വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

യഹോവ തന്റെ പേര്‌ ഉന്നതമാ​ക്കു​ന്നു

യഹോവ തന്റെ പേര്‌ ഉന്നതമാ​ക്കു​ന്നു

മുഖ്യവിഷയം

ദൈവജനം ദൈവ​നാ​മ​ത്തിന്‌ അർഹമായ പ്രാധാ​ന്യം കൊടു​ക്കു​ന്നു

1, 2. പുതിയ ലോക ഭാഷാ​ന്തരം ദൈവ​നാ​മം ഉന്നതമാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

 ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി നാൽപ്പ​ത്തി​യേഴ്‌ ഡിസംബർ 2-ലെ ഒരു തണുത്ത പ്രഭാതം. അന്നൊരു ചൊവ്വാഴ്‌ച​യാ​യി​രു​ന്നു. ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള ബഥേലിൽനിന്ന്‌ ഒരു ചെറിയ സംഘം അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ അതിബൃ​ഹ​ത്തായ ഒരു ദൗത്യ​വു​മാ​യി ഇറങ്ങി. വളരെ ശ്രമക​ര​മാ​യി​രു​ന്നെ​ങ്കി​ലും അടുത്ത 12 വർഷ​ത്തോ​ളം തങ്ങളുടെ ആ നിയോ​ഗ​ത്തിൽനിന്ന്‌ അണുവിട വ്യതി​ച​ലി​ക്കാ​തെ അവർ ജോലി തുടർന്നു. ഒടുവിൽ 1960 മാർച്ച്‌ 13 ഞായറാഴ്‌ച ഒരു പുതിയ ബൈബിൾപ​രി​ഭാ​ഷ​യി​ലെ അവസാ​ന​ഭാ​ഗ​വും അവർ പൂർത്തി​യാ​ക്കി. മൂന്നു മാസം കടന്നു​പോ​യി. 1960 ജൂൺ 18-ന്‌ ഇംഗ്ലണ്ടി​ലെ മാഞ്ചെ​സ്റ്റ​റിൽ വെച്ച്‌ നടന്ന ഒരു കൺ​വെൻ​ഷ​നിൽ സദസ്യരെ ആവേശ​ഭ​രി​ത​രാ​ക്കി​ക്കൊണ്ട്‌ നേഥൻ നോർ സഹോ​ദരൻ, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അവസാ​ന​വാ​ല്യം പ്രകാ​ശനം ചെയ്‌തു. അവി​ടെ​യെ​ങ്ങും മാറ്റൊ​ലി​കൊണ്ട അദ്ദേഹ​ത്തി​ന്റെ ഈ വാക്കു​ക​ളിൽ മുഴു​സ​ദ​സ്സി​ന്റെ​യും വികാരം പ്രതി​ഫ​ലി​ച്ചി​രു​ന്നു: ‘ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇത്‌ ഒരു വലിയ സന്തോ​ഷ​ത്തി​ന്റെ ദിനമാണ്‌.’ ഇത്ര വലിയ സന്തോ​ഷ​മു​ണ്ടാ​കാൻ എടുത്തു​പ​റ​യത്തക്ക ഒരു കാരണ​മു​ണ്ടാ​യി​രു​ന്നു. ആ പുതിയ ഭാഷാ​ന്ത​ര​ത്തി​ന്റെ ശ്രദ്ധേ​യ​മായ ഒരു പ്രത്യേ​ക​ത​യാ​യി​രു​ന്നു അത്‌—അതിൽ പല പ്രാവ​ശ്യം ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രു​ന്നു.

1950-ലെ ദിവ്യാ​ധി​പത്യ വർധന സമ്മേള​ന​ത്തിൽ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പ്രകാ​ശനം ചെയ്‌തു(ഇടത്ത്‌: യാങ്കീ സ്റ്റേഡിയം, ന്യൂ​യോർക്ക്‌ സിറ്റി; വലത്ത്‌: ഘാന)

2 പല ബൈബിൾപ​രി​ഭാ​ഷ​ക​ളും ദൈവ​ത്തി​ന്റെ പേര്‌ വിട്ടു​ക​ള​യു​ന്ന​താ​യി കണ്ടുവ​രു​ന്നു. പക്ഷേ മനുഷ്യ​രാ​രും മേലാൽ ദൈവ​നാ​മം ഓർമി​ക്കാത്ത രീതി​യിൽ അതു തുടച്ചു​നീ​ക്കാ​നുള്ള സാത്താന്റെ ഈ കുടി​ല​ത​ന്ത്ര​ത്തിന്‌ എതിരെ യഹോ​വ​യു​ടെ അഭിഷി​ക്ത​സേ​വകർ ശക്തമായി നില​കൊ​ണ്ടു. അന്നു പ്രകാ​ശനം ചെയ്‌ത പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ആമുഖം ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ പേര്‌ വരേണ്ട സ്ഥലങ്ങളി​ലെ​ല്ലാം അതു പുനഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു എന്നതാണ്‌ ഈ പരിഭാ​ഷ​യു​ടെ മുഖ്യ​സ​വി​ശേഷത.” അതെ, പുതിയ ലോക ഭാഷാ​ന്തരം യഹോവ എന്ന ദൈവ​നാ​മം 7,000-ത്തിലധി​കം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഈ പരിഭാഷ നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ പേര്‌, യഹോവ എന്ന ആ നാമം, എത്ര​യേറെ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു, അല്ലേ?

3. (എ) ദൈവ​നാ​മ​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ നമ്മുടെ സഹോ​ദ​രങ്ങൾ എന്തു മനസ്സി​ലാ​ക്കി? (ബി) പുറപ്പാട്‌ 3:13, 14 നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? (“ ദൈവ​നാ​മ​ത്തി​ന്റെ അർഥം” എന്ന ചതുരം കാണുക.)

3 ദൈവ​ത്തി​ന്റെ പേരിന്റെ അർഥം, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നാ​ണെ​ന്നാ​യി​രു​ന്നു പണ്ടു ബൈബിൾവി​ദ്യാർഥി​കൾ ധരിച്ചു​വെ​ച്ചി​രു​ന്നത്‌. (പുറ. 3:14, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) അതു​കൊ​ണ്ടു​തന്നെ അതെക്കു​റിച്ച്‌ 1926 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “യഹോവ എന്ന പേര്‌ സൂചി​പ്പി​ക്കു​ന്നത്‌ (ദൈവ​ത്തിന്‌) ആരംഭ​മോ അവസാ​ന​മോ ഇല്ലെന്നാണ്‌.” എന്നാൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഭാ​ഷകർ തങ്ങളുടെ ജോലി തുടങ്ങിയ സമയമാ​യ​പ്പോ​ഴേ​ക്കും, തന്റെ പേരിന്റെ ശരിക്കുള്ള അർഥവ്യാ​പ്‌തി മനസ്സി​ലാ​ക്കാൻ യഹോവ തന്റെ ജനത്തെ സഹായി​ച്ചി​രു​ന്നു. തന്റെ പേര്‌ സൂചി​പ്പി​ക്കു​ന്നത്‌ താൻ ആരംഭ​മോ അവസാ​ന​മോ ഇല്ലാത്ത​വ​നാ​ണെന്നു മാത്ര​മ​ല്ലെ​ന്നും, താൻ ഉദ്ദേശ്യ​മുള്ള, പ്രവർത്ത​ന​നി​ര​ത​നായ ദൈവ​മാ​ണെന്ന അതി​പ്ര​ധാ​ന​മാ​യൊ​രു അർഥം​കൂ​ടെ ആ പേരിൽ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മനസ്സി​ലാ​ക്കാൻ ദൈവം അവരെ സഹായി​ച്ചു. യഹോവ എന്ന പേരിന്റെ അക്ഷരാർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. അതെ, ഈ പ്രപഞ്ച​വും ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​ക​ളും അസ്‌തി​ത്വ​ത്തിൽ വരാൻ ഇടയാ​ക്കി​യതു ദൈവ​മാണ്‌. തന്റെ ഇഷ്ടവും ഉദ്ദേശ്യ​വും യാഥാർഥ്യ​മാ​കാൻവേ​ണ്ടി​യുള്ള കാര്യങ്ങൾ നടക്കാൻ യഹോവ ഇപ്പോ​ഴും ഇടയാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. എന്നാൽ ദൈവ​ത്തി​ന്റെ പേര്‌ ഉന്നതമാ​കേ​ണ്ടത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അത്‌ ഉന്നതമാ​ക്കാ​നാ​യി നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കും, എങ്ങനെ?

4, 5. (എ) “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ” എന്നു പ്രാർഥി​ക്കു​മ്പോൾ നമ്മൾ ശരിക്കും എന്തിനു​വേ​ണ്ടി​യാണ്‌ അപേക്ഷി​ക്കു​ന്നത്‌? (ബി) തന്റെ പേര്‌ പരിശു​ദ്ധ​മാ​യി സൂക്ഷി​ക്കാൻ ദൈവം എങ്ങനെ, എപ്പോൾ നടപടി​യെ​ടു​ക്കും?

4 തന്റെ പേര്‌ ഉന്നതമാ​ക​ണ​മെന്ന ആഗ്രഹം യഹോ​വയ്‌ക്കുണ്ട്‌. വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ ഏറ്റവും പ്രധാ​ന​മായ ഉദ്ദേശ്യം തന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ക​യെ​ന്ന​താണ്‌. യേശു​വി​ന്റെ മാതൃ​കാ​പ്രാർഥ​ന​യി​ലെ, “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ” എന്ന ആദ്യത്തെ അപേക്ഷ അതാണു വ്യക്തമാ​ക്കു​ന്നത്‌. (മത്താ. 6:9) എന്നാൽ ആ അപേക്ഷ നടത്തു​മ്പോൾ നമ്മൾ ശരിക്കും എന്തിനു​വേ​ണ്ടി​യാ​ണു പ്രാർഥി​ക്കു​ന്നത്‌?

5 ഈ പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, യേശു​വി​ന്റെ മാതൃ​കാ​പ്രാർഥ​ന​യിൽ ദൈ​വോ​ദ്ദേ​ശ്യ​വു​മാ​യി ബന്ധമുള്ള മൂന്ന്‌ അപേക്ഷ​ക​ളിൽ ഒന്നാണ്‌ “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ” എന്നത്‌. മറ്റു രണ്ടെണ്ണം ഇവയാണ്‌: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . നടക്കേ​ണമേ.” (മത്താ. 6:10) അതു​കൊണ്ട്‌, ദൈവ​രാ​ജ്യം വരാനും ദൈ​വേഷ്ടം നടക്കാ​നും വേണ്ടി നടപടി​യെ​ടു​ക്കാൻ നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്ന​തു​പോ​ലെ​തന്നെ, ദൈവ​ത്തി​ന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാൻവേണ്ടി നടപടി​യെ​ടു​ക്കാ​നും നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഏദെനി​ലെ ധിക്കാ​രം​മു​തൽ ദൈവ​നാ​മ​ത്തി​ന്മേൽ കുമി​ഞ്ഞു​കൂ​ടി​യി​ട്ടുള്ള എല്ലാ നിന്ദയും നീക്കാ​നുള്ള നടപടി​യെ​ടു​ക്കാ​നാ​ണു നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നത്‌. ആ പ്രാർഥ​ന​യോട്‌ യഹോവ എങ്ങനെ പ്രതി​ക​രി​ക്കും? യഹോവ പറയുന്നു: “ജനതക​ളു​ടെ ഇടയിൽ അശുദ്ധ​മായ എന്റെ മഹനീ​യ​നാ​മത്തെ . . . ഞാൻ നിശ്ചയ​മാ​യും വിശു​ദ്ധീ​ക​രി​ക്കും.” (യഹ. 36:23; 38:23) അർമ​ഗെ​ദോ​നിൽ ദുഷ്ടത​യ്‌ക്ക്‌ അറുതി വരുത്തു​മ്പോൾ യഹോവ സകലസൃ​ഷ്ടി​ക​ളും കാൺകെ തന്റെ പേരിനു വന്ന നിന്ദ നീക്കും, അങ്ങനെ ആ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കും.

6. ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നമുക്ക്‌ എങ്ങനെ പങ്കു​ചേ​രാം?

6 യഹോ​വ​യു​ടെ പേര്‌ ഇപ്പോൾത്തന്നെ എല്ലാ അർഥത്തി​ലും പരിശു​ദ്ധ​മാണ്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​നാ​മ​ത്തി​ന്റെ വിശുദ്ധി കൂട്ടാൻ നമ്മളെ​ക്കൊണ്ട്‌ കഴിയില്ല. എന്നാൽ തന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോവ തന്റെ സേവകരെ അനുവ​ദി​ച്ചി​ട്ടുണ്ട്‌. ശരി, ആ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ നമുക്ക്‌ എന്താണു ചെയ്യാ​നാ​കുക? യശയ്യ പറയുന്നു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ—ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ വിശു​ദ്ധ​നാ​യി കാണേ​ണ്ടത്‌.” ഇനി, യഹോ​വ​ത​ന്നെ​യും തന്റെ ജനത്തെ​ക്കു​റിച്ച്‌ പറഞ്ഞതു ശ്രദ്ധിക്കൂ: “അവർ എന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കും. . . . അവർ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയഭക്തി​യോ​ടെ നിൽക്കും.” (യശ. 8:13; 29:23) അതു​കൊണ്ട്‌ നമ്മൾ ദൈവ​ത്തി​ന്റെ പേര്‌ മറ്റെല്ലാ പേരു​ക​ളിൽനി​ന്നും വ്യത്യസ്‌ത​മായ ഒന്നായി കാണു​ക​യും മറ്റെല്ലാ പേരു​ക​ളെ​ക്കാ​ളും ഉയർന്ന ഒന്നായി കണക്കാ​ക്കു​ക​യും വേണം. ആ പേര്‌ എന്തിനെ പ്രതി​നി​ധാ​നം ചെയ്യു​ന്നോ അതി​നോ​ടു നമുക്ക്‌ ആദരവു​ണ്ടാ​യി​രി​ക്കണം. ഒപ്പം അതു വിശു​ദ്ധ​മാ​യി കാണാൻ മറ്റുള്ള​വരെ സഹായി​ക്കു​ക​യും വേണം. ഇതെല്ലാം ചെയ്യു​മ്പോൾ നമ്മൾ ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ക​യാണ്‌. ഇനി, യഹോ​വയെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ക​യും പൂർണ​ഹൃ​ദ​യ​ത്തോ​ടെ അനുസ​രി​ക്കു​ക​യും ചെയ്യു​മ്പോൾ ദൈവ​നാ​മ​ത്തോ​ടുള്ള ഭയഭക്തി​ക്കും ആദരവി​നും നമ്മൾ തെളിവ്‌ നൽകു​ക​യാ​ണെന്നു പറയാം.—സുഭാ. 3:1; വെളി. 4:11.

ദൈവ​ത്തി​ന്റെ പേര്‌ വഹിക്കാ​നും ഉന്നതമാ​ക്കാ​നും അവരെ ഒരുക്കു​ന്നു

7, 8. (എ) ദൈവ​നാ​മം വഹിക്കാ​നുള്ള പദവി​ക്കാ​യി ദൈവ​ജ​ന​ത്തി​നു കാത്തി​രി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ ഇനി എന്തു പരി​ശോ​ധി​ക്കും?

7 ആധുനി​ക​കാ​ലത്തെ ദൈവ​സേ​വകർ 1870-കൾ മുതൽ തങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചു​പോ​ന്നി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1879 ആഗസ്റ്റ്‌ ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തി​ലും അതേ വർഷം പുറത്തി​റ​ങ്ങിയ മണവാ​ട്ടി​യു​ടെ ഗീതങ്ങൾ (ഇംഗ്ലീഷ്‌) എന്ന പാട്ടു​പുസ്‌ത​ക​ത്തി​ലും യഹോവ എന്ന പേരുണ്ട്‌. എങ്കിലും സകലരു​ടെ​യും മുന്നിൽ തന്റെ പരിശു​ദ്ധ​നാ​മ​ത്തിൽ അറിയ​പ്പെ​ടാൻ തന്റെ ജനത്തെ അനുവ​ദി​ക്കു​ന്ന​തി​നു മുമ്പ്‌ ആ മഹത്തായ പദവി​ക്കുള്ള യോഗ്യ​തകൾ അവർക്കു​ണ്ടോ എന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി​യെന്നു തോന്നു​ന്നു. തന്റെ നാമം വഹിക്കാൻ ആ ആദ്യകാല ബൈബിൾവി​ദ്യാർഥി​കളെ യഹോവ ഒരുക്കി​യത്‌ എങ്ങനെ​യാണ്‌?

8 തന്റെ പേരി​നോ​ടു ബന്ധപ്പെട്ട ചില സുപ്ര​ധാ​ന​സ​ത്യ​ങ്ങൾ തന്റെ ജനത്തിനു കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​കാൻ, 1800-കളുടെ ഒടുവി​ലും 1900-ത്തിനു ശേഷമുള്ള ആദ്യദ​ശ​ക​ങ്ങ​ളി​ലും യഹോവ സഹായി​ച്ചെന്നു വ്യക്തമാണ്‌. അവയിൽ മൂന്നെണ്ണം നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

9, 10. (എ) ആദ്യകാ​ലത്ത്‌ വീക്ഷാ​ഗോ​പു​രം യേശു​വി​നു മുഖ്യ​ശ്രദ്ധ കൊടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) 1919 മുതൽ എന്തു മാറ്റമു​ണ്ടാ​യി, എന്തായി​രു​ന്നു ഫലം? (“ വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ പേര്‌ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?” എന്ന ചതുര​വും കാണുക.)

9 ഒന്നാമ​താ​യി, ദൈവ​ത്തി​ന്റെ പേര്‌ യഥാർഥ​ത്തിൽ എത്ര​ത്തോ​ളം പ്രാധാ​ന്യം അർഹി​ക്കു​ന്നു​ണ്ടെന്ന്‌ യഹോ​വ​യു​ടെ സേവകർക്കു വ്യക്തമാ​യി. വിശ്വസ്‌ത​രായ ആദ്യകാല ബൈബിൾവി​ദ്യാർഥി​കൾ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌, ബൈബി​ളി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ഉപദേശം ക്രിസ്‌തു നൽകിയ മോച​ന​വി​ല​യെ​ക്കു​റി​ച്ചു​ള്ള​താ​ണെ​ന്നാ​യി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ​യാണ്‌ അന്നൊക്കെ വീക്ഷാ​ഗോ​പു​രം പലപ്പോ​ഴും യേശു​വി​നു മുഖ്യ​ശ്രദ്ധ കൊടു​ത്തി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ആ മാസിക പ്രസി​ദ്ധീ​ക​രിച്ച ആദ്യവർഷം അതിൽ യേശു എന്ന പേരിന്റെ എണ്ണം യഹോവ എന്ന പേരി​നെ​ക്കാൾ പത്തു മടങ്ങു കൂടു​ത​ലാ​യി​രു​ന്നു. ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആദ്യകാ​ല​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ വിവരി​ക്കവെ, അവർ അക്കാലത്ത്‌ യേശു​വിന്‌ “ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യം” കൊടു​ത്തി​രു​ന്നെ​ന്നാണ്‌ 1976 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​രം അഭി​പ്രാ​യ​പ്പെ​ട്ടത്‌. എങ്കിലും, ദൈവ​ത്തി​ന്റെ പേരിനു ബൈബിൾ കൊടു​ക്കുന്ന പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ യഹോവ പിന്നീട്‌ അവരെ സഹായി​ച്ചു. അതു ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സ്വാധീ​നി​ച്ചു? പ്രത്യേ​കിച്ച്‌ 1919 മുതൽ, “അവർ മിശി​ഹ​യു​ടെ സ്വർഗീ​യ​പി​താ​വായ യഹോ​വയ്‌ക്കു കൂടുതൽ ആദരവ്‌ നൽകാൻ തുടങ്ങി” എന്ന്‌ അതേ വീക്ഷാ​ഗോ​പു​ര​ലേ​ഖനം പറയുന്നു. വാസ്‌ത​വ​ത്തിൽ, 1919-നു ശേഷമുള്ള ഒരു പതിറ്റാ​ണ്ടിൽ ദൈവ​ത്തി​ന്റെ പേര്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ 6,500-ലധികം പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെട്ടു!

10 യഹോ​വ​യു​ടെ പേരിന്‌ അത്‌ അർഹി​ക്കുന്ന അംഗീ​കാ​രം കൊടു​ത്തു​കൊണ്ട്‌ നമ്മുടെ സഹോ​ദ​രങ്ങൾ ദൈവ​നാ​മ​ത്തോട്‌ അവർക്കുള്ള സ്‌നേഹം തെളി​യി​ച്ചു. മോശ​യെ​പ്പോ​ലെ അവർ, ‘യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​ക്കാൻ’ തുനി​ഞ്ഞി​റങ്ങി. (ആവ. 32:3; സങ്കീ. 34:3) ഫലമോ? തിരു​വെ​ഴു​ത്തു​ക​ളിൽ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, തന്റെ നാമ​ത്തോട്‌ അവർ കാണിച്ച സ്‌നേഹം യഹോവ ശ്രദ്ധിച്ചു, അവരോട്‌ യഹോവ പ്രീതി കാണിച്ചു.—സങ്കീ. 119:132; എബ്രാ. 6:10.

11, 12. (എ) 1919-നു ശേഷം അധികം വൈകാ​തെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്ക്‌ എന്തു മാറ്റമു​ണ്ടാ​യി? (ബി) എന്തി​ലേ​ക്കാണ്‌ യഹോവ തന്റെ സേവക​രു​ടെ ശ്രദ്ധ ക്ഷണിച്ചത്‌, എന്തായി​രു​ന്നു അതിന്റെ ഉദ്ദേശ്യം?

11 രണ്ടാമ​താ​യി, ദൈവം നിയമി​ച്ചു​തന്ന ജോലി ശരിക്കും എന്താണെന്ന അറിവ്‌ സത്യ​ക്രിസ്‌ത്യാ​നി​കൾക്കു കിട്ടി. 1919-നു ശേഷം അധികം വൈകാ​തെ, അന്നു നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർക്കു യശയ്യ​പ്ര​വ​ചനം പരി​ശോ​ധി​ക്കാൻ പ്രേരണ തോന്നി. അതെത്തു​ടർന്ന്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഉള്ളടക്ക​ത്തിന്‌ അടിമു​ടി മാറ്റമു​ണ്ടാ​യെന്നു പറയാം. ആ ഒരു മാറ്റം, ‘തക്കസമ​യത്തെ ഭക്ഷണം’ ആയിരു​ന്നെന്നു തെളി​ഞ്ഞത്‌ എങ്ങനെ?—മത്താ. 24:45.

12 യശയ്യ പറയുന്നു: “‘നിങ്ങൾ എന്റെ സാക്ഷികൾ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അതെ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ!’” യശയ്യയു​ടെ ആ വാക്കു​ക​ളു​ടെ വിശദാം​ശങ്ങൾ 1919-നു മുമ്പ്‌ വീക്ഷാ​ഗോ​പു​രം ഒരിക്കൽപ്പോ​ലും ചർച്ച ചെയ്‌തി​ട്ടില്ല. (യശയ്യ 43:10-12 വായി​ക്കുക.) പക്ഷേ 1919-നു ശേഷം അധികം വൈകാ​തെ​തന്നെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആ ബൈബിൾഭാ​ഗ​ത്തി​നു ശ്രദ്ധ കൊടു​ക്കാൻ തുടങ്ങി. യഹോവ നിയമി​ച്ചു​കൊ​ടുത്ത ജോലി ചെയ്യാൻ, യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ ഒരു സാക്ഷി​യെന്ന നിലയിൽ സംസാ​രി​ക്കാ​നുള്ള ആ നിയോ​ഗം ഏറ്റെടു​ക്കാൻ, എല്ലാ അഭിഷി​ക്ത​രെ​യും ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വാസ്‌ത​വ​ത്തിൽ, 1925 മുതൽ 1931 വരെ മാത്രം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 57 ലക്കങ്ങളാണ്‌ യശയ്യ 43-ാം അധ്യാ​യ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്‌തത്‌. സത്യ​ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം യശയ്യയു​ടെ ആ വാക്കുകൾ അനുസ​രി​ക്കേ​ണ്ട​താ​ണെന്ന്‌ ആ ഓരോ ലക്കവും സൂചി​പ്പി​ച്ചു. ആ വർഷങ്ങ​ളി​ലു​ട​നീ​ളം യഹോവ ഒരു കാര്യം ചെയ്യു​ക​യാ​യി​രു​ന്നെന്നു വ്യക്തം—തന്റെ സേവകർ ചെയ്യേണ്ട ജോലി​യി​ലേക്ക്‌ യഹോവ അവരുടെ ശ്രദ്ധ ക്ഷണിക്കു​ക​യാ​യി​രു​ന്നു. എന്തായി​രു​ന്നു അതിന്റെ ഉദ്ദേശ്യം? ഒരു തരത്തിൽ പറഞ്ഞാൽ, അവർ ‘യോഗ്യ​രാ​ണോ എന്ന്‌ ആദ്യം​തന്നെ പരി​ശോ​ധി​ച്ച​റി​യാൻ.’ (1 തിമൊ. 3:10) ദൈവ​നാ​മം വഹിക്കാൻ യോഗ്യത നേടു​ന്ന​തി​നു മുമ്പ്‌ ആ ബൈബിൾവി​ദ്യാർഥി​കൾ ഒരു കാര്യം ചെയ്യണ​മാ​യി​രു​ന്നു. തങ്ങൾ യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ സാക്ഷി​ക​ളാ​ണെന്നു സ്വന്തം പ്രവൃ​ത്തി​ക​ളി​ലൂ​ടെ അവർ യഹോ​വയ്‌ക്കു തെളി​യി​ച്ചു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്നു.—ലൂക്കോ. 24:47, 48.

13. ഏറ്റവും പ്രധാ​ന​പ്പെ​ട്ട​താ​യി കാണേണ്ട കാര്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​വ​ചനം എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

13 മൂന്നാ​മ​താ​യി, ദൈവ​നാ​മം പരിശു​ദ്ധ​മാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യഹോ​വ​യു​ടെ ജനത്തിനു മനസ്സി​ലാ​യി. പരിശു​ദ്ധ​മായ ദൈവ​നാ​മ​ത്തി​ന്മേൽ വന്ന നിന്ദ നീങ്ങുക എന്നതാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മെന്ന്‌ 1920-കളിൽ ദൈവ​ജനം മനസ്സി​ലാ​ക്കി​യെ​ടു​ത്തു. ദൈവ​വ​ചനം ആ ഘനമേ​റിയ സത്യം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌? രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം. ദൈവം ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കാ​നുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം എന്തായി​രു​ന്നു? ‘ഭൂമി​യി​ലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാൻ’ എന്നാണ്‌ അതെക്കു​റിച്ച്‌ യഹോവ പറഞ്ഞത്‌. (പുറ. 9:16) ഇസ്രാ​യേ​ല്യർ ധിക്കാരം കാട്ടി​യ​പ്പോ​ഴും യഹോവ അവരോ​ടു കരുണ കാണി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അപ്പോ​ഴും യഹോവ പറഞ്ഞത്‌, “ജനതക​ളു​ടെ മുന്നിൽ എന്റെ പേര്‌ അശുദ്ധ​മാ​കാ​തി​രി​ക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തി​ച്ചു” എന്നാണ്‌. (യഹ. 20:8-10) ആ വാക്കു​ക​ളിൽനി​ന്നും മറ്റു ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനി​ന്നും ബൈബിൾവി​ദ്യാർഥി​കൾ എന്തു മനസ്സി​ലാ​ക്കി?

14. (എ) 1920-കളുടെ അവസാ​ന​ത്തോ​ടെ ദൈവ​ജനം എന്തു മനസ്സി​ലാ​ക്കി? (ബി) ബൈബിൾവി​ദ്യാർഥി​കൾക്കു കിട്ടിയ ആഴമായ ഗ്രാഹ്യം പ്രസം​ഗ​പ്ര​വർത്ത​നത്തെ എങ്ങനെ സ്വാധീ​നി​ച്ചു? (“ പ്രസം​ഗി​ക്കാ​നുള്ള ശക്തമാ​യൊ​രു പ്രചോ​ദനം” എന്ന ചതുര​വും കാണുക.)

14 2,700 വർഷങ്ങൾക്കു മുമ്പ്‌ യശയ്യ പറഞ്ഞ കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം 1920-കളുടെ അവസാ​ന​ത്തോ​ടെ ദൈവ​ജ​ന​ത്തി​നു മനസ്സി​ലാ​യി. “അങ്ങയ്‌ക്കു ശ്രേഷ്‌ഠ​മായ ഒരു നാമം ഉണ്ടാക്കാ​നാ​യി അങ്ങ്‌ ഈ വിധത്തിൽ അങ്ങയുടെ ജനത്തെ നയിച്ചു” എന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ യശയ്യ പറഞ്ഞു. (യശ. 63:14) നമ്മുടെ സ്വന്തം രക്ഷയല്ല മറിച്ച്‌ ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി​യാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മെന്നു ബൈബിൾവി​ദ്യാർഥി​കൾക്കു മനസ്സി​ലാ​യി. (യശ. 37:20; യഹ. 38:23) ആ സത്യ​ത്തെ​പ്പറ്റി 1929-ൽ പുറത്തി​റ​ങ്ങിയ പ്രവചനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്നതു ശ്രദ്ധിക്കൂ: “സകല സൃഷ്ടി​ക​ളു​ടെ​യും മുന്നി​ലുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട വിഷയം യഹോ​വ​യു​ടെ പേര്‌ ആണ്‌.” ഗ്രാഹ്യ​ത്തിൽ വന്ന ഈ മാറ്റം, യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാ​നും അങ്ങനെ യഹോ​വ​യു​ടെ പേരിനു കളങ്കം വരുത്തിയ ആരോ​പണം തെറ്റാ​ണെന്നു തെളി​യി​ക്കാ​നും ദൈവ​സേ​വ​കർക്കു കൂടുതൽ പ്രചോ​ദ​ന​മേകി.

15. (എ) 1930-കൾ ആയപ്പോ​ഴേ​ക്കും നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു മനസ്സി​ലാ​യി? (ബി) അപ്പോൾ എന്തിനുള്ള സമയം വന്നെത്തി​യി​രു​ന്നു?

15 അങ്ങനെ, 1930-കളുടെ ആരംഭ​ത്തോ​ടെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌, ദൈവ​ത്തി​ന്റെ പേര്‌ യഥാർഥ​ത്തിൽ എത്ര​ത്തോ​ളം പ്രാധാ​ന്യം അർഹി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​യി​രു​ന്നു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ദൈവം അവർക്കു നിയമി​ച്ചു​കൊ​ടുത്ത ജോലി ശരിക്കും എന്താണെന്ന അറിവും അവർക്ക്‌ ലഭിച്ചു. ഒപ്പം, നമ്മൾ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മാ​യി കാണേ​ണ്ടത്‌ എന്താണ്‌ എന്നതി​നെ​ക്കു​റി​ച്ചുള്ള ആഴമായ ഗ്രാഹ്യ​വും അവർക്കു കിട്ടി. ഒടുവിൽ, സകലരു​ടെ​യും മുന്നിൽ തന്റെ നാമം വഹിക്കാ​നുള്ള ബഹുമതി തന്റെ സേവകർക്കു കൊടു​ക്കാ​നുള്ള യഹോ​വ​യു​ടെ സമയം വന്നെത്തി. എന്നാൽ അതിനു കളമൊ​രു​ങ്ങി​യത്‌ എങ്ങനെ​യാണ്‌? പണ്ടു നടന്ന ചില സംഭവ​ങ്ങ​ളി​ലേക്ക്‌ ആദ്യം നമുക്കു ശ്രദ്ധ തിരി​ക്കാം.

യഹോവ ‘തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കു​ന്നു’

16. (എ) യഹോവ തന്റെ നാമം ഉന്നതമാ​ക്കുന്ന ഒരു പ്രത്യേ​ക​വി​ധം ഏതാണ്‌? (ബി) ദൈവ​ത്തി​ന്റെ പേരി​നാ​യുള്ള ജനം എന്ന പദവി ആദ്യം കിട്ടി​യത്‌ ആർക്കാ​യി​രു​ന്നു?

16 യഹോവ തന്റെ നാമം ഉന്നതമാ​ക്കുന്ന ഒരു പ്രത്യേ​ക​വി​ധ​മുണ്ട്‌—ഭൂമി​യിൽ തന്റെ നാമം വഹിക്കുന്ന ഒരു ജനമു​ണ്ടാ​യി​രി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌! ദൈവ​ജ​ന​മെന്ന നിലയിൽ ഇസ്രാ​യേൽ ജനത ബി.സി. 1513 മുതൽ യഹോ​വയെ പ്രതി​നി​ധീ​ക​രി​ച്ചു. (യശ. 43:12) പക്ഷേ ദൈവ​വു​മാ​യുള്ള ഉടമ്പടി​യി​ലെ കക്ഷിയെന്ന നിലയിൽ ചെയ്യേ​ണ്ടതു ചെയ്യു​ന്ന​തിൽ ആ ജനത പരാജ​യ​പ്പെട്ടു. അങ്ങനെ, ദൈവ​വു​മാ​യു​ണ്ടാ​യി​രുന്ന ആ സവി​ശേ​ഷ​ബന്ധം എ.ഡി. 33-ൽ അവർക്കു നഷ്ടമായി. അധികം വൈകാ​തെ, ‘ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ . . . (യഹോവ) അവരി​ലേക്കു ശ്രദ്ധതി​രി​ച്ചു.’ (പ്രവൃ. 15:14) പുതു​താ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ആ ജനം ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ എന്ന്‌ അറിയ​പ്പെട്ടു. പല ജനതക​ളിൽനി​ന്നുള്ള, ക്രിസ്‌തു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളാണ്‌ അതിലെ അംഗങ്ങൾ.—ഗലാ. 6:16.

17. ഏതു തന്ത്രം നടപ്പാ​ക്കു​ന്ന​തി​ലാ​ണു സാത്താൻ വിജയി​ച്ചത്‌?

17 ഏകദേശം എ.ഡി. 44-ൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ ‘ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ക്രിസ്‌ത്യാ​നി​കൾ’ എന്നു വിളി​ക്കാൻ തുടങ്ങി. (പ്രവൃ. 11:26) തുടക്ക​ത്തിൽ, ആ പേരിൽ അറിയ​പ്പെ​ട്ടി​രു​ന്നതു സത്യ​ക്രിസ്‌ത്യാ​നി​കൾ മാത്ര​മാ​യി​രു​ന്ന​തു​കൊണ്ട്‌ അത്‌ അവരെ മറ്റുള്ള​വ​രിൽനി​ന്നെ​ല്ലാം വ്യത്യസ്‌ത​രാ​ക്കി​നി​റു​ത്തി. (1 പത്രോ. 4:16) എന്നാൽ, ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്ത​ക​ഥ​യിൽ യേശു സൂചി​പ്പി​ച്ച​തു​തന്നെ പിന്നീടു സംഭവി​ച്ചു. സത്യ​ക്രിസ്‌ത്യാ​നി​കളെ വ്യത്യസ്‌ത​രാ​ക്കുന്ന, ‘ക്രിസ്‌ത്യാ​നി’ എന്ന പേരിൽത്തന്നെ എല്ലാ കപട​ക്രിസ്‌ത്യാ​നി​ക​ളും അറിയ​പ്പെ​ടാൻ സാത്താൻ കരുക്കൾ നീക്കി. ആ തന്ത്രം വിജയി​ച്ച​തു​കൊണ്ട്‌ നൂറ്റാ​ണ്ടു​ക​ളോ​ളം സത്യ​ക്രിസ്‌ത്യാ​നി​ക​ളെ​യും കപട​ക്രിസ്‌ത്യാ​നി​ക​ളെ​യും വേർതി​രി​ച്ച​റി​യുക ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ 1914-ൽ ‘കൊയ്‌ത്തു​കാ​ലം’ ആരംഭി​ച്ച​തോ​ടെ അതിന്‌ ഒരു മാറ്റം കാണാൻ തുടങ്ങി. എന്തു​കൊണ്ട്‌? ദൂതന്മാർ സത്യ​ക്രിസ്‌ത്യാ​നി​ക​ളിൽനിന്ന്‌ കപട​ക്രിസ്‌ത്യാ​നി​കളെ വേർതി​രി​ക്കാൻ തുടങ്ങി​യി​രു​ന്നു.—മത്താ. 13:30, 39-41.

18. ഒരു പുതിയ പേര്‌ വേണ​മെന്നു മനസ്സി​ലാ​ക്കാൻ നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌ എന്താണ്‌?

18 1919-ൽ വിശ്വസ്‌ത​നായ അടിമയെ നിയമി​ച്ച​തി​നു ശേഷം യഹോവ ഒരു കാര്യം ചെയ്‌തു: തന്റെ ജനത്തിനു താൻ നിയമി​ച്ചു​കൊ​ടു​ത്തി​രുന്ന ജോലി എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ യഹോവ അവരെ സഹായി​ച്ചു. വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്തനം അവരെ എല്ലാ കപട​ക്രിസ്‌ത്യാ​നി​ക​ളിൽനി​ന്നും വ്യത്യസ്‌ത​രാ​ക്കു​ന്നെന്ന്‌ അവർക്കു പെട്ടെന്നു മനസ്സി​ലാ​യി. ആ വസ്‌തുത തിരി​ച്ച​റി​ഞ്ഞ​തോ​ടെ അവർക്കു മറ്റൊരു കാര്യ​വും ബോധ്യ​പ്പെട്ടു—‘ബൈബിൾവി​ദ്യാർഥി​കൾ’ എന്ന പേര്‌ തങ്ങളും മറ്റുള്ള​വ​രും തമ്മിലുള്ള വ്യത്യാ​സം വ്യക്തമാ​ക്കാൻ പര്യാപ്‌ത​മ​ല്ലെന്ന്‌. അവരുടെ ജീവി​ത​ത്തി​ന്റെ മുഖ്യ​മായ ഉദ്ദേശ്യം കേവലം ബൈബി​ളി​ന്റെ വിദ്യാർഥി​ക​ളാ​യി​രി​ക്കുക എന്നതല്ല മറിച്ച്‌, ദൈവ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കുക, ദൈവ​നാ​മത്തെ ആദരി​ക്കുക, ആ നാമം ഉന്നതമാ​ക്കുക എന്നീ കാര്യ​ങ്ങ​ളാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. അങ്ങനെ​യെ​ങ്കിൽ, അവർ ചെയ്‌തു​കൊ​ണ്ടി​രുന്ന പ്രവർത്ത​ന​ത്തി​നു ചേരു​ന്നത്‌ ഏതു പേരാ​യി​രു​ന്നു? 1931-ൽ ആ ചോദ്യ​ത്തി​നുള്ള ഉത്തരം കിട്ടി.

1931-ലെ കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി

19, 20. (എ) 1931-ലെ ഒരു കൺ​വെൻ​ഷ​നിൽ ആവേ​ശോ​ജ്ജ്വ​ല​മായ ഏതു പ്രമേയം അവതരി​പ്പി​ച്ചു? (ബി) പുതിയ പേര്‌ സ്വീക​രി​ച്ച​പ്പോൾ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

19 1931 ജൂ​ലൈ​യിൽ 15,000-ത്തോളം ബൈബിൾവി​ദ്യാർഥി​കൾ യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള കൊളം​ബ​സിൽ ഒരു കൺ​വെൻ​ഷന്‌ എത്തി​ച്ചേർന്നു. പക്ഷേ കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി​യു​ടെ പുറം​താ​ളിൽത്തന്നെ വലുപ്പ​ത്തിൽ അച്ചടി​ച്ചി​രുന്ന ജെ (J), ഡബ്ല്യു (W) എന്നീ രണ്ട്‌ അക്ഷരങ്ങൾ അവരിൽ വലിയ ജിജ്ഞാസ ഉണർത്തി. ‘ഈ അക്ഷരങ്ങൾ എന്തായി​രി​ക്കും’ എന്ന്‌ അവർ ചിന്തിച്ചു. ‘കാത്തി​രി​ക്കുക’ (Just Wait) എന്നാണ്‌ അതിന്റെ അർഥ​മെന്നു ചിലർ വിചാ​രി​ച്ചു. ‘കാത്തി​രുന്ന്‌ കാണുക’ (Just Watch) എന്നാ​ണെന്നു മറ്റു ചിലർ ഊഹിച്ചു. ഒടുവിൽ ജൂലൈ 26 ഞായറാഴ്‌ച ജോസഫ്‌ റഥർഫോർഡ്‌ സഹോ​ദരൻ ഒരു പ്രമേയം അവതരി​പ്പി​ച്ചു. അതിൽ ശക്തമായ ഒരു പ്രസ്‌താ​വ​ന​യു​ണ്ടാ​യി​രു​ന്നു: “നമ്മൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേരിൽ അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നു. ആളുകൾ നമ്മളെ അങ്ങനെ വിളി​ക്കട്ടെ.” തങ്ങളെ കുഴപ്പിച്ച ആ അക്ഷരങ്ങ​ളു​ടെ അർഥം അവിടെ ഹാജരാ​യി​രു​ന്ന​വർക്കെ​ല്ലാം അപ്പോൾ മനസ്സി​ലാ​യി. യഹോ​വ​യു​ടെ സാക്ഷികൾ (Jehovah’s Witnesses) എന്ന പേരിന്റെ ചുരു​ക്ക​രൂ​പ​മാ​യി​രു​ന്നു അത്‌. യശയ്യ 43:10-ൽനിന്ന്‌ എടുത്ത തിരു​വെ​ഴു​ത്ത​ധിഷ്‌ഠി​ത​മായ ഒരു പേര്‌!

20 ആ പ്രമേ​യ​ത്തി​നുള്ള മറുപ​ടി​യാ​യി സദസ്സിൽനിന്ന്‌ വലി​യൊ​രു ആരവവും നീണ്ട കരഘോ​ഷ​വും ഉയർന്നു. കൊളം​ബ​സി​ലു​ള്ള​വ​രു​ടെ ആവേശം നിറഞ്ഞ പ്രതി​ക​രണം റേഡി​യോ​യി​ലൂ​ടെ ഭൂമി​യു​ടെ മറുഭാ​ഗം​വരെ എത്തി! ഏണസ്റ്റ്‌ ബാർബ​റു​ടെ​യും നെയോ​മി ബാർബ​റു​ടെ​യും മനസ്സിൽ ആ സംഭവം ഇന്നും മായാതെ നിൽപ്പുണ്ട്‌. അവർ ഓർക്കു​ന്നു: “അമേരി​ക്ക​യിൽ കരഘോ​ഷം മുഴങ്ങിയ ഉടൻ മെൽബോ​ണി​ലുള്ള സഹോ​ദ​രങ്ങൾ ചാടി​യെ​ഴു​ന്നേറ്റ്‌ കൈയ​ടി​ക്കാൻ തുടങ്ങി, നിലയ്‌ക്കാത്ത കൈയടി. ഞങ്ങൾ അത്‌ ഒരിക്ക​ലും മറക്കില്ല!” a

ദൈവ​നാ​മം ലോക​മെ​ങ്ങും ഉന്നതമാ​ക്ക​പ്പെ​ടു​ക​യാണ്‌

21. പുതിയ പേര്‌ പ്രസം​ഗ​പ്ര​വർത്ത​നത്തെ ഉത്തേജി​പ്പി​ച്ചത്‌ എങ്ങനെ?

21 യഹോ​വ​യു​ടെ സാക്ഷികൾ എന്ന തിരു​വെ​ഴു​ത്ത​ധിഷ്‌ഠി​ത​മായ പേര്‌ ദൈവ​സേ​വ​കർക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പുത്തനു​ണർവേകി. 1931-ൽ കൊളം​ബ​സിൽവെച്ച്‌ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത മുൻനി​ര​സേ​വ​ക​രായ ദമ്പതി​ക​ളാ​യി​രു​ന്നു ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള എഡ്വേർഡ്‌ ഗ്രൈം​സും ജെസി ഗ്രൈം​സും. അവർ പറയുന്നു: “ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങി​യതു ബൈബിൾവി​ദ്യാർഥി​ക​ളാ​യി​ട്ടാ​യി​രു​ന്നു, തിരി​ച്ചെ​ത്തി​യ​തോ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യും! നമ്മുടെ ദൈവ​ത്തി​ന്റെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ഒരു പേര്‌ നമുക്കു കിട്ടി​യ​ല്ലോ എന്ന്‌ ഓർത്ത്‌ ഞങ്ങൾക്കു വലിയ സന്തോഷം തോന്നി.” ദൈവ​നാ​മത്തെ മഹത്ത്വ​പ്പെ​ടു​ത്താൻ സാക്ഷി​ക​ളിൽ ചിലർ കൺ​വെൻ​ഷനു ശേഷം ഒരു പുതിയ രീതി​പോ​ലും പരീക്ഷി​ച്ചു​നോ​ക്കി. വീടു​ക​ളിൽ കാണു​ന്ന​വർക്ക്‌ ഇങ്ങനെ എഴുതിയ ഒരു കാർഡ്‌ കൊടുത്ത്‌ അവർ സ്വയം പരിച​യ​പ്പെ​ടു​ത്തി: “നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ എത്തിയ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണു ഞാൻ.” അതെ, യഹോവ എന്ന നാമം വഹിക്കു​ന്ന​തിൽ ദൈവ​ജനം അഭിമാ​നം​കൊ​ണ്ടി​രു​ന്നു. അതിന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ എല്ലായി​ട​ത്തും അറിയി​ക്കാൻ അവർ ഒരുക്ക​മു​ള്ള​വ​രു​മാ​യി​രു​ന്നു.—യശ. 12:4.

“ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങി​യതു ബൈബിൾവി​ദ്യാർഥികളായി​ട്ടാ​യി​രു​ന്നു, തിരി​ച്ചെ​ത്തി​യ​തോ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യും!”

22. യഹോ​വ​യു​ടെ ജനം മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യസ്‌ത​രാ​ണെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

22 തങ്ങളെ വ്യത്യസ്‌ത​രാ​ക്കുന്ന സവി​ശേ​ഷ​മായ ആ പേര്‌ സ്വീക​രി​ക്കാൻ യഹോവ നമ്മുടെ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ പ്രചോ​ദി​പ്പി​ച്ചിട്ട്‌ വർഷങ്ങൾ ഏറെ കടന്നു​പോ​യി​രി​ക്കു​ന്നു. ഇക്കാല​യ​ള​വിൽ ദൈവ​ജ​ന​ത്തി​ന്റെ തനിമ​യ്‌ക്കു മങ്ങലേൽപ്പി​ക്കാൻ സാത്താനു കഴിഞ്ഞി​ട്ടു​ണ്ടോ? സാത്താന്റെ ശ്രമങ്ങൾ കാരണം, ലോക​ത്തി​ലെ മറ്റു മതങ്ങളിൽനിന്ന്‌ നമ്മളെ വേർതി​രി​ച്ചു​കാ​ണാൻ ആളുകൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടോ? ഒരിക്ക​ലു​മില്ല! മറിച്ച്‌ ഇന്നു മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം നമ്മൾ ദൈവ​ത്തി​ന്റെ സാക്ഷികൾ എന്ന നിലയിൽ മറ്റുള്ള​വ​രിൽനി​ന്നെ​ല്ലാം വ്യത്യസ്‌ത​രാ​യി നിൽക്കു​ന്നു. (മീഖ 4:5; മലാഖി 3:18 വായി​ക്കുക.) വാസ്‌ത​വ​ത്തിൽ, ദൈവ​നാ​മം യാതൊ​രു മടിയും​കൂ​ടാ​തെ ഉപയോ​ഗി​ക്കുന്ന ഒരാളെ കണ്ടാൽ അത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെന്ന്‌ ഇന്ന്‌ ആളുകൾ അനായാ​സം തിരി​ച്ച​റി​യു​ന്നു. അത്രയ്‌ക്കുണ്ട്‌ നമ്മളും ദൈവ​നാ​മ​വും തമ്മിലുള്ള ബന്ധം! വ്യാജ​മ​തങ്ങൾ വലിയ പർവത​നി​ര​കൾപോ​ലെ നില​കൊ​ള്ളു​ന്നെ​ങ്കി​ലും, “പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പിത”മായ യഹോ​വ​യു​ടെ സത്യാ​രാ​ധ​നയെ മറയ്‌ക്കാൻ അവയ്‌ക്കു കഴിഞ്ഞി​ട്ടില്ല. (യശ. 2:2) അതെ, ഇന്ന്‌ യഹോ​വ​യു​ടെ ആരാധ​ന​യും ആ വിശു​ദ്ധ​നാ​മ​വും വളരെ​വ​ളരെ ഉന്നതമാ​യി​രി​ക്കു​ക​യാണ്‌.

23. സങ്കീർത്തനം 121:5-ലെ യഹോ​വ​യെ​ക്കു​റി​ച്ചുള്ള വാക്കുകൾ നമുക്കു ബലമേ​കു​ന്നത്‌ എങ്ങനെ?

23 സാത്താന്റെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ യഹോവ നമ്മളെ സംരക്ഷി​ക്കു​മെന്ന്‌ അറിയു​ന്നത്‌ എത്ര വലി​യൊ​രു ബലമാണ്‌! (സങ്കീ. 121:5) “യഹോവ ദൈവ​മാ​യുള്ള ജനത, തന്റെ സ്വത്തായി ദൈവം തിര​ഞ്ഞെ​ടുത്ത ജനം, സന്തുഷ്ടർ” എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​രന്റെ അതേ വികാരം നമുക്കും തോന്നു​ന്നി​ല്ലേ?—സങ്കീ. 33:12.

a നമ്മുടെ പ്രവർത്ത​ന​ത്തിൽ റേഡി​യോ​യു​ടെ പങ്കി​നെ​ക്കു​റിച്ച്‌ അറിയാൻ ഏഴാം അധ്യായം, 72-74 പേജുകൾ കാണുക.