​റി​ത്തു​ട​ങ്ങു​ക​യോ നിറ​വേ​റി​ക്ക​ഴി​യു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ അതി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നാ​കില്ല എന്നു ചിന്തി​ക്കു​ന്ന​താ​യി​രി​ക്കി​ല്ലേ സുരക്ഷി​തം?” ഇപ്പോൾ അവസാ​ന​കാ​ലം ആരംഭി​ച്ചിട്ട്‌ ഏറെ നാളു​ക​ളാ​യി. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പല പ്രവച​ന​ങ്ങ​ളും നിറ​വേ​റി​ക്ക​ഴി​ഞ്ഞു, പലതും നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. ദൈവ​ജ​ന​ത്തി​നു താഴ്‌മ​യു​ള്ള​തു​കൊ​ണ്ടും തിരു​ത്ത​ലു​കൾ അംഗീ​ക​രി​ക്കാൻ മനസ്സു​ള്ള​തു​കൊ​ണ്ടും തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ നമുക്കുള്ള ഗ്രാഹ്യം മുമ്പെ​ന്ന​ത്തേ​തി​ലും വ്യക്തമാ​കാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്നു. അതെ, ശരിയായ അറിവ്‌ സമൃദ്ധ​മാ​യി​രി​ക്കു​ക​യാണ്‌!

ഗ്രാഹ്യ​ത്തിൽ വന്ന മാറ്റങ്ങൾ ദൈവ​ജ​നത്തെ പരി​ശോ​ധി​ക്കു​ന്നു

20, 21. ഗ്രാഹ്യ​ത്തിൽ വന്ന മാറ്റങ്ങൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ ബാധി​ച്ചത്‌ എങ്ങനെ?

20 സത്യ​ത്തെ​ക്കു​റിച്ച്‌ നമുക്കുള്ള ഗ്രാഹ്യം കൂടുതൽ വ്യക്തമാ​ക്കി​ത്ത​രു​മ്പോൾ യഹോവ നമ്മുടെ ഹൃദയ​നില പരി​ശോ​ധി​ക്കു​ക​യാ​ണെന്നു പറയാം. അത്തരം മാറ്റങ്ങൾ അംഗീ​ക​രി​ക്കാൻ വിശ്വാ​സ​വും താഴ്‌മ​യും നമ്മളെ സഹായി​ക്കി​ല്ലേ? ഒന്നാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്തര​മൊ​രു പരി​ശോ​ധ​നയെ നേരി​ടേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, അക്കാലത്ത്‌ ജീവി​ച്ചി​രുന്ന ഒരു ജൂത​ക്രിസ്‌ത്യാ​നി​യാ​ണു നിങ്ങ​ളെന്നു ചിന്തി​ക്കുക. മോശ​യി​ലൂ​ടെ ദൈവം കൊടുത്ത നിയമ​ങ്ങ​ളോ​ടു നിങ്ങൾക്കു വലിയ ആദരവാണ്‌. ഇസ്രാ​യേൽ ജനതയു​ടെ ഭാഗമാ​യ​തിൽ നിങ്ങൾക്ക്‌ അഭിമാ​ന​വു​മുണ്ട്‌. എന്നാൽ അങ്ങനെ​യി​രി​ക്കെ, അപ്പോസ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ ചില കത്തുകൾ നിങ്ങൾക്കു കിട്ടുന്നു. മേലാൽ നിങ്ങൾ മോശ​യി​ലൂ​ടെ ദൈവം കൊടുത്ത നിയമ​ത്തിൻകീ​ഴി​ല​ല്ലെ​ന്നും യഹോവ ഇസ്രാ​യേൽ ജനതയെ തള്ളിക്ക​ളഞ്ഞ്‌, പകരം ജൂതന്മാ​രും ജനതക​ളിൽപ്പെ​ട്ട​വ​രും അടങ്ങുന്ന ആത്മീയ ഇസ്രാ​യേ​ലി​നെ തിര​ഞ്ഞെ​ടു​ത്തെ​ന്നും അവയിൽ എഴുതി​യി​രി​ക്കു​ന്ന​താ​യി നിങ്ങൾ വായി​ക്കു​ന്നു. (റോമ. 10:12; 11:17-24; ഗലാ. 6:15, 16; കൊലോ. 2:13, 14) നിങ്ങൾ എങ്ങനെ പ്രതി​ക​രി​ച്ചേനേ?

21 ദൈവ​പ്ര​ചോ​ദി​ത​മാ​യി പൗലോസ്‌ വിശദീ​ക​രി​ച്ച​തെ​ല്ലാം അംഗീ​ക​രിച്ച താഴ്‌മ​യുള്ള ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ അനു​ഗ്രഹം നേടി. (പ്രവൃ. 13:48) എന്നാൽ മറ്റുള്ള​വർക്ക്‌ ഈ മാറ്റങ്ങൾ അത്ര രസിച്ചില്ല. അതുവരെ ഗ്രഹി​ച്ചു​വെ​ച്ചി​രുന്ന കാര്യ​ങ്ങ​ളിൽ അവർ കടിച്ചു​തൂ​ങ്ങി. (ഗലാ. 5:7-12) അവർ ആ കാഴ്‌ച​പ്പാ​ടു മാറ്റി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ക്രിസ്‌തു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി​രി​ക്കാ​നുള്ള അവസര​മാണ്‌ അവർക്കു നഷ്ടമാ​കു​മാ​യി​രു​ന്നത്‌.—2 പത്രോ. 2:1.

22. നമുക്കു ദൈ​വോ​ദ്ദേ​ശ്യം കൂടുതൽ വ്യക്തമാ​ക്കി​ക്കി​ട്ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

22 ഇക്കഴിഞ്ഞ ദശകങ്ങ​ളിൽ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ ഗ്രാഹ്യ​ത്തിന്‌ യഹോവ കൂടുതൽ വ്യക്തത പകർന്നി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കോലാ​ടു​ക​ളിൽനിന്ന്‌ ചെമ്മരി​യാ​ടു​കളെ വേർതി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവ​രാ​ജ്യ​സ​ന്ദേ​ശ​ത്തോ​ടു പ്രതി​ക​രി​ക്കാത്ത ആളുക​ളിൽനിന്ന്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​കാൻപോ​കു​ന്ന​വരെ വേർതി​രി​ക്കു​ന്നത്‌ എപ്പോ​ഴാ​ണെന്ന്‌ യഹോവ നമുക്കു കൂടുതൽ വ്യക്തമാ​ക്കി​ത്ത​ന്നി​ട്ടുണ്ട്‌. അതു​പോ​ലെ, 1,44,000 പേരുടെ എണ്ണം എപ്പോൾ തികയും, യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥം എന്താണ്‌, അഭിഷി​ക്ത​രിൽ ശേഷി​ക്കുന്ന അവസാ​ന​ത്തെ​യാ​ളെ എപ്പോ​ഴാ​ണു സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്കുക എന്നീ ചോദ്യ​ങ്ങൾക്കെ​ല്ലാ​മുള്ള ഉത്തരം യഹോവ നമ്മളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. d കാര്യങ്ങൾ അങ്ങനെ കൂടുതൽ വ്യക്തമാ​ക്കി​ക്കി​ട്ടു​മ്പോൾ നിങ്ങളു​ടെ പ്രതി​ക​രണം എന്താണ്‌? നിങ്ങളു​ടെ വിശ്വാ​സം കൂടുതൽ ശക്തമാ​കാ​റു​ണ്ടോ? താഴ്‌മ​യു​ള്ള​വ​രായ തന്റെ ജനത്തെ യഹോവ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ തെളി​വാ​യാ​ണോ നിങ്ങൾ അതിനെ കാണു​ന്നത്‌? തന്നോടു ഭയാദ​ര​വു​ള്ള​വർക്ക്‌ യഹോവ തന്റെ ഉദ്ദേശ്യം പടിപ​ടി​യാ​യി വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​മെ​ന്നുള്ള നമ്മുടെ ബോധ്യം ശക്തമാ​കാൻ തുടർന്നുള്ള ഭാഗങ്ങൾ സഹായി​ക്കും.

a “ആയിത്തീ​രുക” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌ ദൈവ​ത്തി​ന്റെ പേര്‌ വന്നത്‌. യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്ന​വ​നാ​ണെന്ന്‌ ആ പേര്‌ സൂചി​പ്പി​ക്കു​ന്നു. 4-ാം അധ്യായത്തിലെ, “ദൈവ​നാ​മ​ത്തി​ന്റെ അർഥം” എന്ന ചതുരം കാണുക.

b അത്‌ ഒരു നീണ്ട കാലഘ​ട്ട​മാ​ണെന്ന്‌ ഇന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷേ അന്നൊക്കെ മനുഷ്യ​ന്റെ ആയുസ്സ്‌ ഇന്നത്തേ​തി​ലും വളരെ കൂടു​ത​ലാ​യി​രു​ന്നെന്ന്‌ ഓർക്കണം. വെറും മൂന്നു മനുഷ്യ​രു​ടെ ആയുസ്സു കൂട്ടി​യാൽ, ആദാം മുതൽ അബ്രാ​ഹാം വരെയുള്ള കാലഘ​ട്ട​ത്തി​ന്റെ ഏകദേ​ശ​ദൈർഘ്യം കിട്ടും. അത്‌ എങ്ങനെ? ആദാം മരിക്കു​ന്ന​തി​നു മുമ്പ്‌ ജനിച്ച​യാ​ളാ​ണു നോഹ​യു​ടെ അപ്പനായ ലാമെക്ക്‌. ലാമെക്ക്‌ മരിക്കു​ന്ന​തി​നു മുമ്പ്‌ ജനിച്ച​യാ​ളാ​ണു നോഹ​യു​ടെ മകനായ ശേം. ശേം മരിക്കു​ന്ന​തി​നു മുമ്പ്‌ ജനിച്ച​യാ​ളാണ്‌ അബ്രാ​ഹാം.—ഉൽപ. 5:5, 31; 9:29; 11:10, 11; 25:7.

c എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, “സാത്താൻ” എന്ന പദം ഒരു വ്യക്തിയെ കുറി​ക്കാ​നാ​യി 18 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ “സാത്താൻ” എന്ന പദം 30-ലധികം പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. എണ്ണത്തി​ലുള്ള ഈ വ്യത്യാ​സം​പോ​ലെ​തന്നെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ സാത്താന്‌ ഒരു പരിധി​യിൽ കവിഞ്ഞ ഊന്നൽ കൊടുത്ത്‌ സംസാ​രി​ച്ചി​ട്ടില്ല. മിശിഹ ആരാ​ണെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്ന​തി​ലാണ്‌ അതിന്റെ മുഖ്യ​ശ്രദ്ധ. എന്നാൽ മിശിഹ വന്നപ്പോൾ സാത്താനെ പൂർണ​മാ​യും മറ നീക്കി പുറത്ത്‌ കൊണ്ടു​വ​ന്നെന്നു പറയാം. ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ അതിനു സാക്ഷ്യ​മേ​കു​ന്നു.

d ഗ്രാഹ്യ​ത്തിൽ വന്ന ചില മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പിൻവ​രുന്ന ലക്കങ്ങൾ കാണുക: 1995 ഒക്‌ടോ​ബർ 15 ലക്കം 23-28 പേജുകൾ; 2008 ജനുവരി 15 ലക്കം 20-24 പേജുകൾ; 2008 ജൂലൈ 15 ലക്കം 17-21 പേജുകൾ; 2013 ജൂലൈ 15 ലക്കം 9-14 പേജുകൾ.